നാവ്
കവിത
പകുതിയിലധികം
അകത്തായത്
എത്രയോ നന്നായി..
പുറത്തേക്കു നീട്ടിയ
ബാക്കി ഭാഗം
ഏതു നേരത്തും
അകത്തേക്കു
വലിക്കാവുന്ന
വിധമായത്
അതിലും നന്നായി...
ധ്യാനമില്ലാത്ത
വെറും വാക്കുകളാല്‍
കസര്‍ത്തു കളിക്കാറുണ്ടവന്‍
കൈവിട്ട വാക്കും ആയുധവും
ഒരേ പോലെ
വിനാശകാരിയെന്നറിഞ്ഞിട്ടും
എല്ലില്ലാത്തതിന്റെ
വങ്കത്തരങ്ങള്‍....
പല്ലഴികള്‍ക്കിടയില്‍
തടവിലിടാനൊക്കില്ലല്ലോ
ഉടലിനു തുടരാന്‍
അവനില്ലാതെ വയ്യല്ലോ!
നിഴലുകള്‍
രൂപരഹിതര്‍
എന്നു നിനച്ച്
നിഴലുകളെ അവഗണിക്കരുതേ....
ഏറ്റവുമൊടുവില്‍
യഥാര്‍ഥ രൂപത്തില്‍
പ്രത്യക്ഷപ്പെടാന്‍ കഴിയും
എന്ന ഉറച്ച ബോധ്യത്തിലാണവര്‍...
അന്ന്,
അതുവരെ അമര്‍ത്തിവെച്ച
ആത്മരോഷങ്ങളുടെ
അഗ്നിയില്‍... എല്ലാം
ചുട്ടെരിക്കാമെന്ന്
അവര്‍, സ്വയം ആണയിടുന്നു....
ജോലിസ്ഥലങ്ങളില്‍
ദാമ്പത്യത്തില്‍
സൗഹൃദങ്ങളില്‍
വിശ്വാസപ്രമാണങ്ങളില്‍
നീതിനിഷേധത്തിന്റെ
ചങ്ങല തീര്‍ത്ത്
ഒരു കൊമ്പില്‍നിന്ന്
മറ്റേകൊമ്പിലേക്ക്
കുട്ടിക്കരണം മറിഞ്ഞ് രസിക്കുന്ന
കുഞ്ചിരാമന്മാരെ
ഒരു പാഠം പഠിപ്പിക്കാന്‍
കഴിയുമെന്ന് അവര്‍ക്കുറപ്പുണ്ട്....
ഓരോ നിമിഷവും
പിന്തുടരുന്ന നിഴലുകള്‍
വെളിച്ചത്തില്‍ നാമിരിക്കുമ്പോള്‍
പിന്നിലേക്ക് പിന്‍വാങ്ങുന്നവര്‍...
പൂര്‍ണരൂപത്തില്‍
ഉയിര്‍ക്കപ്പെടുന്ന
ഒരു നല്ല നാളെയെ
നെയ്‌തെടുക്കുകയാണവര്‍!!
Comments