Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

അബ്‌സീനിയ പലായനം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-17

മക്കയില്‍ പീഡനങ്ങള്‍ക്ക് ഒരു കുറവുമില്ല. എല്ലാ ഉപഗോത്രങ്ങളിലും കുടുംബങ്ങളിലും ഇപ്പോള്‍ മുസ്‌ലിംകളുണ്ട്. പക്ഷേ അവരുടെ ജീവന്‍ അങ്ങേയറ്റത്തെ ഭീഷണിയിലാണ്. കടുത്ത ശത്രുതയുമായി കടന്നുവരുന്നത് സ്വന്തം രക്തബന്ധുക്കള്‍ തന്നെയാണ്. ഉദാഹരണത്തിന്, സഈദുബ്‌നുല്‍ ആസ്വ് തന്റെ സ്വന്തം മകന്‍ ഖാലിദിന്റെ തലയടിച്ച് പൊട്ടിച്ചു.1  മക്കാനഗരത്തില്‍ പീഡനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികളൊന്നും തുറന്നുകിട്ടാത്ത സാഹചര്യത്തില്‍ നബി തന്റെ അനുയായികളെ ഉപദേശിച്ചു: 'നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അബ്‌സീനിയയില്‍ പോയി അഭയം തേടൂ. കാരണം അവിടം ഭരിക്കുന്ന രാജാവിന്റെ കീഴില്‍ ഒരാളും മര്‍ദിക്കപ്പെടുകയില്ല. അത് സത്യത്തിന്റെ ഭൂപ്രദേശമാണ്. അവിടെ തങ്ങുക, ദൈവം കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തരും വരെ.' 2 പന്ത്രണ്ടു പേര്‍, അവരില്‍ ഏതാനും സ്ത്രീകളുമുണ്ട്, അദ്യ സംഘമായി അബ്‌സീനിയയിലേക്ക് തിരിച്ചു. ഏറെ വൈകാതെ രണ്ടാമത്തെ സംഘവും അവരെ പിന്തുടര്‍ന്നു. ഒന്നാമത്തെ സംഘത്തിന് ലഭിച്ച ഹൃദ്യമായ സ്വീകരണമായിരിക്കണം രണ്ടാമത്തെ സംഘത്തിന്റെ യാത്രക്ക് പ്രചോദനമായത്. ഒന്നാമത്തെ സംഘത്തിലുണ്ടായിരുന്ന പ്രമുഖനാണ് നബിയുടെ മരുമകനായ ഉസ്മാനുബ്‌നു അഫ്ഫാന്‍; രണ്ടാമത്തെ സംഘത്തിലുണ്ടായിരുന്ന ആളാണ് നബിയുടെ സഹോദര പുത്രനായ ജഅ്ഫര്‍ ത്വയ്യാര്‍ (ജഅ്ഫറുബ്‌നു അബീത്വാലിബ്). ഉസ്മാന്റെ കൂടെ തന്റെ ഭാര്യയും നബിപുത്രിയുമായ റുഖിയ്യയും ഉണ്ടായിരുന്നു. ഒരു കഴുതപ്പുറത്തായിരുന്നു അവരുടെ യാത്ര.3 നബി അബ്‌സീനിയയിലെ നജ്ജാശി രാജാവിന് കൊടുത്തയച്ച കത്ത് ഇപ്പോഴും ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ജഅ്ഫറിനും ഒപ്പമുള്ള തന്റെ അനുയായികള്‍ക്കും ആതിഥ്യം നല്‍കണമെന്ന് കത്തില്‍ നബി അഭ്യര്‍ഥിച്ചിരുന്നു. ഈ കത്തുമായിട്ടാവണം ജഅ്ഫര്‍ യാത്ര തിരിച്ചത്. ഒരുപക്ഷേ നബിക്ക് നജ്ജാശിയെ വ്യക്തിപരമായി പരിചയവും ഉണ്ടായിരിക്കണം. ഇതു സംബന്ധമായ വിശദാംശങ്ങള്‍ നാം പിന്നീട് നല്‍കുന്നുണ്ട്.

കുറച്ച് കഴിഞ്ഞ് മറ്റൊരു സംഭവം നടക്കുന്നുണ്ട്. ഒരിക്കല്‍ നബി കഅ്ബാ പരിസരത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ 53-ാം അധ്യായമായ അന്നജ്മ് ആണ് പാരായണം ചെയ്തുകൊണ്ടിരിക്കുന്നത്. 'ലാത്തയെയും ഉസ്സയെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? കൂടാതെ മൂന്നാമതായുള്ള മനാത്ത യെക്കുറിച്ചും?' ഇത് 19-20 സൂക്തങ്ങളാണ്. 'അവര്‍ വലിയ ദൈവങ്ങളാണോ? അവരുടെ ശിപാര്‍ശ വല്ല പ്രതീക്ഷയും നല്‍കുന്നുണ്ടോ?' എന്നൊരു ഭാഗം കൂടി നബി ഓതിയതായി പാരായണം ശ്രവിച്ചുകൊണ്ടിരുന്ന മക്കയിലെ ബഹുദൈവാരാധകര്‍ക്ക് തോന്നി. യഥാര്‍ഥത്തില്‍ ഇങ്ങനെ 'രണ്ട് സൂക്തങ്ങള്‍' വിശുദ്ധ ഖുര്‍ആനില്‍ ഇല്ല. നബി അങ്ങനെ ഓതി എന്നവര്‍ക്ക് വെറുതെ തോന്നിയതാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്, പിശാച് അവര്‍ക്ക് അങ്ങനെ തോന്നിച്ചു എന്നാണ്. ഈ വ്യാജ സൂക്തങ്ങളില്‍ പോലും ബഹുദൈവാരാധകര്‍ നല്‍കുന്ന വ്യാഖ്യാനം ശരിയാകുന്നുണ്ടായിരുന്നില്ല. ആ വ്യാജ സൂക്തങ്ങളില്‍, അറബിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളൊന്നും വന്നിട്ടില്ലെങ്കിലും, ചോദ്യം തന്നെയാണ് അതില്‍ സൂചിപ്പിക്കപ്പെടുന്നത്. സമ്മതാര്‍ഥം കുറിക്കുന്ന (അളളശൃാമശേ്‌ല) വാക്കുകളായി അവര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. തങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ മുഹമ്മദ് തയാറായിട്ടുണ്ടെന്നാണ് ബഹുദൈവാരാധകര്‍ എത്തിച്ചേര്‍ന്ന നിഗമനം.  അവരുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. എത്രത്തോളമെന്നാല്‍, നബി നമസ്‌കാരത്തില്‍ സുജൂദിലേക്ക് പോയപ്പോള്‍ അവരും നബിയോടൊപ്പം സുജൂദ് ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ തെറ്റായ ഒരു കാര്യം പ്രചരിക്കുന്നതിനെക്കുറിച്ച് നബിക്ക് അറിയുമായിരുന്നില്ല. ഈയൊരു തെറ്റിദ്ധാരണയുടെ പുറത്ത് ഇസ്‌ലാമിനോടുള്ള നിലപാടില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ ചെയ്യാനും ബഹുദൈവാരാധകര്‍ തയാറായി. ഈ ഊഹാപോഹം അബ്‌സീനിയയില്‍ വരെ എത്തിയിട്ടുണ്ടായിരുന്നു. പീഡനങ്ങളില്‍ ഇളവുണ്ടായെന്ന പ്രതീക്ഷയില്‍ അഭയാര്‍ഥികളില്‍ ചിലര്‍ അബ്‌സീനിയയില്‍നിന്ന് മക്കയിലേക്ക് തിരിച്ചുവരാന്‍ വരെ ആലോചിച്ചു. അപ്പോഴാണ് നബി വിവരമറിയുന്നത്. അത് അദ്ദേഹത്തെ വല്ലാതെ വ്യാകുലപ്പെടുത്തി. എല്ലാ സംശയങ്ങളും അവ്യക്തതകളും ദൂരീകരിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കുകയും ചെയ്തു:

''ലാത്തയെയും ഉസ്സയെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? കൂടാതെ മൂന്നാമതായുള്ള മനാത്തയെക്കുറിച്ചും. നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ? എങ്കില്‍ ഇത് തീര്‍ത്തും നീതിരഹിതമായ വിഭജനം തന്നെ. യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.''4

ഈ 'വിട്ടുവീഴ്ച' പാടേ റദ്ദാക്കിയത്, നേരത്തേ തന്നെ പീഡനങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന മക്കയിലെ മുസ്‌ലിംകളുടെ നില ഒന്നുകൂടി വഷളാക്കി. അതിനാല്‍ തന്നെ പലായനം ചെയ്ത് അന്യനാടുകളില്‍ പോയി താമസിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതില്‍ അത്ഭുതമില്ല. പല സ്രോതസ്സുകള്‍ ഉദ്ധരിച്ചുകൊണ്ട് ബലാദുരി പറയുന്നത്, വിദേശങ്ങളിലേക്ക് പലായനം ചെയ്തവരുടെ എണ്ണം 130-ഓളം വരുമെന്നാണ്. അബ്‌സീനിയയിലേക്കുള്ള രണ്ടാം പലായനത്തിനു ശേഷമായിരിക്കണം, മുസ്‌ലിംകളെ തിരിച്ചുകിട്ടാന്‍ ഖുറൈശികള്‍ അങ്ങോട്ട് ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ചതും ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ട അവര്‍ തിരിച്ചുവന്നതും.5

മക്കയിലെ പത്തംഗ ഭരണസമിതിയില്‍ പരമ്പരാഗതമായിത്തന്നെ അംഗത്വമുളള്ള, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ മക്കക്ക് പുറത്തും അറിയപ്പെട്ടിരുന്ന അബൂബക്‌റിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഒരു ദിവസം അദ്ദേഹവും മക്ക വിട്ടു. യമന്റെ ദിശയിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്, അവിടത്തെ ഏതെങ്കിലുമൊരു തുറമുഖമായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. ദിവസങ്ങള്‍ നീണ്ട യാത്രക്കു ശേഷം അദ്ദേഹം ഖാറഃ എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അബൂബക്‌റിനെ പോലൊരാള്‍ മക്കയില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി എന്ന് കേട്ടപ്പോള്‍ ഖാറഃയിലെ ഗോത്രമുഖ്യന്‍ ശരിക്കും നടുങ്ങിപ്പോയി. വികാരാധീനനായ അദ്ദേഹം തന്റെ സുഹൃത്ത് അബൂബക്‌റിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. അബൂബക്‌റിനെയും കൂട്ടി ഗോത്രമുഖ്യന്‍ മക്കയിലേക്ക് തിരിച്ചു. ഖുറൈശികളുമായി സൈനിക സഖ്യമുണ്ട് എന്നതിനാല്‍ ഖാറഃ ഗോത്രത്തലവന് മക്കയില്‍ നല്ല സ്വാധീനമുണ്ട്. ഇനി മുതല്‍ അബൂബക്‌റിന്റെ സംരക്ഷകന്‍ താനായിരിക്കുമെന്ന് ഖാറഃ ഗോത്രത്തലവന്‍ മക്കയില്‍ വെച്ച് പരസ്യമായി പ്രഖ്യാപിച്ചു. അപ്പോള്‍ മക്കക്കാര്‍ ഖാറഃ ഗോത്രത്തലവന്‍ ഇബ്‌നു ദുഗ്‌നയോട് ഇങ്ങനെ അഭ്യര്‍ഥിച്ചു: താങ്കള്‍ അബൂബക്‌റിനോട് ഖുര്‍ആന്‍ ഉച്ചത്തില്‍ പാരായണം ചെയ്യരുത് എന്ന് പറയണം. കാരണമത് സ്ത്രീകളെയും കുട്ടികളെയും അടിമകളെയുമൊക്കെ ആകര്‍ഷിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അബൂബക്‌റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: താങ്കള്‍ക്ക് താങ്കളുടെ സംരക്ഷണം പിന്‍വലിക്കാം. എനിക്ക് ദൈവത്തിന്റെ സംരക്ഷണം തന്നെ മതി.6 അബൂബക്ര്‍ മക്കയില്‍തന്നെ തങ്ങാന്‍ തീരുമാനിച്ചു; അബ്‌സീനിയയിലേക്ക് പോകേണ്ടെന്നും. കാരണം നബിയുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന പലതും അരങ്ങേറിത്തുടങ്ങിയിരുന്നു,

ആളുകള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ മക്കക്കാര്‍ നെറികെട്ട പല രീതികളും സ്വീകരിക്കുന്നുണ്ട്. ഇതില്‍ ഏതു സംഭവം എപ്പോള്‍ നടന്നു എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. മക്കയില്‍ താമസിക്കുന്ന മക്കക്കാരല്ലാത്ത വിദേശികളിലായിരുന്നു സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതലായി പ്രയോഗിച്ചിരുന്നത്. ആസ്വുബ്‌നു വാഇല്‍ എന്ന മക്കയിലെ പ്രമാണി ഖബ്ബാബുബ്‌നു അറത്തിന് നല്‍കാനുള്ള കടം ഇനി നല്‍കില്ലെന്ന് പ്രഖ്യാപിച്ചു.7 അബൂജഹ്‌ലിനെപ്പറ്റി ഇബ്‌നു ഹിശാം നല്‍കുന്ന വിവരണം ഇങ്ങനെയാണ്:8 എവിടെയെങ്കിലും പ്രമുഖനും തറാവാടിയുമായ ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചു എന്ന വാര്‍ത്ത കിട്ടിയാല്‍ അയാളെ നേരില്‍ ചെന്ന് കണ്ട് അധിക്ഷേപിച്ചുകൊണ്ട് അബൂജഹ്ല്‍ ഇങ്ങനെ പറഞ്ഞു തുടങ്ങും: 'തന്റെ പിതാവിന്റെ മതമാണ് താന്‍ ഉപേക്ഷിക്കാന്‍ പോകുന്നത്; അദ്ദേഹം തന്നേക്കാള്‍ എത്രയോ നല്ലവനായിരുന്നു...' ഇനി പുതുവിശ്വാസി കച്ചവടക്കാരനാണെങ്കില്‍ അബൂജഹ്ല്‍ പറയും: 'ദൈവമാണ, ഇനി തന്റെ ചരക്കുകള്‍ ഒരുത്തനും വാങ്ങില്ലെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിക്കൊള്ളാം. തന്റെ ചരക്കുകളൊക്കെ അവിടെ കിടന്ന് നശിക്കുകയേയുള്ളൂ.' പുതുവിശ്വാസി ദുര്‍ബലനും പ്രതിരോധിക്കാന്‍ ആളുകളില്ലാത്തവനുമാണെങ്കില്‍ അവരെ ക്രൂരമായി മര്‍ദിക്കും; അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.

(തുടരും)

കുറിപ്പുകള്‍

1. സുഹൈലി 1/205

2. ഇബ്‌നു ഹിശാം, പേജ് 209

3. മത്വാലിബുല്‍ ഔലിയാഅ്- നമ്പര്‍ 3943. അബൂയഅ്‌ലയെയും ത്വബ്‌റാനിയെയും ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ഹജ്ര്‍ റിപ്പോര്‍ട്ട് ചെയ്തത്.

4. ഖുര്‍ആന്‍ 53:19-23.

5. ഇബ്‌നു ഹിശാം പേജ് 245, 246. അബൂനുഐം, പേജ് 80.

6. ഇബ്‌നു ഹിശാം, പേജ് 245. ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ വിവരണമനുസരിച്ച്, ഈ ഗോത്രമുഖ്യന്റെ പേര് സുബൈഹുബ്‌നു നുഫാഈ എന്നാണ്. ദുഗ്‌ന എന്നത് അദ്ദേഹത്തിന്റെ മാതാവിന്റെ പേരാണ്. അബൂബക്‌റിന്റെ മുന്‍ ഭാര്യ (അസ്മയുടെ മാതാവ്) ഈ ഗോത്രക്കാരിയാവാന്‍ സാധ്യതയുണ്ട്.

7. ഇബ്‌നു സഅ്ദ് III/1, പേജ്: 116, ഇബ്‌നു ഹിശാം, പേജ് 234

8. ഇബ്‌നു ഹിശാം, പേജ് 207

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌