Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

കെ.ടി ബീരാന്‍

ശമീര്‍ മുണ്ടുമുഴി

വാഴക്കാട് ഏരിയയിലെ സജീവ ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു ഊര്‍ക്കടവ് കെ.ടി ബീരാന്‍ സാഹിബ്. അനുപമമായ ഇഛാശക്തിയുടെ ഉടമയായിരുന്ന അദ്ദേഹം വളരെ ചെറുപ്പം മുതലേ ജീവിത പ്രാരാബ്ധങ്ങളില്‍നിന്ന് കരകയറാന്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ്. പ്രസ്ഥാനത്തിന്റെ എല്ലാ കര്‍മപരിപാടികളിലും മുന്‍നിരയില്‍ നിലയുറപ്പിച്ചിരുന്ന അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു.

കെ.ടി.സിയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലത്ത് ഇന്ത്യ മുഴുവന്‍ താണ്ടി. സാഹസികത നിറഞ്ഞ ആ യാത്രകള്‍ 9 വര്‍ഷത്തോളം തുടര്‍ന്നു. അന്ന് ബീരാന്‍ സാഹിബ് എല്ലാവര്‍ക്കും കെ.ടി.സി ബീരാന്‍ക്ക ആയിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളില്‍ വളയം പിടിച്ച അദ്ദേഹം, കുറഞ്ഞ കാലം കൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റിനും യാത്രക്കാര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഡ്രൈവറായി മാറുകയും ചെയ്തു. സര്‍വീസ് കാലയളവില്‍ ഒരു അപകടവും വരുത്താത്ത മികച്ച ഡ്രൈവര്‍ എന്ന സല്‍പേരിന്റെ ഉടമ കൂടിയായിരുന്നു ബീരാന്‍ സാഹിബ്. സേവനപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മാതൃകയായിരുന്നു. ഒരു വീടുനിര്‍മാണത്തില്‍ അദ്ദേഹത്തോടൊപ്പം സേവനം ചെയ്യാന്‍ ഈ കുറിപ്പുകാരന് അവസരം കിട്ടിയിരുന്നു. പ്രായമായ അദ്ദേഹം കല്ല് ചുമക്കുന്നതുകണ്ട് പ്രയാസം തോന്നി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തന്ന മറുപടി ആവേശം കൊള്ളിക്കുന്നതായിരുന്നു! 'എനിക്ക് അറിവില്ല. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ ആദര്‍ശം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയില്ല. സാധിക്കുന്നത് ഇത്തരം സേവനമാണ്. അതും നിര്‍വഹിച്ചില്ലെങ്കില്‍ പിന്നെ എന്താണ് ഞാന്‍ പ്രസ്ഥാനത്തിന് കൊടുക്കുക?'

ലാളിത്യവും സഹൃദയത്വവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അതുകൊണ്ട്തന്നെ വലിയൊരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. യൗവനകാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ബീരാന്‍ സാഹിബിന് ജമാഅത്ത് പ്രവര്‍ത്തകരുമായും പള്ളിയുമായും ഉണ്ടണ്ടായിരുന്ന ഊഷ്മള ബന്ധമാണ് ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സമ്മേളനാനന്തരം ബീരാന്‍ സാഹിബ് ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനായി മാറി. ഭാര്യ: ആമിന. മക്കള്‍: ശാന്തപുരം അല്‍ ജാമിഅയിലെ അധ്യാപകന്‍ അബ്ദുല്‍ ഹമീദ്, അസ്മാബി.

 

ഓണമ്പിള്ളി  ഇ.എം അബ്ദുല്ല മൗലവി 

ഓണമ്പിള്ളി  ഇ.എം അബ്ദുല്ല മൗലവി (72),  കൊയിലാണ്ടി മുസ്‌ലിയാര്‍ എന്നറിയപ്പെട്ടിരുന്ന കൊയിലാണ്ടി ഇടയപുറത്ത് പരേതനായ മൊയ്തീന്‍ കോയയുടെയും പരേതയായ ഓടക്കാലി സ്വദേശിനി ഫാത്വിമയുടെയും മകനാണ്. നല്ല വായനാ ശീലമുണ്ടായിരുന്ന ഇദ്ദേഹം സമുദായത്തിനകത്തെ ജീര്‍ണതകള്‍ക്കെതിരെ ആദ്യകാലം മുതല്‍തന്നെ ശബ്ദിച്ചിരുന്നു. എന്നാല്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് അകലം പാലിച്ചു. ഓടക്കാലി, കൊന്നത്തടി, വല്ലം-ചൂണ്ടി എന്നിവിടങ്ങളില്‍ മദ്‌റസാ അധ്യാപകനായും ഓണമ്പിള്ളി മുസ്‌ലിം ജമാഅത്തില്‍ ഏറെക്കാലം ഖത്വീബായും സേവനമനുഷ്ഠിച്ചിരുന്ന ഉസ്താദ് നാല്‍പത്തിയഞ്ച് വര്‍ഷത്തോളം ഓണമ്പിള്ളി ദാറൂല്‍ ഉലൂം മദ്‌റസയില്‍ സ്വദ്ര്‍ മുഅല്ലിമായിരുന്നു. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ പൊമ്പാവൂര്‍ മേഖലാ പ്രസിഡന്റും പരീക്ഷാ ബോര്‍ഡ് മേഖലാ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഓണമ്പിള്ളി കാട്ടേത്ത് കുടുംബാംഗം ആസിയ. മക്കള്‍: അബൂബക്കര്‍ ബാഖവി, സുല്‍ഫീക്കര്‍ അലി ഫൈസി, ഹാമിദലി, സാദിഖലി, ഷമീല. 

ഹൈദ്രോസ് ഓണമ്പിള്ളി

 

കരുവാട്ടില്‍ സൈദ് കുരിക്കള്‍

സംഘടനാ ഘടനയില്‍ ഇല്ലായിരുന്നുവെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനമല്ലാതെ ഒന്നും മനസ്സിലില്ലാതിരുന്ന വ്യക്തിയായിരുന്നു ഇക്കഴിഞ്ഞ ഈദുല്‍ ഫിത്വ്ര്‍ ദിവസം അല്ലാഹുവിങ്കലേക്ക് യാത്രയായ വടക്കാങ്ങര കരുവാട്ടില്‍ സൈദ് കുരിക്കള്‍ (89). വടക്കാങ്ങര മഹല്ല് ഖാദിയായിരുന്ന മര്‍ഹൂം കെ. അബ്ദുല്‍ ഖാദിര്‍ മൗലവി, മുഹമ്മദ് എന്ന കുട്ടിയാപ്പു, അബൂബക്കര്‍ മൗലവി, ആമിന എന്നിവരുടെ സഹോദരന്‍.

വടക്കാങ്ങര മഹല്ലിന്റെ രൂപീകരണ പശ്ചാത്തലത്തില്‍ മര്‍ഹൂം എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ പ്രഭാഷണ പരിപാടിക്ക് ഉച്ചഭാഷിണി ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തല്‍ ഭീഷണിയുമായി നാട്ടിലെ തല്‍പരകക്ഷികള്‍ രംഗത്തിറങ്ങിയപ്പോള്‍ സമര്‍ഥമായ നീക്കത്തിലൂടെ മൈക്ക് പെര്‍മിഷന്‍ നേടിയെടുത്തുകൊണ്ട് 'സൈദ് കാക്ക' നടത്തിയ ഇടപെടല്‍ പഴയ തലമുറയിലെ അവശേഷിക്കുന്നവര്‍ ആവേശപൂര്‍വം ഇന്നും ഓര്‍ക്കുന്നു. ജമാഅത്തിന്റെ പ്രസ്തുത പരിപാടി മുടങ്ങാതിരിക്കാന്‍ മുന്നില്‍ നിന്നതിന്റെ കാരണത്താല്‍ അദ്ദേഹത്തിനെതിരെ വധശ്രമവും നടന്നിട്ടുണ്ട്. മക്കളെ ഉപരിപഠനത്തിന് ജമാഅത്ത് സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നതില്‍ അദ്ദേഹം കണിശത പുലര്‍ത്തി.

മഹല്ല് ശാക്തീകരണവുമായി  ബന്ധപ്പെട്ട സാമൂഹിക സംരംഭങ്ങളിലെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആവേശമായിരുന്നു. കര്‍ഷകവൃത്തിയോടൊപ്പം റേഷന്‍ കട, തുണിവ്യാപാരം എന്നീ മേഖലകളായിരുന്നു ജീവിതായോധന ഉപാധികള്‍. ആരെയും വെറുപ്പിക്കാതിരിക്കാനും അന്യരോട് വെറുപ്പോ വിദ്വേഷമോ വരാതിരിക്കാനും സൂക്ഷ്മശ്രദ്ധ പുലര്‍ത്തിയതോടൊപ്പം സ്വന്തം നിലപാടുകള്‍ ആര്‍ജവത്തോടെ തുറന്നുപറയുന്ന ശൈലി അദ്ദേഹത്തെ വ്യതിരിക്തനാക്കി. ഭാര്യ: പരിയാരത്ത് ആഇശ, പാതിരമണ്ണ. മക്കള്‍: അബ്ദുല്‍ ഹമീദ്, സാറാ ഉമ്മ (റിട്ട. ഐ.എം.ഇ, മലപ്പുറം), സുബൈദ (അധ്യാപിക, ജി.ബി.എച്ച്.എസ്, മഞ്ചേരി), മുഹമ്മദലി, ഫൗസിയ (അധ്യാപിക, ഇന്ത്യന്‍ എംബസി സ്‌കൂള്‍, റിയാദ്), കുഞ്ഞിമുഹമ്മദ്, മുഹമ്മദ് മുനീര്‍, നജിയ്യ.

സയ്യിദ് ഹുസൈന്‍ തങ്ങള്‍ വടക്കാങ്ങര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌