ഖുത്വ്ബ ഫലപ്രദമാകാന്‍
ജാഹിലിയ്യാകാലത്ത് ജുമുഅ(വെള്ളിയാഴ്ച)ദിവസത്തിന് അറുബ എന്നാണ് പറഞ്ഞിരുന്നത്. ഇസ്‌ലാം ആ ദിവസത്തെ മുസ്‌ലിംകളുടെ വാരാന്ത സമ്മേളനദിനമായി നിശ്ചയിച്ചപ്പോഴാണ് അതിന് യൗമുല്‍ ജുമുഅ (സമ്മേളന നാള്‍) എന്ന പേരു വന്നത്.
ജുമുഅയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ വിശ്വാസികളേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിയണയുക. കൊള്ളക്കൊടുക്കകള്‍ ഉപേക്ഷിക്കുക. അതാണ് നിങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്, നിങ്ങള്‍ അറിയുന്നുവെങ്കില്‍. നമസ്‌കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപരിച്ചുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അവനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യമുണ്ടായേക്കും. വല്ല വ്യാപാരമോ വിനോദമോ നടക്കുന്നതു കണ്ടാല്‍ അവര്‍ അങ്ങോട്ട് പിരിഞ്ഞുപോവുകയും താങ്കളെ നിന്നപാട് ഉപേക്ഷിക്കുകയും ചെയ്യുന്നുവല്ലോ. അവരോട് പറയുക; അല്ലാഹുവിങ്കലുള്ളതാകുന്നു വിനോദത്തിലും വ്യാപാരത്തിലുമുപരി വിശിഷ്ടമായത്. അല്ലാഹുവാണ് ഏറ്റവും നല്ല വിഭവദായകന്‍.''
നബി(സ) പറയുന്നു: ''സൂര്യനുദിക്കുന്ന ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ച ദിവസമാണ്.''
ചരിത്രഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടപോലെ, തലയിലിരിക്കുന്ന പക്ഷികള്‍ പറന്നുപോയ്ക്കളയും എന്ന് ഭയക്കുന്ന പോലെ വിശ്വാസികള്‍ നിതാന്ത ജാഗ്രതയോടെ നിശ്ചലരായി ഇരുന്ന് ശ്രദ്ധിക്കുന്നതാണ് ജുമുഅ ഖുത്്വബ. ആ ശ്രദ്ധ ആവശ്യപ്പെടുന്ന ഗൗരവമോ പ്രാധാന്യമോ ഖുത്്വബക്ക് ഇല്ലെന്നു വന്നാല്‍ അത് വലിയ അതിക്രമമാണ്.
ഇസ്‌ലാമിക പ്രബോധനത്തിന്റെ കരുത്തുറ്റ മാധ്യമമെന്ന നിലക്ക് ജുമുഅ ഖുത്്വബയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ചില ആലോചനകളാണ് ചുവടെ:
ആദ്യം നബി (സ)യുടെ ജുമുഅപ്രഭാഷണങ്ങള്‍ പരിശോധിക്കാം. ഉബൈദുബ്‌നുസിബാഖില്‍നിന്ന് നിവേദനം. നബി(സ) ഒരു ജുമുഅ പ്രഭാഷണത്തില്‍ പറഞ്ഞു: ''മുസ്‌ലിം സമൂഹമേ, അല്ലാഹു നിങ്ങള്‍ക്ക് ആഘോഷമായി നിശ്ചയിച്ച ദിനമാണിത്. അതുകൊണ്ട് നിങ്ങള്‍ കുളിച്ച് ശുദ്ധിയായി വരിക. വല്ലവന്റെ വശവും സുഗന്ധദ്രവ്യമുണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതിലെന്തുണ്ട് നഷ്ടം? പിന്നെ ദന്തശുദ്ധി, നിര്‍ബന്ധമായും നിങ്ങളത് ചെയ്യേണ്ടതുണ്ട്''
അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ഒരു ദിവസം നബി (സ) ജുമുഅ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞു: നിങ്ങളെ സംബന്ധിച്ചേടത്തോളം ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ഭൂമിയുടെ അനുഗ്രഹങ്ങളാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''ദൈവദൂതരേ, തിന്മയില്‍നിന്ന് നന്മ ഉണ്ടാകുമോ?'' നബി(സ) അല്‍പസമയം നിശ്ശബ്ദനായിരുന്നു. അദ്ദേഹത്തിനു വഹ്‌യ് ഇറങ്ങുകയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. പിന്നീട് തന്റെ നെറ്റിത്തടത്തില്‍നിന്ന് വിയര്‍പ്പ് തുടച്ചുകൊണ്ട് തിരുമേനി ആ ചോദ്യകര്‍ത്താവ് എവിടെ എന്ന് ആരാഞ്ഞു. ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന് പ്രസ്തുത വ്യക്തി അറിയിച്ചപ്പോള്‍ തിരുമേനി അരുളി: നന്മയില്‍നിന്ന് മാത്രമേ നന്മ ഉത്ഭൂതമാകൂ. ഐഹിക സമ്പത്ത് അത്യാകര്‍ഷകവും മധുരതരവുമത്രെ. വസന്തകാലത്ത് സസ്യലതാദികള്‍ സമൃദ്ധമായി വളരുമ്പോള്‍ കാലികള്‍ അവ വയറു നിറയെ തിന്ന് അജീര്‍ണം ബാധിച്ച് ചാവുന്നു. ചിലത് മരണത്തിന്റെ അടുത്തുവരെ എത്തുന്നു. എന്നാല്‍ വയറു നിറഞ്ഞെന്ന് കാണുമ്പോള്‍ തീറ്റ നിര്‍ത്തി വെയിലത്തു കിടന്ന് അയവിറക്കുന്നവ രക്ഷപ്പെടുന്നു. ഈ ധനം ശരിയായ മാര്‍ഗത്തിലൂടെ നേടുകയും ശരിയായ മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്യുന്നവന് അത് ഉത്തമ സഹായിയായി വര്‍ത്തിക്കും. എന്നാല്‍, അനര്‍ഹമായ രീതിയില്‍ അതെടുത്ത് അനുഭവിക്കുന്നവന്‍ എത്ര തിന്നാലും വയറുനിറയാത്തവനെ പോലെയാണ് (ബുഖാരി).
അംറുബ്‌നു തഗ്‌ലബില്‍നിന്ന് നിവേദനം: ഒരിക്കല്‍ തിരുമേനിയുടെ അടുക്കല്‍ കുറച്ച് ധനം വന്നു. അത് കുറച്ചാളുകള്‍ക്ക് ഭാഗിച്ചുകൊടുത്തു. കുറച്ചാളുകള്‍ക്ക് ഒന്നും കൊടുത്തില്ല. അതിന്റെ പേരില്‍ വിഷമമുണ്ടെന്ന് പിന്നീട് തിരുമേനിക്ക് മനസ്സിലായി. അതേപ്പറ്റി തിരുമേനി ഒരു ജുമുഅ പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ ഒരാള്‍ക്ക് കൊടുക്കുന്നു. ഒരാള്‍ക്ക് കൊടുക്കുന്നില്ല. എന്നാല്‍ ഞാന്‍ കൊടുക്കാത്തവനാണ് കൊടുത്തവനേക്കള്‍ എനിക്ക് പ്രിയപ്പെട്ടവര്‍. ആരുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യവും അസ്വസ്ഥതയും കാണുന്നുവോ അങ്ങനെയുള്ള വിഭാഗത്തിനാണ് ഞാന്‍ കൊടുക്കുന്നത്. എന്നാല്‍ അല്ലാഹു ഹൃദയങ്ങളില്‍ സ്വാശ്രയബോധവും നന്മയും നിക്ഷേപിച്ചവര്‍ക്ക് അതുതന്നെയാണ് ഞാന്‍ നല്‍കുന്നത്'' (ബുഖാരി).
മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. ഒരാള്‍ ഒരിക്കല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തി. അപ്പോള്‍ പ്രസംഗിക്കുകയായിരുന്ന നബി(സ) അയാളെ വിളിച്ചുപറഞ്ഞു: 'താങ്കള്‍ നമസ്‌കരിച്ചുവോ?' ഇല്ല എന്ന് അയാള്‍. എന്നാല്‍ എഴുന്നേറ്റ് നമസ്‌കരിക്കു എന്ന് തിരുമേനി നിര്‍ദേശിച്ചു. അയാളുടെ അവശത ജനങ്ങള്‍ കാണുകയായിരുന്നു. അതായിരുന്നു തിരുമേനിയുടെ ഉദ്ദേശ്യം. അയാള്‍ നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ സ്വദഖ നല്‍കാന്‍ തിരുമേനി ജനങ്ങളെ പ്രേരിപ്പിച്ചു.
ഇമാം അഹ്മദ് തന്‍െ മുസ്‌നദില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തിരിക്കുന്നു: അയാള്‍ പള്ളിയില്‍ പ്രവേശിക്കുന്നതു കണ്ടപ്പോള്‍ ആള്‍ വളരെ അവശനാണെന്ന് എനിക്ക് മനസ്സിലായി. അതിനാലാണ് ഞാന്‍ അയാളോട് രണ്ട് റക്അത്ത് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്. അയാളുടെ അവശനില കണ്ട് വല്ലവരും എന്തെങ്കിലും ദാനം നല്‍കട്ടെ എന്നായിരുന്നു എന്റെ ഉദ്ദേശ്യം.
മറ്റൊരു ഹദീസ്. ഒരിക്കല്‍ നബി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ജനങ്ങളുടെ തോള്‍ കവച്ചുവച്ച് മുന്നോട്ടുവരുന്നതു കണ്ട് അവിടുന്ന് വിളിച്ചു പറഞ്ഞു: 'അവിടെ ഇരിക്കുക. നിങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്' (ബുഖാരി).
അനസി(റ)ല്‍നിന്ന് നിവേദനം. ഒരിക്കല്‍ തിരുമേനി പ്രസംഗിക്കുകയായിരുന്നു. വറുതിയുടെ കാലമായിരുന്നു അത്. ഒരാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, കാലികള്‍ ചത്തൊടുങ്ങുന്നു. കുഞ്ഞുകുട്ടികള്‍ പട്ടിണിയിലാണ്. അങ്ങ് അല്ലാഹുവോട് മഴക്കു വേണ്ടി പ്രാര്‍ഥിച്ചാലും. തിരുമേനി അപ്പോള്‍തന്നെ കൈയുയര്‍ത്തി പ്രാര്‍ഥിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മഴ വര്‍ഷിച്ചുതുടങ്ങി. അടുത്ത ജുമുഅ വരെ അത് നീണ്ടുനിന്നു. അടുത്ത വെള്ളിയാഴ്ച തിരുമേനി ഖുത്വ്ബക്ക് എഴുന്നേറ്റപ്പോള്‍ അതേ വ്യക്തി തന്നെ ആവലാതിപ്പെട്ടു: 'അല്ലാഹുവിന്റെ ദൂതരേ, വീടുകളെല്ലാം തകര്‍ന്നിരിക്കുന്നു. ധനവും സാമഗ്രികളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.' നബി അപ്പോഴും കൈയുയര്‍ത്തി പ്രാര്‍ഥിച്ചു.
നബി(സ)യുടെ ഖുത്വ്ബകളെ സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ട പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ചിലത് മാത്രമാണ് മുകളിലുദ്ധരിച്ചത്. സര്‍വസമ്മതമായ നിലയില്‍ നിയമമാക്കപ്പെടുകയും തുടര്‍ന്നുപോരുകയും ചെയ്യുന്ന ജുമുഅ ഖുത്വ്ബ കേവലം ദൈവസ്മരണ മാത്രമായിരുന്നില്ല. പ്രബോധനം, അധ്യാപനം, സംസ്‌കരണം, മാര്‍ഗദര്‍ശനം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ നിരവധി തലങ്ങള്‍ അതിന്് ഉണ്ടായിരുന്നുവെന്ന് മേല്‍കൊടുത്ത ഹദീസുകളില്‍നിന്ന് വ്യക്തമാവുന്നുണ്ടല്ലോ. ആഴ്ചയിലൊരിക്കല്‍ നമസ്‌കാരത്തിനുമുമ്പ് നടത്തുന്ന കേവലം ചടങ്ങല്ല ഖുത്വ്ബ. മറിച്ച്, മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ സംസ്‌കരിക്കുകയും ചലനാത്മകമാക്കുകയും ചെയ്യുന്നതിനുവേണ്ടി നിശ്ചയിക്കപ്പെട്ട വളരെ യുക്തിപൂര്‍ണമായ ഒരു പരിപാടിയാണ് ആഴ്ചയില്‍ ഒരു തവണ എല്ലാ മുസ്‌ലിംകളെയും ഒരുമിച്ചുകൂട്ടി അവരെ ദീനിയായി ബോധവല്‍ക്കരിക്കുക എന്നത്. അവരില്‍ കാണപ്പെടുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള അവസരം കൂടിയാണിത്. ശ്രോതാക്കള്‍ക്ക് അവരുടെ സംശയങ്ങള്‍ ഖത്വീബിനോട് ഉന്നയിക്കാം. ആവശ്യങ്ങള്‍ ബോധിപ്പിക്കാം. ഖത്വീബ് അവയോട് വേണ്ട രീതിയില്‍ പ്രതികരിക്കുകയും വേണം.
പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ശൈഖ് അബ്ദുല്‍ഹമീദ് കശ്ക് ജുമുഅ ഖുത്വ്ബ ഫലപ്രദമായിത്തീരാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഈജിപ്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍വത്വന്‍ ദിനപത്രം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍നിന്ന് ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം.
ശ്രോതാക്കളെ തൃപ്തിപ്പെടുത്തുന്ന നല്ല ഖുത്വ്ബകള്‍ ഈയിടെയായി വളരെ അപൂര്‍വമായിരിക്കുന്നു. എന്താണ് ഈ നിലവാരത്തകര്‍ച്ചക്ക് കാരണം?
ഞാന്‍ മഅ്മൂമായി ജുമുഅ നമസ്‌കരിക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ പന്ത്രണ്ട് കൊല്ലമായി. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴൊക്കെ എന്റെ സഹായിയോട് ഞാന്‍ ചോദിക്കും: 'എന്തായിരുന്നു ഇന്ന് ഖുത്വ്ബയുടെ വിഷയം?' അവന്‍ പറയും: 'എനിക്ക് ഒന്നും മനസ്സിലായില്ല.' ഞാന്‍ പറയും: 'എനിക്കും ഒന്നും മനസ്സിലായില്ല.'
ഈ അധഃപതനത്തിനുള്ള പ്രധാന കാരണം ഈ ചുമതല ഏറ്റെടുക്കുന്നവര്‍ ഇഷ്ടപ്രകാരമല്ല, നിര്‍ബന്ധിതരായാണ് അത് ഏറ്റെടുക്കുന്നത് എന്നതാണ്. മതപഠനം കഴിഞ്ഞ് പുറത്തുവന്നാല്‍ ഒരു ജോലി വേണം. കൂടുതല്‍ പഠനമനനങ്ങള്‍ക്കു വേണ്ടി മെനക്കെടേണ്ടിവരാത്ത ഒരു തൊഴിലാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഴ്ചതോറും ഒരു മണിക്കൂര്‍ മിമ്പറില്‍നിന്ന് ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാന്‍ നാല്‍പതു മണിക്കൂര്‍ ഞാന്‍ വായിച്ചിരുന്നു.
വമ്പിച്ച ജനാവലിയെ ആകര്‍ഷിക്കുന്ന ഖുത്വ്ബ നടത്തിയിരുന്ന പണ്ഡിതനോട് ഒരാള്‍ ചോദിച്ചു: ''എന്തുകൊണ്ടാണ് താങ്കളുടെ ഖുത്വ്ബ കേള്‍ക്കാന്‍ ഇത്രമാത്രം ആളുകള്‍ തടിച്ചുകൂടുന്നത്?'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ അവരുടെ ബുദ്ധിയെ ആദരിക്കുന്നു. ഖത്വീബ് അവര്‍ക്ക് ഫലപ്രദമായ വിഭവങ്ങള്‍ നല്‍കാതിരിക്കില്ല. സാധാരണക്കാരനെയും ബുദ്ധിജീവിയെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നവനാണ് സമര്‍ഥനായ പ്രഭാഷകന്‍. ഖുത്വ്ബ കേട്ട് പുറത്തിറങ്ങുന്ന ജനങ്ങളുടെ സംസാരമാണ് ഖുത്വ്ബ വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന് മനസ്സിലാക്കാനുള്ള ഉപാധി. ഖുത്വ്ബയെക്കുറിച്ചാണ് അവരുടെ സംസാരമെങ്കില്‍ അതു വിജയിച്ചു. മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ പച്ചക്കറിയും മറ്റുമാണ് സംസാരവിഷയമെങ്കില്‍ മനസ്സിലാക്കാം, ഖുത്വ്ബ പരാജയപ്പെട്ടു.''
''വിജയിക്കണമെങ്കില്‍ ചില ഉപാധികളുണ്ട്. ഒന്ന്, അയാള്‍ ജനങ്ങള്‍ക്ക് മാതൃകയായിരിക്കണം. പ്രവര്‍ത്തിക്കാത്തത് പറയാതിരിക്കണം. നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പ്പിക്കുമ്പോള്‍ സ്വയം അതു മറന്നുകളയുകയോ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ടണ്ടണ്ടല്ലോ? രണ്ട്, സത്യം തുറന്നുപറയാനുള്ള ധൈര്യവും ആര്‍ജവവും. വലതുകാല്‍ വെച്ച് മിമ്പറില്‍ കയറുമ്പോള്‍ അല്ലാഹുവെ മാത്രമേ മുമ്പില്‍ കാണാവൂ. മൂന്ന്, ആനുകാലിക സംഭവവികാസങ്ങളെ ശരിയായി മനസ്സിലാക്കണം. സദസ്സിനെ ഒന്നും അടിച്ചേല്‍പ്പിക്കരുത്. ഉദാഹരണത്തിന് ദീനുമായും മുസ്‌ലിം
കളുമായും ബന്ധപ്പെട്ട ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചു നില്‍ക്കെ ഒരു ഖത്വീബ് മിമ്പറില്‍ കയറി മയ്യിത്ത് കുളിപ്പിക്കുന്ന മുറയെക്കുറിച്ച് പ്രസംഗിക്കുന്നത് ശ്രോതാക്കളുടെ ബുദ്ധിയെ അവഹേളിക്കലാണ്. നാല്, ഖുത്വ്ബ അവസരോചിതമായിരിക്കണം. നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുമ്പോള്‍ ഓതുന്നത് വിവാഹമോചനത്തിന്റെ ആയത്തുകളാകരുത്. ആ സന്ദര്‍ഭത്തില്‍ ഓതേണ്ടത് സ്‌നേഹാദരങ്ങളെ സൂചിപ്പിക്കുന്ന സൂക്തങ്ങളാണ്. ജയില്‍പുള്ളികളോട് പ്രസംഗിക്കുമ്പോള്‍ വിഷയം സന്താന നിയന്ത്രണമാവരുത്. അഞ്ച്, ഖത്വീബ് ക്ഷമാശീലനായിരിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ശ്രദ്ധയോടും ക്ഷമയോടും കേള്‍ക്കണം. അവരെ അടുപ്പിക്കാനും സഹായിക്കാനും ശ്രമിക്കണം. സര്‍വോപരി അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ലക്ഷ്യം. ഖുത്വ്ബ ഒരു ഉദ്യോഗമായി കാണരുത്. ഖുത്വ്ബ പ്രബോധകനും സന്ദേശവാഹകനുമാണ്. പ്രബോധനമെന്ന ദൗത്യനിര്‍വഹണം ഏറെ ദുഷ്‌കരം തന്നെയാണ്. ഉദ്യോഗമാകുമ്പോഴോ വളരെ എളുപ്പവും. ജോലിക്ക് വന്നതും പോയതും രജിസ്റ്ററില്‍ രേഖപ്പെടുത്തി മാസാവസാനം ശമ്പളം വാങ്ങുക. അവന്‍ ഒന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യേണ്ടതില്ല. ഇത്തരം ഖത്വീബുമാരുടെ ഖുത്വ്ബകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയില്ല. ഖുത്വ്ബ ഒരു തൊഴിലാകുമ്പോള്‍ പ്രബോധനത്തിനവിടെ സ്ഥാനമില്ല. നാവില്‍നിന്ന് വരുന്ന വാക്കുകള്‍ ശ്രോതാക്കളുടെ അകത്തു കടക്കുകയില്ല.പ്രബോധകന്റെ വാക്കുകള്‍ മനസ്സില്‍നിന്നാണ് പുറത്തുവരേണ്ടത്, നേരെ മനസ്സിലേക്കാണ് കടന്നുചെല്ലേണ്ടത്.''
മരണാനന്തര ജീവിതത്തില്‍ ദൃഢവിശ്വാസമുള്ള, ജീവിതസംസ്‌കരണം സിദ്ധിച്ച, വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും സൗന്ദര്യം പ്രായോഗിക ജീവിതത്തില്‍ കാണിച്ചുകൊടുക്കുന്ന മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കലാവണം ഖുത്വ്ബയുടെ സാക്ഷാല്‍ ഉദ്ദേശ്യം. തദാവശ്യാര്‍ഥം വിഷയം നിര്‍ണയിക്കുകയും ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പണ്ഡിതന്മാരുടെ ഉദ്ധരണികളും സച്ചരിതരുടെ ചരിത്രങ്ങളും ആവശ്യാനുസൃതം കാലികപ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചാല്‍ ഖുത്വ്ബ ഫലവത്താകും. മറിച്ച്, ഖത്വീബ് നേരത്തേ തയാറാക്കിയ വിഷയം തദ്ദേശവാസികളുമായി തീരെ ബന്ധമില്ലാത്തതാണെങ്കില്‍ എത്ര നല്ല ശൈലിയില്‍ അവതരിപ്പിച്ചാലും നിഷ്ഫലമായിരിക്കും.
ഖുത്വ്ബയുടെ വിഷയം നിര്‍ണയിക്കുന്നതില്‍ ഖത്വീബ് നാട്ടുകാരുടെ അഭിപ്രായമാരായണം. വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമമനുസരിച്ച് ഓതുകയും അര്‍ഥം തെറ്റാതെ പറയുകയും ചെയ്യണം. ഖുര്‍ആന്‍ തെറ്റി ഓതുകയോ തെറ്റായ അര്‍ഥം പറയുകയോ ചെയ്താല്‍ പ്രഭാഷണം എത്ര നന്നായാലും അത് അരോചകമായിരിക്കും.
ഖുത്വ്ബ ഫലപ്രദമാകാന്‍ ചില നിര്‍ദേശങ്ങള്‍ കൂടി:
1. പള്ളിയില്‍ പരാതിപ്പെട്ടി സ്ഥാപിക്കുക. ഖുത്വ്ബയെപ്പറ്റി നേരിട്ട് അഭിപ്രായം പറയാന്‍ മടിക്കുന്നവര്‍ക്ക് തങ്ങളുടെ അഭിപ്രായം എഴുതിയറിയിക്കാന്‍ അത് സഹായകമാണ്.
2. ഓരോ ഖുത്വ്ബയും റെക്കോര്‍ഡ് ചെയ്യുകയും ഖത്വീബ് അത് വീണ്ടും കേള്‍ക്കുകയും ചെയ്യുന്നത് കുറവുകള്‍ പരിഹരിക്കാന്‍ സഹായകമാകും.
3. മിമ്പറിനെ ഖത്വീബിന്റെ സാഹിത്യവൈഭവവും വിജ്ഞാനഗരിമയും പ്രകടിപ്പിക്കാനുള്ള വേദിയായി കാണാതിരിക്കുക. ശ്രോതാക്കളുടെ നിലവാരമനുസരിച്ച് അവര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുക.
4. ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ വൈവിധ്യം ദീക്ഷിക്കുക.
Comments