Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ഈ അറുകൊലക്കെതിരെ രാജ്യത്തിന് കരുതലുണ്ടാകണം

ഹാഫിള് മുഹമ്മദ് ഹാശിം / മിസ്അബ് ഇരിക്കൂര്‍

ഈദുല്‍ ഫിത്വ്‌റിന് നാലു ദിവസം മുമ്പ് പെരുന്നാളിനുള്ള പുതുവസ്ത്രങ്ങള്‍ വാങ്ങി ട്രെയ്‌നില്‍ തിരികെ  വരുന്നതിനിടയില്‍ വര്‍ഗീയ ഭീകരരുടെ അതിക്രൂരമായ മര്‍ദനത്തിനും അക്രമത്തിനും ഇരയായി കൊലചെയ്യപ്പെട്ട ശഹീദ് ഹാഫിള് ജുനൈദ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും മുഴുവന്‍ സംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയുമായ ഹാശിമിനെ കാണാനായി ഹരിയാനയിലെ ബല്ലബ്ഗഢിനടുത്തുള്ള കന്തൗലി ഗ്രാമത്തിലെ വീട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ ഓര്‍ഗനൈസര്‍മാരായ ഇശ്തിയാഖ് സാഹിബിനും അബൂദ്ദര്‍ സാഹിബിനുമൊപ്പമാണ് ഞാന്‍ എത്തിയത്. എ.ആര്‍.ഡി എന്ന ജര്‍മന്‍ ടി.വിയുടെ സൗത്തേഷ്യയിലെ ചീഫ് പ്രൊഡ്യൂസറായ കോഴിക്കോട് സ്വദേശി പി.എം നാരായണന്‍ ഹാശിമുമായി അഭിമുഖം നടത്തുകയായിരുന്നു അപ്പോള്‍. ആ അഭിമുഖത്തിനു ശേഷമാണ് ഹാശിം പ്രബോധനത്തിനു വേി എന്നോട് സംസാരിച്ചു തുടങ്ങിയത്.

 

എന്താണ് കന്തൗലി ഗ്രാമത്തിന്റെ സാമൂഹികാവസ്ഥ? ഇവിടത്തെ മുസ്‌ലിം ജീവിതം, അവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ നിലവാരം...

തൊണ്ണൂറ് ശതമാനത്തോളം മുസ്‌ലിംകളുള്ള ഗ്രാമമാണ് ഞങ്ങളുടെ കന്തൗലി. ബാക്കി പത്തു ശതമാനം ദലിത് സമുദായക്കാരാണ്. സൗഹാര്‍ദാന്തരീക്ഷമാണ് ഇവിടെ എപ്പോഴും. സമുദായങ്ങള്‍ തമ്മില്‍ ഇതുവരെ ഒരു പ്രശ്‌നവും ഇവിടെ ഉണ്ടായിട്ടില്ല. ഡ്രൈവിംഗ,് കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങിയവയാണ് ഗ്രാമവാസികളുടെ പ്രധാന തൊഴില്‍. ദല്‍ഹി, ഹരിയാന പോലീസിലും ഇന്ത്യന്‍ ആര്‍മിയിലും വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈ ഗ്രാമത്തിലെ ആളുകള്‍ ജോലി ചെയ്യുന്നു. 1000 പുരുഷന്മാര്‍ക്ക് 1200 സ്ത്രീകള്‍ എന്ന അനുപാതമുള്ള ഞങ്ങളുടെ കന്തൗലി ഗ്രാമം, ഹരിയാനയില്‍ തന്നെ വളരെ ശ്രദ്ധേയമാണ്. എന്റെ സഹോദരന്‍ ഹാഫിള് ജുനൈദ് രക്തസാക്ഷിയായ സംഭവത്തോടെ ദേശീയതലത്തില്‍തന്നെ ഗ്രാമം ശ്രദ്ധിക്കപ്പെട്ടു.

മുസ്‌ലിംകളില്‍ ഇടത്തരക്കാരാണ് കൂടുതല്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുമുണ്ട്. സ്‌കൂളില്‍നിന്നും മദ്‌റസയില്‍നിന്നുമൊക്കെയായി ഇവിടത്തെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു. ഉപരിപഠനത്തിനായി ഹരിയാനയിലെ തന്നെ മേവാത്തിലേക്കും രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കും ധാരാളം കുട്ടികള്‍ പോകുന്നുണ്ട്.

 

നിങ്ങളുടെ കുടുംബ പശ്ചാത്തലം എന്താണ്?

ഉമ്മയും ഉപ്പയും  വല്യുപ്പയും ഒരു സഹോദരിയും ആറ് സഹോദരന്മാരുമാണ് എനിക്കുള്ളത്. ജുനൈദ് രക്തസാക്ഷിയായതോടെ സഹോദരന്മാര്‍ അഞ്ചായി ചുരുങ്ങി. വല്യുപ്പ സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചയാളാണ്. ഉപ്പ ബല്ലബ്ഗഢില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നു. മക്കളില്‍ ഏറ്റവും മൂത്തത് സഹോദരി റാബിയയാണ്. അവള്‍ രാജസ്ഥാനിലെ ഒരു മദ്‌റസയില്‍നിന്ന് ആലിമിയ്യത്ത് കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് ഹരിയാനയിലെ മേവാത്തിലേക്ക് വിവാഹം ചെയ്തയച്ചു. ഇപ്പോള്‍ അവിടെ ഒരു മദ്‌റസയില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഇസ്മാഈല്‍, ശാകിര്‍, പിന്നെ ഞാന്‍ (ഹാശിം), ഖാസിം, ജുനൈദ്, ആദില്‍, ഫൈസല്‍ എന്നിവരാണ് ആണ്‍ മക്കള്‍. ഇസ്മാഈല്‍ ഈ ഗ്രാമത്തില്‍ തന്നെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു. ശാകിര്‍ ടാക്‌സി ഡ്രൈവറാണ് (മര്‍ദനമേറ്റതിനെ തുടര്‍ന്ന് അവനിപ്പോള്‍ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്). ഞാനും അനുജന്മാരായ ഖാസിമും ആദിലും ഹാഫിള് ആയതിനു ശേഷം ഗുജറാത്തില്‍ സൂറത്ത് ജില്ലയിലെ റാന്തറിലുള്ള ദാറുല്‍ ഉലൂം അശ്‌റഫി മദ്‌റസയില്‍ ആലിമിയ്യത്ത് കോഴ്‌സിന് പഠിക്കുന്നു. റമദാനില്‍ അവധിക്ക് വന്നതാണ് ഞങ്ങള്‍. ഏറ്റവും ഇളയ സഹോദരന്‍ ഫൈസല്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഞങ്ങളുടെ വീട്ടിലെ നാല് പേര്‍ ഹാഫിളുകളാണ്.

 

ജുനൈദിന്റെ വിദ്യാഭ്യാസം, അവന്റെ പ്രകൃതം എന്തായിരുന്നു?

ആറാം ക്ലാസ് വരെ ഈ ഗ്രാമത്തിലെ തന്നെ സ്‌കൂളില്‍ പഠിച്ചതിനു ശേഷം ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ മേവാത്തിലെ ഒരു മദ്‌റസയില്‍ ചേരുകയായിരുന്നു ജുനൈദ്. കഴിഞ്ഞ വര്‍ഷമാണ് അവന്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയത്. അതിനുശേഷം അവന്‍ വീട്ടില്‍ തന്നെയായിരുന്നു. ഈ റമദാനിനു ശേഷം ഞങ്ങളൊക്കെ പഠിക്കുന്ന സ്ഥാപനത്തില്‍ ആലിമിയ്യ കോഴ്‌സിന് ചേരാനിരിക്കുകയായിരുന്നു ജുനൈദ്. പഠിച്ച് വലിയ ഇസ്‌ലാമിക പണ്ഡിതന്‍ (ആലിം) ആവാനായിരുന്നു അവന്റെ ആഗ്രഹം. 

വീട്ടില്‍ പൊതുവെ ശാന്തപ്രകൃതക്കാരനായിരുന്നു ജുനൈദ്. ഉപ്പാക്കും ഉമ്മാക്കും അവനെ വലിയ ഇഷ്ടമായിരുന്നു. കൂട്ടുകാര്‍ക്ക് പ്രിയങ്കരന്‍. ഞാനും ജുനൈദും തമ്മില്‍ നാല് വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും അടുത്ത കൂട്ടുകാരെ പോലെയായിരുന്നു ഞങ്ങള്‍. ക്രിക്കറ്റായിരുന്നു അവന് ഇഷ്ടപ്പെട്ട കളി.

 

എന്താണ് യഥാര്‍ഥത്തില്‍ ജൂണ്‍ 22-ന് സംഭവിച്ചത്?

ഈ റമദാനില്‍ ജുനൈദ് അടുത്തുള്ള ഒരു വീട്ടില്‍ തറാവീഹ് നമസ്‌കാരത്തിന് ഇമാമായി നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഹാഫിളായതിനു ശേഷമുള്ള അവന്റെ ആദ്യത്തെ  ഇമാമത്തായിരുന്നു ഇത്. സംഭവം നടക്കുന്നതിന് തലേന്ന് രാത്രിയോടെ (റമദാന്‍ 25) അവന്‍ തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഒരു തവണ മുഴുവനായി ഓതി തീര്‍ത്തിരുന്നു. തറാവീഹ് നമസ്‌കരിക്കാന്‍ വന്ന ആളുകള്‍ അന്ന് രാത്രി ഹദിയ്യയായി അവന് കുറച്ച്  പണം നല്‍കി. അന്ന് ഏറെ സന്തോഷവാനായിരുന്നു ജുനൈദ്. പിറ്റേന്ന് പുലര്‍ച്ചെ (റമദാന്‍ 26) അത്താഴം കഴിച്ചതിനു ശേഷം ഞാനും ജുനൈദും അയല്‍വാസികളും സുഹൃത്തുക്കളുമായ മുഅസ്സിം, മുഈന്‍ എന്നിവരെയും കൂട്ടി ദല്‍ഹിയിലെ സദര്‍ ബസാറില്‍ പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ പോയി. വസ്ത്രങ്ങളൊക്കെ വാങ്ങി വൈകുന്നേരം അഞ്ചു മണിക്ക് ബല്ലബ്ഗഢിലേക്കുള്ള ടിക്കറ്റെടുത്ത് ദല്‍ഹി-മധുര ലോക്കല്‍ ട്രെയ്‌നില്‍ സദര്‍ ബസാറില്‍നിന്നും ഞങ്ങള്‍ കയറി. ഞങ്ങള്‍ നാലു പേര്‍ക്കും അടുത്തടുത്തായി തന്നെ സീറ്റ് കിട്ടി. വണ്ടി അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ വൃദ്ധനായ ഒരാള്‍ ഞങ്ങളുടെ കമ്പാര്‍ട്ട്‌മെന്റില്‍ കയറി. അദ്ദേഹത്തിന് സീറ്റ് ഉണ്ടായിരുന്നില്ല. ഇതു കണ്ട് ജുനൈദ് അദ്ദേഹത്തിനു വേണ്ടി സീറ്റില്‍നിന്ന് എഴുന്നേറ്റുകൊടുത്തു. 

ഓഖ്‌ല സ്റ്റേഷനിലെത്തിയപ്പോള്‍ ധാരാളം പേര്‍ ട്രെയ്‌നില്‍ ഇടിച്ചു കയറി. ഉന്തിയും തള്ളിയുമാണ് ആളുകള്‍ ട്രെയ്‌നിലേക്ക് കയറിയത്. പത്തിരുപത്തഞ്ചോളം വരുന്ന  ആളുകളുടെ ഒരു സംഘവും ഇതിലുണ്ടായിരുന്നു. അവര്‍ തിക്കിത്തിരിക്കുന്നതിനിടയില്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്ന ജുനൈദിനെ തള്ളിമാറ്റി. അവന്‍ ട്രെയ്‌നിനുള്ളില്‍ മുഖമിടിച്ചു വീണു. ഇതു കണ്ട ഞാന്‍ എന്തിനാണ് ഇങ്ങനെ തിക്കിത്തിരക്കുന്നതെന്നും എന്റെ അനുജനെ എന്തിനാണ് തള്ളിയിട്ടത് എന്നും ചോദിച്ചു. ഇതില്‍ പ്രകോപിതരായ ആ സംഘം എന്നെ തെറിവിളിക്കാന്‍ തുടങ്ങി. 

'ബീഫ് തിന്നുന്ന മുസല്‍മാനാണിവന്‍, പാകിസ്താനി, ദേശദ്രോഹി, ലിംഗാഗ്ര ഛേദം നടത്തിയ മൊല്ല (കാട്‌ല മൊല്ല)' എന്നൊക്കെ പറഞ്ഞ് ആക്രോശിച്ചു. എന്റെ തൊപ്പിയൂരി കാലിനടിയിലിട്ട് ചവിട്ടിയുരച്ചു. എന്റെ താടി പിടിച്ചു വലിക്കാന്‍  ശ്രമിക്കുന്നതിനിടയില്‍ ഞാനത് തടയാന്‍ നോക്കി. ഉടനെ അവര്‍ എന്നെ അടിക്കാന്‍ തുടങ്ങി. ഇതു കണ്ട് ഓടി വന്ന ജുനൈദിനെയും മുഅസ്സിമിനെയും മുഈനെയും അവര്‍ പൊതിരെ തല്ലി. പത്തിരുപത്തിയഞ്ച് പേര്‍ ഞങ്ങളെ വളഞ്ഞിട്ട് തല്ലുന്നതു കണ്ടിട്ടും സഹയാത്രികര്‍ ആരും തന്നെ ഞങ്ങളെ രക്ഷപ്പെടുത്താന്‍ വന്നില്ല. എല്ലാവരും നിസ്സംഗരായി നോക്കിനിന്നു. 

ട്രെയ്ന്‍ തുഗ്ലക്കാബാദില്‍ എത്തിയപ്പോള്‍ മുഅസ്സിം എന്റെ ജ്യേഷ്ഠന്‍ ശാകിറിനെ വിളിച്ച് ഉടന്‍ ബല്ലബ്ഗഢ് സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞു. ശാകിര്‍ അവിടെ എത്തി. ട്രെയ്ന്‍ ബല്ലബ്ഗഢ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ച ഞങ്ങളെ ആ ക്രൂര സംഘം അതിന് അനുവദിച്ചില്ല. ഞങ്ങളെ നോക്കി കമ്പാര്‍ട്ട്‌മെന്റിനടുത്തേക്ക് വന്ന ശാകിറിനെയും അവര്‍ ട്രെയ്‌നിനുള്ളിലേക്ക് പിടിച്ചു വലിച്ച് കയറ്റി. ശാകിറിനെ അവര്‍ പൊതിരെ തല്ലാന്‍ തുടങ്ങി. 

ട്രെയ്ന്‍ ബല്ലബ്ഗഢ് സ്റ്റേഷന്‍ വിട്ടപ്പോള്‍ പെട്ടെന്നവര്‍ മൂര്‍ച്ചയുള്ള കത്തിയെടുത്ത് ആക്രമിക്കാന്‍ തുടങ്ങി. ഇരുതല മൂര്‍ച്ചയുള്ള ഒരു പ്രത്യേക തരം കത്തിയായിരുന്നു അവരുടെ കൈയിലുണ്ടായിരുന്നത്. രണ്ടഗ്രവും മൂര്‍ച്ചയുള്ള കത്തി ഞാന്‍  ആദ്യമായി കാണുകയാണ്. വട്ടം കൂടി നിന്ന്, നേരത്തേ പറഞ്ഞ തെറികള്‍ വിളിച്ച് ഞങ്ങളെ തലങ്ങും വിലങ്ങും അവര്‍ കുത്തി. ജുനൈദിനെയും ശാകിറിനെയുമാണ് അവര്‍ നന്നായി ആക്രമിച്ചത്. ഇരുവരും അബോധാവസ്ഥയിലായി. ട്രെയ്ന്‍ അസൗത്തി സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവര്‍ രണ്ടു പേരും മരിച്ചുവെന്ന് കരുതി ഇരുവരെയും വലിച്ച് പുറത്തേക്കിട്ട് അവര്‍ ഓടിമറഞ്ഞു. ഞങ്ങളുണ്ടായിരുന്ന കമ്പാര്‍ട്ട്‌മെന്റ് കാലിയായി. അതിലുണ്ടായിരുന്ന മറ്റു യാത്രക്കാരും പല കമ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഓടിപ്പോയി. 

അസൗത്തി സ്റ്റേഷനില്‍നിന്നും ഞങ്ങളെ ആരും സഹായിച്ചില്ല. നോമ്പ് മുറിക്കാന്‍ വേണ്ടി കുറച്ച് വെള്ളം ആവശ്യപ്പെട്ടെങ്കിലും ആരും തന്നില്ല. സ്റ്റേഷനില്‍ പോലീസുമുണ്ടായിരുന്നില്ല. രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജുനൈദിനെ കൈത്തണ്ടയില്‍ എടുത്ത് ഞാനും, ശാകിറിനെ താങ്ങിപ്പിടിച്ച് മുഅസ്സിമും മുഈനും സ്റ്റേഷന് പുറത്തേക്ക് നടന്നു. നോമ്പുകാരനായിരിക്കെ എന്റെ പൊന്നനുജന്‍ അല്ലാഹുവിലേക്ക് യാത്രയായെന്ന് അവന്റെ ചേതനയറ്റ ശരീരം എടുത്ത് നടക്കുമ്പോള്‍ എനിക്ക് ബോധ്യമായി. സ്റ്റേഷന് പുറത്തെത്തിയ ഞങ്ങള്‍ സഹായിക്കണമെന്ന് ആളുകളോട് കരഞ്ഞു പറഞ്ഞു. ഇതു കേട്ട് ആരോ ആംബുലന്‍സ് വിളിച്ചു. ഈ സമയത്ത് പഴയ സാധനങ്ങളൊക്കെ പെറുക്കി നടക്കുന്ന ഒരാള്‍ കുറച്ച് വെള്ളം കൊണ്ടു വന്ന് തന്നു. അപ്പോഴാണ് ഞങ്ങള്‍ നോമ്പ് മുറിച്ചത്. 

അര മണിക്കൂറിനു ശേഷം ആംബുലന്‍സ് എത്തി. ഞങ്ങളെ സര്‍ക്കാര്‍ ആശുപത്രിയായ പല്‍വല്‍ സിവില്‍ ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോയത്. അപ്പോഴേക്കും ഞങ്ങളുടെ കുടുംബക്കാരൊക്കെ അവിടെയെത്തി. മരിച്ചു കിടക്കുന്ന ജുനൈദിന്റെ ദേഹത്ത് വെക്കാനുള്ള ഐസ് പോലും ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നില്ല. അത് ഞങ്ങളുടെ കുടുംബക്കാര്‍ വാങ്ങിക്കൊടുക്കേണ്ടി വന്നു. 

മുഅസ്സിനും മുഈനും സാരമായ പരിക്കുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്ക് പ്രാഥമിക ചികിത്സ മാത്രം മതിയായിരുന്നു. ശാകിറിനെയും എന്നെയും മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയായ ഫരീദാബാദിലെ ബി.കെ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തു. അവിടത്തെയും അവസ്ഥ വ്യത്യസ്തമാവില്ല എന്നതിനാല്‍ ഞങ്ങളെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. രാത്രി പതിനൊന്ന് മണിക്ക് ഞങ്ങള്‍ അവിടെയെത്തി. മൂന്നു മണി വരെ ഞങ്ങള്‍ക്ക് ആവശ്യമായ ചില അടിയന്തര ചികിത്സകള്‍ അവിടന്ന് ലഭിച്ചു. 36,000 രൂപയുടെ ബില്ലാണ് വന്നത്. കുടുംബക്കാര്‍ എങ്ങനെയൊക്കെയോ പണം ശേഖരിച്ച് കൊണ്ടുവന്നു. കേണപേക്ഷിച്ചതുകൊണ്ട് 4,000 രൂപ ബില്ലില്‍നിന്നും കുറച്ച് തന്നു. ശാകിറിനെയും എന്നെയും ദല്‍ഹിയിലെ എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ അഞ്ച് മണിക്ക് ഞങ്ങള്‍ അവിടെയെത്തി. ഒമ്പത് മണിയായപ്പോള്‍ എന്നെ ഡിസ്ചാര്‍ജ് ചെയ്തു. ശാകിറിനെ രണ്ട് ദിവസം ട്രോമ സെന്ററില്‍ തന്നെ കിടത്തി ചികിത്സിച്ചു. അതിനു ശേഷം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഓഖ്‌ല എം.എല്‍.എ അമാനത്തുല്ലാ ഖാന്‍ ശാകിറിനെ ദല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തുതന്നു. അവനിപ്പോഴും അപ്പോളോ ഹോസ്പിറ്റലിലാണ്.

ജുനൈദിനെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പിറ്റേന്ന് രാവിലെ പത്ത് മണിക്കാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അന്ന് ജുമുഅ നമസ്‌കാരശേഷം നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് ഖബ്‌റടക്കിയത്. 

 

സീറ്റു തര്‍ക്കമാണ് അവസാനം കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പ്രചരിക്കുന്നുണ്ടല്ലോ. എന്താണ് സത്യാവസ്ഥ?

അങ്ങനെയൊരു സീറ്റുതര്‍ക്കം അന്നുണ്ടായിട്ടില്ല. അത് പറയുന്നവര്‍ വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ്. 

 

പോലീസിന്റെ സമീപനം എന്തായിരുന്നു?

ഞങ്ങളെ ആക്രമിക്കുമ്പോള്‍ ട്രെയ്‌നിലോ സ്റ്റേഷനിലോ പോലീസ് ഉണ്ടായിരുന്നില്ല. പന്‍വല്‍ സിവില്‍ ഹോസ്പിറ്റലിലേക്ക് പോലീസ് വന്നുവെങ്കിലും ഞങ്ങളോട് സംസാരിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ അവര്‍ തയാറായില്ല. പിന്നീട് ബല്ലബ്ഗഢ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് കേസന്വേഷിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അഞ്ചു പേരെ അവര്‍ അറസ്റ്റ് ചെയ്തിട്ടു്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അക്രമികളുടെ കൂടെ ഉണ്ടായിരുന്നവരാണെന്ന് എനിക്ക് മുഖപരിചയം തോന്നുന്നുണ്ട്. പക്ഷേ, ഇവരായിരുന്നില്ല പ്രധാന അക്രമികള്‍. അതിനാല്‍, പോലീസ് അന്വേഷണം ത്വരിതഗതിയിലാക്കി പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതുണ്ട്. യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുന്നതിനുള്ള നിയമ പോരാട്ടങ്ങള്‍ക്കാണ് ഞങ്ങള്‍ക്ക് പിന്തുണ വേതും സഹൃദയര്‍ സജീവമായി ശ്രമിക്കേതും. ആവശ്യമെങ്കില്‍ സുപ്രീം കോടതി വരെയുള്ള കേസ് നടത്തിപ്പാണ് ഇനി ഗൗരവത്തിലെടുക്കേത്. സംഭവത്തിന് പത്തിരുനൂറോളം പേര്‍  ദൃക്‌സാക്ഷികളായിട്ടും ഒരാള്‍ പോലും പോലീസിന് മുമ്പാകെ സാക്ഷി പറയാന്‍ വരുന്നില്ല എന്നത് ഏറെ ഖേദകരമാണ്. 

 

ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം എന്തായിരുന്നു? 

ഈ സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായപ്പോള്‍ സ്ഥലം എം.എല്‍.എ റാഹിഷ് ഖാന്‍ ഞങ്ങളെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ജുനൈദിന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും നിയമം കൈയിലെടുക്കാന്‍ ഗവണ്‍മെന്റ് ആരെയും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ഈ സംഭവം ലജ്ജാകരവും ഏറെ വേദനിപ്പിക്കുന്നതുമാണെന്നും ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു അക്രമത്തെയും അംഗീകരിക്കില്ലെന്നും കുറ്റവാളികള്‍ക്ക് ആജീവനാന്ത തടവു ശിക്ഷയോ വധശിക്ഷയോ ലഭിക്കണമെന്നും പ്രസ്താവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശുഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കില്ല എന്നു പറഞ്ഞത് ജുനൈദിന്റെ രക്തസാക്ഷ്യത്തിനു ശേഷമാണല്ലോ. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് പൂര്‍ണമായി അവസാനിക്കുന്നതുവരെ മുകളില്‍ പറഞ്ഞ നേതാക്കളുടെ പ്രസ്താവനകളെ മുഖവിലക്കെടുക്കാന്‍ കഴിയില്ല. ന്യൂനപക്ഷ-പിന്നാക്ക ജനതകളെ എപ്പോള്‍ എവിടെ വെച്ചും വേട്ടയാടുമെന്ന ചിലരുടെ മാനസികാവസ്ഥക്കെതിരെ രാഷ്ട്രീയവും സാമൂഹികവുമായ പ്രക്ഷോഭങ്ങള്‍ ഉാകണം.

 

മാധ്യമങ്ങള്‍ ഈ വിഷയത്തെ എങ്ങനെയാണ് സമീപിച്ചത്?

ആദ്യഘട്ടത്തില്‍ മിക്ക മാധ്യമങ്ങളും സീറ്റുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന കള്ളം പ്രചരിപ്പിച്ചുവെങ്കിലും പിന്നീട് ഈ സംഭവത്തിന് അവര്‍ നല്ല വാര്‍ത്താ പ്രാധാന്യം നല്‍കുകയുണ്ടായി. ജുനൈദിന്റെ രക്തസാക്ഷ്യം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ചര്‍ച്ചയാക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 

 

ഏതൊക്കെ മേഖലകളില്‍നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു്?

ജാതി-മത-ആശയ വ്യത്യാസമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മനുഷ്യസ്‌നേഹികളായ ആളുകള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത സാമൂഹിക-സംഘടനാ നേതാക്കളും ഞങ്ങളെ സന്ദര്‍ശിച്ച് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  വിവിധ സംഘടനകളും കൂട്ടായ്മകളും പ്രക്ഷോഭത്തിലാണ്. 'ചീ േശി ാ്യ ചമാല' എന്ന പേരില്‍ ഒരു കാമ്പയിന്‍ രാജ്യത്തിനകത്തും പുറത്തും നടന്നു. അതിന്റെ ദല്‍ഹി പരിപാടിയിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ, എന്റെ മുറിവിലെ വേദന കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്റെ ചില സുഹൃത്തുക്കളും കുടുംബക്കാരും അതില്‍ പങ്കെടുക്കുകയുായി.  

കേരളത്തില്‍ വിവിധ സംഘടനകളുടെ ബാനറില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട് എന്നറിഞ്ഞു. എന്റെ പൊന്നനുജനു വേണ്ടി ആയിരക്കണക്കിനാളുകള്‍ മയ്യിത്ത് നമസ്‌കരിച്ചതില്‍ ഞാന്‍ ഏറെ കൃതാര്‍ഥനാണ്. ജുനൈദിനെ പോലെ ഒരുപാട് പേര്‍ വര്‍ഗീയ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയായി നമ്മുടെ രാജ്യത്ത് കൊല്ലപ്പെട്ടു. ജുനൈദ് കൊല്ലപ്പെട്ടതിനു ശേഷം ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരു പറഞ്ഞ് അലീമുദ്ദീന്‍ അന്‍സാരി എന്നയാളെ അക്രമി സംഘം തല്ലിക്കൊല്ലുകയുായി.

എന്റെ തൊപ്പിയും താടിയും ജുബ്ബയും കണ്ടതിന്റെ പേരിലാണ് പാകിസ്താനി, ദേശദ്രോഹി എന്നൊക്കെ വിളിച്ച് ഞങ്ങളെ ആക്രമിച്ചത്. ഇതവസാനിക്കണം. നിരപരാധികളായ മനുഷ്യര്‍ ഈ വര്‍ഗീയ ഭീകരരുടെ ഇരകളാക്കപ്പെടുന്നത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നമുക്ക് കരുതലുണ്ടാകണം. രാജ്യത്തെ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ആളുകളും ഈ വിഷയത്തില്‍ അണിനിരക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌