നഷ്ടവസന്തത്തെ ഓര്‍മപ്പെടുത്തുന്ന രണ്ട് നോവലുകള്‍
''ദൈവം എന്നെ മര്‍സിയ്യയില്‍ ജനിപ്പിക്കുകയും ദമസ്‌കസില്‍ മരിപ്പിക്കുകയും ചെയ്യുന്നത് വരെ നിലക്കാത്ത യാത്രയിലായിരുന്നു ഞാന്‍. എത്രയത്ര നാടുകള്‍ കണ്ടു, എത്രയെത്ര മനുഷ്യര്‍ക്ക് മുഖാമുഖം നിന്നു, എത്രയെത്ര പുണ്യ പുരുഷന്മാര്‍ക്കൊപ്പം സഹവസിച്ചു! ഞാന്‍ മുവഹ്ഹിദുകള്‍ക്കും അയ്യൂബികള്‍ക്കും അബ്ബാസികള്‍ക്കും സല്‍ജൂഖുകള്‍ക്കും കീഴില്‍ ജീവിച്ചു. ഞാന്‍ ജനിക്കും മുമ്പേ പടച്ച തമ്പുരാന്‍ ഇങ്ങനെയൊക്കെ ഖദ്‌റാക്കി വെച്ചിട്ടുണ്ടാവണം. ഉപരോധിക്കപ്പെട്ട നഗരത്തില്‍ പിറന്ന ഒരാളില്‍ നഗരമതിലുകള്‍ ചാടിക്കടന്ന് പുറത്തേക്കോടാനുള്ള വന്യമായ ത്വര ഉണ്ടായിരിക്കും. വിശ്വാസി നിതാന്ത യാത്രയിലാണ്. ഒരാളുടെ സ്വത്വവും ഉണ്‍മയുമെല്ലാം യാത്രയിലെ യാത്രയാണ്. യാത്ര ഉപേക്ഷിക്കുന്നവന്‍ നിശ്ചലനാകുന്നു, നിശ്ചലനാകുന്നവന്‍ ശൂന്യതയിലേക്ക് മടങ്ങുന്നു.'' കനഡയില്‍ താമസിക്കുന്ന സുഊദി വംശജന്‍ മുഹമ്മദ് ഹസന്‍ ഉല്‍വാന്‍ (38 വയസ്സ്) എഴുതിയ 'ചെറിയ മരണം' (മൗത്തുന്‍ സ്വഗീര്‍) എന്ന അറബി നോവലിന്റെ മൂന്നാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ഹിജ്‌റ ആറ്, ഏഴ് നൂറ്റാണ്ടുകളിലായി ജീവിച്ച ഇസ്‌ലാമിക ചരിത്രത്തിലെ വിവാദ പുരുഷന്‍ ഇബ്‌നു അറബി (ഹി. 554-638)യുടെ ജീവിതം പ്രമേയമാകുന്ന നോവല്‍. 2017-ലെ 'അറബി നോവല്‍ ലോക പുരസ്‌കാരം' (അറബിയിലെ 'ബുക്കര്‍' എന്ന് അറിയപ്പെടുന്നു) ഈ കൃതിയാണ് നേടിയത്.
കഥാ പുരുഷന്‍ തന്നെ കഥ പറയുന്ന രചനാ തന്ത്രമാണ് ഈ കൃതിയില്‍ സ്വീകരിച്ചിരിക്കുന്നത്. അലച്ചിലും വിരഹവും പ്രവാസവുമൊക്കെയാണ് മുഖ്യ പ്രമേയം. ഇന്നും വളരെ പ്രസക്തമായ വിഷയങ്ങള്‍. ഭരണകൂടങ്ങളുടെ പ്രതിലോമകരമായ നീക്കങ്ങളാണ് പൗരനെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതെന്ന സന്ദേശം കഥാഖ്യാനത്തില്‍ സന്നിവേശിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. 'സ്‌നേഹം ചെറിയ മരണമാണ്' എന്ന ഇബ്‌നു അറബിയുടെ ഒരു വാക്യത്തില്‍നിന്നാണ് നോവലിന്റെ പേര് സ്വീകരിച്ചിരിക്കുന്നത്. 'ഗര്‍ഭപാത്രങ്ങള്‍ നമ്മുടെ ജന്മദേശങ്ങളായിരുന്നു; ജനനത്തോടെ നമ്മള്‍ അപരിചിതരായി' പോലുള്ള ഇബ്‌നു അറബിയില്‍നിന്നുള്ള ഉദ്ധരണികള്‍ ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഏതാണ്ട് ഇതേ കാലത്ത് ജീവിച്ച അബ്ദുല്‍ ഹഖ് ഇബ്‌നു സബ്ഈന്‍ (ഹി. 614-699) എന്ന തത്ത്വചിന്തകനും സൂഫിയുമായ പണ്ഡിതനെക്കുറിച്ച് മൊറോക്കന്‍ നോവലിസ്റ്റായ ബന്‍സാലിം ഹിമ്മീശിന്റെ 'ഈ അന്‍ദുലൂസിക്കാരന്‍' (ഫാദല്‍ അന്‍ദുലൂസി) എന്ന നോവലും ഈയടുത്താണ് പുറത്തിറങ്ങിയത്. ഇരു നോവലുകളും മറ്റൊരര്‍ഥത്തില്‍ അന്‍ദുലൂസ് (മുസ്‌ലിം സ്‌പെയിന്‍) എന്ന നഷ്ടവസന്തത്തെക്കുറിച്ച ഓര്‍മകളാണ്. അറബികള്‍ ഇന്നെത്തിനില്‍ക്കുന്ന അപചയത്തിന്റെ ആഴമളക്കാന്‍ ഉപകരിക്കുന്ന രചനകള്‍.
Comments