Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

മുസ്‌ലിം സ്ത്രീകള്‍ ഹിജ്‌റക്കു മുമ്പ്

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-24)

''നിങ്ങളുടെ മാതാക്കളുടെ കാല്‍പാദങ്ങള്‍ക്കടിയിലാണ് സ്വര്‍ഗം.''1 ഈ പ്രസ്താവനയിലൂടെ സ്ത്രീകളുടെ പദവി വളരെയേറെ ഉയര്‍ത്തിവെക്കുകയാണ് ദൈവദൂതന്‍ ചെയ്യുന്നത്. അദ്ദേഹം നമ്മെ പഠിപ്പിക്കുകയാണ്, നിങ്ങളെ ഗര്‍ഭപാത്രത്തില്‍ ചുമക്കുകയും പ്രസവിക്കുകയും പിന്നീട് പോറ്റിവളര്‍ത്തുകയും ചെയ്ത സ്ത്രീയെ നിങ്ങള്‍ അതിരറ്റ് ആദരിക്കണം. മറ്റൊരു നബിവചനത്തില്‍, 'പ്രായം ചെന്ന സ്ത്രീകളുടെ വിശ്വാസം (ഈമാനുല്‍ അജാഇസ്) ആണ് നിങ്ങള്‍ നേടിയെടുക്കേണ്ടതെ'ന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നുമുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ധാരാളമുണ്ട്. ഇതെല്ലാം സ്ത്രീക്ക് ആദരണീയവും സ്വതന്ത്രവുമായ വ്യക്തിത്വമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

ഖദീജ: വിവാഹത്തിനു മുമ്പ് ഖദീജയുമായി നബി പരിചയപ്പെടാന്‍ ഇടയായ സാഹചര്യങ്ങള്‍ നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. നബിയുടെ ഭാര്യമാരെ ഇസ്‌ലാമില്‍ 'വിശ്വാസികളുടെ മാതാക്കള്‍' എന്നാണ് വിളിക്കുക. അവര്‍ ഈ പദവിക്ക് അര്‍ഹരാണ്, പ്രത്യേകിച്ച് ഖദീജ. ഖദീജ നബിയുടെ കേവലം ജീവിത പങ്കാളി മാത്രമായിരുന്നില്ല. ഇസ്‌ലാമിനു വേണ്ടി വലിയ സേവനങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരുന്നത്. അവരുടെ അഭാവത്തില്‍, മറ്റു ചില പ്രവാചകന്മാരുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി പറയുകയാണെങ്കില്‍, ഒരുപക്ഷേ തന്റെ ദൗത്യം ഇത്ര വലിയ വിജയമാക്കിത്തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

ഖദീജ ധനികയായിരുന്നു. സ്വയം മുന്‍കൈയെടുത്തും ഭര്‍ത്താവിന്റെ പ്രേരണയാലും ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് തന്നെ അവര്‍ പാവങ്ങള്‍ക്കു വേണ്ടി തന്റെ ധനം നിരന്തരം ചെലവഴിച്ചുകൊണ്ടിരുന്നു. ഇതുവഴി അവര്‍ ജനങ്ങളില്‍ നേടിയെടുത്ത ആദരവും കീര്‍ത്തിയും പിന്നീട് ഇസ്‌ലാമിന്റെ പ്രചാരണത്തിന് മുതല്‍ക്കൂട്ടാവുകയുണ്ടായി. ഇസ്‌ലാമിനു വേണ്ടി അവര്‍ സ്വന്തത്തെ പൂര്‍ണമായി സമര്‍പ്പിച്ചു. താന്‍ മാലാഖയെ കണ്ടുവെന്നും തന്റെ സമൂഹത്തെ നേര്‍വഴിയിലേക്ക് നടത്താന്‍ ദൈവം തന്നെ നിയോഗിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളെ ആദ്യമായി സത്യമെന്ന് അംഗീകരിച്ചത് ഈ മഹതിയായിരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ, ആദ്യ ദിവ്യവെളിപാടിറങ്ങിയപ്പോഴുണ്ടായ നബിയുടെ ഭയവിഹ്വലതകള്‍ അകറ്റിയതും അദ്ദേഹത്തെ സമാധാനിപ്പിച്ചതും അവരായിരുന്നു. ഖദീജ കാരണമാണ് അവരുടെ ക്രിസ്ത്യാനിയായ പിതൃസഹോദര പുത്രന്‍ വറഖത് ബ്‌നു നൗഫലിന് ഇസ്‌ലാമിനോട് ആഭിമുഖ്യമുണ്ടായത്. ചരിത്രകാരന്മാര്‍2 പറയുന്നത്, മറ്റൊരു മക്കന്‍ ക്രിസ്ത്യാനിയായ അദ്ദാസ് ഇസ്‌ലാം സ്വീകരിച്ചതും ഖദീജയുടെ ശ്രമഫലമായാണ്. തന്റെ വീട്ടിലുള്ള സ്ത്രീ-പുരുഷന്മാരായ പരിചാരകന്മാര്‍ക്കും അടിമകള്‍ക്കും ഇസ്‌ലാം പരിചയപ്പെടുത്താനും അവര്‍ മറന്നില്ല. മക്കക്കാര്‍ മുസ്‌ലിംകളെ സാമൂഹികമായി ബഹിഷ്‌കരിച്ചപ്പോള്‍ ഖദീജയുടെ തന്നെ പിതൃസഹോദര പുത്രന്മാരും മറ്റുമാണ് സ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ട്, ഉപരോധിക്കപ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുകൊണ്ടിരുന്നത്.

ലുബാബ ബിന്‍ത് ഹാരിസ്: ഖദീജക്കു ശേഷം മക്കയില്‍ ഇസ്‌ലാം സ്വീകരിച്ച ആദ്യ വനിതയാണ് ലുബാബ എന്നാണ് ഇബ്

നുല്‍ കല്‍ബി3 രേഖപ്പെടുത്തുന്നത്. ഉമ്മുല്‍ ഫദ്ല്‍ എന്ന പേരിലാണവര്‍ പ്രശസ്തയായത്. നബിയുടെ പിതൃസഹോദരന്‍ അബ്ബാസിന്റെ ഭാര്യ. നബിയുടെ അടുത്ത കൂട്ടുകാരനും സംരക്ഷകനുമൊക്കെ ആയിരുന്നെങ്കിലും അബ്ബാസ് വളരെ കഴിഞ്ഞാണ് ഇസ്‌ലാം സ്വീകരിച്ചത്. പ്രവാചകനെ അതിയായി സ്‌നേഹിച്ചിരുന്ന ഉമ്മുല്‍ ഫദ്ല്‍ കാരണമാവാം അബ്ബാസ് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നബിയുടെ ഒപ്പം തന്നെയുണ്ടായിരുന്നു. പ്രായപൂര്‍ത്തിയെത്താത്ത മകന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസിനെ ഇസ്‌ലാമിന്റെ തണലില്‍ എത്തിച്ചതും ലുബാബ തന്നെയായിരുന്നു (ബുഖാരി 23/80/3). വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമായിരുന്നു ലുബാബ. അവരുടെ സഹോദരി മൈമൂന ബിന്‍ത് ഹാരിസിനെ നബി പിന്നീട് വിവാഹം കഴിക്കുകയുണ്ടായി.

ഗുസയ്യ: ഇബ്‌നു ഹബീബ് പറയുന്നത്, ഈ വനിത മക്കയിലെ നിരവധി സ്ത്രീകളുടെ ഇസ്‌ലാമാശ്ലേഷണത്തിന് കാരണക്കാരിയാണ് എന്നാണ്. ബദുക്കളില്‍പെടുന്ന ഇവര്‍ മക്കയില്‍ സ്ഥിരതാമസമാക്കി. ഇസ്‌ലാമിനു വേണ്ടിയുള്ള ഇവരുടെ അക്ഷീണ യത്‌നങ്ങള്‍ മക്കക്കാരെ അസ്വസ്ഥരാക്കുക സ്വാഭാവികം. സ്ത്രീയെ മര്‍ദിച്ചു എന്ന പേരുദോഷം ഒഴിവാക്കാനായി മക്കയില്‍നിന്ന് ഗുസയ്യയെ പറഞ്ഞുവിടാന്‍ മക്കക്കാര്‍ തീരുമാനിച്ചു. ഗുസയ്യയെ അവരുടെ ഗോത്രത്തിന്റെ ആവാസ സ്ഥലത്തേക്ക് പോകുന്ന ഒരു യാത്രാ സംഘത്തിന് ഏല്‍പിച്ചുകൊടുക്കുകയായിരുന്നു. വഴിയിലുടനീളം സംഘത്തിലുണ്ടായിരുന്നവര്‍ ഗുസയ്യയെ ക്രൂരമായി മര്‍ദിച്ചു. ഒന്നുമിടാത്ത ഒട്ടകപ്പുറത്ത് അവരുടെ ശരീരം വരിഞ്ഞുകെട്ടി. തിന്നാനോ കുടിക്കാനോ കൊടുക്കുകയില്ല. ഏതെങ്കിലും വിശ്രമ കേന്ദ്രത്തിലെത്തിയാല്‍ ഒട്ടകപ്പുറത്തു നിന്നിറക്കി കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ പൊരിവെയിലത്തിടും. ഗുസയ്യ തന്നെ പറയട്ടെ: ''മൂന്ന് രാത്രിയും മൂന്ന് പകലും കഴിഞ്ഞു. വിശപ്പുകൊണ്ടും ക്ഷീണം കൊണ്ടും മൃതപ്രായത്തിലായ എനിക്ക് ബോധക്ഷയമുണ്ടായി. അവര്‍ക്ക് എന്നോട് ഒരു കരുണയും തോന്നിയില്ല. വീണ്ടും രാത്രിയായി. അപ്പോള്‍ ഞങ്ങള്‍ ഒരു വിശ്രമ കേന്ദ്രത്തിലായിരുന്നു. പെട്ടെന്ന് എന്റെ മുഖത്ത് എന്തോ ഒന്ന് തൊട്ടുരുമ്മുന്നതായി തോന്നി. കൈയെത്തിച്ച് നോക്കുമ്പോള്‍ വെള്ളപ്പാത്രമാണ്. ഞാന്‍ മതിവരും വരെ കുടിച്ചു. എന്റെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും വെള്ളം തളിക്കുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍, ബോധക്ഷയമൊക്കെ പോയി ഉന്മേഷവതിയായി ഞാന്‍ കിടക്കുന്നതാണ് യാത്രാ സംഘം കണ്ടത്. എനിക്ക് എങ്ങനെ വെള്ളം കിട്ടിയെന്നവര്‍ക്ക് പിടികിട്ടിയില്ല. കൈകാലുകള്‍ കെട്ടിയിട്ട് നിലയില്‍ കിടക്കുന്ന എനിക്ക്, കുറച്ചപ്പുറത്തുള്ള വെള്ളം നിറച്ച തോല്‍പാത്രം എങ്ങനെയാണ് കിട്ടിയത്? എന്നെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ ഉണ്ടായ സംഭവം പറഞ്ഞു. അവര്‍ക്ക് എന്നെ അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അവര്‍ ചെയ്തുപോയ പ്രവൃത്തികളില്‍ ഖേദിക്കുകയും ഉടന്‍ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.''4

പ്രവാചകനോട് അവര്‍ക്ക് വല്ലാത്ത സ്‌നേഹമായിരുന്നു. ഹിജ്‌റക്കു ശേഷം മദീനയിലെത്തിയ ഗുസയ്യ നബിയോട് ഒരു അഭ്യര്‍ഥന നടത്തി: 'എന്നെ താങ്കള്‍ ഒരു അടിമ ഭാര്യയായെങ്കിലും സ്വീകരിക്കണം.' നബി അവര്‍ക്ക് നന്ദി പറയുകയും ആ അഭ്യര്‍ഥന സ്വീകരിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു.

ഉമ്മു ശരീക്: ഇബ്‌നുല്‍ അസീര്‍5 പറയുന്നത്, മക്കയിലെ നിരവധി സ്ത്രീകള്‍ക്ക് വളരെ രഹസ്യമായി ഇസ്‌ലാം പഠിപ്പിച്ചുകൊടുത്തത് ഉമ്മു ശരീക് ആണെന്നാണ്. അവര്‍ യമനിലെ ദാവൂസ് ഗോത്രക്കാരിയായിരുന്നു. ഉമ്മു ശരീക് തന്നെയല്ലേ നേരത്തേ പറഞ്ഞ ഗുസയ്യ എന്ന സംശയവും ഉണ്ട്.

ഫാത്വിമ ബിന്‍ത് ഖത്ത്വാബ്: ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സഹോദരി. ഉമറിനെ ഇസ്‌ലാമിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അവരാണല്ലോ. ജാഹിലിയ്യാ കാലത്ത് വായന അറിയുന്ന അപൂര്‍വം മക്കന്‍ വനിതകളില്‍ ഒരാളായിരുന്നു ഫാത്വിമ.

ശിഫാഅ് ബിന്‍ത് അബ്ദില്ല: ഉമറിന്റെ ഒരു കുടുംബക്കാരി. അവര്‍ ഇസ്‌ലാം സ്വീകരിച്ചത് എപ്പോഴാണെന്ന് കൃത്യമായി പറയാനാവില്ല. തന്റെ ഭാര്യ ഹഫ്‌സയെ എഴുത്ത് പഠിപ്പിക്കാന്‍ നബി ശിഫാഇനെ ചുമതലപ്പെടുത്തിയിരുന്നു.6 മക്കാ ഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായിരുന്നു.

സഅ്ദ ബിന്‍ത് കുറൈസ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഇസ്‌ലാമാശ്ലേഷത്തിന് കാരണക്കാരി സഅ്ദയാണെന്ന് ഇബ്‌നു ഹജര്‍ എഴുതിയിട്ടുണ്ട്.7 ഇവര്‍ ഉസ്മാന്റെ അമ്മായി ആയിരിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ സമ്പത്ത് ഇസ്‌ലാമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ സഹായകമാവുകയുണ്ടായി.

ഉമ്മു ഹബീബ, സൗദ: ഈ രണ്ട് മക്കന്‍ വനിതകളും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്ത് അഭയം തേടിപ്പോയവരാണ്. അബ്‌സീനിയയില്‍ വെച്ച് ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ എങ്ങനെയോ ക്രിസ്തുമതം സ്വീകരിച്ചു. തങ്ങളുടെ വഴി സ്വീകരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇരുവരും വഴങ്ങിയില്ല. സൗദ വൈകാതെ മക്കയിലേക്ക് മടങ്ങി. അവരെക്കുറിച്ച് പ്രവാചകന് നല്ല അഭിപ്രായമായിരുന്നു. ഖദീജയുടെ മരണശേഷം നബി സൗദയെ വിവാഹം കഴിക്കുകയും ചെയ്തു. ഉമ്മു ഹബീബ അബ്‌സീനിയയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ തന്റെ പിതാവ് അബൂസുഫ്‌യാന്റെ മക്കയിലുള്ള വീട്ടിലേക്കല്ല പോയത്; പ്രവാചകന്റെ ഭാര്യയായിക്കൊണ്ട് മദീനയിലേക്കാണ്.8

പ്രബോധന പ്രവര്‍ത്തനങ്ങളുടെ മക്കാ കാലഘട്ടത്തില്‍ ധാരാളം സ്ത്രീകളും പീഡിപ്പിക്കപ്പെട്ടിരുന്നു. അവരിലൊരാളാണ് അമ്മാറുബ്‌നു യാസിറിന്റെ മാതാവ് സുമയ്യ. ഒരു ദിവസം ഹിംസാത്മകമായ ഒരു വാക്കേറ്റത്തിനൊടുവില്‍ അബൂജഹ്ല്‍ സുമയ്യയെ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിലെ ആദ്യത്തെ വനിതാ രക്തസാക്ഷി9. ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ കുടുംബത്തിലെ രണ്ട് അടിമ സ്ത്രീകളായിരുന്നു ദിന്നീറയും ലുബൈനയും.10 ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് ഉമര്‍ അവരെ നിര്‍ത്താതെ തല്ലാറുണ്ടായിരുന്നു. ഒരു ദിവസം അടി നിര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''നിങ്ങളോട് ദയ തോന്നിയിട്ടൊന്നുമല്ല നിര്‍ത്തിത്. ഞാന്‍ അടിച്ച് ക്ഷീണിച്ചതുകൊണ്ടാണ്. പുതിയ മതം ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും ഞാന്‍ നിങ്ങളെ അടിക്കും.'' ഈ പ്രയാസങ്ങളെല്ലാം സഹിച്ച് അവര്‍ സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഹിജ്‌റക്കു തൊട്ടു മുമ്പ് അഖബാ ഉടമ്പടിയില്‍ ഒപ്പുവെച്ച 73 മദീനക്കാരില്‍ രണ്ടു പേര്‍ സ്ത്രീകളായിരുന്നു- മാസിന്‍ ഗോത്രക്കാരി നുസൈബ ഉമ്മു ഉമാറയും സലം ഗോത്രക്കാരി അസ്മാഅ് ഉമ്മു മനീഉം.11 ഉമ്മു വറഖത് ബിന്‍ത് അബ്

ദുല്ലാഹിബ്‌നു ഹാരിസ് എപ്പോഴാണ് ഇസ്‌ലാം സ്വീകരിച്ചത് എന്ന് വ്യക്തമല്ല. പക്ഷേ, ഹി. രണ്ടാം വര്‍ഷം നടന്ന ബദ്ര്‍ യുദ്ധത്തില്‍ ശുശ്രൂഷകയായി പങ്കെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചിരുന്നു. ധൈഷണിക കഴിവുകളാല്‍ അനുഗൃഹീതയായിരുന്നു. അതിനാല്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ഉമ്മു വറഖക്ക് പ്രയാസപ്പെടേണ്ടിവന്നില്ല. പ്രവാചകന് അവരെക്കുറിച്ച് നല്ല മതിപ്പായിരുന്നെന്നും തന്റെ പ്രദേശത്തെ പള്ളിയിലെ ഇമാമായി അവരെ നിശ്ചയിച്ചുവെന്നും ആണുങ്ങള്‍ക്കും അവര്‍ ഇമാമായി നമസ്‌കരിച്ചിരുന്നുവെന്നും ചില നിവേദനങ്ങളില്‍ ഉണ്ട്. പ്രവാചകന്‍ അവരെ സന്ദര്‍ശിക്കുകയും, അവന്‍ മരിക്കുക രക്തസാക്ഷിയായിട്ടായിരിക്കും എന്ന് അവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.12

ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്കിനെപ്പറ്റി ചരിത്രകാരന്മാര്‍ കൂടുതലായി എഴുതുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

 

കുറിപ്പുകള്‍

1. സുയൂത്വി- ജംഉല്‍ ജവാമിഅ്

2. സുഹൈലി i-156

3. ഇബ്‌നു ഹബീബ്- മുഖ്തസറുല്‍ ജംഹറ ലിബ്‌നില്‍ കല്‍ബി

4. ഇബ്‌നു ഹബീബ്- മുഹബ്ബര്‍ പേജ് 81,82

5. ഉസ്ദുല്‍ ഗാബ V/549

6. അബൂദാവൂദ്, 27:28, ഇബനു ഹമ്പല്‍ VI-372. അല്‍ ഹകീം IV, 56,57

7. ഇബ്‌നു ഹജര്‍- ഇസ്വാബ (സ്ത്രീ), No: 535

8. ഉമ്മുഹബീബയുടെ ഭര്‍ത്താവ് ഉബൈദുല്ലയെക്കുറിച്ച് ഇബ്‌നു ഹിശാം, പേജ് 144, 783-4, ഇബ്‌നു സഅ്ദ് 1/2 പേജ് 15. സൗദയുടെ ഭര്‍ത്താവ് സുക്‌റാനെക്കുറിച്ച് ഇബ്‌നുല്‍ അസീര്‍- ഉസുദൂല്‍ ഗാബ III-131‑, V 573. നിഹായ II 284. ത്വബ്‌രി -താരീഖ് I 1767.

9. ഇബ്‌നു ഹിശാം പേജ് 206; സുഹൈലി 1-203, ബലാദുരി 1-345. അവര്‍ തുര്‍ക്കി വംശജയായിരിക്കാന്‍ ഇടയുണ്ട്.

10. ഇബ്‌നു ഹിശാം പേജ് 206, ഇബ്‌നു ഹബീബ്- മുഹബ്ബര്‍, പേജ് 184.

11. ഇബ്‌നു ഹിശാം, പേജ് 296

12. ഇബ്‌നുല്‍ ജൗസി-വഫാഅ്, പേജ് 317, ഇബ്‌നു റൗദയെ ഇബ്‌നു ഹജര്‍ ഉദ്ധരിക്കുന്നു. മത്വാലിബ് No. 4159. ഇബ്‌നു ഹമ്പല്‍ VI,  405 ചീ 2. അബൂദാവൂദ് II-62, ബാബു  ഇമാമത്തിന്നിസാഅ്: ഇബ്‌നു അബ്ദില്‍ ബര്‍റ്-ഇസ്തീആബ് കുനാ അന്നിസാഅ് No: 17

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌