മൂന്നിനം പ്രവാചകന്മാരും സത്യപ്രബോധനവും
പ്രവാചകന്മാര്‍ നിയോഗിതമായ സമൂഹത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ അവര്‍ മൂന്ന് തരക്കാരാണ്. തീര്‍ത്തും അവിശ്വാസികള്‍ മാത്രമുള്ള സമൂഹത്തിലേക്ക് നിയോഗിതരായവര്‍. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരില്‍ ഏറെപ്പേരും ഈ ഗണത്തില്‍പെടുന്നു. നൂഹ് നബി, ഹൂദ് നബി, സ്വാലിഹ് നബി, ഇബ്‌റാഹീം നബി, ലൂത്വ് നബി, മുഹമ്മദ് നബി പോലുള്ളവരെല്ലാം ഇതിനുദാഹരണമാണ്. ഇവരൊക്കെയും നിര്‍വഹിച്ചതും നിര്‍വഹിക്കാന്‍ കല്‍പിക്കപ്പെട്ടതും അല്ലാഹുവിന്റെ ജീവിത വ്യവസ്ഥ തങ്ങളുടെ ജനതയെ പരിചയപ്പെടുത്തി അതിലേക്ക് അവരെ ക്ഷണിക്കുകയെന്നതായിരുന്നു. അഥവാ, ഇസ്‌ലാമിക പ്രബോധനമായിരുന്നു. സന്മാര്‍ഗം സ്വീകരിക്കുന്നവരെ സംഘടിപ്പിച്ച് കൂടെ നിര്‍ത്തുകയും. ഇങ്ങനെ സത്യപാത പിന്തുടര്‍ന്നവരെയൊക്കെ പ്രവാചകന്മാര്‍ തങ്ങളുടെ ചുമതലാ നിര്‍വഹണത്തില്‍ പങ്കാളികളാക്കി.
രണ്ടാമത്തെ ഇനം പ്രവാചകന്മാര്‍ പരമ്പരാഗത വിശ്വാസി സമൂഹത്തിലേക്ക് നിയോഗിതരായവരാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഈ ഗണത്തില്‍പെട്ടവരില്‍ ഏറെ പേരും ഇസ്രാഈലീ പ്രവാചകന്മാരാണ്. തങ്ങളുടെ സമൂഹത്തിന് നേതൃത്വം നല്‍കുകയും അവരില്‍ ദൈവിക വ്യവസ്ഥ നടപ്പാക്കുകയുമാണ് അവര്‍ നിര്‍വഹിച്ച ഉത്തരവാദിത്തം. എല്ലാ ഇസ്രാഈലീ പ്രവാചകന്മാരും പൂര്‍ണമായും ഈ ഗണത്തില്‍പെട്ടവരായിരുന്നില്ല.
പാരമ്പര്യ മുസ്‌ലിംകളും അവരല്ലാത്തവരും ഒരുമിച്ചു താമസിക്കുന്ന സമൂഹത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാരാണ് മൂന്നാമത്തെ ഗണത്തില്‍പെടുന്നത്. ഇതില്‍ വിശുദ്ധ ഖുര്‍ആന്‍ വിശദമായി പരിചയപ്പെടുത്തിയത് മൂസാ നബിയെയും അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളെയുമാണ്. മൂസാ നബിയുടെ കാലത്ത് ഈജിപ്തില്‍ വംശീയവാദികളായ ഖിബ്ത്വികളുണ്ടായിരുന്നു. അവര്‍ക്കായിരുന്നു രാജ്യത്തിന്റെ അധികാരം. ഭരണാധികാരികളായ ഫറോവമാരും അവരുടെ ആളുകളും പാരമ്പര്യ മുസ്‌ലിംകളായ ഇസ്രാഈല്യരെ കഠിനമായി മര്‍ദിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇസ്രാഈല്യര്‍ തന്റെ അധികാരത്തിന് ഭീഷണിയും വെല്ലുവിളിയുമാകുമെന്ന് ഭയന്ന ഫിര്‍ഔന്‍ അവരില്‍ പിറന്നുവീഴുന്ന ആണ്‍കുഞ്ഞുങ്ങളെ കൊല്ലുകയും പെണ്‍കുട്ടികളെ നിന്ദ്യരായി ജീവിക്കാന്‍ വിടുകയുമാണ് ചെയ്തിരുന്നത്. അതിനാല്‍ മൂസാ നബിക്ക് അതിപ്രധാനമായ മൂന്ന് ചുമതലകള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. പ്രഥമവും പ്രധാനവും അമുസ്‌ലിംകളിലെ ഇസ്‌ലാമിക പ്രബോധനം തന്നെ. മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണവും മര്‍ദിതരായ ഇസ്രാഈലീ സമൂഹത്തിന്റെ മോചനവുമായിരുന്നു മറ്റു ര് പ്രധാന ചുമതലകള്‍.
വിമോചന ദൗത്യവും പ്രബോധനവും
അമുസ്‌ലിംകളുള്ള സമൂഹത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാരെല്ലാം അവരുടെ രക്ഷയും വിജയവും കാംക്ഷിച്ച് ഗുണകാംക്ഷാപൂര്‍വം പ്രബോധന ദൗത്യം നിര്‍വഹിച്ചവരായിരുന്നു. മൂസാ നബി ഫിര്‍ഔനോട് ഇസ്രാഈല്യരുടെ മോചനം ആവശ്യപ്പെട്ടപ്പോള്‍ പോലും പ്രബോധനപരമായ ഉള്ളടക്കം നിലനിര്‍ത്തിയാണ് അത് നിര്‍വഹിച്ചത്. ഫിര്‍ഔനിനോടുള്ള ഗുണകാംക്ഷയും അയാള്‍ നേര്‍വഴി സ്വീകരിക്കാനുള്ള ആഹ്വാനവും കൂടി അതിലുണ്ടായിരുന്നു. ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു:
''മൂസാ നബിയോടും ഹാറൂന്‍ നബിയോടും അല്ലാഹു കല്‍പിച്ചു: അതിനാല്‍ നിങ്ങളിരുവരും അവന്റെ അടുത്ത് ചെന്ന് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്‍ മക്കളെ നീ ഞങ്ങളോടൊപ്പം അയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക. സത്യത്തെ തള്ളിപ്പറയുകയും അതില്‍നിന്ന് പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുണ്ടാവുകയെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു'' (20: 47,48).
മര്‍ദിതരുടെ മോചനത്തിനായുള്ള സമരങ്ങളും ആഹ്വാനങ്ങളും ഇസ്‌ലാമിക പ്രബോധനപരമായ ഉള്ളടക്കത്തോടെ മാത്രമേ ആകാവൂ എന്ന് പറയാനാവില്ല; എന്നുമാത്രമല്ല; മര്‍ദിതരുടെ ജാതിയോ മതമോ വിശ്വാസമോ പരിഗണിക്കാതെ മര്‍ദനത്തിന് അറുതി വരുത്താന്‍ ശ്രമിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. എന്നാല്‍ ഖുര്‍ആനിക വീക്ഷണത്തില്‍ ഏറ്റം മഹത്തായ വിമോചനദൗത്യം നിര്‍വഹിച്ച മൂസാ നബി അത് പ്രബോധനപരമായ ഉള്ളടക്കം ഉള്‍പ്പെടുത്തിയും തന്റെ പ്രവാചകത്വം ഊന്നിപ്പറഞ്ഞും അല്ലാഹുവെയും പരലോകത്തെയും ഓര്‍മപ്പെടുത്തിയുമാണ് നിര്‍വഹിച്ചതെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി വ്യക്തമാക്കുന്നു.
ഇസ്‌ലാമിക പ്രബോധനത്തിന്റെ മഹത്വവും പ്രാധാന്യവും അനിവാര്യതയുമാണ് ഇത് തെളിയിക്കുന്നത്. അമുസ്‌ലിംകള്‍ ഉള്ള സമൂഹത്തില്‍ ഏതു സാഹചര്യത്തിലും അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാവതല്ലെന്നും ഇത് വ്യക്തമാക്കുന്നു. ഭൂമിയില്‍ മനുഷ്യന് നിര്‍വഹിക്കാനുള്ള ഏറ്റം മഹത്തായ കര്‍മവും അതുതന്നെ. മനുഷ്യന്‍ പറയുന്ന വാക്കുകളില്‍ ഏറെ മികച്ചതും മറ്റൊന്നല്ല.
''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം പറഞ്ഞ ആരുണ്ട്?''(41:33).
പ്രബോധനത്തിന്റെ നൈരന്തര്യം
തങ്ങളുടെ പ്രബോധിതര്‍ക്ക് സന്മാര്‍ഗം എത്തിക്കുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതുവരെ പ്രവാചകന്മാര്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഒന്നോ രണ്ടോ ദിവസമോ മാസമോ കൊല്ലമോ കൊണ്ട് ചെയ്തുതീര്‍ക്കാവുന്നതായിരുന്നില്ല ഈ ഉത്തരവാദിത്തം. തങ്ങളുടെ ജനതയെ സത്യം ബോധ്യപ്പെടുത്താനും അവരെ സത്യമാര്‍ഗത്തിലേക്കാനയിക്കാനും അവര്‍ നിരന്തരം തീവ്രശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.
പ്രവാചകനായ നൂഹ് നബി തൊള്ളായിരത്തി അമ്പതു വര്‍ഷം തന്റെ ജനതയെ നേര്‍വഴിയിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ ഇങ്ങനെ വിശദീകരിക്കുന്നു:
''നൂഹ് പറഞ്ഞു: നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചു. എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്. നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴെല്ലാം അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അഹങ്കരിക്കുകയും ചെയ്തു. വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു. പിന്നെ പരസ്യമായും വളരെ രഹസ്യമായും ഉദ്‌ബോധനം നല്‍കി''(71: 5-9).
ഇബ്‌റാഹീം നബി ഇറാഖില്‍ തന്റെ ജനതയെ നിരവധി വര്‍ഷം നിരന്തരം സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. അവരെ സത്യം ബോധ്യപ്പെടുത്താനായി വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചു. അവിടെയുള്ളവര്‍ക്കൊക്കെ സത്യം ശരിയാംവിധം മനസ്സിലാകുന്നതുവരെ തന്റെ സത്യപ്രബോധനം തുടര്‍ന്നു. അഹങ്കാരവും ധിക്കാരവും കാരണമായി മാത്രമാണ് അവര്‍ അതംഗീകരിക്കാതിരുന്നത്.
ഹൂദ് നബിയും സ്വാലിഹ് നബിയും ശുഐബ് നബിയും ലൂത്വ് നബിയും ഉള്‍പ്പെടെ പ്രവാചകന്മാരെല്ലാം തങ്ങളുടെ ജനതയില്‍ പ്രബോധന ദൗത്യം പൂര്‍ത്തീകരിച്ചാണ് അല്ലാഹുവിലേക്ക് യാത്രയായത്. മുഹമ്മദ് നബി തിരുമേനി നീണ്ട പതിമൂന്ന് വര്‍ഷം മക്കയിലെ തന്റെ ജനതയോട് പ്രബോധനം നടത്തുകയുായി. അവിടത്തുകാര്‍ക്ക് സത്യസന്ദേശം എത്തിച്ച് ദൗത്യം പൂര്‍ത്തീകരിച്ച ശേഷമാണ് യസ്‌രിബിലേക്ക് ഹിജ്‌റ പോയത്.
ഇസ്രാഈല്യരുടെ വിമോചനം നിയോഗ ലക്ഷ്യമായിരുന്ന മൂസാ നബി അമുസ്‌ലിംകളായിരുന്ന ഖിബ്ത്വികളെ സത്യം ബോധ്യപ്പെടുത്തുന്നതുവരെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വിവിധ സന്ദര്‍ഭങ്ങളിലായി മൂസാ നബിയും ഫിര്‍ഔനും തമ്മില്‍ നടന്ന സംഭാഷണം വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി ഉദ്ധരിക്കുന്നു്. മാരണക്കാരും മൂസാ നബിയും തമ്മില്‍ നടന്ന മത്സരത്തില്‍ മൂസാ നബി വിജയിക്കുകയും മാരണക്കാര്‍ പോലും സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തതോടെ സത്യം ആരുടെ ഭാഗത്താണെന്ന് ഫിര്‍ഔന്നും പ്രഭൃതികള്‍ക്കും നന്നായി മനസ്സിലായിരുന്നു. അഹങ്കാരവും ധിക്കാരവും അധികാരപ്രമത്തതയും മേധാവിത്വ മനസ്സും കാരണമായി അവര്‍ സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. എന്നിട്ടും മൂസാ നബി തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണുണ്ടായത്, എങ്ങനെയെങ്കിലും അവര്‍ സന്മാര്‍ഗം സ്വീകരിക്കട്ടെയെന്നതായിരുന്നു മൂസാ നബിയുടെ ലക്ഷ്യം.
ഫറവോനിലും അവനോടൊപ്പമുള്ളവരിലും പശ്ചാത്താപ മനസ്സും പാപമോചന വികാരവും വളര്‍ത്തി നേര്‍വഴിയില്‍ കൊണ്ടുവരാനുതകുന്ന ചില പരീക്ഷണങ്ങള്‍ക്കും അല്ലാഹു അവരെ വിധേയമാക്കി. എന്നാല്‍ അതിലും അവര്‍ വഞ്ചന കാണിക്കുകയാണുണ്ടായത്. ഓരോ പരീക്ഷണം വരുമ്പോഴും അതിന് അറുതിവരുത്താനായി അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ മൂസാ നബിയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ദുരിതം നീങ്ങിയാല്‍ സന്മാര്‍ഗം സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രയാസം നീങ്ങിക്കിട്ടിയപ്പോഴെല്ലാം അവര്‍ വാക്ക് ലംഘിക്കുകയാണുണ്ടായത്. ക്ഷാമം, വിളക്കമ്മി, വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വിവിധങ്ങളായ ദുരിതങ്ങളാല്‍ അല്ലാഹു അവരെ പരീക്ഷിച്ചു. എന്നാല്‍ അതൊന്നും അവരുടെ അഹങ്കാരത്തിന് അറുതി വരുത്തിയില്ല (7:130-135).
ഇങ്ങനെ ഫിര്‍ഔന്നും അവന്റെ കൂടെയുള്ളവര്‍ക്കും സംശയരഹിതമായി സത്യവും സന്മാര്‍ഗവും ബോധ്യമാകുന്നതുവരെ മൂസാ നബിയും സംഘവും തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അപ്പോഴൊക്കെയും ഇസ്രാഈല്യര്‍ മര്‍ദനപീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
''അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നതിനുമുമ്പ് ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കള്‍ വന്ന ശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്''(7:129).
ഇസ്രാഈല്യരില്‍ കടുത്ത ഭയവും ഭീതിയും നിലനിന്നിരുന്നു. അക്കാരണം കൊണ്ടുതന്നെ അവരില്‍ ഏറെപ്പേരും മൂസാ നബിയില്‍ വിശ്വസിക്കാനോ അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കാനോ തയാറായില്ല.
''മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവന്റെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു. അതോടൊപ്പം പരിധിവിട്ടവനും''(10: 83).
മൂസാ നബി രംഗത്തുവന്ന് ഇസ്രാഈല്യരെ മോചിപ്പിച്ച് രക്ഷപ്പെടുകയല്ല ചെയ്തതെന്നര്‍ഥം. ഈജിപ്തില്‍ ഖിബ്ത്വികള്‍ക്കിടയില്‍ അദ്ദേഹം തന്റെ പ്രബോധന ദൗത്യം തുടര്‍ന്നു.
അതുകൊണ്ടുതന്നെ അമുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന ഇസ്‌ലാമിക സമൂഹം എത്രയൊക്കെ മര്‍ദിതരും പീഡിതരുമാണെങ്കിലും ഇസ്‌ലാമിക പ്രബോധന ദൗത്യം നിരന്തരമായും കൃത്യമായും നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അത് നിര്‍വഹിക്കുന്നതോടൊപ്പമാണ് മര്‍ദന പീഡനങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളിലേര്‍പ്പെടേണ്ടത്. ഇസ്രാഈലീ സമൂഹത്തിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുതന്നെ അതിനെ ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെടുത്തിയാണല്ലോ മൂസാ നബി തന്റെ ദൗത്യം നിര്‍വഹിച്ചത്. മര്‍ദകരുടെ കൂടി സന്മാര്‍ഗം കൊതിച്ചും കാംക്ഷിച്ചും അതിനായി പണിയെടുത്തും മോചനത്തിന്റെ സാധ്യവും പ്രായോഗികവുമായ മാര്‍ഗങ്ങളൊക്കെയും അവലംബിച്ചുമാണ് ഇസ്‌ലാമിക സമൂഹം നിലകൊള്ളേണ്ടതെന്ന് ഇതൊക്കെയും അസന്ദിഗ്ധമായി തെളിയിക്കുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം വരുത്തുന്ന സമീപനങ്ങളൊന്നും പ്രബോധകരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നത് ഇതിന്റെ അനിവാര്യ താല്‍പര്യമത്രെ; അവരെത്ര തന്നെ പീഡിതരാണെങ്കിലും. പ്രവാചകന്മാരുടെയൊക്കെ ചരിത്രം പഠിപ്പിക്കുന്നത് അതാണ്.
Comments