പാരീസ് ഉടമ്പടി ട്രംപ് ലോകത്തെ വെല്ലുവിളിക്കുന്നു
2017 ജനുവരിയില്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപക്വവും അപകടകരവുമായ നയങ്ങളും തീരുമാനങ്ങളുമാണ് കൈക്കൊള്ളുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ആഗോള മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നുള്ള ഏകപക്ഷീയമായ പിന്മാറ്റം.
20 വര്‍ഷത്തെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും ശേഷം, അന്തരീക്ഷ മലിനീകരണത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം പടിപടിയായി കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ 135 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായ 2015-ലെ ഡിസംബറില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ 197 രാജ്യങ്ങളുടെ നേതൃത്വം 13 ദിവസം സമ്മേളിച്ച കാലാവസ്ഥാ ഉച്ചകോടിയില്‍നിന്നാണ് ട്രംപ് പിന്മാറിയിരിക്കുന്നത്. 195 രാജ്യങ്ങള്‍ ഒപ്പുവെക്കുകയും 148-ഓളം രാജ്യങ്ങള്‍ തങ്ങളുടെ പാര്‍ലമെന്റില്‍ പാസ്സാക്കുകയും ചെയ്ത കരാറാണിത്. ഉച്ചകോടിയില്‍ പങ്കെടുത്ത നിക്കരാഗ്വയും സിറിയയുമൊഴികെ മറ്റെല്ലാവരും ഇതംഗീകരിച്ചിരുന്നു. കാര്‍ബണ്‍ മൂലകങ്ങളുടെ 56 ശതമാനം പുറത്തുവിടുന്ന 72 രാഷ്ട്രങ്ങള്‍ ഉടമ്പടി അംഗീകരിച്ചതോടെ 2016 നവംബര്‍ 4-ന് ഉടമ്പടി പ്രാബല്യത്തില്‍ വരികയും ചെയ്തു. പൊതു താല്‍പര്യ കരാറുകളോട് എന്നും പുറംതിരിഞ്ഞു നിന്നിരുന്ന അമേരിക്കയുടെ ചരിത്രം തിരുത്തി വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ലോകാഭിപ്രായത്തോടൊപ്പം നിന്നത് പാരീസ് ഉടമ്പടി യാഥാര്‍ഥ്യമാക്കുന്നതിന് സഹായകമായിരുന്നു. ഭൂമിയെ രക്ഷിക്കാനുള്ള അവസരമായാണിതിനെ കാണുന്നതെന്നാണ് കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ഒബാമ അന്ന് പ്രഖ്യാപിച്ചത്.
ഭൂമിയിലെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് ഹരിതഗൃഹവാതകങ്ങള്‍ ഉണ്ടാക്കുന്ന കല്‍ക്കരി, പെട്രോള്‍, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതു മൂലമാണ്. മനുഷ്യന്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 82 ശതമാനവും ഈ ഇന്ധനങ്ങളില്‍നിന്നാണ്. ഇവ നിയന്ത്രിച്ച് അന്തരീക്ഷ മലിനീകരണം കുറക്കുകയാണ് ഏക പ്രശ്‌നപരിഹാരം. 2050 ആകുമ്പോഴേക്കും ആഗോള താപനില വ്യാവസായിക യുഗം ആരംഭിക്കുന്നതിനു മുമ്പുള്ള കാലത്തില്‍നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രമേ ഉയരാവൂ എന്ന ലക്ഷ്യത്തോടെ ഓരോ രാഷ്ട്രവും ഇവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയും ഊര്‍ജോല്‍പാദനം മറ്റു പ്രകൃതി സൗഹൃദ സ്രോതസ്സുകളില്‍നിന്നാക്കുകയും ചെയ്യണമെന്നാണ് പാരീസ് ഉടമ്പടിയിലെ തീരുമാനം.
ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയും വിപത്തുമാണ് കാലാവസ്ഥാമാറ്റം. ഇതിന്റെ കെടുതികള്‍ ലോകം ഇപ്പോള്‍ തന്നെ ധാരാളം അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭൂമിയെ സൂര്യന്റെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് കാത്തുപോരുന്ന ഓസോണ്‍ കവചത്തിന് ഹരിതഗൃഹവാതകങ്ങള്‍ വിള്ളലുണ്ടാക്കിയപ്പോള്‍ ഭൂമിയില്‍ ചൂട് ക്രമാതീതമായി ഉയരുകയും ഇതുമൂലം മഞ്ഞുമലകള്‍ ഉരുകിയൊലിച്ച് സമുദ്രനിരപ്പ് ഉയരുകയും ദ്വീപ് സമൂഹങ്ങളും തീരദേശങ്ങളും കടലില്‍ മുങ്ങിപ്പോകാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. താപനവും താപക്കാറ്റും വരള്‍ച്ചയും കൃഷിനാശവും പട്ടിണിയും ദാരിദ്ര്യവും പകര്‍ച്ചവ്യാധികള്‍ പെരുകലും ജീവികള്‍ ചത്തൊടുങ്ങലും പ്രളയവും പേമാരിയുമെല്ലാം അതിന്റെ ഫലമായി സംഭവിക്കുകയും ദുരിതങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം വിപത്തുകള്‍ തടയാനുള്ള ഒരവസാന ആഗോള ശ്രമമെന്ന നിലക്കാണ് നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും ശേഷം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ സമ്മേളിച്ച് ഈ കരാര്‍ രൂപപ്പെടുത്തിയെടുത്തത്. അനേകം തലമുറകള്‍ക്കവകാശപ്പെട്ട വിഭവങ്ങള്‍ മഹാപങ്കും ഒന്നോ രണ്ടോ തലമുറയില്‍പെട്ടവര്‍ മാത്രം അനിയന്ത്രിതമായി ഉപയോഗിച്ച് ഭൂമിയും പ്രകൃതിയും നശിപ്പിച്ചതിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുത്ത് അത് തിരുത്താന്‍ ലോകം തയാറായതിന്റെ കൂടി പ്രതിഫലനമായിരുന്നു പാരീസ് കരാര്‍. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാന്‍ നടപടിയെടുക്കുന്ന അവികസിത-വികസ്വര രാഷ്ട്രങ്ങള്‍ക്ക് സാങ്കേതിക സഹായവും പതിനായിരം കോടി ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജും ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന രാഷ്ട്രങ്ങളില്‍ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തും യൂറോപ്യന്‍ യൂനിയന്‍ മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന രണ്ടാമത്തെ രാജ്യമായ അമേരിക്കയുടെ കരാറില്‍നിന്നുള്ള പിന്മാറ്റം അതിന്റെ ഫലപ്രാപ്തിയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കരാര്‍ അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്നും ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യങ്ങള്‍ക്കാണതില്‍ മുന്‍തൂക്കമെന്നുമാണ് ട്രംപിന്റെ വാദം.
പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ചരിത്രപരമായി ഉത്തരവാദികള്‍ മുതലാളിത്ത വികസിത രാജ്യങ്ങളാണ്. സൈനിക-വ്യാപാര അധിനിവേശങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്തും വിഭവങ്ങളെ തങ്ങളുടെ വരുതിയിലാക്കി അനിയന്ത്രിതമായി ഉപയോഗിച്ചും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചുതീര്‍ത്തുമാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ വികസിതമായത്. ഒരു വശത്ത് പ്രകൃതി വിഭവങ്ങളുടെയും ഇന്ധനങ്ങളുടെയും ഉപയോഗം കൂടിയതു മൂലമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ കൂടിയതും മറുഭാഗത്ത് അനിയന്ത്രിതമായ പ്രകൃതി ചൂഷണവുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണം. സ്വാഭാവികമായും വികസിത രാജ്യങ്ങള്‍ക്കാണ് ഇതില്‍ കൂടുതള്‍ ഉത്തരവാദിത്തമുള്ളത്. അവരാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും. അവികസിത-വികസ്വര രാഷ്ട്രങ്ങള്‍ വ്യവസായ രംഗത്തേക്ക് കടന്നുവരുന്നതേയുള്ളൂ. അല്ലെങ്കില്‍ നാമമാത്ര വ്യവസായങ്ങളേ അവര്‍ക്കുള്ളൂ. പാരീസ് ഉച്ചകോടിയിലെ ചര്‍ച്ചയുടെ അന്തിമ ഘട്ടത്തില്‍, ഈ വശം വേണ്ടവിധം പരിഗണിക്കാതെയാണ് എല്ലാ രാഷ്ട്രങ്ങളും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന നിയമപരമായി ബാധ്യതയില്ലാത്ത വിശാല ധാരണയിലേക്ക് എത്തിച്ചേര്‍ന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടിക്കുറക്കുന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. ആര്‍ക്കാണ് ഉത്തരവാദിത്തം കൂടുതല്‍ എന്നതിലായിരുന്നു തര്‍ക്കം.
അതോടൊപ്പം വികസിത രാജ്യങ്ങള്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്‍കണമെന്നായിരുന്നു അവികസിത-വികസ്വര ചേരിയുടെ കാഴ്ചപ്പാട്. ഇവ പൂര്‍ണമായി വികസിത രാജ്യങ്ങള്‍ അംഗീകരിച്ചില്ല. മാത്രമല്ല, കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികള്‍ എല്ലാവരുമനുഭവിക്കുന്നതിനാല്‍ ഉത്തരവാദിത്തവും തുല്യമായി വീതിക്കണമെന്ന് അവര്‍ വാദിച്ചു. ഇക്കാര്യങ്ങളിലൊന്നും പൂര്‍ണമായ നീതി അവികസിത- വികസ്വര രാജ്യങ്ങള്‍ക്ക് ലഭ്യമായില്ലെങ്കിലും, ആഗോളാടിസ്ഥാനത്തിലുള്ള മര്‍മപ്രധാനമായ ഒരു ഉടമ്പടി എന്ന നിലയില്‍ അവയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരായിരുന്നു. ജനാധിപത്യ മര്യാദകളോ മനുഷ്യകുലത്തിന്റ വിശാല താല്‍പര്യങ്ങളോ ഒന്നും തന്നെ തന്റെ പരിഗണനയിലില്ലെന്ന് വീണ്ടും തെളിയിക്കുന്നതായി ട്രംപിന്റെ കരാറില്‍നിന്നുള്ള ഏകപക്ഷീയമായ പിന്മാറ്റം. ബറാക് ഒബാമ ഒപ്പുവെച്ച ഈ കരാര്‍ അമേരിക്കയുടെ കുതിപ്പിനെ തളര്‍ത്തുന്നതാണെന്നും ആഗോളതാപനം, കാലാവസ്ഥാമാറ്റം തുടങ്ങിയവ വെറും അക്കാദമിക ആശങ്കകളാണെന്നും മറ്റുമുള്ള നിരുത്തരവാദപരമായ പ്രസ്താവനകളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. പാരീസ് കരാര്‍ പാലിച്ചാല്‍ 2.7 മില്യന്‍ പേര്‍ക്ക് തൊഴിലില്ലാതാകുമെന്നും അമേരിക്കയുടെ കോടിക്കണക്കിന് ഡോളര്‍ വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകുമെന്നും താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മറ്റു രാജ്യങ്ങളെ അമേരിക്കയുടെ ചെലവില്‍ വളരാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ നേട്ടം ചൈനക്കും ഇന്ത്യക്കുമാണെന്നും ട്രംപ് ആരോപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മര്യാദകളും ഐക്യ രാഷ്ട്രാസഭാ കരാറുകളും കാലാവസ്ഥാ കരാര്‍ തന്നെയും അംഗീകരിക്കാത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റല്ല ട്രംപ്. 1992-ല്‍ റിയോ കാലാവസ്ഥാ ഉച്ചകോടിയില്‍ അന്നത്തെ പ്രസിഡന്റ് സീനിയര്‍ ബുഷ് പറഞ്ഞത് ഞങ്ങളുടെ ജീവിത ശൈലി മാറ്റാനാവില്ല എന്നായിരുന്നു.
2005 കാലയളവില്‍ 740 കോടി ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് അമേരിക്ക പുറന്തള്ളിയത്. 2025-ഓടെ ഇത് 530 കോടി ടണ്‍ (26 മുതല്‍ 28 ശതമാനം വരെ) വരെയായി കുറക്കാമെന്നായിരുന്നു ഒബാമാ ഭരണകൂടത്തിന്റെ ഉറപ്പ്. കാലാവസ്ഥാ സംരക്ഷണ നിധിയിലേക്ക് 300 കോടി ഡോളറും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 100 കോടി ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അധികാരത്തില്‍ എത്തുന്നതിനു മുമ്പു തന്നെ ബദല്‍ ഇന്ധന മാര്‍ഗങ്ങളിലേക്ക് തിരിയുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച ഒബാമ തന്റെ ഭരണകാലത്ത് ഷെയില്‍ ഗ്യാസ് ഉല്‍പാദനം പോലുള്ള ബദല്‍ സംവിധാനങ്ങളും പരീക്ഷിച്ചിരുന്നു. ഇതിന്റെ ഫലമായി ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുകയുമുണ്ടായി. ആ മേഖലകളില്‍ വലിയ നിക്ഷേപം നടത്തിയ യു.എസിന് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. ഒബാമ ശരിവെച്ചതൊന്നും താന്‍ ശരിവെക്കില്ലെന്ന വാശിയിലാണ് ട്രംപ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഒബാമ സര്‍ക്കാറിന്റെ കാലാവസ്ഥാ പരിസ്ഥിതി നയങ്ങള്‍ സമൂലം പൊളിച്ചെഴുതുന്ന കരാറില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പാരീസ് ഉടമ്പടിയില്‍നിന്നുള്ള പിന്‍വാങ്ങല്‍.
ട്രംപിന്റെ എടുത്തുചാട്ടം അമേരിക്കയുടെ തന്നെ താല്‍പര്യത്തിനെതിരും അവര്‍ക്ക് നഷ്ടക്കച്ചവടവുമാണ്. പിന്മാറ്റം ശുദ്ധ മണ്ടത്തരമാണെന്ന് പലരും പ്രതികരിച്ചിട്ടുണ്ട്. കാലാവസ്ഥാ സംരക്ഷണ നിധിയിലേക്കുള്ള തങ്ങളുടെ ബാക്കി വിഹിതമായ 200 കോടി ഡോളര്‍ നല്‍കാതിരിക്കാനുള്ള അടവായും ഇതിനെ ചിലര്‍ കാണുന്നു. അതേസമയം ഈ ഉടമ്പടിയില്‍നിന്ന് പെട്ടെന്നൊന്നും പിന്മാറാന്‍ യു.എസിന് കഴിയില്ലെന്നതും മറ്റൊരു വസ്തുത. കരാറിലെ 28.1 വകുപ്പനുസരിച്ച് കരാര്‍ നിലവില്‍വന്ന് മൂന്നു വര്‍ഷത്തിനു ശേഷം മാത്രമേ പിന്മാറ്റത്തിനുള്ള അപേക്ഷ യു.എന്നിന് മുമ്പില്‍ സമര്‍പ്പിക്കാനാവൂ. 2016 നവംബര്‍ 4-നാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് 2019 നവംബര്‍ നാലിന് മാത്രമേ പിന്‍വാങ്ങല്‍ അപേക്ഷ സമര്‍പ്പിക്കാനാവൂ. ഒരു വര്‍ഷം കൂടി കഴിഞ്ഞേ പിന്‍വാങ്ങല്‍ സാധ്യമാവുകയുള്ളൂ. അപ്പോഴേക്കും യു.എസില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പിന്‍വാങ്ങലിന്റെ നേട്ടങ്ങള്‍ ട്രംപിന് ലഭിക്കാനിടയില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന് ആക്കം കൂട്ടുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നു.
അമേരിക്കന്‍ ജനതയും വ്യവസായ മേഖലകളും പാരമ്പര്യേതര ഊര്‍ജ മേഖലകളിലേക്ക് മാറുന്നുണ്ട്. മലിനീകരണം കുറഞ്ഞ ഊര്‍ജ മേഖലകളില്‍ നിക്ഷേപം നടത്തിയ ഇരുപതോളം വന്‍ കമ്പനികളും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളും യു.എസിലെ 61 മേയര്‍മാരും ട്രംപിന്റെ തീരുമാനങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. അമേരിക്കന്‍ കമ്പനികളും സംസ്ഥാനങ്ങളും നഗരങ്ങളും വ്യവസായ സ്ഥാപനങ്ങളും നിലവിലുള്ള ഉടമ്പടിയനുസരിച്ച് മുന്നോട്ടു പോകുമെന്ന് മുന്‍പ്രസിഡന്റ് ബറാക് ഒബാമയും പ്രസ്താവിച്ചിട്ടുണ്ട്. ലോകരാഷ്ട്ര നേതാക്കളും ഒറ്റക്കെട്ടായി ട്രംപിനെതിരായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
എന്തായാലും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരിതങ്ങള്‍ ലോകം അനുഭവിച്ചുതുടങ്ങിയിരിക്കെ ട്രംപിന്റെ വെല്ലുവിളി ഏറെ അപകടം നിറഞ്ഞതു തന്നെയാണ്. നാം വസിക്കുന്ന ഭൂമി സര്‍വനാശത്തിലേക്ക് നീങ്ങുമ്പോള്‍ അതിന്റെ കെടുതികളില്‍നിന്ന് അമേരിക്കക്ക് മാത്രം രക്ഷപ്പെടാനാവില്ല. ട്രംപ് തന്റെ തീരുമാനങ്ങളിലൂടെ ക്രമാതീതമായി ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് തുറന്നുവിട്ടാല്‍ വലിയ ദുരന്തങ്ങളാവും ലോകം അനുഭവിക്കേണ്ടിവരിക. ഒബാമ പറഞ്ഞതുപോലെ, ഇത് ലോകത്തിന്റെ ഭാവിയോടുള്ള യുദ്ധപ്രഖ്യാപനം തന്നെയാണ്. ലോകത്തെ ബന്ദിയാക്കി മുന്നോട്ടുപോകാന്‍ വികാരജീവികളും അപക്വമതികളുമായ ഭരണാധികാരികളെ അനുവദിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരിക എല്ലാവരുമാകും.
Comments