Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

ഉത്തര കൊറിയ നല്‍കുന്ന പാഠം

ഉസാമ അബൂ അര്‍ശീദ്

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോ ഉന്‍ അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ 'ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത തീയും രോഷവും' ആ രാഷ്ട്രത്തിന് നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ട്രംപ് പ്രകോപനമുണ്ടാക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പശ്ചിമ ശാന്ത സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗുവാമിനു നേരെ തൊടുത്തുവിടുമെന്നാണ് ഏറ്റവുമൊടുവിലത്തെ ഉത്തര കൊറിയന്‍ ഭീഷണി. വരികള്‍ക്കിടയില്‍ വായിച്ചാല്‍ ലോകത്തെ ഭരിക്കുന്നത് ഏത് നിയമമാണെന്ന് നമുക്ക് കണ്ടെത്താന്‍ പറ്റും. അത് കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിയമമാണ്. കൈയൂക്ക് തന്നെയാണ് എവിടെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ എന്ത് താരതമ്യമാണുള്ളത്, അമേരിക്ക സാമ്പത്തികമായും സൈനികമായും ലോകത്തെ ഏറ്റവും വലിയ ശക്തി, ഉത്തര കൊറിയ ഏറ്റവുമധികം ഒറ്റപ്പെട്ട് കഴിയുന്ന ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളിലൊന്ന്, അതിന്റെ ഭൂവിസ്തൃതിയാകട്ടെ അമേരിക്കയിലെ ഒരു ശരാശരി സംസ്ഥാനത്തിനോളം പോന്നതും... പിന്നെ എങ്ങനെയാണ് കൈയൂക്കിന്റെ ഭാഷ ഉത്തര കൊറിയക്ക് പുറത്തെടുക്കാനാവുക എന്നാണ് ചോദ്യമെങ്കില്‍, സംഭവലോകത്ത് അത്തരം കണക്കുകൂട്ടലുകള്‍ പിഴക്കുമെന്നാണ് പറയാനുള്ളത്. മറ്റെന്തൊക്കെ പറഞ്ഞാലും ഉത്തര കൊറിയയുടെ സൈനിക ശേഷിയില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതൊരു ആണവ -മിസൈല്‍ ശക്തിയാണ്. ചെറുതെങ്കിലും ചില ആണവായുധങ്ങള്‍ അത് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന സംശയം പ്രബലമാണ്. ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിച്ച് ആണവായുധങ്ങള്‍ ഹവായ്, ഗുവാം പോലുള്ള അമേരിക്കന്‍ ദ്വീപുകളിലേക്ക് തൊടുത്തുവിടാനുള്ള ശേഷിയുമുണ്ട്. ശാന്ത സമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള അമേരിക്കയുടെ കാലിഫോര്‍ണിയ സംസ്ഥാനത്ത് വരെ ആണവായുധങ്ങള്‍ വഹിക്കുന്ന ഉത്തര കൊറിയന്‍ മിസൈലുകള്‍ പതിച്ചേക്കാമെന്നാണ് കണക്കുകൂട്ടല്‍.

ഉത്തര കൊറിയയെ തകര്‍ത്തു തരിപ്പണമാക്കാന്‍ അമേരിക്കക്ക് ശേഷിയുണ്ടെന്ന കാര്യത്തിലും ഒരു തര്‍ക്കവുമില്ല. പക്ഷേ അതിനിടക്ക് അമേരിക്കക്കും കൂട്ടാളികള്‍ക്കും ഒരുപാട് നാശങ്ങളുണ്ടാക്കാന്‍ ഉത്തര കൊറിയക്ക് കഴിയും. ദക്ഷിണ കൊറിയയും ജപ്പാനുമായിരിക്കും അതിന്റെ ആദ്യ ഇരകള്‍. അതുകൊണ്ടാണ് ഇരു പ്രതിയോഗികളും കത്തിക്കയറുന്ന അതേ വേഗതയില്‍ തന്നെ തിരിച്ചിറങ്ങുന്നതും. ട്രംപിന്റെ ഒരു ഭീഷണി ഇങ്ങനെ:

''ഇനിയെങ്ങാനും കിം ഭീഷണിപ്പെടുത്തിയാല്‍... ഗുവാമിലോ അമേരിക്കക്കൊപ്പമുള്ള മറ്റേതെങ്കിലും ഭൂമിയിലോ കിം എന്തെങ്കിലും ചെയ്താല്‍ അയാള്‍ ശരിക്കും ഖേദിക്കും, ഉടനടി ഖേദിക്കും.'' ഗുവാം ആക്രമണ പദ്ധതിയില്‍നിന്ന് കിം പിന്നാക്കം പോയപ്പോള്‍ ട്രംപിന്റെ സ്വരം മാറി. ''വളരെ ബുദ്ധിപൂര്‍വകമായ നിലപാടാണ് കിം സ്വീകരിച്ചത്... അല്ലായിരുന്നെങ്കില്‍ പ്രത്യാഘാതം ദുരന്തപൂര്‍ണമായേനെ.'' ട്രംപിനെ വിഡ്ഢിയെന്ന് പരിഹസിക്കുന്ന അതേ കിം ഏറെ വൈകാതെ സ്വരം മയപ്പെടുത്തുന്നതും നാം കാണുന്നു. മേഖലയെ വിനാശകരമായ ഒരു ആണവ യുദ്ധത്തില്‍നിന്ന് രക്ഷിക്കുന്നതിന് ഇരുവരും പിന്നാമ്പുറ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരവും പുറത്തുവന്നിരിക്കുന്നു.

അതാണ് പറഞ്ഞത്; സത്യത്തിന്റെ നിയമമല്ല, കൈയൂക്കിന്റെ നിയമമാണ് ഫലത്തില്‍ നടപ്പാക്കപ്പെടുന്നത്. കാട്ടിലെ നിയമം എന്നും പറയാറുണ്ട്. അമേരിക്കയുമായുള്ള ഒരു യുദ്ധം തന്റെ ഭരണകൂടത്തിന്റെ അവസാനമായിരിക്കുമെന്ന് കിമ്മിന് നന്നായി അറിയാം. വീണ്ടെടുക്കാനാവാത്ത വിധം ആ നാട് നശിപ്പിക്കപ്പെട്ടെന്നും വരാം. അതേസമയം വെട്ടാന്‍ വരുന്ന ഈ കാട്ടുപോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. അതിനാലാണ്, സൈനികശക്തി പ്രയോഗിച്ചും തന്നെ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ ഹിംസ്ര ജന്തുവിനെതിരെ കിം ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്നത്. ഈ രാഷ്ട്രീയ യഥാര്‍ഥ്യം മനസ്സിലാക്കിതന്നെയാണ് കിമ്മിന്റെ അഛനും വല്യഛനുമൊക്കെ ഉത്തര കൊറിയയെ ആണവായുധങ്ങള്‍ വരെ കൈവശമുള്ള ഒരു സൈനിക ശക്തിയാക്കാന്‍ ഉത്സാഹിച്ചത്. മാത്രവുമല്ല, ദക്ഷിണ കൊറിയയില്‍ ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം അമേരിക്കന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ട്. ഇരു കൊറിയകളുടെയും അതിര്‍ത്തിയിലായി മുപ്പതിനായിരം അമേരിക്കന്‍ സൈനികര്‍ വേറെയും. ഉത്തര കൊറിയയുടെ ആക്രമണ പരിധിയില്‍ വരുന്ന ഗുവാം ദ്വീപില്‍ ഒരു ലക്ഷത്തി എഴുപതിനായിരം അമേരിക്കന്‍ പൗരന്മാരും ആയിരം അമേരിക്കന്‍ സൈനികരുമുണ്ട്. ഇത്രയും പേര്‍ ഉത്തര കൊറിയയുടെ ദയാ ദാക്ഷിണ്യത്തിലാണെന്നു പറയാം. എന്നു മാത്രമല്ല, പരമ്പരാഗത മിസൈലുകള്‍ പ്രയോഗിച്ചാല്‍ തന്നെ ഉത്തര കൊറിയക്ക് ജപ്പാനെയും ദക്ഷിണ കൊറിയയെയും ചുട്ടു ചാമ്പലാക്കാം. ഭൂമിശാസ്ത്രപരമായി ആ രണ്ട് നാടുകളും അത്രയേറെ അടുത്താണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് സംഘര്‍ഷത്തിന് പിരികയറ്റരുതേ എന്ന് നിരന്തരം അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍, ആയിരക്കണക്കിന് പ്രക്ഷോഭകര്‍ 'ട്രംപ് നാവടക്കൂ' എന്ന് മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയതും മറ്റൊന്നുകൊണ്ടുമല്ല.

അമേരിക്ക - ഉത്തര കൊറിയ മുഖാമുഖം ഒരു തുറന്ന യുദ്ധത്തിലെത്താതിരിക്കാനുള്ള ജാഗ്രതയാണ് നാമിവിടെ കാണുന്നത്. 2003-ല്‍ ഇറാഖില്‍ നടന്നത് ഇതുമായി താരതമ്യം ചെയ്തു നോക്കുക. സദ്ദാം 'കൂട്ടനശീകരണായുധങ്ങള്‍' കൈവശം വെച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാഖ് ആക്രമിച്ചത്. സകല അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു കടന്നാക്രമണം. ചോദ്യമിതാണ്: ഇറാഖിന്റെ കൈയില്‍ സത്യമായും 'കൂട്ടനശീകരണായുധങ്ങള്‍' ഉണ്ടായിരുന്നെങ്കില്‍ ആ രാഷ്ട്രത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുമായിരുന്നോ? ബുഷിന്റെ അമേരിക്കയും ടോണി ബ്ലെയറുടെ ബ്രിട്ടനും ഇതിനു വേണ്ടി തെളിവുകള്‍ കെട്ടിച്ചമക്കുകയായിരുന്നു എന്ന സത്യം പുറത്തുവന്ന സ്ഥിതിക്ക്, ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ ഒട്ടും പ്രയാസപ്പെടേണ്ടിവരുന്നില്ല. സദ്ദാമിന്റെ കൈയില്‍ അത്തരം ആയുധങ്ങളുണ്ടെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ആ ആക്രമണത്തിന് അവര്‍ മുതിരില്ലായിരുന്നു. ഉത്തര കൊറിയയുടെ മുമ്പിലെന്ന പോലെ മുട്ടുവിറച്ച് അവര്‍ നില്‍ക്കുമായിരുന്നു.

'അന്താരാഷ്ട്ര നിയമങ്ങള്‍', 'അന്താരാഷ്ട്ര പ്രമേയങ്ങള്‍' ഇതൊക്കെ സൈനികശേഷി കുറഞ്ഞ ദുര്‍ബല രാഷ്ട്രങ്ങള്‍ക്ക് പറഞ്ഞു നടക്കാന്‍ കൊള്ളാം. ഇതൊന്നും ആരെയും രക്ഷിക്കില്ല; ഇറാഖില്‍ നാം കത് പോലെ; ഏഴു പതിറ്റാണ്ടായി ഫലസ്ത്വീനില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതു പോലെ. പേടിപ്പിച്ച് നിര്‍ത്തുക എന്ന രീതിയാണ് ഉത്തര കൊറിയയും പാകിസ്താനുമൊക്കെ സ്വീകരിക്കുന്നത്. ഇതേവഴി തന്നെയാണ് ഇറാനും പോകുന്നത്. എന്നുവെച്ച് ഇവരുമായി ഒരു യുദ്ധ സാധ്യതയും നിലനില്‍ക്കുന്നില്ല എന്നും പറഞ്ഞുകൂടാ. ചില നിയന്ത്രണങ്ങളും പരിധികളും കൊണ്ടുവരാന്‍ ഈ രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ആണവ വന്‍ശക്തികള്‍ തമ്മില്‍ ഒരുതരം ശാക്തിക സന്തുലനമുണ്ടല്ലോ. പരസ്പരമുള്ള പേടിയാണ് അതിന്റെ അടിസ്ഥാനം. അത്രയൊന്നും ശക്തിയില്ലാത്ത ഉത്തര കൊറിയക്കും അത്യാവശ്യം പേടിപ്പിക്കാനാവുന്നുണ്ട്. സ്വന്തമായി ശക്തിയില്ലാത്തവരാണ് മൂന്നാമത്തെ വിഭാഗം. അവരെ സഹായിക്കാനോ പിന്തുണക്കാനോ ആരുമില്ല; അറബികളെപ്പോലെ. അറബികളുടെ ചുമരുകള്‍ക്കാണ് ഉയരം തീരെയില്ലാത്തത്. സകലരും ആ ചുമരുകള്‍ ചാടി അകത്തു കടന്ന് കൊലയും തീവെട്ടിക്കൊള്ളയും മാനഭംഗവും നിര്‍ബാധം നടത്തുന്നു. എല്ലാവരും കയറി നിരങ്ങുന്ന ഈ വീടകങ്ങളില്‍ ശത്രുക്കള്‍ക്ക് പരവതാനി വിരിക്കുന്ന ഒറ്റുകാര്‍ കൂടി ഉണ്ടെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. 

(അല്‍ അറബി അല്‍ ജദീദ് കോളമിസ്റ്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌