Prabodhanm Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

ബോംബ് ഭീകരതയില്‍നിന്ന് ഗോതംഗവാദത്തിലേക്ക്

എ. റശീദുദ്ദീന്‍

ഏതൊരു രാജ്യത്തെയും പൗരന്മാരുടെ സന്തോഷമാണ് സദ്ഭരണത്തിന്റെ അടിസ്ഥാനമെങ്കില്‍ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ 155 രാജ്യങ്ങളുടെ പട്ടികയില്‍ 122-ാം സ്ഥാനത്താണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ. ഭീകരതയില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന നവാസ് ശരീഫിന്റെ പാകിസ്താന്‍ 80-ാം സ്ഥാനത്തും ദാരിദ്ര്യത്തിന്റെ പടുകുഴിയിലുള്ള നേപ്പാള്‍ 99-ലും നില്‍ക്കുമ്പോഴാണ് മോദിഭാരതം മന്‍മോഹന്റെ കാലത്തേതിനേക്കാള്‍ 10 സ്ഥാനം പുറകോട്ടുപോയത്. 195 രാജ്യങ്ങളുടെ ആരോഗ്യ നിലവാര സൂചികയില്‍ 154-ാം സ്ഥാനമാണ് ഇന്ത്യയുടേത്. വാചകമടി ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാനമായി ഐക്യരാഷ്ട്ര സഭ കണക്കിലെടുത്തിട്ടില്ല എന്നര്‍ഥം. രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദന സൂചിക നിലവില്‍ 6.1 ശതമാനം മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. മൊത്തം രാഷ്ട്ര സമ്പത്തിന്റെ 57.4 ശതമാനവും ഒരു ശതമാനം വരുന്ന ധനികരുടെ കൈയിലേക്ക് ഒതുങ്ങിയ രാജ്യമായി ഇന്ത്യ മാറി. മൊത്ത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയുടെ പിന്നിലായി. 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന നിര്‍മാണ മേഖല 3.7-ലേക്ക് കൂപ്പുകുത്തി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളിലും ഇന്ത്യ പിന്നാക്കം പോയി. മോദിയുടെ കാലത്ത് രാജ്യത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലവസരം മന്‍മോഹന്റെ അവസാന മൂന്നു വര്‍ഷ കാലത്ത് ഉണ്ടായതിന്റെ 50 ശതമാനം മാത്രമായി ചുരുങ്ങി. മന്‍മോഹന്‍ സിംഗിന്റെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച 3.6 ശതമാനമായിരുന്നുവെങ്കില്‍ മോദി കാലത്ത് അത് മൂന്നിലൊന്നായി, അതായത് 1.7 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. ദാരിദ്ര്യത്തിന്റെ തോത് അതിഭീമമായി വര്‍ധിച്ചു.

സദ്ഭരണത്തിന് ബി.ജെ.പി നല്‍കുന്ന നിര്‍വചനം ഇപ്പോഴത്തേതു തന്നെയാണെങ്കില്‍ ദുര്‍ഭരണത്തിന്റെ അവസ്ഥ ആലോചിച്ച് ഇന്ത്യക്കാരന്‍ ബുറുണ്ടിയിലേക്കു രക്ഷപ്പെടേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ട മോദി ഭരണകൂടം ജനരോഷത്തെ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നേ ഇന്നത്തെ ഇന്ത്യന്‍ കാഴ്ചകളെ വിശദീകരിക്കാനാവൂ. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് തുടക്കമിട്ട ഭീകരാക്രമണ നാടകങ്ങള്‍ക്ക് സമാനമായ രാഷ്ട്രീയ സാഹചര്യമാണിത്. ഗോരക്ഷകര്‍ ഗോരാക്ഷസന്മാരായി മാറുന്നതിലും സംഘ്പരിവാറിനകത്തെ ഇഛാഭംഗം മതങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷമായി മാറുന്നതിനും കൃത്യമായ ഏകോപനമുണ്ട്. 2010-നു ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും കൂടുതല്‍ തരിപ്പണമായ വര്‍ഷമായിരുന്നു 2017. നോട്ട് നിരോധനം രാജ്യത്തുണ്ടാക്കിയ സാമ്പത്തിക അരാജകത്വം മധ്യപ്രദേശ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ട് പോലുള്ള ബി.ജെ.പി സംസ്ഥാനങ്ങളില്‍ കാര്‍ഷിക കലാപമായി രൂപം മാറാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി ഭാഷക്ക് ഒരു പുതിയ പദാവലി തന്നെ സമ്മാനിച്ച് 'ഗോതംഗവാദ്' (പശുഭീകരത) വീണ്ടും പൊതുജനശ്രദ്ധയെ വഴിതെറ്റിക്കാന്‍ തുടങ്ങുന്നത്. ഭരണകൂടം മറച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ അധ്യായങ്ങളില്‍ ഒന്നായിരുന്നു മധ്യപ്രദേശിലെ മാണ്ട്‌സോര്‍ വെടിവെപ്പ്. തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിലെ കാര്‍ഷിക-ദലിത് സമരങ്ങള്‍ മോദിയെ ഉറക്കം കെടുത്തുന്നതും കാണാനുണ്ട്. എത്രയൊക്കെ മൂടിവെക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 91 കര്‍ഷക ആത്മഹത്യകള്‍ ഗുജറാത്തില്‍ നടന്നതായാണ് സംസ്ഥാന അസംബ്ലിയില്‍ അവതരിപ്പിച്ച കണക്ക്; അതിന്റെ എത്രയോ മടങ്ങ് അധികമാണ് യാഥാര്‍ഥ്യമെങ്കിലും.

2014-15 കാലയളവില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളില്‍ മോദി നല്‍കിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയ ഘട്ടത്തിലാണ് പരസ്യമായി മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്ന് ഗോരക്ഷകര്‍ കേന്ദ്രസര്‍ക്കാറിനെ സഹായിക്കാനെത്തുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയായി ഈ വിഷയം മാറി. പിന്നീട് അസഹിഷ്ണുതാ വിരുദ്ധ കാമ്പയിന് തുടക്കമിട്ട് രാജ്യത്തുടനീളം ജനരോഷമുയരുകയും സര്‍ക്കാര്‍ ബഹുമതികള്‍ തിരിച്ചേല്‍പ്പിക്കാന്‍ സാംസ്‌കാരിക നായകര്‍ തയാറാവുകയും ചെയ്തതോടെ സംഘ്പരിവാര്‍ സംഘടനകള്‍ ചെറിയൊരു കാലയളവിലേക്ക് പിന്നാക്കം പോയി. അതേ സാഹചര്യമാണ് വീണ്ടും സൃഷ്ടിക്കപ്പെടുന്നത്. മോദി സര്‍ക്കാറിന്റെ മൗനാനുവാദവും ആശീര്‍വാദവും ഇത്തരം നീക്കങ്ങളുടെ പിന്നിലുണ്ടെന്ന് കുറേക്കൂടി വ്യക്തമായ സാഹചര്യമാണ് അസഹിഷ്ണുതാ സമരത്തിനു ശേഷം ഇന്ത്യയിലുണ്ടായത്. ബീഫുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിലെല്ലാം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന രീതിയിലാണ് കേസുകള്‍ മുന്നോട്ടു പോയത്. ബി.ജെ.പി ശാസിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന നേതാക്കള്‍ ക്രമേണ രാഷ്ട്രീയ ഔന്നത്യങ്ങളിലേക്കു കുതിച്ചു.

പലപ്പോഴും പ്രധാനമന്ത്രി അസമയത്ത് മൗനം ഭഞ്ജിച്ചു. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലാന്‍ നമുക്ക് അധികാരമുണ്ടോ? ഇങ്ങനെയാണോ പശു സംരക്ഷണം? പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് ശരിയല്ല. ഇത് മഹാത്മാഗാന്ധി ഒരിക്കലും അംഗീകരിക്കില്ല... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ഒടുവിലത്തെ മൊഴിമുത്തുകളാണിത്! മഹാത്മാ ഗാന്ധി എന്ന ബിംബത്തെ മോദി ഉപയോഗിച്ച സന്ദര്‍ഭവും രീതിയും അടിവരയിട്ടു വായിക്കേണ്ടതാണ്. രാഷ്ട്ര പിതാവിനെ കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും പാര്‍ലമെന്റംഗം സാക്ഷി മഹാരാജിനുമൊക്കെയുള്ള അഭിപ്രായം പൊതുജനം നേരത്തേ കേട്ടുകഴിഞ്ഞ സ്ഥിതിക്ക് മോദി വളരെ 'ആത്മാര്‍ഥ'മായാണ് ഗാന്ധിജിയെ ഉദാഹരിച്ചതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പശുവിന്റെ പേരില്‍ മനുഷ്യരെ അടിച്ചു കൊല്ലുന്ന ഗോരക്ഷകര്‍ അതേ അമിത് ഷായുടെയും സാക്ഷി മഹാരാജിന്റെയും ഗോഡ്‌സെയുടെയുമൊക്കെ ആരാധകരായ സ്ഥിതിക്ക് ഒരു തര്‍ക്കത്തിന് അവസരമൊരുക്കുക മാത്രമായിരുന്നു പ്രധാനമന്ത്രി. ഗാന്ധിജിയുടെ നിലപാടായിരുന്നു അത്, നരേന്ദ്ര മോദിയുടേതായിരുന്നില്ല. കര്‍ത്താവും ക്രിയയുമൊക്കെ വേര്‍തിരിക്കാന്‍ ചെന്നാല്‍ പശുവാണോ മനുഷ്യനാണോ പ്രധാനമാവുന്നതെന്ന് ഈ പ്രസംഗത്തില്‍നിന്ന് കണ്ടെത്തുകയും എളുപ്പമായിരുന്നില്ല. ശ്രീലങ്കയിലെ വെള്ളപ്പൊക്കത്തിലും പോര്‍ച്ചുഗലിലെ കാട്ടുതീയിലും ബംഗ്ലാദേശിലെ മണ്ണിടിച്ചിലിലും നേപ്പാളിലെ ഭൂകമ്പത്തിലും ആന്ധ്രയിലെയും ബറേലിയിലെയും റോഡപകടങ്ങളിലും മറ്റും കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ മോദി നടത്തിയ പ്രസ്താവനകള്‍ എടുത്തു നോക്കുക. ഇങ്ങനെയുള്ള ഒരു ആശയക്കുഴപ്പവും അവ ബാക്കിവെച്ചിരുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യത്തെ വിശകലനം ചെയ്ത് തവ്‌ലീന്‍ സിംഗ് എഴുതി: 'ഇന്ത്യയെ ആധുനികവും ഡിജിറ്റലും പുരോഗമനാത്മകവുമാക്കി മാറ്റുമെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി പശുവിന്റെ പേരിലും ലൗ ജിഹാദിന്റെ പേരിലും കൊല്ലപ്പെടുന്ന മുസ്‌ലിംകളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം അതേ ആധുനികതയുടെ തത്ത്വങ്ങളുമായി ഒരു നിലക്കും പൊരുത്തപ്പെടുന്നതായിരുന്നില്ല'

 

ഗോരക്ഷകര്‍, ഭജന പാട്ടുകാര്‍

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് താഴെത്തട്ടില്‍ നിരവധി ഹിന്ദുത്വ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയാണ് ആര്‍.എസ്.എസ് ആദ്യം ചെയ്തത്. ഇവരില്‍ ഒന്നു പോലും നേര്‍ക്കു നേരെ ആര്‍.എസ്.എസുമായി ബന്ധമുള്ളവ ആയിരുന്നില്ല. പ്രവര്‍ത്തകര്‍ക്ക് വടിയും ട്രൗസറും കൊടുക്കുക എന്നതിലപ്പുറം അവരുടെ അംഗത്വത്തിന് രേഖകള്‍ സൂക്ഷിക്കുന്ന പതിവ് അല്ലെങ്കിലും ആര്‍.എസ്.എസിന് ഉണ്ടായിരുന്നില്ലല്ലോ. ഇത്തരം 'ഒറ്റപ്പെട്ട ഗ്രൂപ്പകള്‍' നടത്തിയ അക്രമങ്ങള്‍ക്ക് ഹിന്ദുമതവുമായാണ് ബന്ധമെങ്കിലും ദേശീയതയുടെ പേരു പറഞ്ഞ് ഈ സംഘങ്ങളെ ന്യായീകരിക്കുകയാണ് ബി.ജെ.പി ചെയ്തത്. പ്രശാന്ത് ഭൂഷണെ ദല്‍ഹിയിലെ ഓഫീസില്‍ കയറി മര്‍ദിച്ചത് ശ്രീറാംസേനയുടെ പേരില്‍ ആയിരുന്നെങ്കില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മര്‍ദിച്ചത് ഭാരതീയ ഹിന്ദുസേന ആയിരുന്നു. എന്നാല്‍ ഹിന്ദുസേനയും ഹിന്ദുമുന്നണിയും വേറെ തന്നെ ദല്‍ഹിയില്‍ ഉണ്ട്. കേരളാ ഹൗസില്‍ ബീഫ് വിളമ്പിയതിന്റെ പേരില്‍ ഗുണ്ടായിസം കാണിച്ചതും യെച്ചൂരിയെ മര്‍ദിച്ചതും വിഷ്ണു ഗുപ്ത എന്ന ഗുണ്ടാ പശ്ചാത്തലമുള്ള നേതാവായിരുന്നു. പക്ഷേ ഇദ്ദേഹത്തെ നരേന്ദ്ര മോദി ഡിന്നറിന് ക്ഷണിച്ചതിന്റെ ഫോട്ടോകള്‍ ഈ അക്രമ സംഭവങ്ങള്‍ക്കിടയിലുള്ള കാലയളവിലാണ് പ്രത്യക്ഷപ്പെട്ടത്. 2012-ലാണ് പശുവിനു വേണ്ടിയുള്ള ഭാരതീയ ഗോരക്ഷക് ദള്‍ (ബി.ജി.ആര്‍.ഡി) എന്ന സംഘ്പരിവാര്‍ സംഘടനയുടെ തുടക്കം. രാജ്യത്ത് ഇത്തരത്തിലുള്ള 200-ലേറെ സംഘങ്ങള്‍ക്ക് ആര്‍.എസ്.എസ് രൂപം നല്‍കിയതായാണ് വിശ്വസിക്കപ്പെടുന്നത്. ഓരോ ആക്രമണങ്ങള്‍ക്കു ശേഷവും ഒരേ സംഘം തന്നെ പേരുമാറ്റി പുനരവതരിക്കുന്ന ചിത്രവും കാണാനുണ്ട്. വാജ്‌പേയിയുടെ രാഷ്ട്രീയ പ്രതിസന്ധികളുടെ ചുവടൊപ്പിച്ച് ബോംബുമായി ദല്‍ഹിയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത് ലശ്കറെ ത്വയ്യിബ ആയിരുന്നുവെങ്കില്‍ തല്‍സ്ഥാനത്ത് ഗോരക്ഷക സംഘങ്ങള്‍ മോദി സര്‍ക്കാറിനു വേണ്ടി കൊലക്കത്തിയുമായി തെരുവില്‍ അഴിഞ്ഞാടുന്നതാണ് ഇപ്പോഴത്തെ മാറ്റം.

ഉത്തരേന്ത്യയില്‍ ഇന്ന് പശുക്കടത്ത് നടക്കുന്നത് ബി.ജി.ആര്‍.ഡി സംഘങ്ങളിലൂടെയാണ്. രാജ്യത്തെ പ്രധാനപ്പെട്ട അറവ് ഫാക്ടറികളിലേക്ക് ചരക്കെത്തുന്നതും ഈ സംഘങ്ങളിലൂടെയാണ്. ഈ ഫാക്ടറികളാകട്ടെ നല്ലൊരു പങ്കും ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ കുടുംബങ്ങളുടേതാണ്. മുഹമ്മദ് അഖ്‌ലാഖ് വിഷയത്തില്‍ ഗോരക്ഷകരുടെ മുന്‍പന്തിയിലുണ്ടായിരുന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോം ഉത്തര്‍ പ്രദേശിലെ അല്‍ ദുആ, അല്‍ അനാം എന്നീ രണ്ടു മാട്ടിറച്ചി കയറ്റുമതി കമ്പനികളുടെ ഡയറക്ടര്‍ ആയിരുന്നു. തൊഴിലില്ലാത്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മിക്ക പ്രദേശങ്ങളിലും കാലിക്കച്ചവടത്തിന്റെ നിയന്ത്രണം കൈയടക്കിയതാണ് ഇപ്പോഴത്തെ ചിത്രം. ബി.ജി.ആര്‍.ഡി പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും സാമൂഹിക വിരുദ്ധരുടെ കൂടാരങ്ങളായിട്ടും ഇവരെ നിലക്കു നിര്‍ത്താനുള്ള ഒരു ശ്രമവും കേന്ദ്ര സര്‍ക്കാറിനെ പേടിച്ച് സംസ്ഥാനങ്ങളില്‍ ഉണ്ടാവുന്നില്ല. സഹാരണ്‍പൂരിലെ രണ്ട് കന്നുകാലി കച്ചവടക്കാരെ പിടികൂടിയതിനു ശേഷം കാലിക്കടത്തിന് ശിക്ഷയായി അവരെ ഗുദഭോഗം ചെയ്ത സതീഷ് കുമാര്‍ പഞ്ചാബിലെ ഗൗരക്ഷക് ദളിന്റെ തലവനായിരുന്നു. സതീഷ് കുമാറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് വായില്‍ മൂത്രമൊഴിച്ചതായും ചാണകം തീറ്റിച്ചതായും സംഭവത്തിലെ ഇരകള്‍ പോലീസിനോട് പരാതിപ്പെട്ടിരുന്നു.

2016-ല്‍ ഗോരക്ഷക സംഘങ്ങളെ പരസ്യമായി പ്രധാനമന്ത്രി ശകാരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. നിങ്ങള്‍ ദലിതരെയല്ല പകരം എന്നെ കൊന്നോളൂ എന്നായിരുന്നു ഉന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. മുസ്‌ലിംകളുടെ കാര്യം എടുത്തു പറയാത്തതു കൊണ്ടോ എന്തോ, പിന്നീട് ഇത്തരം അതിക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നതാണ് കാണാനുണ്ടായിരുന്നത്. 2017-ന്റെ ആദ്യത്തെ ആറു മാസക്കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കൂടുതലായിരുന്നു ഈ പശുഭീകരതയുടെ കണക്കുകള്‍. ഗോരക്ഷക സംഘങ്ങളുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ട 86 ശതമാനം പേരും മുസ്‌ലിംകള്‍ ആയിരുന്നു. ബി.ജി.ആര്‍.ഡി രൂപീകരിക്കപ്പെട്ടതിനു ശേഷം രാജ്യത്തുണ്ടായ 97 ശതമാനം അക്രമ സംഭവങ്ങളും മോദിയുടെ ഭരണകാലത്തായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് കള്ളക്കേസെടുത്ത് പ്രതികളെ രക്ഷപ്പെടുത്തിയ ആക്രമണങ്ങള്‍ ഇതിലേറെയുണ്ടെന്നാണ് സന്നദ്ധ സംഘടനകള്‍ നിരത്തുന്ന കണക്കുകള്‍. സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങിനിടെ പ്രധാനമന്ത്രി വീണ്ടുമൊരാരിക്കല്‍ കൂടി ഗോരക്ഷക വിരുദ്ധ പ്രസംഗം നടത്തിയതിനു തൊട്ടുപുറകെ ഝാര്‍ഖണ്ടില്‍ മുഹമ്മദ് അലീമുദ്ദീന്‍ എന്ന മാംസവ്യാപാരി കൊല്ലപ്പെട്ട സംഭവം ഉദാഹരണം. ഈ കേസില്‍ ബി.ജെ.പിയുടെ ജില്ലാ നേതാക്കളില്‍ ഒരാളാണ് അറസ്റ്റിലായത്. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ ജനക്കൂട്ടം അടിച്ചു കൊന്നുവെന്നാണ് ഈ കേസിനെ കുറിച്ച് തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് പോലീസ് നല്‍കിയ വിശദീകരണം. രജിസ്റ്റര്‍ ചെയ്ത ഓരോ അഞ്ചു സംഭവങ്ങളില്‍ ഒന്നിലും ഇരകള്‍ക്കെതിരെ പോലീസ് ഇത്തരം കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പഹ്‌ലൂ ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ അടിച്ചുകൊന്ന അക്രമിസംഘത്തെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍നിന്ന് ബില്ലടച്ച് വാങ്ങിയ പശുവിന്റെ കാര്യത്തില്‍ പോലും കള്ളക്കടത്ത് നടത്തുകയായിരുന്നു എന്ന ആരോപണം പോലീസിന്റെ വകയായി എഴുതിച്ചേര്‍ക്കപ്പെട്ടു.

പശുഭീകരതാ കേസുകളെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനശൈലിയിലും ഈ ഗ്രൂപ്പുകളോടുള്ള മോദി ഭരണകൂടത്തിന്റെ നിലപാടിലും അതിശയകരമായ സാമ്യതയുണ്ടെന്ന് കാണാനാവും. പശുവിനെ കൊന്നുവെന്നോ തിന്നുവെന്നോ നുണ പറഞ്ഞാണ് മിക്ക സംഭവങ്ങളിലും ആള്‍ക്കൂട്ടം ഈ കൊലപാതകങ്ങള്‍ നടത്തിയത്. പക്ഷേ ഈ ഗ്രൂപ്പുകളിലെല്ലായിടത്തും പ്രഫഷണലായി കൊല്ലാന്‍ അറിയുന്ന ചിലര്‍ എപ്പോഴുമുണ്ടായിരുന്നു. ആള്‍ക്കൂട്ടം ഇരകളെ വളഞ്ഞിട്ട് അടിച്ചു കൊല്ലുന്ന ഈ രീതിയിലും നിയമത്തിന്റെ ചില പഴുതുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. 'ലിഞ്ചിംഗ്' എന്ന് ആംഗലേയ ഭാഷയില്‍ വിവക്ഷിക്കുന്ന മര്‍ദിച്ചു കൊല്ലല്‍ ഇപ്പോഴും ഇന്ത്യന്‍ പീനല്‍ കോഡില്‍ കുറ്റകൃത്യമായി ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു എന്ന പോലീസ് സംജ്ഞക്കപ്പുറം പശുവിനു വേണ്ടി ആയുധമുപയോഗിച്ച് നടത്തുന്ന ആസൂത്രിത കൊലപാതകങ്ങളായി ഇവ പൊതുവെയും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിശേഷിച്ചും രജിസ്റ്റര്‍ ചെയ്യാറില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. വല്ലഭ്ഗഢ് സ്വദേശി ജുനൈദ് എന്ന പതിനാറുകാരന്‍ കത്തിക്കുത്തേറ്റാണ് കൊലചെയ്യപ്പെട്ടത്. പ്രഫഷണല്‍ കൊലപാതകികളാണ് സംഘത്തിലുള്ളതെന്ന് വ്യക്തമായിട്ടും അടിച്ചു കൊന്നു എന്നു തന്നെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്. ഭജന പാടാനായി റെയില്‍വേ കമ്പാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റിയ സംഘവും ജുനൈദും തമ്മില്‍ സീറ്റിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ച അക്രമത്തിന് കാരണമായതെന്നും പോലിസ് പറയുന്നു. ഭജന പാടാന്‍ ട്രെയ്‌നില്‍ കയറുന്നവരെന്തിന് കൈയില്‍ കഠാര കരുതണം? അവരുടെ ഭജന തന്നെ ചോദ്യചിഹ്നമാകുന്നില്ലേ അത്തരം സാഹചര്യത്തില്‍?

മുസ്‌ലിംകള്‍, ദലിതര്‍, ക്രിസ്ത്യാനികള്‍ ഇവരുടെയൊക്കെ വിഷയത്തില്‍ മനുഷ്യന്‍ എന്ന ഭരണഘടനാ നിര്‍വചനത്തില്‍നിന്നും അനുക്തസിദ്ധമാകുന്ന എല്ലാതരം അവകാശങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങളുണ്ടാകുന്നുണ്ട്. ഛത്തീസ്ഗഢിലെ ബസ്തറില്‍ അന്തരിച്ച സാരഥി ഭായി എന്ന ക്രിസ്ത്യന്‍ വൃദ്ധയുടെ ശവം അടക്കുന്നതിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നല്‍കിയ പരാതിയും അതേച്ചൊല്ലി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടിയും ഉദാഹരണം. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ശവമടക്ക് നടത്താതിരിക്കാന്‍ ആദിവാസി സംസ്‌കാരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് സാരഥിയുടെ ഗ്രാമമായ ബാദിസ്ഗാംവിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പരാതി കൊടുത്തത്. സാരഥിയുടെ ശവം അടക്കാന്‍ മതാചാരപ്രകാരമുള്ള പെട്ടി ഉപയോഗിക്കുന്നതും ശവകുടീരത്തില്‍ കുരിശ് സ്ഥാപിക്കുന്നതും ആദിവാസി തനത് സംസ്‌കാരം സംരക്ഷിക്കുന്ന ഷെഡ്യൂള്‍ഡ് ഏരിയാ 129 (സി) നിയമത്തിന് എതിരാണെന്നായിരുന്നു പരാതിക്കാരുടെ വാദം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് സ്വാഭാവികമായും ഈ വാദഗതി അംഗീകരിക്കപ്പെടുകയും സാരഥിക്ക് മതാചാര പ്രകാരമുള്ള ശവമടക്ക് നിഷേധിക്കപ്പെടുകയും ചെയ്തു. പഞ്ചായത്ത് നിയമമാണ് ഇവിടെ മൗലികാവകാശത്തേക്കാള്‍ പ്രധാനപ്പെട്ടതായി മാറിയതെന്നോര്‍ക്കുക. ബദീസ്ഗാംവ് എന്ന ഈ ഗ്രാമത്തില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് മൃതദേഹം മുന്നില്‍ വെച്ച് ജില്ലാ ഭരണകൂടവും ബജ്‌റംഗ്ദളും ഒരുദിവസം നടത്തിയ ചര്‍ച്ചക്കൊടുവില്‍ കുരിശില്ലാതെ അടക്കം ചെയ്യാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

 

ശാന്തിമന്ത്രവും ഇഡ്ഡലിയുടെ എണ്ണവും

ഹിന്ദുമതചടങ്ങുകള്‍ പൊതുഇടങ്ങളില്‍ പോലും അവകാശമായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഉദ്ബുദ്ധ കേരളത്തില്‍ പോലും ചില മതാചാരങ്ങളെ പരസ്യമായി അടിച്ചേല്‍പ്പിക്കാനുള്ള ധൈര്യം സംഘ് സംഘടനകള്‍ കാണിച്ചു തുടങ്ങി. അതിന്റെ ഉദാഹരണമായിരുന്നു കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ ശാന്തിമന്ത്രം ചൊല്ലുന്ന സമയത്ത് കേരളത്തിലെ ടെലിവിഷന്‍ ചാനലുകളിലൊന്ന് പരസ്യം കാണിച്ചുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇക്കൂട്ടര്‍ നടത്തിയ പ്രചാരണം. പരസ്യം കാണിച്ചത് ബോധപൂര്‍വമല്ലെന്ന ചാനലിന്റെ വിശദീകരണം അവിടെ നില്‍ക്കട്ടെ. ചോദ്യം മറ്റൊന്നാണ്. പൊതുഗതാഗതവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ഈ മന്ത്രം ചൊല്ലലിന്റെ പ്രസക്തി എന്താണ്? ക്രിസ്ത്യാനികളും മുസ്‌ലിംകളും അവിശ്വാസികളും ഡിങ്കന്‍മാരുമൊക്കെ സഞ്ചരിക്കേണ്ട മെട്രോയില്‍ അങ്ങനെയെങ്കില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് വെഞ്ചെരിപ്പും ഖുര്‍ആന്‍ പാരായണവും  മറ്റേതെങ്കിലുമൊക്കെ ആചാരമുണ്ടെങ്കില്‍ അവയും നടത്തേണ്ടിയിരുന്നില്ലേ? ദേശീയഗാനം പാടാന്‍ വിട്ടുപോയ ഈ ചടങ്ങിനെ കുറിച്ചാണ് മന്ത്രം ചൊല്ലിയത് നാട്ടുകാരെ കേള്‍പ്പിച്ചില്ലെന്ന വാദവുമായി സംഘ്പരിവാര്‍ ബഹളം കൂട്ടിയതെന്നാണ് വിരോധാഭാസം. അത്രയേറെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു നമ്മുടെ പൊതുബോധം.

വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടക്കം 400-ഓളം ആളുകള്‍ പങ്കെടുത്ത വി.എച്ച്.പിയുടെ ഒരു ഉന്നതതതല യോഗം ഇക്കഴിഞ്ഞ ആഴ്ചകളിലൊന്നില്‍ ഗോവയില്‍ നടന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും ഗോവ ഇപ്പോഴും ഇന്ത്യന്‍ ഭരണഘടന നടപ്പിലുള്ള സംസ്ഥാനമാണ് എന്നാണ് സങ്കല്‍പ്പം. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ പോലുള്ള വിദേശരാജ്യങ്ങളുടെ പൗരന്മാര്‍ പോലും പങ്കെടുത്ത ഈ യോഗം ചര്‍ച്ച ചെയ്തത് 2022-ഓടെ ഇന്ത്യയെ എങ്ങനെ ഹിന്ദുരാജ്യമാക്കി മാറ്റിയെടുക്കാം എന്നതിനെ കുറിച്ചാണ്. ഇന്ത്യയെ മതരാജ്യമാക്കി മാറ്റുന്നതിനെ കുറിച്ച ഇത്തരമൊരു ചര്‍ച്ച പാകിസ്താനിലെയും സുഊദി അറേബ്യയിലെയും ഇറാനിലെയുമൊക്കെ പ്രതിനിധികള്‍ വന്ന് മലപ്പുറത്ത് നടത്തിയാല്‍ ഏത് നിയമം അനുസരിച്ചായിരിക്കും അവര്‍ക്കെതിരെ നാം നടപടിയെടുക്കുക? അതേ ഭരണഘടനയുടെ അടിസ്ഥാനം ഇവര്‍ക്ക് മാത്രം ബാധകമല്ലെന്നതോ പോകട്ടെ, നമ്മുടെ അടിസ്ഥാനങ്ങളെ ഇവ്വിധം പരസ്യമായി ചോദ്യം ചെയ്ത ഈ യോഗം ഒരു പെറ്റിക്കേസ് പോലുമായില്ല. നരേന്ദ്ര മോദിയുടെ പാളിപ്പോയ വിദേശനയങ്ങളുടെ ഭാഗമായി ഇന്ത്യാ വിരുദ്ധത ഉച്ചിയില്‍ എത്തിയ നേപ്പാളിലെ ഹിന്ദുത്വ ഗ്രൂപ്പുകളെ സംഘടിപ്പിക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു ഈ യോഗം. പശു വിഷയത്തിലും ദേശീയതയുടെ കാര്യത്തിലും സമാനമായ ആശയങ്ങള്‍ തന്നെയാണ് പൂനെയില്‍ ജൂണ്‍ ഒടുവില്‍ നടന്ന ആര്‍.എസ്.എസ് റാലിയിലും ഉയര്‍ന്നുകേട്ടത്. ഒന്നര ലക്ഷം പേരായിരുന്നു ഈ റാലിയില്‍ പങ്കെടുത്തത്.

ജനങ്ങളുടെ ഭക്ഷണശീലങ്ങളില്‍ കൈകടത്തുന്നത് വെറും പശു വിഷയത്തില്‍ മാത്രമായിരുന്നില്ല. ജനങ്ങള്‍ എന്തുടുക്കണം എന്നതു മാത്രമല്ല, എപ്പോള്‍ ഭോഗിക്കണം എന്നു വരെ ഈ സര്‍ക്കാര്‍ അഭിപ്രായം പറയാന്‍ തുടങ്ങി. ഗര്‍ഭ വിജ്ഞാനം എന്ന ഒരു പുതിയ യൂനിവേഴ്‌സിറ്റി കോഴ്‌സ് ഉടനെ ആരംഭിക്കുമെന്നാണ് കേള്‍ക്കുന്നത്. വര്‍ണവെറിയുടെ ദുസ്സൂചനകളുള്ള ഒരു നീക്കത്തിന്റെ ഭാഗമായി വെളുത്ത, ഉയരമുള്ള കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനുള്ള രാസലീലകളും മന്ത്രതന്ത്രങ്ങളും ഈ കോഴ്‌സിലൂടെ അഭ്യസിപ്പിക്കുമത്രെ. മലയാളികള്‍ക്കും കര്‍ണാടകക്കാര്‍ക്കുമായി കാസര്‍കോട്ടാണ് ഈ വിജ്ഞാന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. തൊലി കറുത്ത ദക്ഷിണേന്ത്യന്‍ സ്ത്രീകളെ കുറിച്ച് ഭരണകക്ഷിയുടെ വക്താവ് നടത്തിയ പരാമര്‍ശം മാധ്യമങ്ങളുടെ അകമഴിഞ്ഞ അകമ്പടിയോടെ ന്യായീകരിക്കപ്പെട്ടു. മറുഭാഗത്ത് സാമൂഹിക ഉഛനീചത്വങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ വിലക്കപ്പെട്ടുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. ചരിത്രപഠന മേഖലയില്‍ നിന്നും ദലിതരെ ആട്ടിയകറ്റുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ ദാരിദ്യം ഇല്ലാതാക്കുന്നതിനെ കുറിച്ച് രാംവിലാസ് പാസ്വാന്റെ വിവാദ പ്രസ്താവന അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ പോയി. ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് രക്ഷിക്കാന്‍ റസ്റ്റോറന്റുകളിലെ ഭക്ഷണ ദുര്‍വ്യയം നിയന്ത്രിക്കലാണ് പോംവഴിയെന്നാണ് പാസ്വാന്‍ കണ്ടെത്തിയത്. ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തില്‍ നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കാനോ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ നവീകരിക്കാനോ ശ്രമിക്കുന്നതിനു പകരം ഹോട്ടലുകളില്‍ വിളമ്പുന്ന ഇഡ്ഡലിയുടെയും ചപ്പാത്തിയുടെയും എണ്ണം കുറച്ചാല്‍ പട്ടിണി മാറുമെന്ന ഈ യമണ്ടന്‍ സിദ്ധാന്തം അങ്ങോര്‍ തന്നെ തിരുത്തിപ്പറഞ്ഞ് ഒടുവില്‍ തടി രക്ഷപ്പെടുത്തി.

 

പാര്‍ലമെന്റ് നോക്കുകുത്തി

ഇന്ത്യയില്‍ ഇന്നുള്ള മഹാഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളും ക്രിമിനല്‍ പശ്ചാത്തലത്തില്‍നിന്നുളളവരാണെന്നും ഇവര്‍ക്ക് രാജ്യത്തോട് പ്രത്യേകിച്ച് കൂറൊന്നുമില്ലെന്നുമാണ് സുപ്രീം കോടതി മുന്‍ ന്യായാധിപന്‍ മാര്‍ക്കണ്ടേയ കട്ജുവിന്റെ അഭിപ്രായം. രാഷ്്രടീയ നേതാക്കളില്‍ പലരും തനി റാസ്‌കലുകളാണെന്നും (incorrigible rogues and rascals) കട്ജു തുറന്നടിച്ചു. രാജ്യത്ത കട്ടുമുടിച്ച് സമ്പാദ്യമത്രയും സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇക്കൂട്ടര്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചും വോട്ടുബാങ്ക് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥരും കോടതികളില്‍ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കാലതാമസമെടുക്കുന്ന ജഡ്ജിമാരും അഴിമതി നിറഞ്ഞ വ്യവസ്ഥയുെട ഭാഗമാണെന്നും കട്ജു കുറ്റപ്പെടുത്തി (കാരവാന്‍ മാസിക, 2015, ആഗസ്റ്റ് 7). ട്രോട്‌സ്‌കിയെ പോലുള്ളവര്‍ ലക്ഷണമൊത്ത വിപ്ലവകാരിയായും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പോലുള്ളവര്‍ വിവാദ നായകനായും പരിഗണിക്കുന്ന ഇംഗ്ലീഷ് കോമണ്‍വെല്‍ത്തിന്റെ സ്വയം പ്രഖ്യാപിത പടനായകന്‍ ഒലിവര്‍ ക്രോംവെല്‍ 1653 ഏപ്രില്‍ 20-ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ബലം പ്രയോഗിച്ച് പിരിച്ചു വിട്ട് നടത്തിയ പ്രസംഗം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ ചിന്തോദ്ദീപകമാണെന്നും കട്ജു പറയുന്നു. 'ഇവിടെയുള്ള നിങ്ങളുടെ കൂടിയിരിക്കലിന് അന്ത്യം കുറിക്കേണ്ട സമയം എത്തിയിരിക്കുന്നു. സദ്ബുദ്ധി തൊട്ടുതീണ്ടിയിട്ടില്ലാത്ത നിങ്ങളുടെ നീക്കങ്ങളും എല്ലാ നന്മകളോടുമുള്ള അവഹേളനവും അതിന് മതിയായ കാരണമാണ്. സ്വാര്‍ഥംഭരികളും സല്‍ഭരണത്തിന് ഒരു നിലക്കും ചേരാത്തവരുമായ, വെറും കൂലിത്തല്ലുകാരായ കപടന്മാരാണ് നിങ്ങള്‍. ഈസോയെ പോലെ ഒരു തുടം സൂപ്പിന് വേണ്ടി രാജ്യത്ത വില്‍ക്കുന്നരും ചില്ലിക്കാശിനു വേണ്ടി കര്‍ത്താവിനെ ഒറ്റുകൊടുക്കുന്നവരുമായ ജൂദാസുമാരാണ് നിങ്ങള്‍.'

കട്ജുവിന്റെ അഭിപ്രായത്തെ ബി.ജെ.പി തള്ളിക്കളയുമ്പോഴും ഇന്ത്യന്‍ പാര്‍ലമെന്റിനോടും വ്യവസ്ഥകളോടുമുള്ള അവരുടെ നിലപാട് പ്രധാനപ്പെട്ട എല്ലാ നീക്കങ്ങളിലും മുഴച്ചുകാണുന്നുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച നോട്ട് നിരോധത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഒരു വിശദീകരണവും പ്രധാനമന്ത്രി നല്‍കിയില്ല. യു.പി.എ കാലത്തെ സ്പീക്കര്‍ മീരാ കുമാര്‍ സഭയില്‍നിന്ന് സസ്‌പെന്റ് ചെയ്തത് 14 എം.പിമാരെ ആയിരുന്നുവെങ്കില്‍ ആകെയുള്ള 44-ല്‍ 25 കോണ്‍ഗ്രസ് എം.പിമാരെയും സുമിത്രാ മഹാജന്‍ ഇതിനകം സസ്‌പെന്റ് ചെയ്തുകഴിഞ്ഞു. രാജ്യത്തെ പ്രതിഷേധ സ്വരങ്ങളെ ഒന്നടങ്കം ചവിട്ടിയരക്കാനുള്ള നീക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. 4000-ത്തിലേറെ സന്നദ്ധ സംഘങ്ങളെ മോദി സര്‍ക്കാര്‍ നിശ്ശബ്ദമായി ഇല്ലാതാക്കി. ടീസ്റ്റ സെറ്റില്‍വാദിന്റെ സബ്‌രംഗ് മുതല്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഗ്രീന്‍ പീസ് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വരെ ഇതില്‍പെടും. വിദേശത്തുനിന്നും ധനസഹായം സ്വീകരിക്കാനുള്ള 22000 എന്‍.ജി.ഒകളുടെ ലൈസന്‍സ് എന്‍.ഡി.എ അധികാരമേറ്റതിനു ശേഷം ആഭ്യന്തര മന്ത്രാലയം റദ്ദു ചെയ്തു. ഇന്ത്യാസ് ഡോട്ടര്‍, ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ദ ഗ്രേ, മുഹമ്മദ് ദ മെസന്‍ജര്‍ ഓഫ് ഗോഡ് മുതലായ സിനിമകളെ ഇന്ത്യയില്‍ നിരോധിച്ചു. മനുഷ്യാവകാശ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സംഘടനകളെ പ്രത്യേകിച്ചും മോദി സര്‍ക്കാര്‍ ഉന്നംവെച്ചു തകര്‍ത്തു. മുന്‍ അറ്റോര്‍ണി ജനറല്‍ ഇന്ദിരാ ജയ്‌സിംഗിന്റെ ലോയേഴ്‌സ് കളക്റ്റീവ് ഉദാഹരണം.

വ്യവസ്ഥകളെ ആസൂത്രിതമായി തകര്‍ക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അധികമാരും തിരിച്ചറിയുന്നില്ല. മുസ്‌ലിം സ്ത്രീയുടെ ശവത്തെ പോലും ഭോഗിക്കണമെന്ന് ആഹ്വാനം ചെയ്ത, തന്റെ പ്രസംഗം കേള്‍ക്കുന്നവരില്‍ മുസ്‌ലിംകളുണ്ടെങ്കില്‍ അവര്‍ മൈതാനം വിട്ടു പോകണമെന്ന് റാലികളില്‍ ആവശ്യപ്പെടുന്ന, ഷാരുഖ് ഖാനെ ലശ്കറെ ത്വയ്യിബയുടെ തലവന്‍ ഹാഫിസ് സഈദിന് തുല്യനാക്കി പരാമര്‍ശം നടത്തിയ ആദിത്യനാഥിനെയാണ് പാര്‍ട്ടി യു.പിയില്‍ മുഖ്യമന്ത്രി പദവി ഏല്‍പ്പിച്ചത്. ഇത്തരം പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളുമാണ് മോദികാലത്തെ ഏതൊരു നേതാവിന്റെയും രാഷ്ട്രീയ അഭിവൃദ്ധിയുടെ അളവുകോലെന്ന് അടിവരയിടുന്നതിനു വേണ്ടി മാത്രമായിരുന്നു ഈ നീക്കം. സംവരണത്തെ പരസ്യമായി എതിര്‍ക്കുന്ന, മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഭരണഘടനാപരമായ അവകാശത്തെ പൊതുവേദിയില്‍ ചോദ്യം ചെയ്ത ഒരാളെ തന്നെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമൊക്കെ ഈ അര്‍ഥത്തില്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതിന്റെ കൂടി ഭാഗമായാണ്. ഇതേ യു.പിയില്‍ സഞ്ജീവ് ബാലിയനെ കേന്ദ്രമന്ത്രിയാക്കിയതും രാഘവ് ലഖന്‍പാലിന് എം.പി പദവി നല്‍കിയതും സംഗീത് സോമിനും ഹുക്കും സിംഗിനും സുരേഷ് റാണക്കും വീണ്ടും ടിക്കറ്റ് നല്‍കിയതുമൊക്കെ മുസഫര്‍ നഗര്‍ കലാപത്തില്‍ കുറ്റാരോപിതരായതിനു ശേഷമല്ലേ? മുസ്‌ലിം വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നവര്‍ക്ക് പാര്‍ട്ടിക്കകത്തെ സ്ഥാനമാനങ്ങള്‍ ഉറപ്പു വരുന്ന ഈ ചിത്രം രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ത്തു തരിപ്പണമാക്കുമ്പോഴും വെങ്കയ്യ നായിഡുവിനെ പോലുള്ളവര്‍ വാചകക്കസര്‍ത്ത് നടത്തി സര്‍ക്കാറിനെ ന്യായീകരിക്കുന്നതാണ് ജുനൈദ് സംഭവത്തിനു ശേഷം പോലും കാണാനുള്ളത്.

വിരാമ തിലകം: ഒരുപക്ഷേ മുഹമ്മദലി ജിന്നക്കു ശേഷം രൂപപ്പെടുന്ന ഏറ്റവും വലിയ ധ്രുവീകരണ കാലത്തിലേക്കാണ് ഇന്ത്യ നയിക്കപ്പെടുന്നത്. എന്നിട്ടും നെഗറ്റീവ് പബ്ലിസിറ്റിയില്‍ വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും സോഷ്യല്‍ മീഡിയയില്‍ അവര്‍ ആഗ്രഹിക്കുന്ന ഇടം നല്‍കി ഇന്ത്യക്കാരന്‍ ആഘോഷിക്കുകയാണ്; ചളിയിലാണ് താമര വിരിയുന്നതെന്ന സത്യം മറന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌