ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനം വിവിധ ഘട്ടങ്ങള്‍
ഇസ്‌ലാം ആദര്‍ശമായി സ്വീകരിച്ച ജനവിഭാഗത്തിന്റെ ചിന്താപരവും സാമൂഹികവും മറ്റുമായ ഇടപെടലുകള്‍ ആ സമൂഹത്തിനകത്തും അവര്‍ ജീവിക്കുന്ന നാട്ടിലും അവിടെയുള്ള ഇതര ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തിലുമുണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങള്‍ക്കാണ് ഇസ്‌ലാമിക നവോത്ഥാനമെന്ന് പറയുന്നത്. ഈ മാറ്റങ്ങള്‍ രണ്ടു വിധത്തിലുണ്ടാകും. ഇസ്‌ലാമികമായ ശിക്ഷണം നേടിയ ജനവിഭാഗത്തിന്റെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെയും അവരുടെ പെരുമാറ്റങ്ങളിലൂടെയും മതിയായ ഇസ്‌ലാമിക ശിക്ഷണം നേടാത്ത മുസ്‌ലിംകള്‍ ഇസ്‌ലാമികമായി ശിക്ഷിതരാവുകയും അവര്‍ ജീവിക്കുന്ന നാട്ടിലെ മുസ്‌ലിമേതര ജനവിഭാഗങ്ങള്‍ ഇസ്‌ലാമിന്റെ ആദര്‍ശവും ജീവിതക്രമവും സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് ഒരു മാറ്റം. ഇത്തരം സാമൂഹികമാറ്റത്തിലൂടെയാണ് ഏതൊരു രാജ്യത്തും ഇസ്‌ലാമിക നവോത്ഥാനം സംഭവിക്കുക. ഒരു സമ്പൂര്‍ണ മാറ്റം സംഭവിച്ചില്ലെങ്കിലും അവരുടെ ആദര്‍ശവും ജീവിതക്രമവും അവര്‍ ജീവിക്കുന്ന നാടിന്റെ സംസ്‌കാരത്തെ സമ്പന്നമാക്കുകയും അവിടെയുണ്ടായിരുന്ന പല സാമൂഹിക തിന്മകളെയും നിര്‍മാര്‍ജനം ചെയ്യുകയോ അത് നിര്‍മാര്‍ജനം ചെയ്യാന്‍ പ്രചോദനമാവുകയോ ചെയ്യുന്ന രീതിയിലുള്ള മാറ്റവും ഇസ്‌ലാമിക നവോത്ഥാനം തന്നെയാണ്. ഇന്ത്യയിലുണ്ടായ ഇത്തരം നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പടയോട്ടക്കാരായി വന്ന് ഈ നാടിന്റെ ഭരണ ചെങ്കോല്‍ ഏറ്റെടുത്തവരും അവരോടൊപ്പമോ അവര്‍ക്കുശേഷമോ വന്ന ആയ സൂഫി പ്രബോധകരും മതപണ്ഡിതന്മാരും കേവലം കച്ചവടക്കാരായി വന്നവരും പരിഷ്‌കര്‍ത്താക്കളും പ്രസ്ഥാനങ്ങളുമെല്ലാം വിവിധ കാലഘട്ടങ്ങളില്‍ തങ്ങളുടെ സാധ്യതയും അവസരവും അനുസരിച്ച് പങ്കുവഹിച്ചുണ്ട്. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു ചേര്‍ന്നതാണ് ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനം. ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ബഹുസ്വരമായ ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം തീര്‍ത്തും വേറിട്ട അനുഭവമായിരുന്നു ഇന്ത്യയെ പോലെ ഇത്രയും സങ്കീര്‍ണവും ബഹുസ്വരവുമായ ഒരു രാജ്യത്തിന്റെ സമൂഹ രൂപീകരണത്തില്‍ പങ്കാളിയാവുക എന്നത്.
ആദ്യം കച്ചവടക്കാരുടെ പങ്കിനെക്കുറിച്ച്. അറേബ്യയുമായി കടല്‍മാര്‍ഗം ഏറ്റവും അടുത്ത ബന്ധമുള്ള കേരളം, കോറമാണ്ടല്‍, ഗുജറാത്ത് തീരം എന്നിവയടങ്ങുന്ന പടിഞ്ഞാറന്‍ തീരത്താണ് കച്ചവടക്കാരിലൂടെയുള്ള സാമൂഹിക നവോത്ഥാനം നടന്നത്. അവര്‍ ഒരേസമയം സത്യസന്ധവും നീതിപൂര്‍വകവുമായ കച്ചവടത്തിലൂടെ ഇസ്‌ലാമിന്റെ നന്മ ജീവിതത്തില്‍ ആവിഷ്‌കരിക്കുകയും ഇവിടെയുള്ള കച്ചവട വ്യാപാരങ്ങളില്‍ ഇടപെട്ട് നാടിനെ സമ്പദ്‌സമൃദ്ധമാക്കുകയും ചെയ്തുകൊണ്ടാണ് ഇസ്‌ലാമിക നവോത്ഥാനത്തില്‍ ഇടം നേടിയത്. തങ്ങളുടെ സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ഈ നാടിന്റെ സാമൂഹിക രൂപീകരണത്തില്‍ എത്രമാത്രം പങ്കുവഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അമുസ്‌ലിമായ സാമൂതിരി ഭരിക്കുന്ന മലബാര്‍ എന്ന ദേശത്തെ പുറത്തുള്ള പലരും കണ്ടിരുന്നത്, പൗരസ്ത്യ നാടുകളില്‍ പരന്നുകിടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ ഭാഗമായിട്ടായിരുന്നു എന്ന വസ്തുത. പടിഞ്ഞാറ് കൊര്‍ദോവ മുതല്‍ കിഴക്ക് ഏഷ്യയിലെ മലാക്ക വരെയുള്ള മുസ്‌ലിംശക്തികളുടെ ശൃംഖലയിലെ ഒരു സജീവ കണ്ണിയായി മാറി സാമൂതിരി (എം.ജി.എസ്-കള്‍ച്ചറല്‍ സിംബയോസിസ്). കച്ചവടക്കാരായ അവരുടെ പിന്‍ തലമുറക്ക് പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് അധിനിവേശ കാലത്ത് സാമ്രാജ്യത്വത്തിനെതിരെയും അവര്‍ താങ്ങിനിര്‍ത്തിയിരുന്ന ജന്മിത്വത്തിനെതിരെയും ചെറുത്തുനില്‍പിന് നേതൃത്വം നല്‍കി വിമോചനപരമായ രാഷ്ട്രീയത്തില്‍ ഇടപെടാനും അവസരം ലഭിച്ചു. പരിഷ്‌കര്‍ത്താക്കളായ സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ പോലുള്ള പണ്ഡിതന്മാരുടെ നേതൃത്വം അവര്‍ക്കുണ്ടായിരുന്നു. പില്‍ക്കാലത്ത് സാമൂഹിക പരിഷ്‌കരണ മേഖലയിലും രാഷ്ട്രീയ രംഗത്തും സജീവമായ ഒരു സമുദായമായി കേരള മുസ്‌ലിംകള്‍ പരിവര്‍ത്തിക്കപ്പെടുകയുണ്ടായി. ആധുനികമായ ഒരു കേരള പൊതു മണ്ഡല രൂപീകരണത്തില്‍ ഈ ചെറുത്തുനില്‍പ്പുകളും സമരങ്ങളും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വഹിച്ച പങ്ക് ആര്‍ക്കും അവഗണിക്കാനാവില്ല.
വടക്കേ ഇന്ത്യയില്‍ പടയോട്ടക്കാരായി വന്ന മുസ്‌ലിം പടനായകരോടൊപ്പമോ അവര്‍ ഇവിടെ വന്ന് സുസ്ഥിര ഭരണത്തിന് അടിത്തറ പാകിയ ശേഷമോ ഇവിടെ വന്ന സൂഫി പ്രബോധകരുടെ ഊഴമാണ് ഇന്ത്യയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അടുത്ത ഘട്ടം. മുഹമ്മദ് ഗോറി ഇന്ത്യയിലെത്തിയ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മുഗള്‍ ആധിപത്യം ഇന്ത്യയിലുറച്ച 16-ാം നൂറ്റാണ്ട് വരെ ഏകദേശം മൂന്ന് നൂറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്നതാണ് സൂഫികളുടെ മുന്‍കൈയില്‍ ഇന്ത്യയിലുണ്ടായ ഇസ്‌ലാമിക നവോത്ഥാന കാലഘട്ടം. ഖാദിരിയ്യ, നഖ്ശബന്ദിയ്യ, ചിശ്തിയ്യ, സുഹ്‌റവര്‍ദിയ്യ തുടങ്ങിയ പ്രമുഖ സൂഫി സരണികള്‍ക്കെല്ലാം ഇന്ത്യയില്‍ ശക്തമായ വേരുകളുണ്ടായിരുന്നു. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ജനങ്ങളെ പല രീതിയില്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയും ചെയ്തതിനാല്‍ ഇസ്‌ലാമിക പ്രബോധനം തന്നെയാണ് സൂഫികള്‍ നടത്തിയ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മുഖ്യ ഉള്ളടക്കം. ഇസ്‌ലാമിക രാജ്യങ്ങളിലെ താര്‍ത്താരി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയെത്തിയവരായിരുന്നു ഈ സൂഫി പ്രബോധകരില്‍ പലരും. മുഹമ്മദ് ഗോറിയുടെ ആക്രമണത്തെ തുടര്‍ന്ന് ഇവിടെ സുശക്തമായ ഭരണം സ്ഥാപിച്ച തുര്‍ക്കി അഫ്ഗാന്‍ വംശജരായ അടിമ സുല്‍ത്താന്മാരാണ് അവര്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതമായ രീതിയില്‍ ഇസ്‌ലാമിക പ്രബോധനം നടത്താനുള്ള സാഹചര്യം സൃഷിച്ചത്. ചില സുല്‍ത്താന്മാരും പ്രഭുക്കന്മാരും അവരുടെ ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നുവെങ്കിലും കൊട്ടാരവുമായി അവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കൊട്ടാരത്തിന്റെ ആനുകൂല്യം അവര്‍ കൈപ്പറ്റിയിരുന്നുമില്ല. എന്നാല്‍ അക്കാലത്ത് മതപണ്ഡിതന്മാരായി പേരെടുത്ത പലരും കൊട്ടാരത്തിന്റെ ആനുകൂല്യം കൈപ്പറ്റി മതപ്രബോധനത്തിലോ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലോ വലിയ താല്‍പര്യമെടുത്തിരുന്നില്ല. മതപ്രബോധനം ആവശ്യമില്ല എന്ന് പറഞ്ഞ സിയാവുദ്ദീന്‍ ബര്‍ണിയെ പോലുള്ള മതപണ്ഡിതന്മാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയില്‍ മത പ്രബോധന, സംസ്‌കരണ മേഖലയില്‍ വലിയ പങ്കുവഹിക്കാന്‍ ഈ സൂഫികള്‍ക്ക് സാധിച്ചുവെന്നത് വസ്തുതയായിരിക്കെ തന്നെ പില്‍ക്കാലത്ത് ഈ സൂഫി ധാരയില്‍പെട്ട പലരെയും ജീര്‍ണത പിടികൂടുകയും ഇന്ത്യന്‍- ഇറാനിയന്‍ സംസ്‌കാരങ്ങളുടെ സ്വാധീനഫലമായി പല പിഴച്ച വിശ്വാസാചാരങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമായി അവര്‍ മാറുകയും ചെയ്തു. മുഗളരുടെ സുവര്‍ണ കാലഘട്ടത്തിലാണ് ഈ ജീര്‍ണത പരമകാഷ്ഠ പ്രാപിച്ചത്. നേരത്തെ പറഞ്ഞ കൊട്ടാര സേവകരായ മതപണ്ഡിതരും ജീര്‍ണത ബാധിച്ച സൂഫികളും ചേര്‍ന്ന് മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ വഴിതെറ്റിച്ച് ഇന്ത്യയിലെ ഇസ്‌ലാമിനെ ബ്രാഹ്മണിക്കല്‍ മൂല്യസംഹിതക്ക് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് ജീര്‍ണത മറനീക്കി പുറത്തുവന്നത്. അതോടെ ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു.
സംസ്‌കരണ ഘട്ടം
സൂഫി പ്രബോധകരുടെ കാലഘട്ടം ഇന്ത്യയിലെ ഇസ്‌ലാമിന്റെ വ്യാപന കാലഘട്ടമായിരുന്നുവെന്ന് പറഞ്ഞല്ലോ. സമൂഹം സാമ്പത്തികമായും രാഷ്ട്രീയമായും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതിനെയാണ് പെതുവെ നാഗരികമായി സുവര്‍ണ കാലമെന്ന് പറയുന്നത്. ഈ അടിസ്ഥാനത്തില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറുടെ ഭരണകാലം (1540-1610) മുഗള ഭരണത്തിന്റെ സുവര്‍ണ കാലമായിരുന്നു. നിരന്തരമായ യുദ്ധത്തിലൂടെ രാജ്യത്തിന്റെ വിസ്തൃതി പതിന്മടങ്ങ് വര്‍ധിച്ചു. മുഗള ഭരണത്തെ ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിച്ചത് അക്ബറാണ്. സ്വാഭാവികമായി സമ്പത്തും കുമിഞ്ഞുകൂടി. കലാ-സാഹിത്യങ്ങളുടെ ഉപാസകനെന്ന നിലയില്‍ അക്ബറുടെ പ്രോത്സാഹനത്തില്‍ സാംസ്‌കാരികരംഗവും പൊന്‍പ്രഭയില്‍ കുളിച്ചുനിന്നു. പക്ഷേ സംസ്‌കാര നാഗരികതയുടെ ഈ വര്‍ണക്കാഴ്ചക്കു പിറകില്‍ സമൂഹം ധാര്‍മികമായി ക്ഷയിക്കാന്‍ തുടങ്ങിയിരുന്നു. അതിനു കാരണം മതപ്രബോധനവും സംസ്‌കരണവുമെന്ന തങ്ങളുടെ ദൗത്യം മറന്ന് സൂഫിസം പല തരം ജീര്‍ണതകളുടെ കെട്ടുകാഴ്ചകളായി മാറിയതും മത പ്രബോധനമോ സംസ്‌കരണമോ നേരത്തേ തന്നെ അജണ്ട കളല്ലാതിരുന്ന മതപണ്ഡിതന്മാര്‍ കൊട്ടാരത്തിന്റെ പ്രീതി പിടിച്ചുപറ്റാനായി നടത്തിയ വൃത്തികെട്ട കളികളും അവരുടെ അനാവശ്യമായ മതതര്‍ക്കങ്ങളുമായിരുന്നു. ഇതെല്ലാം കണ്ട് മനം മടുത്ത ബുദ്ധിമാനായ ഒരു ഭരണാധികാരിയുടെ വഴിവിട്ട ചെയ്തികളാണ് ഇന്ത്യയില്‍ ഇസ്‌ലാം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായി പരിണമിച്ചത്. പക്ഷേ, ഈ വെല്ലുവിളി, ബ്രാഹ്മണിക്കല്‍ മൂല്യസംഹിതക്കും തത്ത്വചിന്തക്കും കീഴ്‌പ്പെടാതെ ഇസ്‌ലാം അതിന്റെ തനിമ സംരക്ഷിക്കാന്‍ നടത്തിയ അതിശക്തവും സമഗ്രവുമായ ഒരു പരിഷ്‌കരണ നവോത്ഥാന സംരംഭത്തിന്റെ ആവിര്‍ഭാവത്തിന് മുഗളരുടെ സുവര്‍ണ കാലത്ത് തന്നെ നിമിത്തമായിത്തീരുകയായിരുന്നു. രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് എന്നറിയപ്പെട്ട അഹ്മദ് സര്‍ഹിന്ദിയാണ് മുഗള്‍ സുവര്‍ണ കാലത്തെ ഈ പരിഷ്‌കരണത്തിന് ചുക്കാന്‍ പിടിച്ചത്.
സര്‍ഹിന്ദിയുടെ പരിഷ്‌കരണത്തിന്റെ സ്വാധീനത്താല്‍, അക്ബറിന്റെ പിഴച്ച മത സാംസ്‌കാരികനയം മുഗള്‍ ഭരണകൂടത്തിന്റെ സൂക്ഷ്മമായ അടരുകളില്‍ പോലും സൃഷ്ടിച്ച ജീര്‍ണതകളെ ഇല്ലാതാക്കാന്‍ ഭരണനടപടികള്‍ സ്വീകരിച്ച മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ആലംഗീറിനെയും ഈ നവോത്ഥാനത്തിലെ പ്രധാന കണ്ണിയായി പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.
പരിഷ്‌കരണത്തിന്റെ താത്ത്വികാടിത്തറകള്‍
ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ മരണത്തോടെ മുഗള്‍ രാഷ്ട്രീയശക്തി ഛിന്നഭിന്നമാകാന്‍ തുടങ്ങിയതോടെയാണ.് സര്‍ഹിന്ദിയുടെ മത-രാഷ്ട്രീയ-സാമൂഹിക പരിഷ്‌കരണത്തിന്റെ ഫലമായിരുന്നു ഔറംഗസീബ് എന്ന് പറഞ്ഞല്ലോ. ഭരണത്തെ ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ഔറംഗസീബ് വിജയിച്ചതുകൊണ്ടാണ് സര്‍ഹിന്ദിയുടെ നവോത്ഥാനത്തിന്റെ ഫലം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഔറംഗസീബിന്റെ മരണത്തോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പ്രവിശ്യകള്‍ ഓരോന്നായി സ്വതന്ത്രമായി. ഇപ്രകാരം മുഗള്‍ ഭരണത്തിന്റെ കേന്ദ്രം ശിഥിലമായതോടെ അകത്തുനിന്നും പുറത്തുനിന്നും ശത്രുക്കള്‍ മുസ്‌ലിംഭരണത്തെ ലക്ഷ്യമിടാന്‍ തുടങ്ങി. പുറത്തുനിന്ന് ഇംഗ്ലീഷുകാരും അകത്തുനിന്ന് മറാഠകളും പഞ്ചാബിലെ സിഖുകാരുമാണ് മുഗള്‍ ഭരണത്തെ ഉന്നമിട്ടിരുന്നത്. ഈ പ്രതിസന്ധിയില്‍നിന്ന് മോചനം നേടി മുസ്‌ലിം രാഷ്ട്രീയ ശക്തിയെ വീണ്ടെടുക്കാന്‍ മാത്രമല്ല ഇനി ഒരുവേള രാഷ്ട്രീയ ശക്തി തകര്‍ന്നാല്‍ ഭാവിയില്‍ അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമാകുന്ന തരത്തില്‍ മുസ്‌ലിം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സമഗ്രമായി സ്പര്‍ശിക്കുന്ന പരിഷ്‌കരണം ആവശ്യമായിരുന്നു. ഈ സമഗ്ര പരിഷ്‌കരണത്തിന്റെ താത്ത്വികാടിത്തറകള്‍ നല്‍കിയ മഹാ പരിഷ്‌കര്‍ത്താവായിരുന്നു ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി.
സമരങ്ങളും പ്രക്ഷോഭങ്ങളും
ഷാ വലിയ്യുല്ലായുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലിം ഇന്ത്യയുടെ രാഷ്ട്രീയശക്തിയുടെ അനിവാര്യമായ പതനത്തെ പിടിച്ചുനിര്‍ത്താനായില്ല. 1757-ലെ പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ നവാബ് സിറാജുദ്ദൗലയുടെയും 1799-ല്‍ ടിപ്പുവിന്റെയും പതനത്തോടെ ഇന്ത്യ മുഴുവനായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മേല്‍ക്കോയ്മയില്‍ അമര്‍ന്നു. പക്ഷേ ഷാ വലിയ്യുല്ലായുടെ പരിഷ്‌കരണത്തിന്റെ ഫലമെന്നോണം പൊടുന്നനെ ഇന്ത്യയിലുടനീളം കൊളോണിയലിസത്തിനെതിരെ ശക്തമായ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടണ്ടിന്റെ തുടക്കം മുതല്‍ നാം കാണുന്നത്. ഈ സമരങ്ങളില്‍ മിക്കതും സായുധ സമരങ്ങളായിരുന്നു. 1831-ലെ അഹ്മദ് ശഹീദിന്റെ സായുധ ജിഹാദായിരുന്നു ഈ പോരാട്ടങ്ങളില്‍ ആദ്യത്തേത്. 1836-ല്‍ ബാലാക്കോട്ട് യുദ്ധത്തില്‍ ഈ സമരം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും പിന്നീടുണ്ടായ ഇന്ത്യയിലെ എല്ലാവിധ കൊളോണിയല്‍ വിരുദ്ധ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും പ്രചോദിപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു ഈ ജിഹാദ് പ്രസ്ഥാനം. ബംഗാളിലെ കര്‍ഷക പ്രസ്ഥാനമായ ഫറായിദി പ്രസ്ഥാനം അതിനെത്തുടര്‍ന്ന് വന്നതാണ്. ഷാ വലിയ്യുല്ലായുടെ നവോത്ഥാന ആശയങ്ങളുമായോ അതില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് വടക്കേ ഇന്ത്യയിലുടനീളം പൊട്ടിപ്പുറപ്പെട്ട കൊളോണിയല്‍ വിരുദ്ധസമരങ്ങളുമായോ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും 19-ാം നൂറ്റാണ്ടില്‍ മലബാറിലെ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക സമരങ്ങളെയും അതിന്റെ ഉള്ളടക്കം പരിഗണിച്ചുകൊണ്ട് ഇതുമായി നമുക്ക് കണ്ണിചേര്‍ക്കാവുന്നതാണ്. പ്രത്യേകിച്ച് ബംഗാളിലെ കൊളോണിയലിസം താങ്ങിനിര്‍ത്തിയ ജന്മിമാര്‍ക്കെതിരെയുള്ള ഫറായിദി പ്രസ്ഥാനവും മലബാറിനെ മാപ്പിള സമരവും തമ്മില്‍ പല സാമ്യതകളുമുണ്ട്.
പ്രക്ഷോഭങ്ങളും സമരങ്ങളും നിര്‍ണയിച്ച ഈ കാലഘട്ടത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഏറ്റവും അവസാനത്തേതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കിയതുമായ വമ്പിച്ച സാമൂഹിക ഇടപെടലായിരുന്നു 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് അറിയപ്പെടുന്ന വടക്കേ ഇന്ത്യയെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭം. ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിന് മാത്രമല്ല മുസ്‌ലിംകള്‍ക്ക് തന്നെയും പല തിരിച്ചറിവുകളും അത് നല്‍കി. പിന്നീടുണ്ടായ ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനപരമായ ഇടപെടലുകളുടെ സ്വഭാവത്തെയും രീതിശാസ്ത്രത്തെയും വരെ ആ തിരിച്ചറിവുകള്‍ സ്വാധീനിച്ചു.
വിദ്യാഭ്യാസ-സാമൂഹിക നവോത്ഥാനം
1857-ലെ സായുധസമരം പരാജയപ്പെട്ടതില്‍നിന്നുള്ള തിരിച്ചറിവുകളായിരുന്നു ഈ നവോത്ഥാനത്തിന്റെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയത്. മുസ്‌ലിംകള്‍ പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍വിരുദ്ധ രാഷ്ട്രീയ സമരങ്ങളില്‍നിന്ന് താല്‍ക്കാലികമായി മാറിനിന്ന് വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പുരോഗതിയില്‍ ശ്രദ്ധയൂന്നണം എന്നായിരുന്നു ഇത് മുന്നോട്ടുവെച്ച ആശയം. മുസ്‌ലിംകളുടെ മത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയ ദയൂബന്ദിലെ ദാറുല്‍ ഉലൂം സ്ഥാപിച്ച ദയൂബന്ദ് പ്രസ്ഥാനവും ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിനും അക്കാദമിസത്തിനും ഗണ്യമായ സംഭാവന ചെയ്ത അലീഗഢ് മുസ്‌ലിം സര്‍വകലാശാലക്ക് ബീജാവാപം ചെയ്ത അലീഗഢ് പ്രസ്ഥാനവും ഈ നവോത്ഥാനത്തില്‍നിന്ന് പിറവിയെടുത്തതാണ്. പരസ്പരവിരുദ്ധമായ രണ്ട് ധാരകളായിട്ടാണ് ഈ നവോത്ഥാനം വികസിച്ചതെങ്കിലും രണ്ടിന്റെയും പ്രത്യയശാസ്ത്ര പിന്‍ബലവും ഊര്‍ജസ്രോതസ്സും ഒന്നായിരുന്നു. അതായത് ഷാ വലിയ്യുല്ലായുടെ നവോത്ഥാന ചിന്തകളും അഹ്മദ് ശഹീദിന്റെ ജിഹാദ് പ്രസ്ഥാനം നല്‍കിയ രാഷ്ട്രീയ ഉണര്‍വുകളും. ഈ രണ്ട് ധാരകള്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസ ചിന്തയെ സമന്വയിപ്പിക്കാന്‍ ശ്രമം നടത്തിയ നദ്‌വത്തുല്‍ ഉലമയും ഈ നവോത്ഥാനത്തിന്റെ തന്നെ ഭാഗമാണ്.
ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ ഉണര്‍വ്
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരാജയത്തെ തുടര്‍ന്ന് ഏകദേശം അരനൂറ്റാണ്ട്് കാലം മുസ്‌ലിം നവോത്ഥാനം വിദ്യാഭ്യാസ-മതരംഗത്ത് മാത്രം പരിമിതപ്പെട്ടതിനു ശേഷം ഈ നവോത്ഥാനത്തിന്റെ വക്താക്കള്‍ വീണ്ടും കൊളോണിയല്‍വിരുദ്ധ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തുടങ്ങിയതാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദം പിന്നിട്ടപ്പോള്‍ മുസ്‌ലിം നവോത്ഥാനത്തില്‍ പ്രകടമായ ഏറ്റവും വലിയ സവിശേഷത. കോണ്‍ഗ്രസിനോടൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ സജീവമാകാന്‍ വേണ്ടി ദയൂബന്ദ് ചിന്താധാരയില്‍പെട്ട പണ്ഡിതന്മാര്‍ രൂപം നല്‍കിയ ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കോണ്‍ഗ്രസുമായി സഹകരിച്ചതും ഖിലാഫത്ത് മൂവ്‌മെന്റിന്റെ ആവിര്‍ഭാവവും പുറത്തു നിന്നുള്ള സഹായത്തോടെ ഇന്ത്യയെ ബ്രീട്ടിഷുകാരില്‍നിന്ന് മോചിപ്പിക്കാന്‍ സായുധ നീക്കത്തിനുള്ള മഹ്മൂദുല്‍ ഹസന്റെയും ഉബൈദുല്ലാ സിന്ധിയുടെയും പാളിപ്പോയ ആസൂത്രണവുമെല്ലാം ഈ രാഷ്ട്രീയ ഉണര്‍വിന്റെ പ്രത്യക്ഷഫലമായിരുന്നു. സാമ്രാജ്യത്വത്തെയും മതേതര ദേശീയതയെയും താത്ത്വികമായി പ്രശ്‌നവത്കരിച്ചുകൊണ്ട് വേറിട്ട ഒരു മുസ്‌ലിം സ്വത്വത്തിനു വേണ്ടിയുള്ള അല്ലാമാ ഇഖ്ബാലിന്റെ ഇടപെടലും ഈ ഉണര്‍വിന്റെ ഭാഗം തന്നെ. കൊളോണിയലിസവും ഹിന്ദുത്വവും സൃഷ്ടിക്കുന്ന ഇരട്ട സാംസ്‌കാരിക പ്രതിസന്ധിയെ ചെറുത്ത് മുസ്‌ലിം ജന സാമാന്യത്തിന്റെ മതബോധം സംരക്ഷിക്കാനായി മൗലാനാ ഇല്‍യാസ് കാന്ദലവി രൂപം കൊടുത്ത തബ്‌ലീഗ് ജമാഅത്തിന്റെ ആവിര്‍ഭാവത്തിന് ഈ കാലഘട്ടത്തിലെ രാഷ്ട്രീയ ഉണര്‍വുമായി പ്രത്യക്ഷമായി ബന്ധമില്ല എന്ന് തോന്നാമെങ്കിലും പരോക്ഷമായി അതും ആ കാലഘട്ടത്തിലെ രാഷ്ട്രീയ ഉണര്‍വിന്റെ തന്നെ സംഭാവനയും അതിനാല്‍തന്നെ ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനത്തിലെ തന്നെ ഒരു പ്രധാന കണ്ണിയുമാണ്
ആധുനിക ഇസ്‌ലാമിക പ്രസ്ഥാനം
ഷാ വലിയ്യുല്ലായുടെ നവോത്ഥാന ചിന്തകളെ അനന്തരമെടുത്ത് പിന്നീട് ഇന്ത്യയിലുണ്ടായ എല്ലാ രാഷ്ട്രീയ-സാമൂഹിക ഉണര്‍വുകള്‍ക്കും നേതൃത്വം നല്‍കിയ മത പണ്ഡിതന്മാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയത്തില്‍ നിരാശരായി ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ കര്‍തൃത്വം പ്രയോഗത്തില്‍ വ്യക്തമായും താത്ത്വിക തലത്തില്‍ പരോക്ഷമായും ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെയോ മുസ്‌ലിം ലീഗിന്റെയോ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ യാതൊരുവിധ കര്‍തൃത്വവുമില്ലാത്ത സഹകാരികള്‍ മാത്രമായപ്പോള്‍, ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ കര്‍തൃത്വം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാനത്തിലെ ഒരു പ്രധാന കണ്ണിയാണെന്ന കാര്യത്തില്‍ സംശയമില്ല.
Comments