കുഞ്ഞുങ്ങളുടേതു കൂടിയാണ് നമ്മുടെ പള്ളികള്‍
പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഇമാം ഒരനുഭവം പങ്കുവെക്കുകയുണ്ടായി. ഈദ്ഗാഹുകളില്‍ പതിവായി ഉണ്ടാകാറുള്ളതുപോലെ, ഇക്കഴിഞ്ഞ പെരുന്നാള്‍ നമസ്‌കാരത്തിനിടയിലും ഒരു കുട്ടിയുടെ വലിയവായിലുള്ള കരച്ചിലുണ്ടായത്രെ. നമസ്‌കാരം കഴിയുവോളം തുടര്‍ന്ന കുട്ടിയുടെ കരച്ചിലിന്റെ കാരണമന്വേഷിക്കാന്‍ ഇമാം സ്ത്രീകളുടെ ഭാഗത്ത് പോയി. മൂന്നോ നാലോ വയസ്സുള്ള കുട്ടിയാണ് കരഞ്ഞത്. മാതാവിനൊപ്പം അവനും പള്ളിയില്‍ വന്നതാണ്. എല്ലാവരും നമസ്‌കാരത്തില്‍ പ്രവേശിച്ചതോടെ അവന്‍ മറ്റു കുട്ടികളുമായി കളി തുടങ്ങി. നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ മുന്നിലും പിന്നിലും അവന്‍ ഒളിച്ചുകളിക്കുകയാണ്. കുഞ്ഞിന്റെ വികൃതിക്ക് വിരാമമിടാന്‍ നമസ്‌കാരത്തിനിടയില്‍തന്നെ അവന്റെ ഉമ്മ ഒരു വിദ്യ പ്രയോഗിച്ചു. ഒളിക്കാന്‍ മുന്നില്‍ വന്ന കുഞ്ഞിന്റെ കാലില്‍ ആ മാതാവ് അമര്‍ത്തിച്ചവിട്ടി നിന്നു. നമസ്‌കാരത്തിലേര്‍പ്പെട്ട മറ്റുള്ളവരുടെ കൂടി ശ്രദ്ധ കളയുംവിധം അവന്‍ ഇനിയും ഓടിപ്പോകരുതല്ലോ. ഉമ്മ കാലില്‍ ചവിട്ടിനിന്നതിന്റെ വേദന സഹിക്കവയ്യാതെയാണ് ആ കുട്ടി വാവിട്ടുകരയാന്‍ തുടങ്ങിയത്.
ഒരിക്കല്‍ വളരെ അടുത്ത ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചതാണ് ഈ ലേഖകന്‍. സുഹൃത്തിന്റെ മുട്ടിലിഴയുന്ന കുഞ്ഞിന്റെ വാവിട്ടുള്ള കരച്ചില്‍ കേട്ടാണ് കയറിച്ചെല്ലുന്നത്. കുഞ്ഞിന്റെ ഉമ്മ നമസ്‌കാരത്തിലാണ്. തൊട്ടപ്പുറത്ത് കുഞ്ഞിന്റെ വല്യുമ്മയുണ്ട് (പിതാമഹി). നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ അടുത്തേക്ക് വിടാതെ ആ കുട്ടിയെ പിടിച്ചുവെച്ചിരിക്കുകയാണ് ആ വല്യുമ്മ. നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ അടുക്കലേക്ക് പോകാന്‍ കഴിയാത്തതാണ് കുട്ടിയുടെ കരച്ചിലിന്റെ കാരണം. ഉമ്മയുടെ നമസ്‌കാരത്തിന് ശല്യമാകും എന്നു കരുതിയാണ് കുട്ടിയെ തടഞ്ഞുനിര്‍ത്തുന്നതെന്നു വല്യുമ്മ. ആ കുഞ്ഞിന് ഉമ്മയുടെ നമസ്‌കാരപ്പായയില്‍ പോയി ഇരിക്കുന്നതിനോ കുഞ്ഞിനെ എടുത്ത് നമസ്‌കരിക്കുന്നതിനോ ദീനില്‍ ഒരു വിലക്കുമില്ലെന്നിരിക്കെ, എന്തിനാണ് ഈ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രയാസപ്പെടുത്തുംവിധം ഇങ്ങനെ ചെയ്യുന്നത്? സത്യത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഏതു മാതാവിനാണ് ഏകാഗ്രതയോടെ നമസ്‌കരിക്കാനാവുക? മാതൃ വികാരങ്ങളെ പരിഗണിക്കാത്ത മതമാണോ ഇസ്‌ലാം? അങ്ങനെയല്ല എന്ന് പ്രവാചകചര്യയെ മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ നമുക്ക് വ്യക്തമാകും.
മേലുദ്ധരിച്ചവ ഒറ്റപ്പെട്ട സംഭവങ്ങളാകാം. എങ്കിലും പള്ളികളിലെത്തുന്ന കുട്ടികളെക്കുറിച്ചും നമസ്‌കാര വേളകളില്‍ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയെ കുറിച്ചും അജ്ഞരാണ് വലിയൊരു വിഭാഗം ജനങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് അനുവദിച്ചുതന്നിട്ടുള്ള ഇളവുകള്‍ പലര്‍ക്കും അറിയില്ലെന്നു മാത്രമല്ല, ചിലപ്പോഴൊക്കെ ഇതുപോലുള്ള മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ചെയ്തുപോരുകയും ചെയ്യുന്നു. നമസ്‌കാരത്തിന്റെ ബാഹ്യമായ കര്‍മശാസ്ത്ര കണിശതയില്‍ കുടുങ്ങി, ശരീഅത്തിന്റെ മാനുഷികവും മനശ്ശാസ്ത്രപരവുമായ പൊതുവായ മൂല്യങ്ങളെയും, അവയെ പരിഗണിച്ചുകൊണ്ട് ശരീഅത്ത് അനുവദിച്ചുതന്നിട്ടുള്ള ഇളവുകളെയും മറക്കുകയോ അവഗണിക്കുകയോ ചെയ്തുപോകുന്നുണ്ട് പലരും. പ്രവാചകന്റെ കുഞ്ഞുങ്ങളോടുള്ള സമീപനം (വിശിഷ്യാ, അവര്‍ പള്ളിയില്‍ വരുമ്പോള്‍) എങ്ങനെയായിരുന്നുവെന്ന അന്വേഷണം ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും.
പ്രവാചകനും കുഞ്ഞുങ്ങളും പള്ളിയില്‍
നമസ്‌കാരത്തിന് കുട്ടികളെ പള്ളിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ നബിചര്യ കേവല ഫിഖ്ഹില്‍ പരിമിതമല്ല, മനശ്ശാസ്ത്രപരമായ സമീപനവും സാഹചര്യങ്ങളുടെ പരിഗണനയും അതില്‍ കാണാം. കുഞ്ഞുങ്ങളുടെയും മാതാക്കളുടെയും മുതിര്‍ന്നവരുടെയുമൊക്കെ വൈകാരികതകളെയും ശാരീരിക അവസ്ഥകളെയും പരിഗണിക്കുന്ന സ്‌നേഹമൃസണവും ആരോഗ്യകരവുമായ സമീപനമാണ് പ്രവാചകചര്യ. മതത്തിന്റെ മുഴുവന്‍ കാര്യങ്ങളെയും വിശിഷ്യാ, ആരാധനാകര്‍മങ്ങളെ കര്‍മശാസ്ത്ര വീക്ഷണകോണിലൂടെ മാത്രം സമീപിക്കുന്നത് ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ യഥാവിധി മനസ്സിലാക്കാന്‍ സഹായകമായെന്നു വരില്ല. മറിച്ച്, സാമൂഹികവും മനശ്ശാസ്ത്രപരവുമായ പ്രേരകങ്ങള്‍ കൂടി മുഖവിലക്കെടുക്കേണ്ടതുണ്ട്. ദൈവിക കല്‍പനകള്‍ക്കു പിന്നിലെ യഥാര്‍ഥ പൊരുളുകള്‍ മനസ്സിലാക്കാന്‍, ദൈവിക കല്‍പനകള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ഇടം, സാഹചര്യം, കര്‍ത്താവിന്റെ മാനസികാവസ്ഥ എല്ലാം പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രവാചകചര്യ ഇവ്വിധമാണ് നാം മനസ്സിലാക്കേണ്ടത്.
പള്ളി മുസ്‌ലിം സമൂഹത്തിന്റെ മുഴുവന്‍ കേന്ദ്രമാണ്. അവിടെ എല്ലാ പ്രായത്തിലുള്ളവരുമുണ്ട്. കുട്ടികളും സ്ത്രീകളുമുണ്ട്. നമസ്‌കാരത്തിനു വേണ്ടി അണിനിരക്കുമ്പോള്‍ ആദ്യ സ്വഫില്‍ മുതിര്‍ന്നവര്‍ക്കു പരിഗണന നല്‍കുമ്പോള്‍ പിന്‍ സ്വഫില്‍ കുട്ടികള്‍ക്കും ഏറ്റവും പിന്നിലായി സ്ത്രീകള്‍ക്കും നബി ഇടം നല്‍കിയയായി കാണാം. എല്ലാവര്‍ക്കും പള്ളിയില്‍ ഇടമുണ്ടെന്നും അവകാശമുണ്ടെന്നുമുള്ള പാഠമാണത് പകര്‍ന്നുനല്‍കുന്നത്. സമൂഹത്തിന്റെ ഭാഗം എന്ന നിലയില്‍ കൊച്ചു കുട്ടികള്‍ പള്ളികളില്‍ സന്നിഹിതരായെന്നു വരും. അവരും ഈ കേന്ദ്രത്തിന്റെ അവകാശികളും ഉല്‍പ്പന്നങ്ങളുമാണല്ലോ. അവര്‍ക്കുമുണ്ട് അവിടെ കാര്യം. നബി വാര്‍ത്തെടുത്ത മാതൃകാ സമൂഹത്തിന്റെ കേന്ദ്രമായ മദീനാപള്ളിയില്‍ വിശ്വാസികളില്‍പെട്ട പ്രായം കുറഞ്ഞവരും മുതിര്‍ന്നവരും കുഞ്ഞുങ്ങളും എല്ലാമുണ്ടായിരുന്നു. ചെറിയ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറക്കുകയായിരുന്നു നബിചര്യ. നമസ്‌കാരവേളയില്‍ പോലും കുഞ്ഞുങ്ങളെ നബി എത്ര പരിഗണിച്ചുവെന്നു മനസ്സിലാക്കാന്‍ ഇതുമതി.
കുഞ്ഞുങ്ങളായിരിക്കെ ഹസനെയും ഹുസൈനെയുമെടുത്ത് നബി പലപ്പോഴും പള്ളിയില്‍ വരുമായിരുന്നു. തന്റെ പാദങ്ങള്‍ക്കരികില്‍ അവരെ ഇരുത്തിയിട്ടാണ് അവിടുന്ന് നമസ്‌കാരത്തില്‍ പ്രവേശിക്കുക. ഒരിക്കല്‍ നമസ്‌കാരത്തില്‍ ദീര്‍ഘനേരം സുജൂദില്‍ തുടര്‍ന്ന നബിയോട് സ്വഹാബികള്‍ കാര്യം തിരക്കി. നബി പറഞ്ഞു. 'എന്റെ പേരമകന്‍ എന്റെ പുറത്തുകയറി വാഹനമായി കളിക്കുകയായിരുന്നു. അവന്റെ ആവശ്യം (കളി) കഴിയുവോളം സുജൂദില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല' (നസാഈ, അല്‍ ഹാകിം).
നബി പുത്രി സൈനബയുടെ കൊച്ചുമകള്‍ ഉമാമയെയുമെടുത്ത് നബി ചിലപ്പോള്‍ പള്ളിയില്‍ വരും. അവളെ എടുത്തുനിന്നുകൊണ്ടു നമസ്‌കാരം ആരംഭിക്കുന്ന നബി (സ) റുകൂഇലും സുജൂദിലും പോകുമ്പോള്‍ അവളെ അരികത്തു തന്നെ ഇരുത്തും. നബി (സ) ഒരിക്കല്‍ ഖുത്വ്ബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹസനെയും ഹുസൈനെയും ആളുകള്‍ക്കിടയില്‍ കണ്ടു. അവിടുന്ന് മിമ്പറില്‍നിന്ന് ഇറങ്ങി വന്ന് അവരെയും കൂട്ടി മിമ്പറില്‍ കയറി വീണ്ടും ഖുത്വ്ബ നിര്‍വഹിക്കുകയുണ്ടായി. ദീര്‍ഘമായി നമസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ നമസ്‌കാരത്തില്‍ പ്രവേശിക്കുന്ന നബി പിന്നീട് കുട്ടികളുടെ കരച്ചില്‍ കേട്ട് നമസ്‌കാരം ചുരുക്കുമായിരുന്നു. കാരണം, ആ കുഞ്ഞിന്റെ മാതാവിന് വിഷമമാകുമോ എന്ന് അദ്ദേഹം ഭയന്നിരുന്നു (ബുഖാരി, മുസ്‌ലിം).
കുഞ്ഞ് മുതുകത്തിരുന്ന് കളിക്കുമ്പോള്‍ നബി സുജൂദ് ദീര്‍ഘിപ്പിക്കുന്നതും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ നമസ്‌കാരം ലഘൂകരിക്കുന്നതും നമസ്‌കാരത്തിനു പുറത്തുള്ള ചില ബാഹ്യകാര്യങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്. ആദ്യത്തേതില്‍ കുഞ്ഞിന്റെ മാനസികോല്ലാസവും രണ്ടാമത്തേതില്‍ മാതാവിന്റെ മാനസികപ്രയാസവുമാണ് നബി പരിഗണിക്കുന്നത്. ഈ ബാഹ്യ പരിഗണനകള്‍, അല്ലാഹുവുമായി നേര്‍ക്കുനേരെ സംവദിക്കുന്ന നമസ്‌കാരത്തില്‍ പോലും ലഘൂകരണങ്ങള്‍ കൊണ്ടുവരുന്നതാണെന്നു സാരം. അതുകൊണ്ടാണ് ദീര്‍ഘിച്ച് ഓതുന്നതിനു പകരം അല്‍പം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. അക്കാരണം കൊണ്ടാണ് സാധാരണയില്‍ കവിഞ്ഞ് സുജൂദ് ദീര്‍ഘിപ്പിക്കുന്നത്. നമസ്‌കാരത്തിന് നിഷ്‌കര്‍ഷിക്കപ്പെട്ട ചലനങ്ങള്‍ അല്ലാതെ മറ്റൊന്നും പാടില്ലെങ്കിലും നമസ്‌കാരത്തിനിടയില്‍ കുഞ്ഞിനെ എടുക്കുന്നതിനും നിലത്തിരുത്തുന്നതിനും ആവശ്യമായ ചലനങ്ങള്‍ നമസ്‌കാരത്തിനു ഭംഗം വരുത്തുന്ന ചലനമായി എണ്ണപ്പെടുന്നില്ല. കണിശവും കൃത്യവുമായ രൂപമുള്ള നമസ്‌കാരത്തില്‍, ഒരു കുഞ്ഞിന്റെ സാന്നിധ്യം വഴി, ലഘൂകരണമോ അയവോ കൈവരുന്നു. ഉമാമയെ എടുത്ത് നമസ്‌കരിക്കുകയും റുകൂഇലും സുജൂദിലും പോകുമ്പോള്‍ തനിക്കരികില്‍ ഇരുത്തുകയും ചെയ്യുന്ന പ്രവാചകനില്‍ നമുക്കതാണ് കാണാനാവുക. ഇതെല്ലാം പഠിപ്പിക്കുന്നത് ഇസ്‌ലാമിലെ ഏറ്റവും സുപ്രധാന അനുഷ്ഠാനമായ നമസ്‌കാരം പോലും മാനുഷികവും വൈകാരികവുമായ ഇത്തരം കാര്യങ്ങളെകൂടി പരിഗണിക്കുന്നു എന്നാണ്.
നബിയുടെ പള്ളിയില്‍ കുഞ്ഞുങ്ങളും വേണ്ടത്ര വന്നിരുന്നുവെന്ന കാര്യവും മേല്‍ സംഭവങ്ങളിലൂടെ വ്യക്തമാണ്. അവര്‍ക്കവിടെ ഒരു ഹോംലി ഫീലിംഗ് അനുഭവപ്പെടാന്‍ നബി ശ്രദ്ധിച്ചിരുന്നു. ഭയപ്പാടോടെയും ആശങ്കയോടെയും വന്നു കയറേണ്ട ഇടങ്ങളല്ല പള്ളികള്‍. അല്ലാഹുവിന്റെ ഭവനങ്ങളോട് അവരുടെ കുഞ്ഞുമനസ്സില്‍ ആദ്യമുണ്ടാകേണ്ട വികാരം സ്‌നേഹമാണ്. അവിടെ എത്തിപ്പെടുന്നതോടെ മനസ്സിന് സ്വസ്ഥതയും സമാധാനവും ശാന്തതയും കൈവരണം. കുഞ്ഞുങ്ങള്‍ക്കും പള്ളിയെന്നാല്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങളായി അനുഭവപ്പെടണം. കുട്ടികളുടെ സഹജമായ ബാലാരിഷ്ടതകള്‍ നബി പള്ളിയിലും അനുവദിച്ചിട്ടുണ്ട്. സുജൂദില്‍ കിടക്കുന്ന നബിയുടെ മുതുകത്ത് വണ്ടിയോടിച്ചു കളിക്കുന്ന ഹസന് അതിന് വേണ്ടത്ര സമയം നല്‍കി സുജൂദ് ദീര്‍ഘിപ്പിച്ചതില്‍ അതാണ് കാണാനാവുക. ചെറുപ്രായത്തിലേ അവരുടെ മനസ്സുകളില്‍ പള്ളിയോട് ഇഷ്ടം ഉണ്ടാക്കുകയായിരുന്നു പ്രവാചകന്‍. സഹജമായ അവരുടെ കുസൃതികള്‍ അനുവദിക്കുമ്പോള്‍ തന്നെ, തിരുത്തേണ്ട കാര്യങ്ങളെ അവിടുന്ന് സ്‌നേഹമൃസണമായി തിരുത്തുകയും ചെയ്തിട്ടുണ്ട്. സകാത്തിനത്തില്‍ ശേഖരിച്ച കാരക്കയില്‍നിന്ന് ഒന്നെടുത്ത് വായിലിടുന്ന ഹസന്റെ വായില്‍ വിരലിട്ട് അത് പുറത്തെടുത്ത് പൊതുമുതലില്‍ തിരികെ വെക്കുന്ന നബിചര്യ കുഞ്ഞുങ്ങള്‍ക്കുള്ള ശിക്ഷണം മാത്രമല്ല, പൊതുമുതല്‍ ആരും കൈവശപ്പെടുത്തരുതെന്നും അവ അല്‍പം പോലും അന്യാധീനപ്പെട്ടുപോകരുതെന്നുമുള്ള കണിശമായ നിലപാട് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കുക കൂടിയാണ്.
പള്ളികള്‍ മികച്ച ശിക്ഷണകേന്ദ്രങ്ങള്‍
ഇസ്‌ലാമില്‍ പള്ളികള്‍ പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ മാത്രമല്ല. മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണ്. ഒരു മാതൃകാ സമൂഹത്തിന്റെ ബീജവാപം നടക്കുന്നതും അതിന് വെള്ളവും വളവും നല്‍കി സംരക്ഷിച്ചുനിര്‍ത്തുന്നതും ഈ കേന്ദ്രങ്ങളാണ്. വ്യക്തികളുടെ ആത്മീയ പോഷണം മാത്രമല്ല, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനവും പള്ളി കേന്ദ്രീകൃതമായാണ് ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടാകേണ്ടത്. ആദ്യകാല പള്ളികള്‍ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ കൂടിയായത് അതുകൊണ്ടാണ്. മദീനാ പള്ളിയോടു ചേര്‍ന്നാണ് ലോകത്തെ ആദ്യ ഇസ്‌ലാമിക വിദ്യാ കേന്ദ്രം ക്രി. 653-ല്‍ ഉയര്‍ന്നുവന്നത്. കയ്‌റോവിലെ ജാമിഅത്തുല്‍ അസ്ഹര്‍ ഒരു പള്ളിയില്‍നിന്ന് വികസിച്ചാണ് ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ സര്‍വകലാശാലയായി മാറിയത്. വിദേശരാജ്യങ്ങളിലെ പല പള്ളികളിലും കുട്ടികള്‍ക്കു കളിക്കാന്‍ ചെറിയ പാര്‍ക്കുകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക വളര്‍ച്ചക്ക് വേണ്ട സംവിധാനങ്ങളൊക്കെ പള്ളിയോടനുബന്ധിച്ച് സജ്ജമാക്കുകയാണ് വേണ്ടത്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ പള്ളികള്‍ നിരവധി 'അരുത്'കളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. ഫാനിടരുത്, വെള്ളം ഉപയോഗിക്കരുത് തുടങ്ങി കര്‍ശന നിയന്ത്രങ്ങളുടെ ചെറു ചെറു ബോര്‍ഡുകളാണ് നമ്മെ പള്ളിയില്‍ വരവേല്‍ക്കുക. പ്രയോജനങ്ങളെടുക്കാവുന്ന കാര്യങ്ങളല്ല; പ്രയോജനങ്ങള്‍ എടുക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണവിടെ കൂടുതലും. പള്ളി നമുക്ക് നമസ്‌കരിക്കാനുള്ള ആരാധനാ ഇടം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അതിനപ്പുറം പള്ളി ഒരു നല്ല കാര്യത്തിനും നമുക്ക് ഉപയോഗിച്ചുകൂടാ. കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ പള്ളികള്‍ ഇഷ്ട ഇടങ്ങളേ അല്ല. ഉറക്കെ സംസാരിച്ചുപ്പോയാല്‍, നമസ്‌കാരം അല്‍പമൊന്ന് തെറ്റിപോയാല്‍, ചിരിച്ചുപോയാല്‍, മുതിര്‍ന്നവരുടെ കണ്ണുരുട്ടലുകള്‍ക്കും മുഖം കെറുവിച്ചുള്ള നോട്ടങ്ങള്‍ക്കും ചിലപ്പോഴൊക്കെ ശകാരങ്ങള്‍ക്കും അവര്‍ ഇരയാവുന്ന സ്ഥലമാണത്. അവിടെ അവര്‍ വരാന്‍ ഭയപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. നമ്മുടെ പള്ളികള്‍ മുതിര്‍ന്നവര്‍ക്കു മാത്രമായി റിസര്‍വ് ചെയ്യപ്പെട്ടതാണ്. കുട്ടികളുടെയോ കുഞ്ഞുങ്ങളുടെയോ സാന്നിധ്യം അവിടെ അത്രയൊന്നും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
എല്ലാ കുട്ടികളും പള്ളികളില്‍ തീരെ നിരുപദ്രവകാരികളായിക്കൊള്ളണമെന്നില്ല. ചിലരുടെ വികൃതികള്‍ ഏറിയെന്നും വരാം. അത് നമസ്‌കരിക്കാനെത്തുന്നവര്‍ക്ക് ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും. എങ്കിലും അവിടെയും നബി മാതൃക സൗമ്യമായ ഇടപെടലുകളാണ്. മേലില്‍ ഒരിക്കലും അവര്‍ പള്ളിയില്‍ വരാന്‍ ഇഷ്ടപ്പെടാതിരിക്കുമാറ് അവരെ ആട്ടിയകറ്റലല്ല. ചിലപ്പോഴെങ്കിലും അവര്‍ കാട്ടിക്കൂട്ടുന്ന വികൃതികളെ പൂര്‍ണമായും അവഗണിക്കുകയാവും നല്ലത്. മദീനാപള്ളിയില്‍ വന്ന് മൂത്രമൊഴിച്ച കാട്ടറബിയെ വെറുതെ വിടുകയും അയാളെ എതിര്‍ക്കാന്‍ കയര്‍ത്തോടി വന്ന സ്വഹാബികളെ തടയുകയും ചെയ്ത നബിചര്യ പോലെ. കുട്ടികളുടെ ചില്ലറ വികൃതികള്‍ അവഗണിക്കുകയാണ്, അവരോടു കയര്‍ക്കുക വഴി അവര്‍ക്കുണ്ടാകാവുന്ന മാനസികാഘാതത്തേക്കാള്‍ നല്ലത്. നാളെ നമ്മുടെ ദീനിന്റെ, പള്ളികളുടെ സംരക്ഷകരാകേണ്ടവരാണ് നമ്മുടെ കുട്ടികള്‍. കുഞ്ഞുപ്രായത്തിലേ അവരുടെ മനസ്സില്‍ ഇസ്‌ലാമിക ചിഹ്നങ്ങളോടു ഇഷ്ടമുണ്ടാകട്ടെ. ചെറുപ്പത്തിലേ അവര്‍ നമസ്‌കാരത്തെയും പള്ളികളെയും ഇഷ്ടപ്പെടട്ടെ.
Comments