അറബ് ദേശീയതയുടെ ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്തതെന്ത്?
അറബ് ദേശീയതയുടെ ശക്തനായ വക്താവ് സാത്വിഅ് അല്‍ ഹുസ്വ്‌രി (1879-1968) പറഞ്ഞത്, ഇരുപതാം നൂറ്റാണ്ട് ഏഷ്യയിലും ആഫ്രിക്കയിലും ദേശീയതകളുടെ നൂറ്റാണ്ടായിരിക്കുമെന്നാണ്; പത്തൊമ്പതാം നൂറ്റാണ്ട് യൂറോപ്പിനെ സംബന്ധിച്ചേടത്തോളം ദേശീയതകളുടെ - ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ പോലെ- നൂറ്റാണ്ട് ആയിരുന്നതു പോലെ തന്നെ. അറബ് ലോകത്ത് അറബ് ദേശീയത ജനങ്ങള്‍ക്ക് മാന്യമായ ജീവിത നിലവാരം പ്രദാനം ചെയ്യുമെന്നും അത് ഉയിര്‍പ്പിന് നിമിത്തമാകുമെന്നും അദ്ദേഹം വാദിച്ചു. ഫലത്തില്‍ സംഭവിച്ചത് അറബ് ദേശീയതയുടെ കടന്നുവരവ് തന്നെയാണ്. ഇരുപതാം നൂറ്റാണ്ടില്‍ അറബ്-ഇസ്‌ലാമിക ലോകത്ത് ദേശീയതകള്‍ക്കായിരുന്നു പ്രാമുഖ്യം കൈവന്നത്. 1916-ല്‍ ഉസ്മാനീ ഭരണത്തിനെതിരെ അറബ് നാടുകളില്‍ അരങ്ങേറിയ'മഹാ അറബി വിപ്ലവം' ആണ് ആദ്യത്തേത്. 1920-ല്‍ ഫൈസല്‍ ഒന്നാമന്‍ ഇറാഖില്‍ അറബ് ദേശീയതയിലൂന്നി ഒരു രാഷ്ട്രം സ്ഥാപിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ കാര്യങ്ങളിലെല്ലാം ഫൈസലിന്റെ മുഖ്യ ഉപദേഷ്ടാവ് സാത്വിഅ് അല്‍ ഹുസ്വ്‌രി തന്നെയായിരുന്നു.
1919-ല്‍ സഅ്ദ് സഅ്‌ലൂല്‍ ഈജിപ്തില്‍ സ്ഥാപിച്ച രാഷ്ട്രത്തിന്റെ അടിത്തറ ഫറോവ സംസ്‌കാരത്തെ കൂടി ഉള്‍ക്കൊള്ളുന്ന ദേശീയതയായിരുന്നു. 1952-ല്‍ ജമാല്‍ അബ്ദുന്നാസിറിന്റെ വിപ്ലവം. അറബ് ദേശീയതയുടെ മാതൃകാ രാഷ്ട്രമായി ഈജിപ്തിനെ മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 1962-ലാണ് അള്‍ജീരിയന്‍ വിപ്ലവം വിജയം കണ്ടത്. 1965-ല്‍ ഹുവാരി ബൂമദീന്‍ അറബ് ദേശീയതയെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവന്ന് അള്‍ജീരിയയെ പുനഃസംഘടിപ്പിച്ചു. ഈയൊരു മാറ്റം തന്നെയാണ് 1969-ല്‍ ലിബിയയില്‍ സൈനിക അട്ടിമറി നടത്തിയ മുഅമ്മര്‍ ഖദ്ദാഫിയും കൊണ്ടുവന്നത്. 1969-ല്‍ സുഡാനില്‍ ജഅ്ഫര്‍ അന്നുമൈരി നടത്തിയ സൈനിക അട്ടിമറിക്കു ശേഷവും പിറന്നത് അറബ് ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രമായിരുന്നു. 1963-ല്‍ സിറിയയും ഇറാഖും ബഅ്‌സ് ദേശീയവാദികളുടെ പിടിയിലമര്‍ന്നുകഴിഞ്ഞിരുന്നു. 1962-ല്‍ അബ്ദുല്ല സല്ലാല്‍ യമനില്‍ അട്ടിമറി നടത്തിയപ്പോഴും അറബ് ദേശീയത തന്നെയാണ് ഉയര്‍ത്തിപ്പിടിച്ചത്. പക്ഷേ, ഇതിന്റെയൊക്കെ ഫലമെന്തായിരുന്നു?
അറബ് ദേശീയതയുടേത് തന്നെയായിരുന്നു ഇരുപതാം നൂറ്റാണ്ട്. ആ ആശയമാണ് മിക്ക അറബ് നാടുകളിലും മേല്‍ക്കൈ നേടിയതും ആധിപത്യം ചെലുത്തിയതും. പക്ഷേ, കൊട്ടിഘോഷിക്കപ്പെട്ട ഉയിര്‍പ്പോ നവോത്ഥാനമോ ഒന്നും ഉണ്ടായില്ല. പകരം ഉയര്‍ന്നുവന്നത് സ്വേഛാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങളായിരുന്നു. ആ ഏകാധിപത്യ ഭരണകൂടങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജനങ്ങളെ സകല വിധേനയും പൊറുതിമുട്ടിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങള്‍ക്ക് ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ഇത്തരം സ്വേഛാഭരണകൂടങ്ങളാണ് ഈജിപ്ത്, സിറിയ, ഇറാഖ്, തുനീഷ്യ, അള്‍ജീരിയ, സുഡാന്‍, യമന്‍, ലിബിയ തുടങ്ങിയ നാടുകളിലൊക്കെ നിലനിന്നത്. ഈ സ്വേഛാധിപത്യത്തിനെതിരെയായിരുന്നു 2011-ല്‍ അറബ് വസന്തവിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
അറബ് ദേശീയത പ്രതിഷ്ഠിക്കപ്പെട്ട ഒരു നാട്ടിലും സാമ്പത്തിക ഉണര്‍വ് ഉണ്ടായില്ല; വ്യാവസായിക വിപ്ലവം സംഭവിച്ചില്ല. പകരം പട്ടിണിയും നിരക്ഷരതയും സാര്‍വത്രികമായി. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഒരു കുതിപ്പും നടത്താന്‍ ഈ രാഷ്ട്രങ്ങള്‍ക്കായില്ല; ആ മേഖലയില്‍ ലോക രാഷ്ട്രങ്ങളില്‍തന്നെ ഏറ്റവും പിറകെയാണ് അവരുടെ സ്ഥാനം. ചെറിയൊരു താരതമ്യം നടത്തി ഇത് വിശദീകരിക്കാം. ദക്ഷിണ കൊറിയ നേടിയെടുത്ത കണ്ടെത്തലുകളുടെയും മറ്റും പാറ്റന്റുകളുടെ എണ്ണം 2015-ല്‍ 20201 ആയിരുന്നു. ഇതേ കാലത്ത് ഈജിപ്തിനുണ്ടായിരുന്ന പാറ്റന്റുകളുടെ എണ്ണം മുപ്പത് മാത്രം. ദക്ഷിണ കൊറിയയിലേതിനേക്കാള്‍ ഇരട്ടി ജനസംഖ്യയുണ്ട് ഈജിപ്തില്‍ എന്നും ഓര്‍ക്കുക.
അറബ് ദേശീയത മുറുകെപ്പിടിക്കുന്ന ഈ ഭരണകൂടങ്ങള്‍ സയണിസ്റ്റ് ശക്തികള്‍ക്കു മുന്നില്‍ രണ്ടു തവണ അമ്പേ പരാജയപ്പെടുകയും ചെയ്തു. 1948-ലെ യുദ്ധത്തില്‍ സയണിസ്റ്റ് മിലീഷ്യകള്‍ക്ക് മുന്നില്‍ ഏഴു അറബ് രാഷ്ട്ര സേനകള്‍ കീഴടങ്ങുന്നതാണ് നാം കാണുന്നത്. അതിനെത്തുടര്‍ന്നാണ് ഇസ്രയേല്‍ നിലവില്‍ വരുന്നത്. ഒരു വിദേശ ശത്രുവിനെ മുസ്‌ലിം ലോകത്തിനകത്ത് കുടിയിരുത്തുകയായിരുന്നു. ഖിലാഫത്തിനെ തകര്‍ത്തതും ഉസ്മാനികള്‍ ഭരിച്ചിരുന്ന അറബ് പ്രദേശങ്ങളില്‍ ബ്രിട്ടീഷ്-ഫ്രഞ്ച് മാന്‍ഡേറ്റ് ഏര്‍പ്പെടുത്തിയതും അറബ് ലോകത്തെ തുണ്ടുകളായി വെട്ടിമുറിച്ചതുമൊക്കെ ഇതിനായിരുന്നുവെന്ന് മുസ്‌ലിം ലോകം ഞെട്ടലോടെ മനസ്സിലാക്കി. അറബ് ദേശീയതയെക്കുറിച്ച് ഗൗരവത്തില്‍ പുനരാലോചന നടത്തേണ്ട സന്ദര്‍ഭമായിരുന്നു അത്. കാരണം, ഖിലാഫത്തിന്റെ തകര്‍ച്ച മുതല്‍ ഇസ്രയേലിന്റെ രൂപവത്കരണം വരെയുള്ള കാലത്ത് അറബ് ലോകത്തെ നയിച്ച ആശയഗതിയാണ് അറബ് ദേശീയത. ഈ പരാജയത്തില്‍ ആ ആശയധാരക്ക് കാര്യമായ പങ്കുണ്ട്. പക്ഷേ, അത്തരം വിചാരണകളോ പുനരാലോചനകളോ ഉണ്ടായില്ല. മുസ്‌ലിം സമൂഹത്തിന്റെ പ്രയാണ വഴിയില്‍ വലിയൊരു വീഴ്ചയായിരുന്നു ഇത്.
1967-ല്‍ ഇസ്രയേലിനോട് ഏറ്റ പരാജയമാണ് രണ്ടാമത്തേത്. ജമാല്‍ അബ്ദുന്നാസിര്‍ കത്തിനില്‍ക്കുന്ന കാലമാണ്. അള്‍ജീരിയ, സിറിയ, ഇറാഖ്, ജോര്‍ദാന്‍, യമന്‍ തുടങ്ങിയ നാടുകളെല്ലാം അറബ് ദേശീയതയുടെ വഴിയെ സഞ്ചരിക്കുന്നു. സുഊദി അറേബ്യ, മൊറോക്കോ, തുനീഷ്യ തുടങ്ങിയ മറ്റു രാജ്യങ്ങള്‍ക്കും ഈ ആശയധാരയോട് കാര്യമായ എതിര്‍പ്പില്ലാത്ത കാലം. പരാജയപ്പെട്ട ഈ യുദ്ധത്തില്‍ ഈജിപ്തിന് സീനായും ജോര്‍ദാന് പടിഞ്ഞാറേ കരയും സിറിയക്ക് ജൂലാനും നഷ്ടമായി.
1948-ലെയും 1967-ലെയും ഈ വന്‍ തിരിച്ചടികള്‍ക്ക് എന്താണ് കാരണം? അറബ് ദേശീയതയാണ് ഈ പരാജയത്തിന് കാരണമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തി, സമൂഹം, രാഷ്ട്രം, മാധ്യമം, സാമ്പത്തികം എന്നു വേണ്ട ജീവിതത്തിന്റെ നിഖില മേഖലകളെയും അന്ന് അടക്കിഭരിച്ചിരുന്നത് അറബ് ദേശീയതയായിരുന്നു. ആ ദേശീയത മുന്നോട്ടുവെച്ച രണ്ട് ആശയങ്ങള്‍ വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുകയാണുണ്ടായത്. ഒന്ന്: ഉസ്മാനീ ഭരണകാലത്തുണ്ടായ സകല സാമൂഹിക ബന്ധങ്ങളെയും അറുത്തുമാറ്റല്‍. അറബികളും തുര്‍ക്കികളും കുര്‍ദുകളും ശര്‍കസികളുമൊക്കെ തമ്മില്‍ അതുവരെ വളരെ ഇഴയടുപ്പമുള്ള സാമൂഹിക ബന്ധങ്ങളാണ് നിലനിന്നിരുന്നത്. ഈമാനിക സാഹോദര്യമായിരുന്നു അതിന്റെ അടിത്തറ. ഇതിനെയെല്ലാം കൈയൊഴിഞ്ഞ അറബ് ദേശീയതക്കാകട്ടെ ബദലായി മറ്റൊന്ന് സമര്‍പ്പിക്കാനുമായില്ല. 2003-ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം നടന്നപ്പോള്‍ അറബ് ദേശീയതയില്‍ ഊട്ടപ്പെട്ട ആ സമൂഹം ഗോത്രങ്ങളും ശീഈ-സുന്നീ ഗ്രൂപ്പുകളുമായി ശിഥിലമാകുന്നതാണല്ലോ നാം കണ്ടത്. രണ്ട്: വ്യക്തിയെ വളര്‍ത്തിയെടുക്കുന്നതില്‍ മതത്തിനുള്ള പങ്കിന്റെ പൂര്‍ണമായ നിരാകരണം. സമൂഹം നിലനില്‍ക്കുന്നത് ഭാഷ, ചരിത്രം എന്നീ രണ്ട് ഘടകങ്ങള്‍ക്കു മേലാണ് എന്നായിരുന്നു അറബ് ദേശീയത ഉയര്‍ത്തിയ വാദം. മതത്തെ വ്യക്തിജീവിതത്തില്‍നിന്ന് പിഴുതെറിയേണ്ടതുണ്ടെന്നും എങ്കിലേ കെട്ടുകഥകളില്‍നിന്നും മിഥ്യാധാരണകളില്‍നിന്നും മോചനമുണ്ടാകൂ എന്നും അതിന്റെ വക്താക്കള്‍ പ്രചരിപ്പിച്ചു. ഇസ്‌ലാമിനെ മധ്യയുഗത്തിലെ യൂറോപ്യന്‍ ക്രൈസ്തവതയുമായി താരതമ്യം ചെയ്തതാണ് അറബ് ദേശീയവാദികള്‍ക്ക് പിണഞ്ഞ ഏറ്റവും വലിയ അബദ്ധം. ജനഹൃദയങ്ങളില്‍നിന്ന് ഇസ്‌ലാമിനെ മാറ്റിനിര്‍ത്തിയപ്പോള്‍ പകരം വെച്ചുകൊടുക്കാന്‍ ഇവരുടെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. ഈ ശൂന്യതയും അപരിചിതത്വവും മറികടക്കാന്‍ ഭാഷയും ചരിത്രവും മതിയാകാതെ വന്നു.
ബന്ധങ്ങള്‍ അറുത്തുമാറ്റി ഈവിധം ശിഥിലീകരിക്കപ്പെട്ട വ്യക്തിക്കും സമൂഹത്തിനും നാഗരിക പ്രയാണം അസാധ്യമാണ്. പിന്നെ എല്ലാ തലങ്ങളിലും ശൈഥില്യം തന്നെയായിരിക്കും. ഗോത്രങ്ങളും കുടുംബങ്ങളും മതവംശീയതകളുമായി സമൂഹം ചിതറും. അതുകൊണ്ടാണ് അറബ് ലോകത്ത് ഒരു നവോത്ഥാനവും സംഭവിക്കാത്തത്. ഏതൊരു നവോത്ഥാനത്തിനും കെട്ടുറപ്പുള്ള ഒരു സമൂഹം അനിവാര്യോപാധിയാണ്. ആ സമൂഹത്തിലെ ഓരോ വ്യക്തിയും നവോത്ഥാന ചൈതന്യം ആവാഹിച്ചവരായിരിക്കും. ഈ രണ്ട് ഗുണങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. അറബ് ദേശീയത അവരുടെ ചിന്തകളെ മരവിപ്പിക്കുകയും സാമൂഹിക ബന്ധങ്ങളെ അറുത്തുമാറ്റുകയും ചെയ്തപ്പോള്‍ വ്യക്തിക്ക് അയാളുടെ സന്തുലനം നഷ്ടമായി. ഭീഷണമായ ഒരു അസ്തിത്വ പ്രതിസന്ധിയെയാണ് അയാള്‍ അഭിമുഖീകരിക്കുന്നത്.
പറഞ്ഞുവന്നത് ഇത്രയുമാണ്: 1952-ല്‍ ഈജിപ്തില്‍ ജമാല്‍ അബ്ദുന്നാസിര്‍ അധികാരത്തിലെത്തിയതോടെ അറബ് ലോകത്തെങ്ങും പിടിമുറുക്കിയ അറബ് ദേശീയത ഒരു നാഗരിക സംഭാവനയും നല്‍കിയില്ലെന്നു മാത്രമല്ല, ഇസ്രയേലിന്റെയും അമേരിക്കയുടെയും അധിനിവേശങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തു. വ്യക്തിയെയും സമൂഹത്തെയും അത് ഒരുപോലെ നിര്‍വീര്യമാക്കി. അറബിയെ അവന്റെ മതപൈതൃകങ്ങളില്‍നിന്ന് വേര്‍പ്പെടുത്തിയതാണ് അവന്റെ സമനില നഷ്ടപ്പെടുത്തിയതും അസ്തിത്വ പ്രതിസന്ധിയിലേക്ക് അവനെ തള്ളിയിടുന്നതും.
(ഫലസ്ത്വീനീ കോളമിസ്റ്റാണ് ലേഖകന്‍)
Comments