ജി.എസ്.ടിക്കു പിന്നില്‍ കോര്‍പറേറ്റ് അജണ്ട?
വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാജ്യത്ത് ഒരു ഏകീകൃത ചരക്ക്-സേവന നികുതി സംവിധാനം (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് - ജി.എസ്.ടി) നിലവില്‍ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ചരിത്ര മുഹൂര്‍ത്തത്തോളം പ്രാധാന്യമുള്ളതാണ് പുതിയ നികുതി സമ്പ്രദായം എന്നാണ് ഭരണകര്‍ത്താക്കളുടെ അവകാശവാദം. അതിനാലാണ് ജി.എസ്.ടിയുടെ പ്രഖ്യാപനം ജൂണ്‍ മുപ്പത് അര്‍ധരാത്രി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെച്ചാക്കാന്‍ തീരുമാനിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു അര്‍ധരാത്രി നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്നതിനു വേണ്ടി തന്നെയായിരുന്നു ഈ സമയനിര്‍ണയം. പക്ഷേ ഈ ചരിത്ര പ്രാധാന്യം പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഭരണപക്ഷം പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ബിഹാറിലെ രാഷ്ട്രീയ ജനതാദളുമെല്ലാം ചടങ്ങ് ബഹിഷ്‌കരിച്ചു.
'ഒരു രാഷ്ട്രം, ഒരു കമ്പോളം, ഒരു നികുതി' എന്നതാണ് വരാന്‍ പോകുന്ന സംവിധാനം. ഇനി മുതല്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പലതരം നികുതികള്‍ ഉണ്ടാവില്ല. സംസ്ഥാനങ്ങള്‍ വാങ്ങുന്ന നികുതിപിരിവുകള്‍ ഇതോടെ ഇല്ലാതാവും. ചെക്‌പോസ്റ്റുകളും ഇനി ആവശ്യമില്ല. കള്ളപ്പണം തടയുന്നതും നികുതി വെട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതും സത്യസന്ധമായി നികുതി അടക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതുമാണ് പുതിയ നികുതി സമ്പ്രദായമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ, പുതിയ പ്രഖ്യാപനത്തോടെ സാമ്പത്തിക മേഖലയില്‍ സര്‍വത്ര ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. വേണ്ട മുന്നൊരുക്കങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ഓരോ ദിവസവും ബില്യന്‍ കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ഒരു കമ്പോളത്തില്‍ ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ചെറുകിട കച്ചവടക്കാരും മറ്റും പ്രതിഷേധവുമായി രംഗത്തുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വഴി നേരത്തേ തന്നെ നടുവൊടിഞ്ഞ് കിടക്കുന്ന കര്‍ഷകരും ആശങ്കയിലാണ്. നോട്ട് നിരോധം പോലെ ഗ്രാമീണ സമ്പദ്ഘടനക്ക് മേല്‍ പതിക്കുന്ന മറ്റൊരു ഇടിത്തീ ആയിത്തീരുമോ നികുതി പരിഷ്‌കാരം എന്ന് സംശയിക്കുന്നവരും ഉണ്ട്. ഈ നികുതി പരിഷ്‌കാരത്തിന്റെ ഏറ്റവും വലിയ ന്യൂനത, അതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നത് എവിടെയും വ്യക്തമാക്കിയിട്ടില്ല എന്നതാണ്. സാധാരണക്കാരാണ് ഗുണഭോക്താക്കളെങ്കില്‍ എത്രത്തോളം പ്രയോജനം അവര്‍ക്ക് ലഭിക്കുന്നുണ്ട്? ഇതും വിശദീകരിക്കപ്പെട്ടിട്ടില്ല. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഒരേ നികുതി സമ്പ്രദായം വരുമ്പോള്‍ അത് ഇന്ത്യയിലെ ദരിദ്ര കോടികളെ എങ്ങനെ ബാധിക്കുമെന്ന് കണ്ട് തന്നെ അറിയണം.
അഞ്ച് മുതല്‍ 28 ശതമാനം വരെ അഞ്ച് സ്ലാബുകളിലായാണ് നികുതികള്‍ ചുമത്തപ്പെടുക. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെ സ്ലാബില്‍ എന്ന് ഒരു ഉന്നതാധികാര സമിതി തീരുമാനിക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെ കോര്‍പറേറ്റുകളുടെ ഇഷ്ടക്കാരാണ് ഈ സമിതിയില്‍ കയറിപ്പറ്റുക എന്ന് പറയേണ്ടതില്ല. സമിതിയുടെ തീരുമാനം കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായില്ലെങ്കിലേ അത്ഭുതമുള്ളൂ. സമിതിയുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാന്‍ വ്യവസായികളും കച്ചവടക്കാരും ഇറങ്ങിപ്പുറപ്പെട്ടാല്‍ നികുതി ചുമത്തല്‍ പലതരം നിയമക്കുരുക്കുകളിലും ചെന്ന് ചാടാനിടയുണ്ട്.
പല രാഷ്ട്രങ്ങളിലും ഏകീകൃത നികുതി സമ്പ്രദായം ഏറക്കുറെ വിജയകരമായി നടക്കുന്നുണ്ടെന്നത് ശരിയാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു നില്‍ക്കുന്നതാണ് ഈ വിജയത്തിന് ഒരു കാരണം. അതിഭീമമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സാധാരണക്കാരനെ ഇത് എങ്ങനെ ബാധിക്കും എന്നത് വളരെ സുപ്രധാനമായ ചോദ്യമാണ്. നികുതി പരിഷ്‌കരണത്തിനു പിന്നില്‍ കോര്‍പറേറ്റ് അജണ്ടകളുണ്ടോ എന്ന് നാം കാണാനിരിക്കുന്നു.
Comments