Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

ആരാവും അലി ഖാംനഈയുടെ പിന്‍ഗാമി?

അബൂസ്വാലിഹ

വരുന്ന മെയ് 19-ന് നടക്കുന്ന ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മുന്‍ പ്രസിഡന്റ് അഹ്മദീ നിജാദിനെ ഉന്നതാധികാര സമിതി വിലക്കിയത് വലിയ വാര്‍ത്തയൊന്നും ആയില്ല. തെരഞ്ഞെടുപ്പ് ഫലത്തെ അത് കാര്യമായി സ്വാധീനിക്കാനും പോകുന്നില്ല. നിജാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പരമോന്നത മതാധ്യക്ഷന്‍ അലിഖാംനഇയുടെ നിര്‍ദേശം മാനിക്കാതെയായിരുന്നതുകൊണ്ട് അത്തരമൊരു വിലക്ക് പ്രതീക്ഷിച്ചിരുന്നതുമാണ്. ഇപ്പോള്‍ ഗോദയില്‍ അവശേഷിക്കുന്ന പ്രധാനികള്‍ മൂന്ന് പേരാണ്. യാഥാസ്ഥിതിക പക്ഷക്കാരായ ഇബ്‌റാഹീം റഈസി, മുഹമ്മദ് ഗാലിബഫ് എന്നിവരും, നിലവിലെ പ്രസിഡന്റും മിതവാദിയുമായ ഹസന്‍ റൂഹാനിയും. ഹസന്‍ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്നവരാണ് വലിയൊരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും.

ഇറാന്‍ ഉന്നതാധികാരവൃത്തങ്ങളില്‍ അധികമാരുമറിയാതെ മറ്റൊരു അധികാരമത്സരം മുറുകുന്നുണ്ട്. പരമോന്നത മതാധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം തന്നെ. അത് പക്ഷേ ബാലറ്റ് പേപ്പറില്‍ കൂടിയായിരിക്കില്ലെന്നു മാത്രം. ജനപിന്തുണയല്ല, മറ്റു പല ഘടകങ്ങളുമാണ് അവിടെ പരിഗണിക്കുക. നിലവിലെ പരമോന്നത അധ്യക്ഷന്‍ അലി ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരമായിട്ടുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ചരട് വലികള്‍ മുറുകുന്നത്. വളരെ വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ പുറത്ത് വിടുന്ന 'ആമദ് ന്യൂസി'ന്റെ റിപ്പോര്‍ട്ടനുസരിച്ച്, ഏതാനും വര്‍ഷങ്ങളായി പ്രൊസ്റ്റേറ്റ് കാന്‍സറിന്റെ പിടിയിലാണ് എഴുപത്തിഏഴുകാരനായ ഖാംനഈ. അര്‍ബുദം അതിന്റെ ഒടുവിലത്തെ ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഒരു വര്‍ഷത്തിലധികം അദ്ദേഹം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ച് മേല്‍പ്പറഞ്ഞ ന്യൂസ് പോര്‍ട്ടല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു രഹസ്യ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന ഉന്നതാധികാരസമിതി വക്താവ് അഹ്മദ് ഖാത്തമിയുടെ പ്രസ്താവന ഇത് കേവലം അഭ്യൂഹമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ഈ 'മത്സര'ത്തില്‍, വീണ്ടും ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഹസന്‍ റൂഹാനി ഏറ്റവും പിറകിലാണ്. യഥാര്‍ഥ അധികാരം കൈപ്പിടിയിലൊതുക്കിയ യാഥാസ്ഥിതിക വിഭാഗത്തിന് തീര്‍ത്തും അനഭിമതനാണ് എന്നത് തന്നെ കാരണം. 'ഹുജ്ജത്തുല്‍ ഇസ്‌ലാം വല്‍ മുസ്‌ലിമീന്‍' പോലുള്ള ഉയര്‍ന്ന മതബിരുദങ്ങളൊന്നും അദ്ദേഹത്തിന്റെ സഹായത്തിനെത്താന്‍ സാധ്യതയില്ല. മറ്റൊരു അധികാരകേന്ദ്രമായ വിപ്ലവ ഗാര്‍ഡുമായും അദ്ദേഹം ഇടഞ്ഞു തന്നെയാണല്ലോ.

പരമോന്നതാധികാര സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്ന പേരുകള്‍. ഒന്ന്: ഇബ്‌റാഹീം റഈസി. അടുത്ത കാലത്ത് മാത്രമാണ് ഇദ്ദേഹം അലിഖാംനഈയുടെ ഏറ്റവും അടുപ്പക്കാരിലൊരാളായി മാറിയത്. വിപ്ലവ ഗാര്‍ഡിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചേക്കും. ഖാംനഈയുടെ പ്രതിനിധിയെന്ന നിലക്ക് മൂന്ന് പ്രധാന സ്ഥാനങ്ങള്‍-ഗാര്‍ഡിയന്‍ കൗണ്‍സിലിലെ അംഗത്വമടക്കം - അദ്ദേഹം വഹിക്കുന്നുണ്ട്. രണ്ട്: മഹ്മൂദ് ഹാശ്മി ശാഹറൂദി. ഇറാനിലെ മാത്രമല്ല ഇറാഖിലെയും വളരെ ആധികാരികതയുള്ള ശീഈ പണ്ഡിതനാണ് ഇദ്ദേഹം. പരമോന്നത പദവി വളരെ സ്വാഭാവികമായി ഇദ്ദേഹത്തില്‍ വന്ന് ചേരേണ്ടതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇറാഖിലെ നജ്ഫ്കാരനാണെന്നത് അതിന് തടസ്സമായേക്കും. അതേസമയം, അനുരഞ്ജന സമിതിയുടെ ഉപാധ്യക്ഷ സ്ഥാനമടക്കം പല പദവികളും അദ്ദേഹം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. മൂന്ന്: മുജ്തബ ഖാംനഈ. നിലവിലെ പരമോന്നത നേതാവ് അലി ഖാംനഈയുടെ രണ്ടാമത്തെ പുത്രനാണ് ഇദ്ദേഹം. ഖുമ്മിലായിരുന്നു മത പഠനം; അവിടെത്തന്നെ അധ്യാപകനുമാണ്. അഹ്മദി നിജാദിനെ പ്രസിഡന്റാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അലി ഖാംനഈയുടെ പുത്രനായി എന്നത് തന്നെയാവും അദ്ദേഹത്തിന്റെ മുമ്പിലെ വലിയ തടസ്സം. അത്, ഉന്നതാധികാര പദവി അനന്തരമായി നല്‍കി എന്ന പേരുദോഷത്തിനിടവരുത്തുമെന്ന് ഇപ്പോള്‍ തന്നെ സംസാരമുണ്ട്. പ്രായക്കുറവും (50 വയസ്സ്) പ്രശ്‌നമായേക്കും. അദ്ദേഹം നടത്തിയ സംശയാസ്പദമായ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആരോപണമുയരുന്നുണ്ട്. നാല്: സ്വാദിഖ് ലാരീജാനി. ന്യായാധിപ സമിതിയുടെ അധ്യക്ഷന്‍ എന്ന വളരെയേറെ അധികാരമുള്ള പദവിയിലിരിക്കുന്ന ആളാണ്. ദീനീ-ഭൗതിക വിഷയങ്ങളില്‍ ഒരുപോലെ അവഗാഹമുണ്ട്. ലാരിജാനി കുടുംബത്തിലെ ഒട്ടേറെ പേര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട് എന്നത് അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

വേറെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആയത്തുല്ല ഖുമൈനിയുടെ പൗത്രന്‍ ഹസന്‍ ഖുമൈനി (അഹ്മദ് ഖുമൈനിയുടെ മകന്‍) മതവൃത്തങ്ങളില്‍ സ്വീകാര്യനാണെങ്കിലും പ്രായക്കുറവ് കാരണം (44 വയസ്സ്) ഇത്തവണ പരിഗണിക്കപ്പെടാന്‍ സാധ്യത കുറവാണ്. തീവ്ര നിലപാടുകളുള്ള അഹ്മദ് ഖാത്തമി തെഹ്‌റാന്‍ പ്രധാന പള്ളിയിലെ ഖത്വീബാണെങ്കിലും തീവ്രത തന്നെയാവും അദ്ദേഹം പരിഗണിക്കപ്പെടാതിരിക്കാന്‍ കാരണമാവുക.

പ്രസിഡന്റ് തെരഞ്ഞെടുപ്പല്ല, സര്‍വാധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട 'മുര്‍ശിദുല്‍ അഅ്‌ലാ' തെരഞ്ഞെടുപ്പാണ് ഭാവി ഇറാനെ രൂപപ്പെടുത്തുക എന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍