വൈറ്റ് ഹെല്‍മറ്റ്‌സ്
ഡോക്യുമെന്ററി
''അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയ നിരവധി കുഞ്ഞുങ്ങളെ ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ കുട്ടി, അവന്റെ നിഷ്‌കളങ്കതകൊണ്ട് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലായിരുന്നു. മുഖത്ത് കൈവെച്ചപ്പോള്‍ ചോരയാണ് അവന്‍ കണ്ടത്. എന്താണ് തനിക്ക് സംഭവിച്ചതെന്നുപോലും അവന് അറിയില്ലായിരുന്നു. അലപ്പോ പട്ടണത്തിനുനേരെ നടക്കുന്ന നിരവധി ബോംബാക്രമണങ്ങളുടെ ചിത്രം മുമ്പ് ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഇവന്റെ മുഖത്തെ കാഴ്ച ഒന്നു വേറെ തന്നെയായിരുന്നു. ചോരയും പൊടിയും കൂടിക്കലര്‍ന്നിരിക്കുകയാണ്.''
തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന ജീവകാരുണ്യ സംഘം പുറത്തെടുത്ത ഇംറാന്‍ ദഖ്‌നീശ് എന്ന അഞ്ചു വയസ്സുകാരനെ കുറിച്ച് പറയുമ്പോള്‍ മുസ്തഫ അല്‍ സറൂത് എന്ന കാമറാമാന്റെ സ്വരം ഇടറുകയായിരുന്നു. തുര്‍ക്കിയിലെ ബോദ്രും കടല്‍ തീരത്ത് ജീവനറ്റ് കമഴ്ന്ന് കിടന്ന ഐലന്‍ കുര്‍ദിയുടെ ചിത്രത്തിന് മുമ്പില്‍ ലോകം നിസ്സഹായതോടെ തലകുനിച്ചശേഷം മറ്റൊരു ഐലന്‍ കുര്‍ദിയായിട്ടാണ് അലപ്പോയിലെ ഇംറാന്‍ ദഖ്‌നീഷ് മീഡിയയില്‍ നിറഞ്ഞുനിന്നത്. ഐലന്റെയും ഇംറാന്റെയും പ്രായമുള്ള ആയിരക്കണക്കിന് പിഞ്ചു ബാല്യങ്ങള്‍ അലപ്പോയില്‍ ഒടുങ്ങിയപ്പോള്‍ സ്വന്തത്തെ മറന്ന് ബാരല്‍ ബോംബുകള്‍ തകര്‍ത്ത കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുകള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരായിരുന്നു വൈറ്റ് ഹെല്‍മറ്റ്‌സ്.
സിറിയന്‍ ഏകാധിപതി ബശ്ശാറിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെയും ജെറ്റുകള്‍ ചിന്നഭിന്നമാക്കിയ വിമത സ്വാധീന മേഖലയായിരുന്ന അലപ്പോയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സിറിയന്‍ സിവില്‍ ഡിഫന്‍സ് അഥവാ വൈറ്റ് ഹെല്‍മറ്റ്‌സ്. ദുരന്ത മേഖലകളില്‍ വെളുത്ത നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതുകൊണ്ടാണ് വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന പേരില്‍ ഇവര്‍ അറിയപ്പെട്ടത്.
അറബ് വസന്തത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് 2011-ല്‍ സിറിയയില്‍ ഉദയംകൊണ്ട ജനകീയ വിപ്ലവത്തില്‍ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകള്‍ സ്വന്തം മണ്ണ് ഉപേക്ഷിച്ച് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അലപ്പോ സിറ്റിയിലെ അന്‍സാരി ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സ് 2013-ലാണ് രൂപം കൊണ്ടത്. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് സംഘാംഗങ്ങള്‍. തുന്നല്‍കാരനായിരുന്ന മുഹമ്മദ് ഫറാഹും കെട്ടിടം പണിക്കാരനായിരുന്ന മുഹമ്മദ് ഖാലിദ് ഫറാഹും ഇതില്‍ ഉള്‍പ്പെടും. 3000 പേര്‍ അംഗങ്ങളായിട്ടുള്ള വൈറ്റ് ഹെല്‍മറ്റ്‌സിന്റെ സ്ഥാപകന്‍ റഈദ് സ്വലാഹ് എന്ന ചെറുപ്പക്കാരനാണ്.
പ്രധാന കേന്ദ്രത്തില്‍ ഒത്തുകൂടുന്ന വൈറ്റ് ഹെല്‍മറ്റ്‌സ് പ്രവര്‍ത്തകര്‍ ആക്രമണവിവരം ലഭിച്ചാലുടന്‍ വാഹനത്തില്‍ അങ്ങോട്ട് കുതിക്കും. ജീവനറ്റ് കിടക്കുന്നവര്‍ക്ക് മുമ്പില്‍ വാവിട്ട് നിലവിളിക്കുന്ന ബന്ധുക്കള്‍, ദുരന്ത ഭൂമിയില്‍ രക്തത്തില്‍ പൊതിഞ്ഞ് കിടക്കുന്ന മുഖങ്ങള്‍, ചിതറിത്തെറിച്ച ശരീര ഭാഗങ്ങള്‍, കെട്ടിടങ്ങള്‍ക്കിടയില്‍ ബോധമറ്റോ ജീവനറ്റോ കിടക്കുന്നവര്‍ തുടങ്ങി മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന അനേകം ചിത്രങ്ങള്‍ക്കാണ് വൈറ്റ് ഹെല്‍മറ്റ്‌സിന് സാക്ഷ്യം വഹിക്കേണ്ടിവരുന്നത്.
ഇക്കാലയളവില്‍ ഒരു ആഴ്ച പ്രായമായ 'മിറാക്കിള്‍ ബേബി' ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ആളുകളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ 130-ല്‍ അധികം പ്രവര്‍ത്തകരെ വൈറ്റ് ഹെല്‍മറ്റ്‌സിന് നഷ്ടമാവുകയും 400-ല്‍ അധികമാളുകള്‍ക്ക് അംഗവൈകല്യമുള്‍പ്പെടെ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുന്നതിനിടയില്‍ കൊല്ലപ്പെട്ട ഷാബാന്‍ എന്ന യുവ ആംബുലന്‍സ് ഡ്രൈവറും 'മിറാക്കിള്‍ ബേബിയെ' രക്ഷപ്പെടുത്തിയ ഖാലിദ് മുഹമ്മദ് ഹറായും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ വിമതരെ സഹായിക്കുന്നുവെന്നും പ്രത്യേക ഒളിയജണ്ടവെച്ച് പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ച് പലപ്പോഴും വൈറ്റ് ഹെല്‍മെറ്റ്‌സിന്റെ ഓഫീസുകളും കേന്ദ്രങ്ങളും സിറിയന്‍-റഷ്യന്‍ ബോംബു വര്‍ഷങ്ങള്‍ക്കിരയകുന്നു. വൈറ്റ് ഹെല്‍മറ്റസ്് ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ ലഭിച്ചപ്പോഴും അതിനെ എതിര്‍ത്ത് റഷ്യന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.
സമാധാന പ്രക്രിയയില്‍ ക്രിയാത്മക പങ്കുവഹിക്കുന്ന മേഖലയിലെ പ്രുഖ രാജ്യമായ തുര്‍ക്കിയിലാണ് ഇവര്‍ക്ക് വേണ്ട പരിശീലനം ലഭിക്കുന്നത്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പ്രധാനമായും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിവരെ രക്ഷപ്പെടുത്തുന്നതും അപകട സ്ഥലങ്ങളില്‍ തീ നിയന്ത്രണ വിധേയമാക്കുന്നതുമൊക്കെയാണ് പരിശീലിപ്പിക്കപ്പെടുന്നത്. ഏതു നിമിഷവും താനോ, ഒപ്പമുള്ള സഹപ്രവര്‍ത്തകനോ പിടഞ്ഞുമരിക്കേണ്ടി വരുമെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും അചഞ്ചലമായ ദൈവ വിശ്വാസവും ഭാവിയിലെ ശാന്തമായ സിറിയയെ കുറിച്ച ശുഭപ്രതീക്ഷയുമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.
ആഗോളതലത്തില്‍ വ്യത്യസ്ത സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കുന്ന ഹ്രസ്വ സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷുകാരന്‍ ഒര്‍ലാന്റോ വോണ്‍ ഐന്‍സീഡല്‍ ആണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2016 സെപ്റ്റംബര്‍ 26-ന് റിലീസ് ചെയ്ത ഡോക്യുമെന്ററി നെറ്റ് ഫഌക്‌സാണ് വിതരണം ചെയ്യുന്നത്. സിറിയന്‍ രക്ഷാപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. 2016-ലെ അലപ്പോ സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സിറിയയിലെ വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന പേരില്‍ അല്‍ജസീറയും മറ്റൊരു ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.
വൈറ്റ് ഹെല്‍മറ്റ്‌സ് സ്ഥാപകന്‍ റഈദ് സലാഹിനും ഡോക്യൂമെന്ററിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഖാലിദ് ഖത്തീബിനും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ യാത്രാവിലക്കിനെ തുടര്‍ന്ന് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നത് ആഗോള മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Comments