Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

അജണ്ടക്കനുസൃതമായി ഇരകളെയുണ്ടാക്കുന്നവര്‍

ബന്ന

മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹം ശമിപ്പിക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍. ദവെ തനിക്ക് മുമ്പിലുള്ള ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസില്‍ വിധി പറയുമ്പോള്‍ ഒരു രണ്ടാം ഭാഗമുണ്ടാക്കിയത് മുതല്‍ മുസ്‌ലിം വ്യക്തിനിയമം സുപ്രീംകോടതിയില്‍ ചര്‍ച്ചക്കെടുക്കാന്‍ നിരവധി ആസൂത്രണങ്ങളാണ് നടന്നത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് മുസ്‌ലിം സ്ത്രീകളുടേതാക്കി മാറ്റാനായിരുന്നു കാര്യമായ പരിശ്രമം നടന്നത്. മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്നു കാണിച്ച് അതിനെതിരെ പ്രചാരണം നടത്തുന്ന ഏതാനും സംഘടനകളെയും കേന്ദ്ര സര്‍ക്കാറിന്റെ നിയമ വകുപ്പ് അരങ്ങൊരുക്കാന്‍ ഉപയോഗിച്ചുവെങ്കിലും അവരില്‍നിന്നും ഇരകളായ ഹരജിക്കാരെ കാര്യമായി കിട്ടിയിരുന്നില്ല. 

മോദിയുടെ തന്നെ ഗുജറാത്തില്‍ നിന്നുള്ള സകിയ സോമനാണ് അഖിലേന്ത്യാ മുസ്‌ലിം മഹിളാ ആന്ദോളന്‍ എന്ന സ്വന്തം സംഘടനയുടെ പേരില്‍ മുത്ത്വലാഖ് നിര്‍മാര്‍ജനത്തിനായുള്ള മോദി സര്‍ക്കാറിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയതും രാജ്യമൊട്ടുക്കും ഒപ്പുശേഖരണം നടത്തിയതും. വനിതകളെ ഖാദികളാക്കുന്നതിനുള്ള കോഴ്‌സ് തുടങ്ങി വനിതാ ഖാദിമാരെ രംഗത്ത് കൊണ്ടുവന്നതും ഇവരായിരുന്നു. ഇവര്‍ക്ക് പിന്നില്‍ നിന്ന് സഹായം നല്‍കുന്നത് ആരെന്നറിയാതെയാണ് ചിലര്‍ ഇതിന്റെ ചുവടു പിടിച്ച് കേരള മുസ്‌ലിം മഹിളാ ആന്ദോളന്‍ ഉണ്ടാക്കിയത്. മുസ്‌ലിം സ്ത്രീകള്‍ മുഴുവനും വ്യക്തി നിയമത്തിനെതിരാണ് എന്ന് മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച പ്രചാരണം നടത്തിയപ്പോള്‍ ആയിരക്കണക്കിന് മുസ്‌ലിം വനിതകളെ അണിനിരത്തി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിലെ വനിതാ നേതാക്കള്‍ തന്നെ രംഗത്തിറങ്ങി. ഈ വേര്‍ഷന്‍ പക്ഷേ, മുത്ത്വലാഖിനെ മുസ്‌ലിം വിരുദ്ധ അജണ്ട എന്ന നിലയില്‍ എടുത്തവര്‍ വാര്‍ത്തയാക്കിയില്ല. 

അതിനിടയിലാണ് സംഘ്പരിവാര്‍ അജണ്ട പതിവായി പ്രൈം ടൈം ചര്‍ച്ചയാക്കുന്ന ചില മാധ്യമങ്ങള്‍ രാജ്യമൊട്ടുക്കും വിവിധ കോടതികളില്‍ കേസ് നല്‍കിയ ഏതാനും മുസ്‌ലിം സ്ത്രീകളുടെ വിവരം ശേഖരിച്ച് അവരെ സുപ്രീംകോടതിയിലെ കേസിന്റെ ഭാഗമാക്കാനുള്ള പ്രചാരവേല തുടങ്ങിയത്. സുപ്രീംകോടതിയില്‍ വാര്‍ത്താശേഖരണത്തിന് പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ സാധാരണഗതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത അതിന്റെ പ്രക്രിയ അന്തിമ ഘട്ടത്തിലെത്തിയ ശേഷം മാത്രമേ കൊടുക്കാറുള്ളൂ. ഒന്നുകില്‍ ഹരജിയുടെ കരട് കാണും. അല്ലെങ്കില്‍ ഫയല്‍ ചെയ്യുന്ന വക്കീലിന്റെ വിശദീകരണം കേള്‍ക്കും. അതല്ലെങ്കില്‍ പിന്നെ ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഏതെങ്കിലും സംഭവ വികാസങ്ങളാകണം. എന്നാല്‍ ഇത്തരം വിവാദങ്ങളോ ചര്‍ച്ചയോ ഒന്നുമില്ലാതെയാണ് ചില സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ എടുത്തിട്ട മുത്ത്വലാഖ് അജണ്ട സംബന്ധിച്ച വാര്‍ത്തകള്‍ ആവിര്‍ഭവിക്കുന്നത്. രണ്ട് ദേശീയ ചാനലുകള്‍ ഒരേസമയം ഈ ചര്‍ച്ച തുടങ്ങിവെച്ചതിന് തൊട്ടുപിറകെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ത്വലാഖ് ഇരകള്‍ സുപ്രീംകോടതിയില്‍ പോകുന്നുവെന്ന വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. വിഷയം സുപ്രീംകോടതിയിലെത്തുമല്ലോ എന്നു കണ്ട് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളിലൊന്നിന്റെ റിപ്പോര്‍ട്ടറെ വിളിച്ച് കേസ് ഫയല്‍ ചെയ്യുന്ന അഭിഭാഷകന്റെ നമ്പര്‍ ആരാഞ്ഞു. ബംഗളൂരുവിലുള്ള അഭിഭാഷകന്റെ നമ്പര്‍ നല്‍കിയ റിപ്പോര്‍ട്ടര്‍ പിറ്റേന്നു തന്നെ കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. 

അഭിഭാഷകനെ വിളിച്ച് സമര്‍പ്പിക്കാനിരിക്കുന്ന ഹരജിയുടെ പകര്‍പ്പ് ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാവിലെ സുപ്രീംകോടതിയിലെത്തണമെന്നായിരുന്നു നിര്‍ദേശം. കൂടുതല്‍ മുസ്‌ലിം സ്ത്രീകള്‍ കക്ഷിചേരാന്‍ തയാറായി വരുന്നുണ്ടെന്നും അവരെ കൂടി കക്ഷി ചേര്‍ക്കാനുണ്ടെന്നും ആ പേര് കൂടി ചേര്‍ത്ത ശേഷം ഹരജി തരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയിലെത്തിയപ്പോള്‍ അഭിഭാഷകനെ കാണാതെ വീണ്ടും വിളിച്ചു. ഹരജി ആവശ്യപ്പെട്ടപ്പോള്‍ ഹരജിക്കാരികളെ കിട്ടിയിട്ടില്ലെന്നും താന്‍ തിരിച്ചുപോവുകയാണെന്നും അടുത്തയാഴ്ച വീണ്ടും വരാമെന്നുമായിരുന്നു മറുപടി. എങ്കിലുമൊന്ന് കാണണമെന്ന് പറെഞ്ഞങ്കിലും മുഖം പോലും തരാതെ അദ്ദേഹം തിരിച്ചുപോയി. പിന്നീട് വരുമ്പോള്‍ വിളിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും രാജ്യമൊട്ടുക്കുമുള്ള മുത്ത്വലാഖ് ഇരകളുമായി  വന്ന് അദ്ദേഹം പിന്നീട് വിളിക്കുകയുണ്ടായില്ല.

ഇതോടൊപ്പം മറ്റു ചില നീക്കങ്ങളും നടക്കുന്നുണ്ടായിരുന്നു. മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതികളില്‍ വിധി വന്നതോ വാദം കേള്‍ക്കുന്നതോ ആയ കേസുകളുടെ വിവരശേഖരണം. അത്തരം കേസുകള്‍ സുപ്രീംകോടതിയില്‍ മെന്‍ഷന്‍ ചെയ്തു. അങ്ങനെയാണ് സൈറാ ബാനു അടക്കമുള്ള സ്ത്രീകളുടെ വിവാഹമോചന കേസുകളില്‍ ചിലതിനെ ജസ്റ്റിസ് അനില്‍ ആര്‍. ദവെയുടെ മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹ ഉത്തരവുമായി ടാഗ് ചെയ്യിക്കുന്നത്. പിന്നീട് കേസിന്റെ നാള്‍വഴി പറയുമ്പോഴൊന്നും മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും കേസിന് തുടക്കമിട്ട വ്യക്തിയായി മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ പേരല്ല, സൈറാ ബാനുവിന്റെ പേരാണ് പറയാറ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌