Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

സുന്നത്ത്, ഹദീസ് സാങ്കേതിക സംജ്ഞകളുടെ സൂക്ഷ്മ വായനകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

പഠനം-3

ഭാഷാപരമായും പ്രാമാണികമായും വ്യത്യസ്ത അര്‍ഥങ്ങളുള്ള പദങ്ങളാണ് സുന്നത്തും ഹദീസും. എന്നാല്‍, ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ സാങ്കേതിക നിര്‍വചനപ്രകാരം സുന്നത്തും ഹദീസും പര്യായപ്രയോഗങ്ങളാണ്. സാങ്കേതികാര്‍ഥത്തില്‍ ഹദീസും സുന്നത്തും സമാനമാണെന്ന് നിര്‍വചിക്കുന്നത് തെറ്റല്ലെങ്കിലും രണ്ടും ഒന്നുതന്നെയാണെന്ന് വിധിക്കുന്നതില്‍ സൂക്ഷ്മതക്കുറവില്ലേ എന്നതാണ് ഇവിടത്തെ ആലോചനാ വിഷയം. മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഇസ്‌ലാമിക നിയമപ്രാബല്യം(അല്‍ഹുക്മുശര്‍ഈ) ഉള്ള വാക്കുകളും കര്‍മങ്ങളും അംഗീകാരങ്ങളുമാണ് സുന്നത്തെന്ന് നേരത്തെ പറഞ്ഞു. ഇത് ഖുര്‍ആനിന്റെ പ്രഥമ പ്രായോഗിക വിശദീകരണവും ഇസ്‌ലാമിന്റെ രണ്ടാം പ്രമാണവുമാണ്. എന്നാല്‍, ഈ സുന്നത്തും, നബിയുടെ എല്ലാ സംസാരവും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളും ശരീര വര്‍ണനകളും സ്വഭാവ വിശേഷണങ്ങളും പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള നബിചരിത്രവും അന്നത്തെ ആചാര സമ്പ്രദായങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഹദീസും ഒന്നാണെന്ന് പറയുമ്പോള്‍, ദീനിന്റെ രണ്ടാം പ്രമാണം എന്ന തലത്തില്‍ മുസ്‌ലിം സമൂഹം അടിസ്ഥാനമായി സ്വീകരിക്കേണ്ട നബിചര്യ എന്ന് 'ഹദീസി'ന് അര്‍ഥം കൈവരുന്നു. നബിവചനങ്ങള്‍ (അല്‍ഹദീസുന്നബവി) എന്ന തലത്തില്‍നിന്ന്, ദൈവദൂതന്റെ ജീവിതമാതൃക (ഉസ്‌വത്തുര്‍റസൂല്‍), നബിചര്യ (സുന്നത്തുന്നബി) എന്ന ആശയതലത്തിലേക്ക് ഹദീസിനെ വിപുലപ്പെടുത്തുന്നതാണ് സാങ്കേതിക നിര്‍വചനം വഴി നല്‍കുന്ന സമീകരണം. ഹദീസ് വായനയിലെ അബദ്ധധാരണകള്‍ക്കും 'സുന്നത്ത്' പിന്തുടരുന്നതിലെ അതിവാദങ്ങള്‍ക്കും ഈ സമീകരണം പ്രധാന നിമിത്തമല്ലേ എന്നത് പരിശോധിക്കേണ്ടതാണ്. സുന്നത്തും ഹദീസും തമ്മിലുള്ള അടുപ്പവും അന്തരവും ഭാഷാപരവും പ്രാമാണികവും പ്രായോഗികവുമായി പരിശോധിക്കുകയാണ് ഈ പ്രബന്ധത്തില്‍.

 

ഹദീസിന്റെ അര്‍ഥവും നിര്‍വചനവും

അറബി ഭാഷയിലെ മനോഹര പദങ്ങളിലൊന്നാണ് ഹദീസ്. നൂതനം, സംസാരം എന്നിവയാണ് ഹദീസിന്റെ ഭാഷാര്‍ഥങ്ങള്‍. പുതിയത് എന്ന അര്‍ഥത്തില്‍ പഴയതിന്റെ (ഖദീം) വിപരീതമായി 'ഹദീസ്' ഉപയോഗിക്കാറുണ്ട്. 'അല്‍ അസ്വ്‌റുല്‍ ഹദീസ്' - പുതിയ കാലം, ആധുനിക യുഗം- എന്ന പ്രയോഗം ഉദാഹരണം. വര്‍ത്തമാനം, വാര്‍ത്ത, സംഭവം എന്നിവയാണ് ഹദീസിന്റെ പ്രചുരാര്‍ഥങ്ങള്‍. ഓരോ സംസാരവും 'പുതുതായി' സംഭവിക്കുന്നതാണ് എന്നതത്രെ മൂലാര്‍ഥവുമായി പ്രചുരാര്‍ഥത്തിനുള്ള ബന്ധം. 'ഹദസ'- സംഭവിച്ചു, ഇളം പ്രായമായി / 'ഹദ്ദസ' -വാര്‍ത്ത ഉദ്ധരിച്ചു / 'ഹാദസ'- സംഭാഷണം നടത്തി എന്നൊക്കെ ഭാഷയില്‍ പ്രയോഗങ്ങളുണ്ട്.1

ഭാഷാപരമായ ഇതേ അര്‍ഥങ്ങളിലും അല്ലാഹുവിന്റെ വചനം / ഖുര്‍ആന്‍ എന്നീ ആശയങ്ങളിലുമാണ് ഖുര്‍ആനില്‍ 'ഹദീസ്' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ 23 ഇടങ്ങളില്‍ 'ഹദീസ്' ഉപയോഗിച്ചതില്‍ 'സംസാരം, വാര്‍ത്ത' എന്നീ അര്‍ഥങ്ങളാണ് കൂടുതലുള്ളത്. ചില ഉദാഹരണങ്ങള്‍ കാണുക. ഒന്ന്: 'അല്ലാഹുവല്ലാതെ ദൈവമില്ല, അന്ത്യനാളില്‍ അവന്‍ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കൂട്ടുന്നതാകുന്നു. അത് സംഭവിക്കുമെന്നതില്‍ സന്ദേഹമേയില്ല. അല്ലാഹുവിലുപരി സത്യം പറയുന്നവന്‍ മറ്റാരുണ്ട്' -വമന്‍ അസ്വ്ദഖു മിനല്ലാഹി ഹദീസാ.2 രണ്ട്: 'പ്രവാചകാ, ജനങ്ങള്‍ നമ്മുടെ സൂക്തങ്ങളെ വിമര്‍ശിച്ചു സംസാരിക്കുന്നതു കണ്ടാല്‍, അവര്‍ ആ സംസാരമുപേക്ഷിച്ചു മറ്റു വര്‍ത്തമാനങ്ങളില്‍ (ഹദീസ്) ഏര്‍പ്പെടുന്നതുവരെ നീ അവരില്‍നിന്ന് അകന്ന് പോവുക'.3 മൂന്ന്: സര്‍വത്തെയും മൂടുന്ന ആ വിനാശത്തിന്റെ വാര്‍ത്ത (ഹദീസ്) നിനക്ക് ലഭിച്ചുവോ?'4 നാല്: 'ഇവയൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു. നാം അത് നിനക്ക് യാഥാവിധം വിവരിച്ചു തരുന്നു. അല്ലാഹുവിനും അവന്റെ ആയത്തുകള്‍ക്കും ശേഷം മറ്റെന്തു വചനത്തിലാണ് (ഹദീസ്) ഈ ജനം വിശ്വസിക്കുന്നത്?'5 അല്ലാഹുവിന്റെ വചനം, ഖുര്‍ആന്‍ എന്നീ അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ 'ഹദീസ്' എന്ന പദം പ്രയോഗിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. 'സമുല്‍കൃഷ്ടമായ വചനങ്ങളത്രെ (അല്‍ഹദീസ്) അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ വേദം.'6  ഇവിടെ 'അല്‍ഹദീസ്' എന്നാല്‍ ഖുര്‍ആനാണ്. ഇതേ ആശയത്തില്‍ വേറെയും ഇടങ്ങളില്‍ 'അല്‍ഹദീസ്' ഖുര്‍ആനില്‍ വന്നിട്ടുണ്ട്.7 അടിസ്ഥാന ഭാഷാര്‍ഥത്തെ, സന്ദര്‍ഭാനുസാരം സംഗതി, കാര്യം എന്നൊക്കെ മലയാളത്തില്‍ ആശയ വിവര്‍ത്തനം ചെയ്യാറുണ്ട്.8 ചര്യ, മാതൃക, നടപടിക്രമം എന്നീ അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ ഒരിടത്തും 'ഹദീസ്' എന്ന പദം ഉപയോഗിച്ചിട്ടില്ല. നബിയുടെ സംസാരം, പ്രവാചകചര്യ എന്നീ അര്‍ഥങ്ങളിലോ, സാങ്കേതിക നിര്‍വചന പ്രകാരമുള്ള ആശയത്തിലോ ഖുര്‍ആനില്‍ 'ഹദീസ്' വന്നിട്ടില്ല. സുന്നത്ത് നിഷേധികള്‍ തെളിവുദ്ധരിക്കാറുള്ള ചില ആയത്തുകളുണ്ട്. 'ഈ ഖുര്‍ആനു ശേഷം വേറെ ഏതു വചനത്തിലാണ് (ഹദീസ്) അവര്‍ വിശ്വസിക്കുന്നത്?'9 എന്നത് ഉദാഹരണം. ഇവിടെ നബിചര്യ എന്ന അര്‍ഥമേ ഹദീസിന് ഇല്ല. വചനം, വര്‍ത്തമാനം എന്നൊക്കെയാണ് ഹദീസ് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. 

നബി വചനങ്ങളില്‍ 'ഹദീസ്' എന്ന പദം ഉപയോഗിച്ചിട്ടുള്ളതും ഖുര്‍ആനില്‍ വന്നിട്ടുള്ളതുപോലെ ഭാഷാര്‍ഥത്തില്‍ തന്നെയാണ്. നബി പറഞ്ഞു: 'കളവാണെന്ന് അറിഞ്ഞുകൊണ്ട് എന്റെ പേരില്‍ ഒരു വചനം (ഹദീസ്) ആരെങ്കിലും ഉദ്ധരിച്ചാല്‍ അവനും കള്ളവാദികളില്‍ പെട്ടവന്‍തന്നെ.'10 ചര്യ, മാതൃക എന്ന അര്‍ഥത്തില്‍ മുഹമ്മദ് നബിയും 'ഹദീസ്' എന്ന പദം ഉപയോഗിച്ചിട്ടില്ല.

ഇസ്‌ലാമിക നിദാനശാസ്ത്ര പണ്ഡിതന്മാര്‍ (ഉസ്വൂലിയ്യൂന്‍) 'ഹദീസി'നു നല്‍കിയിട്ടുള്ള സാങ്കേതിക നിര്‍വചനം ഈ ഭാഷാര്‍ഥത്തില്‍നിന്ന് വ്യത്യസ്തവും വിപുലവുമാണ്. 'മുഹമ്മദ് നബിയിലേക്ക് ചേര്‍ക്കപ്പെട്ട സംസാരം, കര്‍മം, അംഗീകാരം, സ്വഭാവപരമോ ശാരീരികമോ ആയ ഗുണവിശേഷങ്ങള്‍, പ്രവാചകത്വത്തിനു മുമ്പോ, ശേഷമോ ഉള്ള നബിയുടെ ജീവചരിത്രം (സീറത്ത്)'-ഇതാണ് സാങ്കേതിക നിര്‍വചനപ്രകാരം (ഇസ്വ്ത്വിലാഹ്) ഹദീസ്. പൊതുവില്‍ അംഗീകരിക്കപ്പെട്ട നിര്‍വചനമാണിത്. ഈ നിര്‍വചന  പ്രകാരമുള്ള 'ഹദീസി'ന്റെ വിശദാംശങ്ങള്‍ പരിശോധിക്കുക. മുഹമ്മദ് നബിയുടെ വാക്കുകളും കര്‍മങ്ങളും മൗനസമ്മതങ്ങളും തദ്‌രൂപത്തില്‍തന്നെ നിവേദനം ചെയ്യപ്പെട്ടതിനാണ് നിദാനശാസ്ത്രകാരന്മാര്‍ (ഉലമാഉല്‍ ഉസ്വൂല്‍)  ഹദീസ്  എന്ന്പറയുന്നത്. നബിയുടെ ശരീരവര്‍ണനകളും വിശേഷണങ്ങളും, പ്രവാചകത്വത്തിനു മുമ്പും ശേഷവുമുള്ള ചരിത്രവും (സീറത്ത്) ഈ നിര്‍വചനപ്രകാരം  ഹദീസ് തന്നെ. സാങ്കേതിക നിര്‍വചനത്തിലെ 'നബിയുടെ സംസാരം' എന്ന ഒന്നു മാത്രമാണ് ഭാഷാപരമായി സാധുവാകുന്നത്. 'കര്‍മവും അംഗീകാരവും' ഭാഷാര്‍ഥത്തിനു പുറത്തുള്ളതും സാങ്കേതിക നിര്‍വചനത്തിലേക്ക് കൂട്ടിച്ചേര്‍ത്തവയുമാണ്.

നബിയുടെ സംസാരം, പ്രസ്താവന, പ്രസംഗം, ഉപദേശ നിര്‍ദ്ദേശങ്ങള്‍, പ്രവചനം, താക്കീത്, സംഭവ വിവരണം, ആജ്ഞാ-നിരോധം തുടങ്ങി നാവുകൊണ്ട് മൊഴിഞ്ഞതെല്ലാം നബിവചനങ്ങളില്‍ (അഖ്‌വാലുന്നബി) ഉള്‍പ്പെടുന്നു. ഇതാണ് ഹദീസിന്റെ ഒരു ഭാഗം. നബിയുടെ ദൈനംദിന ജീവിത വ്യവഹാരങ്ങള്‍, യാത്രാ വിവരണങ്ങള്‍, സാമ്പത്തിക ഇടപാട്, ആരാധന-അനുഷ്ടാനങ്ങള്‍, സേവനപ്രവര്‍ത്തനം, പ്രബോധനം, വിവാഹം, കുടുംബ ജീവിതം, പരസ്പര ബന്ധം, നടപ്പാക്കിയ ശിക്ഷകള്‍, യുദ്ധം, സന്ധി സംഭാഷണങ്ങള്‍ തുടങ്ങി നബി ജീവിതത്തിലെ എല്ലാതരം പ്രവര്‍ത്തനങ്ങളുമാണ് (അഫ്ആലുന്നബി) കര്‍മങ്ങളുടെ പരിധിയില്‍ വരുന്നത്. നബി ഇങ്ങനെയൊക്കെ ചെയ്തതായി അനുചരന്മാര്‍ പറയുകയാണ് ചെയ്തിട്ടുള്ളത്. ഇവിടെ പ്രവര്‍ത്തനം നബിയുടേതും അവ വിവരിക്കുന്ന വാചകങ്ങള്‍/ സംസാരം അനുചരന്മാരുടേതുമായിരിക്കും. മൂന്നാമത്തേത് അംഗീകാരമാണ്. നബിയുടെ സന്നിധിയില്‍ ആരെങ്കിലും കര്‍മം ചെയ്യുകയോ, ഒരു സംഭവമോ വിഷയമോ ഉദ്ധരിക്കുകയോ ചെയ്തു. ഇതിനെകുറിച്ച് നബി മൗനം ദീക്ഷിക്കുകയോ, സമ്മതമോ സംതൃപ്തിയോ പ്രകടിപ്പിക്കുകയോ ചെയ്താല്‍ അത് 'നബിയുടെ അംഗീകാരം' (തഖ്‌രീറുന്നബി) ആയി പരിഗണിക്കുന്നു. നബിയും ഖാലിദുബ്‌നു വലീദും ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഖാലിദ് ഉടുമ്പിന്റെ മാംസം കഴിച്ചു, നബി ഭക്ഷിച്ചില്ല. ഖാലിദിനെ പക്ഷേ, നബി വിലക്കുകയുണ്ടായില്ല. നബിയുടെ ഈ മൗനാനുവാദം ഉടുമ്പ് മാംസം ദീനില്‍ അനുവദനീയമാണ് (ഹലാല്‍) എന്നതിനെ കുറിക്കുന്നു.11 നബിയുടെ ഈ സമ്മതത്തിന്റെ  നിയമപരതയില്‍ സംശയമൊന്നുമില്ല. പക്ഷേ, ഇത്തരം ഹദീസുകളില്‍ പ്രവര്‍ത്തനവും അത് നിവേദനം ചെയ്യുന്ന വാചകവും സ്വഹാബികളുടേതായിരിക്കും, നബിയുടേതായിരിക്കില്ല. സമ്മതം നല്‍കിയതിലൂടെ നബിയുടെ സംസാരത്തിന്റെയോ, പ്രവര്‍ത്തനത്തിന്റേയോ പദവി അതിന് ആശയപരമായി കൈവരികയാണ് ചെയ്യുന്നത്.  ഇതും ഹദീസ് തന്നെ.

നബിയുടെ സ്വഭാവ വിശേഷങ്ങളും ശരീര വര്‍ണനകളുമാണല്ലോ 'ഹദീസി'ന്റെ മറ്റൊരിനം. അനസുബ്‌നു മാലിക് പറയുന്നു: നബി ജനങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ളവനായിരുന്നു. നബിയുടെ കൈകളില്‍ മാര്‍ദവമുള്ള പട്ടോ, പട്ടു ചേര്‍ത്തു നെയ്ത വസ്ത്രമോ ഞാന്‍ തൊട്ടിട്ടില്ല. നബിയുടെ ഗന്ധത്തെക്കാള്‍ നല്ല മറ്റൊരു സുഗന്ധവും ഞാന്‍ ആസ്വദിച്ചിട്ടില്ല. പത്തുവര്‍ഷത്തോളം നബിക്ക് ഞാന്‍ സേവനം ചെയ്തു. ഈ കാലത്തിനിടയില്‍ ഒരിക്കല്‍പോലും നബി എന്നോട് ഛെ എന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് എന്തിനിത് ചെയ്തുവെന്നോ, ചെയ്യാത്തതിനെകുറിച്ച് അത് ചെയ്യാമായിരുന്നില്ലേ  എന്നോ നബി പറയുകയുണ്ടായില്ല'.12 ഇതിലെ സ്വഭാവ വിശേഷങ്ങള്‍ മാത്രമല്ല, ശരീര വര്‍ണനകളും ഹദീസാണ്.

സുന്നത്തിന്റെ അര്‍ഥവും നിര്‍വചനവും

നടപടിക്രമം, ചര്യ, വഴി, മാതൃക, അനുഷ്ടാനക്രമം എന്നൊക്കെയാണ് സുന്നത്തിന്റെ ഭാഷാര്‍ഥം. ചര്യ പിന്തുടര്‍ന്നു, നടപടിക്രമം പിന്‍പറ്റി, വഴിതുടര്‍ന്നു എന്നൊക്കെ ഭൂതകാലത്തില്‍ (സന്ന) പ്രയോഗിക്കാറുണ്ട്. നിര്‍ണിതമായ ഒരു പ്രദേശത്തേയോ, ജനവിഭാഗത്തിലേയോ ആളുകള്‍ പിന്തുടരുന്ന വ്യവഹാര രീതിയും  ഭാഷയില്‍ 'സുന്നത്താ'ണ്. ഒരു കര്‍മരീതി (സീറത്ത്) നല്ലതോ, ചീത്തയോ ആണെങ്കിലും ഭാഷയില്‍ 'സുന്നത്തെ'ന്നു പറയും.13 ഇതേ ഭാഷാര്‍ഥങ്ങളില്‍  'സുന്നത്ത്' എന്ന പദം ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന്: 'പ്രവാചകരേ, നിഷേധികളോട് പറയുക; ഇപ്പോഴെങ്കിലും വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതെല്ലാം അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാകുന്നു. പക്ഷേ, പൂര്‍വ നിലപാടിലേക്ക് തന്നെ മടങ്ങുകയാണെങ്കിലോ, പൂര്‍വിക സമുദായങ്ങളുടെ നടപടി ക്രമങ്ങള്‍ (സുന്നത്തുല്‍ അവ്വലീന്‍) കഴിഞ്ഞുപോയിട്ടുണ്ടല്ലോ'.14 രണ്ട്: 'പണ്ടുമുതലേ ഈ സ്വഭാവമുള്ളവര്‍ ഇതേ സമ്പ്രദായം (സുന്നത്ത്) തന്നെയാണ് തുടര്‍ന്നുവന്നിട്ടുള്ളത്.15 മൂന്ന്: 'അല്ലാഹുവിന്റെ ദാസന്മാരില്‍ എക്കാലത്തും നടപ്പിലായിട്ടുള്ള 'സുനിശ്ചിത നിയമം' (സുന്നത്തുല്ലാഹ്) ആണത്'.16 നടപടിക്രമം, കര്‍മ മാതൃക, ചര്യ എന്നീ അര്‍ഥങ്ങളിലാണ് ഇവിടെയെല്ലാം ഖുര്‍ആന്‍ സുന്നത്ത് ഉപയോഗിച്ചിരിക്കുന്നത്.

നബിവചനങ്ങളില്‍ ഇതേ ഭാഷാര്‍ഥത്തില്‍ തന്നെ 'സുന്നത്ത്' ഉപയോഗിച്ചത് കാണാം. നബി പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമില്‍ ഒരു നല്ല ചര്യ/ മാതൃക കാണിച്ചാല്‍ (സന്ന സുന്നത്തന്‍ ഹസനതന്‍) അവന് അതിന്റെ പ്രതിഫലവും, അവന്റെ കാലശേഷം അത് പിന്തുടരുന്നവരുടെ പ്രതിഫലവും ലഭിക്കുന്നതായിരിക്കും....ഇസ്‌ലാമില്‍ ആരെങ്കിലും മോശമായ ഒരു മാതൃക/ ചര്യ കാണിച്ചാല്‍ (മന്‍ സന്ന ഫില്‍ ഇസ്‌ലാമി  സുന്നത്തന്‍ സയ്യിഅ) അവന് അതിന്റെ പാപഭാരവും അത് പിന്നീട് ചെയ്യുന്നവരുടെ പാപഭാരവും ഉണ്ടാകും.'17  നല്ല മാതൃകക്കും ചീത്ത ചര്യക്കും ഭാഷയില്‍ സുന്നത്തെന്ന് പറയുമെന്നതിന്റെ തെളിവാണ് ഈ ഹദീസ്.

'മുഹമ്മദ് നബിയുടെ ചര്യ'യാണ് ഹദീസ് നിദാന ശാസ്ത്രകാരന്മാരുടെ (ഉസ്വൂലിയ്യൂന്‍, ഉലമാഉല്‍ ഹദീസ്) സാങ്കേതിക (ഇസ്വ്ത്വിലാഹ്) ഭാഷയില്‍ സുന്നത്ത്.18 നബിയുടെ വാക്ക്, കര്‍മം, സമ്മതം ശരീര-സ്വഭാവ ഗുണവിശേഷങ്ങള്‍, സന്മാര്‍ഗദര്‍ശിയായ നേതാവെന്ന നിലയില്‍ നബി കാണിച്ച വഴികള്‍, മാതൃകകള്‍, ചരിത്രം തുടങ്ങിയവയെല്ലാം അതിലുള്‍പ്പെടുന്നു. തദടിസ്ഥാനത്തില്‍ നബിയുടെ ചരിത്രവും (സീറത്ത്), സ്വഭാവം, വിശേഷണങ്ങള്‍ (ശമാഇല്‍), വാര്‍ത്തകള്‍, നബിയുടെ വര്‍ത്തമാനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ശര്‍ഈ വിധികള്‍ക്ക് ആധാരമായവയും അല്ലാത്തവയുമെല്ലാം അവര്‍ 'സുന്നത്തായി' ഉദ്ധരിക്കുകയും ചെയ്തു.19

എന്നാല്‍, കര്‍മശാസ്ത്ര വിശാദരന്മാര്‍ (ഉലമാഉ ഉസ്വൂലില്‍ ഫിഖ്ഹ്) സുന്നത്തിന് നല്‍കുന്ന നിര്‍വചനം അര്‍ഥവത്താണ്. 'ശര്‍ഈ നിയമവിധികള്‍ക്ക് ആധാരമായി വര്‍ത്തിക്കുന്ന നബിയുടെ വാക്കുകളും കര്‍മങ്ങളും അംഗീകാരങ്ങളുമാണ് സുന്നത്ത്'.20  ഈയര്‍ഥത്തിലുള്ള സുന്നത്ത് ഖുര്‍ആനിന്റെ പ്രഥമ വിശദീകരണവും ശരീഅത്തിന്റെ രണ്ടാം നിയമ സ്രോതസ്സുമാണെന്നതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്. ദൈവദൂതനെന്ന നിലയില്‍   മുഹമ്മദ് നബിയില്‍നിന്ന് സത്യവിശ്വാസികള്‍ പിന്തുടരേണ്ട ജീവിത മാതൃകയാണ് സുന്നത്ത്. ഈ നിര്‍വചന പ്രകാരം, പ്രവാചകന്റെ ദീനീനിയമ മാനങ്ങളുള്ള വര്‍ത്തമാനവും പ്രവര്‍ത്തനങ്ങളും അംഗീകാരവും സ്വാഭാവികമായും സുന്നത്തില്‍ ഉള്‍പ്പെടുന്നു. കാരണം, ഒരാളുടെ വാക്കും കര്‍മവും അംഗീകാരവുമെല്ലാം ചേര്‍ന്നതാണല്ലോ അയാളുടെ ജീവിത മാതൃക. ഈ നിര്‍വചന പ്രകാരം ദീനീതലത്തില്‍ നിയമപരതയില്ലാത്തതും ജൈവമനുഷ്യന്‍ എന്ന അര്‍ഥത്തിലുള്ളതും ആചാര സമ്പ്രദായപരവുമായ മുഹമ്മദ് നബിയുടെ വര്‍ത്തമാനങ്ങളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ പിന്തുടരേണ്ട ജീവിത മാതൃകയില്‍നിന്ന് പുറത്തുപോവുകയും ചെയ്യുന്നു.

'സുന്നത്തി'ന്റെ ഭാഷാപരമായ അര്‍ഥത്തോടും ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള പ്രയോഗങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നതാണ് കര്‍മശാസ്ത്ര വിശാരദന്മാര്‍ നല്‍കുന്ന 'സുന്നത്തി'ന്റെ സാങ്കേതിക നിര്‍വചനം എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. ഹദീസിന്റെ സാങ്കേതിക നിര്‍വചനത്തില്‍ ഒന്നുമാത്രമേ അതിന്റെ ഭാഷാര്‍ഥത്തോട് യോജിക്കുന്നുള്ളൂ എന്നതും സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടതുണ്ട്. നടപടിക്രമം, ചര്യ, കര്‍മമാതൃക തുടങ്ങിയ അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ 'സുന്നത്ത്' എന്നപദം ഉപയോഗിച്ചതിന്റെ ചില ഉദാഹരണങ്ങള്‍ കാണുക. ഒന്ന്: 'ഇത് അല്ലാഹുവിന്റെ നടപടിക്രമം (സുന്നത്ത്) ആകുന്നു. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ (സുന്നത്ത്) ഒരു മാറ്റവും നീ കാണുന്നതല്ല'.21 രണ്ട്: 'നിങ്ങള്‍ക്കുമുമ്പ് ഏറെ മാതൃകകള്‍ (സുന്നത്ത്)22 കഴിഞ്ഞുപോയിട്ടുണ്ട്. ഭൂമിയില്‍ സഞ്ചരിച്ച് നോക്കിക്കാണുവീന്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ നിഷേധിച്ച ജനതകളുടെ  പരിണതി എന്തായിരുന്നു'.23 മൂന്ന്: 'അല്ലാഹുവിന്റെ ദാസന്മാരില്‍ എക്കാലത്തും നടപ്പിലായിക്കൊണ്ടിരിക്കുന്ന സുനിശ്ചിത നിയമം(സുന്നത്ത്) ആണത്'.24

 'മുഹമ്മദ് നബിയുടെചര്യ' എന്ന സാങ്കേതിക നിര്‍വചനപ്രകാരമുള്ള പ്രയോഗമായി 'സുന്നത്ത്' ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടില്ല. 'സുന്നത്തുന്നബി' എന്നോ 'സുന്നത്തുര്‍റസൂല്‍' എന്നോ നേരിട്ട് ഖുര്‍ആനില്‍ വന്നിട്ടില്ല.

അതേസമയം പ്രവാചകന്മാരിലേക്ക് പൊതുവായി ചേര്‍ത്തുകൊണ്ട് 'സുന്നത്ത്' ഖുര്‍ആന്‍ പ്രയോഗിച്ചതുകാണാം. 'താങ്കള്‍ക്കു മുമ്പ് നാം അയച്ചിട്ടുള്ള സകല പ്രവാചകന്മാരുടെ കാര്യത്തിലും അനുവര്‍ത്തിച്ചുപോന്നിട്ടുള്ള നടപടിക്രമം (സുന്നത്ത്) ആണിത്. നമ്മുടെ നടപടിയില്‍ യാതൊരു മാറ്റവും വരുത്തുന്നതല്ല.25 പ്രവാചകന്മാരുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ നടപടിക്രമം എന്ന അര്‍ഥത്തിലാണ് ഇവിടെ 'സുന്നത്ത്' വന്നിട്ടുള്ളത്.

ഭാഷാപരമായി ഖുര്‍ആനിലെയും സാങ്കേതിക നിര്‍വചനത്തിലേയും 'സുന്നത്ത്' പരസ്പരം യോജിക്കുന്നു. എന്നാല്‍, ഹദീസില്‍ സുന്നത്ത് ഉപയോഗിച്ചിട്ടുള്ളത് സാങ്കേതിക നിര്‍വചനത്തിലെ സുന്നത്തിന്റെ ആശയ വൈപുല്യത്തോടെത്തന്നെയാണ്. 'നബിചര്യ'യെ കുറിക്കാന്‍ നബിയും സ്വഹാബികളും ഉപയോഗിച്ചിരുന്നത് 'സുന്നത്ത്' എന്ന പദമാണ്, 'ഹദീസ്' അല്ല. നബി(സ) പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ വിട്ടുതന്നിരിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും(സുന്നത്ത്), ഇവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി തെറ്റുകയില്ല'.26 മറ്റൊരു നബി വചനം ഇങ്ങനെയാണ്: 'നിങ്ങള്‍ എന്റെ ചര്യ (സുന്നത്ത്) മുറുകെ പിടിക്കുക. സച്ചരിതരായ എന്റെ ഖലീഫമാരുടെ മാതൃകയും'.27 നബിചര്യയെ തള്ളിപ്പറയുന്നതിനെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: 'എന്റെ ചര്യയെ (സുന്നത്ത്) വെറുത്തവന്‍ എന്റെ അനുയായി അല്ല'.28 അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്ത ഒരു സംഭവമുണ്ട്; രണ്ടു സ്വഹാബികള്‍ യാത്രപോയി, അവരുടെ കൈയില്‍ വെള്ളമുണ്ടായിരുന്നില്ല. നമസ്‌കാര സമയമായപ്പോള്‍ മണ്ണ് ഉപയോഗിച്ച് തയമ്മും ചെയ്ത് നമസ്‌കരിച്ചു. പിന്നീട്, സമയം അവസാനിക്കും മുമ്പേ, വെള്ളം ലഭിച്ചപ്പോള്‍ ഒരാള്‍ വുദു ചെയ്ത് വീണ്ടും നമസ്‌കരിച്ചു, മറ്റേയാള്‍ നമസ്‌കരിച്ചില്ല. തിരിച്ചുവന്നപ്പോള്‍ നബിയോട് വിഷയം പറഞ്ഞു. രണ്ടാമത് നമസ്‌കരിക്കാതിരുന്ന സ്വഹാബിയോട് നബി പറഞ്ഞത്; 'നിനക്ക് സുന്നത്ത് ലഭിച്ചു' -അസ്വബ്ത്തസ്സുന്ന-എന്നാണ്. നമസ്‌കാരം ആവര്‍ത്തിച്ചവനോട് 'നിനക്ക് രണ്ട് പ്രതിഫലമുണ്ടെന്നും' പറഞ്ഞു.29 തന്റെ മാതൃകയെ കുറിക്കാന്‍ നബി സ്വയം ഉപയോഗിച്ചത് 'സുന്നത്ത്' എന്ന പദമാണെന്ന് സാരം. ഹദീസിലെ 'സുന്നത്തും' സാങ്കേതിക നിര്‍വചനത്തിലെ സുന്നത്തും പരസ്പരം യോജിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. നബിചര്യയെ കുറിക്കാന്‍ സ്വഹാബികള്‍ ഉപയോഗിച്ചതും 'സുന്നത്തു' തന്നെ. മുആദുബ്‌നു ജബലിനെ നബി യമനിലെ ഗവര്‍ണറായി നിയമിച്ചപ്പോള്‍ പ്രശ്‌നങ്ങളില്‍ എങ്ങനെ തീര്‍പ്പു കല്‍പിക്കുമെന്ന് ചോദിക്കുകയുണ്ടായി. 'ഖുര്‍ആന്‍ അനുസരിച്ച് വിധികല്‍പിക്കും' എന്നായിരുന്നു ഒന്നാമത്തെ മറുപടി. ഖുര്‍ആനില്‍ ഇല്ലെങ്കിലോ? 'അല്ലാഹുവിന്റെ ദൂതന്റെ 'സുന്നത്ത്' അനുസരിച്ച് തീര്‍പ്പ് കല്‍പിക്കും' എന്നായിരുന്നു പ്രതികരണം.30 ഇവിടെ അദ്ദേഹം ഉപയോഗിച്ചത് ഹദീസ് അല്ല, സുന്നത്ത് ആണ്. നബിയുടെ മരണശേഷം, ആദ്യകാലഘട്ടത്തില്‍ നബിചര്യയെ കുറിക്കാന്‍ 'സുന്നത്ത്' തന്നെയാണ് ഉപയോഗിച്ചിരുന്നത്. മദ്യപാനിയെ 40 അടി നല്‍കി ശിക്ഷിച്ചപ്പോള്‍ അബ്ദുല്ലാഹിബ്‌നു ജഅ്ഫറിനോട് അലിയ്യുബ്‌നു അബീത്വാലിബ് പറഞ്ഞത് ഇപ്രകാരമാണ്: '40 അടി മതി, നബി 40 ആണ് അടിച്ചത്, അബൂബക്കറും. എന്നാല്‍, ഉമര്‍ (റ) 80 അടിച്ചിരുന്നു, രണ്ടും 'സുന്നത്തു' തന്നെ.'31

 

സാങ്കേതിക സംജ്ഞകള്‍ താരതമ്യം ചെയ്യുമ്പോള്‍

ഹദീസും സുന്നത്തും സാങ്കേതികാര്‍ഥത്തില്‍ ഒന്നുതന്നെയാണെന്ന് പറയുമ്പോഴും ഭാഷാപരമായും പ്രാമാണികമായും രണ്ടും തമ്മില്‍ അന്തരമുണ്ടെന്ന് ഇതുവരെയുള്ള വിവരണത്തില്‍ നിന്ന് ബോധ്യമാകുന്നു. നബിയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട സംസാരം, പ്രവര്‍ത്തനം, അംഗീകാരം, സ്വഭാവ വിശേഷങ്ങള്‍, ശരീര വര്‍ണനകള്‍, പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള ചരിത്രം (സീറത്ത്) -ഇതാണ് സുന്നത്തിനും ഹദീസിനും ഒരേപോലെ നല്‍കപ്പെട്ട സാങ്കേതിക നിര്‍വചനം. ഈ നിര്‍വചനം ഒന്നാണ് എന്നത്രെ, രണ്ടും പര്യായ പദങ്ങളാണ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഹദീസ് വിശാരദന്മാരുടെ വിശദീകരണമാണിത്. ഇതിനപ്പുറം, പല തലങ്ങളിലും ഹദീസും സുന്നത്തും തമ്മില്‍ വ്യത്യാസപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. കര്‍മശാസ്ത്ര വിശാദരന്മാരുടെ (ഉലമാഉ ഉസ്വൂലില്‍ ഫിഖ്ഹ്) നിര്‍വചനം ഏറെ സാരവത്താണ്. ഉസ്വൂലുല്‍ ഫിഖ്ഹിലെ പണ്ഡിതന്മാര്‍ പറയുന്നതുപ്രകാരം, 'ഖുര്‍ആന്‍ ഒഴികെയുള്ളതും ദീനീനിയമവിധികള്‍ക്ക് ആധാരമാക്കാവുന്നതുമായ നബിയുടെ വാക്കുകളും കര്‍മങ്ങളും അംഗീകാരങ്ങളുമാണ് സുന്നത്ത്'. ഈ നിര്‍വചന പ്രകാരം, ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്ന, ദീനീനിയമങ്ങള്‍ക്ക് ആധാരമല്ലാത്ത, 'ഹദീസുകള്‍' സുന്നത്തിന്റെ വൃത്തത്തില്‍നിന്ന് പുറത്തുപോകുന്നു. അതായത് അറേബ്യന്‍ ആചാര സമ്പ്രദായങ്ങള്‍ (ആദത്ത്, ഉര്‍ഫ്), പ്രവാചകത്വത്തിന് മുമ്പുള്ള ചരിത്രം, പ്രവാചകത്വത്തിന് ശേഷമുള്ള കേവല ചരിത്രപരമായ സംഭവ വിവരണങ്ങള്‍ (സീറത്ത്), ജൈവമനുഷ്യന്‍ എന്ന നിലക്കുള്ള നബിയുടെ വ്യക്തിപരമായ നടപടിക്രമങ്ങള്‍, ശരീര വര്‍ണനകള്‍ തുടങ്ങിയവ വിവരിക്കുന്ന ഹദീസുകള്‍ക്കൊന്നും ശര്‍ഈ നിയമത്തിന്റെ പദവിയില്ലല്ലോ. അതുകൊണ്ട്, ഇത്തരം ഹദീസുകളൊന്നും സുന്നത്താകുന്നില്ല എന്നര്‍ഥം. ഈ വസ്തുതകളെല്ലാം മുന്‍നിറുത്തി ചിന്തിച്ചാല്‍, ഉസ്വൂലുല്‍ ഫിഖ്ഹിലെ നിര്‍വചനം സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിക സമൂഹം എല്ലാ കാലത്തും ദേശത്തും പിന്തുടരേണ്ട നബിചര്യയെ കുറിക്കാന്‍ ആശയപരമായി കൂടുതല്‍ യോജിക്കുന്നപദം സുന്നത്താണ്, ഹദീസല്ല. ഹദീസ് നിദാന ശാസ്ത്രകാരന്മാരും കര്‍മശാസ്ത്ര വിശാദരന്മാരും സുന്നത്തിന് നല്‍കിയിട്ടുള്ള നിര്‍വചനങ്ങളിലെ വ്യത്യാസം ഈ ചര്‍ച്ചയില്‍ പ്രധാനമാണ്. അതിന്റെ മറ്റു കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

 1- 'സുന്നത്തി'ന്റെ ഭാഷാര്‍ഥം, ഖുര്‍ആനിക പ്രയോഗം, സാങ്കേതികാര്‍ഥം (ഇസ്വ്ത്വിലാഹ്) എന്നിവ  പരസ്പരം യോജിക്കുന്നു. എന്നാല്‍ 'ഹദീസി'ന്റെ ഭാഷാര്‍ഥം, ഖുര്‍ആനിക പ്രയോഗം, സാങ്കേതിക നിര്‍വചനം എന്നിവ തമ്മില്‍ വളരെ ചെറിയ യോജിപ്പു മാത്രമേ ഉള്ളൂ. 'ഹദീസി'ന്റെ സാങ്കേതിക നിര്‍വചനത്തിലെ 'നബിയുടെ സംസാരം' എന്ന ഒറ്റ അര്‍ഥം മാത്രമേ ഭാഷാപരമായി ഹദീസിനോടു ചേരുന്നുള്ളൂ.  പ്രവര്‍ത്തനം, അംഗീകാരം എന്നിവ ഭാഷാപരമായി ഹദീസിന് പുറത്താണ്. അതേസമയം, 'സുന്നത്തി'ന് ഹദീസില്‍ പ്രയോഗിച്ചിട്ടുള്ള അര്‍ഥവും സുന്നത്തിന്റെ സാങ്കേതിക നിര്‍വചനവും ഒന്നുതന്നെയാണ്.

2- ഹദീസിനെ 'നബിചര്യ'യെന്ന് വിശദീകരിച്ചുകൊണ്ടുള്ള സാങ്കേതിക നിര്‍വചനം പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ നല്‍കിയതാണ്. ഖുര്‍ആനിലോ, സുന്നത്തിലോ  ഒരു 'ഇസ്ത്വിലാഹാ'യി 'ഹദീസ്' ഉപയോഗിച്ചിട്ടില്ല. 'സംസാരം, വാര്‍ത്ത' എന്നതിനപ്പുറം, 'ചര്യ, മാതൃക, നടപടിക്രമം' എന്നീ അര്‍ഥങ്ങളൊന്നും ഭാഷാപരമായി ഹദീസിന് ഇല്ല. ഖുര്‍ആനും സുന്നത്തും ഉപയോഗിക്കാത്തതും ഭാഷാപരമായി മറ്റു അര്‍ഥങ്ങളുള്ളതുമായ ഒരു പദം, അവയില്‍നിന്ന് വ്യത്യസ്തമായി സവിശേഷമായൊരു സാങ്കേതിക സംജ്ഞയായി ഉപയോഗിക്കുന്നതിന് സാധുതയുള്ളതുകൊണ്ടാകാം പൂര്‍വിക പണ്ഡിതന്മാര്‍ അപ്രകാരം ചെയ്തിട്ടുണ്ടാവുക. എന്നാല്‍, അത്തരമൊരു  സാങ്കേതിക സംജ്ഞയുടെ രൂപീകരണത്തില്‍ സൂക്ഷ്മതക്കുറവ് കാണുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? വിശേഷിച്ചും, വിശുദ്ധഖുര്‍ആന്‍ 'ചര്യ, നടപടിക്രമം, മാതൃക, നിയമക്രമം' എന്നീ അര്‍ഥങ്ങളില്‍ 'സുന്നത്തും', നബിയുടെ ജീവിതമാതൃക എന്ന അര്‍ഥത്തില്‍ 'ഉസ്‌വത്തും' ഉപയോഗിച്ചിരിക്കെ ഈ പദങ്ങളിലൊന്ന് സാങ്കേതിക സംജ്ഞയായി നിലനിര്‍ത്തലായിരുന്നു ഉത്തമം എന്ന നിരീക്ഷണം ചര്‍ച്ചാ സാധ്യതയുള്ളതുതന്നെ.  നബിതന്നെ തന്റെ ജീവിത മാതൃകയെ/ ചര്യയെ കുറിക്കാന്‍ 'സുന്നത്ത്' എന്ന് പ്രയോഗിച്ചിരിക്കെ എന്തിന് മറ്റൊരു സാങ്കേതിക ശബ്ദം ഉപയോഗിക്കണം എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്. 

3- നബിചര്യയെ സൂചിപ്പിക്കുന്ന സാങ്കേതിക സംജ്ഞയായി 'ഹദീസ്' ആരാണ് ആദ്യം ഉപയോഗിച്ചത്, ഏത് കാലത്താണ് അത് വികസിച്ചുവന്നത് എന്നുള്ള കാര്യങ്ങള്‍ സൂക്ഷ്മ ഗവേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു പണ്ഡിതനോ, പണ്ഡിതകൂട്ടായ്മയോ ബോധപൂര്‍വകമായി ചിന്തിച്ചുറപ്പിച്ചതാണോ 'ഹദീസ്' എന്ന സാങ്കേതിക സംജ്ഞതയും അതിന് നല്‍കപ്പെട്ട നിര്‍വചനവും!? അതോ, കാലക്രമത്തില്‍ പലരുടെയും പ്രയോഗങ്ങളിലൂടെ സ്വാഭാവികമായി രൂപപ്പെട്ടുവന്നതോ? കാലാന്തരത്തില്‍ സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ് എന്ന് മനസ്സിലാക്കാനാണ് ചരിത്രം പ്രേരിപ്പിക്കുന്നത്.

കാലാന്തരത്തില്‍ പുതിയ വിജ്ഞാന ശാഖകളും സാങ്കേതിക സംജ്ഞകളും മറ്റും രൂപപ്പെടുകയെന്നത് ഇസ്‌ലാമിക വിജ്ഞാന മണ്ഡലത്തിന്റെ വികാസത്തിന്റെയും വളര്‍ച്ചയുടെയും അനിവാര്യതയാണ്. അത്തരം വികാസങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നിടുകയാണ് ഇസ്‌ലാം ചെയ്തത്. അതിന് സാധ്യതയില്ലെങ്കില്‍ ഇസ്‌ലാം മുരടിച്ച് മരവിച്ച് പോകും. ഖുര്‍ആനിലോ, സുന്നത്തിലോ വന്നിട്ടില്ലാത്ത ഒരു സാങ്കേതിക സംജ്ഞ പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ക്ക് രൂപപ്പെടുത്താമെന്നതിന്റെ മകുടോദാഹരണമാണ് തൗഹീദ്. മുസ്‌ലിം ലോകത്ത് സര്‍വ്വ സ്വീകാര്യത നേടിയ 'തൗഹീദ്' എന്ന പദപ്രയോഗം ഖുര്‍ആനിലും ഹദീസിലും ആ രൂപത്തില്‍ ഇല്ല. തൗഹീദ് ഉള്‍ക്കൊള്ളുന്ന ഏകദൈവത്വമെന്ന ആശയം ഖുര്‍ആനിലും സുന്നത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ടുതാനും. ഇസ്‌ലാമിനെ സംബന്ധിച്ച വായനയിലോ, പ്രയോഗത്തിലോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത കാലത്തോളം ഇത്തരം പ്രയോഗങ്ങള്‍ പുനരാലോചനക്ക് വിധേയമാക്കേണ്ടതില്ല. അതേസമയം, തൗഹീദ്' എന്ന പ്രയോഗം അല്ലാഹുവോ, റസൂലോ ഖണ്ഡിതമായി നിശ്ചയിച്ചതല്ലാത്തതിനാല്‍ അതിന് വിശുദ്ധ പദവി ഇല്ല എന്നും മനസിലാക്കേണ്ടതുണ്ട്. ഇതേ നിലപാടുതന്നെയാണ് ഹദീസിന്റെ വിഷയത്തിലും സംഗതമായിട്ടുള്ളത്. അല്ലാഹുവോ, റസൂലോ 'നബിചര്യ'ക്ക് നല്‍കിയ സാങ്കേതിക സംജ്ഞയല്ല ഹദീസ്. പണ്ഡിത നിര്‍വചനം തുടരുന്നതും പൊതുവില്‍ തെറ്റല്ല. പക്ഷേ, ഹദീസുകളെല്ലാം മുസ്‌ലിം സമൂഹം എക്കാലത്തും പിന്തുടരേണ്ട നബിചര്യ (സുന്നത്ത്) തന്നെയാണെന്ന വാദം ഉയര്‍ത്തപ്പെടുകയും അറേബ്യന്‍ ഗോത്ര ആചാരങ്ങള്‍വരെ ഹദീസാണെന്ന പേരില്‍ 'സുന്നത്താ'യി ആചരിക്കാന്‍ വാശിപിടിക്കുകയും ചെയ്യുന്നിടത്തേക്ക് കാര്യങ്ങള്‍ മാറുകയും അത് സാമൂഹിക പ്രശ്‌നമാവുകയും ചെയ്യുമ്പോഴാണ് വിശുദ്ധ പദവിയില്ലാത്ത പ്രയോഗങ്ങളുടെയും മറ്റും വിഷയത്തില്‍ പുനരാലോചനകള്‍ അനിവാര്യമാകുന്നത്.

4- ഹദീസും സുന്നത്തും തമ്മിലുള്ള അന്തരം പദപരം (അല്‍ഖിലാഫുല്ലഫഌ) മാത്രമാണെന്നും ആശയപരമായി രണ്ടും ഒന്നുതന്നെയാണെന്നും പണ്ഡിതന്മാര്‍ വിശദീകരിക്കാറുണ്ട്. ശരിയാകാം. പക്ഷേ, ഇതിന് ചില മറുവശങ്ങളും ഇല്ലേ? 'പദപരമായ ഭിന്നത' അത്ര നിസാരമാണോ? പദപരമായ ഭിന്നതയില്‍നിന്നല്ലേ, ആശയപരമായ ഭിന്നത ഉടലെടുക്കുന്നത്? ഒന്നാമതായി, ഇവിടെ പദപരമായ വ്യത്യാസം ആശയത്തിലും വലിയ  അന്തരമുണ്ടാക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. രണ്ടാമതായി, ആശയപരമായ വ്യത്യാസങ്ങള്‍ക്ക് നിര്‍ണായകമായ അര്‍ഥതലങ്ങളുണ്ടെന്നതും സത്യമാണ്. കാരണം, ഹദീസെല്ലാം സുന്നത്താണെന്ന തെറ്റിദ്ധാരണയും ഹദീസുകളുടെ അക്ഷരവായന സൃഷ്ടിക്കുന്ന അനര്‍ഥങ്ങളും വലിയ സാമൂഹിക പ്രശ്‌നങ്ങളായിത്തീരുന്ന സാഹചര്യവും ഉണ്ടല്ലോ. ഹദീസ് വിജ്ഞാനീയങ്ങള്‍ (ഉലൂമുല്‍ ഹദീസ്/ഉസ്വൂലുല്‍ ഹദീസ്) രൂപപ്പെടുകയും വളരുകയും ചെയ്ത 'മുസ്‌ലിം രാഷ്ട്രങ്ങളു'ടെ സാമൂഹികാവസ്ഥയില്‍നിന്ന് ഭിന്നമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഇസ്‌ലാം വികസിച്ചു കഴിഞ്ഞിരിക്കെ ഇത്തരം ചര്‍ച്ചകള്‍ പുതിയ മാനങ്ങള്‍ കൈവരിക്കുന്നുണ്ട്. അതുകൊണ്ട്, ഖുര്‍ആനും സുന്നത്തും ഖണ്ഡിതമായി പഠിപ്പിച്ചിട്ടില്ലാത്തതും പില്‍ക്കാലത്ത് പണ്ഡിതന്മാരുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ വഴി സ്വാഭാവികമായി രൂപപ്പെട്ടുവന്നതുമായ ഇത്തരം സാങ്കേതിക സംജ്ഞകളില്‍ ഉത്തരവാദപ്പെട്ട അതോറിറ്റി പുനരാലോചനാ സ്വഭാവമുള്ള പഠന ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ചില സാങ്കേതിക സംജ്ഞകള്‍ കൃത്യപ്പെടുത്തി വേര്‍തിരിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഹദീസും സുന്നത്തും തമ്മിലുള്ള അടുപ്പവും അന്തരവും ഇങ്ങനെ കൃത്യപ്പെടുത്തേണ്ട വിഷയങ്ങളില്‍ പ്രധാനമാണ്. ഹദീസിന്റെ സാങ്കേതിക നിര്‍വചനം-നബിയുടെ സംസാരം, പ്രവര്‍ത്തനങ്ങള്‍, അംഗീകാരം, ശരീരവര്‍ണന- അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ട്, മുസ്‌ലിം സമൂഹം എന്നെന്നും പിന്തുടരേണ്ട നബിചര്യയെന്ന അര്‍ഥത്തില്‍ 'സുന്നത്തി'നെ ഹദീസില്‍നിന്ന് വേര്‍തിരിക്കുകയാണ് കരണീയം. 

(അവസാനിച്ചു)

 

റഫറന്‍സ്

1. അല്‍മആനി, അല്‍മുഅ്ജം

2. അന്നിസാഅ് 87

3. അല്‍അന്‍ആം 68

4. അല്‍ഗാശിയ 1

5. അല്‍ജാസിയ 6

6. അസ്സുമര്‍ 23

7. അന്നജ്മ് -59, അല്‍വാഖിഅ 81, അല്‍ഖലം 44).

8. അന്നിസാഅ് 42,78 

9. അല്‍മുര്‍സലാത്ത് 50)

10. സംറത്തുബ്‌നു ജുന്‍ദുബില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട ഈ ഹദീസ് ഇമാം മുസ്‌ലിം സ്വഹീഹിന്റെ ആമുഖത്തിലും ഇബ്‌നുമാജ (39), അഹ്മദ് (5/4) എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.

11. അല്‍ മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ - 5/142

12. അശ്ശമാഇലുല്‍ മുഹമ്മദിയ്യ - തിര്‍മിദി-335

13. മുഅ്ജമുല്‍ മആനി അല്‍ജാമിഅ്

14. അല്‍അന്‍ഫാല്‍ 38  

15. അല്‍ഹിജ്ര്‍ 13 

16. അല്‍ഹിജ്ര്‍ 85  

17. ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ് 

18. ലംഹാത്തുന്‍ മിന്‍ താരീഖിസ്സുന്ന വ ഉസ്വൂലില്‍ ഹദീസ് -19

19. അസ്സുന്നത്തു മകാനതുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി -59, അല്‍വദ്ഉ ഫില്‍ ഹദീസ്- ഡോ. മുബാറക് ബിന്‍ മുഹമ്മദ് അദ്ദഈലജ്, 14-15).

20. അല്‍ ഇഹ്കാമു ഫീ ഉസ്വൂലില്‍ അഹ്കാം - ആമുദി 1/156, ഇര്‍ശാദുല്‍ ഫുഹൂല്‍ - ശൗകാനി -330).

21. അല്‍ഫത്ഹ് 22, 23

22. മുന്‍ കഴിഞ്ഞ സമൂഹങ്ങളിലെ അക്രമികള്‍ക്ക് ലഭിച്ച 'ശിക്ഷാ മാതൃകകള്‍' (സുന്നത്ത് - മുസുലാത്ത്) എന്നാണിവിടെ ഉദ്ദേശ്യം. 

23. ആലുഇംറാന്‍ 137 

24. ഗാഫിര്‍ 85

25. അല്‍ഇസ്‌റാഅ് 77

26. ഇമാം മാലിക് - മുവത്വ

27. തിര്‍മിദി, അബൂദാവൂദ്

28. അഹ്മദ്

29. അബൂദാവൂദ്, നസാഈ

30. ബുഖാരി, മുസ്‌ലിം

31. കിതാബുല്‍ ഹുദൂദ്, സ്വഹീഹു മുസ്‌ലിം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌