Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

രാഷ്ട്രതന്ത്രവും ധാര്‍മിക തത്ത്വങ്ങളും

എ.കെ അബ്ദുല്‍ മജീദ്

അല്‍ ഫാറാബി-2

അല്‍ഫാറാബിയുടെ രാഷ്ട്രീയ ദര്‍ശനം പ്രധാനമായും പ്ലാറ്റോയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 'സിയാസ മദനിയ്യ', 'മദീന ഫാളില' എന്നീ കൃതികളിലാണ് ഫാറാബി തന്റെ രാഷ്ട്രതന്ത്ര ചിന്തകള്‍ അവതരിപ്പിക്കുന്നത്. ഉത്തമ രാഷ്ട്രം, ഉത്തമ ഭരണാധികാരി, രാഷ്ട്രത്തില്‍ മതത്തിനും തത്ത്വചിന്തക്കുമുള്ള സ്ഥാനം എന്നിവയാണ് ഫാറാബിയന്‍ രാഷ്ട്രീയ ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍.

മത-രാഷ്ട്രീയ നേതൃത്വവും ധാര്‍മിക-സദാചാര ഗുണങ്ങളും എല്ലാം ഒത്തുചേര്‍ന്ന ഒരു ഭരണാധികാരി ഉണ്ടാവുക എന്നത് ഫാറാബി തിരിച്ചറിയുന്നു. എല്ലാം തികഞ്ഞ ഒരു രാഷ്ട്രമുണ്ടാവുക എന്നതും അതേ പോലെ എപ്പോഴും സാധ്യമല്ല. ഏറ്റവും ഉത്തമമായ അവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രത്തിനു അനുഭവിക്കാവുന്ന വ്യതിയാനങ്ങള്‍ ഫാറാബി വിശദീകരിക്കുന്നുണ്ട്.

മാനവരാശിയുടെ യഥാര്‍ഥ സ്വഭാവം, പ്രപഞ്ചത്തില്‍ മാനവരാശിയുടെ സ്ഥാനം, മാനവരാശിയുടെ അന്ത്യം ഇത്യാദി കാര്യങ്ങളെക്കുറിച്ചൊന്നും അറിവില്ലാത്ത രാഷ്ട്രങ്ങളാണ് ഒന്ന്. യഥാര്‍ഥമായ അറിവില്ലാത്തതിനാല്‍ ഇവര്‍ തെറ്റായ ലക്ഷ്യങ്ങള്‍ പിന്തുടരുന്നു. ഇങ്ങനെയുള്ള അറിവില്ലാ നഗരങ്ങളെ ഫാറാബി ആറായി തിരിക്കുന്നു: (1) ഉപജീവനത്തിനു വേണ്ട വകകള്‍  സമ്പാദിച്ച് ജീവിച്ചു പോവുക മാത്രമാണ് ഇവരുടെ ജീവിത ലക്ഷ്യം. (2) ധന സമ്പാദനം ലക്ഷ്യമായി സ്വീകരിച്ചവരുടെ നഗരം. (3) താണതരം നഗരങ്ങള്‍: ആസക്തികളുടെ ശമനം മാത്രമാണ് ഇത്തരം നഗരങ്ങളിലെ ജനങ്ങളുടെ ജീവിത ലക്ഷ്യം. (4) പേരും പ്രശസ്തിയും സമ്പാദിക്കുന്നതില്‍ വ്യഗ്രരായവരുടെ നഗരം. (5) ഏകാധിപത്യ നഗരങ്ങള്‍. അധികാരം സ്ഥാപിക്കുകയും മറ്റുള്ളവരെ കീഴടക്കുകയുമാണ് ഇവര്‍ ലക്ഷ്യമായി കാണുന്നത്. (6) ജനാധിപത്യ നഗരങ്ങള്‍. എല്ലാവര്‍ക്കും കൂടി ഒരൊറ്റ ലക്ഷ്യം എന്ന സങ്കല്‍പം ഇതില്‍ ഇല്ല. ഓരോരുത്തനും അവനവന് ഏറ്റവും നന്നായി തോന്നുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.

ദുഷ്ട രാഷ്ട്രങ്ങളാണ് ഫാറാബിയുടെ വിഭജനമനുസരിച്ച് രണ്ടാമത്തെ ഗണത്തില്‍ വരുന്നത്. നേരത്തേ ജ്ഞാനമുണ്ടായിരുന്നവരും പിന്നീടത് കൈയൊഴിച്ചവരുമാണ് ഇതിലെ പൗരന്മാര്‍. നല്ല ശീലങ്ങളെല്ലാം ബോധപൂര്‍വം ഉപേക്ഷിച്ചവരാണിവര്‍.

ഏറ്റവും ഉത്തമമായതില്‍നിന്ന് വ്യതിചലിച്ചുപോയ മൂന്നാമത്തെ വിഭാഗം നഗര രാഷ്ട്രങ്ങളെ ഫാറാബി അപഥ നഗരങ്ങള്‍ എന്നു വിളിക്കുന്നു. നേതാവിനു മാത്രം ശരിയായ ജ്ഞാനമുള്ള നഗരങ്ങളാണിത്, നേതാവ് പക്ഷേ തന്റെ ജ്ഞാനം മറച്ചുവെച്ച് ജനങ്ങളെ വഞ്ചിക്കുന്നു. നല്ല നഗരങ്ങളിലെല്ലാം 'കളകള്‍' ഉള്ളതായും ഫാറാബി നിരീക്ഷിക്കുന്നു. കഴിവു കെട്ടവരും നീചതാല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്നവരുമാണ് 'കളകള്‍.'

നല്ല നഗരങ്ങളുടെ നല്ല നായകരാവാന്‍ തത്ത്വചിന്തകരെ ഉപദേശിക്കുന്നതിനു വേണ്ടിയാണ് ഫാറാബി രാഷ്ട്രങ്ങളെ ബാധിക്കുന്ന ദോഷങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാവര്‍ക്കും സന്തോഷം ലഭിക്കുന്ന രാഷ്ട്രത്തെയാണ് ഫാറാബി ആദര്‍ശ രാഷ്ട്രമായി കാണുന്നത്. എല്ലാവര്‍ക്കും സന്തോഷം ലഭിക്കണമെങ്കില്‍ എല്ലാവരും പാരത്രിക ജീവിത ബോധമുള്ളവരായിരിക്കണമെന്നു സിദ്ധാന്തിച്ച് ഫാറാബി രാഷ്ട്ര തന്ത്രത്തെ അതിഭൗതിക ശാസ്ത്രവുമായി ലയിപ്പിക്കുന്നു. ഉത്തമ രാഷ്ട്രത്തിലെ സദ്ഗുണ സമ്പന്നനായ വ്യക്തിക്കു മാത്രമേ യഥാര്‍ഥ സന്തോഷം ആസ്വദിക്കാനാവുകയുള്ളൂ എന്ന് ഫാറാബി പറയുന്നു.

അറിവില്ലാ നഗരങ്ങളിലെ അറിവില്ലാ പൗരന്മാര്‍ക്ക് പാരത്രിക ലോകത്ത് ശിക്ഷയുണ്ടാവുകയില്ല എന്നഭിപ്രായപ്പെടുന്നു ഫാറാബി. നന്മ-തിന്മകളെക്കുറിച്ചുള്ള അറിവില്ലാത്തവര്‍ ശിക്ഷ അര്‍ഹിക്കുന്നില്ല എന്നതാണ് കാരണം. അതേ പോലെ നേതാവിനാല്‍ വഴിപിഴപ്പിക്കപ്പെട്ടവരും ശിക്ഷിക്കപ്പെടുകയില്ല. ദുഷ്ട നഗരങ്ങളിലെ നേതാക്കളും ജനങ്ങളും ശിക്ഷ അര്‍ഹിക്കുന്നവരാണ്. അതേപോലെ അപഥ നഗരങ്ങളിലെ ജനങ്ങളെ വഴിപിഴപ്പിച്ച നേതാക്കളും ശിക്ഷിക്കപ്പെടും.

മാതൃകായോഗ്യമായ ഉത്തമ രാഷ്ട്രത്തെ ഫാറാബി ശ്രേഷ്ഠ നഗരം (അല്‍ മദീനത്തുല്‍ ഫാളില) എന്നു വിശേഷിപ്പിക്കുന്നു. ജീവിതാനന്ദം കൈവരിക്കുന്നതിന് പൗരന്മാര്‍ പരസ്പരം സഹകരിക്കുന്ന പൗരസമൂഹമാണ് ശ്രേഷ്ഠ നഗരത്തിന്റെ പ്രത്യേകത. ബുദ്ധിപരമായും പ്രയോഗതലത്തിലും യഥാര്‍ഥ ജീവിതലക്ഷ്യം കൈവരിക്കുന്നതിന് ശ്രേഷ്ഠ നഗരത്തിലെ പൗരന്മാര്‍ ഉത്സാഹിച്ചുകൊണ്ടിരിക്കും. അതിനു പറ്റിയ ഉത്തമ നേതൃത്വമാണ് അവര്‍ക്കുണ്ടാവുക. എല്ലാ കാര്യങ്ങളിലും മാതൃകാ യോഗ്യരായിരിക്കും ശ്രേഷ്ഠ നഗരത്തിലെ നേതാക്കന്മാര്‍. ഉത്തമ ഭരണാധികാരികള്‍ തത്ത്വജ്ഞാനികളും നീതിനിഷ്ഠയുള്ളവരും ശക്തരുമായിരിക്കും. നന്മ ചെയ്യാന്‍ ജനങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കും അവര്‍.

മനുഷ്യന് അവന്റെ ബുദ്ധി ഉപയോഗിച്ച് നന്മയും തിന്മയും തിരിച്ചറിയാന്‍ സാധിക്കും എന്നതാണ് ഫാറാബിയന്‍ ധര്‍മശാസ്ത്രത്തിന്റെ അടിസ്ഥാാനം. ബുദ്ധി ഉപയോഗിച്ച് ശരിയും തെറ്റും മനസ്സിലാക്കാന്‍ സാധിക്കും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ഇത് അവനെ ഉത്തരവാദിത്തമുള്ളവനാക്കുന്നു. ഒരു മനുഷ്യന്റെ പ്രവൃത്തിക്ക് അവന്‍ തന്നെയാണ് ഉത്തരവാദി. രക്ഷാശിക്ഷകളുടെ നീതീകരണം ഈ ഉത്തരവാദിത്തമാണ്. തെറ്റു ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടണം. നല്ലത് ചെയ്യുന്നവന് അര്‍ഹമായ പ്രതിഫലവും ലഭിക്കണം. ഇതാണ് നീതി. പാരത്രിക ജീവിതം അനിവാര്യമായിത്തീരുന്നത് ഇതുകൊണ്ടാണ്.

 

തര്‍ക്കശാസ്ത്രവും ഭാഷാ ദര്‍ശനവും

അരിസ്റ്റോട്ടിലിന്റെ 'ഓര്‍ഗനണ്‍' എന്ന കൃതിയുടെ വ്യാഖ്യാനമായും സ്വതന്ത്ര നിബന്ധങ്ങളായും തര്‍ക്കശാസ്ത്രത്തെക്കുറിച്ചും ഭാഷാ ദര്‍ശനത്തെക്കുറിച്ചും ഫാറാബി ധാരാളമായി എഴുതിയിട്ടുണ്ട്. അരിസ്റ്റോട്ടിലിനെ പകര്‍ത്തുന്നതിനു പകരം അറബിവായനക്കാര്‍ക്കു മനസ്സിലാവുന്ന ഉദാഹരണങ്ങള്‍ നല്‍കി പുനരാവിഷ്‌കരിക്കുകയാണ് ഫാറാബി ചെയ്തത്. 'കിതാബുല്‍ ഹുറൂഫ്'( അക്ഷരങ്ങളുടെ പുസ്തകം), 'കിതാബു അല്‍ഫാളില്‍ മുസ്തഅ്മല ഫില്‍ മന്‍ത്വിഖ്' (തര്‍ക്കശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന സംജ്ഞകളുടെ പുസ്തകം) എന്നിവയാണ് ഇവ്വിഷയകമായി ഫാറാബി എഴുതിയ പ്രധാന സ്വതന്ത്ര കൃതികള്‍. തര്‍ക്കശാസ്ത്ര സംബന്ധമായ ഒട്ടേറെ ചെറു നിബന്ധങ്ങളും ഇവക്കുപുറമെ അദ്ദേഹത്തിന്റേതായുണ്ട്.

തത്ത്വശാസ്ത്ര യുക്തിയും സാധാരണ ഭാഷാ വ്യാകരണവും തമ്മിലുള്ള വ്യത്യാസം ഫാറാബി ആദ്യമേതന്നെ ചര്‍ച്ചക്കെടുക്കുന്നു. സാധാരണ ഭാഷാ വ്യാകരണത്തിന്റെ സംജ്ഞാവലിയില്‍നിന്ന് ഭിന്നമായ പദകോശം തര്‍ക്കശാസ്ത്രത്തിനും തത്ത്വചിന്തക്കും ആവശ്യമാണെന്ന് ഫാറാബി സമര്‍ഥിക്കുന്നു. ഫാറാബിയുടെ അഭിപ്രായത്തില്‍ തര്‍ക്കശാസ്ത്രം സാര്‍വലൗകിക വ്യാകരണമാണ്. എല്ലാ ഭാഷകള്‍ക്കും ചേരുന്നതാണത്. ഭാഷ ഏതാണെങ്കിലും ശരിയായ ന്യായത്തില്‍ എത്തിച്ചേരാന്‍ തര്‍ക്കശാസ്ത്രം സഹായിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വ്യാകരണ നിയമങ്ങള്‍  ഏതെങ്കിലും ഒരു ഭാഷക്ക് മാത്രമാണു ബാധകമാവുന്നത്. വ്യാകരണവും തര്‍ക്കശാസ്ത്രവും വ്യത്യസ്ത നിയമാവലികളാല്‍ നിയന്ത്രിക്കപ്പെടുന്ന ശാസ്ത്രങ്ങളാണെന്ന നിഗമനത്തിലാണ് ഫാറാബി എത്തുന്നത്. തര്‍ക്കശാസ്ത്രം ഒരു സ്വതന്ത്ര ഭാഷാ തത്ത്വശാസ്ത്ര പഠന വിഭാഗമായി അദ്ദേഹം അവതരിപ്പിച്ചു. സാമ്പ്രദായിക വ്യാകരണ പഠനവുമായി ഇത് ഇടയുന്നില്ല എന്നു മാത്രമല്ല, പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വ്യാകരണവും തര്‍ക്കശാസ്ത്രവും രണ്ടു വ്യത്യസ്ത ശാഖകളാണെങ്കിലും തര്‍ക്കശാസ്ത്രത്തിന് വ്യാകരണത്തിന്റെ സഹായം കൂടിയേ തീരൂ എന്നും ഫാറാബി നിരീക്ഷിച്ചു. തത്ത്വചിന്തകന് തന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കണമെങ്കില്‍ വ്യാകരണത്തിന്റെ സഹായം തേടിയേ പറ്റൂ. യവന വ്യാകരണ തത്ത്വങ്ങളുടെ സഹായത്തോടെയാണ് ഫാറാബി അറബി തര്‍ക്കശാസ്ത്രത്തിന്റെ അടിസ്ഥാനാശയങ്ങള്‍ വികസിപ്പിച്ചത്. 'കിതാബുല്‍ ഹുറൂഫി'ല്‍ ഫാറാബി അരിസ്റ്റോട്ടിലിയന്‍ സംവര്‍ഗങ്ങളെ ആസ്പദമാക്കി അറബി ഭാഷാ വസ്തുതകളെ വര്‍ഗീകരിക്കുന്നുണ്ട്. സംജ്ഞകളുടെ സാധാരണ അര്‍ഥവും സാങ്കേതികാര്‍ഥവും അദ്ദേഹം വ്യവഛേദിച്ചു വിശദീകരിക്കുന്നു. ഈ പുസ്തകത്തിന്റെ രണ്ടാം പാതിയില്‍ ഭാഷോല്‍പ്പത്തി, തത്ത്വചിന്തയുടെ ചരിത്രം, മതവും തത്ത്വചിന്തയും തമ്മിലുള്ള ബന്ധം എന്നിവ ചര്‍ച്ച ചെയ്യുന്നു.

ന്യായാനുമാനം, ന്യായാവതരണം എന്നിവയുമായി ബന്ധപ്പെട്ട ജ്ഞാനശാസ്ത്രപരമായ പ്രശ്‌നങ്ങളും ഫാറാബി സവിശദം പ്രതിപാദിക്കുന്നുണ്ട്. ഭാഷണ കല, കാവ്യകല എന്നിവ ഉള്‍പ്പെടെ ന്യായാനുമാന കലകളിലെല്ലാം ശ്രേണീ ബദ്ധമായ അപഗ്രഥന രീതിയാണ് ഫാറാബി പിന്തുടരുന്നത്. ന്യായസമര്‍ഥനത്തെ അദ്ദേഹം തത്ത്വശാസ്ത്രത്തിന്റെ ശരിയായ രീതിയായി കണക്കാക്കുന്നു. മറ്റെല്ലാ രീതികളും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആശയവിനിമയത്തിനുള്ള സാധാരണ മാര്‍ഗങ്ങള്‍ മാത്രമാണ്.

ശരിയായ ചിന്തയിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണ് തര്‍ക്കശാസ്ത്രം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചിന്തയുടെ ശരിയായ ക്രമീകരണമാണത്. ഭാഷണ കലയോ കാവ്യകലയോ തര്‍ക്കശാസ്ത്രത്തിന് പകരമാവില്ല. തര്‍ക്കശാസ്ത്രത്തിന്റെ പ്രതിപാദന വിഷയങ്ങളെ അരിസ്റ്റോട്ടിലിനെപ്പോലെ, ഫാറാബിയും എട്ടായി തരം തിരിച്ചു: (1) സംവര്‍ഗങ്ങള്‍ (2) ചിന്താവിഷ്‌കാരം (3) ഹേതു ചിന്ത (4) ന്യായപ്രയോഗം (5) പ്രകരണങ്ങള്‍ (6) കുതര്‍ക്കങ്ങള്‍ (7) ഭാഷണ കല (8) അലങ്കാരശാസ്ത്രം.

തര്‍ക്കശാസ്ത്രത്തിന് ഫാറാബിയുടെ തനതു സംഭാവനയാണ് ന്യായപ്രയോഗത്തിന്റെ പഞ്ചവിഭജന തത്ത്വം. അവ ഇങ്ങനെയാണ്: 1) ശരിയായ തീര്‍പ്പുകളിലേക്ക് നയിക്കുന്ന സുവ്യക്തമായ ആശയാവതരണ രീതി. 2) സദുദ്ദേശ്യത്തോടെ ശരിയായ തീര്‍പ്പിനു സമാനമായ നിഗമനങ്ങളിലേക്ക് നയിക്കുന്ന താര്‍ക്കികമായ ന്യായപ്രയോഗം. 3) ദുരുദ്ദേശ്യപൂര്‍വം ശരിയായ തീര്‍പ്പിനു സമാനമായ നിഗമനങ്ങളിലേക്ക് നയിക്കുന്ന കുതര്‍ക്കം. 4) സാധ്യതയുള്ള ഒരഭിപ്രായത്തിലേക്കു നയിക്കുന്ന ഭാഷണ വൈഭവം. 5) ആത്മാവിന് സന്തോഷമോ വേദനയോ പ്രദാനം ചെയ്യുന്ന ഭാഷാലങ്കാരം.   സന്ദര്‍ഭത്തിനും സദസ്സിനുമനുസരിച്ചാണ് ഈ പഞ്ചരീതികള്‍ ഉപയോഗിക്കേണ്ടതെന്ന് ഫാറാബി നിര്‍ദേശിച്ചു. തത്ത്വചിന്തകര്‍, മതമീമാംസകര്‍, രാഷ്ട്രീയ നേതാക്കള്‍, ന്യായാധിപന്മാര്‍ തുടങ്ങി സമൂഹത്തില്‍ വിവിധ തട്ടുകളിലുള്ളവര്‍ തങ്ങളുടേതായ ആവശ്യങ്ങള്‍ക്ക് ഇവയില്‍ ഏതെങ്കിലും ഒരു രീതി പിന്തുടരുന്നവരാണ്.

 

സ്വാധീനം

സമഗ്രവും സുഘടിതവുമായ ദര്‍ശന ചട്ടക്കൂട് ചിട്ടപ്പെടുത്താന്‍ സാധിച്ചു എന്നതാണ് ഫാറാബിയുടെ സവിശേഷത. ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ആത്മാവ്, ജീവജാലങ്ങള്‍, മരണം, പുനരുത്ഥാനം എന്നിവയെയെല്ലാം വിശദീകരിക്കാനുതകുന്ന ദര്‍ശന പദ്ധതി അദ്ദേഹം മുന്നോട്ടുവെച്ചു. ആധ്യാത്മികവും ആശയവാദപരവുമായിരുന്നു അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍. ബുദ്ധിക്കും പരീക്ഷണങ്ങള്‍ക്കും പ്രാധാന്യം കല്‍പിച്ച അദ്ദേഹം ശാസ്ത്രത്തെ ഉയര്‍ന്ന സ്ഥാനത്ത് നിര്‍ത്തുകയും ജ്യോതിഷത്തെയും ശകുനത്തെയും തള്ളിപ്പറയുകയും ചെയ്തു.

ഫാറാബിയുടെ നിശിതമായ ഭാഷാശാസ്ത്രാവലോകനം തത്ത്വചിന്തക്ക് ഒരു മുതല്‍ക്കൂട്ടായി ഗണിക്കപ്പെടുന്നു. അറിവിന്റെ മൂല്യനിര്‍ണയത്തിന് അദ്ദേഹം അവലംബിച്ച രീതികള്‍ ആധുനിക തത്ത്വചിന്തയുടെ രീതികളുമായി പൊരുത്തപ്പെടുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. അറബി-ഇസ്‌ലാമിക ഭൂമികയില്‍ തത്ത്വചിന്തയെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞത് ഫാറാബിയടെ ശ്രദ്ധേയമായ നേട്ടമാണ്. യവന തത്ത്വ ചിന്താ പാരമ്പര്യത്തെ അറബി ഭാഷയുമായി വിളക്കിച്ചേര്‍ക്കുന്നതില്‍ അനല്‍പമായ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തന്റെ പിറകെ വന്ന മുസ്‌ലിം, യഹൂദി, ക്രിസ്ത്യന്‍ തത്ത്വചിന്തകര്‍ക്ക് ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു ഫാറാബി. ഇബ്‌നു സീനയും ഇബ്‌നു റുശ്ദും തത്ത്വചിന്താ വഴിയില്‍ ഫാറാബിയോടുള്ള തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂത തത്ത്വജ്ഞാനി മോസസ് മെയ്‌മോനിഡ്‌സ് തന്റെ മുന്‍ഗാമികളില്‍ പ്രഥമസ്ഥാനമാണ് ഫാറാബിക്ക്  നല്‍കിയിട്ടുള്ളത്. തര്‍ക്കശാസ്ത്രത്തില്‍ ഫാറാബിയുടെ സംഭാവനകളെ മെയ്‌മോനിഡ്‌സ് പ്രത്യേകം പ്രകീര്‍ത്തിക്കുന്നു. 'തര്‍ക്കശാസ്ത്രത്തില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ ഫാറാബിയുടേത് മാത്രം പഠിച്ചാല്‍ മതിയാകും. അദ്ദേഹത്തിന്റെ രചനകളെല്ലാം കുറ്റമറ്റവയാണ്. അവ പഠിക്കുകയും മനസ്സിലാക്കുകയും വേണം. കാരണം അദ്ദേഹം മഹാനാണ്.' മെയ്‌മോനിഡ്‌സ് ഇങ്ങനെ എഴുതിയിട്ടുണ്ട്. ഫാറാബിയുടെ കൃതികളിലൂടെയാണ് ലത്തീനിലെ ക്രൈസ്തവ പണ്ഡിതന്മാര്‍ തത്ത്വചിന്തയില്‍ ആദ്യാക്ഷരം കുറിച്ചത്. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌