Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

എം.എം ഹസൈനാര്‍

സി.പി ഹബീബ് റഹ്മാന്‍

താനൂരില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറയിട്ട ഹസൈനാര്‍ സാഹിബും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി മടങ്ങി. ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. താനൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു വന്മരം കണക്കെ തണലേകാന്‍ സാധിച്ച ഹസൈനാര്‍ സാഹിബ് തലമുറകള്‍ക്ക് ദീനീവിദ്യാഭ്യാസം നല്‍കുന്നതിന് ജീവിതം നീക്കിവെച്ച മഹാഗുരുവര്യനായിരുന്നു.

താനൂരിലും പരിസര പ്രദേശങ്ങളിലും ജമാഅത്തെ ഇസ്‌ലാമിക്ക് ജനകീയ സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹം നല്ല പങ്കുവഹിച്ചിട്ടുണ്ട്. മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് ആദ്യമായി താനൂരില്‍ സ്‌കൂള്‍ സ്ഥാപിച്ച താനൂര്‍ ഇസ്‌ലാമിക് ട്രസ്റ്റിന്റെ പ്രഥമ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. 35 വര്‍ഷത്തോളമായി നടന്നുവരുന്ന താനൂര്‍ ഇസ്‌ലാമിക് സെന്റര്‍ ഹൈസ്‌കൂളും പള്ളിയും സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നതില്‍ രോഗശയ്യയില്‍ വീഴുന്നതുവരെ അതീവ ശ്രദ്ധാലുവായിരുന്നു. 

ദീര്‍ഘകാലമായി സംഘടിത സകാത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന താനൂര്‍ സകാത്ത് കമ്മറ്റി, താനൂര്‍ ഉദ്ഹിയ്യത്ത് കമ്മിറ്റി തുടങ്ങിയവക്ക് നേതൃത്വം നല്‍കിയതും ഹസൈനാര്‍ സാഹിബായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് കേരളത്തില്‍ ആദ്യമായി തീരദേശത്ത് ഘടകം വന്നത് താനൂരിലായിരുന്നു. താനൂര്‍ തീരദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ചെറുതല്ല. താനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പളളികള്‍ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും നേതൃപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

താനൂരില്‍ മുസ്‌ലിം ഐക്യത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു. മുതവല്ലി ഭരണത്തിനു കീഴിലുള്ള താനൂര്‍ ബസ്സ്റ്റാന്റ് മസ്ജിദിനെ മുസ്‌ലിം സമൂഹത്തിനും സംഘടനകള്‍ക്കും അനുകരിക്കാവുന്ന മാതൃകയില്‍ ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും കേന്ദ്രമാക്കി മാറ്റിയതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണ്. വെള്ളിയാഴ്ചകളില്‍ മാതൃഭാഷയില്‍ ഖുത്വ്ബയും ബാക്കിയുള്ള മുഴുവന്‍ നമസ്‌കാരങ്ങള്‍ക്കും തറാവീഹിനുമൊക്കെ സുന്നീ വിഭാഗങ്ങള്‍ക്ക് സ്വീകാര്യമായ രീതിയും പ്രാവര്‍ത്തികമാക്കിയത് മുസ്‌ലിം ഐക്യശ്രമങ്ങള്‍ക്ക് വലിയ അടിത്തറയൊരുക്കിയിട്ടുണ്ട്. താനൂര്‍ ബസ്സ്റ്റാന്റ് മസ്ജിദ് കേന്ദ്രീകരിച്ച് വിപുലമായ ഈദ് ഗാഹും ഇസ്‌ലാമിക പ്രഭാഷണ പരിപാടികളും സകാത്ത് കമ്മിറ്റിയുമൊക്കെ ജനകീയമായി നിര്‍വഹിക്കാന്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ  വിയോഗം താനൂരിന് തീരാനഷ്ടം തന്നെയാണ്. 

ദീര്‍ഘകാലം താന്‍ സേവനമനുഷ്ഠിച്ചിരുന്ന പള്ളിയും അതോടനുബന്ധിച്ച തഅ്‌ലീമുസ്സിബ്‌യാന്‍ മദ്‌റസയും ഒരു വിഭാഗം പിടിച്ചെടുത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ആ പ്രശ്‌നത്തെ തെരുവില്‍ വലിച്ചിഴച്ച് സമുദായത്തിന് അപമാനമുണ്ടാക്കാതെ പക്വമായ രീതിയില്‍ കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു.

ജീവകാരുണ്യ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. തീരദേശങ്ങളില്‍ വറുതികാലത്ത് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിലും പാവപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണം, ചികിത്സാ സഹായം, സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങിയവ നിര്‍വഹിച്ചു കൊടുക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു. സംഘടിത ഫിത്വ്ര്‍ സകാത്തും ഉദ്ഹിയ്യത്തും താനൂരില്‍ തുടക്കം കുറിക്കുന്നതിനും നേതൃത്വം നല്‍കി.

താനൂര്‍ ഇസ്‌ലാമിക് ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു. ജമാഅത്തെ ഇസ്‌ലാമി താനൂര്‍ പ്രാദേശിക അമീര്‍, ഏരിയാ ഓര്‍ഗനൈസര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അദ്ദേഹം രോഗബാധിതനായ ശേഷം താനൂര്‍ ഇസ്‌ലാമിക് ട്രസ്റ്റിന്റെ നേതൃത്വം ഏറ്റെടുത്ത സി.പി.എം ബാവ സാഹിബും വി.പി.ഒ നാസര്‍ സാഹിബും ഇടക്കാലത്ത് മരണപ്പെടുകയുണ്ടായി. ഭാര്യയും 10 മക്കളുമുള്ള കുടുംബത്തെ പരമാവധി പ്രസ്ഥാനത്തോടൊപ്പം നടത്താന്‍ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. 

 

അസൂറ

പ്രസ്ഥാന പ്രവര്‍ത്തകരെ മാത്രമല്ല, പ്രദേശവാസികളെയാകെ ദുഃഖത്തിലാഴ്ത്തി കക്കാട് ടി. അസൂറയുടെ യുവത്വത്തില്‍തന്നെയുള്ള വേര്‍പാട്. ആലിയ അറബിക് കോളേജില്‍നിന്നും കുടുംബത്തില്‍നിന്നും ലഭിച്ച അറിവുകള്‍ അവര്‍ പ്രസ്ഥാന വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തി. ചെറിയ പ്രായത്തില്‍തന്നെ പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായി. വനിതാ ഘടകത്തിന്റെ നാസിമത്തായി. തന്റെ വീട്ടില്‍ സ്ത്രീകള്‍ക്കുവേണ്ടി ക്ലാസ്  അസൂറ സ്വന്തം പരിശ്രമത്താല്‍ ആരംഭിച്ചതായിരുന്നു പ്രയാസപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലും അസൂറ മുന്നിലായിരുന്നു. ജമാഅത്ത് ഘടകം പ്രതിമാസം നല്‍കുന്ന റേഷനുള്ള അര്‍ഹരെ കണ്ടെത്തുന്നതും അത് എത്തിച്ചുകൊടുക്കുന്നതും അസൂറയായിരുന്നു. 

ജമാഅത്ത് അംഗമായ ബി. ഹസ്സന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ് പി. റഫീഖും സഹോദരന്‍ അബ്ദുല്‍ വാരിസും സജീവ പ്രവര്‍ത്തകരാണ്. മകള്‍ ഫാത്വിമത്തുസ്സുഹ്‌റ ജി.ഐ.ഒ യൂനിറ്റ് പ്രസിഡന്റും മകന്‍ സിനാന്‍ ടീന്‍ ഇന്ത്യയുടെ പ്രവര്‍ത്തകനുമാണ്. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് മശ്ഹൂദ് ജാമാതാവാണ്.

സി.പി മുസ്ത്വഫ കണ്ണൂര്‍

 

പി. കുഞ്ഞാലി ചെര്‍പ്പുളശ്ശേരി

വീട്ടിലത്തെി സ്വന്തം പേരമക്കളെ കാണാനല്ല, പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന കുട്ടികളെ പ്രചോദിപ്പിക്കാനും ആശംസിക്കാനുമായി സ്‌കൂളിലേക്കോടുന്നതിനാണ് ആശുപത്രിയില്‍നിന്ന് വിടുതല്‍ കിട്ടാന്‍ ഉപ്പ ആഗ്രഹിച്ചിട്ടുണ്ടാവുക. പരീക്ഷ തുടങ്ങുന്ന ദിവസം ഐ.സി.യുവില്‍ കിടന്ന് സ്‌കൂളിലേക്ക് ഫോണ്‍ ചെയ്ത് കുട്ടികള്‍ക്ക് ആശംസ നേര്‍ന്നു, അവരെ സമ്മര്‍ദപ്പെടുത്തരുതെന്ന് ടീച്ചര്‍മാരെ വിളിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ഒട്ടേറെ കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് വീട്ടിലേക്കയച്ചിട്ടും സമാധാനമായി ഇരിപ്പുറച്ചത് സ്‌കൂളിന്റെ മുകള്‍ നിലയില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ നേരിട്ട് പങ്കെടുത്ത ശേഷമാണ്. ഭൗതികമായ എന്തെങ്കിലും ലാഭങ്ങളോ നേട്ടമോ ഉണ്ടായിട്ടല്ല സ്‌കൂളിലേക്കുള്ള ഓട്ടം, കടയില്‍നിന്ന് സമ്പാദിക്കുന്നതും അതിനുമേല്‍ കടവും കൂട്ടിച്ചേര്‍ത്താണ് സ്‌കൂളിന്റെ ചെലവുകള്‍ കണ്ടെത്തിപോന്നത്. വിലപ്പെട്ടത് പലതും അതിനായി മാറ്റിവെച്ചു. എങ്കിലും അത് ഒരു ജീവിത സമരമെന്നറിഞ്ഞ് ഉമ്മയും ഞങ്ങള്‍ മക്കളും അതിനെ പിന്തുണക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാതെ പിന്തള്ളപ്പെട്ട ഒരു സമൂഹത്തിന്റെ തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും പ്രതീകമായി മാറണം എന്ന സ്വപ്‌നവുമായാണ് ചെര്‍പ്പുളശ്ശേരി അല്‍ഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് തുടക്കമിട്ടത്. മക്കളെയും പേരമക്കളെയും പോലെ സ്‌കൂളിലെ ഓരോ കുഞ്ഞിക്കുരുന്നിനെയും ഉപ്പ സ്‌നേഹിച്ചു. കുട്ടികളേക്കാള്‍ വാശി കാണിച്ച് സ്വയം മറന്ന് വിദ്യാഭ്യാസ മേഖലക്കായി പ്രവര്‍ത്തിച്ചു. വിശ്രമമില്ലാത്ത ജോലികളുടെ അവസാനം ആശുപത്രി കിടക്കയില്‍ നിര്‍ബന്ധിത വിശ്രമത്തിനു വിധേയമാകുന്ന ഇടവേളകളിലാണ് ഞങ്ങളോട് കഥയും ചരിത്രവും പറയാന്‍ ഉപ്പാക്ക് സമയം കിട്ടിയിരുന്നതു പോലും.

ഉറ്റ ബന്ധുവും ചങ്ങാതിയുമായ പുക്കുന്നത്ത് കയ്യലിക്കല്‍ ടി. മുഹമ്മദ് കുട്ടി എന്ന മോമുട്ടിയാക്കയില്‍നിന്നാണ് ഉപ്പ പ്രസ്ഥാനത്തെക്കുറിച്ച് അറിഞ്ഞത്.  കോഴിക്കോട് വിദ്യാര്‍ഥിയായിരിക്കെ 1960-ല്‍ മൂഴിക്കലില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ പങ്കെടുത്ത മോമുട്ടിയാക്ക വീട്ടില്‍ വന്ന് സമ്മേളനാനുഭവം വിവരിച്ചത് കേട്ടുണ്ടായ നഷ്ടബോധം തീര്‍ക്കാന്‍ കിട്ടാവുന്നിടത്ത് നിന്നെല്ലാം പ്രസ്ഥാന സാഹിത്യങ്ങള്‍ സംഘടിപ്പിച്ച് വായന ആരംഭിച്ചു. വിദൂര ദേശങ്ങളില്‍ ചെന്ന് ഖുത്വ്ബുകളിലും ക്ലാസുകളിലും പങ്കുകൊണ്ടു. മലപ്പുറം നൂറാടിയില്‍ സമ്മേളനത്തിന് വേദി ഒരുങ്ങുമ്പോഴേക്കും മനസ്സ് നിറച്ചും ജമാഅത്തായിരുന്നു. സമ്മേളനം കഴിഞ്ഞെത്തിയതും പാലക്കാട് ജില്ലയിലെ ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ പള്ളിക്കായി പ്രവര്‍ത്തനങ്ങളാരംഭിച്ചു. വിവാഹത്തിന്റെ പിറ്റേനാള്‍  പള്ളിക്ക് പണം സ്വരൂപിക്കാന്‍ ദൂരദിക്കിലെങ്ങോ പോയത് കൗമാരക്കാരിയായ നവവധുവിനെയും വീട്ടുകാരെയും വിഷമത്തിലാക്കിയിരുന്നു. പിന്നെ അത് പതിവും ശീലവുമായി. പള്ളി യാഥാര്‍ഥ്യമായപ്പോള്‍ ഇവരുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പണ്ഡിതര്‍ തന്നെ മാറി മാറി എത്തി ഖുത്വ്ബ നിര്‍വഹിച്ചു പോന്നു. 

ഇസ്‌ലാമിക പ്രസ്ഥാനത്തെ ഏറ്റെടുക്കാന്‍ തക്ക സാമൂഹിക അവസ്ഥയായിരുന്നില്ല അന്ന് നാട്ടില്‍. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും ഉപ്പയിലുള്ള വിശ്വാസം പ്രസ്ഥാനത്തോടും കാണിച്ചു. മകന്‍ പറയുന്നതില്‍ നേരുണ്ട് എന്ന് തിരിച്ചറിഞ്ഞ് അതിനു പിന്തുണ നല്‍കി വല്യുപ്പയും സഹോദരങ്ങളും. അക്കാലത്ത് എല്ലാ മാസവും പ്രദേശത്തെ പഴയ പള്ളിയില്‍ മൗലീദ് നടക്കുമായിരുന്നു. പുതിയ പള്ളിയില്‍ നമസ്‌കാരം തുടങ്ങിയ ശേഷമുള്ള മൗലീദ് ദിവസം ഇനി മുതല്‍ താനില്ല എന്ന് വല്യുപ്പ പരസ്യമായി പ്രഖ്യാപിച്ചു.  അതുവരെ തുടര്‍ന്ന ശീലങ്ങള്‍ മാറി. പുതിയ പള്ളിയിലായി നമസ്‌കാരവും മറ്റും. കുടുംബം ഒന്നടങ്കം പ്രസ്ഥാനത്തെ ഏറ്റെടുത്തു. അതിന്റെ പേരില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ സമചിത്തതയോടെ നേരിട്ടു. ഉള്ളതില്‍ നല്ലത് പള്ളിക്കും പ്രസ്ഥാനത്തിനും എന്നായിരുന്നു അക്കാലത്തെ നിലപാട്.

ചെര്‍പ്പുളശ്ശേരിയില്‍നിന്ന് വള്ളുവനാടിന്റെ മുക്കുമൂലകളിലേക്കും പാലക്കാടിന്റെ കിഴക്കന്‍ മേഖല പിന്നിട്ട് തമിഴ്‌നാട് അതിര്‍ത്തിയിലേക്കും പ്രസ്ഥാനം വ്യാപിച്ചു. പ്രദേശത്തെ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താനായി നടത്തിയ ശ്രമങ്ങള്‍ വലുതായിരുന്നു. 

മോമുട്ടിയെയും കുഞ്ഞാലിയെയും എവിടെയും ഒന്നിച്ചു മാത്രമേ കണ്ടിരുന്നുള്ളൂ. ചിന്തകളും ഇഷ്ടങ്ങളും യാത്രകളും സമാനമായിരുന്നു. പ്രായത്തില്‍ അല്‍പം മുതിര്‍ന്ന മോമുട്ടിയാക്ക രണ്ടു വര്‍ഷം മുമ്പ് യാത്ര പറഞ്ഞു. പിന്നെയും ചില ദൗത്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ നാഥന്‍ അനുവദിച്ച സമയം അവസാനിച്ചതോടെ ഉപ്പയും മടങ്ങിപ്പോയി. തൊട്ടുചേര്‍ന്നുള്ള ഖബ്‌റിലേക്ക്. അവര്‍ ഇവിടെ വിതച്ചുപോയ നെല്‍മണികള്‍ പൊന്‍കതിരുകളായി മാറട്ടെ, ആമീന്‍

പി.കെ സുമയ്യ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍