Prabodhanm Weekly

Pages

Search

2017 മെയ് 26

3003

1438 ശഅ്ബാന്‍ 29

റമദാനിനെ സാക്ഷിയാക്കുക

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, JIH- കേരള

വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിശുദ്ധ റമദാന്‍ വന്നുചേര്‍ന്നിരിക്കുന്നു, അല്‍ഹംദു ലില്ലാഹ്. സദ്കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന ദിനരാത്രങ്ങളെ ഫലപ്രദമാക്കാന്‍ അല്ലാഹു തുണക്കട്ടെ. 

തഖ്‌വയാണ് റമദാനിന്റെ ലക്ഷ്യം. അല്ലാഹുവിന്റെ കല്‍പനകള്‍ സര്‍വാത്മനാ പാലിക്കാനും നിരോധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുമുള്ള പരിശീലനമാണ് റമദാന്‍. വിശന്നാലും പശിയടക്കാതിരിക്കുന്നത്, ദാഹിച്ചാലും തൊണ്ട നനക്കാതിരിക്കുന്നത്, ഗാഢനിദ്ര മോഹിക്കുമ്പോഴും എഴുന്നേറ്റ് നമസ്‌കരിക്കുന്നത് ശരീരത്തെ പീഡിപ്പിക്കാനല്ല, ദൈവാര്‍പ്പണത്തിന് സന്നദ്ധമാവാനാണ്. പരലോക വിജയത്തിന്റെയും ഇഹലോക സുഭിക്ഷതയുടെയും വഴിയാണ് തഖ്‌വ. 

റമദാന്‍ ആത്മപരിശോധനയുടെ മാസമാണ്. ജീവിതത്തെ വൃത്തിയാക്കണം, ചാഞ്ഞും ചെരിഞ്ഞും പോയിട്ടുണ്ടെങ്കില്‍ നേരെയാക്കണം, വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുവരണം. അല്ലാഹുവുമായുള്ള ബന്ധത്തിന്റെ നിലവാരം പരിശോധിക്കുക. ആരാധനകളില്‍ നിഷ്ഠ പുലര്‍ത്തുന്നതോടൊപ്പം അതിലെ ഖുശൂഉം തഖ്‌വയും ഉദ്ദിഷ്ട തലത്തിലെത്തിയിട്ടുണ്ടോ എന്ന് വിലയിരുത്തുക. വിശുദ്ധ ഗ്രന്ഥവുമായുള്ള ബന്ധത്തെയും മൂല്യനിര്‍ണയം നടത്തുക. ദിനേനയുള്ള പാരായണങ്ങള്‍ നല്ലതുതന്നെ. എന്നാല്‍, തിലാവത്തുല്‍ ഖുര്‍ആന്‍ സൂക്ഷ്മ വിചിന്തനത്തിന് ഉതകുന്നതും ഹൃദയം കിടിലം കൊള്ളുന്നതും മനസ്സ് തരളിതമാവുന്നതും കണ്ണീര്‍ കവിളിനെ നനയിക്കുന്നതുമാകണം.

മനുഷ്യരുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. അതിലെല്ലാവരുമുണ്ട്. ഇണയും തുണയും മാതാപിതാക്കളും മക്കളും ബന്ധുക്കളും അയല്‍വാസികളും സഹപ്രവര്‍ത്തകരും നേതാക്കളും നീതരും സമുദായവും സമൂഹവുമെല്ലാം. നമ്മെ കുറിച്ച് നാം അവകാശപ്പെടുന്നതല്ല, അവര്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്നതാണ് പ്രധാനം. ബാധ്യതകള്‍ നിര്‍വഹിക്കാതെ, അവകാശങ്ങള്‍ വകവെച്ചു നല്‍കാതെ ദീര്‍ഘമായ രാത്രി നമസ്‌കാരങ്ങളില്‍ രോമാഞ്ചപ്പെടാനാവില്ല. സ്വഭാവ മര്യാദകളായി, ഉത്കൃഷ്ട പെരുമാറ്റമായി, ത്യാഗമായി, സഹായ ഹസ്തങ്ങളായി, പ്രാര്‍ഥനയായി അവരെ നമ്മോടു ചേര്‍ക്കുക. റമദാന്‍ അതിന് തുണയാവണം.

ഖുര്‍ആനിന്റെ മാസമാണ്. ഖുര്‍ആന്‍ എല്ലാവര്‍ക്കുമുള്ളതാണ്. അത് എല്ലാവരിലുമെത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ആ ബാധ്യതയില്‍ വീഴ്ചവരുത്തുന്നവര്‍ വിധിനിര്‍ണായക രാത്രിയുടെ പുണ്യം കിനാവു കാണുന്നതെങ്ങനെ? ആ ഗ്രന്ഥത്തിന്റെ പ്രചാരകരാവാന്‍ റമദാന്‍ നമ്മെ സജ്ജമാക്കണം.

ദീനിന്റെ സംസ്ഥാപനവും അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവുമാണ് നമ്മുടെ ലക്ഷ്യം. പരസ്പരപൂരകമായ ലക്ഷ്യത്തിന്റെ ഈ ദ്വിമുഖത വിസ്മരിക്കരുത്. സംഘടിപ്പിക്കുന്ന പരിപാടികളുടെ അഭൂതപൂര്‍വമായ വിജയം നമ്മെ വഞ്ചിതരാക്കരുത്. കൃത്യാന്തര ബാഹുല്യങ്ങളുടെ ഒരു വര്‍ഷത്തിനു ശേഷം, അല്ലാഹുവിനോട് നാമെത്രയടുത്തു എന്ന ചോദ്യത്തെ ഓര്‍മിപ്പിക്കുകയാണ് റമദാന്‍.

സമരോത്സുകവും വിജയോന്മുഖവുമാണ് റമദാന്‍- ബദ്‌റും ഫത്ഹു മക്കയും. പൊരുതിയേ വിജയത്തിലെത്തൂ. കെട്ടകാലത്തോട്, തിന്മയുടെ കാവല്‍ക്കാരോട്, മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുകള്‍ തീര്‍ക്കുന്നവരോട്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി, പൈശാചികത പേറുന്ന ദേഹേഛയോട്-അതത്രെ ശ്രേഷ്ഠമായ പോരാട്ടം. റമദാന്‍ നമ്മെ അതിന് സന്നദ്ധമാക്കണം.

ദാനധര്‍മങ്ങള്‍ക്ക് സീമാതീതം പ്രതിഫലം ലഭിക്കും റമദാനില്‍. അവ നമ്മുടെ കലവറയില്ലാത്ത കരുതിവെപ്പുകളാണ്. സകാത്ത് നല്‍കാന്‍ മാത്രം ധനികനായിരുന്നില്ല പ്രവാചകന്‍. പക്ഷേ, റമദാനില്‍ അടിച്ചുവീശും കാറ്റുപോലെ ആ ഉദാരത ചുറ്റുമുള്ളവരെ തഴുകി. 

ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമുള്ള മത്സരയോട്ടത്തില്‍ പിറകിലായവര്‍ക്ക് ഗതിവേഗം നേടാനുള്ള അവസരമാണ് റമദാന്‍. നിമിഷം പാഴാവരുത്. നമസ്‌കാരങ്ങളും പ്രാര്‍ഥനകളും   ഖുര്‍ആന്‍ പാരായണങ്ങളും ദാനധര്‍മങ്ങളും കൊണ്ട് അതിനെ നിറക്കുക. ആരും സഹായിക്കാനില്ലാത്ത നാളില്‍ വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ നമുക്കായി ന്യായം പറയും, സാക്ഷിയാവും. അല്ലാഹു അനുഗ്രഹിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (96-104)
എ.വൈ.ആര്‍

ഹദീസ്‌

ആ പുണ്യ മാസമിതാ....
കെ.സി ജലീല്‍ പുളിക്കല്‍