Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

ശരീഅത്തിനെക്കുറിച്ച സ്ത്രീപക്ഷ ചിന്തകള്‍

ബീവു കൊടുങ്ങല്ലൂര്‍

മുത്ത്വലാഖ്, ബഹുഭാര്യത്വം, ചടങ്ങു കല്യാണം എന്നിവ നിയമവിരുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ പശ്ചാത്തലത്തില്‍ ചില വസ്തുതകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. മുസ്‌ലിം സ്ത്രീ നിരന്തരം അനീതിക്കിരയാകുന്നുവെന്നും ശരീഅത്ത് നിയമത്തിനു പകരം ഏക സിവില്‍കോഡ് പ്രാബല്യത്തില്‍ വരുത്തിയാല്‍ അവള്‍ രക്ഷപ്പെടും എന്നുമാണല്ലോ വാദം. ഇങ്ങനെയുള്ള ഏക സിവില്‍കോഡിനോട് എന്തുകൊണ്ട് മുസ്‌ലിം സ്ത്രീ പുറംതിരിഞ്ഞ് നില്‍ക്കുന്നു?

യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം വളരെ എളുപ്പമാകുമ്പോള്‍ തന്നെ വിവാഹമോചനം പുരുഷനെ സംബന്ധിച്ചേടത്തോളം അതീവ സങ്കീര്‍ണമാണ്. ഖാദിമാരെ ഉള്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മുസ്‌ലിം വ്യക്തിനിയമം (ആഗ്ലോ മുഹമ്മദന്‍സ് ലോ) യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്തല്ല. ഇസ്‌ലാമിലെ മറ്റെല്ലാ നിയമങ്ങളെയും പോലെ തന്നെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയാല്‍ എങ്ങനെ ഒരു നല്ല നിയമത്തെ വികൃതമാക്കാം എന്നതിനുള്ള സാക്ഷ്യപത്രമായി അത് നിലനില്‍ക്കുന്നു. ഇസ്‌ലാം പടിക്കു പുറത്തുനിര്‍ത്തിയിരുന്ന പൗരോഹിത്യം അതിനു ചൂട്ടുകത്തിച്ചു കാവല്‍ നിന്നു. ശരിയായ രീതിയില്‍ നടപ്പിലാക്കിയാല്‍ പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഒരു വ്യക്തിനിയമവും ഇതിനോട് കിടപിടിക്കാന്‍ ഉണ്ടാകില്ല.

ഇസ്‌ലാമിക വീക്ഷണത്തില്‍ വിവാഹം കെട്ടുറപ്പുള്ള ഉടമ്പടിയാണ്. അതുപ്രകാരം പുരുഷന്‍ സ്ത്രീക്ക് അവള്‍ ആവശ്യപ്പെടുന്ന ധനമോ വീടോ സ്വത്തുവകകളോ എന്തുമായിക്കൊള്ളട്ടെ മഹ്ര്‍ ആയി നല്‍കിയിട്ടു വേണം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ (എട്ടോ പത്തോ വര്‍ഷം ജോലി ചെയ്യുന്നതിനുള്ള കൂലിയാണ് മൂസാ നബിയോട് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതൊരു ചെറിയ തുകയല്ലെന്ന് മനസ്സിലാക്കാം). ത്വലാഖിനു ശേഷവും ഈ മഹ്ര്‍ അവള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.  ''അത് സ്വത്തിന്റെ ഒരു കൂമ്പാരമായാലും'' (ഖുര്‍ആന്‍ 4:20). അറബ് രാജ്യങ്ങളില്‍ ഇന്നും വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ രീതി പക്ഷേ, ഇന്ത്യയില്‍ പേരിനു മാത്രമേയുള്ളൂ എന്നതാണ് പ്രശ്‌നം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുത്ത്വലാഖ് സമ്പ്രദായം അനിസ്‌ലാമികമാണ്. ഇസ്‌ലാമിലെ ത്വലാഖ് അനുരജ്ഞനത്തിന്റെ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.  അനുരജ്ഞനത്തിനുള്ള അവസാന ശ്രമവും വിജയിക്കാതെ വന്നാല്‍ മാത്രം അനുവദിച്ചിട്ടുള്ളതാണ്, ദൈവം ഏറെ വെറുക്കുന്നുവെന്ന് പ്രവാചകന്‍ പഠിപ്പിച്ച ത്വലാഖ്. ഇതിനു സമാനമായി സ്ത്രീകള്‍ക്ക് 'ഖുല്‍അ്' എന്ന രീതി അനുസരിച്ചും വിവാഹമോചിതയാകാം.

ഇസ്‌ലാമിക ശരീഅത്ത് പ്രകാരം (നിലവിലുള്ള മുസ്‌ലിം പേഴ്‌സണല്‍ ലോ അല്ല) വിവാഹമോചനം നടത്തിയാല്‍ സ്ത്രീ അല്ല പുരുഷനാണ് പീഡിപ്പിക്കപ്പെടുന്നതെന്ന് കാണാം. അവള്‍ക്ക് മതിയായ ജീവനാംശം (മതാഅ്) നല്‍കണം. വിവാഹ വേളയില്‍ അവള്‍ക്കു ലഭിച്ച മഹ്ര്‍  തിരിച്ചു വാങ്ങാന്‍ പാടുള്ളതല്ല (ഖുര്‍ആന്‍ 4:20). അതുകൂടാതെ അവരുടെ ദാമ്പത്യ ജീവിതത്തിനിടയില്‍ എന്തെല്ലാം അവള്‍ക്ക് നല്‍കിയിട്ടുണ്ടോ അതൊന്നും തിരിച്ചുവാങ്ങാന്‍ പാടുള്ളതല്ല. കുട്ടികളുടെ സംരക്ഷണ ചെലവ് വഹിക്കേണ്ടത് പൂര്‍ണമായും പുരുഷനാണ്. മൂന്ന് ത്വലാഖും ചൊല്ലി പിരിഞ്ഞതിനു ശേഷം പിന്നെ അവളെ ഭാര്യയായി സ്വീകരിക്കണമെങ്കില്‍ അവള്‍ മറ്റൊരു പുരുഷനെ സ്വാഭാവികമായി വിവാഹം ചെയ്ത് അയാള്‍ക്കൊപ്പം ജീവിച്ച് ഒരു നിലക്കും ബന്ധം തുടരാന്‍ പറ്റാത്ത അവസ്ഥയില്‍ വിവാഹമോചിതയായെങ്കില്‍ മാത്രമേ പാടുള്ളൂ. അതല്ലാതെ, അധമവും കിരാതവുമായ ചടങ്ങു കല്യാണം ഇസ്‌ലാമിന് അന്യമാണ്. ശരീഅത്ത് വിരുദ്ധമാണത്. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് അറബികളില്‍ നിലനിന്നിരുന്ന കടുത്ത ഒരു സാമൂഹിക ദുരാചാരത്തെ ഇല്ലാതാക്കുകയാണ് ഇസ്‌ലാം ഈ നിര്‍ദേശം വഴി ചെയ്യുന്നത്. ഭാര്യയെ എത്ര തവണ ത്വലാഖ് ചൊല്ലാനും ജാഹിലീ അറബികള്‍ക്ക് മടിയുണ്ടായിരുന്നില്ല. അതിനാല്‍ ഇഷ്ടം ഇല്ലാത്ത ഭാര്യയെ നിരന്തരം വിവാഹമോചനം നടത്തിയും തിരിച്ചെടുത്തും വിഷമിപ്പിക്കുന്ന സമ്പ്രദായം അക്കാലത്ത് സര്‍വ സാധാരണമായിരുന്നു. തദ്ഫലമായി സ്ത്രീകള്‍ക്ക് തങ്ങളെ ഒഴിവാക്കുന്ന ഭര്‍ത്താക്കന്മാരില്‍നിന്നും മോചനം നേടാനോ പുതിയ ബന്ധത്തില്‍ ഏര്‍പ്പെടാനോ സാധിച്ചിരുന്നില്ല. ഈ കിരാത വൃത്തിയുടെ കവാടം കൊട്ടിയടക്കുകയാണ് ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. മൂന്നാമതും ത്വലാഖ് നടത്തുന്നവര്‍ക്ക് ഭാര്യയെ തിരിച്ചെടുക്കാനുള്ള അവകാശം അത് നിഷേധിച്ചു. അതിനാല്‍ തന്റെ ഭാര്യ ശാശ്വതമായി നഷ്ടപ്പെടുമെന്നുറപ്പിച്ചുകൊണ്ട് മാത്രമേ ഭര്‍ത്താവ് ഇത്തരം സാഹസത്തിന് മുതിരുകയുള്ളൂ. ഇങ്ങനെയൊക്കെയാണ് ഇസ്‌ലാം ത്വലാഖ് സങ്കര്‍ണമാക്കി, പുരുഷസൗഹൃദമല്ലാതാക്കുന്നത്. ഇത്രയും നഷ്ടങ്ങള്‍ തനിക്ക് വരുത്തിവെച്ച് ഒരു പുരുഷന്‍ ത്വലാഖ് ചൊല്ലാന്‍ രണ്ടു വട്ടം അല്ല പല വട്ടം ആലോചിക്കും. എന്നാല്‍, അവളെ സ്പര്‍ശിക്കുന്നതിനു മുമ്പ് ത്വലാഖ് ചൊല്ലുന്നുവെങ്കില്‍ മഹ്‌റിന്റെ കാര്യത്തില്‍ അയാള്‍ക്ക് ബാധ്യതയില്ല. അപ്പോഴും ഖുര്‍ആന്‍ സ്ത്രീയുടെ പക്ഷത്തേക്ക് ചായുന്നതു കാണാം: ''സ്ത്രീകളെ സ്പര്‍ശിക്കുകയോ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങള്‍ അവരെ മൊഴി ചൊല്ലുന്നുവെങ്കില്‍ മഹ്‌റിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ബാധ്യതയില്ല. എന്നാല്‍, അവര്‍ക്ക് അനുഭവിക്കാന്‍ നിങ്ങള്‍ വല്ലതും നല്‍കേണ്ടതാണ്. ധനവാന്‍ അവന്റെ കഴിവിനനുസരിച്ചും ദരിദ്രന്‍ അവന്റെ അവസ്ഥക്കനുസരിച്ചും. സജ്ജനങ്ങളുടെ കടമയാണത്'' (ഖുര്‍ആന്‍ 2:36).

ഇസ്‌ലാമിന്റെ നിലപാട് ഇങ്ങനെയാകുമ്പോള്‍ ടെലിഫോണ്‍ മുഖേനയോ വാട്‌സ്ആപ്പ് മുഖേനയോ ഉള്ള വിവാഹമോചനം എങ്ങനെയാണ് ന്യായീകരിക്കുക? വിവാഹത്തിനായാലും വിവാഹമോചനത്തിലായാലും നീതിമാന്മാരായ രണ്ട് സാക്ഷികള്‍ വേണമെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത്. മാത്രമല്ല, വ്യഭിചരിച്ചു എന്ന് അവളെക്കുറിച്ച് ആരെങ്കിലും അപവാദം പറഞ്ഞാല്‍ പറയുന്ന ആള്‍ നാല് സാക്ഷികളെ ഹാജരാക്കണം. സാക്ഷികളെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപവാദ പ്രചാരകര്‍ 80 അടി വാങ്ങാന്‍ തയാറായിക്കൊള്ളണം. അവരുടെ സാക്ഷ്യം ഒരിക്കലും സ്വീകരിക്കാന്‍ പാടുള്ളതുമല്ല (ഖുര്‍ആന്‍ 24:4). സ്ത്രീയുടെ അഭിമാനത്തിന് ഇത്രയേറെ വില കല്‍പിക്കുന്നു ഇസ്‌ലാം. ഒരു ഇളയ കുഞ്ഞിനോടെന്ന പോലുള്ള അധിക പരിഗണനയാണ് ഇസ്‌ലാം സ്ത്രീക്ക് നല്‍കിയിട്ടുള്ളത് എന്നു കാണാം. കൂട്ടത്തില്‍ കരുത്തും മസില്‍പവറുമുള്ള പുരുഷന് അവളുടെ സംരക്ഷണം അടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചു.

മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സംരക്ഷണ ചുമതലയുള്ള പുരുഷന് സ്വത്ത് ഭാഗം വെക്കുമ്പോള്‍ സ്ത്രീയുടെ ഇരട്ടിയാണ്. എന്നാല്‍ സ്ത്രീക്ക് കിട്ടുന്ന പാതി സ്വത്തില്‍ അവള്‍ക്ക് നിയമപരമായി യാതൊരു ബാധ്യതയും ഇല്ല. മാതാപിതാക്കളുടെ മരണാനന്തരം അവശേഷിച്ച സ്വത്തില്‍ മാത്രമാണ് ഇതെന്ന് ഓര്‍ക്കണം. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ അവള്‍ക്ക് വിവാഹ സമ്മാനമായി സ്വര്‍ണവും ധനവും മറ്റു പലതും ഓരോരുത്തരുടെ കഴിവിനനുസരിച്ച് കൊടുക്കുന്നു. ഫലത്തില്‍ പുരുഷനേക്കാളും കൂടുതല്‍ നേടുന്നത് മിക്കവാറും ഇസ്‌ലാമിലെ സ്ത്രീയാണ് (തീര്‍ച്ചയായും ഇതിനു അപവാദങ്ങളുണ്ട്).

സ്ത്രീകള്‍ക്ക് സ്വത്തവകാശം പ്രഖ്യാപിച്ചുകൊണ്ടുള്ള ഇസ്‌ലാമിലെ അനന്തരാവകാശ നിയമം അവതരിച്ച കാലത്ത് അത് തികച്ചും വിപ്ലവാത്മകം തന്നെയായിരുന്നു. ചൈനയിലും യൂറോപ്പിലും വരെ സ്ത്രീക്ക് സ്വത്തവകാശം വകവെച്ചു കൊടുത്തത് കേവലം അമ്പതോ നൂറോ വര്‍ഷം മുമ്പ് മാത്രമാണ്. ഖുര്‍ആനിക നിയമങ്ങളെക്കുറിച്ച അജ്ഞതയും ദുരുപയോഗവുമാണ് നീതി നിഷേധിക്കപ്പെടാന്‍ പ്രധാന കാരണം. അവയെ വളച്ചൊടിച്ച് വികൃതമാക്കുകയാണ് ചെയ്യുന്നത്. ശരിയായ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കുന്ന കുടുംബങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരും സന്തുഷ്ടരുമാണ്. അവിടെ കളിയാടുന്ന ശാന്തിയും സമാധാനവും ശരീഅത്തിനുള്ള സാക്ഷ്യപത്രമാണ്. അതുകൊണ്ട് ഇന്ത്യയിലെ നിലവിലെ മുസ്‌ലിം വ്യക്തി നിയമം ഖുര്‍ആനിക മൂല്യങ്ങള്‍ക്കനുസരിച്ച് ക്രോഡീകരിച്ചാല്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയും വിവേചനം അവസാനിക്കുകയും ചെയ്യും. മുസ്‌ലിം സ്ത്രീ നിദ്രയില്‍നിന്നുണരേണ്ടതുണ്ട്. ഇവിടെ പുരയിടത്തില്‍ വേണ്ടത്ര മാമ്പഴം ഉണ്ട്. തോട്ടികൊണ്ട് തോണ്ടിപ്പറിച്ചാലേ കിട്ടുകയുള്ളൂ. അല്ലെങ്കില്‍ വീണുകിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

ഹിന്ദു സമൂഹത്തിലുള്ളതിനേക്കാള്‍ കുറവാണ് മുസ്‌ലിംകളിലെ ബഹുഭാര്യത്വമെന്ന് കണക്കുകള്‍ കാണിക്കുമ്പോള്‍ തന്നെ ഏറെ വിമര്‍ശിക്കപ്പെടുന്ന ഒന്നാണ് ഇസ്‌ലാമിലെ ബഹുഭാര്യത്വം. എന്നാല്‍ ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാ പ്രബല മതഗ്രന്ഥങ്ങളും ബഹുഭാര്യത്വം അനുവദിച്ചപ്പോള്‍ ഖുര്‍ആന്‍ മാത്രമാണ് വ്യത്യസ്ത നിലപാടെടുത്തതെന്ന് കാണാം. ''അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാന്‍ കഴിയില്ല എന്ന ഭയമുണ്ടെങ്കില്‍ സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ വീതം വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെന്നാശങ്കിക്കുന്നുവെങ്കിലോ അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വേള്‍ക്കാവൂ'' (അന്നിസാഅ് 3). ഇതാണ് ഈ വിഷയത്തില്‍ ഖുര്‍ആന്റെ നിലപാട്.

ഉഹുദ് യുദ്ധത്തെ തുടര്‍ന്ന് ഒരുപാട് സ്ത്രീകള്‍ വിധവകളായി. അവരില്‍ പലരും സന്താനങ്ങളുള്ളവരായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം വലിയ ഒരു സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നു. അങ്ങനെയുള്ള പ്രത്യേക സാഹചര്യം മറികടക്കാന്‍ ആധുനിക മനുഷ്യന്റെ കൈയില്‍ എന്ത് പരിഹാരമാണുള്ളത്? ഒന്നാം ലോക യുദ്ധാനന്തരം ഇതുപോലുള്ള അവസ്ഥയായിരുന്നു യൂറോപ്പില്‍ ഉണ്ടായിരുന്നത്. അന്ന് ബഹുഭാര്യത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവില്‍ പ്രകടനം നടത്തിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് ശരീഅത്ത് നിയമങ്ങളുടെ അനിവാര്യതയാണ്.

ഖുര്‍ആന്‍ ബഹുഭാര്യത്വത്തിന് ഉപാധികളോടെയാണ് അനുവാദം തരുന്നത്. അനാഥ സംരക്ഷണവുമായി ബന്ധപ്പെടുത്തിയാണ് ഖുര്‍ആന്‍ ഒന്നിലേറെ വിവാഹത്തെക്കുറിച്ച് സംസാരിച്ചതെന്ന് മേല്‍ സൂക്തം വ്യക്തമാക്കുന്നുണ്ടല്ലോ. തന്റെ ജീവിത സഖിയെ കരയാന്‍ വിട്ടിട്ട് അതിലും സുന്ദരിയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് സുഖിച്ചു കഴിയുന്നത് എന്തൊക്കെ പറഞ്ഞാലും ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മാനുഷിക മൂല്യങ്ങള്‍ക്കും നീതിക്കും അനുസൃതമാകില്ല. വളരെ സ്‌നേഹദരിദ്രനായ ഭര്‍ത്താവിനു മാത്രമേ അതിനു കഴിയുകയുള്ളൂ. അനാഥ സംരക്ഷണത്തിന് വിശുദ്ധ ഖുര്‍ആനിന് ഭര്‍തൃമതികളെ കുറിച്ച് മാത്രമല്ല, അനാഥകളും അശരണരുമായ സ്ത്രീകളെക്കുറിച്ചും ഉത്കണ്ഠയുണ്ടെന്ന് അര്‍ഥം. അതൊരിക്കലും പുരുഷ മേല്‍ക്കോയ്മക്കുള്ള സമ്മതപത്രമല്ല.

ഖുര്‍ആന്റെ നിലപാട് ഇങ്ങനെയാണെന്നിരിക്കെ വിവാഹം കഴിക്കാന്‍ വേണ്ടിയോ ബഹുഭാര്യത്വത്തിനു വേണ്ടിയോ ഇസ്‌ലാമിലേക്ക് വരുന്നത് കര്‍ശനമായി നിരോധിക്കേണ്ടതാണ്. ഇത്രയും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും പുരോഗമനാത്മകവുമായ ഖുര്‍ആനൊപ്പം ഓടിയെത്താന്‍ പലപ്പോഴും അതിന്റെ അനുയായികള്‍ വിയര്‍ക്കുന്നു എന്നതാണ് സത്യം. മനുഷ്യന്റെ കരചരണങ്ങളെ ബന്ധിക്കുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയാനാണ് പ്രവാചകന്‍(സ) അയക്കപ്പെട്ടത്; അല്ലാതെ ആ ചങ്ങലകള്‍ സ്ത്രീയെ അണിയിക്കാനല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍