Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

നമുക്ക് തണലേകാന്‍ വെയില്‍ കൊണ്ടവര്‍

ബഷീര്‍ തൃപ്പനച്ചി

ഇസ്‌ലാമിക പ്രസ്ഥാനത്തെ കേരളത്തില്‍ നട്ടുപിടിപ്പിക്കാന്‍ മുന്നില്‍ നടന്ന പ്രഗത്ഭരായ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകമാണ് 'ഇസ്‌ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങള്‍'. സംസ്ഥാനതലം മുതല്‍ ജില്ലാ-ഏരിയാ-പ്രാദേശിക തലങ്ങളില്‍ വരെ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി വിടപറഞ്ഞ 181 പേരുടെ ജീവചരിത്രമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ജീവിതം കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ കേരളത്തില്‍ അടയാളപ്പെടുത്തിയ മുന്‍ഗാമികളുടെ ഈ ജീവിതാനുഭവങ്ങള്‍ പുതുതലമുറക്കുള്ള ഊര്‍ജ സംഭരണിയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തെയും അത് സമൂഹത്തില്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന മൂല്യങ്ങളെയും കുറിച്ചറിയാനുള്ള ഏറ്റവും മികച്ച പാഠപുസ്തകങ്ങളാണ് 181 പേരും. ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സമ്പൂര്‍ണ ചരിത്ര രചനക്ക് ഈ പുസ്തകമൊരു മികച്ച റഫറന്‍സായിരിക്കും.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യതലമുറ ഇന്നില്ല. ആദ്യ തലമുറക്കൊപ്പം പ്രസ്ഥാന ജീവിതമാരംഭിച്ച രണ്ടാം തലമുറയിലെ പ്രമുഖരും വിടവാങ്ങി. അപൂര്‍വം ചിലര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. അവര്‍ കൂടി കണ്ണടച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാന ചരിത്രത്തിന്റ ഒരു ഘട്ടമാവും അവസാനിക്കുക. ഏതൊരു നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആദ്യഘട്ടം ത്യാഗപരീക്ഷണങ്ങളുടേതായിരിക്കും. അവരനുഭവിച്ച പ്രതിസന്ധികളും ജീവിത പരീക്ഷണങ്ങളും അതേ സാന്ദ്രതയില്‍ പിന്നീട് വരുന്നവര്‍ നേരിടേണ്ടിവരില്ല. മൂന്ന് തലമുറകളുടെ ജീവചരിത്രം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാജി സാഹിബിനൊപ്പം പ്രസ്ഥാന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ആദ്യതലമുറയിലെ ഒട്ടേറെ പേരുടെ ജീവിതം വായിക്കുമ്പോഴാണ് ത്യാഗം എന്ന വാക്കിന്റെ യഥാര്‍ഥ അര്‍ഥം നാം അറിയുക. പുസ്തകത്തിന്റെ ശ്രദ്ധേയ ഉള്ളടക്കം ആദ്യ തലമുറയെക്കുറിച്ചുള്ള വിശദമായ ഈ ചരിത്രമാണ്. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും പലരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ശേഷം തയാറാക്കിയതാണ് പുസ്തകത്തിന്റെ ഈ ഭാഗം. ജീവിച്ചിരിക്കുന്ന ചില മുതിര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തകരുടെ ഓര്‍മകള്‍ പുസ്തകത്തിന്റെ എഡിറ്റര്‍ പാലാഴി മുഹമ്മദ് കോയയും സഹപ്രവര്‍ത്തകരും ചേര്‍ത്തുവെച്ചാണ് കുറിപ്പുകളായി തയാറാക്കിയിരിക്കുന്നത്. പ്രബോധനമടക്കമുള്ള പ്രസ്ഥാന പ്രസിദ്ധീകരണങ്ങളിലോ മറ്റോ ഈ തലമുറയെക്കുറിച്ച് ഒരു കുറിപ്പും രേഖപ്പെടുത്തിയിരുന്നില്ല. മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ പോലും ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന രീതി അന്നുായിരുന്നില്ല. അത്തരത്തില്‍ യാതൊരു ചരിത്രവും രേഖപ്പെടുത്താതെ വിട പറഞ്ഞ ഒട്ടേറെ ആദ്യകാല പ്രവര്‍ത്തകരുടെ ചരിത്രം വിശദമായി തന്നെ ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കെ.ടി അബ്ദുര്‍റഹീം, സി.ടി സാദിഖ് മൗലവി, അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയ രണ്ടാം തലമുറയുടെയും സൗദ പടന്ന വരെ ഉള്‍ക്കൊള്ളുന്ന അടുത്ത തലമുറയുടെയും ചരിത്രമാണ് തുടര്‍ന്ന് വരുന്നത്. പ്രബോധനത്തിലെ അനുസ്മരണ കുറിപ്പുകള്‍ അവലംബമായി സ്വീകരിച്ച് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും കുടുംബ വിവരങ്ങളും ചേര്‍ത്ത് വികസിപ്പിച്ചതാണ് ഈ എഴുത്തുകള്‍. നേരത്തേ പ്രസ്ഥാനത്തിന്റെ പ്രഥമ നിരയില്‍ നടന്ന ആദ്യതലമുറയിലെ പ്രമുഖരായ പതിനേഴ് നേതാക്കളെ സംബന്ധിച്ച് 'മുന്നില്‍ നടന്നവര്‍' എന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ പുസ്തകം ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ഈ പുസ്തകത്തെ വിലയിരുത്താം. സംസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രാദേശിക തലത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുത്തവരുടെ ചരിത്രവും അടയാളപ്പെടുത്തപ്പെടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ഇതില്‍ രേഖപ്പെടുത്തപ്പെട്ട ഓരോ പ്രാദേശിക നേതാവും ആ നാട്ടിലെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദീനീ സംരംഭങ്ങളുടെയും തുടക്കക്കാര്‍ കൂടിയാണ്. അതിനാല്‍ ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ, ദീനീ വളര്‍ച്ചയുടെ ചരിത്രം കൂടി പുസ്തകത്തില്‍ വായിക്കാം. 181 പേരില്‍ ഒതുങ്ങുന്നതല്ല കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രം. പുസ്തകത്തിന്റെ എഡിറ്റര്‍ ആമുഖത്തില്‍ അത് പറയുന്നുമുണ്ട്. തങ്ങളുടെ പരിമിതികള്‍ക്കകത്തുള്ള അന്വേഷണങ്ങളില്‍ ലഭ്യമായവരുടെ ജീവചരിത്രക്കുറിപ്പുകള്‍ മാത്രമാണ് രേഖപ്പെടുത്താന്‍ സാധിച്ചതെന്നും ഇതിലുള്‍പ്പെടേണ്ട ഒട്ടേറെ പ്രമുഖര്‍ ഇനിയുമുണ്ടെന്നും പ്രസാധന കുറിപ്പില്‍ പറയുന്നുണ്ട്. അങ്ങനെ അടയാളപ്പെടുത്തപ്പെടേണ്ട വ്യക്തികളുടെ ജീവിതചരിത്രം കൂടി ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ രണ്ടാം ഭാഗം തയാറാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ നാട്ടിടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം എങ്ങനെയാണ് കടന്നുവന്നതെന്ന് പുതുതലമുറക്ക് അറിയാനുള്ള ഈ ശ്രമത്തില്‍ പങ്കുചേരാന്‍ ജീവിച്ചിരിക്കുന്ന പഴയ തലമുറ മുന്‍കൈയെടുക്കുമെന്ന് പ്രത്യാശിക്കാം. പുസ്തകത്തിന്റെ എഡിറ്റര്‍ പാലാഴി മുഹമ്മദ് കോയയാണ് ഈ സംരംഭത്തിന്  നേതൃത്വം നല്‍കുന്നത്. ഫോണ്‍: 949708046

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍