Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ഇത് തലതിരിഞ്ഞ മദ്യനയം

റഹ്മാന്‍ മധുരക്കുഴി

'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ' (ദേശാഭിമാനി 5-12-2016) നമ്മുടെ മുഖ്യമന്ത്രിയുടേതാണ് മുകളിലുദ്ധരിച്ച വാക്കുകള്‍.

'സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മദ്യപാനം എന്ന മഹാ വിപത്തിനെതിരെ പോരാടാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 9-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്യുകയുണ്ടായി' (ദേശാഭിമാനി 28-9-2010)

90 ശതമാനം മദ്യപന്മാരുടെ ഭാര്യമാരും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ രക്ഷിക്കുന്നതിന് രൂപം കൊണ്ട സംഘടനയായ 'ടോട്ടല്‍ റെസ്‌പോണ്‍സ് ടു ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ് (TADA) ഡയറക്ടര്‍ പറയുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്താണത്രെ അവര്‍ ആത്മഹത്യ ചെയ്യാതെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.

സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മഹാ വിപത്താണ് മദ്യപാനമെന്നും മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്കരമായി മാറുമെന്നും താക്കീത് ചെയ്യുകയും മദ്യ മഹാ വിപത്തിനെതിരെ പോരാടാന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്നവര്‍ നാട് വാഴുന്ന നാട്ടില്‍, പൂട്ടിയ മദ്യഷാപ്പുകള്‍ തുറപ്പിച്ചും പുതിയവ സ്ഥാപിച്ചും മദ്യലഭ്യത വ്യാപകമാക്കി മദ്യത്തിനെതിരെ ശക്തിയായ 'പോരാട്ട'മല്ലേ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്! മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുന്ന മദ്യനയം ആവിഷ്‌കരിക്കുമെന്ന് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തവര്‍ മദ്യലഭ്യതയും ഉപഭോഗവും വ്യാപകമാക്കി നഗ്നമായ വാഗ്ദത്തലംഘനമല്ലേ നടത്തിക്കൊണ്ടിരിക്കുന്നത്?

മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശം പോലും, മദ്യഷാപ്പുകളുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞുകൊണ്ട് മദ്യവ്യാപനത്തിലെ തടസ്സം നീക്കുകയല്ലേ, മദ്യവിപത്തിനെതിരെ പോരാടണമെന്ന് ആഹ്വാനം ചെയ്തവര്‍ ചെയ്തിരിക്കുന്നത്.

ഘട്ടം ഘട്ട മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ജനങ്ങള്‍ മദ്യം കഴിക്കാതെ ഷാപ്പുകള്‍ പൂട്ടട്ടെ എന്നുമാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ലഹരി വിമോചന കേന്ദ്രങ്ങള്‍ തുടങ്ങുകയും ലഹരിക്ക് അടിപ്പെട്ടവരെ അവിടെ എത്തിച്ച് സുഖപ്പെടുത്തുകയും ചെയ്യുമത്രെ. ലഹരി പകരും ഷാപ്പുകള്‍ സര്‍വത്ര മലര്‍ക്കെ തുറന്നിട്ട ശേഷം നിങ്ങള്‍ മദ്യം വര്‍ജിക്കൂ എന്ന് വേദോപദേശം നല്‍കിയാല്‍ ജനങ്ങള്‍ മദ്യം കഴിക്കാതെ സ്ഥലം വിട്ടുകൊള്ളുമെന്നും അങ്ങനെ ഷാപ്പുകള്‍ പൂട്ടാമെന്നും പറയുന്നത് വങ്കത്തമല്ലേ? ലഹരിക്ക് അടിപ്പെട്ടവരെ ചികിത്സിക്കാന്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പകരം, ജനങ്ങളെ ലഹരിയുടെ അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നതല്ലേ ബുദ്ധിപൂര്‍വകം?

 

ആത്മവിശ്വാസം തരുന്ന ജയില്‍വാസം

ഒരു കൗതുകത്തിന്റെ പുറത്താണ് ഈ കത്തെഴുതുന്നത്. യൂസുഫ് അധ്യായം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ 'ഇനില്‍ ഹുക്മു ഇല്ലാ ലില്ലാഹ്' എന്ന ആയത്ത് എത്തിയപ്പോള്‍ 'അല്ലാഹുവിന്റെ അധികാരം സ്ഥാപിക്കപ്പെടും' എന്ന യൂസുഫ് നബിയുടെ ആത്മവിശ്വാസം അത്ഭുതമുണ്ടാക്കി. രാജാവിന്റെ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യൂസുഫ് നബിയുടെ ഈ ആത്മവിശ്വാസം, മുഹമ്മദ് മുര്‍സിയുടെയും യൂസുഫ് നബിയുടെയും ഈജിപ്തുകളെ താരതമ്യം ചെയ്യുന്ന ആലോചനയിലേക്കാണ് കൊണ്ടെത്തിച്ചത്. അട്ടിമറി, ജയില്‍വാസം എന്നീ സാമ്യതകള്‍ മിസ്വ്‌റില്‍ 'അല്ലാഹുവിന്റെ അധികാരം' തിരിച്ചുവരും എന്ന വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.

ലോകാടിസ്ഥാനത്തില്‍ ഇസ്‌ലാമിക നേതൃത്വം തിരിച്ചുവരുമെന്ന വിശ്വാസത്തിന് കരുത്ത് പകര്‍ന്നുകൊണ്ടും തുര്‍ക്കിയെ പോലെ ഈജിപ്തിന് അട്ടിമറിയെ മറികടക്കാനായില്ലല്ലോ എന്ന സങ്കടം ഇല്ലാതാക്കിക്കൊണ്ടുമാണ് ഈ ഖുര്‍ആന്‍ വായന അവസാനിച്ചത്.

ഇബ്‌നു ഖാദര്‍, പേരാമ്പ്ര

 

 

തഫ്ഹീമുല്‍ ഖുര്‍ആന്‍ തന്നെയാണ് അവലംബം

'ഖുര്‍ആന്‍ വായന ഇപ്പോഴും പരിധിക്ക് പുറത്താണ്' എന്ന ശീര്‍ഷകത്തില്‍ അബ്ദുല്‍ ജബ്ബാര്‍ കൂരാരി എഴുതിയ (23-6-2017) കുറിപ്പാണ് ഈ കത്തിന് പ്രേരകം. ഖുര്‍ആനെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണീ കത്ത്. ഗ്രഹിക്കാനുണര്‍ത്തുമ്പോള്‍ ഏത് ഗ്രന്ഥമാണിതിന് തെരഞ്ഞെടുക്കേണ്ടതെന്നുകൂടി ഉള്‍പ്പെടുത്തണമായിരുന്നു. അതു സംബന്ധിച്ച് ഉപകാരപ്രദമായ ഗ്രന്ഥം തഫ്ഹീമുല്‍ ഖുര്‍ആനാണെന്ന് തറപ്പിച്ചുപറയാന്‍ കഴിയും.

വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും ശ്രദ്ധേയവും ലോക പ്രശസ്തവുമായ വ്യാഖ്യാനവും വിശദീകരണവുമാണ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട മിക്ക ഭാഷകള്‍ക്കും പുറമെ  ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍ക്കി, ജപ്പാനീസ്, തായ്, സിംഹള, റഷ്യന്‍ എന്നീ വിദേശ ഭാഷകളിലും തഫ്ഹീമിന് മൊഴിമാറ്റമുണ്ട്.

പല വീക്ഷണങ്ങളും പരിശോധിച്ച് ദൈവിക സൂക്തങ്ങളുടെ ശരിയായ ചൈതന്യം അവതരിപ്പിക്കാനാണ് തഫ്ഹീമിന്റെ ശ്രമം. ദുര്‍ബല നിവേദനങ്ങളെ അവലംബിച്ച് ഖുര്‍ആന്‍ സൂക്തങ്ങളെ ഇതില്‍ വ്യാഖ്യാനിക്കുന്നില്ല. വായനാ സന്ദര്‍ഭത്തില്‍ മനസ്സില്‍ ആവിര്‍ഭവിക്കുന്ന സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ ഉത്തരം ഈ കൃതിയില്‍നിന്നും ലഭ്യമാണ്. ഓരോ അധ്യായവും ആരംഭിക്കുന്നതിന് മുമ്പുള്ള ഉള്ളടക്കവും സൂക്തങ്ങളുടെ അര്‍ഥവും അതില്‍ നമ്പറിട്ട് നല്‍കുന്ന വിശദീകരണവും ചിലേടങ്ങളില്‍ മദ്ഹബിന്റെ ഇമാമീങ്ങളുടെ അഭിപ്രായവും പൂര്‍വിക വേദങ്ങളിലെ ഉദ്ധരണിയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ പടവും കൂടി ഉള്‍പ്പെട്ടതിനാല്‍ ആറ് വാള്യങ്ങളും വായിച്ചുതീര്‍ക്കണമെന്ന അഭിലാഷവും ചലിക്കുന്ന ഖുര്‍ആനായി മാറണമെന്ന അത്യാഗ്രഹവുമുണ്ടാകുന്നു.

ഇതെല്ലാം മനസ്സിലാക്കിയ എനിക്ക് തഫ്ഹീമിലൂടെ ഖുര്‍ആന്‍ ഗ്രഹിക്കണമെന്ന് തോന്നി. എഴുതിയ ആളെ അന്വേഷിച്ചു. എഴുതിയത് അബുല്‍ അഅ്‌ലാ മൗദൂദിയാണെന്നറിഞ്ഞപ്പോള്‍ ശകലം വിഷമം തോന്നി. ഉടന്‍ കേരളത്തിലെ രണ്ട് സുന്നീ ഗ്രൂപ്പില്‍പെട്ട രണ്ട് പണ്ഡിതന്മാരെ സമീപിച്ചു. ഇവര്‍ തഫ്ഹീമിനെ ഇകഴ്ത്തി പറഞ്ഞില്ല. പിന്നീട് ഞാന്‍ തഫ്ഹീമിന്റെ ആറ് വാള്യവും വാങ്ങി. പ്രസ്ഥാന ബന്ധുക്കളില്‍പെട്ട പലരും തന്നെ തഫ്ഹീം ഒരാവൃത്തിയെങ്കിലും വായിക്കാനവസരം കാണാത്തത് എന്തുകൊണ്ടാണെന്നറിഞ്ഞില്ല.

എം.എ അഹ്മദ് തൃക്കരിപ്പൂര്‍

 

സംസ്‌കരണവും വളര്‍ച്ചയും

ടി. മുഹമ്മദ് വേളം എഴുതിയ 'വികസനത്തെക്കുറിച്ച ഒരു കാഴ്ചപ്പാടാണ് സകാത്ത്' എന്ന ലേഖനം വായിച്ചു (2017 ജൂണ്‍ 16). സകാത്ത് വ്യവസ്ഥ വിഭവസമാഹരണത്തിലും വിതരണത്തിലും പ്രത്യേക രീതികള്‍ സംവിധാനിച്ചിട്ടുള്ളതാണ്. നീതിയുടെ രാഷ്ട്രീയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പിറവിയെടുക്കുന്നതില്‍ സകാത്ത് സൃഷ്ടിക്കുന്ന പങ്ക് വളരെ വലുതാണ്. ദൈവം അധികാരശക്തി മാത്രമല്ല, മൂല്യത്തിന്റെ സ്രോതസ്സു കൂടിയാണ്. ദൈവത്തോടും സഹജീവികളോടും കരുണ കാണിക്കലാണ് സകാത്ത്. പലിശയും സകാത്തും പരസ്പരം വിരുദ്ധമായ രണ്ട് സാമ്പത്തിക സംസ്‌കാരങ്ങളാണ്. മറ്റുള്ളവരുടെ നിസ്സഹായതയോ ദൗര്‍ബല്യമോ ചൂഷണം ചെയ്തു ഉണ്ടാക്കുന്ന നേട്ടങ്ങള്‍ വികസനമാണെന്നതാണ് പലിശാധിഷ്ഠിത സമീപനത്തിന്റെ കാഴ്ചപ്പാട്. സകാത്ത് സംസ്‌കരണവും വളര്‍ച്ചയും ഒപ്പം നല്‍കുന്നു. സംഘടിത ശേഖണവും വിതരണവും കുറഞ്ഞ അളവില്‍ നടക്കുന്നുണ്ടെങ്കിലും, സാധ്യതയുള്ളതിന്റെ പകുതി പോലും സകാത്ത് വ്യവസ്ഥക്ക് പ്രായോഗികമായി വളര്‍ന്നു വികസിക്കാന്‍ സാധ്യമാകുന്നില്ല  എന്നതല്ലേ ശരി!

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്

 

നോമ്പുതുറയുടെ സൗന്ദര്യം നഷ്ടപ്പെടുത്തരുതായിരുന്നു

സമൂഹ നോമ്പുതുറയുടെ പേരില്‍ ചിലയിടങ്ങളില്‍, പ്രത്യേകിച്ച് പള്ളികളില്‍ നടന്നത് പലതും ഉചിതമാണോ എന്ന് സംശയം. പള്ളിയില്‍ വരുന്നവര്‍ക്ക് നമസ്‌കാരം കഴിഞ്ഞുപോകുമ്പോള്‍ ഒരു ഭക്ഷണപ്പൊതി കൊടുത്തുകൊണ്ടാണ് സമൂഹ നോമ്പുതുറ ചിലര്‍ നടത്തിയത്. എല്ലാവരും ഒന്നിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന നോമ്പുതുറയുടെ ചൈതന്യം ഇതിലൂടെ നഷ്ടപ്പെടുത്തുകയാണല്ലോ! മാത്രമല്ല, ഇത്തരം ഭക്ഷണമാവട്ടെ കാലിയായ വയറിന് ദോഷകരമായ നെയ്യും മറ്റും ധാരാളമായി ഉപയോഗിക്കുന്ന ബിരിയാണി പോലുള്ളവ. പരിസ്ഥിതി സംരക്ഷണം പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്ന ഇക്കാലത്ത് നോമ്പുതുറക്ക് വേണ്ടി പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലെയിറ്റുകളും ഉപയോഗിച്ച് ചുറ്റുപാടുകള്‍ മാലിന്യക്കൂമ്പാരങ്ങളാക്കുന്നതും ഒഴിവാക്കേണ്ടതാണ്. അല്‍പം മനസ്സു വെച്ചാല്‍ പഴയ രീതിയിലുള്ള സ്റ്റീല്‍ ഗ്ലാസുകളിലേക്കും പ്ലെയിറ്റുകളിലേക്കും തിരിച്ചുപോകാന്‍ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. അടുത്ത വര്‍ഷം റമദാനില്‍ ഇത്തരം കാര്യങ്ങളില്‍ ഒരു മുന്നൊരുക്കം പ്രതീക്ഷിക്കാം.

കെ.ബി ഹംസ, താനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌