Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

മൂന്നാം ലോകയുദ്ധത്തിന്റെ മണിമുഴങ്ങുന്നു?

അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് അമേരിക്ക വര്‍ഷിച്ച ഒരൊറ്റ ബോംബിന്റെ ഭാരം പതിനായിരം കിലോ! ഏതാണ്ട് ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള സകലതും അത് തരിപ്പണമാക്കിക്കളയും. ഗുഹകളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ഇരുന്നൂറോളം ഐ.എസുകാരെ പിടികൂടാനാണത്രെ ഈ ബോംബെറിഞ്ഞത്. 'ബോംബുകളുടെ മാതാവ്' എന്നാണ് അമേരിക്ക അതിനെ വിളിക്കുന്നത്. ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം അമേരിക്ക പ്രയോഗിക്കുന്ന ഏറ്റവും മാരകമായ ബോംബ്. ആണവ ബോംബല്ല എന്ന സമാധാനമേയുള്ളൂ. തൊട്ടുമുമ്പ് സിറിയയിലെ ഒരു ചെറിയ യുദ്ധ വിമാനത്താവളം തകര്‍ക്കുന്നതിന് അമേരിക്ക തൊടുത്തുവിട്ടത് 59 തൊമഹോക്ക് ക്രൂയിസ് മിസൈലുകള്‍. ഇതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സന്ദേശം വളരെ വ്യക്തം. തന്റെ മുന്‍ഗാമിയെപ്പോലെ അമാന്തിച്ച് നില്‍ക്കുന്നവനല്ല താന്‍. വേണ്ടിവന്നാല്‍ ഏതു തരം ആയുധവും ആര്‍ക്കെതിരെയും പ്രയോഗിക്കും. ആക്രമണങ്ങള്‍ നടന്നത് അഫ്ഗാനിസ്താനിലും സിറിയയിലുമാണെങ്കിലും, റഷ്യക്കും ചൈനക്കും ഇറാന്നും നല്‍കിയ മുന്നറിയിപ്പായിരുന്നു യഥാര്‍ഥത്തില്‍ ആ ആക്രമണങ്ങള്‍.

റഷ്യ പെട്ടെന്ന് പ്രതികരിച്ചിട്ടില്ലെങ്കിലും അണിയറയില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയാണെന്നാണ് സൂചനകള്‍. അമേരിക്കയുടെ അടുത്ത് 'ബോംബുകളുടെ മാതാവ്' ഉണ്ടെങ്കില്‍ തങ്ങളുടെ കൈവശം 'ബോംബുകളുടെ അഛന്‍' തന്നെ ഉണ്ടെന്നാണ് റഷ്യയുടെ അവകാശവാദം. അമേരിക്ക നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പ്രയോഗിച്ച ബോംബിനേക്കാള്‍ നാലിരിട്ടി ശക്തിയുള്ളത്. ചുറ്റുപാടിലുള്ളതെല്ലാം അത് കരിച്ചുകളയും. ഇതെല്ലാം ഒരു മൂന്നാം ലോക യുദ്ധത്തിന്റെ സാധ്യതകള്‍ തുറന്നിടുകയാണെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. ഒരുപക്ഷേ പശ്ചിമേഷ്യ തന്നെയാവും അതിന് വേദിയാവുക. കാരണം സിറിയയില്‍ അമേരിക്കയും റഷ്യയും മുഖാമുഖം നില്‍ക്കുകയാണ്. ട്രംപ്-പുടിന്‍ സൗഹൃദമൊക്കെ അവസാനിച്ച മട്ടാണ്. സിറിയന്‍ പ്രശ്‌നത്തില്‍ മുന്‍ഗാമിയുടെ അഴകൊഴമ്പന്‍ നയം താന്‍ പിന്തുടരില്ലെന്നും ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. ബശ്ശാറുല്‍ അസദിന്റെ യുദ്ധവിമാനത്താവളം അമേരിക്ക തകര്‍ത്തപ്പോള്‍ റഷ്യന്‍ വിമാനങ്ങളും അതില്‍ ചാമ്പലായിരുന്നു. അതിലുള്ള അരിശം ഉള്ളിലൊതുക്കി കഴിയുകയാണ് റഷ്യ.

പശ്ചിമേഷ്യക്ക് ആശ്വസിക്കാന്‍ നേരിയ വക കാണുന്നുണ്ട്. യുദ്ധമുഖം ഇപ്പോള്‍ കൊറിയയിലേക്ക് മാറിയിരിക്കുന്നു. ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയെ പാഠം പഠിപ്പിക്കുമെന്നും 'അടവുപരമായ ക്ഷമ'യുടെ കാലം കഴിഞ്ഞിരിക്കുകയാണെന്നുമാണ് ദക്ഷിണ കൊറിയയില്‍ വെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക നടത്തുന്ന ഏത് സൈനിക നീക്കത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഉത്തര കൊറിയയും.

ചുരുക്കത്തില്‍ ഒരു നൂല്‍പാലത്തിലൂടെയാണ് ലോകത്തിന്റെ സഞ്ചാരം. അപ്രതീക്ഷിതമായ ഏതു നീക്കവും ഒരു ആഗോള യുദ്ധത്തിന് വഴിമാറാം. രണ്ടാം ലോക യുദ്ധം നടന്ന തൊള്ളായിരത്തി നാല്‍പതുകളില്‍നിന്ന് വളരെ മാറിക്കഴിഞ്ഞിട്ടുണ്ട് ലോകം. ഇന്ന് ആണവായുധങ്ങളുടെ കൂമ്പാരങ്ങള്‍ തന്നെ പല രാഷ്ട്രങ്ങളും സ്വന്തമാക്കിയിരിക്കുന്നു. അവയില്‍ കുറച്ചെണ്ണം പ്രയോഗിച്ചാല്‍ തന്നെ ഭൂമി ചാരമാകും. ഹിരോഷിമയില്‍നിന്നും നാഗസാക്കിയില്‍നിന്നും നാമൊന്നും പഠിച്ചില്ലെന്നാണ് ഇപ്പോഴത്തെ ലോകത്തിന്റെ പോക്ക് നല്‍കുന്ന സൂചന. അധികാര സ്ഥാനങ്ങളില്‍ വംശീയ ഭ്രാന്തന്മാര്‍ കയറിക്കൂടുന്ന ഇന്നത്തെ സാഹചര്യത്തില്‍, നമ്മുടെ ഭൂമിയെ പ്രപഞ്ചനാഥന്‍ രക്ഷിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍