Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

മുസ്‌ലിം ഭരണത്തിന്റെ ശരിയായ വിലയിരുത്തല്‍

കെ.ടി ഹുസൈന്‍

ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും-4

ബ്രിട്ടീഷ് കൊളോണിയലിസം ചെയ്ത പോലെ മുസ്‌ലിംകള്‍ ഈ നാട്ടില്‍നിന്ന് ഒന്നും കൊള്ളയടിച്ചു കൊണ്ടു പോകാതെ ഈ നാടിനെ സ്വന്തം നാടായി കരുതി പരിപോഷിപ്പിച്ചെന്ന് പറഞ്ഞല്ലോ. അതിന് കാരണം ഇസ്‌ലാം അവര്‍ക്ക് നല്‍കിയ പ്രത്യയശാസ്ത്ര ബോധമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ഏതു നാടും അല്ലാഹുവിന്റേതാണെന്നും അവനിഛിക്കുന്നവര്‍ക്ക് അവനത് അധീനമാക്കി കൊടുക്കുമെന്നും അതില്‍ അല്ലാഹുവിന്റെ ഖിലാഫത്ത് -പ്രാതിനിധ്യം- വഹിക്കുകയാണ് അല്ലാഹുവിന്റെ ഭൂമി അധീനമാക്കി കിട്ടിയവരുടെ ബാധ്യത എന്നുമാണ് ഇസ്‌ലാം നല്‍കുന്ന പ്രത്യയശാസ്ത്ര ബോധം. ഇവിടെ അമാനത്ത് അഥവാ ട്രസ്റ്റിഷിപ്പ് മാത്രമേ മനുഷ്യനുള്ളൂ; സമ്പൂര്‍ണ ഉടമാവകാശമോ പരമാധികാരമോ ഇല്ല. ഈ ബോധം  ഏറിയും കുറഞ്ഞും ഇവിടെ വന്ന പടയാളികള്‍ക്കും സുല്‍ത്താന്മാര്‍ക്കും  പ്രബോധകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഉണ്ടായിരുന്നു. ഈ ബോധമുള്ളവര്‍ക്ക് പിറന്ന നാടും കടന്നു ചെന്ന നാടും ഒന്ന് തന്നെ. രണ്ടിന്റെയും ഉടമ അല്ലാഹുവാണല്ലോ. പ്രവാചകന് പിറന്ന നാടിനോട്  തീര്‍ച്ചയായും പ്രകൃതിപരമോ നൈസര്‍ഗികമോ ആയ  സ്‌നേഹമുണ്ടായിരുന്നു. അതു പക്ഷേ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയിരുന്നില്ല. അതുകൊണ്ടാണ് മക്കാ വിജയത്തിനു ശേഷം ഒരു തടസ്സവുമില്ലാതിരുന്നിട്ടും മക്കയിലേക്ക് തിരിച്ച് പോകാതിരുന്നത്. മക്കയേക്കാള്‍ മുമ്പ് തനിക്ക് അധീനമാക്കി തന്ന മദീനയില്‍ താമസിച്ചുകൊണ്ടാണ് തന്റെ അമാനത്ത് നിര്‍വഹിക്കേണ്ടത് എന്നതായിരുന്നു പ്രവാചകന്റെ പ്രത്യയശാസ്ത്ര ബോധം. പ്രവാചകന്‍ മരിക്കുമ്പോള്‍ ജസീറത്തുല്‍ അറബില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തിലധികം ശിഷ്യന്മാരില്‍ വളരെ കുറഞ്ഞ പേര്‍ മാത്രമേ അവിടെ മരണപ്പെട്ടിട്ടുള്ളൂ. ബാക്കിയെല്ലാവരും ലോകത്തിന്റെ പല ഭാഗങ്ങളിലായി തങ്ങളുടെ ദൗത്യനിര്‍വഹണത്തിനിടയില്‍ മണ്ണോട് ചേരുകയാണ് ചെയതത്. 

തങ്ങള്‍ കുടിയേറുകയോ കൈയേറുകയോ ചെയ്ത നാടിന്റെ പരമാധികാരി തങ്ങളാണെന്നും അതിനാല്‍ അവിടെയുള്ള തദ്ദേശവാസികളെ കൊന്നൊടുക്കുകയോ അടിമകളാക്കുകയോ ആട്ടിപ്പുറത്താക്കുകയോ അവിടത്തെ സമ്പത്ത് സ്വന്തം  നാട്ടിലേക്ക് കട്ടുകടത്തുകയോ ചെയ്യുന്നത് തങ്ങളുടെ അവകാശമാണെന്നും ലോകത്തെ പഠിപ്പിച്ചത് വെള്ള വംശീയവാദികളും അവരോട് പല കാര്യത്തിലും സാമ്യത പുലര്‍ത്തുന്ന ആര്യ വംശീയവാദികളുമാണ്. ഇതിന് ആദര്‍ശത്തിന്റെ പരിവേഷം നല്‍കാനാണ് അവര്‍ ദേശീയത സൃഷ്ടിച്ചത്. അതിന്റെ അടിത്തറ ഒരിക്കലും പുറത്ത് പറയുന്നത് പോലെ ജന്മമല്ല, മറിച്ച് വംശീയതയാണ്. ജനനമാണ് അടിത്തറയെങ്കില്‍ അമേരിക്കന്‍ ദേശീയതയുടെ അടിത്തറ എങ്ങനെ വെള്ള യൂറോപ്യരാകും? അവരുടെ പൂര്‍വികര്‍ അമേരിക്കയില്‍ ജനിച്ചവരല്ലല്ലോ. ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയാകാന്‍ ആര്യന്മാര്‍ക്കും പറ്റില്ല. കാരണം അവരുടെ പൂര്‍വികരും  ജനിച്ചത് ഇന്ത്യയിലല്ല, മധ്യേഷ്യയിലാണ്. അപ്പോള്‍ പല നാടുകളില്‍നിന്ന് പല കാലങ്ങളിലായി കുടിയേറി ഇവിടെ സ്ഥിരതാമസമാക്കിയവരുടെ പിന്മുറക്കാരെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ദേശിയതയെങ്കില്‍ അത് സ്വീകാര്യവും പ്രകൃതിപരവുമാണ്. അപ്പോള്‍ ആ ദേശീയതയില്‍ എല്ലാവര്‍ക്കും തുല്യാവകാശമുണ്ടാകും. അല്ലാതെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ കുടിയേറി ഇവിടെ ആധിപത്യം നേടിയവരുടെ പിന്മുറക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് നമ്മുടെ ദേശീയതയെന്നും മറ്റുള്ളവരെല്ലാം അതിന്റെ അപരന്മാരാണെന്നുമുള്ള സങ്കല്‍പമാണ് ദേശീയതയെങ്കില്‍ അത് വംശീയതയെ മറച്ചുവെക്കാനുള്ള കേവലം പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ നിര്‍മിതിയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്ന കാലത്ത് പരോക്ഷമായി അതില്‍ ഒളിപ്പിച്ചു വെച്ചതും ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ മറയില്ലാതെ പ്രതിനിധാനം ചെയ്യുന്നതും പ്രകൃതിവിരുദ്ധവും പ്രത്യയശാസ്ത്ര നിര്‍മിതിയുമായ ഈ  ദേശീയ സങ്കല്‍പമാണ്.

ആദ്യം പറഞ്ഞ നൈസര്‍ഗിക ദേശീയതയാണ് ഇന്ത്യ ജയിച്ചടക്കിയ മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടാണ് അവര്‍ക്ക് ഈ നാടിനെ മാത്രമല്ല നാട്ടുകാരെയും സ്വന്തക്കാരായി  കാണാനും തങ്ങള്‍ക്ക് ലഭിച്ച അധികാരം അവരുടെ ക്ഷേമത്തിനു ഉപയോഗപ്പെടുത്താനും കഴിഞ്ഞത്. അതിലൂടെ ഇന്ത്യന്‍ നാഗരികതയെയും സംസ്‌കാരത്തെയും തങ്ങളുടെ സംഭാവനകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അവര്‍ പുഷ്ടിപ്പെടുത്തുകയായിരുന്നു.

നേരത്തേ പറഞ്ഞ പ്രാതിനിധ്യത്തെയും (ഖിലാഫത്ത്)  അമാനത്തിനെയും കുറിച്ച പ്രത്യയശാസ്ത്രബോധം ഉണ്ടായിരുന്നുവെങ്കിലും അത് യഥാവിധി നിര്‍വഹിക്കുന്നതില്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ തീര്‍ച്ചയായും വീഴ്ച്ച വരുത്തിയിട്ടുണ്ട്. എല്ലാവരും വീഴ്ച്ചവരുത്തിയെന്ന് പറയുകയല്ല. താരതമ്യേന വീഴ്ച്ച അല്‍പം മാത്രം വരുത്തിയവരുണ്ട്. തീരെ വരുത്താത്തവരുമുണ്ട്. വീഴ്ച്ച ഭരണത്തിന്റെ മുഖമുദ്രയാക്കിയവരുമുണ്ട്. ഇതെല്ലാം പറയുന്നത് ഭരണത്തില്‍ ഉണ്ടാവണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്ന ഉയര്‍ന്ന നിലവാരവുമായി തട്ടിച്ചു കൊണ്ടാണ്. ഇസ്‌ലാമിക ഭരണത്തിന്റെ റോള്‍ മോഡല്‍ ഖിലാഫത്തുര്‍റാശിദയാണല്ലോ. അല്ലാതെ ലോകത്തെ മറ്റു രാജാക്കന്മാരുമായല്ല അവരെ താരതമ്യം ചെയ്യുന്നത്. അങ്ങനെ താരതമ്യം ചെയ്താല്‍ ഇന്ത്യയിലെ മുസ്‌ലിം  ഭരണാധികാരികളില്‍ അധികപേരും അവരേക്കാള്‍ എത്രയോ മെച്ചമായിരിക്കും. 

പൊതുമുതല്‍ സ്വന്തത്തിന്റെയും കുടുംബത്തിന്റെയും  ആവശ്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കാതെയും അധാര്‍മികതകള്‍ക്ക് വിട്ടുകൊടുക്കാതെയും ദൈവബോധവും നീതിബോധവും പുലര്‍ത്തി ജനക്ഷേമകരമായ ഭരണം നടത്തുകയെന്നതാണ് മുസ്‌ലിം ഭരണാധികാരിയുടെ അമാനത്ത്. ഇതില്‍ ജനക്ഷേമ ഭരണം കാഴ്ചവെക്കുന്നതില്‍ വീഴ്ച്ചവരുത്തിയവര്‍ താരതമ്യേന കുറവും മറ്റു കാര്യങ്ങളില്‍ വീഴ്ച്ചവരുത്തിയവര്‍ താരതമ്യേന കൂടുതലുമായിരുന്നു. അതായത് സുഖലോലുപത, നീതിബോധത്തെ പരിക്കേല്‍പിക്കുന്ന അമിതാധികാര വാസന, വ്യക്തി ജീവിതത്തിലെ ധാര്‍മികതക്ക് പോറലേല്‍പ്പിക്കുന്ന ദൈവവിസ്മൃതി തുടങ്ങിയവ   ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുടെ ദൗര്‍ബല്യങ്ങളായിരുന്നു. ഈ വീഴ്ച്ചയുടെ പ്രധാന കാരണം ഏകാധിപത്യത്തില്‍ അധിഷ്ഠിതമായ രാജ വാഴ്ച്ചയാണ് അവര്‍ ഇവിടെയും നടപ്പിലാക്കിയത് എന്നതാണ്. അതിന് പക്ഷേ അവരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. കാരണം അവര്‍ വരുന്നതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉമവികള്‍ തുടക്കം കുറിച്ച ഒരു പാരമ്പര്യത്തെ പിന്തുടരുക മാത്രമാണ് അവര്‍ ചെയ്തത്. സുഖലോലുപതയുടെയും അമിതാധികാരവാസനയുടെയും കാര്യത്തില്‍ ദമസ്‌കസിലെ ഉമവികളും ബഗ്ദാദിലെ അബ്ബാസികളും ഒട്ടും മോശക്കാരായിരുന്നില്ലല്ലോ.

ഈ അവസ്ഥക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അടുത്ത കാലത്ത് മാത്രം ഇസ്‌ലാമിലേക്ക് വന്നതിനാല്‍ വേണ്ടത്ര ഇസ്‌ലാമിക ശിക്ഷണം കിട്ടാത്തവരോ അവരുടെ തൊട്ടടുത്ത തലമുറയില്‍ പെട്ടവരോ ആയിരുന്നു ഇന്ത്യയില്‍ പടയോട്ടക്കാരായി വന്ന തുര്‍ക്കികളിലും അഫ്ഗാനികളിലും പെട്ട പലരും. ഇസ്‌ലാമിന്റെ വിജയക്കൊടി സിന്ധുവിന്റെയും ഗംഗയുടെയും തീരത്ത് നാട്ടപെട്ടത് വിപ്ലവകാരികളായ സാരസന്‍ നായകന്മരാലല്ല, പിന്നെയോ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും സുഖാസക്തിയുടെയും ആര്‍ഭാട ജീവിതത്തിന്റെയും ആഴത്തില്‍ മുങ്ങിത്തുടിച്ചിരുന്ന മധ്യേഷയിലെ അപരിഷ്‌കൃത പേര്‍ഷ്യക്കാരിലൂടെയായിരുന്നു.1 എന്നിട്ടും ഉയര്‍ന്ന നീതിബോധവും ദൈവഭക്തിയും പുലര്‍ത്തിയ ഭരണാധികാരികള്‍ അവരില്‍നിന്ന് ഉണ്ടായിത്തീര്‍ന്നുവെന്നതാണ് യഥാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തുന്നത്. ദല്‍ഹി സല്‍ത്തനത്തിലെ ഇല്‍തുമിശ്, മഹ്മൂദ് ഗവാന്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക്, ഫിറോഷ് ഷാ തുഗ്ലക്ക്, മുഗള്‍ വംശത്തിലെ ബാബര്‍, ഔറംഗസീബ്, സൂരി വംശത്തിലെ ഷേര്‍ഷാ സൂരി, ടിപ്പുസുല്‍ത്താന്‍ തുടങ്ങിയവര്‍  അതിന് ഉദാഹരണങ്ങളാണ്. ഇവരില്‍ തന്നെ ദൈവബോധത്തിലും നീതിനിഷ്ഠയിലും ലാളിത്യത്തിലും ഖിലാഫത്തുര്‍റാശിദയെയും ഉമവികളിലെ ഉമറുബ്‌നു അബ്ദുല്‍ അസീസിനെയും മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മുസ്‌ലിം ഭരണാധികാരിക്കും എത്തിപ്പിടിക്കാനാവാത്ത ഔന്നത്യം പ്രാപിച്ച ഔറംഗസീബ് ആലംഗീറിനെയും ടിപ്പുസുല്‍ത്താനെയും സംഭാവന ചെയ്യാന്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന് സാധിച്ചുവെന്നത് നിസ്സാര കാര്യമല്ല. മുഹ്‌യിദ്ദീന്‍ (ദീനിനെ പുനരുജ്ജീവിപ്പിച്ചവന്‍) എന്ന വിശേഷണത്തിന് അര്‍ഹരായി രണ്ടേ രണ്ട് പേരേയുള്ളൂ. അതില്‍ ഒന്ന്, മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയാണെങ്കില്‍  രണ്ടാമത്തേത്ത് ഔറംഗസീബ് ആലംഗീറാണ് എന്ന് പറഞ്ഞത് അല്ലാമാ ഇഖ്ബാലാണ്. വ്യക്തി ജീവിതത്തില്‍ ധാര്‍മിക ദൂഷ്യമുണ്ടായിരുന്ന ഭരണാധികാരികള്‍ പോലും സാമൂഹിക ജീവിതത്തിലെ ഇസ്‌ലാമിക ശരീഅത്തിന്റെ കര്‍തൃത്വത്തെ  നിരാകരിച്ചിരുന്നില്ല. സാധ്യമാകുന്നത്ര ശരീഅത്തിന്റെ മൂല്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. ബഹുഭൂരിപക്ഷം മുസ്‌ലിംകളല്ലാത്ത ഒരു നാട്ടില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്നതില്‍ പരിമിതിയുണ്ടല്ലോ. ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളെ ഇസ്‌ലാമികമായി വിലയിരുത്തുമ്പോള്‍ അവരുടെ ഈ പരിമിതി കണക്കിലെടുക്കാതിരിക്കുന്നത് നീതിയാവുകയില്ലെന്ന്   പ്രശസ്ത ചരിത്രകാരനും അഅ്‌സംഗഢിലെ ഗവേഷണ സ്ഥാപനമായ ദാറുല്‍ മുസന്നിഫീന്‍ ശിബ്‌ലി അക്കാദമിയുടെ റെക്ടറുമായിരുന്ന ഡോ. സ്വബാഹുദ്ദീന്‍ അബ്ദുര്‍റഹ്മാന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്.2 ഇസ്‌ലാമിക ശരീഅത്തിന്റെ കര്‍തൃത്വത്തെയും ദൈവത്തിന്റെ പരമാധികാരത്തെയും വെല്ലുവിളിച്ച്  തല്‍സ്ഥനത്ത് ബ്രാഹ്മണിക് കോഡ് നടപ്പിലാക്കാന്‍  ശ്രമിച്ച ഏക മുസ്‌ലിം ഭരണാധികാരി അക്ബറാണ്. പക്ഷേ അതിന് ഇന്ത്യയില്‍ അല്‍പായുസ്സേ ഉണ്ടായുള്ളൂ.

ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ച ഇസ്‌ലാംപക്ഷത്ത് നിന്നുകൊണ്ടുള്ള ഒരു വിമര്‍ശനം, അവര്‍ ഇസ്‌ലാമിക പ്രബോധനത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നതാണ്. സൂഫികളുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ പൊലിപ്പിച്ചു കാട്ടാനാണ് പലപ്പോഴും ഇത് പറയപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ ഈ വിമര്‍ശനത്തില്‍ കഴമ്പില്ല. കാരണം ഇസ്‌ലാമിക പ്രബോധനം വൈയക്തികവും  അതിനായുള്ള കൂട്ടായ്മകളുടെയും ബാധ്യതയാണെങ്കിലും അതൊരിക്കലും ഒരു ഭരണകൂട അജണ്ടയല്ല. അത് ഭരണകൂട അജണ്ടയായിരുന്നെങ്കില്‍ ബലാല്‍ക്കാരമുള്ള മതം മാറ്റം ഇസ്‌ലാം അനുവദിക്കുമായിരുന്നു. ഇസ്‌ലാം അത് കര്‍ശനമായി വിലക്കുകയാണ് ചെയ്തത്. ഈ വിലക്ക്  വ്യക്തികള്‍ക്കും ബാധകമാണെങ്കിലും ഭരണകൂടങ്ങള്‍ക്കാണ് കൂടുതല്‍ ബാധകമാവുക. എന്നല്ല ഭരണകൂടങ്ങളെയാണ് അത് പ്രധാനമായും അഭിസംബോധന ചെയ്യുന്നത്. കാരണം ബലം പ്രയോഗിക്കാന്‍ കൂടുതല്‍ കഴിയുക ഭരണകൂടങ്ങള്‍ക്കാണല്ലോ. നീതി നടപ്പാക്കുകയാണ് ഏറ്റവും വലിയ ഭരണകൂട അജണ്ട. അതിന് ബലം പ്രയോഗിക്കാനും അനുവാദമുണ്ട്. സാമൂഹിക തിന്മ നിര്‍മാര്‍ജനം ചെയ്യലും ഭരണകൂട അജണ്ടയാണ്. അതിനും ബലം പ്രയോഗിക്കാം. നാട്ടില്‍ നന്മ പ്രചരിപ്പിക്കലും ഭരണകൂട അജണ്ടയാകാം. ഏറ്റവും വലിയ നന്മ ഇസ്‌ലാമാണെന്നതിലും സംശയമില്ല. പക്ഷേ അതിന് ബലപ്രയോഗം അരുത്. പിന്നെയെങ്ങനെയാണ് നന്മ പ്രചരിപ്പിക്കുക? താല്‍പര്യമുള്ള ആര്‍ക്കും ഏറ്റവും വലിയ നന്മയായ ഇസ്‌ലാം സ്വീകരിക്കാന്‍ സ്വാതന്ത്രമുണ്ടാകും വിധം രാജ്യത്ത്  സമാധാനാന്തരീക്ഷം സൃഷ്ടിച്ച് നിര്‍ഭയമായി നന്മയുടെ പ്രചാരണം നടത്താന്‍  താല്‍പര്യമുള്ളവരെ അനുവദിക്കുക. ഈ അനുവാദം പ്രയോജനപ്പെടുത്തികൊണ്ടാണ് ചില ഘട്ടങ്ങളില്‍ സൂഫികളും മറ്റു ചില ഘട്ടങ്ങളില്‍ മതപണ്ഡിതന്മാരും പ്രബോധനം നടത്തിയത്. ഈ അനുവാദം ഏറക്കുറെ എല്ലാ മുസ്‌ലിം ഭരണാധികാരികളും നല്‍കിയിട്ടുണ്ട്. അത്രയേ ഭരണകൂടം ചെയ്യേണ്ടതുള്ളൂ. ഇനി ആരെങ്കിലും ഉയര്‍ന്ന പദവികള്‍ മോഹിച്ച് മതം മാറിയിട്ടുണ്ടെങ്കില്‍ അതിനെ ബലാല്‍ക്കാരമുള്ള മതം മാറ്റമായി കാണാനാവില്ല.  ലാഭം മോഹിച്ച് കൊണ്ടുള്ള ഇത്തരം നിലപാട് മാറ്റം  ഏതു കാലത്തും ഏതു സമൂഹത്തിലുമുണ്ടാകും. അതും വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗമായതിനാല്‍ തടയാനോ കുറ്റപ്പെടുത്താനോ കഴിയില്ല. അതിനുള്ള  ഔദ്യോഗികമായ ഉത്തരവോ ആഹ്വാനമോ ഉണ്ടായാലേ അത് കുറ്റകരമാകൂ. അങ്ങനെ ഇന്ത്യയിലെ ഏതെങ്കിലും മുസ്‌ലിം ഭരണാധികാരി ചെയ്തതിനും തെളിവില്ല. മുസ്‌ലിം ഭരണാധികാരികളുടെ നീതി നിഷ്ഠയാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചിട്ടുള്ളത്. ഇക്കാര്യത്തിലുള്ള ഭരണാധികാരികളുടെ വീഴ്ച്ചകള്‍ ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രചാരണത്തിന് തടസ്സമാവുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ഇസ്‌ലാമിക പ്രബോധനം എന്നത് ഒരു ഭരണകൂട അജണ്ടയാക്കുകയും അതിന് ബലം പ്രയോഗിക്കുകയും ചെയ്തിരുന്നെങ്കില്‍ വ്യത്യസ്ത ജീവിതരീതികള്‍ പുലര്‍ത്തുന്ന അനേകം ജനവിഭാഗങ്ങളുള്ള ഇന്ത്യയില്‍ എട്ട് നൂറ്റാണ്ടല്ല ഒരു നൂറ്റാണ്ട് പോലും ഭരണം നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിയുമായിരുന്നില്ല. ദീര്‍ഘകാലം മുസ്‌ലിം ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ദല്‍ഹി, ആഗ്ര എന്നീ നഗരങ്ങളില്‍ എക്കാലത്തും മുസ്‌ലിംകള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നുവെന്നത് തന്നെ ബലപ്രയോഗം മൂലമുള്ള ഇസ്‌ലാമിക പ്രബോധനം ഭരണകൂട അജണ്ടയായിരുന്നില്ല എന്നതിന്റെ തെളിവാണെന്ന് തോമസ് ആര്‍നോള്‍ഡ് ചൂണ്ടികാട്ടിയിട്ടുണ്ട്.3  (തുടരും)

 

കുറിപ്പുകള്‍

1. എം.എന്‍ റോയ് -ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്ക്, പേജ് 78

2. ഡോ. സ്വബാഹുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍- ഹിന്ദുസ്ഥാന്‍ കെ സലാത്വീന്‍, ഉലമാഅ് ഔര്‍ മശായിഖ് പര്‍ എക് നള്ര്‍, പേജ് 15

3. ഇസ്‌ലാം പ്രബോധനവും പ്രചാരവും, പേജ് 224

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍