Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

പട്ടിണിക്കോലങ്ങള്‍ എങ്ങോട്ടു പോകും?

കെ.പി ഇസ്മാഈല്‍

ആഫ്രിക്കയിലെ ഒരു പട്ടിണിക്കോലത്തെ കഴുകന്‍ ഭക്ഷിക്കാന്‍ പോകുന്ന ചിത്രം ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. ഫോട്ടോ എടുക്കുന്നതിനു പകരം കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ എന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍ ആത്മഹത്യ ചെയ്തു. ഇന്ന് അതിനേക്കാള്‍ കൊടിയ കുറ്റമാണ് സാമ്രാജ്യശക്തികളും കോര്‍പറേറ്റുകളും മുതലാളിമാരും ചേര്‍ന്ന് ദരിദ്രരാജ്യങ്ങളോടും സമൂഹങ്ങളോടും ചെയ്യുന്നത്. ശാസ്ത്രത്തിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന പലതും മാരകായുധങ്ങളായും യുദ്ധവിമാനങ്ങളായും പാവങ്ങളുടെ തലയില്‍ ദുരിതമഴ പെയ്യിക്കാനാണ് ഉപയോഗിക്കുന്നത്.

ചെറിയൊരു വിഭാഗം മുതലാളിമാരാണ് ലോകജനതക്കവകാശപ്പെട്ട സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്നത്. തൊഴിലാളികളെ പിഴിഞ്ഞ് സമ്പാദിച്ച പണം അവര്‍ ധൂര്‍ത്തടിക്കുകയാണ്. 'സമ്പന്നന്റെ ആഹ്ലാദങ്ങള്‍ പാവപ്പെട്ടവന്റെ കണ്ണീരുകൊണ്ടു വാങ്ങുന്നവയാണ്' എന്ന് തോമസ് ഫുള്ളര്‍ പറഞ്ഞിട്ടുണ്ട്. കുന്നുകൂടിയ സമ്പത്ത് അവന്‍ കടലിനടിയിലും വായുവിലും വിവാഹ മാമാങ്കങ്ങള്‍ നടത്താനും സ്വര്‍ണക്കൊട്ടാരങ്ങള്‍ പണിയാനും വിമാനങ്ങള്‍ വാങ്ങാനും പുത്തന്‍ കാറുകള്‍ സ്വന്തമാക്കാനുമൊക്കെയാണ് ചെലവാക്കുന്നത്. കോടിക്കണക്കിന് മനുഷ്യര്‍ കിടന്നുപുളയുന്ന നരകം അവര്‍ കാണുന്നില്ല. സമ്പന്നര്‍ കടന്നുപോകുന്ന വഴിയിലെ ദരിദ്രവാസികളെ അവരുടെ കുടിലുകളോടൊപ്പം കുപ്പയിലേക്ക് തോണ്ടിയെറിയുന്ന ക്രൂരതകളും അരങ്ങേറുന്നു. വിനോദത്തിന്റെയും വികസനത്തിന്റെയും പേരില്‍ പാവങ്ങളെ കൂട്ടത്തോടെ ആട്ടിപ്പായിക്കുന്ന ഭരണകൂട ഭീകരതകളും ആവര്‍ത്തിക്കപ്പെടുന്നു.

മനുഷ്യന്റെ നിലനില്‍പ്പിന്റെ ആധാരമാണ് സമ്പത്ത് എന്ന് ഖുര്‍ആന്‍ പറയുന്നു, ധനികന്റെ സമ്പത്തില്‍ ദരിദ്രന് അവകാശമുണ്ടെന്നും. അപ്പോള്‍ സമ്പത്ത് അനാവശ്യമായി ഉപയോഗിക്കുമ്പോള്‍ അത് ദൈവധിക്കാരമായി മാറുന്നു. അല്ലാഹു ഉപദേശിച്ച മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നില്ലെങ്കില്‍ ഒരു ഭാഗത്ത് ധനം ആവശ്യമില്ലാതെ കുന്നുകൂടുകയും മറുഭാഗത്ത് ഒരു പറ്റം മനുഷ്യര്‍ വിശന്നുമരിക്കുകയും ചെയ്യും. അല്ലാഹു മനുഷ്യര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധിക്കാരികളായ ചിലര്‍ അവ അന്യായമായി കൈയടക്കിവെച്ചിരിക്കുന്നു. അപ്പോള്‍ ലോകത്ത് ദാരിദ്ര്യത്തിനുത്തരവാദി ദൈവമല്ല, മനുഷ്യര്‍ തന്നെയാണ്.

സകാത്തിന്റെ കാര്യത്തില്‍ സമ്പന്നര്‍ കാപട്യമാണ് കാണിക്കുന്നത്. സമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ മാറ്റേണ്ടത് സമ്പന്നന്റെ ചുമതലയാണ്. റബ്ബ് അവനെ പണപ്പെട്ടിയുടെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സകാത്തിനു പുറമെ ധനികന്റെ സമ്പത്തില്‍ സമൂഹത്തിന് അവകാശമുണ്ട്. എന്നാല്‍ സകാത്തെന്ന പേരില്‍ തുഛമായ തുട്ടുകള്‍ എറിഞ്ഞുകൊടുത്തശേഷം കൊട്ടാരത്തിന്റെ ഗേറ്റ് അടക്കുകയാണ്. ഗേറ്റിനു പുറത്ത് പാവങ്ങള്‍ വിശന്നു മരിച്ചാലും രോഗം മൂത്ത് വലഞ്ഞാലും തിരിഞ്ഞുനോക്കേണ്ടതില്ല എന്നാണ് വിചാരം.

ദിക്‌റ് അഥവാ ദൈവസ്മരണയെന്നാല്‍ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന്റെ പേരാണെന്ന് ഏറെ പേര്‍ക്കും അറിയില്ല. നബിയെ സ്‌നേഹിക്കുന്നവര്‍ നബിയുടെ വേഷമല്ല ജീവിതമാണ് അനുകരിക്കേണ്ടത്; ഇതൊക്കെയാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമര്‍പ്പണവും. യഥാര്‍ഥ സ്‌നേഹം വികാരവിക്ഷോഭങ്ങള്‍ക്ക് വഴിമാറുകയില്ല. സമുദായത്തില്‍ ആരാധനകളും ചടങ്ങുകളും കൂടുന്നുവെങ്കിലും ശാന്തിയുടെ മഴ പെയ്യാറില്ല. ശരീരം ചലിക്കുന്നേടത്ത് മനസ്സ് പോകുന്നില്ലെങ്കില്‍ ആ വിശ്വാസം പൊള്ളയാണ്. പെയ്യാത്ത മേഘം പോലെയാണ് പലരുടെയും വിശ്വാസം. ഖുര്‍ആന്‍ വാക്യങ്ങള്‍ അലങ്കാരത്തിനുപയോഗിക്കുന്ന കാഴ്ചകളുമുണ്ട്. വലിയ കൊട്ടാരങ്ങളുടെ മുന്നില്‍ 'ഹാദാ മിന്‍ ഫദ്‌ലി റബ്ബീ' എന്ന് ഫ്രെയിം ചെയ്ത് തൂക്കിയതു കാണാം. ധൂര്‍ത്തിന്റെ കൊട്ടാരത്തിന് അല്ലാഹുവിന്റെ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുക്കുന്നു!

ലോകം നേരിടുന്ന വലിയ ദുരന്തമാണ് അഭയാര്‍ഥി പ്രവാഹം. യുദ്ധവും സംഘര്‍ഷങ്ങളും മൂലം ലക്ഷങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. കോടിക്കണക്കിന് കുട്ടികള്‍ അഭയാര്‍ഥികളായിരിക്കുന്നു. ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളില്‍ ആട്ടിയോടിക്കപ്പെട്ട പതിനായിരങ്ങള്‍ ചത്തതിനു തുല്യം നരകജീവിതം തള്ളിനീക്കുന്നു. വികസനത്തിന്റെ പേരില്‍ പാവങ്ങളെ കുടിയിറക്കുന്നു. നര്‍മദ അണക്കെട്ടിന്റെ പരിസരത്തുനിന്ന് പതിനാലായിരത്തോളം കുടുംബങ്ങളെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ബലമായി കുടിയൊഴിപ്പിക്കുന്നത്. ലോകത്തിന്റെ ഏതു കോണില്‍നിന്നും ദരിദ്രരുടെ കരച്ചില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ആഭ്യന്തര യുദ്ധത്തില്‍ വെന്തുരുകുന്ന യമനില്‍ ഒന്നേമുക്കാല്‍ കോടി ജനങ്ങള്‍ക്ക് ഭക്ഷണമില്ല. ലോകത്ത് ആവശ്യത്തിന് ഭക്ഷണമില്ലാത്തതുകൊണ്ടല്ല ഒരു കൂട്ടര്‍ നരകത്തില്‍ ജീവിക്കുന്നത്. സമ്പന്നര്‍ക്ക് ഇവരെ ശ്രദ്ധിക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ്.

'സ്‌നേഹത്തില്‍നിന്നുദിക്കുന്നു ലോകം' എന്നാണ് കുമാരനാശാന്‍ പാടിയത്. ഇന്ന് മറിച്ചുപാടേണ്ട അവസ്ഥയാണ്. എങ്ങനെ മറ്റുള്ളവരെ നശിപ്പിക്കാം എന്നതാണ് സാമ്രാജ്യത്വ അജണ്ട. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉയരങ്ങളിലെത്തിയെങ്കിലും അമേരിക്ക ധാര്‍മികതയില്‍ അടിത്തട്ടിലാണിന്നും. കറുത്തവനെ തുല്യനായി അംഗീകരിക്കാന്‍ അവന് മനസ്സ് വരുന്നില്ല. അമേരിക്കന്‍ ഭൂഖണ്ഡത്തിലും ആഫ്രിക്കയിലും കടന്നുകയറിയ വെള്ളക്കാര്‍ കോടിക്കണക്കിന് നാട്ടുകാരെ കൊന്നൊടുക്കി, സ്വത്ത് കൊള്ളയടിച്ചു. ലോകം മുഴുവന്‍ ഭിന്നിപ്പിന്റെ വിത്തുപാകി വിളവുകൊയ്യുന്ന ദുഷ്ട കര്‍ഷകനാണ് യൂറോപ്പ്.

ഫാഷിസം അകത്തുകയറി നടത്തുന്ന പേക്കൂത്തുകള്‍ കണ്ട് ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് ഇന്ത്യ. സംഘ്പരിവാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കാഴ്ചകള്‍ ഭീതിപ്പെടുത്തുന്നതാണ്. ദലിതരെയും മുസ്‌ലിംകളെയും 'പശുഭക്തര്‍' കൂട്ടംചേര്‍ന്ന് അടിച്ചൊതുക്കുന്ന കാഴ്ച ലോകം മുഴുവന്‍ കാണുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. പശുവിന്റെയും എരുമയുടെയും പോത്തിന്റെയും പേരില്‍ മനുഷ്യനെ അടിച്ചൊതുക്കുന്ന ധിക്കാരം മുറതെറ്റാതെ നടക്കുന്നു. അധികാരികള്‍ പക്ഷേ കണ്ണുതുറക്കുന്നില്ല. ഫാഷിസത്തിന്റെ യാഗാശ്വത്തെ പിടിച്ചുകെട്ടിയില്ലെങ്കില്‍ നാളെ മതേതര ഇന്ത്യ ഉണ്ടാവില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌