റമദാനിലെ രാത്രി നമസ്‌കാരം
അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുന്നതിനു മുമ്പ് തന്നെ നബിയോടും സത്യവിശ്വാസികളോടും നിര്‍ദേശിക്കപ്പെട്ട ഐഛിക കര്‍മമാണ് രാത്രി നമസ്‌കാരം. ആദ്യമിറങ്ങിയ ഖുര്‍ആന്‍ അധ്യായങ്ങളിലൊന്നില്‍ പറയുന്നു: ''മൂടിപ്പുതച്ചവനേ, രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുക. കുറച്ചുനേരമൊഴികെ. അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക. അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക'' (73:1-4). മറ്റൊരിടത്ത് ഇങ്ങനെയും വന്നിരിക്കുന്നു. ''രാവില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് 'തഹജ്ജുദ്' നമസ്‌കരിക്കുക. ഇത് നിനക്ക് കൂടുതല്‍ അനുഗ്രഹം നേടിത്തരുന്ന ഒന്നാണ്. അതുവഴി നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം'' (17:79).
മുഹമ്മദ് നബിയുടെ ഉമ്മത്ത് മാത്രമല്ല മുന്‍കാല വേദക്കാരും രാത്രി പ്രാര്‍ഥന നിര്‍വഹിച്ചവരായിരുന്നു. ''അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു'' (3:113). വിനയവും പ്രത്യാശ
യും അഹങ്കാരമില്ലായ്മയും മനുഷ്യനില്‍ രൂപപ്പെടുന്നതില്‍ രാത്രി നമസ്‌കാരത്തിന് വലിയ പങ്കു്. ''നമ്മുടെ വചനങ്ങള്‍ വഴി ഉദ്‌ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരും മാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല. പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്നു അകന്നുപോകും. നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. ആര്‍ക്കുമറിയില്ല, തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം'' (32:15-17).
ഈ രാത്രി നമസ്‌കാരം റമദാനില്‍ 'തറാവീഹ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. 'റമദാനിലെ നിശാ നമസ്‌കാരത്തിന്റെ ശ്രേഷ്ഠത' എന്ന അധ്യായത്തില്‍, ഇമാം ബുഖാരി അബൂഹുറയ്‌റയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: ''സത്യവിശ്വാസത്തോടും പ്രതിഫലേഛയോടും കൂടെ ആര്‍ റമദാനില്‍ രാത്രി നമസ്‌കാരം നിര്‍വഹിച്ചുവോ അവന്റെ മുന്‍ പാപങ്ങളെല്ലാം പൊറുത്തുകൊടുക്കുന്നതാണ്.'' നബി(സ)യുടെ പ്രവൃത്തിയെക്കുറിച്ച് ഇമാം ബുഖാരി ഉര്‍വയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഇശ(റ) പറഞ്ഞു: ''നബി(സ) ഒരു രാത്രിയുടെ അന്ത്യയാമത്തില്‍ ഇറങ്ങി പുറപ്പെട്ടു (മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍, 'അത് റമദാനിലായിരുന്നു' എന്ന് വന്നിട്ടുണ്ട്). എന്നിട്ട് പള്ളിയില്‍ പോയി നമസ്‌കരിച്ചു. നേരം വെളുത്തപ്പോള്‍ ജനങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചു. അങ്ങനെ കൂടുതലാളുകള്‍ (അടുത്ത ദിവസം പള്ളിയില്‍) ഒരുമിച്ചുകൂടി. നബിയെ പിന്തുടര്‍ന്ന് അവര്‍ നമസ്‌കരിച്ചു. അടുത്ത പ്രഭാതത്തിലും ജനങ്ങള്‍ അതേപ്പറ്റി സംസാരിച്ചു. മൂന്നാമത്തെ രാത്രി പള്ളിയില്‍ നിരവധി ആളുകള്‍ സന്നിഹിതരായി. നബി(സ) അന്നും പള്ളിയില്‍ വന്നു നമസ്‌കരിച്ചു. നാലാമത്തെ രാത്രിയായപ്പോള്‍ പള്ളിയില്‍ ഒതുങ്ങാത്തത്ര ആളുകള്‍ എത്തിച്ചേര്‍ന്നു (പക്ഷേ പ്രവാചകന്‍ നമസ്‌കരിക്കാനെത്തിയില്ല). അന്ന് നബി(സ) സ്വുബ്ഹ് നമസ്‌കാരശേഷം ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങള്‍ ഇവിടെ ഒരുമിച്ചുകൂടിയത് അറിയാത്തതുകൊണ്ടല്ല. മറിച്ച്, ഈ നമസ്‌കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമായേക്കുമോയെന്ന് ഭയപ്പെട്ടതിനാലാണ് ഞാന്‍ വരാതിരുന്നത്. അങ്ങനെയായാല്‍ നിങ്ങള്‍ക്കത് നിര്‍വഹിക്കാന്‍ സാധിക്കാതെ വന്നേക്കും.'' ഇബ്‌നു ശിഹാബ് പറഞ്ഞു. ''നബി(സ) മരണമടയുംവരെ സ്ഥിതി ഇങ്ങനെയായിരുന്നു. അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ആദ്യകാലത്തും ഇതേ അവസ്ഥ തുടര്‍ന്നു'' (ഫത്ഹുല്‍ ബാരി വാ: 4, പേജ് 251, മുവത്വ വാ: 1, പേജ് 22).
ഇമാം ബുഖാരി, അബ്ദുര്‍റഹ്മാനിബ്‌നു അബ്ദില്‍ ബാരിയില്‍നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ കൂടെ റമദാനിലെ രണ്ടു രാത്രി പള്ളിയില്‍ പോയി. പള്ളിയില്‍ ഛിന്നിച്ചിതറിയ രൂപത്തില്‍ ചിലര്‍ ഒറ്റക്കും ചിലര്‍ കൂട്ടായും നമസ്‌കരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഉമര്‍ പറഞ്ഞു: 'ഇവരെ ഒരു ഖാരിഇന്റെ പിന്നില്‍ ഒരുമിപ്പിക്കുകയാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു.' അങ്ങനെ അദ്ദേഹം ഉബയ്യുബ്‌നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ അവരെ ഒരുമിപ്പിച്ചു. പിന്നെ ഒരു രാത്രി ഞാന്‍ ഉമറിന്റെ കൂടെ ചെന്നു നോക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് ഒരു ഖാരിഇന്റെ പിന്നില്‍ നമസ്‌കരിക്കുന്നതാണ് കണ്ടത്. ഉമര്‍(റ) പറഞ്ഞു: ''ഈ പുതിയ സംവിധാനം എത്ര നന്നായിരിക്കുന്നു. എന്നാല്‍, ഈ നമസ്‌കാരത്തില്‍ പങ്കെടുക്കാതെ ഉറങ്ങുന്നതാണ് ഇപ്പോള്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം'' (രാത്രിയുടെ അവസാനം നമസ്‌കരിക്കാന്‍ വേണ്ടി അതിന്റെ ആദ്യയാമത്തില്‍ ഉറങ്ങുക എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഫത്ഹുല്‍ ബാരി, വാ: 4, പേജ് 25). ഈ വിവരണത്തില്‍നിന്ന്, റമദാന്‍ രാത്രി ഒരേ ഇമാമിന്റെ കീഴില്‍ എല്ലാവരും ഒരുമിച്ച് ജമാഅത്തായി നമസ്‌കരിക്കുന്ന രീതി തുടക്കത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാകുന്നു. അതേസമയം നബിയോ ഏതെങ്കിലും സ്വഹാബിയോ ഈ രീതിയെ തള്ളിപ്പറഞ്ഞിട്ടുമില്ല. റമദാനിലെ രാത്രി നമസ്‌കാരം സുന്നത്താണെന്ന് നബിയുടെ വാക്കുകളിലൂടെയും അത് ജമാഅത്തോടെ നമസ്‌കരിക്കാമെന്ന് നബിയുടെ പ്രവൃത്തിയിലൂടെയും തെളിഞ്ഞിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ വ്യവസ്ഥയും ചിട്ടയും ഉണ്ടാക്കുകയാണ് ഉമര്‍(റ) ചെയ്തത്.
നബി(സ)യോ ഖുലഫാഉര്‍റാശിദുകളോ റമദാനിലെ രാത്രി നമസ്‌കാരത്തെക്കുറിക്കാന്‍ 'തറാവീഹ്' (വിശ്രമം) എന്ന് പ്രയോഗിച്ചിട്ടില്ല. ഈ പ്രയോഗം എന്നു മുതല്‍ ആരാണ് പ്രയോഗിച്ചുതുടങ്ങിയത് എന്നും വ്യക്തമല്ല. ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നു: ''റമദാന്‍ രാത്രികളില്‍ ജമാഅത്തായുള്ള നമസ്‌കാരത്തിന് 'തറാവീഹ്' എന്നു പറയാന്‍ കാരണം, അവര്‍ നമസ്‌കാരത്തിനായി ഒരുമിച്ചുകൂടിയപ്പോള്‍ ഓരോ ഈരണ്ട് റക്അത്ത് കഴിഞ്ഞ് സലാം വീട്ടിയ ശേഷവും വിശ്രമിക്കാറുണ്ടായിരുന്നു എന്നതാണ്'' (ഫത്ഹുല്‍ ബാരി, വാ: 3, പേജ് 25). സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തില്‍ ഇമാം നവവി(റ) പറയുന്നു: ''ഖിയാമു റമദാന്‍ (റമദാനിലെ രാത്രി നമസ്‌കാരം) കൊണ്ടുദ്ദേശിക്കുന്നത് തറാവീഹ് നമസ്‌കാരമാണ്'' (വാ 1, പേജ് 259).
Comments