Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

ദിവ്യബോധനത്തിന്റെ സമാരംഭം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-12

പ്രവാചകന് 35 വയസ്സുള്ളപ്പോള്‍ മക്കയില്‍ നടന്ന ഒരു സംഭവം തദ്ദേശീയരുടെ ആത്മീയ ജീവിതത്തിന് ഉണര്‍വ് പകരുന്നുണ്ട്. ഒരിക്കല്‍ കഅ്ബയില്‍ കുന്തിരിക്കം പുകച്ചുകൊണ്ടിരുന്നപ്പോള്‍ കാറ്റില്‍ ഒരു തീപ്പൊരി കഅ്ബയുടെ പുറംചുമരില്‍ ചുറ്റിയ തുണിയില്‍ വീണു. കെട്ടിടമാകെ തീപിടിച്ചു. ഏറെ വൈകാതെ കനത്ത മഴയില്‍ കഅ്ബയുടെ പരിസരത്ത് വെള്ളപ്പൊക്കവുമുണ്ടായി. തീപ്പിടിത്തവും വെള്ളപ്പൊക്കവും കഅ്ബയുടെ ചുമരുകള്‍ ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലെത്തിച്ചു.

ഇക്കാലത്ത് മക്കക്കാരുടെ മതം അങ്ങേയറ്റം ജീര്‍ണിച്ചുപോയിരുന്നു. ഇബ്‌നു ഹബീബ്1 രേഖപ്പെടുത്തിയ ഒരു സംഭവം ഉദ്ധരിക്കാം: മദീനയില്‍നിന്ന് ഒരു സംഘം മക്കയില്‍ എത്തിയതായിരുന്നു. ഖുറൈശികളുമായി ഒരു സഖ്യം ഉണ്ടാക്കാനാണ് അവര്‍ വന്നിരിക്കുന്നത്. സഖ്യമുണ്ടാക്കിക്കഴിഞ്ഞ ശേഷമാണ് മക്കക്കാര്‍ അതിഥികളായ മദീനക്കാരോട് പറയുന്നത്, ഇവിടെ വരുന്ന പെണ്‍കുട്ടികളോടെല്ലാം പ്രേമാഭ്യര്‍ഥന നടത്തുകയും സല്ലപിക്കുകയും ചെയ്യുന്ന പതിവ് മക്കയിലെ യുവാക്കള്‍ക്ക് ഉണ്ടെന്ന്. കഅ്ബയില്‍ പ്രാര്‍ഥനകള്‍ നടക്കുന്ന സമയമാണെങ്കിലും ഈ പതിവിന് മാറ്റമുണ്ടാവില്ലത്രെ. തൊട്ടു മുമ്പ് ഒപ്പിട്ട സഖ്യം പൊളിക്കാന്‍ മക്കക്കാര്‍ കണ്ടെത്തിയ ഒരു തന്ത്രമായിരുന്നു ഇതെന്നാണ് ഇബ്‌നു ഹബീബിന്റെ അഭിപ്രായം. ഏതായാലും ധാര്‍മികമായി അവര്‍ എത്ര അധഃപതിച്ചിരുന്നു എന്ന സൂചന നല്‍കുന്നുണ്ട് ഇത്തരം സംഭവങ്ങള്‍. സ്വഫാ- മര്‍വ കുന്നുകളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഇസാഫ്-നാഇല വിഗ്രഹങ്ങള്‍ക്കു പിന്നിലും ഇതുപോലുള്ള പ്രേമസല്ലാപങ്ങളുടെ കഥയുണ്ട്.2

നമ്മള്‍ പറഞ്ഞുവരുന്നത് കഅ്ബക്ക് കാര്യമായ കേടുപാട് പറ്റിയ സംഭവമാണ്. ഉടന്‍ കഅ്ബയുടെ പുനര്‍നിര്‍മാണത്തിനു വേണ്ടി മക്കയിലെ നഗരസഭ യോഗം ചേര്‍ന്നു. പുനര്‍നിര്‍മാണത്തിലേക്ക് എല്ലാവരും പ്രത്യേക സംഭാവനകള്‍ നല്‍കണമെന്ന് ഐകകണ്‌ഠ്യേന തീരുമാനമായി. പലിശ, വ്യഭിചാരം പോലുള്ള അധാര്‍മിക വൃത്തികളിലൂടെ സമ്പാദിച്ച പണം സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.3

മഴക്കാലത്ത് കടലില്‍ കാറ്റും കോളും രൂപപ്പെട്ടപ്പോള്‍ ഈജിപ്തില്‍നിന്ന് യമനിലേക്ക് പോവുകയായിരുന്ന ഒരു ബൈസാന്റിയന്‍ കപ്പല്‍ അതില്‍പെട്ട് തകര്‍ന്നു. ഒരു ചര്‍ച്ച് പണിയാനുള്ള നിര്‍മാണ സാമഗ്രികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. തകര്‍ന്ന കപ്പല്‍ മക്കക്ക് സമീപമുള്ള ശുഐബ എന്ന തുറമുഖത്ത് കരക്കണഞ്ഞു.  വിവരമറിഞ്ഞ് മക്കക്കാര്‍ അങ്ങോട്ട് കുതിച്ചു. തകര്‍ന്ന കപ്പലിലെ ആളുകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തു. കപ്പലിലുണ്ടായിരുന്ന കേടുവരാത്ത സാധനങ്ങള്‍ തങ്ങള്‍ക്ക് വില്‍ക്കുമെങ്കില്‍ സാധാരണ ചുമത്താറുള്ള തീരുവകള്‍ വരെ ഇളവ് ചെയ്യാമെന്ന് മക്കക്കാര്‍ വാക്കു കൊടുത്തു. മാര്‍ബിള്‍, ഇരുമ്പ്, മരം എന്നിവ കൊണ്ടുള്ള ചില ഉരുപ്പടികളെല്ലാം മക്കക്കാര്‍ വാങ്ങി. തകര്‍ന്ന കപ്പലില്‍ ബാഖൂം എന്ന ഒരു കോപ്റ്റിക് ആശാരിയുണ്ടായിരുന്നു. അദ്ദേഹം മക്കയില്‍ സ്ഥിരതാമസമാക്കി തന്റെ ജോലി തുടരാന്‍ തീരുമാനിച്ചു. മക്കക്കാരെ ഇത് ആഹ്ലാദഭരിതരാക്കി.4

മറ്റൊരു സംഭവം: കഅ്ബക്ക് സമീപം ഒരു കുഴി കുഴിച്ചിരുന്നു. കഅ്ബയിലേക്കുള്ള കാണിക്കകളും നേര്‍ച്ചദ്രവ്യങ്ങളുമൊക്കെ അതിലാണ് കൊണ്ടിടുക. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു വലിയ പരുന്ത് വന്ന് അവിടെ താമസം തുടങ്ങി. ഇടക്കിടെയത് തല പുറത്തേക്കിട്ട് നോക്കുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. ഒരു ദിവസം ഭീമാകാരമായ ഒരു പാമ്പുതീനി പക്ഷി വന്ന് അതിനെ റാഞ്ചിക്കൊണ്ടുപോയത്രെ. അതോടെ ജനങ്ങളടെ ഭീതിയെല്ലാം നീങ്ങി എന്നാണ് കഥ.5

കഅ്ബ പുനരുദ്ധരിക്കണമെങ്കില്‍ തകര്‍ന്നു നില്‍ക്കുന്ന അതിന്റെ അവശിഷ്ടങ്ങളൊക്കെ പൊളിച്ചുനീക്കേണ്ടിവരും. വളരെക്കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളതിനാല്‍ കുറേക്കാലം മക്കക്കാര്‍ പൊളിക്കാതെ അമാന്തിച്ചുനിന്നു. ഒടുവില്‍, ഒരു ദിവസം നഗരത്തിലെ വളരെ ആദരിക്കപ്പെടുന്ന വ്യക്തി മുന്നോട്ടുവന്ന്, കുറേയേറെ പ്രാര്‍ഥനകള്‍ ഉരുവിട്ട ശേഷം, കഅ്ബയുടെ അവശിഷ്ടങ്ങളില്‍ ആദ്യത്തെ കൊത്ത് കൊത്തി. ജനം ഒരു നിമിഷം വീര്‍പ്പടക്കി കാത്തുനിന്നു. ദൈവഭവനം പൊളിക്കുന്നവന്റെ തലയില്‍ ഇടിത്തീ വീഴുന്നുണ്ടോ? ഇല്ല എന്ന് ഉറപ്പായപ്പോള്‍ എല്ലാവരും ചേര്‍ന്ന് കഅ്ബയുടെ തകര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. അബ്രഹാം പ്രവാചകന്‍ ഇട്ട കഅ്ബയുടെ തറക്കല്ലുകള്‍ വരെയെത്തിയപ്പോള്‍ പൊളിക്കല്‍ പ്രക്രിയ നിര്‍ത്തിവെച്ചു. ആ തറക്കല്ലുകള്‍ക്ക് ഒരുതരം പച്ച നിറമായിരുന്നു. ആ പഴയ അടിത്തറയില്‍തന്നെ കഅ്ബ പുനര്‍നിര്‍മിക്കാനാണ് തീരുമാനമായത്.6

നാല് ചുമരുകളുള്ള ചതുരാകൃതിയിലുള്ള ഒരൊറ്റ മുറിയാണ് കഅ്ബ. അബ്രഹാം പ്രവാചകന്‍ നിര്‍മിച്ചതുപോലുള്ള ഒരു എടുപ്പ് നിര്‍മിക്കാന്‍, ശേഖരിച്ച ഉരുപ്പടികള്‍ മതിയാകാത്തതുകൊ് മേല്‍ക്കൂര ഒരു വശം കെട്ടി ഭദ്രമാക്കാനും മറ്റേ വശം തുറന്നിടാനും തീരുമാനിച്ചു. നേരത്തേയുള്ളതിനേക്കാള്‍ കഅ്ബക്ക് ഉയരം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചിരുന്നു. കഅ്ബയിലേക്കുള്ള കവാടത്തില്‍ എത്തണമെങ്കില്‍ ചുമന്നുകൊണ്ട് പോകാവുന്ന ഒരു ചെറിയ കോണി വെച്ചെങ്കിലേ ഇനി സാധ്യമാവൂ. ഈ കവാടത്തിന്റെ താക്കോല്‍ കൈവശം വെക്കുന്നവന് കാണിക്കയായി പണം ലഭിച്ചുകൊണ്ടിരിക്കും. മേല്‍ക്കൂര തുറന്നിട്ട ഭാഗത്ത് പ്രവേശനത്തിന് നിയന്ത്രണമില്ല. പ്രതിജ്ഞയെടുക്കുക പോലുള്ള പവിത്ര ചടങ്ങുകള്‍ക്കാണ് ഇവിടെ ആളുകള്‍ വന്നിരുന്നത്.

ചുമരുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കെ 'കറുത്ത കല്ല്' (അല്‍ ഹജറുല്‍ അസ്‌വദ്) എടുത്തുവെക്കാനുള്ള സമയമായി. ആരെടുത്ത് വെക്കും? മക്കക്കാര്‍ക്കിടയില്‍ തര്‍ക്കമായി. ഈ ബഹുമതി തങ്ങള്‍ക്ക് വേണമെന്ന് ഓരോ ഉപഗോത്രവും വാശി പിടിച്ചു. ചിലര്‍ പാത്രം നിറയെ രക്തം കൊണ്ടുവന്ന്, അതില്‍നിന്ന് നക്കിക്കുടിച്ച്, തങ്ങള്‍ ഒരിക്കലും പിന്മാറില്ലെന്നുവരെ പ്രതിജ്ഞ ചെയ്തു. പുനര്‍നിര്‍മാണം നിര്‍ത്തിവെക്കേണ്ടിവന്നു. അപ്പോഴാണ് ഒരു കാരണവര്‍ ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്: ''എല്ലാം ദൈവത്തിന് വിടുക. ഇനി ഈ കഅ്ബാങ്കണത്തില്‍ ആദ്യം എത്തിച്ചേരുന്നത് ആരാണോ അയാള്‍ പറയുന്നതിനനുസരിച്ച് നമുക്ക് കാര്യങ്ങള്‍ തീരുമാനിക്കാം.'' ഭാഗ്യത്തിന് അവിടേക്ക് ആദ്യം വന്നത് പ്രവാചകനാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് എല്ലാവര്‍ക്കും നല്ല മതിപ്പാണ്. അദ്ദേഹം ഒരു കഷ്ണം തുണി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ആ തുണി നിലത്തു വിരിച്ച് 'കറുത്ത കല്ല്' അതില്‍ കയറ്റിവെച്ചു. എല്ലാ ഉപഗോത്രങ്ങളുടെയും തലവന്മാരോട് തുണിയുടെ അറ്റങ്ങള്‍ പിടിച്ചുയര്‍ത്താന്‍ പറഞ്ഞു. തുണിയില്‍ വെച്ച കല്ല് അവര്‍ ഉയര്‍ത്തിയപ്പോള്‍ പ്രവാചകന്‍ തന്നെ ആ കല്ലെടുത്ത് അതിനെ യഥാ സ്ഥാനത്ത് വെച്ചു. എല്ലാവര്‍ക്കും തൃപ്തിയായി.7

ഒരു സംഭവം കൂടി പറയണം. നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ആളുകള്‍ ഉടുതുണിയഴിച്ച് തോളില്‍ മടക്കിവെച്ച് അവിടെ കല്ലുകള്‍ എടുത്തുവെച്ചാണ് ചുമന്നുകൊണ്ടുവരുന്നത്. അല്ലാത്തപക്ഷം കല്ലുരഞ്ഞ് തോളില്‍ മുറിവുകള്‍ പറ്റും. പ്രവാചകന്‍ ഈ രീതി പിന്തുടരാതെ വെറും തോളില്‍ കല്ലുകള്‍ ചുമന്നു. മുറിവ് പറ്റി ചോര പൊടിയുകയും ചെയ്തു. പിതൃസഹോദരന്‍ അബ്ബാസ് നിര്‍ബന്ധം ചെലുത്തിയപ്പോള്‍, പ്രവാചകനും മറ്റുള്ളവരുടെ രീതി പിന്തുടരാന്‍ ഒരു ശ്രമം നടത്തി. ചരിത്രകൃതികളില്‍ പറയുന്നത്, ഉടുമുണ്ട് അഴിച്ച ഉടനെ തന്നെ പ്രവാചകന്‍ ബോധരഹിതനായി നിലത്തുവീണു എന്നാണ്. ഉടന്‍ തന്നെ അദ്ദേഹം തുണി വാരിച്ചുറ്റി. പിന്നെയൊരിക്കലും അങ്ങനെ ചെയ്യാന്‍ മുതിര്‍ന്നതുമില്ല.8

കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അതിനകത്തും പുറത്തും വിഗ്രഹങ്ങളും ചുവര്‍ ചിത്രങ്ങളുമൊക്കെ സ്ഥാനം പിടിച്ചിരുന്നു. കഅ്ബക്കകത്ത്9 അബ്രഹാം, ഇസ്മാഈല്‍, കന്യാമറിയം, ഉണ്ണി യേശു എന്നിവരുടെ പ്രതിമകളുണ്ടായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരുന്നു എന്നും കാണാം.10 അങ്ങനെ ഏകദൈവത്തെ ആരാധിക്കാനായി നിര്‍മിക്കപ്പെട്ട കഅ്ബ ഒരു വിഗ്രഹാലയമായി മാറിക്കഴിഞ്ഞിരുന്നു. മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സവിശേഷ വീക്ഷണം പുലര്‍ത്തുന്ന പലരെയും, മതാനുഷ്ഠാനങ്ങള്‍ കേവല വിഗ്രഹാരാധനയിലേക്ക് കൂപ്പുകുത്തിയത് ഇരുത്തി ചിന്തിപ്പിച്ചിരിക്കണം.

അറേബ്യയുടെ കിഴക്കുഭാഗത്ത് താമസിക്കുന്ന ബനൂ ഹനീഫ ഗോത്രത്തെപ്പറ്റി മക്കയില്‍ പ്രചരിക്കുന്ന ഒരു കഥയുണ്ട്. അവര്‍ ധാന്യപ്പെട്ടിയും കാരക്കച്ചുളകളും കുഴച്ചെടുത്ത് വളരെ ഉയരമുള്ള ഒരു വിഗ്രഹം ഉണ്ടാക്കിവെക്കും; പട്ടിണിക്കാലം വന്നാല്‍ അത് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി അവര്‍ ഭക്ഷിക്കുകയും11 ചെയ്യും. മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ ബദുക്കള്‍ക്ക് ആരാധിക്കാന്‍ പറ്റിയ കല്ലുകളൊന്നും കിട്ടിയില്ലെങ്കില്‍, മണല്‍ക്കൂനയുണ്ടാക്കി, അതിന്മേല്‍ ഒട്ടകപ്പാല്‍ കറന്നു വീഴ്ത്തി അതിനെ അവര്‍ ആരാധിച്ചുകളയും. ചിലപ്പോള്‍ വിഗ്രഹങ്ങള്‍ക്ക് അവര്‍ വെണ്ണ പോലുള്ള പാലുല്‍പ്പന്നങ്ങള്‍ നിവേദ്യമായി സമര്‍പ്പിക്കും. വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ടത് തിരിച്ചെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍ ബദുക്കളുടെ ഒപ്പം സഞ്ചരിക്കുന്ന നായ്ക്കള്‍ക്കും മറ്റും ഈ ചട്ടം ബാധകമാവില്ലല്ലോ. ആ ജീവികള്‍ അതൊക്കെ  നക്കിത്തിന്നുകയും വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ട കല്ലുകള്‍ക്ക് മീതെ മൂത്രമൊഴിക്കുകയും ചെയ്യും.12

ഈ വിഗ്രഹങ്ങള്‍ക്ക് അപാര കഴിവുകളുണ്ടെന്ന് പറഞ്ഞാല്‍ ചിന്താശേഷിയുള്ളവര്‍ അത് സമ്മതിച്ചുതരുമോ? മക്കാ നഗരത്തിലെ സ്ഥിതിയും വളരെ പരിതാപകരമായിരുന്നു. ഒരാള്‍ ഭംഗിയുള്ള ഒരു കല്ല് കണ്ടാല്‍ മതി അതെടുത്ത് കൊണ്ടുവന്ന് പൂജ തുടങ്ങും. ഇതിനേക്കാള്‍ ഭംഗിയുള്ള മറ്റൊരു കല്ല് കാണേണ്ട താമസം, പഴയതെടുത്ത് പുറത്തെറിഞ്ഞ് പുതിയ കല്ലിനെ പൂജാ വിഗ്രഹമാക്കും.13

ഗൗരവമായി ചിന്തിക്കുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ ആലോചനാവിഷയമായിരുന്നു. തലമുറകളായി മക്കക്കാര്‍ ക്രിസ്ത്യാനികളും മാഗിയക്കാരും (സൊരാഷ്ട്ര മതക്കാര്‍) അധിവസിക്കുന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാറുണ്ട്;  നിരവധി അന്യദേശക്കാര്‍ മക്കയിലും എത്തുന്നുണ്ട്. അതിന്റെയൊക്കെ സ്വാധീനം മക്കയില്‍ കാണാനുമുണ്ടായിരുന്നു. ഉദ്ബുദ്ധരായ ആളുകള്‍ ശരിക്കും കടുത്ത ആശയപ്രതിസന്ധിയിലകപ്പെട്ടു. ഒരേ വീട്ടില്‍തന്നെ പല മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആളുകളുണ്ടായിരുന്നു. ചിലര്‍ ക്രിസ്തുമതം പുല്‍കി; മറ്റുള്ളവര്‍ മറ്റു പലതും തേടിപ്പോയി. സൈദുബ്‌നു അംറുബ്‌നു നുഫൈല്‍ എന്നൊരാളുണ്ടായിരുന്നു മക്കയില്‍. അദ്ദേഹം ബിംബങ്ങള്‍ ബലിയറുക്കപ്പെട്ട മൃഗങ്ങളുടെ മാംസം ഭക്ഷിക്കാറുണ്ടായിരുന്നില്ല.14 താന്‍ അന്വേഷിക്കുന്നത് ജൂത-ക്രൈസ്തവ മതങ്ങളില്‍ അദ്ദേഹത്തിന് കണ്ടെത്താനുമായില്ല. അദ്ദേഹം പറഞ്ഞു: ''ദൈവമേ, നിന്നെ തൃപ്തിപ്പെടുത്തുന്ന പ്രാര്‍ഥനാ രീതി എന്താണ് എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്റെ മുന്നില്‍ തലകുനിക്കുമായിരുന്നു. എന്തു ചെയ്യാം, എനിക്കത് അറിഞ്ഞുകൂടല്ലോ.'' പിന്നെ അദ്ദേഹം തന്റെ കൈപ്പത്തികള്‍ക്ക് മീതെ സാഷ്ടാംഗം ചെയ്തു15. ഉക്കാള് ചന്തയില്‍ വെച്ച് ഖുസ്വുബ്‌നു സാഇദ അല്‍ ഇയാദി എന്ന തത്ത്വചിന്തകന്‍ ഏകദൈവസങ്കല്‍പത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം പ്രവാചകന്റെ മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞുപോയിരുന്നില്ല.16 ഈ വിഷയത്തില്‍ ലബീദ്, ഉമയ്യതുബ്‌നു അബീസലത് എന്നീ ജാഹിലീ കവിതകളുടെ പരാമര്‍ശങ്ങള്‍ പ്രവാചകന്‍ ഉദ്ധരിക്കാറുമുണ്ടായിരുന്നു.17 പ്രവാചക പത്‌നി ഖദീജയുടെ കുടുംബത്തില്‍ ക്രിസ്തുമതം കടന്നുവന്നതിനെക്കുറിച്ച് നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്. പാതിരിമാരോ പുരോഹിതന്മാരോ മക്കയില്‍ ഉണ്ടായിരുന്നില്ലെങ്കിലും, ക്രിസ്തുമത വിശ്വാസികളായ അടിമകള്‍ കുറച്ചധികം പേര്‍ അവിടെയുണ്ടായിരുന്നു.18

പ്രവാചകന്റെ കുടുംബവും പൊതുവെ മക്കയിലെ വിശ്വാസാചാരങ്ങളില്‍ ഭാഗഭാക്കായിരുന്നു. തീര്‍ഥാടകര്‍ക്ക് സംസം വെള്ളം നല്‍കുക പോലുള്ള മതകര്‍മങ്ങളും അവര്‍ അനുഷ്ഠിച്ചിരുന്നു. കഅ്ബയുടെ പുനര്‍നിര്‍മാണത്തിന് ശേഷമാവണം, പ്രവാചകനിലും ആത്മീയമായ ഉണര്‍വിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. നേരത്തേ, അദ്ദേഹത്തിന്റെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന് റമദാന്‍ മാസമായാല്‍ ഹിറാഗുഹയില്‍ പോയി ഒഴിഞ്ഞിരിക്കുന്ന ഒരു പതിവുണ്ടായിരുന്നു.19 ഈയൊരു രീതി പ്രവാചകനെയും ആകര്‍ഷിച്ചു. ആ ധ്യാനത്തിലൂടെ തന്റെ അസ്വസ്ഥമായ മനസ്സിന് ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം കരുതി. അങ്ങനെ ഏതാനും വര്‍ഷങ്ങളായി ഓരോ റമദാന്‍ മാസവും ഏകാന്ത ധ്യാനവുമായി അദ്ദേഹം കഴിച്ചുകൂട്ടുക മക്കയുടെ പ്രാന്തത്തിലുള്ള ഹിറാ ഗുഹയിലായിരിക്കും. വേണ്ട ഭക്ഷണ സാധനങ്ങളൊക്കെ ഭാര്യ ഖദീജ അങ്ങോട്ട് കൊടുത്തയക്കും; അല്ലെങ്കില്‍ തനിക്ക് ആവശ്യമുള്ളതൊക്കെ എടുക്കാന്‍ അദ്ദേഹം തന്നെ ഗുഹയില്‍നിന്നിറങ്ങി വീട്ടിലേക്ക് വരും. വല്ലപ്പോഴും യാത്രികര്‍ ആ വഴിക്ക് വരികയാണെങ്കില്‍ തന്റെ ശുഷ്‌ക വിഭവങ്ങള്‍ അവരുമായി അദ്ദേഹം പങ്കുവെക്കും. ഹിറാ ഗുഹയിലെ ധ്യാനകാലം കഴിഞ്ഞാല്‍ അദ്ദേഹം നേരെ വരിക കഅ്ബയിലേക്കാണ്. പിന്നെ ആ വിശുദ്ധ ഗേഹത്തെ ഏഴു തവണ വലം വെക്കും. എന്നിട്ടേ വീട്ടിലേക്ക് പോവുകയുള്ളൂ.20 അദ്ദേഹം ഭാര്യ ഖദീജയെയും കൂട്ടിയാണ് ഹിറാ ഗുഹയില്‍ കഴിഞ്ഞിരുന്നതെന്ന ചില ചരിത്രകാരന്മാരുടെ വാദം (ഇബ്‌നു ഹിശാം പേജ് 152, മഖ്‌രീസി 1/12) വിചിത്രമാണ്. 'പ്രവാചകന് ആവശ്യമായ ഭക്ഷണ പാനീയങ്ങള്‍ കൊടുക്കാന്‍ ഇടക്കിടെ ഖദീജ ഗുഹയില്‍ എത്തുമായിരുന്നു' എന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചത്. ഏതായാലും ദിവ്യ വെളിപാട് ആദ്യമായി ഇറങ്ങിയ രാത്രി ഖദീജ ഹിറാ ഗുഹയില്‍ ഉണ്ടായിരുന്നില്ലെന്ന് ഉറപ്പാണല്ലോ; അവരപ്പോള്‍ മക്കയിലെ വീട്ടിലായിരുന്നു.

'നൂര്‍' (പ്രകാശം) പര്‍വതത്തിന്റെ മുകളിലുള്ള ഈ ഗുഹ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നബിയുടെ വീട്ടില്‍നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററേ ഇങ്ങോട്ട് ദൂരം ഉണ്ടാവുകയുള്ളൂ. നൂര്‍ പര്‍വതത്തിന് ഒരു പ്രത്യേക കാഴ്ചയുണ്ട്. എവിടെനിന്ന് നോക്കിയാലും ചുറ്റുമുള്ള മറ്റു പര്‍വതങ്ങളില്‍നിന്ന് അതിനെ വേര്‍തിരിച്ചറിയാം. വീണ് അട്ടിയട്ടിയായി  കിടക്കുന്ന പാറക്കഷ്ണങ്ങളാണ് ഹിറാ ഗുഹയായി രൂപാന്തരപ്പെട്ടിരിക്കുന്നത്. മുകളിലും മൂന്ന് ഭാഗത്തും പാറകളാണ്. ഉള്ളില്‍ കയറിയാല്‍ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാം; തല മോന്തായത്തില്‍ തൊടുകയില്ല. നിലത്ത് നീണ്ടുനിവര്‍ന്ന് കിടക്കുകയും ചെയ്യാം. കഅ്ബക്കും ഈ ഗുഹക്കും ഒരേ നീളമാണ് എന്ന യാദൃഛികതയും ഉണ്ട്. തറയില്‍ പാറ നല്ല മിനുസമാണ്. കിടപ്പറ ഒരുക്കാനെന്ന പോലെ ശിലാഖണ്ഡങ്ങള്‍ നീട്ടിയിട്ടതു പോലെ തോന്നും. എന്നാല്‍ പ്രവേശനദ്വാരം വളരെ ഇടുങ്ങിയതാണ്. കുറച്ച് ഉയരത്തിലുമാണ്. കുറേയേറെ പടവുകള്‍ ചവിട്ടിക്കയറിയാലേ അവിടെ എത്താനാവൂ. ഈ പര്‍വതത്തിന് 'നൂര്‍' എന്ന പേര് കിട്ടാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. മക്കയില്‍നിന്ന് മിനാ മൈതാനത്തേക്ക് പോകുന്ന വഴിയിലാണിത്. ഒരുപക്ഷേ, മുന്‍കാലങ്ങളില്‍ യാത്രികര്‍ക്ക് രാത്രി വഴിതെറ്റാതിരിക്കാന്‍ ഈ പര്‍വതത്തിന് മുകളില്‍ തീ കത്തിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നിരിക്കണം. മുസ്ദലിഫ പര്‍വതത്തിന് മുകളില്‍ തീര്‍ഥാടകര്‍ക്ക് വഴികാട്ടാനായി തീ കത്തിച്ചിരുന്നതായി പരാമര്‍ശം വന്നിട്ടുണ്ട്. മക്കക്കും അറഫക്കുമിടയില്‍ അവിടെ മാത്രമേ തീ കത്തിച്ചിരുന്നുള്ളൂ എന്ന് വെക്കേണ്ടതില്ല; തീര്‍ഥാടകര്‍ ഈ വഴിയും കടന്നുപോകുന്നതുകൊണ്ട് നൂര്‍ പര്‍വതത്തിലും തീ കൊളുത്തുന്ന പതിവ് ഉണ്ടായിരുന്നിരിക്കാനിടയുണ്ട്.

ഗുഹയിലെ ധ്യാനത്തിലൂടെ പ്രവാചകനിലുണ്ടായ ആത്മീയ മാറ്റത്തെക്കുറിച്ച വിവരണമൊന്നും എവിടെയും കാണുന്നില്ല. ഓരോ വര്‍ഷവും അങ്ങോട്ട് പോകാറുള്ളതുകൊണ്ട് ആത്മീയമായ ഒരു നിര്‍വൃതി അദ്ദേഹം അനുഭവിച്ചിരുന്നു എന്നു വെക്കാനേ നിവൃത്തിയുള്ളൂ. ചില ജീവചരിത്രകാരന്മാര്‍ 'പ്രഭാതം പോലെ തെളിഞ്ഞ സ്വപ്‌നങ്ങള്‍' അദ്ദേഹം കാണാന്‍ തുടങ്ങിയതിനെപ്പറ്റി പറയുന്നുണ്ട്. താന്‍ കാണുന്ന സ്വപ്‌നങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ടാകുന്ന സംഭവങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുകയും ചെയ്യാറുണ്ടായിരുന്നുവത്രെ. ചിലപ്പോള്‍ വിചിത്രമായ ഒരു ശബ്ദം കേള്‍ക്കും. തിരിഞ്ഞുനോക്കിയാല്‍ ഒന്നും കാണുകയില്ല. ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. ഇടക്കിടെ ഇത്തരം അശരീരികള്‍ ഉണ്ടാകാന്‍ തുടങ്ങി. പാറകള്‍ക്കോ മരങ്ങള്‍ക്കോ പിറകില്‍നിന്ന് വരുന്ന ശബ്ദം തന്നെ പേര് വിളിച്ച് അഭിവാദ്യം ചെയ്യുന്ന പോലെയും തോന്നിച്ചു.21

ഇപ്പോള്‍ പക്വതയുടെ പ്രായം അദ്ദേഹത്തിന് എത്തിക്കഴിഞ്ഞു. നാം പറയാന്‍ പോകുന്ന റമദാന്‍ എത്തുന്നതിന് ആറു മാസം മുമ്പ് അദ്ദേഹത്തിന് നാല്‍പത് വയസ്സ് പൂര്‍ത്തിയായി. ആ റമദാന്‍ ആഗതമായി. മിക്കവാറും ഇത് അഞ്ചാം തവണയാണ് തുടര്‍ച്ചയായി അദ്ദേഹം ഹിറാ ഗുഹയിലേക്ക് പോകുന്നത്. യാതൊന്നും സംഭവിക്കാതെ ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. റമദാന്‍ 27-ാം രാവില്‍ അദ്ദേഹത്തിന് ഒരു വിചിത്ര ദര്‍ശനമുണ്ടായി. ഒരു പ്രകാശരൂപം തന്നോട് സംസാരിക്കുന്നു. സംഭവം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: ''താന്‍ മലക്ക് ജിബ്‌രീല്‍ ആണെന്ന് ആ രൂപം എന്നോട് പറഞ്ഞു. എന്നെ പ്രവാചകനായി ദൈവം തെരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിയിക്കാനായി ജിബ്‌രീലിനെ അയച്ചിരിക്കുകയാണ്. ശുദ്ധി വരുത്തുന്നത് എങ്ങനെയെന്ന് ജിബ്‌രീല്‍ എന്നെ പഠിപ്പിച്ചു. ശരീരം ശുദ്ധിയാക്കി ഞാന്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ കൈയിലുള്ള ചുരുള്‍ വായിക്കാന്‍ ജിബ്‌രീല്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് വായിക്കാന്‍ അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച് നന്നായി അമര്‍ത്തിയ ശേഷം വീണ്ടും ആവശ്യപ്പെട്ടു: വായിക്കൂ. വായിക്കാന്‍ അറിഞ്ഞുകൂടെന്ന് ഞാനും. വീണ്ടും എന്നെ കൈകളില്‍ ചേര്‍ത്തുപിടിച്ച് അമര്‍ത്തിയ ശേഷം വായിക്കാന്‍ പറഞ്ഞപ്പോഴും ഞാന്‍ അറിയില്ല എന്ന് പറഞ്ഞു. മൂന്നാമതും എന്നെ ചേര്‍ത്തുപിടിച്ച് മുമ്പത്തേക്കാള്‍ കൂടുതല്‍ ഞെരുക്കി. പിന്നെ സ്വതന്ത്രനാക്കിയ ശേഷം ജിബ്‌രീല്‍ എന്നോട് ഇങ്ങനെ മൊഴിഞ്ഞു: ''നീ വായിക്കുക, നിന്നെ സൃഷ്ടിച്ചവനായ ദൈവത്തിന്റെ നാമത്തില്‍. രക്തപിണ്ഡത്തില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക, താങ്കളുടെ നാഥന്‍ അത്യുദാരനാകുന്നു. അവന്‍ പേന കൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യനെ താനറിയാത്ത കാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു.''22

ആദ്യത്തെ ദിവ്യബോധനം ജിബ്‌രീല്‍ മുഖേന ലഭിച്ചപ്പോള്‍ മറ്റാരും അതിന് സാക്ഷിയായി ഉണ്ടായിരുന്നില്ല. പിന്നെ ഇടക്കിടെ ദിവ്യബോധനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നപ്പോള്‍ പലരും ആ പ്രക്രിയക്ക് സാക്ഷികളായി. ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തില്‍ തന്റെ അനുയായികളില്‍ പലരും ദിവ്യബോധനം അവതരിക്കുമ്പോഴുണ്ടാകുന്ന അവസ്ഥകള്‍ വിവരിച്ചിട്ടുണ്ട്. പ്രവാചകന്‍ തന്നെയും ദിവ്യബോധനമിറങ്ങുമ്പോള്‍ തന്റെ നില എന്തായിരിക്കുമെന്ന് പറഞ്ഞുതന്നിട്ടുണ്ട്. പ്രവാചകന്റെ വിവരണം ഇങ്ങനെ: ''ചിലപ്പോള്‍ മണിയടി ശബ്ദം പോലെയാണ് അത് വരിക. കുറച്ച് കഴിഞ്ഞാല്‍ ആ ശബ്ദം നിലക്കും. അപ്പോള്‍ അവതരിച്ച സൂക്തങ്ങളൊക്കെയും എനിക്ക് നല്ല ഓര്‍മയുണ്ടാവും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടും. മലക്ക് പറഞ്ഞുതരുന്നതൊക്കെ ഞാന്‍ ഹൃദിസ്ഥമാക്കും'' (ബുഖാരി 1/2). ഇബ്‌നു ഹമ്പല്‍ നല്‍കുന്ന വിവരണം (2/222) ഇങ്ങനെ: ''പ്രവാചകന്‍ ലോഹത്തിലടിക്കുന്ന പോലുള്ള ഒരു ശബ്ദം കേള്‍ക്കും. അപ്പോള്‍ അദ്ദേഹം അവതരിക്കാന്‍ പോകുന്ന സൂക്തങ്ങള്‍ സ്വീകരിക്കാനായി തയാറായി നില്‍ക്കും. എപ്പോഴെല്ലാം ദിവ്യബോധനം അവതരിക്കുന്നുവോ അപ്പോഴെല്ലാം ആത്മാവ് ശരീരത്തില്‍നിന്ന് പിരിഞ്ഞുപോകുന്നതുപോലെ തോന്നും.'' ഇനി അനുയായികള്‍ നല്‍കുന്ന വിവരണങ്ങള്‍ നോക്കാം: ''ദിവ്യബോധനമിറങ്ങുമ്പോള്‍ അദ്ദേഹം ചലനരഹിതനാ

യിപ്പോകും'' (ഇബ്‌നു ഹമ്പല്‍ 6/103). ''ദിവ്യബോധനമിറങ്ങുന്നത് നല്ല തണുപ്പുള്ള ദിവസമാണെങ്കിലും അദ്ദേഹം വിയര്‍ത്തു കുളിച്ചിരിക്കും'' (ബുഖാരി 1/2). ഒരിക്കല്‍ ഒരു പുതുവിശ്വാസിക്ക്23, ദിവ്യബോധനമിറങ്ങുന്നത് കാണണമെന്ന് ആഗ്രഹം. ഉമര്‍(റ) അദ്ദേഹത്തോട് അടുത്തു വരാന്‍ പറഞ്ഞു. പ്രവാചകന്റെ തലമൂടിയിരുന്ന വസ്ത്രം ഉമര്‍ അല്‍പം ഉയര്‍ത്തിക്കാണിച്ചുകൊടുത്തു. പ്രവാചകന്റെ മുഖം അപ്പോള്‍ തുടുത്തിരുന്നു. ഞെരക്കവും കേള്‍ക്കാമായിരുന്നു (ബുഖാരി 64/56). ''ദിവ്യബോധനമിറങ്ങുമ്പോള്‍ തേനീച്ച മൂളും പോലെ ഒരു ശബ്ദം ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു'' (ഇബ്‌നു ഹമ്പല്‍ 1/34). ''തളര്‍ത്തുന്ന ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നതായി തോന്നും'' (ഇബ്‌നു ഹമ്പല്‍ 1/464). ''കടുത്തതെന്തോ സ്വീകരിക്കുന്നതുപോലെ; ചുണ്ടുകള്‍ അനക്കിക്കൊണ്ടിരിക്കും'' (ബുഖാരി 93/7). ''മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പോലെ തല ഇളക്കിക്കൊണ്ടിരിക്കും'' (ഇബ്‌നു ഹമ്പല്‍ 1/318).

മറ്റു ചില വിവരണങ്ങളില്‍, അദ്ദേഹത്തിന് വല്ലാതെ ഭാരം അനുഭവപ്പെടുമായിരുന്നു എന്നുണ്ട്. ''പ്രവാചകന്‍ പൊണ്ണൊട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യുമ്പോള്‍ ദിവ്യബോധനമിറങ്ങുന്നത് ഞാന്‍ കിട്ടുണ്ട്. ആ മൃഗം കാലുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഇളക്കുന്നു്. അവ ഒടിഞ്ഞുപോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ചിലപ്പോള്‍ മൃഗം മുട്ടുകുത്തും; അല്ലെങ്കില്‍ നേരെ നില്‍ക്കും. ദിവ്യബോധനമിറങ്ങുമ്പോള്‍ പ്രവാചകന് ഉണ്ടാകുന്ന ഭാരക്കൂടുതലാണ് ഇതിന് കാരണം. പിന്നെ, വിയര്‍പ്പുതുള്ളികള്‍ മുത്തുകള്‍ പോലെ ഇറ്റിവീണുകൊണ്ടിരിക്കും'' (ഇബ്‌നു സഅ്ദ് 1/1 പേജ് 131, 132). ''പെണ്ണൊട്ടകം വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ട് പ്രവാചകന്‍ ചിലപ്പോള്‍ അതിന്റെ പുറത്തു നിന്ന് താഴെയിറങ്ങും'' (ഇബ്‌നു ഹമ്പല്‍ 2/176, 6/455). ഇതേ അനുഭവം കുതിരപ്പുറത്തിരിക്കുമ്പോഴും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (ത്വബരി, തഫ്‌സീര്‍, 26/39).

സൈദുബ്‌നു സാബിതിന്റെ ഒരു അനുഭവം ഇങ്ങനെയാണ്: ''ഒരുപാട് ആളുകളുള്ള സദസ്സാണ്. എല്ലാവരും കാല്‍മടക്കിയാണ് ഇരിക്കുന്നത്. അപ്പോഴാണ് ദിവ്യബോധനമിറങ്ങുന്നത്. പ്രവാചകന്റെ മുട്ടുകാല്‍ എന്റെ തുടക്ക് മീതെയാണ് ഉണ്ടായിരുന്നത്. കനത്ത ഭാരം കാരണം എന്റെ തുടയെല്ല് നുറുങ്ങിപ്പോകുമെന്ന് തോന്നി'' (ബുഖാരി 8/12, 56/31). 'പ്രവാചകനല്ല മറ്റൊരാളായിരുന്നുവെങ്കില്‍ ഞാന്‍ നിലവിളിക്കുകയും കാല്‍ വലിച്ചൂരി എടുക്കുകയും ചെയ്യുമായിരുന്നു' എന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. പള്ളിയിലെ മിമ്പറില്‍ പ്രസംഗിക്കാന്‍ നില്‍ക്കവെ ഒരിക്കല്‍ ദിവ്യവെളിപാട് ഉണ്ടായപ്പോള്‍ അത് തീരും വരെ അദ്ദേഹം അനക്കമറ്റ് നില്‍ക്കുകയാണ് ചെയ്തത് (ഇബ്‌നു ഹമ്പല്‍ 3/21). ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഒരിക്കല്‍ ദിവ്യബോധനമുണ്ടാകുന്നത്. ഒരു ഇറച്ചിക്കഷ്ണമാണ് അപ്പോള്‍ കൈയിലുണ്ടായിരുന്നത്. ദിവ്യബോധനം അവസാനിച്ചപ്പോഴും ആ ഇറച്ചിക്കഷ്ണം കൈയില്‍ തന്നെയുണ്ടായിരുന്നു (ഇബ്‌നു ഹമ്പല്‍ 6/56).

ദിവ്യബോധനമിറങ്ങുമ്പോള്‍ ചിലപ്പോള്‍ പ്രവാചകന്‍ മലര്‍ന്നു കിടക്കും. അപ്പോള്‍ അനുയായികളാരെങ്കിലും മുഖം മറക്കാന്‍ ഒരു തുണിക്കഷ്ണം വളരെ ആദരവോടെ അദ്ദേഹത്തിന് നല്‍കും. പക്ഷേ അപ്പോഴൊന്നും അദ്ദേഹം ബോധരഹിതനാവുകയോ സ്വയം നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല. വിക്ഷുബ്ധനാവുകയും ചെയ്യുമായിരുന്നില്ല. ദിവ്യബോധനത്തിന്റെ ആദ്യനാളുകളില്‍ തനിക്ക് ലഭിച്ച സൂക്തങ്ങള്‍ അദ്ദേഹം ഉറക്കെ ഉരുവിടാറുണ്ടായിരുന്നു. ഹിജ്‌റക്കു മുമ്പ് മക്കയില്‍ വെച്ചായിരുന്നു ഈ രീതി ഉണ്ടായിരുന്നത്. ഇതേക്കുറിച്ച സൂചനകള്‍  നമുക്ക് ഖുര്‍ആനില്‍ (75/16, 20/114) കാണാം. പിന്നെപ്പിന്നെ ദിവ്യബോധനങ്ങള്‍ നിശ്ശബ്ദനായി സ്വീകരിക്കാന്‍ തുടങ്ങി. ലഭിച്ച സൂക്തങ്ങള്‍ അപ്പോള്‍ തന്നെ എഴുത്തറിയാവുന്ന തന്റെ അനുയായികള്‍ക്ക് പറഞ്ഞുകൊടുക്കുകയും ഖുര്‍ആനില്‍ ഏത് അധ്യായത്തില്‍ എവിടെയാണ് അവ വെക്കേണ്ടതെന്ന് കൃത്യമായി നിര്‍ദേശിക്കുകയും ചെയ്യും. അല്‍മബ്അസ് വല്‍ മഗാസി എന്ന കൃതിയില്‍ ഇബ്‌നു സഅ്ദ് എഴുതുന്നു: ''വിശുദ്ധ ഖുര്‍ആന്റെ ഓരോ ശകലം അവതരിക്കുമ്പോഴും പ്രവാചകന്‍ ആദ്യം അത് പുരുഷന്മാരുടെ സദസ്സില്‍ ഓതിക്കേള്‍പ്പിക്കും; പിന്നെ സ്ത്രീകളുടെ സദസ്സിലും ഓതിക്കേള്‍പ്പിക്കും'' (സ്ത്രീകള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുന്നതില്‍ പ്രവാചകന്‍ വളരെ തല്‍പരനായിരുന്നു). ഖുര്‍ആന്റെ ക്രോഡീകരണത്തെക്കുറിച്ച് നാം പിന്നീട് ചര്‍ച്ച ചെയ്യുന്നുണ്ട്. ത്വബറാനിയെപ്പോലുള്ളവര്‍ (ഹൈത്തമി മജ്മഉസ്സവാഇദില്‍ ഉദ്ധരിച്ചത് 1-150) ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ഓരോ സൂക്തം അവതരിക്കുമ്പോഴും അത് എഴുതിയെടുത്ത സ്വഹാബിയോട് അത് വീണ്ടും തന്നെ ഓതിക്കേള്‍പ്പിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെടും. എഴുത്തില്‍ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍  വേണ്ടിയാണിത്.

അങ്ങനെ മുഹമ്മദ് നബിയുടെ നാല്‍പ്പതാം വയസ്സില്‍ (സി.ഇ 609) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഘട്ടം അവസാനിക്കുകയാണ്; അതായത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം. ഇനി പൊതുജീവിതം തുടങ്ങുകയാണ്; പ്രവാചകനെന്ന നിലക്കുള്ള ജീവിതം.

(തുടരും)

 

കുറിപ്പുകള്‍

1. ഇബ്‌നു ഹബീബ്- മുനമ്മഖ് പേജ് 326-7

2. ഇബ്‌നു ഹിശാം, പേജ് 54

3. Ibid, പേജ് 123

4. Ibid പേജ് 122

5. Ibid

6. Ibid പേജ് 124

7. Ibid,പേജ് 125

8. ബുഖാരി 8:8

9. കയശറ 60: 11, വാ: 3-4 (അധ്യായം അമ്പിയാഅ്), അസ്‌റഖി-അഖ്ബാറു മക്ക, പേജ് 112,113, മഖ്‌രീസി-ഇംതാഅ് 1/385

10. അസ്‌റഖി, പേജ് 75,76, ബുഖാരി 64:68 (അധ്യായം മഗാസി, മക്കാ വിജയം)

11. മുതഹ്വര്‍ ബ്‌നു ത്വാഹിര്‍- അല്‍ബദ്ഉവത്താരീഖ് IV- 31‑,32

12. ദാരിമി, സുനന്‍, ആമുഖം 1/3,4, ഇബ്‌നു ജൗസി, വഫാഅ്, പേജ് 158

13. ബലാദുരി-അന്‍സാബ് 1/248

14. ഇബനു ഹിശാം, പേജ് 144, സുഹൈലി 1/146-7, ഇബ്‌നു ഹബീബ്-മുഹബ്ബര്‍, പേജ് 171,2

15. ഇബ്‌നു ഹിശാം, പേജ് 144,145

16. മസ്ഊദി-മുറൂജ് 1/133-5 (ഏകദൈവ വിശ്വാസികളുടെ ഒരു പട്ടിക തന്നെ അദ്ദേഹം ചേര്‍ക്കുന്നുണ്ട്), ബഗ്ദാദി-ഖിസാനഃ 1/263-8, ഇബ്‌നു സയ്യിദ് അന്നാസ്-ഉയൂന്‍ 1, 68-69, ഇബ്‌നു ഹിശാം- തീജാന്‍  പേജ് 115-118, ഇബ്‌നു കസീര്‍: ബിദായ II, 236-237

17. ബുഖാരി, 78-89, ചീ 3 (അധ്യായം, അദബ്)

18. 'ജബര്‍' (ഇബ്‌നു ഹിശാം, പേജ് 260). 'അദ്ദാസ്' (സുഹൈലി ക/123), ഇക്‌രിമയുടെ ഒരു ഗ്രീക്ക് അടിമ (ബലാദുരി I/744), ഒരു കോപ്റ്റിക് ക്രിസ്ത്യാനി, മിക്കവാറും അത് പ്രശസ്തനായ ബാഖൂം (ഇബ്‌നു ഹിശാം, പേജ് 122, സുഹൈലി I/130) ആകാം; മക്കക്കാരായ ക്രൈസ്തവരില്‍ ചിലര്‍.

19. ബലാദുരി, അന്‍സാബ് I/148. കഅ്ബ പുനര്‍നിര്‍മിക്കുന്ന കാലത്ത് മരണപ്പെട്ട സൈദുബ്‌നു അംറ് നുഫൈലിയും ആത്മീയമായ ഏകാന്തവാസം ഇഷ്ടപ്പെട്ടിരുന്ന ആളാണ്. ഈയാവശ്യാര്‍ഥം ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന അതേ മലയില്‍ ഇദ്ദേഹം ഒരു കൂടാരം കെട്ടാറുണ്ടായിരുന്നത്രെ.

20. Ibid, 191-2, ഇബ്‌നു ഹിശാം പേജ് 152

21. ഇബ്‌നു ഹിശാം പേജ് 151

22. ഖുര്‍ആന്‍ 96: 1-5

23. സമൂദിയുടെ അഭിപ്രായത്തില്‍ അത് യഅ്‌ലബ്‌നു ഉമയ്യ ആണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍