Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

ഇസ്‌ലാമിക ചരിത്രത്തിലെ പണ്ഡിതവനിതകള്‍

ഇ.എന്‍ അസ്വീല്‍

വൈജ്ഞാനിക രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ ഒരുപാട് പണ്ഡിതകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. ആഇശ(റ)ക്കു ശേഷം ഫിഖ്ഹിലും അധ്യാപനത്തിലും ഹദീസ് സംരക്ഷണത്തിലും വലിയ സംഭാവനകള്‍ നല്‍കിയ മഹതികളെക്കുറിച്ച് മുസ്‌ലിം സമൂഹം വലിയൊരളവില്‍ ഇപ്പോഴും അജ്ഞരാണ്. ആധികാരിക പണ്ഡിതന്മാര്‍ തന്നെ അവരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തില്‍ മുസ്‌ലിം സ്ത്രീകള്‍ പുരുഷന്മാരുടെ നിഴലിലായിരുന്നില്ല എന്നു മാത്രമല്ല, ചിലപ്പോഴൊക്കെ അവരേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന സന്ദര്‍ഭങ്ങളും ഉണ്ട്. അടുക്കളയിലും അലക്കുകല്ലിനുമിടയില്‍ തളച്ചിടപ്പെട്ട അടിമ ജീവിതമല്ല മുന്‍കാല മുസ്‌ലിം സ്ത്രീകളുടേത്. മറിച്ച് അവര്‍ സമൂഹത്തില്‍ ഇടപെടുകയും നവോത്ഥാന പരിഷ്‌കരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്തു. നമ്മളിന്ന് ഒരുപാട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൂര്‍വപണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുമാരും സ്ത്രീവിരുദ്ധ നിലപാടുകളുള്ളവരായിരുന്നില്ല. കാരണം, അവരെല്ലാം പ്രഗത്ഭരായ അധ്യാപികമാരുടെ ശിഷ്യന്മാര്‍ കൂടിയാണ്. 

സ്ത്രീവിദ്യാഭ്യാസത്തെ പ്രവാചകന്‍ (സ) ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും അവരോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. സ്ത്രീകളും പുരുഷന്മാരും പൊതുവായി പങ്കെടുക്കുന്ന സദസ്സുകള്‍ക്ക് പുറമെ, പ്രവാചകന്‍ സ്ത്രീകള്‍ക്ക് പ്രത്യേക ദിവസം  മാറ്റിവെച്ചിരുന്നു. പെരുന്നാള്‍ ദിനങ്ങളില്‍ പൊതുവായ പ്രഭാഷണത്തിനു ശേഷം, സ്ത്രീകളുടെ സ്വഫ്ഫിനടുത്തു ചെന്ന് പ്രവാചകന്‍ (സ) പ്രത്യേകം ഉപദേശങ്ങള്‍ നല്‍കിയിരുന്നു. പ്രവാചകന്റെ ഏതു വീട്ടിലും സ്വഹാബി വനിതകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. തനിക്കിഷ്ടമില്ലാത്തയാളുമായി പിതാവ് തന്റെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഖന്‍സ ബിന്‍ത് ഖദ്ദാം, ആഇശ(റ)യുടെ വീട്ടില്‍ വന്ന് പ്രവാചകന്‍ വരുന്നതുവരെ കാത്തിരുന്ന് തന്റെ പാരാതി പറഞ്ഞ് ആ വിവാഹം ദുര്‍ബലപ്പെടുത്തിയത് പ്രശസ്തമാണല്ലോ.1 

പ്രവാചകന്‍ മരണപ്പെടുമ്പോള്‍ പണ്ഡിതന്മാരെ മാത്രമല്ല, ഒട്ടേറെ പണ്ഡിതകളെയും ബാക്കിവെച്ചാണ് വിട വാങ്ങിയത്. പ്രവാചകന്റെ മരണശേഷം പല സ്വഹാബിവനിതകളും ഖുര്‍ആന്‍ പഠിപ്പിക്കുകയും അതിന്റെ ക്രോഡീകരണത്തില്‍ സഹായിക്കുകയും പ്രവാചകന്റെ ഹദീസുകള്‍ താബിഉകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു. അല്‍ മുസ്തദ്‌റക്ക് അലാ സ്വഹീഹൈനിയുടെ കര്‍ത്താവായ ഹാകിം നൈസാപൂരി പറയുന്നു: 'നമ്മുടെ ശരീഅത്തിന്റെ നാലിലൊന്ന് സ്ത്രീകള്‍ ഉദ്ധരിച്ച ഹദീസുകളുടെ അടിസ്ഥാനത്തിലാണ്. അവരില്ലായിരുന്നെങ്കില്‍ ദീനിന്റെ നാലിലൊന്ന് നമുക്ക് നഷ്ടമാവുമായിരുന്നു.''2 ദീനിന്റെ വിഷയത്തില്‍ സ്ത്രീകള്‍ക്ക് സങ്കുചിത താല്‍പര്യങ്ങളില്ലായിരുന്നുവെന്നു കാണാം. അതിനാല്‍തന്നെ പ്രഗത്ഭ പണ്ഡിതനും ചരിത്രകാരനും നൂറോളം ബൃഹദ്ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ദഹബി പറയുന്നു: 'ഹദീസുകളുടെ നിവേദക പരമ്പരയില്‍ കള്ളം പറഞ്ഞതിന്റെ പേരില്‍ നിരസിക്കപ്പെടുകയോ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ തള്ളപ്പെടുകയോ ചെയ്ത ഒരു വനിതയെയും എനിക്കറിയില്ല.'3 ചില ഹദീസുകളുടെ നിവേദക പരമ്പരയില്‍ കള്ളം പറയുന്ന ആണുങ്ങളുണ്ടായിരുന്നതിനാല്‍ ബുഖാരിയിലും മുസ്‌ലിമിലുമൊന്നും ആ ഹദീസുകള്‍ ഇടംപിടിച്ചിട്ടില്ല എന്നും നമ്മളോര്‍ക്കണം. ദീനിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ ശ്രദ്ധ സ്ത്രീകള്‍ക്കുണ്ടായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ് ഇമാം ദഹബി നല്‍കിയത്. 

പ്രവാചക പത്‌നി ആഇശ(റ)ക്ക് ഹദീസ് നിവേദകരില്‍ രണ്ടാം സ്ഥാനമാണ്. സംശയങ്ങളുമായി സ്വഹാബിമാരും പഠനത്തിനായി താബിഉകളും ആഇശ(റ)യുടെ വീട്ടിലെത്താറുണ്ടായിരുന്നു. അബൂമൂസല്‍ അശ്അരി (റ) പറയുന്നു: 'ഞങ്ങള്‍ക്ക് വിഷമകരമായ ഏതു ഹദീസിനെക്കുറിച്ച് ചോദിച്ചാലും ആഇശക്ക് അറിയാത്തതായി ഒന്നും തന്നെ ഞങ്ങള്‍ കണ്ടിട്ടില്ല.''4 (തിര്‍മിദി). പുരുഷന്മാരായ സ്വഹാബിമാരുടെ അഭിപ്രായത്തെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെയും ആഇശ (റ) തിരുത്തിയതായി കാണാം. ഹദീസില്‍ മാത്രമല്ല, ഖുര്‍ആനിലും ഫിഖ്ഹിലും കവിതയിലും അറബികളുടെ ചരിത്രം, വംശാവലി എന്നിവയിലും ആഇശ(റ)ക്ക് പാണ്ഡിത്യമുണ്ടായിരുന്നതായി സുബൈറുബ്‌നുല്‍ അവ്വാം (റ) പറയുന്നുണ്ട്5 (അല്‍ ഹാകിം). ആഇശ(റ)യുടെ പ്രഭാഷണങ്ങള്‍ക്ക് നാലു സച്ചരിതരായ ഖലീഫമാരുടെ പ്രസംഗങ്ങളേക്കാള്‍ ചാതുരിയും ഭംഗിയും ഉണ്ടായിരുന്നതായി താബിഈ പണ്ഡിതന്‍ അഹ്‌നഫുബ്‌നു ഖൈസ് പറഞ്ഞതായി ഇമാം ദഹബി സിയറു അഅ്‌ലാമിന്നുബ്‌ലാഅ്  എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.6

ആഇശ(റ)യുടെ വീട്ടില്‍നിന്ന് വിദ്യാഭ്യാസം നേടിയവരില്‍ ഏറെ പ്രശസ്തയായിരുന്നു അംറബിന്‍ത് അബ്ദുര്‍റഹ്മാന്‍. ആഇശ(റ)യുടെ സഹോദരന്‍ അബ്ദുര്‍ഹ്മാന്റെ പുത്രിയായിരുന്നു അവര്‍. ആഇശ(റ)യുടെ മരണശേഷം മദീനയില്‍ അവര്‍ ഫത്‌വ നല്‍കിയിരുന്നു. പല പ്രഗത്ഭ പണ്ഡിതന്മാരും ജീവിച്ചിരുന്ന സമയത്താണ് ആളുകള്‍ ഫത്്വവ തേടി അവരെ സമീപിച്ചത്. ഇമാം ദഹബി അവരുടെ ജീവചരിത്രത്തില്‍ താബിഈ പണ്ഡിതന്‍മാര്‍ അവരെ പ്രശംസിച്ചതായി രേഖപ്പെടുത്തുന്നുണ്ട്.7 രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമറുബ്‌നു അബ്ദുല്‍ അസീസ് അവരോട് ഫത്‌വ തേടിയിരുന്നു.8 മദീനയിലെ പ്രശസ്ത ജഡ്ജിയായിരുന്ന അബൂബക്‌റുബ്‌നു ഹാസിമിനോട് അംറക്കറിയാവുന്ന ഹദീസുകളെല്ലാം ക്രോഡീകരിക്കാന്‍ ഉമര്‍ രണ്ടാമന്‍ പറഞ്ഞിരുന്നു. അക്കാലത്ത് മദീനയില്‍ നടന്ന ഒരു സംഭവം ഇമാം മാലിക് അദ്ദേഹത്തിന്റെ മുവത്വയില്‍ ഉദ്ധരിക്കുന്നു. മദീനയിലെ ഒരു ജഡ്ജി (അബൂബക്‌റുബ്‌നു മുഹമ്മദ്) സിറിയക്കാരനായ ഒരു കള്ളന്റെ കൈവെട്ടാന്‍ വിധി പുറപ്പെടുവിച്ചു. ഇതറിഞ്ഞ അംറബിന്‍ത് അബ്ദുര്‍റഹ്മാന്‍ ആ ജഡ്ജിയുടെ വിധി റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ ഒരു ശിഷ്യനെ അയച്ചു. ഒരു ദീനാറിന്റെ (സ്വര്‍ണ നാണയം) നാലിലൊന്നെങ്കിലും കട്ടവന്റെ കൈ മാത്രമേ വെട്ടാവൂ എന്ന പ്രവാചക വചനം ഉദ്ധരിച്ചു കേട്ടപ്പോള്‍ ജഡ്ജ് തന്റെ ഉത്തരവ് പിന്‍വലിക്കുകയും കള്ളനെ മോചിപ്പിക്കുകയും ചെയ്തു.9

റുബയ്യിഅ് ബിന്‍ത് മുഅവ്വിദ ബുഖാരിയിലും മുസ്‌ലിമിലും തിര്‍മിദിയിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ട സ്വഹാബി വനിതയാണ്. അവരുടെ പിതാവ് ബദര്‍ യുദ്ധത്തിനിടയില്‍ വധിക്കപ്പെട്ടു.10 പ്രവാചകന്‍ വുദൂവെടുക്കുന്നത് നേരിട്ടുകണ്ടു പഠിച്ച അവര്‍ വുദൂവെടുക്കുന്നത് പഠിപ്പിക്കുന്നതില്‍ പ്രശസ്തയായിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസിനെയും അഹ്‌ലുബൈത്തില്‍ പെട്ട അലിയ്യുബ്‌നു സൈനുല്‍ ആബിദീനെയും അവര്‍ വുദൂവെടുക്കാന്‍ പഠിപ്പിച്ചു.11 പ്രവാചകനില്‍നിന്ന് നേടിയെടുത്ത അറിവിന്റെ ശേഖരങ്ങള്‍ കരസ്ഥമാക്കാന്‍ പലരും സ്വഹാബി വനിതകളെ സമീപിച്ചിരുന്നുവെന്നതിനും അവര്‍ പഠിപ്പിച്ചിരുന്നുവെന്നതിനും ഹദീസ് ഗ്രന്ഥങ്ങളിലെ ഓരോ അധ്യായത്തിലുമുള്ള മഹതികളുടെ പേരുകള്‍ തന്നെ തെളിവാണ്. 

സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല എന്നത് സര്‍വാംഗീകൃത നിയമം പോലെ കൊണ്ടുനടക്കുന്ന ഒരു നാട്ടിലാണ് നമ്മള്‍ ജിവിക്കുന്നത്. മുന്‍കാലങ്ങളില്‍ പള്ളികളില്‍ ദര്‍സ് നടത്താന്‍ മാത്രം പാണ്ഡിത്യമുള്ള സ്ത്രീകളുായിരുന്നു. അവരിലൊരാളായിരുന്നു പ്രസിദ്ധ താബിഈ പണ്ഡിത ഉമ്മു ദര്‍ദാഅ്. അവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ ബുഖാരി ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളിലുണ്ട്. ദമസ്‌കസിലെ ഉമവീ പള്ളിയിലെ പ്രമുഖ അധ്യാപികയായിരുന്നു അവര്‍. ആറു മാസം അവര്‍ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലും ആറു മാസം ദമസ്‌കസിലെ ഉമവീ പള്ളിയിലും ദര്‍സ് നടത്തി.12 ഖലീഫ അബ്ദുല്‍ മലിക് (അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ഇദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ പ്രശംസിക്കുകയും ആളുകളോട് അബ്ദുല്‍ മലികിനോട് ഫത്‌വ തേടാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു) ഉമ്മു ദര്‍ദാഇന്റെ സദസ്സില്‍ സംബന്ധിക്കാറുണ്ടായിരുന്നു.13 നമസ്‌കാര സമയമായാല്‍ ഖലീഫ തന്നെ അവരെ സ്ത്രീകളുടെ സ്വഫ്ഫിനടുത്തേക്ക് പോകാന്‍ സഹായിക്കാറുണ്ടായിരുന്നു.14 (ഇബ്‌നു കസീര്‍, അല്‍ ബിദായ വന്നിഹായ). പ്രവാചകന്റെ പള്ളിയില്‍ ഹദീസ് പഠിപ്പിച്ച മഹതിയാണ് ഫാത്വിമ ബിന്‍ത് ഇബ്‌റാഹീം (മരണം ഹി. 711). ഫാത്വിമ അല്‍ ബതായഹിയ്യ എന്നും അവരറിയപ്പെട്ടിരുന്നു. പ്രമുഖ ഹദീസ് പണ്ഡിതന്‍ ഹുസൈന്‍ അസ്സബീദിയില്‍നിന്നാണ് അവര്‍ സ്വഹീഹുല്‍ ബുഖാരി പഠിച്ചത്.15 ദമസ്‌കസിലെ ഉമവീ പള്ളിയില്‍ വെച്ചും ഖാസിയൂനിലെ മുളഫര്‍ പള്ളിയില്‍ വെച്ചും സബീദി, ബുഖാരി പഠിപ്പിച്ചപ്പോള്‍ ഫാത്വിമ സദസ്സില്‍ സന്നിഹിതയായിരുന്നു. സുബുകിയെയും ഇമാം ദഹബിയെയും അവര്‍ ഹദീസ് പഠിപ്പിച്ചു.16 ഹജ്ജിന് മക്കയില്‍ ചെന്നപ്പോള്‍ മദീനയിലെ ആളുകളുടെ അഭ്യര്‍ഥന മാനിച്ച് അവര്‍ മസ്ജിദുന്നബവിയില്‍ ചെല്ലുകയും സ്വഹീഹുല്‍ ബുഖാരി മുഴുവനായി പഠിപ്പിക്കുകയും ചെയ്തു.17 മസ്ജിദുന്നബവിയില്‍ പ്രവാചകന്റെ ഖബ്‌റിനടുത്ത് തലയുടെ ഭാഗത്തായാണ് അവര്‍ ഇരിക്കാറുണ്ടായിരുന്നതെന്ന് ആ സദസ്സില്‍ സംബന്ധിച്ച മൊറോക്കോയില്‍നിന്ന് വന്ന ഇബ്‌നു റുശൈദ് അസ്സബ്ത്തി എഴുതുന്നു. ഹദീസ് പഠനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും അവര്‍ തന്നെ തന്റെ കൈപ്പടയില്‍ 'ഇജാസത്ത്' (ഹദീസ് ഉദ്ധരിക്കാനുള്ള അനുവാദം) എഴുതി ഒപ്പിട്ടു നല്‍കുമായിരുന്നു.18 മദീനയിലെ പ്രശസ്ത പണ്ഡിതന്മാരും ജഡ്ജിമാരുമടക്കം 400-ഓളം ആളുകള്‍ അവരുടെ സദസ്സില്‍ സംബന്ധിക്കാറുണ്ടായിരുന്നു. ഹുസൈന്‍ അസ്സബീദിയുടെ മറ്റൊരു ശിഷ്യ അല്‍ വുസ്‌റ ബിന്‍ത് ഉമര്‍ (വസീറ എന്ന പേരിലാണവര്‍ അറിയപ്പെട്ടത്) ദമസ്‌കസിലും ഈജിപ്തിലും ബുഖാരിയുടെ സ്വഹീഹും ഇമാം ശാഫിഈയുടെ മുസ്‌നദും പഠിപ്പിച്ചിരുന്നു19 (അസ്സര്‍ക്കലി). ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അധ്യാപകരില്‍ വിശ്രുതയാണ് ആഇശ ബിന്‍തു ഇബ്‌നി അബ്ദില്‍ ഹാദി.20 അവരുടെ കാലത്ത് പ്രവാചകനിലേക്കെത്തുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നിവേദക പരമ്പര (സനദുല്‍ ഉല്‍യാ) അവരിലൂടെയായിരുന്നു.21 ഉമവീ പള്ളിയില്‍ ഏറ്റവും മികച്ച ഹദീസ് അധ്യാപകര്‍ ഇരിക്കാറുളള മിനാരത്തിന് (ഖുബ്ബത്തുന്നസ്വ്ര്‍) ചുവട്ടിലിരുന്നാണ് അവര്‍ സ്വഹീഹ് ബുഖാരിയും മറ്റു ഹദീസ് ഗ്രന്ഥങ്ങളും പഠിപ്പിച്ചത്.22 ഇബ്‌നു ഹജറുല്‍ അസ്ഖലാനി അവരില്‍നിന്ന് പഠിച്ച 70 ഹദീസ് ഗ്രന്ഥങ്ങളുടെ പേര് പരാമര്‍ശിക്കുന്നുണ്ട്.23 സ്വഹീഹുല്‍ ബുഖാരിയുടെ കൈയെഴുത്തു പ്രതികളില്‍ വ്യത്യാസം കാണുമ്പോള്‍ ഇബ്‌നു ഹജറുല്‍ അസ്ഖലാനി സ്വീകരിക്കാറുണ്ടായിരുന്നത് കരീമ ബിന്‍ത് അല്‍ മര്‍വസിയ്യയുടെ പകര്‍പ്പായിരുന്നു.24 ഹിജ്‌റ 465-ല്‍ മക്കയില്‍ നിര്യാതയായ ഇവരുടെ അടുത്തുനിന്ന് ബുഖാരി പഠിക്കാന്‍ അബൂബക്ര്‍ അല്‍ ഖത്വീബ് അല്‍ ബഗ്ദാദി ഇറാഖില്‍നിന്ന് മക്ക വരെ യാത്ര ചെയ്തിരുന്നു.25 തന്റെയടുത്ത് വരുന്ന വിദ്യാര്‍ഥികളോട് കരീമ മര്‍വസിയ്യ ബുഖാരി മുഴുവന്‍ പകര്‍ത്തിയെഴുതാന്‍ ആവശ്യപ്പെടുമായിരുന്നു.26 തുടര്‍ന്ന് അത് വായിച്ചുകേട്ട് തെറ്റില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവര്‍ 'ഇജാസത്ത്' നല്‍കിയിരുന്നത്.27 താരീഖ് ബഗ്ദാദ് (ബഗ്ദാദിന്റെ ചരിത്രം) എന്ന പുസ്തകത്തില്‍ തന്നെ ഹദീസ് പഠിപ്പിച്ച നിരവധി വനിതകളുടെ പേരും സ്വഭാവമഹിമയും ഉദ്ധരിച്ചിട്ടുണ്ട് ഖത്വീബ് ബഗ്ദാദി. തന്റെ താരീഖുല്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ഇമാം ദഹബി, തന്നെ പഠിപ്പിച്ച ഒട്ടനവധി വനിതകളെ പരാമര്‍ശിക്കുന്നുണ്ട്. താരീഖ് ദിമശ്ഖിന്റെ (ദമസ്‌കസിന്റെ ചരിത്രം) കര്‍ത്താവ് ഇബ്‌നു അസാക്കീര്‍, അദ്ദേഹത്തെ ഹദീസ് പഠിപ്പിച്ച 80 വനിതകളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇമാം ശാഫിഈ ഈജിപ്തിലെത്തിയ ശേഷം നഫീസ ബിന്‍ത് ഹസന്റെ ഹദീസ് ക്ലാസുകളില്‍ സംബന്ധിക്കാറുണ്ടായിരുന്നു. ഇമാം ശാഫിഈക്ക് നഫീസ ബീവി സാമ്പത്തിക സഹായം ചെയ്തിരുന്നു.29 ഇമാം മാലികിന്റെ അധ്യാപകരില്‍ ഒരാളാണ് ആഇശ ബിന്‍ത് സഅ്ദുബ്‌നു അബീവഖാസ്.30 ഇബ്‌നു അസാക്കീറിന്റെയും ഇബ്‌നുല്‍ ജൗസിയുടെയും അധ്യാപികയായിരുന്നു ശഹ്ദ ബിന്‍ത് അഹ്മദ്.31 

ഹിശാമുബ്‌നു ഉര്‍വത്തു ബ്‌നു സുബൈര്‍ നിവേദനം ചെയ്ത പ്രമുഖ ഹദീസുകളെല്ലാം തന്റെ ഭാര്യ ഫാത്വിമ ബിന്‍ത് മുന്‍ദിറില്‍നിന്ന് പഠിച്ചതായിരുന്നു.32 ഇമാം മാലിക്, ഇമാം അബൂഹനീഫ, സുഫ്‌യാനുസ്സൗരി, സഈദ് ഖഹ്താന്‍ തുടങ്ങിയവരെ പഠിപ്പിച്ച പണ്ഡിതനായിരുന്നു ഹിശാമുബ്‌നു ഉര്‍വ.33 സഈദുബ്‌നുല്‍ മുസയ്യബ് തന്റെ മകളെ ദരിദ്രനായ ശിഷ്യന് വിവാഹം ചെയ്തുകൊടുത്ത കഥ പ്രസിദ്ധമാണ്.34 വിവാഹപ്പിറ്റേന്ന് പിതാവിന്റെ സദസ്സിലേക്ക് പോകാനൊരുങ്ങിയ മണവാളനെ വിളിച്ച് അവര്‍ പറഞ്ഞു: 'എന്റെ പിതാവിനറിയുന്നതെല്ലാം അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇനി താങ്കളെ ഞാന്‍ പഠിപ്പിക്കാം.''35 ഹനഫീ മദ്ഹബിലെ അമൂല്യ കൃതിയായ ബദാഇഉസ്സ്വനാഇഅ് എഴുതിയ പ്രമുഖ പണ്ഡിതനാണ് ഇമാം കാസാനി. ഇമാം കാസാനിയോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ അദ്ദേഹം സദസ്സില്‍നിന്ന് എഴുന്നേറ്റുപോവുകയും അല്‍പ സമയത്തിനു ശേഷം തിരിച്ചുവന്ന് ഉത്തരം പറയുകയും ചെയ്യും. ഭാര്യയോട് സംശയം ചോദിക്കാനാണ് അദ്ദേഹം എഴുന്നേറ്റുപോയിരുന്നത്.36 അദ്ദേഹത്തിന്റെ ഭാര്യ ഫാത്വിമ അല്‍ സമര്‍ഖന്ദിയെ പഠിപ്പിച്ചത് അവരുടെ പിതാവായിരുന്നു. 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഹദീസ് പഠിപ്പിച്ചിരുന്ന 9000-ഓളം വരുന്ന വനിതകളുടെ ജീവചരിത്രം സമാഹരിച്ച ആധുനിക പണ്ഡിതനാണ് കേംബ്രിഡ്ജ് ഇസ്‌ലാമിക് കോളേജിന്റെ സ്ഥാപകന്‍ കൂടിയായ ഡോ. മുഹമ്മദ് അക്‌റം നദ്‌വി. 53 വാള്യങ്ങളുള്ള  ആ ബൃഹദ് ഗ്രന്ഥം 15 വര്‍ഷം നീണ്ട ഗവേഷണ ഫലമാണ്.37 അതിന് അദ്ദേഹം എഴുതിയ ആമുഖം തന്നെ 400 പേജ് വരും. ഇസ്‌ലാമിക ലോകത്ത് സ്ത്രീകള്‍ ഹദീസ് പഠനമേഖലയില്‍ മുന്നിട്ടു നിന്നപ്പോഴൊക്കെ അവരുടെ പദവിയും ഉയര്‍ന്നുനിന്നിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഗ്രീക്ക് തത്ത്വശാസ്ത്രവും മറ്റും പഠിപ്പിക്കാന്‍ ആരംഭിച്ചതോടെയാണ് സമൂഹത്തില്‍ സ്ത്രീവിരുദ്ധ സമീപനം പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഹദീസിനെ ജിവസ്സുറ്റതാക്കി നിലനിര്‍ത്തുന്നതില്‍ ഒട്ടനവധി മഹതികള്‍ ത്യാഗം ചെയ്തത് അദ്ദേഹം എടുത്തുപറയുന്നുണ്ട്. ഫാത്വിമ അല്‍ ജുഷ്ദാനിയ്യ ഇറാനിലെ ഇസ്ഫഹാനിലായിരുന്നു താമസം. ഒരുപാട് വാള്യങ്ങളുളള മുഅ്ജമുത്ത്വബ്‌റാനി അവര്‍ ഒരുപാട് തവണ പഠിപ്പിച്ചിട്ടുണ്ട്. വിശ്രമിക്കാന്‍ അവര്‍ ഇസ്ഫഹാനിന്റെ പുറത്തേക്ക് പോയാല്‍ പോലും വിദ്യാര്‍ഥികള്‍ അവരെ പിന്തുടര്‍ന്നിരുന്നു.38 അവരുടെ ശിഷ്യ ഫാത്വിമ ബിന്‍ത് സഅ്ദ് ഖൈര്‍ ആണ് ഒരു ഘട്ടത്തില്‍ ഈജിപ്തില്‍ നിര്‍ജീവമായിപ്പോയ ഹദീസ് പഠനത്തെ വീണ്ടും ജീവസ്സുറ്റതാക്കിയതെന്നും അക്‌റം നദ്‌വി എഴുതുന്നു. 

ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ പോലെയുള്ള പണ്ഡിതന്മാര്‍ക്ക് ഹദീസ് പഠിക്കാന്‍ പ്രചോദനമായതു പോലും ഈ സ്ത്രീകളാണ്. സ്ത്രീകളെ ഇന്നത്തെ കാലത്ത് പഠിക്കാനനുവദിക്കാതെ വീട്ടില്‍ തളച്ചിടുന്നത് അവരെ ജീവനോടെ കുഴിച്ചുമൂടുന്നതിനു തുല്യമാണെന്നും അക്‌റം നദ്‌വി പറയുന്നുണ്ട്. 

ഉമറുല്‍ ഫാറൂഖ് (റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു. 'ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ സ്ത്രീകളെ പരിഗണിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്‌ലാം ആഗതമായപ്പോള്‍ അല്ലാഹു ഖുര്‍ആനില്‍ സ്ത്രീകളെ ആദരിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് മീതെ അവര്‍ക്കുള്ള അവകാശത്തെക്കുറിച്ച് ഞങ്ങള്‍ ബോധവാന്മാരായി.' അല്ലാഹുവാണ് സ്ത്രീകള്‍ക്ക് ആദരവ് നല്‍കിയതും സമൂഹത്തില്‍ അവരുടെ പദവി ഉയര്‍ത്തിയതും. അതിനെതിരില്‍ ഫത്‌വ നല്‍കുന്നവര്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെതിരിലാണ് സംസാരിക്കുന്നത്. ചരിത്രത്തില്‍ വനിതകള്‍ക്ക് ബഹുമാനം സിദ്ധിച്ചത് അവര്‍ക്ക് ലഭിച്ച അധികാരത്തിന്റെ പേരിലോ സമ്പാദിച്ച ധനത്തിന്റെ പേരിലോ അല്ല. അവരുടെ വിജ്ഞാനത്തിന്റെയും സ്വഭാവമഹിമയുടെയും അടിസ്ഥാനത്തിലായിരുന്നു. ഇന്നത്തെ സ്ത്രീകളും വിദ്യാഭ്യാസ രംഗത്ത് പാണ്ഡിത്യമാര്‍ജിച്ചാല്‍ സമൂഹത്തിന് തീര്‍ച്ചയായും അവരെ ബഹുമാനിക്കാതിരിക്കാനാവില്ല. അതാണ് സൈനബുല്‍ ഗസ്സാലിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. വിധവകളായിരുന്ന അഞ്ച് മാതാക്കളെ ഒാര്‍മിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ. ഇമാം മാലിക്, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍, ഇമാം ബുഖാരി എന്നീ പ്രഗത്ഭ പണ്ഡിതന്മാരുടെ ഉമ്മമാരായിരുന്നു അവര്‍. 

 

കുറിപ്പുകള്‍

1. സ്വഹീഹുല്‍ ബുഖാരി

2. അല്‍ ഹാകിം (അല്‍ മുസ്തദ്‌റക്കു അലാ സ്വഹീഹൈന്‍)

3. ഇമാം ദഹബി (മീസാനുല്‍ ഇഅ്തിദാല്‍ 4/604)

4. ജാമിഉ തിര്‍മിദി 3883

5. അല്‍ ഹാകിം (അല്‍ മുസ്തദ്‌റക് 4/11)

6. ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ് 2/139)

7. ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ് 4/507-508)

8. ഇബ്‌നു സഅ്ദ് (ത്വബഖാത്തുല്‍ കുബ്‌റാ 2/387)

9. മുവത്വ 437-438 

10. ഇബ്‌നു സഅ്ദ് (ത്വബഖാത്തുല്‍ കുബ്‌റാ 8/477)

11. അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ (വുദൂവിനെക്കുറിച്ചുള്ള അധ്യായങ്ങളില്‍)

ഇബ്‌നു അബ്ദില്‍ ബര്‍റ് (അല്‍ഇസ്തിആബ് 2/731)

12. ഇബ്‌നു കസീര്‍ (അല്‍ ബിദായ വന്നിഹായ)

13. Ibid

14. Ibid, ഇമാം ദഹബി (സിയര്‍ അഅ്‌ലാമിന്നുബലാഅ് 4/279)

15. ഇമാം ദഹബി (മുഅ്ജമുശ്ശുയൂഖ് 2/103)

16. ഇമാം ദഹബി (സിയറുഅഅ്‌ലാമിന്നുബലാഅ്) 

17. ഇബ്‌നു റുശൈദ് അസ്സബ്ത്തി (മില്‍അല്‍ അയ്ബഹ് 5/301-302)

18. Ibid 

19. അസ്സര്‍ക്കലി (അഅ്‌ലാം അസ്സര്‍ക്കലി 3/78)

20. ഇബ്‌നു ഹജറുല്‍ അസ്ഖലാനി (അല്‍ മജ്മഅല്‍ മുഅ്‌സാസ് 2/351)

21. Ibid

22. ഹാഫിള് ഇബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (മജ്മഉ ഫീഹി റസാഇല്‍ 413)

23. ഇബ്‌നു ഹജര്‍ (അല്‍ മജ്മഅല്‍ മുഅ്‌സാസ് 2/351)

24. Ibid 2/77

25. അല്‍ ഖത്വീബ് അല്‍ ബഗ്ദാദി (അല്‍ കാഫിയ 237)

26. ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ് 18/234)

27. Ibid, ഇബ്‌നു അല്‍ ഇമാദ് (ശദ്‌റത്ത് അത്ഥഹബ് 3/314)

28. ഇബ്‌നു കസീര്‍ (അല്‍ ബിദായ വന്നിഹായ) 

29. Ibid

30. ഇബ്ന്‍ അല്‍ അസീര്‍ (ഉസുദുല്‍ ഗാബ 7/190)

31. ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ് 20/542-543)

32. ഡോ. അക്‌റം നദ്‌വി (അല്‍ മുഹദ്ദിസാത്ത് 143)

33. Ibid

34. അബൂനുഐം (ഹില്‍യത്തുല്‍ ഔലിയ 2/167-168)

35. Ibid

36. അബ്ദുല്‍ ഖാദര്‍ അല്‍ ഖുറൈശി (അല്‍ ജവാഹിറുല്‍ മുസിയ്യഹ് 414)

37. ഡോ. അക്‌റം നദ്‌വി (അല്‍ മുഹദ്ദിസാത്ത്)

38. ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ 19/505)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍