Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

വായനയിലൂടെ ഉള്‍ക്കരുത്ത് നേടി കടന്നുപോയ തലമുറ

എ.ആര്‍.എ ഹസന്‍, മാഹി

വായന പ്രമേയമാക്കിയ പ്രബോധനം (ലക്കം 3000) ചിന്തോദ്ദീപകമായി. വായനയിലൂടെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും വാതായനങ്ങള്‍ തുറന്ന് വിജ്ഞാനീയങ്ങളുടെ വിശാല വിഹായസ്സില്‍ നീന്തിത്തുടിച്ചവരായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ തലമുറ. അക്കാലങ്ങളില്‍ ജമാഅത്ത് പ്രവര്‍ത്തകരോട് സംവാദങ്ങളിലേര്‍പ്പെടാന്‍ പലര്‍ക്കും പേടിയായിരുന്നു. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' തന്റെ പരന്ന വായനയിലൂടെ കണ്ടെത്തിയ മര്‍ഹൂം ടി. മുഹമ്മദ് സാഹിബ് മുതല്‍ നിരവധി മഹാ വ്യക്തിത്വങ്ങള്‍ പുതിയ തലമുറക്ക് മാതൃകയും പ്രചോദനവുമാകേണ്ടതുണ്ട്. പഴയകാല ജമാഅത്ത് പ്രവര്‍ത്തകരില്‍ നിലനിന്ന വായനാ സംസ്‌കാരം പ്രസ്ഥാനത്തിന്റെ ഉള്‍ക്കരുത്ത് വര്‍ധിപ്പിക്കുകയുണ്ടായി.

പരന്ന വായനക്ക് ധാരാളം സമയം നീക്കിവെച്ച പഴയ തലമുറയിലെ വ്യക്തിത്വമായിരുന്നു ജമാഅത്ത് കേരള ശൂറാ മെമ്പറായിരുന്ന കെ.എം അബ്ദുര്‍റഹീം സാഹിബ് പെരിങ്ങാടി. ഇസ്‌ലാമിക കൃതികള്‍ക്കൊപ്പം കഥ, കവിത, നോവല്‍ ഉള്‍പ്പെടെയുള്ള സര്‍ഗാത്മക സൃഷ്ടികളും ഗൗരവപൂര്‍വം വിചിന്തന-വിശകലന പാടവത്തോടെ വായിക്കുകയും തന്റെ വായനാനുഭവങ്ങളും നിരീക്ഷണങ്ങളും സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. തന്റെ ശിഷ്യന്മാരില്‍ വായനാശീലം വളര്‍ത്താന്‍ അബ്ദുര്‍റഹീം സാഹിബ് ഏറെ ശ്രമിച്ചത് ശാന്തപുരത്തെ ഹൈദരലി സാഹിബും മറ്റും പലവുരു സന്തോഷപൂര്‍വം സ്മരിക്കാറുണ്ട്. ജമാല്‍ മലപ്പുറം ഇക്കാര്യം ശാന്തപുരം കോളേജിന്റെ ഒരു സുവനീറില്‍ എഴുതിയിട്ടുമുണ്ട്.

കുവൈത്തിലെ മഅ്ഹദുദ്ദീനിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളോട് ഗാഢബന്ധം പുലര്‍ത്തിയിരുന്ന അബ്ദുര്‍റഹീം സാഹിബ് അവരുടെ കൈയെഴുത്ത് മാസികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ വിക്ടര്‍ യൂഗോവിന്റെ 'പാവങ്ങള്‍' വായിക്കാന്‍ മര്‍ഹൂം ഹാജി സാഹിബ് തന്നെ ഉപദേശിച്ച കാര്യം അനുസ്മരിച്ചിരുന്നു. കുവൈത്ത് മലയാളി സമാജം, യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ പല വേദികളിലും പലവിധ സാഹിത്യ സദസ്സുകളിലും നിറസാന്നിധ്യമായി ശോഭിക്കാന്‍ അബ്ദുര്‍റഹീം സാഹിബിന് സാധിച്ചത് ഹാജി സാഹിബിന്റെ ഉപദേശം മാനിച്ച് വായനാ ശീലം വികസിപ്പിച്ചതുകൊണ്ടു കൂടിയായിരുന്നു. ഒരു പുസ്തകക്കട നടത്തിയ കാലത്ത് പലര്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു.

വായനയിലൂടെ സിദ്ധിക്കുന്ന പാഠങ്ങളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യാനും ഇസ്‌ലാമികമായ അടിത്തറയില്‍ പുനരാവിഷ്‌കരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 

സംസ്‌കാരങ്ങളിലേക്കുള്ള സഞ്ചാരങ്ങള്‍

സഞ്ചാരത്തെയും സഞ്ചാരിയെയും കുറിച്ച ജമീല്‍ അഹ്മദിന്റെ എഴുത്ത് (ലക്കം 3001) അതീവ ഹൃദ്യം. പുതിയ സംസ്‌കാരങ്ങളും ശീലങ്ങളും പഠിക്കാനും സ്വായത്തമാക്കാനും യാത്ര മനുഷ്യന് അനിവാര്യം തന്നെ. സംസ്‌കാരങ്ങളില്‍നിന്ന് സംസ്‌കാരങ്ങളിലേക്കുള്ള സഞ്ചാരമാണല്ലോ ഓരോ യാത്രയും. ഇസ്‌ലാമിക പ്രബോധന പാഠങ്ങളില്‍/ചരിത്രങ്ങളില്‍ തിളങ്ങിനില്‍ക്കുന്നു പലായനങ്ങള്‍. സര്‍ഗാത്മകതയും എഴുത്തും യാത്രകളില്‍നിന്ന് ഉറവയെടുക്കുന്നു. ആദികാലം മുതല്‍ തന്നെ മനുഷ്യനില്‍ യാത്രയോടുള്ള അഭിനിവേശം ഉണ്ടായിരുന്നിരിക്കണം. ഉഷ്ണ-ശൈത്യകാല  വ്യത്യാസമില്ലാതെ അറബികളിലുണ്ടായിരുന്ന യാത്രാപ്രണയത്തെ പരാമര്‍ശിക്കുന്ന ഒരധ്യായം ഖുര്‍ആനില്‍ നമുക്ക് കാണാം. മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗമായി യാത്രയെ കാണാവുന്നതാണ്. പല എഴുത്തുകാരും ജീവിതത്തെ യാത്രയോടും തിരിച്ചും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ജീവിതയാത്രക്ക് ആവശ്യമായ പാഥേയമാണ് തഖ്‌വ എന്ന് ഖുര്‍ആനിക ഭാഷ്യം. അതേ ലക്കത്തിലെ 'മുദ്രകള്‍' പംക്തിയില്‍ പരിചയപ്പെടുത്തിയ പുതിയ അറബി നോവലുകളും യാത്രയുമായി ബന്ധപ്പെട്ടതുതന്നെ.

കണിയാപുരം നാസറുദ്ദീന്‍

 

ആത്മകഥകളായ വായനകള്‍

പ്രബോധനത്തിന്റെ മൂവായിരാം ലക്കം പകര്‍ന്നുതന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ആ ലക്കം കവര്‍ സ്റ്റോറിയും ഡിസൈനിംഗും മികച്ചതായി. എ.ആര്‍, കെ.ടി ഹുസൈന്‍, മുഹമ്മദ് ശമീം, മെഹദ് മഖ്ബൂല്‍, കെ.എസ് ഷമീര്‍ തുടങ്ങിയവരുടെ വായനാനുഭവങ്ങളില്‍ പലതും അവരുടെ ആത്മകഥയുടെ ചീളുകള്‍ തന്നെയാണ്. കെ.എസ് ഷമീറിന്റെ ചില വാചകങ്ങളില്‍നിന്ന് ആശയങ്ങള്‍ ഗ്രഹിക്കുക ഞങ്ങളെ പോലുള്ളവര്‍ക്ക് പ്രയാസകരമാണ്. മുഹമ്മദ് ശമീമിന്റെ ലേഖനങ്ങളിലെ ചില ഭാഗങ്ങള്‍ മനസ്സിലാക്കാന്‍ ചിലപ്പോഴെങ്കിലും പ്രയാസം തോന്നാറുണ്ടെങ്കിലും മൂവായിരാം പതിപ്പിലെ എട്ടര പേജില്‍ ശമീം കുറിച്ച അദ്ദേഹത്തിന്റെ ജീവിതം വായിച്ചുപോയത് നിറഞ്ഞ ഹൃദയത്തോടെയാണ്. തന്റെ ഇന്നലെകളെ സത്യസന്ധമായി കോറിയിടുന്നതില്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല, വ്യാജങ്ങളൊന്നും കടന്നുകൂടിയിട്ടുമില്ല. 

മമ്മൂട്ടി കവിയൂര്‍

 


പുതുതലമുറയെ പ്രചോദിപ്പിക്കേണ്ടവായനകള്‍

'പരന്ന വായന തുറന്നുതന്ന കവാടങ്ങള്‍' എന്ന എ.ആറിന്റെ ലേഖനം (ലക്കം 3000) വായിച്ചു. മനുഷ്യരാശിയുടെ മോക്ഷവും മോചനവും ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രയോഗവത്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ഒരു പ്രത്യയശാസ്ത്രമെന്ന നിലക്കുള്ള ഇസ്‌ലാമിന്റെ അതിജീവനശക്തി അന്യാദൃശമാണ്. ലോകം നിയന്ത്രിക്കുന്ന ദര്‍ശനങ്ങളോട് വീറുറ്റ പോരാട്ടത്തിനുള്ള ശക്തി ഇത് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു.

എന്നാല്‍, ഈ ശക്തി ആര്‍ജിക്കണമെങ്കില്‍ ഇസ്‌ലാമികേതര ദര്‍ശനങ്ങളും ശാസ്ത്രം, തത്ത്വശാസ്ത്രം, ചരിത്രം, നോവല്‍, കവിത, ചെറുകഥകള്‍, നിരൂപണ-വിമര്‍ശന സാഹിത്യങ്ങള്‍ തുടങ്ങിയ വിജ്ഞാന മേഖലകളും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് നന്നായി പരിചിതമാവേണ്ടതുണ്ട്. വിജ്ഞാനാന്വേഷണങ്ങളും പരന്ന വായനയും അതുകൊുതന്നെ ഒഴിവാക്കാന്‍ പറ്റാത്തതാണ്.

ഒരുപക്ഷേ വിപുലമായ ഈ വായനവഴിയാണ് ഇസ്‌ലാമിന്റെ വിമോചന രീതിശാസ്ത്രം സമര്‍ഥിക്കാന്‍ എ.ആറിനെ പോലുള്ളവര്‍ക്ക് കഴിഞ്ഞത്. അദ്ദേഹം വിവരിച്ച പോലെയുള്ള വിശാല വായന എല്ലാവര്‍ക്കും സാധ്യമായേക്കില്ലെങ്കിലും ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പുതുതലമുറയിലും വായന ഒരു ജ്വരവും സംസ്‌കാരവുമായി വളരേണ്ടതുണ്ട്.

സോക്രട്ടീസ് മുതല്‍ റസല്‍ വരെയുള്ള ദാര്‍ശനികരുടെ ചിന്തകളിലെ വൈരുധ്യങ്ങളും, വിക്ടര്‍ യൂഗോ മുതല്‍ ടോള്‍സ്റ്റോയി വരെയുള്ള വിശ്വസാഹിത്യകാരന്മാരുടെ ജീവിത വീക്ഷണത്തിലെ അപൂര്‍ണതകളും വായിക്കുമ്പോഴാണ് ആദം (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകവര്യന്മാരുടെ പ്രപഞ്ച-ജീവിത വീക്ഷണങ്ങളിലെ ഏകതാനതയും വൈരുധ്യമില്ലായ്മയും കൂടുതല്‍ ബോധ്യപ്പെടുക.

പ്രായാധിക്യത്തിന്റെ അനിവാര്യമായ നിസ്സഹായതയിലേക്ക് കടക്കുന്നതിനു മുമ്പ് യുവത്വത്തില്‍ തന്നെ വായന ജീവിതശീലമാക്കാനും കാലഘട്ടത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള വൈജ്ഞാനിക കരുത്ത് ആര്‍ജിക്കാനും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അമാന്തിച്ചുകൂടാ.

മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍

 

വായനയെ ഖുര്‍ആന്റെ അരിപ്പയിലൂടെ സ്വാംശീകരിക്കുക

 

ലക്കം 3000 ഹൃദ്യമായി. ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ വല്യുപ്പ വി.സി അഹ്മദ് കുട്ടി എന്റെ ഉപ്പക്കും എളാപ്പക്കും വായനയില്‍ നല്‍കിയ പ്രോത്സാഹനങ്ങളും മാര്‍ഗദര്‍ശനവും ഞാന്‍ പറഞ്ഞുകേട്ടിട്ടു്. 

ഉപ്പയുടെ ബാഗിലുള്ള ആനുകാലികങ്ങള്‍ പരതിയെടുത്ത്  വായിക്കുന്നതിനിടയില്‍ പാഠപുസ്തകങ്ങള്‍ പഠിക്കുന്നതില്‍ ഇക്കാക്ക പിന്നാക്കമാകുന്നുണ്ടോ എന്ന ആധിയില്‍ എന്റെ ഉമ്മ ഉപ്പയോട് കലഹിക്കും; 'നിങ്ങള്‍ കണ്ടമാനം മാസികകള്‍ കെട്ടിവലിച്ച് കൊണ്ടുവന്നിട്ട് അവന്‍ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഠിക്കാതായിത്തീരും. ബേക്കറി പലഹാരങ്ങള്‍ ധാരാളം കഴിക്കുന്ന കുട്ടികള്‍ പതിവ് ആഹാരങ്ങള്‍ മര്യാദക്ക് കഴിക്കൂല. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. കുട്ടികള്‍ക്ക് ദഹനക്കേടും ഉണ്ടാകാനിടയുണ്ട്...' ഉമ്മയുടെ നാടന്‍ ന്യായത്തിന് ഉപ്പ മറുപടി കൊടുക്കാറില്ല. എനിക്ക് തോന്നുന്നു, ഉമ്മ പറയുന്നതില്‍ കുറച്ച് കാര്യമുണ്ടെന്ന്. വായനക്ക് നമ്മുടേതായ ഒരു മുന്‍ഗണനാക്രമം വേണം.

വിശുദ്ധ ഖുര്‍ആന്‍ വായനക്കും പഠനത്തിനും മുന്തിയ പരിഗണന നല്‍കണം. ഖുര്‍ആന്‍ വായന മാറ്റിവെച്ചുള്ള മറ്റു വായനകള്‍  ദോഷകരമായിരിക്കും. പരന്ന വായനക്കിടയില്‍ ഏല്‍ക്കാനിടയുള്ള പലവിധ പരിക്കുകളില്‍നിന്ന് രക്ഷനേടാനുള്ള കവചമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ ഒരു തറയും ചട്ടക്കൂടുമായി എപ്പോഴും നിലകൊള്ളുന്നു. വിശാല വായനയിലൂടെ ലബ്ധമാകുന്ന വിവരങ്ങളെ ഖുര്‍ആനാകുന്ന അരിപ്പ ഉപയോഗിച്ച് സ്വാംശീകരിക്കണം. 'സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക' എന്നതിന്റെ പൊരുളില്‍ ഇതൊക്കെ പെടുന്നു. വായിച്ച് വളരണമെങ്കില്‍ ഇങ്ങനെ വായിക്കണം. അല്ലാത്തപക്ഷം വളയാന്‍ നല്ല സാധ്യതയുണ്ട്. കാടുകയറിയ വായന കൊണ്ട് വഴിതെറ്റിയവര്‍ ധാരാളം. സൂറഃ ലുഖ്മാനിലെ ആറും ഏഴും സൂക്തങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കണം. ഈ രീതിയിലുള്ള വായന ദിക്‌റാണ്. ഖുര്‍ആന്‍ സ്വയം 'ദിക്ര്‍' എന്ന പദത്തില്‍ വ്യവഹരിച്ചത് ഏറെ ചിന്തനീയമാണ്. നമസ്‌കാരം, ഖുത്വ്ബ ഉള്‍പ്പെടെ പലതിനെയും ദിക്‌റായി ഖുര്‍ആന്‍ വിശേഷിപ്പിച്ചത് അതിലൊക്കെ ഖുര്‍ആന്റെ ഉള്ളടക്കമുള്ളതുകൊുകൂടിയാണ്. എല്ലാ ദിക്‌റുകള്‍ക്കും (സ്മരണ, ചിന്ത, മൗനം) ജന്മം നല്‍കുന്ന ദിക്‌റുകളുടെ മാതാവാണ് ഖുര്‍ആന്‍. 

വായിക്കുന്നത് നമ്മുടെ ജീവിതവുമായും ജീവിത പരിസരങ്ങളുമായും ചേര്‍ത്തുവെച്ച് പുനര്‍വായനക്ക് വിധേയമാക്കണം. വായനയിലൂടെ ലഭിക്കുന്ന അറിവ് അമാനത്താണ്. അറിവിന്റെ ബാധ്യത നിറവേറ്റാത്ത വായന വൃഥാവിലാണ്. അക്ഷരങ്ങളിലൂടെ, വാക്യങ്ങളിലൂടെ സാവകാശം ചിന്താപൂര്‍വം കടന്നുപോകുന്ന വായന വേറിട്ട അനുഭവം തന്നെയാണ്. അക്ഷരങ്ങള്‍ കൂട്ടിവായിക്കല്‍ മാത്രമല്ല വായന. അത് വായനയുടെ ഒരു പ്രധാന ഇനം മാത്രം. സംഭവങ്ങളെ, അനുഭവങ്ങളെ, കാര്യങ്ങളെ, ആളുകളെ, പ്രപഞ്ചത്തെ ഒക്കെ വായനക്ക് വിധേയമാക്കുക.

ശരീരത്തിനുള്ള പോഷണമാണ് ആഹാരം. അത് ദഹിച്ചാലേ ശരീരത്തിന് ഉപകരിക്കൂ. ദഹനപ്രക്രിയ സുസാധ്യമാക്കാനാണ് ഭക്ഷണം വേവിച്ച് തിന്നുന്നതും പലതരം ചേരുവകള്‍ അതില്‍ ചേര്‍ക്കുന്നതും. ആത്മാവിന്റെ ഭക്ഷണവും പോഷണവുമാണ്  വായന. അതും ദഹനവിധേയമാക്കേണ്ടതുണ്ട്. അത് ദഹിക്കാന്‍ ചിന്തയുടെ ചൂടില്‍ വേവിക്കണം. ഇതത്രെ ഖുര്‍ആന്റെ ഭാഷയില്‍ 'തദബ്ബുര്‍', 'തദക്കുര്‍.'

എ. അബ്ദുല്ല, മാഹി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍