Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

സ്ത്രീയുടെ പദവി, അറിവിന്റെ ജനാധിപത്യവത്കരണം

കെ.ടി ഹുസൈന്‍

ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും-6

സ്ത്രീയുടെ അന്തസ്സും പദവിയും ഉയര്‍ത്തിയെന്നതാണ് ഇന്ത്യക്ക് ഇസ്‌ലാം നല്‍കിയ മറ്റൊരു പ്രധാന സംഭാവന. ഭര്‍തൃമതിയെ സംബന്ധിച്ചേടത്തോളം പതിയെ കണ്‍കണ്ട ദൈവം പോലെ സേവിച്ച് കഴിയുകയല്ലാതെ മറ്റൊരു ജീവിതം ഇന്ത്യന്‍ സ്ത്രീക്കുണ്ടായിരുന്നില്ല. ഭര്‍ത്താവ് മരിച്ചാലാകട്ടെ അയാളുടെ ചിതയില്‍ ചാടി ഭാര്യ ജീവിതം ഒടുക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. സതിയെന്ന പേരിലറിയപ്പെടുന്ന ക്രൂരവും സ്ത്രീവിരുദ്ധവുമായ ഒരാചാരം ലോകത്ത് മറ്റെവിടെയുമില്ലായിരുന്നു. വിവാഹമെന്ന കരാറിലൂടെ ഇണയും തുണയുമായുള്ള സഹകരണാടിസ്ഥാനത്തിലുള്ള മുസ്‌ലിം കുടുംബജീവിതം, ഭര്‍ത്താവിന്റെ അടിമപ്പണിയെടുക്കുന്ന ഇവിടത്തെ ചില കുടുംബ സംവിധാനങ്ങള്‍ക്ക് അത്ഭുതമായിരുന്നു. വിധവാ വിവാഹത്തിനും മുസ്‌ലിംകള്‍ക്കിടയില്‍ യാതൊരു തടസ്സവുമില്ലായിരുന്നു. സതി ഒരു മതാചാരമായതിനാല്‍ അത് നിരോധിക്കാന്‍ മുസ്‌ലിംഭരണാധികാരികള്‍ക്ക് കഴിയുമായിരുന്നില്ല. കാരണം ഇതര സമുദായങ്ങളുടെ മതജീവിതത്തില്‍ ഇടപെടുകയില്ല എന്നത് മുസ്‌ലിംഭരണകൂടങ്ങളുടെ നയമായിരുന്നു. പക്ഷേ ഈ ക്രൂരതക്കെതിരെ പൂര്‍ണമായും കണ്ണടക്കാനും അവര്‍ക്ക് കഴിയുമായിരുന്നില്ല. അതിനാല്‍ അതിന്റെ വ്യാപ്തി കുറക്കാന്‍ പല നടപടികളും അവര്‍ സ്വീകരിച്ചു. അതനുസരിച്ച്  സ്വമേധയായുള്ള സതി മാത്രമേ അവര്‍ അനുവദിച്ചിരുന്നുള്ളൂ. അതിനവര്‍ സീകരിച്ചിരുന്ന നടപടികളെ കുറിച്ചറിയാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഡോ. ബര്‍നിയറെ ഉദ്ധരിക്കാം:  ''ആപേക്ഷികമായി സതിയുടെ എണ്ണം കുറഞ്ഞു. കാരണം ഈ കാടന്‍ ആചാരം അവസാനിപ്പിക്കുന്നതിന് ഈ നാട് ഭരിച്ച മുസ്‌ലിംകള്‍ അങ്ങേയറ്റം ശ്രമിച്ചു. എന്നാല്‍ ഇത് തടയുന്നതിന് അവര്‍ യാതൊരു നിയമവും നിര്‍മിച്ചിരുന്നില്ല. കാരണം ഹിന്ദുക്കളുടെ മതകാര്യങ്ങളില്‍ ഇടപെടുക അവരുടെ ഭരണരീതിയായിരുന്നില്ല. മതപരമായ അനുഷ്ഠാനങ്ങളും  ആചാരങ്ങളും നടത്താന്‍ ഹിന്ദുക്കള്‍ക്ക് അവര്‍ അനുമതി നല്‍കി. തന്ത്രപരമായാണ് അവര്‍ സതി നിര്‍ത്താന്‍ ശ്രമിച്ചത്. പ്രവിശ്യാ ഭരണാധികാരിയുടെ സമ്മതത്തോടു കൂടി മാത്രമേ സതി നടത്താന്‍ പാടുണ്ടായിരുന്നുള്ളൂ. ഭരണാധികാരിയാകട്ടെ ഏതു നിലക്കും സതിയനുഷ്ഠിക്കുക എന്ന തീരുമാനത്തില്‍ സ്ത്രീ ഉറച്ചുനിന്നാല്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാല്‍ അവളെ കുടുംബത്തിലെ കുലീന സ്ത്രീകളോടൊപ്പം കഴിയാന്‍ വിടും. അവര്‍ അവളെ പ്രീണിപ്പിച്ച് തീരുമാനം മാറ്റാന്‍ ശ്രമിക്കും. ഇതെല്ലാം ഉണ്ടായിട്ടും സതി ധാരാളമായി ഉണ്ടായിരുന്നു. വിശേഷിച്ചും മുസ്‌ലിംകളുടെ നേരിട്ടുള്ള ഭരണത്തിലല്ലാത്ത പ്രഭുക്കന്മാരുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍''1

സംസ്‌കാര നാഗരികതകളുടെ നിര്‍മിതി മാത്രമല്ല,  അതിന്റെ വിതരണവും വലിയൊരു നാഗരിക ദൗത്യമാണ്. ഇതര നാഗരികതകളുടെ സംഭാവനകള്‍ പുറംലോകത്തിന് പരിചയപ്പെടുത്തിയും അതിലെ വൈജ്ഞാനിക-കലാ-സാഹിത്യ ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളില്‍ മൊഴിമാറ്റിയുമാണ് ഈ ദൗത്യം നിര്‍വഹിക്കപ്പെടുന്നത്. ഗ്രീക്ക് ചിന്തകളും തത്ത്വശാസ്ത്രവും അബ്ബാസി കാലഘട്ടത്തില്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതിലൂടെ   യൂറോപ്യന്‍ നാഗരികതക്കുണ്ടായ നേട്ടം ചില്ലറയല്ല. അറബികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ വിജ്ഞാനങ്ങളാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അടിത്തറ. നവോത്ഥാനത്തിന്റെ ഈ അറബി ബന്ധം പക്ഷേ അവര്‍ മറച്ചു വെച്ചതിനാല്‍ മോഷ്ടിക്കപ്പെട്ട വിജ്ഞാനത്തിന് പുറത്താണ് യൂറോപ്യന്‍ നാഗരികത പടുത്തുയര്‍ത്തിയിരിക്കുന്നത് എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഇതേ ദൗത്യം ഇന്ത്യന്‍ നാഗരികതയുടെ കാര്യത്തില്‍  മുസ്‌ലിംകളും നിര്‍വഹിച്ചിട്ടുണ്ട്. വളരെ ഉയര്‍ന്ന തത്ത്വചിന്തയും കലകളും ശാസ്ത്രങ്ങളുമൊക്കെ ഉള്ളതു തന്നെയാണ് ഇന്ത്യയുടെ പ്രാചീന നാഗരികത. പക്ഷേ ഇന്ത്യന്‍ നാഗരികതയുടെ പ്രശ്‌നം അവര്‍ തങ്ങളുടേതൊന്നും പുറത്തെത്തിക്കുകയോ പുറത്തുനിന്നൊന്നും സ്വീകരിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. പ്രത്യക്ഷത്തില്‍ സ്വയം സമ്പൂര്‍ണതയുടെ ലക്ഷണമായി ഇതിനെ ന്യായീകരിക്കാമെങ്കിലും ഏതൊരു നാഗരികതയുടെയും വളര്‍ച്ചയെയും വികാസത്തെയും തടയാന്‍ ഈ സമീപനം ഒന്നു  മാത്രം മതി. ആര്യമതത്തിന് തന്നെ ആ ഒരു പ്രത്യേകതയുണ്ട്. തങ്ങളുടെ മതത്തെ വംശീയമായി കണ്ടതിനാല്‍ ആ മതത്തെ അവര്‍ പുറത്ത് പ്രചരിപ്പിക്കുകയോ അതിലേക്ക് ആരെയെങ്കിലും പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നില്ല. വംശവിശുദ്ധി കളങ്കപ്പെടുമെന്ന ചിന്തയാണ് ഇതിനു പിറകിലെ ചേതോവികാരം.  വലിയ തത്ത്വചിന്തയും സാഹിത്യവുമുള്ള സംസ്‌കൃതം എന്തുകൊണ്ട് ജനകീയമായില്ല എന്നതിന് ഇതല്ലാതെ മറ്റൊരു കാരണവുമില്ല. കടല്‍ യാത്ര പോലും ജാതി ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ രാജ്യത്തെ കാര്‍ഷികോല്‍പന്നങ്ങള്‍ പോലും അവര്‍ സ്വന്തമായി പുറം ലോകത്ത് എത്തിച്ചില്ല. അവിടെനിന്ന്  ഒന്നും ഇറക്കുമതി ചെയ്തതുമില്ല. നെഹ്‌റു ചൂണ്ടിക്കാട്ടിയതുപോലെ, പുറംലോകത്തു നിന്നെല്ലാം ഒറ്റപ്പെട്ട് ഒരടഞ്ഞ സമൂഹമായിരുന്നു അത്. നാഗരികമായ ഈ സ്തംഭനാവസ്ഥയാണ് വലിയ സംസ്‌കാരത്തിന്റെ ഉടമകളായിട്ടും വിദേശാക്രമണകാരികളുടെ മുന്നില്‍ അത് വേഗത്തില്‍ തല കുനിക്കാന്‍ നിമിത്തമായത്. മുസ്‌ലിംകളാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഈ സാംസ്‌കാരിക ഈടുവെപ്പുകളെയും കാര്‍ഷിക വിഭവങ്ങളെയും പുറംലോകത്ത് എത്തിച്ചത്. മുസ്‌ലിംകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ വലിയൊരു സംഭാവനയായിരുന്നു ഇത്. അല്‍ബറൂനി, ഇബ്‌നു ഖുര്‍റദാദ് ബേ ഇദ്‌രീസി, അബ്ദുര്‍റസാഖ്, ഇബ്‌നു ബത്തുത്ത, ഇദ്‌രീസി, ബലാദുരി, മസ്ഊദി തുടങ്ങിയ ഭൂമിശാസ്ത്രകാരന്മാരും സഞ്ചാരികളും ഈ നാടിനെയും  ഈ നാട്ടിലെ ജനങ്ങളെയും സംസ്‌കാരത്തെയും  പുറംലോകത്തിന് പരിചയപ്പെടുത്തി. അല്‍ബറൂനിയുടെ കിതാബുല്‍ ഹിന്ദും അജാഇബുല്‍ ഹിന്ദും ഇന്ത്യയെ  കുറിച്ച് പുറം ലോകത്തിന് പഠിക്കാനുള്ള നല്ലൊരു റഫറന്‍സായിരുന്നു കുറേ കാലം. ഉപനിഷത്തുക്കളും ഇതിഹാസങ്ങളും പേര്‍ഷ്യനിലേക്കും അറബിയിലേക്കും പരിഭാഷപ്പെടുത്തി. ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം വന്ന  മാക്‌സ് മുള്ളറെ പോലുള്ള ഇന്തോളജിസ്റ്റുകളുടെ സേവനം വലിയ കാര്യമായി എടുത്തുപറയുകയും എന്നാല്‍ മുസ്‌ലിംകളുടെ ഈ സേവനം വിസ്മരിക്കുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ നമ്മുടെ ദുര്യോഗം. പടിഞ്ഞാറന്‍ തീരത്തെ കടല്‍മാര്‍ഗം തുറന്ന് നമ്മുടെ കാര്‍ഷിക വിഭവങ്ങള്‍ അലക്‌സാി്രയയിലും അവിടെ നിന്ന് യൂറോപ്യന്‍ മാര്‍ക്കറ്റിലും എത്തിച്ച അറബികളും തദ്ദേശീയരുമായ മുസ്‌ലിംകളുടെ സേവനം ആര്‍ക്കാണ് നിഷേധിക്കാനാവുക?

''വ്യത്യസ്ത ജീവിതരീതികളും പുതിയ പല ചിന്താഗതികളുമായി ഇന്ത്യയിലേക്ക് വന്ന വിവിധ ജനസമുദായങ്ങളും ഇസ്‌ലാമും ഇന്ത്യയുടെ വിശ്വാസത്തിലും സാമൂഹിക ഘടനയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിദേശാക്രമണം - അതിന് എത്ര തന്നെ ദോഷമുണ്ടായാലും - വലിയ പ്രയോജനവും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ചിന്തക്ക് അവ വികാസം ഉണ്ടാക്കുകയും സ്വയം കെട്ടിയ ഉപരോധം ഭേദിച്ച് പുറത്തുവരാന്‍ അത് അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങനെയാണ് തങ്ങള്‍ ഇതുവരെ സങ്കല്‍പിക്കുകയും വിശ്വസിക്കുകയും ചെയ്തതിനേക്കാളെല്ലാം വിശാലവും വ്യത്യസ്തവുമാണ് ലോകം എന്ന് ഇന്ത്യക്കാര്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. അഫ്ഗാന്‍ ആക്രമണം ഇപ്രകാരം ഇന്ത്യയില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. തന്മൂലം ഇന്ത്യക്കാരുടെ ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും പ്രത്യക്ഷമാവുകയും ചെയ്തു. മുഗളര്‍ ഇന്ത്യയില്‍ വന്നതിനു ശേഷമാണ് ഈ മാറ്റത്തിന്റെ ആഴവും ഗതിവേഗവും വര്‍ധിച്ചത്. കാരണം അഫ്ഗാനികളേക്കാള്‍ സംസ്‌കാരസമ്പന്നരും പുരോഗതി പ്രാപിച്ചവരുമായിരുന്നു അവര്‍. ഇറാനികളുടെ സവിശേഷമായ സൗന്ദര്യബോധം ഇന്ത്യയില്‍ പ്രചരിപ്പിച്ചത് അവരാണ്.''2

മുഗളര്‍ ഇന്ത്യയില്‍ വരുമ്പോള്‍ നമ്മുടെ നാടിന്റെ നാഗരിക ദാരിദ്ര്യം ബാബറിന്റെ ഓര്‍മക്കുറിപ്പില്‍നിന്ന് ഇങ്ങനെ വായിച്ചെടുക്കാം. ''മുന്തിയ  കുതിരയില്ല. മുന്തിരിയോ വത്തക്കയോ നല്ല ഫലങ്ങളോ ഇല്ല. ഐസ് കാണാന്‍ പ്രയാസം. തണുത്ത വെള്ളം അപൂര്‍വമായി ലഭിക്കും. കുളിപ്പുര ഇല്ല തന്നെ. ഇന്ത്യക്കാര്‍ക്ക് സ്‌കൂളുകള്‍ അറിഞ്ഞുകൂടാ. മെഴുകുതിരിയും കുപ്പി വിളക്കും റാന്തലും അപരിചിതമാണ്. പകരം അവര്‍ ഉപയോഗിക്കുന്നത് മൂന്ന് കാലുള്ള ഒരു മരക്കഷ്ണമാണ്. ഒരു കാലില്‍ ഇരുമ്പു കഷ്ണം ഘടിപ്പിച്ചിട്ടുണ്ടാകും. രണ്ടാമത്തെ കാലില്‍ നേരിയ ഒരു തിരിയും. വലെത്ത കൈയില്‍ ചിരങ്ങയുടെ തോടും. അതിലെ ചെറിയ ദ്വാരത്തിലൂടെ തിരിയിലേക്ക് എണ്ണ കിനിയും. ഈ വിളക്കാണ് രാത്രിയില്‍ രാജാക്കന്മാരും പ്രഭുക്കന്മാരും ഉപയോഗിച്ചിരുന്നത്. തോട്ടങ്ങളോ കെട്ടിടങ്ങളോ കുത്തിപ്പായുന്ന ഉറവിടങ്ങളോ ജലധാരയോ ഇല്ല. കെട്ടിടങ്ങള്‍ക്കു വൃത്തിയും ചേര്‍ച്ചയുമില്ല. ജനങ്ങള്‍ അധികവും കാല്‍നടയായാണ് സഞ്ചരിക്കുക. പാദങ്ങളില്‍ കീറിയ തുണിക്കഷ്ണങ്ങള്‍ വെച്ച് കെട്ടിയിട്ടുണ്ടാകും.  സ്ത്രീകള്‍ തുണിയുടുത്ത് അതിന്റെ തന്നെ തലപ്പ്  തലയില്‍ ചുറ്റും.''3

അതിനാല്‍ മുസ്‌ലിം ഭരണാധികാരികള്‍ ഇവിടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. റോഡുകളും സത്രങ്ങളും സ്‌കൂളുകളും ആശുപത്രികളും അഗതി മന്ദിരങ്ങളും പാര്‍ക്കുകളും   സ്ഥാപിച്ചു. പലതരം വിളകളും ചെടികളും മരങ്ങളും വെച്ചു പിടിപ്പിച്ച് കാര്‍ഷിക അഭിവൃദ്ധിയുണ്ടാക്കി. പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ മുഹമ്മദുബ്‌നു തുഗ്ലക്ക്, ഷേര്‍ഷാ സൂരി, അക്ബര്‍, ഷാജഹാന്‍, ഔറംഗസീബ്, മുഹമ്മദ് ഷാ ഗുജറാത്തി, മഹ്മൂദ് ഗവാന്‍, ടിപ്പു സുല്‍ത്താന്‍ എന്നിവര്‍ മുന്നിട്ടുനിന്നു. കേവലം അഞ്ച് വര്‍ഷം കൊണ്ട് അമ്പത് വര്‍ഷത്തെ പരിഷ്‌കരണം ഇന്ത്യയില്‍ നടപ്പാക്കിയ മുസ്‌ലിം ഭരണാധികാരിയാണ് സൂരി വംശത്തിലെ ഷേര്‍ഷാ സൂരി. 

ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ദീര്‍ഘ റോഡുകള്‍ നാട്ടിലുടനീളം സ്ഥാപിച്ചത് മുസ്‌ലിം ഭരണാധികാരികളാണ്. ബംഗാളിലെ അറ്റമായ സനാര്‍ക്കാവില്‍നിന്ന് സിന്ധിലെ നീലാബുവരെയുള്ള വലിയ റോഡാണ് ഇതില്‍ പ്രസിദ്ധമായത്. ഈ റോഡിന് 4832 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. റോഡ് നിര്‍മാണത്തില്‍ ഷേര്‍ഷാ സൂരിയുടെയും ടിപ്പു സുല്‍ത്താന്റെയും പേര് ഇന്ത്യ ചരിത്രത്തില്‍ അനശ്വരമാണ.് ഇന്നും ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള പ്രധാന വാണിജ്യ പാതയായ പെഷവാറിനും കൊല്‍ക്കത്തക്കുമിടയിലുള്ള ഗ്രാന്റ് ട്രങ്ക് റോഡ്, ഷേര്‍ഷായുടെ സംഭാവനയാണ്. മലബാറിലെ എല്ലാ പ്രധാന റോഡുകള്‍ക്കും ടിപ്പു സുല്‍ത്താന്റെ കൈയൊപ്പുണ്ട്.

മുസ്‌ലിംകളുടെ നാഗരിക സംഭാവനകളെ കുറിച്ച അല്ലാമാ നദ്‌വിയുടെ നിരീക്ഷണം ഇങ്ങനെ വായിക്കാം: ''വൃത്തി, മോടി, ഭക്ഷണം, വസ്ത്രം, വീട്, സാമൂഹിക സംഗമങ്ങള്‍ എന്നിവയിലെല്ലാം മുസ്‌ലിംകളുടെ ബുദ്ധിവൈഭവം തെളിഞ്ഞുകണ്ടിരുന്നു. ആരോഗ്യ സംരക്ഷണത്തിന്  വായു സഞ്ചാരമുള്ള  വീടൊരുക്കുക, വീടുകളില്‍ വിളക്കുപയോഗിക്കുക, മോടിയുള്ള പാത്രങ്ങള്‍ എന്നിവയിലെല്ലാം അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ത്യക്കാര്‍ ഇലകളിലാണ് ഭക്ഷിച്ചിരുന്നത്. ഇന്ന് ഏറക്കുറെ ആ സമ്പ്രദായം അവര്‍ നിലനിര്‍ത്തുന്നു. സാമൂഹികരംഗത്തും ഗാര്‍ഹിക ജീവിതത്തിലും വീട്ടുപകരണങ്ങളുടെ കാര്യത്തിലും മുസ്‌ലിംകള്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു.''4 യൂനാനി വൈദ്യം എന്ന വൈദ്യശാസ്ത്ര ശാഖ ഇന്ത്യയില്‍ കൊണ്ടുവന്നതും ലോകത്തിന് പരിചയപ്പെടുത്തിയതും മുസ്‌ലിംകളാണ്.

അറിവിന്റെ ജനാധിപത്യവല്‍ക്കരണമാണ് ഇന്ത്യക്ക് മുസ്‌ലിംകള്‍ നല്‍കിയ ഏറ്റവും വലിയ മറ്റൊരു സംഭാവന. ഗുരുകുല വിദ്യാഭ്യാസം മാത്രമായിരുന്നു അറിവിന്റെ പ്രസരണത്തിന് അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഏക സമ്പ്രദായം. ഗുരുവിന്റെ വീട്ടില്‍ നടക്കുന്ന ഏകാധ്യാപക വിദ്യാലയത്തിനാണ് ഗുരുകുലം എന്ന് പറയുന്നത്. അതിലാകട്ടെ ഉന്നത കുലജാതര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. എന്നാല്‍ മുസ്‌ലിം ഭരണാധികാരികള്‍ പ്രധാന നഗരങ്ങളിലെല്ലാം നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസകള്‍ സ്ഥാപിച്ചു. സുല്‍ത്താന്മാരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം ഈ മദ്‌റസകളുടെ സ്ഥാപനത്തിനും നടത്തിപ്പിനുമെല്ലാം   ഏക്കര്‍ കണക്കിന് കൃഷിഭൂമികളും തോട്ടങ്ങളുമാണ് വഖ്ഫ് ചെയ്തത്. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്ത് ജീവിച്ച പണ്ഡിതന്മാരുടെ സേവനത്തെയും അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് ഗവേഷണം നടത്തിയ പണ്ഡിതന്‍ അബ്ദുല്‍ ഹയ്യുല്‍ ഹസനി തന്റെ ജന്നത്തുല്‍ മശ്‌രിഖ് എന്ന ഗ്രന്ഥത്തില്‍ അക്കാലത്ത്  ഉന്നത നിലവാരത്തില്‍ നടന്നിരുന്ന 103 മദ്‌റസകളെ കുറിച്ച് വിവരിക്കുന്നുണ്ട്. അതില്‍ രാജകുടുംബത്തിലെ ചില സ്ത്രീകളുടെ ധനസഹായത്താല്‍ നടന്നിരുന്ന വനിതാ മദ്‌റസകളും ഉണ്ടായിരുന്നു.

മുസ്‌ലിംകള്‍ എവിടെയായാലും അവരുടെ നാഗരിക സംഭാവന തെളിഞ്ഞുകണ്ടത് വന്‍ നഗരങ്ങളുടെ നിര്‍മാണത്തിലാണ്. ബഗ്ദാദ്, ദമസ്‌കസ്, ഖൈറവാന്‍, കൊര്‍ദോവ തുടങ്ങിയ മധ്യകാലത്തെ ലോകപ്രശസ്ത നഗരങ്ങള്‍ സംഭാവന ചെയ്തത് മുസ്‌ലിംകളാണല്ലോ. ഇന്ത്യയിലും ഈ രംഗത്ത് മികച്ച  കൈയൊപ്പ് ചാര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു. ദല്‍ഹി, ആഗ്ര, ഫത്ഹ്പൂര്‍ സിക്രി, ലാഹോര്‍, അഹ്മദാബാദ്, ഇലാഹാബാദ്, ജോണ്‍പൂര്‍, ഹൈദരാബാദ്  തുടങ്ങിയ നഗരങ്ങള്‍ നിര്‍മിച്ചതോ അവയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയതോ മുസ്‌ലിംകളാണ്. ഇതില്‍ അഹ്മദാബാദ് നഗരം നിര്‍മിച്ചത് ഗുജറാത്തിലെ സ്വതന്ത്ര മുസ്‌ലിം രാജവംശത്തിലെ മുഹമ്മദ് ഷാ ഗുജറാത്തിയും ആഗ്ര നിര്‍മിച്ചത് ലോധികളും ഫത്ഹ്പൂര്‍ സിക്രി അക്ബറും ഹൈദരാബാദ് സുല്‍ത്താന്‍ ഖുലി ഖുത്വ്ബ് ഷായുമാണ്. ദല്‍ഹി, ലാഹോര്‍ നഗരങ്ങളെ ലോകപ്രശസ്തമാക്കിയത് മുഗള്‍ ചക്രവര്‍ത്തിമാരായ ഷാജഹാനും ഔറംഗസീബുമാണ.് ഈ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മുസ്‌ലിം സൗന്ദര്യബോധത്തിന്റെ മകുടോദാഹരണമായ വാസ്തുവിദ്യയും അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നഗരനിര്‍മാണത്തിലും നഗര ഭിത്തികള്‍ കെട്ടുന്നതിലും കോട്ട നിര്‍മാണത്തിലും പള്ളി, ശവകുടീരം എന്നിവ നിര്‍മിക്കുന്നതിലുമെല്ലാം ഈ വാസ്തു വിദ്യയാണ് അവര്‍ പ്രയോജനപ്പെടുത്തിയത്. നെഹ്‌റു നിരീക്ഷിച്ചതുപോലെ, ഇറാനിയന്‍ സൗന്ദര്യബോധമാണ് അതില്‍ തെളിഞ്ഞുകാണുന്നതെങ്കിലും ഇസ്‌ലാമിന്റെ തൗഹീദ് സങ്കല്‍പം അവയില്‍ അന്തര്‍ലീനമാണ്. കാരണം ഈ രാജ്യത്തിന്റെ വാസ്തുവിദ്യയുടെ പ്രധാന മേച്ചില്‍പുറം തന്നെ പ്രതിമനിര്‍മാണമായിരുന്നു. മനുഷ്യന്റെയും ജീവികളുടെയും മാത്രമല്ല സ്ത്രീ-പുരുഷന്മാരുടെ ലൈംഗികാവയവങ്ങളുടെ വരെ ശില്‍പങ്ങള്‍ അടങ്ങിയതാണ് ഇന്ത്യന്‍ വാസ്തുവിദ്യ. ഖജുരാവോയിലെയും എല്ലോറയിലെയും രതിശില്‍പങ്ങള്‍ പ്രസിദ്ധമാണല്ലോ. എന്നാല്‍, മുസ്‌ലിം വാസ്തുവിദ്യയെ ഇത് തെല്ലും സ്വാധീനിക്കാതിരുന്നത് ഏകദൈവത്വത്തിലുള്ള അവരുടെ ഉറച്ച നിലപാട് കൊണ്ടായിരുന്നു. മുസ്‌ലിംകള്‍ നിര്‍മിച്ച ശവകൂടീരങ്ങളില്‍ പോലും ബഹുദൈവത്വ അടയാളങ്ങള്‍ കാണാനാവില്ലെന്നതാണ് വസ്തുത. ആര്‍ച്ചുകളും ഖുബ്ബകളും മിനാരങ്ങളും അറബെസ്‌ക്കുകളുമാണ് മുസ്‌ലിം ശില്‍പവിദ്യയുടെ പ്രധാന ഉള്ളടക്കം. ഈ ശില്‍പവിദ്യ എത്രത്തോളം ഇന്ത്യയെ സ്വാധീനിച്ചുവെന്നത് ആധുനിക ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളും ക്ഷേത്രങ്ങളും വരെ ഈ ശില്‍പ വിദ്യയെ അനുകരിക്കുന്നുവെന്നതില്‍നിന്ന് മനസ്സിലാക്കാം. ഉദാഹരണമായി, ദല്‍ഹിയിലെ അക്ഷര്‍ധാം അടുത്ത കാലത്ത് നിര്‍മിക്കപ്പെട്ട ഒരു ക്ഷേത്രമാണ്. ദൂരെനിന്ന് നോക്കുന്ന ആര്‍ക്കും ചാരനിറത്തിലുള്ള താജ്മഹലായേ അത്  തോന്നൂ. അത്രക്ക് സാമ്യതയുണ്ട് അതിന് താജുമായി. രാഷ്ട്രപതിഭവന്റെയും സുപ്രീം കോടതിയുടെയുമെല്ലാം നിര്‍മാണത്തില്‍ മുസ്‌ലിംകള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന പേര്‍ഷ്യന്‍ വാസ്തുവിദ്യയുടെ സ്വാധീനമുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ കാര്യത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനെ വെല്ലുന്ന മറ്റൊരു ഭരണാധികാരി ഇന്ത്യക്കുണ്ടായിട്ടില്ല. സൗന്ദര്യാരാധകനായ ഈ ഭരണാധികാരിയുടെ സംഭാവനയാണ് താജ്മഹലും ചെങ്കോട്ടയും ജുമാ മസ്ജിദുമെല്ലാം. ഇന്ത്യന്‍ മുസ്‌ലിംകളെ ഈ മണ്ണില്‍നിന്ന് ആര്‍ക്കും പറിച്ചെറിയാന്‍ കഴിയാത്തവിധം അവരുടെ പാരമ്പര്യത്തിന്റെ മുദ്രയായി അവ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഖുത്വ്ബ് മിനാറും ചാര്‍മിനാറും ആഗ്ര കോട്ടയും ഗോള്‍ക്കൊണ്ടയും ബുല്‍ബുലയ്യയും ഹുമയൂന്‍ ടോംബും പുരാന ഖിലയും  ഇമാം ബാഡയുമെല്ലാം ഒട്ടും അപ്രധാനമല്ലാത്ത അവരുടെ മഹിത പാരമ്പര്യത്തിന്റെ മുദ്രകള്‍ തന്നെ. ഇവയൊന്നും പലരും ഉപരിപ്ലവമായി മനസ്സിലാക്കുന്നതുപോലെ ധൂര്‍ത്തിന്റെയോ ദുര്‍വ്യയത്തിന്റെയോ സ്മാരകങ്ങളല്ല. മറിച്ച് ഇന്ത്യയിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ  മഹത്തായ ഈടുവെപ്പും സമുദായമെന്ന നിലയിലുള്ള അവരുടെ  വര്‍ത്തമാനകാല നിലനില്‍പിന്റെ ഗ്യാരണ്ടിയുമാണ്. 

(അവസാനിച്ചു)

റഫറന്‍സ് 

1. ഡോ. ബര്‍ണിയറുടെ യാത്ര, ഭാഗം 2, പേജ് 173

2. Jawaharlal Nehru, Discovery of India, Part1, Page 511

3. ബാബര്‍-തസൂഖ് ബാബരി. ഉദ്ധരണം: നദ്‌വി-അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ്  പേജ് 232

4. നദ്‌വി -അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ്  പേജ് 26

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍