Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

മക്ക: വിശ്വബോധത്തിന്റെ ആത്മീയ സ്ഥലരാശി

കെ.ടി സൂപ്പി

സിയാവുദ്ദീന്‍ സര്‍ദാര്‍ 'മക്ക: വിശുദ്ധ നഗരം' (Mecca: The Sacred City) എന്ന കൃതിയില്‍ ഒരു പാകിസ്താനിയായ വയോവൃദ്ധന്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. ജീവിത സായാഹ്നത്തില്‍ മക്കയില്‍ മരിക്കാനും, അവിടെ തന്നെ മറമാടപ്പെടാനും ആഗ്രഹിക്കുകയാണ് അയാള്‍. അത് മാത്രം പ്രാര്‍ഥനയാക്കുന്ന ഒരു മനുഷ്യബോധത്തിന്റെ പേര് കൂടിയാണ് മക്കയെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്തുത കൃതി അവസാനിക്കുന്നത്. മക്കയിലേക്ക് പോകുന്നതിനു മുമ്പ് ആ കൃതി വായിച്ചിരുന്നില്ല. 'ചെറുതീര്‍ഥാടനം'(ഉംറ) കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് അത് വായിക്കുന്നത്.

എന്നെ തൊട്ട നേരനുഭവങ്ങളുടെ ചില ആത്മബോധങ്ങള്‍ സര്‍ദാറിന്റെ മൊഴികളിലും ചലനാത്മകത തീര്‍ത്തതാകാം ഈ നേരെഴുത്തിലും ആ കൃതി തുടക്കത്തില്‍ തന്നെ ഓര്‍മയില്‍ തെളിഞ്ഞത്. കുവൈത്ത് എയര്‍പോര്‍ട്ടില്‍നിന്ന് ഇഹ്‌റാം വേഷത്തിലേക്ക് ആദ്യം ശരീരവും പിന്നെപിന്നെ മനസ്സും ഇത്തിരി കഴിഞ്ഞ് ബോധമണ്ഡലങ്ങള്‍ മുഴുവനും മാറിത്തുടങ്ങിയപ്പോള്‍ പുതിയ ഭൂമിയും പുതിയൊരാകാശവും തെളിഞ്ഞുകാണാന്‍ തുടങ്ങി. പരിചിത ചുറ്റുപാടില്‍നിന്നുപോലും പുരാതനമായ പ്രാര്‍ഥനാ സ്വരങ്ങള്‍ ബോധത്തെ പ്രകമ്പനം കൊള്ളിച്ചു. പ്രവാചകന്‍ ഇബ്‌റാഹീമും മകന്‍ ഇസ്മാഈലും സജീവ സാന്നിധ്യങ്ങളായി. ഒപ്പം ജീവിതത്തെ വെയില്‍നാളമായി നേരിട്ട ഹാജറയെന്ന മഹാനായികയും അടുത്തെത്തിയപോലെ തോന്നി. ചരിത്രത്തിന്റെ ധന്യമായ ദിവ്യബോധങ്ങളെ കാരുണ്യത്താല്‍ നിറച്ചുവെച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്‍ മുഹമ്മദിന്റെ മാന്ത്രികഭാവമപ്പോള്‍ വിതുമ്പിപ്പോകുന്ന വിഷാദഛായയില്‍ എന്റെയുള്ളില്‍ നിറഞ്ഞു.

ഞാന്‍ പോകുന്നത് എവിടേക്കാണ്? എന്റെ ഹൃദയാരാമത്തിലെ ദിവ്യചൈതന്യമായ പ്രവാചകന്റെ മണ്ണിലേക്കാണ്; എന്റെ തന്നെ ഹൃദയ ഭൂമികയിലേക്കാണ്. കാരുണ്യത്തിന്റെ മഹാസാഗരം നടന്നു നീങ്ങുകയാണ്. മണല്‍ കാടുകളും മലയിടുക്കുകളും മുകളില്‍ വട്ടമിട്ട് പറക്കുന്ന പക്ഷിക്കൂട്ടങ്ങളും ഉള്‍ക്കണ്ണിലൂടെ എന്നിലുണര്‍ന്നു പോയ തീര്‍ഥാടന ബോധത്തിന്റെ ആകാശങ്ങളായി ചലിച്ചു തുടങ്ങി. ഭൂമിയിലെ രണ്ട് നിഷ്‌കളങ്ക ജന്മങ്ങള്‍ക്ക് മഹായാത്രക്കിടയില്‍ (ഹിജ്‌റ) അഭയമായ മലമുകളിലെ ഗുഹയിലെത്താന്‍ മനസ്സുവെമ്പി. അവര്‍ക്ക് കാവല്‍ തീര്‍ത്ത ചിലന്തിയുടെ ദിവ്യവലകളില്‍ ഞാനുമിപ്പോള്‍ അസുലഭ ദൃശ്യങ്ങള്‍ കണ്ടുതുടങ്ങുന്നു. ഒപ്പം സഹയാത്രികരുണ്ടെങ്കിലും ഓരോരുത്തരും ഒറ്റയാള്‍ തന്നെ. ഇഹ്‌റാം ബോധത്തിലേക്ക് മാറിയപ്പോള്‍ കൂടെയുള്ള സഹധര്‍മിണിപോലും മറ്റൊരാളായി കഴിഞ്ഞിരുന്നു. അവര്‍ അടുത്തുണ്ടെങ്കിലും ഏറെ ദൂരത്തായതുപോലെ. പ്രകാശത്തിന്റെ ഒരായിരം അടരുകളില്‍ പെട്ട് ഓരോരുത്തരും ഇരുട്ടില്‍നിന്ന് മാറിമാറി ഒഴുകുംപോലെ, മാറിമാറിപ്പറക്കുംപോലെ. ജിദ്ദയിലേക്കുള്ള വിമാനം ഒരു 'ബുറാഖി'നെപ്പോലെ എന്നോട് സംവദിക്കാന്‍ തുടങ്ങി.

വെള്ളയുടുത്ത എന്റെ ശരീരം അന്ധകാരങ്ങളെ വകഞ്ഞുമാറ്റുകയാണോ? അറിഞ്ഞുകൂടാ. അതേ, അവന്‍ പ്രപഞ്ചത്തിന്റെ സര്‍വാധിനാഥന്‍, അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്കാണ് എന്നെ നയിക്കുന്നത്. വാക്കുകളില്‍ തെളിഞ്ഞ ആശയലോകം മറ്റൊരു വിതാനത്തില്‍ അനുഭവലോകമായി മാറിക്കൊണ്ടിരിക്കുന്നു. മക്കയും മദീനയും രണ്ട് സ്ഥലങ്ങളല്ല ഇപ്പോള്‍; രണ്ട് ബോധങ്ങളാണ്. ആ ബോധനിറവിലേക്ക് പ്രിയപ്പെട്ട പ്രവാചകന്‍ കൈപിടിച്ച് കൊണ്ടുപോകുംപോലെ വിമാനം പറന്നുതുടങ്ങി. ദിവ്യമായ ഒരു ആകാശബിന്ദുവില്‍ വെച്ച് തീര്‍ഥാടകരെല്ലാം അനുഷ്ഠാനപരമായി ഇഹ്‌റാമില്‍ കടന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മന്ത്രധ്വനികള്‍ മുഴങ്ങി. ''നാഥാ, ഞങ്ങള്‍ നിന്റെ വിളികേട്ടിരിക്കുന്നു. നിന്റെ ദിവ്യപദവിയില്‍ നീ മാത്രമേയുള്ളൂ. നീ മാത്രമാണ് സര്‍വലോകങ്ങളുടെ അധികാരിയും അധിപനും.''

ദൈവം പകര്‍ന്നുതന്ന ദിവ്യവചസ്സുകളുടെ അനിര്‍വചനീയമായ മൊഴിയടയാളങ്ങളിലൂടെ പറന്നുപോവുകയാണിപ്പോള്‍ ഞാനും എന്റെ സഹതീര്‍ഥാടകരും. യുഗങ്ങള്‍ക്കു മുമ്പേ ധ്വനികള്‍ തീര്‍ത്ത മരുഭൂമിയുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങാനുള്ള വെമ്പലില്‍ ഓരോ വ്യക്തിയും അനുഭൂതിയുടെ ദ്വീപുകളായി ദൈവത്തിന്റെ വിളിക്ക് സാനന്ദം മറുമൊഴി കൊടുത്തുകൊണ്ടിരിക്കുകയാണ്; ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്.

ചെങ്കടലിലെ ചെറുതിരകളെ തലോടിയ ഒരു ഇളംകാറ്റിന്റെ അലകള്‍ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് എന്നെ സ്‌നേഹത്താല്‍ പൊതിഞ്ഞു. ദേശരാഷ്ട്രങ്ങള്‍ തീര്‍ത്ത സാങ്കേതികതയുടെ ക്യൂവിലാണ് ഞങ്ങള്‍. തീര്‍ഥാടകന്റെ പാഥേയങ്ങള്‍, യാത്രാരേഖകള്‍ എന്നിവയെല്ലാം പരിശോധിക്കപ്പെടുകയാണ്. തുടര്‍ന്ന് മനുഷ്യ ശരീരങ്ങള്‍ പോലെ കറുപ്പും വെളുപ്പുമായി മെല്ലെമെല്ലെ എല്ലാവരും മക്കയുടെ രാത്രിയിലേക്ക് പുറപ്പെടാന്‍ തുടങ്ങി.

കുട്ടിക്കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ വാക്കാണ് മക്ക. അതൊരു സ്ഥലമാണെന്നൊന്നും അന്നറിഞ്ഞിരുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരാള്‍ മക്കയും മദീനയും കാണിച്ചു തരാനായി പത്തുപൈസ വാങ്ങിയതും ഒരു ചെറുപെട്ടിയുടെ ഗ്ലാസ് ദ്വാരത്തിലൂടെ കണ്ണിട്ടപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടതും ഇരുട്ടിലൂടെ വെളിച്ചത്തിലെത്തിയ ഒരു അനുഭവമായി ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. വലിയ പെരുന്നാളിന്റെ പുലര്‍വേളകളില്‍ സൂര്യോദയത്തിനു മുമ്പേ കുളിച്ചാല്‍ മക്കത്തെ വെള്ളത്തില്‍ കുളിക്കാനാകുമെന്ന് ഉമ്മ പറഞ്ഞ ബാല്യനിറവുകളിലും അനുഭവിക്കാത്ത രുചിപോലെ സംസവും ഉള്‍ബോധങ്ങളെ നനച്ചിട്ടുണ്ടാവണം.

വേദഗ്രന്ഥത്തിന്റെ വിശാലമായ ഒരു താളുപോലെ വിശുദ്ധ മക്കയുടെ കവാടങ്ങള്‍ തുറന്ന് കിടക്കുന്നു. ആ കവാടത്തില്‍ അറബിയിലെഴുതിയ ഒരു കാവ്യശകലമുണ്ട്. അങ്ങനെ ഒരു കവിത അവിടെ ഉണ്ടെന്നോ, ഉണ്ടെങ്കില്‍ തന്നെ ഞാന്‍ പറയാന്‍ പോകുന്ന ആശയമാണ് അതിന്റെ അര്‍ഥമെന്നോ, യാതൊന്നും എനിക്കിപ്പോഴും അറിഞ്ഞുകൂടാ. ഏതോ ബ്രഹ്മാത്മക ബോധത്താല്‍ ഞാനത് വായിക്കുകയും എന്നില്‍ ഒരാശയം തെളിഞ്ഞുകിട്ടുകയും ചെയ്തിട്ടുണ്ട്. അതിങ്ങനെയാണ്:

മക്കയെങ്ങാന്‍

അതിന്റെ കഥ പറഞ്ഞു തുടങ്ങിയാല്‍

നിന്റെ ശിരസ്സിലെ

കറുത്ത മുടികളെല്ലാം

നിമിഷം കൊണ്ട് വെളുത്തുപോകും.

എന്നിലേക്ക് ഇത്തരമൊരു മൊഴിമാറ്റം കവാടത്തിലെ അറബി അക്ഷരങ്ങള്‍ തെളിഞ്ഞയുടനെ നിറഞ്ഞൊഴുകി. മക്ക എന്നോട് സംസാരിക്കുന്നതായിതോന്നി. അതുകേള്‍ക്കാന്‍ നിനക്ക് കരുത്തുണ്ടോ എന്ന ചോദ്യം പോലെ പ്രസ്തുത കാവ്യം എന്നില്‍ ചലനമുണ്ടാക്കി. പിന്നീട് എന്റെ യാത്ര മക്കയുടെ കഥകേള്‍ക്കാനും അനുഭവിക്കാനും ദാഹിച്ചുകൊണ്ടേയിരുന്നു.

കഅ്ബയുടെ മാന്ത്രിക വലയത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഹൃദയം സമ്മാനിച്ച അശ്രുകണങ്ങള്‍ കണ്ണില്‍ നിറഞ്ഞു. ഏതോ ഒരു നിഗൂഢ പ്രാര്‍ഥനപോലെ കഅ്ബാലയം എന്നില്‍ ആന്ദോളനം തീര്‍ക്കുകയാണ്. മാനുഷ ചരിത്രമാകെ വലയം വെച്ചുണരുന്ന പ്രഭാത തിളക്കമായിമാറി ആ രാത്രിയിലും എന്റെ കഅ്ബാ പരിസരം. രാവും രാവറുതിയും ഒന്നിക്കുന്ന ദിവ്യ നേരത്തിന്റെ പേരുകൂടിയാണ് കഅ്ബ. ആകാശങ്ങളോളം കഅ്ബ ഉയര്‍ന്നുയര്‍ന്നു പോകുന്നു. വിശുദ്ധ ഖുര്‍ആനിലെ 'സദ്‌മൊഴികള്‍' ആകാശത്തിലേക്ക് ഉയര്‍ന്നുപോകുന്നുവെന്ന വാക്യം കഅ്ബ കണ്ണില്‍ തെളിഞ്ഞപ്പോള്‍ എന്നില്‍ സജീവമായി. അതേ, കഅ്ബ ഒരു വര്‍ത്തമാനമാണ്; ഭൂതമാണ്; ഭാവിയാണ്. കാലങ്ങളെ അതിലംഘിക്കുന്ന ഒരുസ്ഥലരാശിയുടെ പേരാണ് കഅ്ബ. അവിടെ 'ഞാന്‍' ഇല്ലാതാവുകയും കറുത്ത കല്ലിന്റെ (ഹജറുല്‍ അസ്‌വദ്) പ്രാര്‍ഥനപോലെ അമൂര്‍ത്തമായ ഒരു പ്രാര്‍ഥനയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. 'ഇബ്‌റാഹീം മഖാം' അപ്പോള്‍ എന്റെ ഹൃദയമന്ദിരമാകുന്നു. പുരാതന ശിലകളുടെ താഴ്‌വാരത്തില്‍ പൂത്ത ഒരു ചെറു പുഷ്പമാകുന്നു അപ്പോള്‍ ഞാന്‍. പ്രാര്‍ഥനകളും കാമനകളും സമന്വയിക്കുന്ന സ്ഥലകാല ബിന്ദുവില്‍ മനുഷ്യന്‍ കാരുണ്യമായി പുനര്‍ജനിക്കുന്ന ദിവ്യസ്ഥലിയാണ് കഅ്ബ. സ്മൃതിക്കപ്പുറം തെളിഞ്ഞു നില്‍ക്കുന്ന വിശ്വബോധത്തിന്റെ ആത്മീയ പരിസരമാണത്.

ഏഴുതവണ കഅ്ബയെ വലയംവെച്ച് ഒഴുകിയപ്പോള്‍ ഗണിതയുക്തിക്കപ്പുറം ഏഴ് എന്നത് ഏഴ് ആകാശങ്ങളാണെന്നും ഓരോ ആകാശത്തും ഓരോ ത്വവാഫ് കഴിയുമ്പോഴേക്ക് എന്റെ പേരും ദിവ്യാക്ഷരിയില്‍ ആരോ ലിഖിതപ്പെടുത്തുന്നുണ്ടെന്നും ഉള്‍വിളിയുണ്ടായി. അത് പകര്‍ന്ന ആനന്ദത്തില്‍ സ്വഫാ-മര്‍വക്കിടയില്‍ നടന്നു കഴിയുമ്പോഴേക്കും ദൈവം മാത്രം അറിയുന്ന ഒരു മനസ്സിനോളം ഞാന്‍ കുന്നുകയറി. സ്വഫായും മര്‍വയും എന്റെ ആത്മാവിന്റെ രണ്ട് അറ്റങ്ങള്‍ കൂടിയാണ്. മറ്റ് വ്യാഖ്യാനങ്ങള്‍ക്കൊപ്പം നിന്ന് അവയുടെ സൗന്ദര്യമെല്ലാം ഉള്ളിലേക്കെടുത്ത് മറ്റൊരു വാക്യം കുറിച്ചിടാന്‍ തോന്നുന്നു. സ്വഫായും മര്‍വയും രാത്രിയും പകലുമാണ്. ജീവിതം മരുഭൂമിയാകുമ്പോള്‍ നടന്നു തീര്‍ക്കാനുള്ള ആത്മീയ വീഥികള്‍. ഏത് വിപത്ഘത്തെയും തരണം ചെയ്യാന്‍ ഭൂമിയെ അറിഞ്ഞായിരിക്കണം നടക്കേണ്ടതെന്ന പാഠം. ഒടുവില്‍ സംസം തെളിയുമെന്ന പ്രതീക്ഷ. നടത്തത്തിനൊടുവില്‍ നിങ്ങളെ കുളിരണിയിക്കാന്‍ ദൈവം ഉറവകള്‍ തീര്‍ത്തുകൊണ്ടേയിരിക്കുമെന്ന ദിവ്യകാമന. ത്വവാഫിലൂടെ മനുഷ്യനെ അറിഞ്ഞ്, സ്വഫാ-മര്‍വയിലൂടെ ഭൂമിയെ അറിഞ്ഞ് നിങ്ങളിപ്പോള്‍ പൂര്‍ണ ശോഭയില്‍ ദൈവത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ മനുഷ്യനെ കാണുമ്പോള്‍, പ്രകൃതിയെ കാണുമ്പോള്‍ അതെല്ലാം മറ്റൊരു ഉന്നത വിതാനത്തില്‍ നിങ്ങളോട് സംവദിച്ചുതുടങ്ങും; 'ദൈവമേ, ഇതൊന്നും നീ മിഥ്യയായി തീര്‍ത്തതല്ല തന്നെ.'

രാത്രിയുടെ നിറപ്പൊലിമയില്‍ ഉംറ കഴിഞ്ഞു. ഇനി പകലിന്റെ നിറഭേദങ്ങളില്‍ കഅ്ബ കാണണം; മസ്ജിദുല്‍ ഹറാം പരിസരം കാണണം. പ്രവാചകന്മാരുടെയും അനുചരന്മാരുടെയും ധീരോദാത്തമായ, കരുണാമയമായ പാദചലനങ്ങള്‍ നിഗൂഢമായി കേള്‍ക്കണം. അവര്‍ നടന്നു പോയ മണ്ണിനെ, കല്ലിനെ, മരുഭൂമിയെ, മലകളെ ഉള്ളിലുഴിഞ്ഞ് കണ്ണീരൊഴുക്കണം. ഒരു പ്രാര്‍ഥനപോലെ നാട്യങ്ങളില്ലാതെ നടക്കണം. ഭൂമിയെ വായിച്ചെടുക്കാനാണല്ലോ ഞാനിവിടെ വന്നത്. അന്ധനായ മഹാകവി അബുല്‍അഅ്‌ലാ മഅര്‍രിയുടെ കാവ്യശകലം ഓര്‍മയില്‍ തെളിഞ്ഞു അപ്പോള്‍;

ഈ ഭൂമിയിലൂടെ

മെല്ലെ മെല്ലെ നടന്നു പോവുക

പറ്റുമെങ്കില്‍,

പാദങ്ങള്‍ പൊക്കിവെച്ച്

പറക്കാന്‍ ശ്രമിക്കുക.

കാരണം,

നിന്റെ കാല്‍ച്ചുവട്ടിലെല്ലാ-

മുണ്ടാകും

പൂര്‍വികരുടെ അസ്ഥികള്‍.

ദൈവത്തിന്റെ ഇഷ്ടദാസന്മാര്‍ മണ്ണിലൂടെ വിനയാന്വിതരായി നടന്നുപോകുന്നവരാണെന്ന ഖുര്‍ആന്‍ പാഠം മഅര്‍രിയുടെ കവിതയിലൂടെ കൂടുതല്‍ തിളങ്ങുന്നുണ്ടല്ലോ. ഉഹുദ് മലയുടെ പ്രണയം നേരറിഞ്ഞ പ്രവാചകന്റെ ഭൂമിയെയാണ് ഞാന്‍ അറിയേണ്ടത്, അറിഞ്ഞിരിക്കേണ്ടത്. ളുഹ്ര്‍ നമസ്‌കാരത്തിനായി മസ്ജിദിലേക്ക് പോവുകയാണ് ഞങ്ങള്‍. കത്തുന്ന വെയില്‍. പുറത്ത് തീര്‍ഥാടക സംഘങ്ങളുടെ വൈവിധ്യ പൂര്‍ണമായ പ്രകാശനങ്ങള്‍. ഒരു അപൂര്‍വദൃശ്യം എന്റെ കണ്ണിലുടക്കി. ഒരു സ്ത്രീ പൂച്ചക്ക് വെള്ളം കൊടുക്കുന്നു. പൂച്ചയാകട്ടെ നല്‍കുന്നയാളെ സ്‌നേഹത്തോടെ തൊട്ടുരുമ്മി ആവേശപൂര്‍വം വെള്ളം കുടിക്കുന്നു. ഇത്തിരി കഴിഞ്ഞ്, പൂച്ച നൂറുകണക്കിന് പ്രാവുകളിരിക്കുന്ന ഒരു സ്ഥലത്തേക്ക് പോകുന്നു. ഇപ്പോള്‍ പൂച്ചക്കു ചുറ്റും പ്രാവുകള്‍. അവര്‍ക്കിടയില്‍ ദിവ്യമായ വിനിമയങ്ങള്‍ നടക്കുന്നുണ്ടാവാം. മനുഷ്യന്റെ ഇനിയും വറ്റാത്ത കാരുണ്യത്തെ കുറിച്ചാകും അവര്‍ സംസാരിക്കുന്നത്. ഒരു നാട് പൂര്‍ണമായും നിര്‍ഭയ പരിസരമാകുന്നതിന്റെ അടയാളമായി ആ ചിത്രം ഇപ്പോഴും മനസ്സില്‍ തെളിയുന്നുണ്ട്.

ഭാഷാ നിഷ്പത്തി ശാസ്ത്രങ്ങള്‍ക്കപ്പുറം 'മക്ക' എന്ന ശബ്ദം ഒരു ഉമ്മയുടെ കരുതല്‍ ആയി ധ്വനിപ്പിക്കുന്ന വാക്കാണ്. ആഫ്രിക്കന്‍ പശ്ചിമ പ്രദേശങ്ങളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് 'മക്ക' എന്ന് പേരിടാറുണ്ട്. മക്ക അപ്പോള്‍ ഒരു സ്ത്രീ ഹൃദയത്തിന്റെ ലാവണം കൂടിയാണ്. ഹാജറയുടെ ചരിത്രം ഈ വിക്ഷണത്തിലൂടെ നോക്കിക്കണ്ടാല്‍ സുരക്ഷിതത്വവും നിര്‍ഭയത്വവും നിറഞ്ഞുനില്‍ക്കുന്ന ഒരു നാട് നിര്‍മിക്കപ്പെടുന്നത് മാതൃബോധത്തിന്റെ അനിര്‍വചനീയമായ പ്രാര്‍ഥനാ മണ്ഡലത്തില്‍നിന്നും കര്‍മസരണിയില്‍നിന്നുമാണെന്ന് വ്യക്തമാകും. ഏകാന്തതയുടെ മണല്‍ക്കാട്ടില്‍ തന്റെ പ്രിയതമന്‍ ചെറുപൈതലിനോടൊപ്പം തങ്ങളെ ദൈവത്തില്‍ ഏല്‍പിച്ച് കടന്നുപോയപ്പോള്‍ നിരുപാധികമായ പ്രാപഞ്ചിക സ്‌നേഹം ദിവ്യമായി അനുഭവിപ്പിക്കാന്‍ ഒരു അമ്മയെയും കുഞ്ഞിനെയും പാകപ്പെടുത്തുന്നു. അതുല്യമായ പരിശീലനമായിരുന്നു അതെന്ന് പിന്നീട് മനുഷ്യര്‍ അറിഞ്ഞുതുടങ്ങി. വെളിപാടിലും ചരിത്ര പുസ്തകങ്ങളിലും അതിന്റെ ഭിന്നഭാവങ്ങള്‍ പ്രകാശിതമായി. മാനവികതയുടെ അകബോധങ്ങൡ, സുകൃതികളുടെ പ്രാര്‍ഥനയാല്‍ ഒരുനാട് നിര്‍ഭയ സ്ഥലിയാവുകയാണ്. പ്രത്യക്ഷ നിയമങ്ങള്‍ക്കപ്പുറം ആന്തരികമായ അനുഭൂതികള്‍ വെളിച്ചം തീര്‍ക്കുകയാണ്. മക്കയങ്ങനെ ഒരു മാതാവിന്റെ മടിത്തട്ടാകുന്നു; ഒരു പിതാവിന്റെ പ്രാര്‍ഥനയാകുന്നു; ഒരു പിഞ്ചുകുഞ്ഞിന്റെ സമര്‍പ്പണമാകുന്നു. സ്‌നേഹവും പ്രാര്‍ഥനയും സമര്‍പ്പണവും ഒത്തിണങ്ങിയ പ്രവാചകന്റെ ജന്മസ്ഥലമാകുന്നു. ചരിത്രം നീതിയുടെ പൂന്തോട്ടങ്ങളും അനീതിക്കെതിരെയുള്ള കൊടുങ്കാറ്റുകളും സമ്മാനിച്ച ധാര്‍മിക ദേശത്തിന്റെ പൂര്‍ണ നാമമത്രെ മക്ക.

മക്കയിലെത്തിയാല്‍ ബാഹ്യനേത്രങ്ങള്‍കൊണ്ടുമാത്രം നിങ്ങളതിനെ കാണരുതേ- ഉള്‍ക്കണ്ണിന്റെ ഉദാത്ത വെട്ടത്തില്‍ നിങ്ങളതിനെ കണ്ടു തുടങ്ങുമ്പോള്‍ മക്ക ഇപ്പോഴും നിങ്ങളുടെ ഹൃദയത്തോട് ശക്തമായി സംവദിക്കും. പ്രാര്‍ഥനാ നിര്‍ഭരമായ ഹൃദയവുമായി ചലനാത്മകതയുടെ അത്യപൂര്‍വ പാഠങ്ങള്‍ നിങ്ങള്‍ക്കത് കാണിച്ചു തരും. 'സദാ സമയങ്ങളിലും ഉന്നതനായ ദൈവം സജീവനാ'ണെന്ന വേദപാഠം നിങ്ങള്‍ക്ക് തരാന്‍ മക്കക്ക് മാത്രമേ കഴിയൂ. മക്കയിലെത്തിയാല്‍ നിങ്ങള്‍ക്ക് അടങ്ങി നില്‍ക്കാനാവില്ല. മക്ക നിങ്ങളെ ചലിക്കുന്ന ഒരു ആത്മീയതയിലേക്ക് പരാവര്‍ത്തനം ചെയ്യും. നിരന്തരം കറങ്ങുന്ന ഭൂമിപോലെ, ആകാശഗോളങ്ങള്‍ പോലെ നിങ്ങളും മക്കയില്‍ ദിവ്യസഞ്ചാരിയായി മാറും. 'മക്ക' ഇപ്പോള്‍ നിങ്ങളുടെ ഉള്ളിലും പുറത്തുമുണ്ട്. വ്യവഹാരങ്ങളുടെ സമൂര്‍ത്ത ലോകവും പ്രാര്‍ഥനയുടെ അമൂര്‍ത്ത വിഹായസ്സുകളും മക്കയുടെ അതുല്യനിറവില്‍ നിങ്ങളിലിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മക്ക ഒരു പ്രാപഞ്ചിക ബോധമാണ്. മനുഷ്യനായിക്കൊണ്ടിരിക്കാന്‍ നിരന്തരം ഉള്‍വിളികള്‍ തരുന്ന നിതാന്ത പാരമ്പര്യത്തിന്റെ വിളിയാളമാണ് മക്ക. അവിടെ വന്നുപോകുന്ന ഓരോ തീര്‍ഥാടകനും തങ്ങളുടെ ജന്മയിടങ്ങളും നിര്‍ഭയത്വത്തിന്റെ തുരുത്തുകളാകണമെന്ന പ്രാര്‍ഥന അനുഭവിച്ചാകും തിരിച്ചു പോരുക. മക്ക ഉള്ളിലുണര്‍ന്നാല്‍ ഭൂമി മുഴുവനും നിര്‍ഭയസ്ഥാനമാകാനുള്ള പ്രാര്‍ഥനകള്‍ ഉറവകൊള്ളും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌