ഇബ്‌റാഹീമീ പാരമ്പര്യം പിന്തുടരുക
അല്ലാഹുവിനുള്ള സമര്‍പ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍. ദൈവപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത ഒരു കുടുംബത്തിന്റെ, അഥവാ ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്മാഈലിന്റെയും സ്മരണ സജീവമാവുകയാണ് ഹജ്ജിലും പെരുന്നാളിലും. ആ മഹദ്‌വ്യക്തിത്വങ്ങളുടെ മാതൃക പിന്‍പറ്റുമെന്നും അവരുടെ അഭിലാഷങ്ങള്‍ സ്വന്തം ജീവിതത്തില്‍ സാക്ഷാത്കരിക്കുമെന്നും പ്രതിജ്ഞയെടുക്കുകയാണ് ബലിപെരുന്നാളിലെ തക്ബീറുകളിലൂടെ.
മനുഷ്യകുടുംബത്തിന്റെ പിതാവ് ആദമായിരിക്കെ, 'നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്റെ പാത പിന്തുടരുക' എന്ന അല്ലാഹുവിന്റെ കല്‍പന ഇബ്‌റാഹീമി(അ)ന്റെ വ്യതിരിക്ത വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നുണ്ട്. ലോകത്തെ പ്രബല മതങ്ങളെല്ലാം അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നു. പക്ഷേ, വക്രതകളേതുമില്ലാതെ അല്ലാഹുവിന് സമര്‍പ്പിക്കാന്‍ സന്നദ്ധനായി എന്നതാണ് ഇബ്‌റാഹീമിന്റെ സവിശേഷത.
നംറൂദ് എന്ന ഭരണാധികാരിയുടെ കാര്‍മികത്വത്തില്‍ നിലനിന്നിരുന്ന നാഗരികതയായിരുന്നു ഇബ്‌റാഹീമിന്റെ പ്രഥമ പ്രവര്‍ത്തനമണ്ഡലം. ആരെ കൊല്ലണമെന്നും ആരെ ജീവിക്കാനനുവദിക്കണമെന്നും (അല്‍ബഖറ 258) തീരുമാനിക്കാനുള്ള അധികാരം ഭരണകൂടത്തിനാണെന്ന് അവകാശപ്പെട്ട ഒരു അതിക്രമകാരി, ആ ഭരണകൂടത്തിന് വിധേയപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട ജനത, പ്രപഞ്ചത്തിന്റെ വിധാതാവ് അല്ലാഹുവാണെന്ന തിരിച്ചറിവുണ്ടായിരിക്കെ തന്നെ പരശ്ശതം വിഗ്രഹങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്ന സമൂഹം, അവരുടെ മൂഢധാരണകളെ നിലനിര്‍ത്തി മതാധികാര വാഴ്ച നടത്തുന്ന പൗരോഹിത്യം- ഇവയോടെല്ലാമാണ് ഇബ്‌റാഹീം കലഹിച്ചതും സംവദിച്ചതും. ഒറ്റക്കായിരുന്നു ആ സമരം ഇബ്‌റാഹീം മുന്നോട്ടു കൊണ്ടുപോയത്. പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. പിന്തുണക്കേണ്ടവരൊക്കെ അദ്ദേഹത്തെ ആട്ടിയോടിച്ചു. ''തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിനോട് വണക്കമുള്ള, ഏകാഗ്രതയുള്ള ഒരു പൂര്‍ണ സമുദായമായിരുന്നു.'' ഒരു സംഘം നിര്‍വഹിക്കേണ്ട ചുമതല മുഴുവന്‍ അദ്ദേഹം ഒറ്റക്ക് നിര്‍വഹിച്ചു.
പിശാചെന്ന ഒരു ശത്രു മാത്രമേ ഇബ്‌റാഹീമിന് ഉണ്ടായിരുന്നുള്ളൂ. തന്റെ വഴിയില്‍ പ്രകോപനങ്ങളും പ്രലോഭനങ്ങളുമായി വന്നപ്പോഴൊക്കെയും ഇബ്‌ലീസിന്റെ കുതന്ത്രത്തെ തിരിച്ചറിഞ്ഞ് അവനെ കല്ലെറിഞ്ഞോടിച്ചു. മറ്റുള്ളവരോടൊക്കെയും തികഞ്ഞ ഗുണകാംക്ഷയും സ്‌നേഹവും പുലര്‍ത്തി ആ പ്രവാചകന്‍. നിര്‍ഭയവും സുഭിക്ഷവുമായ ഒരു സാമൂഹികാന്തരീക്ഷവും അങ്ങനെയൊരു ക്ഷേമരാഷ്ട്രവും പുലരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഭൂമിയുടെ ഏതു ഭാഗത്തെത്തിയപ്പോഴും അദ്ദേഹം പ്രാര്‍ഥിച്ചത് നിര്‍ഭയമായ ഒരു നാടിനുവേണ്ടിയായിരുന്നു (ഇബ്‌റാഹീം 35). തന്റെ ആദര്‍ശമാര്‍ഗത്തിലേക്ക് കടന്നുവരുന്നവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കി അനുഗ്രഹിക്കേണമേ എന്ന് അദ്ദേഹം പ്രാര്‍ഥിച്ചപ്പോള്‍, തന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവരെയും ആ അനുഗ്രഹവലയത്തില്‍ ഉള്‍പ്പെടുത്തൂ എന്ന് അല്ലാഹു തിരുത്തി. ത്യാഗോജ്ജ്വലമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അല്ലാഹുവിന്റെ മുന്നില്‍ തന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചപ്പോഴും ഇബ്‌റാഹീമിന്റെ മനസ്സില്‍നിന്നും തുളുമ്പിയത് അപരനോടുള്ള കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വികാരങ്ങളാണ് (ഇബ്‌റാഹീം 36).
തന്റെ സഹപ്രവാചകനായിരുന്ന ലൂത്വി(അ)ന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മുഖവിലക്കെടുക്കാതെ സമൂഹം മുന്നോട്ടു പോയപ്പോള്‍ അവരുടെ മേല്‍ ദൈവികശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഇബ്‌റാഹീം(അ) അല്ലാഹുവോട് തര്‍ക്കിക്കുക തന്നെ ചെയ്തു. മനുഷ്യരോടുള്ള നിലക്കാത്ത കാരുണ്യത്തിന്റെ പ്രവാഹമായിരുന്നു ഇബ്‌റാഹീം. അദ്ദേഹം നിലപാടുകളില്‍ വിവേകം പുലര്‍ത്തി (ഹൂദ് 75).
ഇബ്‌റാഹീം നബിയുടെ ജീവിത സന്ദേശം വളരെ പ്രസക്തമായ കാലമാണിത്. പൗരന്റെ ജീവിതവും വിഭവങ്ങളും മാത്രമല്ല, അവന്റെ മരണവും തങ്ങളുടെ നിര്‍ണയാവകാശങ്ങളാണെന്ന് കരുതുന്ന ഭരണാധികാരികള്‍ നാട് ഭരിക്കുന്നു. പേടിപ്പിച്ച് നിര്‍ത്തിയും പ്രകോപനം സൃഷ്ടിച്ചും രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കിയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. സമൂഹത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാമെന്നവര്‍ കണക്കു കൂട്ടുന്നു. ഇബ്‌റാഹീം ഉയര്‍ത്തിപ്പിടിച്ച സാഹോദര്യത്തിലും മാനവികതയിലും അധിഷ്ഠിതമായ, ഏകനായ അല്ലാഹുവിന് മാത്രം വിധേയപ്പെടുന്ന ജീവിത സംസ്‌കാരത്തിലൂടെ മാത്രമേ ക്ഷേമപൂര്‍ണവും നിര്‍ഭയവുമായ സാമൂഹിക സൃഷ്ടി സാധ്യമാവുകയുള്ളൂ. എല്ലാ ഉടമാവകാശികളെയും അടിമത്തമനുഭവിക്കുന്നവരെയും അല്ലാഹുവിന്റെ മാത്രം അടിമ എന്ന സമതലത്തില്‍ നിര്‍ത്തി മാത്രമേ രാജ്യത്തെ കുറിച്ച മികച്ച സ്വപ്‌നങ്ങള്‍ മെനയാന്‍ സാധിക്കൂ.
ഇത്തവണ ബലിപെരുന്നാളും ഓണവും ഒന്നിച്ചാണ്. ആധ്യാത്മികതക്കപ്പുറം മനുഷ്യബന്ധങ്ങളെ ഇണക്കിച്ചേര്‍ത്ത് കരുത്തുറ്റതാക്കുന്ന ദൗത്യം കൂടി ആഘോഷങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. മനുഷ്യന്റെ ഏകതയും ക്ഷേമപൂര്‍ണമായ നാടും നാളെയും ഈ രണ്ട് ആഘോഷങ്ങളും ഒരുപോലെ പങ്കുവെക്കുന്ന പ്രതീക്ഷകളാണ്. വര്‍ഗീയ, സാമുദായിക ധ്രുവീകരണങ്ങള്‍ വര്‍ധിക്കുന്ന കലുഷമായ ചുറ്റുപാടില്‍ വ്യക്തികളും സമുദായങ്ങളും പരസ്പരമുള്ള ഹൃദയബന്ധങ്ങള്‍ ബലപ്പെടുത്താനുതകുന്നതാവണം നമ്മുടെ ആഘോഷങ്ങള്‍. ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ കരുത്താവാന്‍ ഈ ആഘോഷങ്ങള്‍ക്ക് സാധിക്കണം.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവരുന്ന മുഴുവന്‍ പരീക്ഷണങ്ങളെയും പതറാതെ നേരിടാന്‍ ഇബ്‌റാഹീമി(അ)ന്റെ ജീവിതം ആഹ്വാനം ചെയ്യുന്നുണ്ട്. ഭരണകൂടമൊരുക്കുന്ന തീക്കുണ്ഠവും സാമൂഹിക ഭ്രഷ്ടും പലായനവും സന്താനത്യാഗവുമെല്ലാം താണ്ടിക്കടക്കേണ്ട വഴിദൂരങ്ങളാണ്. അവര്‍ക്കുള്ളതാണ് ലോകനേതൃത്വം (അല്‍ബഖറ 124). ആ പാരമ്പര്യമാണ് പ്രവാചകന്‍ മുഹമ്മദ് (സ) ഏറ്റെടുത്തത്. ആ വഴിയില്‍ ഉള്‍പ്പെട്ടതിലുള്ള കൃതജ്ഞതയും ത്യാഗനിര്‍ഭരമായ ജീവിതം ഏറ്റെടുക്കുമെന്ന സമ്മതവുമാണ് തക്ബീറുകള്‍- അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.
Comments