ഭക്ഷണം കൊണ്ട് ആഘോഷിക്കുമോ ഈ റമദാനും!
മലയാളിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പുറത്തു വരുന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ആഗോള തലസ്ഥാനമാവുകയാണ് കേരളം. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പ്രമേഹം; 42 ശതമാനം പേര്‍ക്ക് രക്തസമ്മര്‍ദം. കൊച്ചു കുട്ടികള്‍ക്ക് അമിത വണ്ണവും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും. ജീവിതശൈലിയും തെറ്റായ ആഹാര രീതിയുമൊക്കെയാണിതിന്റെ മുഖ്യകാരണം. മുസ്‌ലിം സമൂഹവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് മാത്രമല്ല, പലപ്പോഴും ഒരു പടി മുന്നിലാണു താനും.
അഹിതാഹാരവും (ത്വയ്യിബ് അല്ലാത്തത്) അമിതാഹാരവും (ഇസ്‌റാഫ്) ശാരീരിക രോഗങ്ങള്‍ക്ക് മാത്രമല്ല, ഒട്ടേറെ മാനസിക രോഗങ്ങള്‍ക്കും വഴിവെക്കുന്നുവെന്നാണ് പഠനങ്ങള്‍. തെറ്റായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കാന്‍ മാനസികമായി സ്വയം പാകപ്പെടുകയാണ് ആദ്യം വേണ്ടത്. ചിട്ടയായ പരിശീലനങ്ങള്‍ വഴി ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രണവിധേയമാക്കണം. അതിനേറ്റവും അനുയോജ്യമായ സന്ദര്‍ഭമാണ് റമദാന്‍.
എന്നാല്‍, പുണ്യങ്ങളുടെ വസന്തകാലമായ റമദാനില്‍ മുസ്‌ലിംകള്‍ താമസിക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ചാല്‍ അതിരുവിടുന്ന സദ്യവട്ടങ്ങളുടെ കാലമാണോ ഇതെന്ന് തോന്നിപ്പോകും. റമദാന്‍ ആഗതമാവുമ്പോള്‍ മുസ്‌ലിം ഭവനങ്ങളില്‍ പ്രകടമാകുന്ന ഭാവമാറ്റങ്ങള്‍, തിന്നാനും കുടിക്കാനുമുള്ള നാളുകള്‍ ഇതാ വന്നെത്തിക്കഴിഞ്ഞു എന്ന് ഉദ്‌ഘോഷിക്കുംവിധമാണ്. അതിനു വേണ്ടി വിപണി ബഹളങ്ങളും പതിവു കാഴ്ചകള്‍.
റമദാനിലെ പലരുടെയും ഭക്ഷണ ശീലങ്ങള്‍ നോമ്പിന്റെ അന്തസ്സത്തയുമായി വളരെ വിദൂരത്തിലാണ്. ഈ പുണ്യ മാസത്തിലാണ് പലരും ഏറ്റവുമധികം ഭക്ഷണം ഒരുക്കുന്നതും കഴിക്കുന്നതും പാഴാക്കിക്കളയുന്നതും. ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യത്തിലാണ് നോമ്പുതുറയുടെയും മറ്റും സാഫല്യമെന്ന് തെറ്റിദ്ധരിച്ച പോലെ.
നോമ്പിനെ വേണ്ടവിധം ആരാധനകള്‍ കൊണ്ട് സമ്പന്നമാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാത്തതിന്റെ മുഖ്യ കാരണം, വിഭവങ്ങളൊരുക്കാന്‍ അവര്‍ അടുക്കളയിലായിരിക്കും എന്നതാണ്. ഉച്ചക്കു മുമ്പേ തുടങ്ങുന്നു നോമ്പുതുറ വിഭവങ്ങളൊരുക്കല്‍. നോമ്പുതുറ കഴിഞ്ഞാല്‍ പാത്രം കഴുകലും മറ്റു ശുചീകരണ യത്‌നങ്ങളും. അത് കഴിഞ്ഞാല്‍ അടുത്ത ഘട്ട ഭക്ഷണമൊരുക്കാനുള്ള സമയമായി. അരിച്ചും അരച്ചും ഇടിച്ചും ചതച്ചും കരിച്ചും പൊരിച്ചും വിഭവങ്ങളൊരുക്കുന്നതിനിടയില്‍ നേരെ ചൊവ്വേ ഖുര്‍ആന്‍ വായിക്കാനോ ആരാധനാ കര്‍മങ്ങള്‍ അവധാനതയോടെ ചെയ്യാനോ അവര്‍ക്ക് കഴിയുന്നില്ല. കല്യാണാഘോഷത്തിന്റെ തിരക്കില്‍ നികാഹിന് സമയം കിട്ടിയില്ല എന്ന് പറഞ്ഞതുപോലെ!
പകലില്‍ ഒന്നോ രണ്ടോ നേരത്ത് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ റമദാന്‍ രാത്രികളില്‍ കഴിക്കുന്നതും പകലില്‍ കിടന്നുറങ്ങുന്നതും പലരുടെയും ശീലമാണ്. സാധാരണ ദിനചര്യകളില്‍ ചെറിയൊരു മാറ്റം വരുത്തുന്നുവെന്ന് മാത്രം. റമദാന്‍ പകലുകളില്‍ മുസ്‌ലിം പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഹര്‍ത്താലുകളെ ഓര്‍മിപ്പിക്കുന്ന വിജനതയും ശൂന്യതയും. പകലുറക്കം കഴിഞ്ഞാലോ മടിയും വിരസതയും സമയം തള്ളിനീക്കലുമൊക്കെ. ഇത്തരം റമദാനുകള്‍ എത്ര കഴിഞ്ഞാലും ആളുകളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടാവുകയില്ല.
കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ ഉറക്കം സ്വാഭാവികമാണ്. ഭക്ഷണത്തിന്റെ ദഹനം, ഊര്‍ജ സംഭരണം, ഊര്‍ജത്തിന്റെ പുനരുപയോഗം തുടങ്ങിയ പ്രക്രിയകള്‍ നിയന്ത്രിക്കുകയും ക്രമപ്രവൃദ്ധമായി നിലനിര്‍ത്തുകയും ചെയ്യുന്ന ശാരീരിക സംവിധാനങ്ങള്‍ കുറ്റമറ്റതായി നിലനില്‍ക്കണമെങ്കില്‍ ഗ്രന്ഥികള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ശരിയായി പ്രവര്‍ത്തിക്കാനുള്ള സാവകാശവും അവസരവും ഉണ്ടാവണം. ഭക്ഷണം കഴിക്കാതെയുള്ള ഇടവേളകള്‍ ഇതിനാവശ്യമാണ്. അവയുടെ ധര്‍മം നിര്‍വഹിക്കാനുള്ള അവസരമാണ് ഉപവാസത്തിലൂടെ ഉണ്ടാവുന്നത്. രാത്രിയില്‍ അമിതമായി ഭക്ഷിക്കുകന്നതും പകല്‍ കിടന്നുറങ്ങുന്നതും ഈ ശാരീരിക പ്രക്രിയകളെ തടസ്സപ്പെടുത്തും.
ആര്‍ത്തിക്കും ആസക്തിക്കും നിയന്ത്രണമേര്‍പ്പെടുത്തി, പരിചിത ശീലങ്ങളെ വര്‍ജിച്ചും ഇഛകളെ നിയന്ത്രിച്ചും നോമ്പുകാലത്ത് ഭക്ഷണത്തിന്റെ അളവ് കുറക്കുകയാണ് വേണ്ടത്. അങ്ങനെ ദഹനേന്ദ്രിയങ്ങള്‍ക്കും മറ്റു ആന്തരികാവയവങ്ങള്‍ക്കും വിശ്രമം നല്‍കുമ്പോഴാണ് നോമ്പുകാരന് ആത്മീയ നിര്‍വൃതിയോടൊപ്പം ആരോഗ്യം കൂടി ലഭിക്കുന്നത്. പകലില്‍ പട്ടിണി കിടന്നതിന് രാത്രി പകരം വീട്ടിയാല്‍ വ്രതത്തിന്റെ ആരോഗ്യപരമായ സല്‍ഫലങ്ങള്‍ ലഭ്യമാവുകയില്ല.
റമദാന്‍ കാലം മിതത്വത്തെയും ആത്മനിയന്ത്രണത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വയം നിയന്ത്രിക്കാനുള്ള ഈ പരിശീലനം ഭക്ഷണകാര്യത്തിലെത്തുമ്പോള്‍ പലപ്പോഴും കാണുന്നില്ല. ഹിതവും മിതവുമായ ആഹാരം കൊണ്ട് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനുള്ള വഴിയാണ് ഉപവാസം. ജഡികേഛകളോടും ജന്തുത്വത്തോടുമുള്ള പോരാട്ടമാണത്. അന്നപാനീയങ്ങളുടെ നിയന്ത്രണം വ്രതത്തിന്റെ പ്രധാന ഭാഗമാക്കിയത്, മറ്റു കാലങ്ങളിലും ഈ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ്.
ഇഫ്ത്വാറിന്റെയും നോമ്പു സല്‍ക്കാരങ്ങളുടെയും ഒക്കെ പേരില്‍ ആര്‍ഭാടങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഭക്ഷണമേശകളെ ലാളിത്യം കൊണ്ട് അലങ്കരിക്കാന്‍ നമുക്കാവണം. ഇസ്‌ലാമിന്റെ ഭക്ഷണ സംസ്‌കാരം പ്രതിഫലിപ്പിക്കാനും വിശപ്പിന്റെ ആത്മീയത ഉള്‍ക്കൊള്ളാനും നമുക്ക് കഴിയണം. വ്രതം കേവലം ആചാരവും അനുഷ്ഠാനവും ശീലവും ആകുമ്പോള്‍ അതിന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ മറക്കപ്പെടുന്നു. ആസക്തിയും അമിതത്വവും ആധ്യാത്മികതയുടെ നേര്‍വിപരീതമാണ്. ദേഹേഛയും ഇഛാശക്തിയും ഒത്തുചേരുകയില്ല. ഒന്നില്ലാതാകുമ്പോഴേ മറ്റേത് വളരൂ.
Comments