Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍

കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ:

ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി, എം.ബി.ബി.എസ്, എം.എസ്.ഇ, ഡിഗ്രി, ബി.ഡി.എസ്, ടി.ടി.സി, എം.എസ്.സി, ബി.എഡ്.

വെളുത്ത നിറം, സൗന്ദര്യം, ഇരുനിറം, സാമാന്യ സൗന്ദര്യം, സൗന്ദര്യം അല്‍പം കുറവ്, ഉയര്‍ന്ന സാമ്പത്തിക ശേഷി, ഇസ്‌ലാഹി കുടുംബം, പി.ജിക്കാര്‍ക്ക് മുന്‍ഗണന, ജോലി ചെയ്യുന്നു, നീറ്റ് റാങ്ക് ലിസ്റ്റിലുണ്ട്, വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്ഥാന പ്രവര്‍ത്തകരില്‍നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു, സുന്നീ കുടുംബം, ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന, പ്രഫഷണലുകളായ യുവാക്കളില്‍നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു.....

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരള മുസ്‌ലിം സമുദായം വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ നേടിയ വളര്‍ച്ചയുടെ മാപ്പ് ഇന്നു കാണുന്ന വിവാഹ പരസ്യങ്ങള്‍ മാത്രം നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും.നബി(സ) വിവാഹാലോചനക്ക് മുന്‍ഗണന നല്‍കാന്‍ പറഞ്ഞ വിഷയം അപൂര്‍വമായേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. ഇസ്‌ലാമികേതര പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമുള്ള വിവാഹ പരസ്യങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം.

ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് വധുവോ വരനോ അല്ല; രക്ഷിതാക്കളോ കല്യാണ ബ്രോക്കര്‍മാരോ ആണ്. പലപ്പോഴും പ്രതിശ്രുത വരനോ വധുവോ അറിയുക പോലും ചെയ്യാതെയാണ് അല്ലെങ്കില്‍ അവരുടെ ദാമ്പത്യ സ്വപ്‌നം എന്തെന്ന് ചോദിക്കാതെയാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കാറുള്ളത്. യത്തീമായ പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് നിയ്യത്ത് വെച്ച യുവാവിന് കുടുംബക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 'സ്റ്റാറ്റസിനു ചേര്‍ന്ന സുന്ദരി'യെ വിവാഹം ചെയ്യേണ്ടിവന്നിട്ടുണ്ട്.

വിവാഹം ചെയ്തു കൊടുക്കുന്നതോടു കൂടി അല്ലാഹുവിന്റെയടുക്കല്‍ തന്റെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാണ് മഹാ ഭൂരിപക്ഷം മാതാപിതാക്കളും വിശ്വസിക്കുന്നത്. സാങ്കേതികാര്‍ഥത്തില്‍ ശരിയെങ്കിലും അല്ലാഹുവിന്റെ ചോദ്യം ചെയ്യലില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധ്യമല്ല. പല കുടുംബങ്ങളിലും സ്ത്രീകള്‍ പ്രയാസമനുഭവിക്കുന്ന പോലെ പുരുഷന്മാരും കഷ്ടപ്പെടുന്നുണ്ട്. അനുസരണയില്ലാത്ത ഭാര്യമാര്‍ മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഭര്‍ത്താക്കന്മാരും ഒട്ടും കുറവല്ല.

തന്റെ മക്കള്‍ക്ക് നല്ല കുടുംബജീവിതം ലഭിക്കണമെന്നുള്ളത് ഏത് മാതാവിന്റെയും പിതാവിന്റെയും ആഗ്രഹമാണ്. ഈ ആഗ്രഹസഫലീകരണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് കുഞ്ഞുങ്ങളുടെ ശൈശവകാലം മുതല്‍തന്നെയാണ്. രക്ഷിതാക്കള്‍ പള്ളിയില്‍ പോകുമ്പോള്‍ അല്ലെങ്കില്‍ ഇസ്‌ലാമിക ക്ലാസുകളില്‍ പോകുമ്പോള്‍ തന്റെ മകന്റെ/മകളുടെ കൈ പിടിച്ച് അവരെയും കൂടെ കൊണ്ടുപോയാല്‍ ആ ശിക്ഷണം ഒന്നാമത്തെ ഇസ്‌ലാമിക പാഠമാണ്.

യുവാക്കള്‍ വധുവിനെ തേടുന്ന പരസ്യങ്ങളേക്കാള്‍ പെണ്‍കുട്ടികള്‍ വരനെ തേടുന്ന പരസ്യങ്ങളാണ് ഇന്ന് കൂടുതല്‍. അനുയോജ്യരായ 'വിദ്യാഭ്യാസ യോഗ്യത'യുള്ള പ്രാസ്ഥാനിക പ്രവര്‍ത്തകരില്‍നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു എന്ന പരസ്യം നല്‍കുമ്പോള്‍ ആ രക്ഷിതാവിന്റെ ഇസ്‌ലാമിക ബോധവും കുടുംബത്തിന്റെ മാനസിക നിലവാരവും ആ വരികളില്‍തന്നെ വായിച്ചെടുക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത തൊഴിലന്വേഷകരുടെ ബയോഡാറ്റയില്‍ വരേണ്ട സംഗതിയല്ലേ? ആ യോഗ്യത വിവാഹ കമ്പോളത്തില്‍ എത്തുമ്പോള്‍ ദാമ്പത്യവും വെറുമൊരു തൊഴിലായി പരിണമിക്കുകയില്ലേ? അല്ലെങ്കില്‍ തന്റെ മകള്‍ക്ക് തുല്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവനുമായി ദാമ്പത്യജീവിതം പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണ് എന്നതാണെങ്കില്‍ അവിടെ 'പ്രസ്ഥാനം' പരാമര്‍ശിക്കാനേ പാടില്ല.

ഉയരവും നിറവും സാമ്പത്തികവും കുടുംബവും ഇസ്‌ലാമില്‍ മുഖ്യ പരിഗണനകളല്ലല്ലോ. ഈ ഉന്നത ചിന്തയിലേക്ക് നാം സ്വയം വളരുകയും നമ്മുടെ മക്കളെ വളര്‍ത്തുകയും ചെയ്താല്‍ പലതരം വഴുതലുകളില്‍നിന്ന് നമുക്ക് രക്ഷപ്പെടാം.

പ്രേമം തുടങ്ങേണ്ടത് വിവാഹത്തിനു ശേഷമാണ്. ഇണക്ക് നല്‍കാനുള്ളതാണ് പ്രേമം. തുണക്ക് നല്‍കാനുള്ളതാണ് കാരുണ്യം. ആ സ്‌നേഹവും കാരുണ്യവും ഒന്നിച്ചു നില്‍ക്കുന്നതാണ് മവദ്ദത്തുന്‍ വറഹ്മ, അതാണ് മുറിഞ്ഞുപോകാതെ സ്വര്‍ഗത്തിലെത്തുന്ന ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യം. ഈ വിജയത്തിലേക്കുള്ള അന്വേഷണമാവട്ടെ നമ്മുടെ വിവാഹാലോചനകള്‍.

 

 

മതപ്രസംഗങ്ങള്‍ അധിക പ്രസംഗങ്ങളാകുമ്പോള്‍

കേരളത്തിന്റെ തെരുവോരങ്ങളില്‍ മതപ്രസംഗങ്ങള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന അധിക പ്രസംഗങ്ങളെക്കുറിച്ച് പ്രബോധനത്തിന്റെ താളുകളില്‍ ഇതിന് മുമ്പ് പലരും പ്രതികരിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സജീവമാവുകയും മതപ്രസംഗ തൊഴിലാളി യൂനിയനുകളും അവരെ നിയന്ത്രിക്കുന്ന ലോബികളും പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ പല രീതികളും കണ്ടുവരുന്നു

മരണപ്പെടുന്നവരെ പള്ളിയിലേക്കെടുക്കുകയും അവിടെ വെച്ച് മയ്യിത്ത് നമസ്‌കരിച്ചതിനു ശേഷം മറമാടുകയാണ് ചെയ്തുവരുന്നത്. എന്നാലിപ്പോള്‍ ഉസ്താദുമാരും സംഘവും മരണവീടുകള്‍ സന്ദര്‍ശിച്ച് യാസീന്‍ ഓതി ദീര്‍ഘമായി പ്രാര്‍ഥിക്കുന്നു. ഈയിടെ ഒരു മരണവീട്ടില്‍ വെച്ച് ഉസ്താദ് ദീര്‍ഘമായി പ്രാര്‍ഥിച്ചു. അതിലെ ഒരു വാചകം ഇങ്ങനെയായിരുന്നു: 'ഖബ്‌റിലെ പാമ്പുകളുടെ ഉപദ്രവത്തില്‍നിന്ന് പരേതനെ രക്ഷിക്കണേ.' ധാരാളം അമുസ്‌ലിം സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. 'ഖബ്‌റില്‍ പാമ്പുകള്‍ മരിച്ചുപോയ വ്യക്തിയെ വളഞ്ഞിട്ടാക്രമിക്കും' എന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് അവരില്‍ ഒരാള്‍ ചോദിച്ചു. 'ഇത്തരം ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെടാനാണല്ലോ ഞങ്ങള്‍ മൃതദേഹം കത്തിച്ചുകളയുന്നത്' എന്ന് ഇതു കേട്ട മറ്റൊരാളുടെ കമന്റ്! മരണാനന്തരമുള്ള രക്ഷാ ശിക്ഷകളെക്കുറിച്ച വിശദാംശങ്ങള്‍ നമുക്കറിയുകയില്ല. ഖബ്‌റിലെ ശിക്ഷയെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടല്ലോ. ആത്മീയമാണോ ശാരീരികമാണോ എന്ന കാര്യത്തിലും തര്‍ക്കമുണ്ട്. അത് എന്തോ ആയിക്കൊള്ളട്ടെ. എന്നാല്‍ ഇസ്‌ലാമിനെക്കുറിച്ചോ പരലോക സങ്കല്‍പത്തെക്കുറിച്ചോ ഒന്നും അറിയാത്തവരുടെ മുന്നില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും അവ്യക്തത സൃഷ്ടിക്കാനുമല്ലേ ഉപകരിക്കുക?

ഒരിക്കല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‌കാരത്തിന്റെ ക്രമം പറയുന്ന കൂട്ടത്തില്‍, ശാഫിഈകള്‍ ഫാതിഹ ഓതണമെന്നും ഹനഫികള്‍ സനാഅ് ചൊല്ലണമെന്നും ഉസ്താദ് നിര്‍ദേശിച്ചു. ഏതെങ്കിലും ഒരു രൂപത്തില്‍ നമസ്‌കരിക്കണമെന്നല്ലാതെ കര്‍മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ആ സന്ദര്‍ഭത്തില്‍ പൊതുജനങ്ങളുടെ മുന്നില്‍ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുന്നത് വിവേകപൂര്‍ണമായ നടപടിയാണോ? 

ഇസ്‌ലാമിനും മുസ്‌ലികള്‍ക്കും അവമതിപ്പുാക്കുന്ന ഇത്തരം നിരവധി പ്രസംഗങ്ങളും സംഭവങ്ങളും എടുത്തുപറയാനാകും. എന്താണ് ഇതിനു പരിഹാരം? കുറുക്കുവഴികളില്ല. മതബോധനരംഗത്ത് സമൂലമായ മാറ്റമാണ് പരിഹാരം. മഹല്ലുകളില്‍നിന്ന് ബുദ്ധിശക്തിയും പ്രതിഭയുമുള്ള കുട്ടികളെ കണ്ടെത്തണം. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ക്ക് മെച്ചപ്പെട്ട ഭൗതിക വിദ്യാഭ്യാസം നല്‍കണം. പിന്നീട് ആധുനിക കാഴ്ചപ്പാടോടെ ശരിയായ ഇസ്‌ലാമിക വിദ്യാഭ്യാസവും നല്‍കണം. നിലവിലുള്ള മദ്‌റസകളിലെയും ദര്‍സുകളിലെയും കരിക്കുലവും സിലബസും ഉടച്ചുവാര്‍ക്കണം. കലാലയങ്ങളില്‍നിന്ന് ലഭിക്കുന്ന ഏതെങ്കിലും ബിരുദം അടിസ്ഥാന യോഗ്യതയാക്കണം. ലളിതവും സുതാര്യവുമായി ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ ഒരു ഭാഷാ ശൈലിയും അവര്‍ക്ക് സ്വായത്തമാക്കാന്‍ കഴിയണം. അങ്ങനെ വൈജ്ഞാനിക അടിത്തറയുള്ള, മനശ്ശാസ്ത്ര ബോധമുള്ള, ദേശീയ- സാര്‍വദേശീയ സംഭവങ്ങളെക്കുറിച്ച് അവബോധമുള്ള, പത്രപ്രസിദ്ധീകരണങ്ങളോടും പുസ്തകങ്ങളോടും ആഭിമുഖ്യമുള്ള സമഗ്ര വ്യക്തിത്വത്തിന്റെ ഉടമകളെ സൃഷ്ടിക്കുകയും അവരെ മതനേതൃത്വം ഏല്‍പിക്കുകയും ചെയ്താല്‍ മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ.

അബ്ബാസ് റോഡുവിള

 

കഴിവുകള്‍ കണ്ടെടുക്കുക

ഡോ. ജാസിമുല്‍ മുത്വവ്വയുടെ കുടുംബ വര്‍ത്തമാനങ്ങള്‍  മനോഹരവും ഉപകാരപ്രദവുമാണ്. ഇനിയെന്ത്, എങ്ങോട്ട് എന്നാലോചിച്ച് പകച്ചുനില്‍ക്കുന്നവര്‍ക്ക് വഴികാട്ടിയാണ് പല ലേഖനങ്ങളും. ജാസിം മുത്വവ്വക്കും വിവര്‍ത്തകന്‍ പി.കെ ജമാലിനും അനുമോദനങ്ങള്‍

2017 ആഗസ്റ്റ് 18-ന്റെ പ്രബോധനത്തിലെ 'ഒരു വിവാഹമോചിതയുടെ വിജയഗാഥ'യെന്ന തലക്കെട്ടില്‍ വന്ന ലേഖനം മൃതപ്രായരായവര്‍ക്ക് ജീവന്‍ നല്‍കുന്നതാണ്. ഇനി എന്നെക്കൊണ്ടൊന്നിനും കഴിയില്ലെന്നു വിശ്വസിച്ച് മരണം കാത്തുകഴിയുന്നവര്‍ക്കുള്ള പ്രചോദനം. 

പണം നഷ്ടപ്പെട്ടാല്‍ അത് തിരിച്ചുപിടിക്കാം, ആരോഗ്യം നഷ്ടപ്പെട്ടാലും തിരിച്ചുപിടിക്കാം. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ഓരോ മനുഷ്യന്റെയും ഉള്ളില്‍ ചില ഖനികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് കണ്ടെത്തി ഉപയോഗപ്പെടുത്തുന്നവര്‍ വിജയം വരിക്കുന്നു. അത്തരം ആളുകള്‍ കഴിഞ്ഞുപോയ നിമിഷങ്ങളെയോര്‍ത്ത് ദുഃഖാര്‍ത്തരായി ഇരിക്കാതെ, ഇനിയുള്ള ജീവിതം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നു.

അടുത്ത നിമിഷം ശ്വാസം നിലക്കാന്‍ സാധ്യതയുണ്ടെന്ന് ഡോകടര്‍ പറഞ്ഞിട്ടും അപ്പോഴും വാശിയോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന വയലാറിന്റെ വരികളെ ഓര്‍മപ്പെടുത്തുന്നതാണ് അവരുടെ ജീവിതം. ഇവിടെയാണ് ലേഖനത്തിന്റെ പ്രസക്തി. വിവാഹമോചനമോ ജോലി നഷ്ടപ്പെടലോ ഒന്നും ജീവിതത്തിന്റെ അവസാനമല്ലെന്ന തിരിച്ചറിവ് ഉാവണം. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ വരുന്നവരിലും പെന്‍ഷന്‍ പറ്റിയവരിലുമൊക്കെ ഇങ്ങനെ നിരാശ ബാധിച്ചവരെ കാണാറുണ്ട്. ഇനി എനിക്കൊന്നും ചെയ്യാനില്ലെന്ന മട്ടില്‍ മരണം കാത്തു കഴിയുന്നവര്‍. നമസ്‌കാരത്തെ കുറിച്ച് പറയുമ്പോള്‍, നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്നും ഇരിക്കാന്‍ കഴിയാത്തവര്‍ കിടന്നും അതിനും കഴിയാത്തവര്‍ മനസ്സുകൊണ്ടെങ്കിലും നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചതുപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബാധകമാണ് ഈ തത്ത്വം. അല്ലാഹു ഓരോ മനുഷ്യനിലും നിക്ഷേപിച്ച കഴിവുകള്‍ കണ്ടെത്താതെ മരിച്ചു മണ്ണാവുകയാണ് അധിക മനുഷ്യരും.

കെ.കെ ബശീര്‍, കുറുവ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌