Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

സഞ്ചാരിയുടെ വഴിയും വെളിച്ചവും

ജമീല്‍ അഹ്മദ്

(ഇസ്‌ലാമിലെ യാത്രയുടെ സൗന്ദര്യ-ദാര്‍ശനിക തലങ്ങളിലേക്ക് ഒരു സഞ്ചാരം) 

യാത്രാവിവരണ സാഹിത്യം ഏറെ പ്രവര്‍ത്തനനിരതമാണ് ഇന്നും. ഓരോ സഞ്ചാരിയും പോയ വഴികള്‍ അയാളുടെ കണ്ണിലെങ്കിലും പുതിയ വഴിയും പുതിയ കാഴ്ചയുമാണ്. ലോകപ്രശസ്ത എഴുത്തുകാരുടെ യാത്രാവിവരണങ്ങള്‍ മുതല്‍ നവമാധ്യമങ്ങളിലെ യാത്രാനുഭവക്കുറിപ്പുകള്‍ക്കു വരെ ഏറെ വായനക്കാരുണ്ട്. യാത്ര എന്ന വിഷയം സ്വയംതന്നെ വളരെ കാല്‍പനികവും കാവ്യാത്മകവുമാണ്. ഒരു മതം എന്ന നിലക്ക് ഇസ്‌ലാം യാത്രയുടെ സൗന്ദര്യത്തെയും ജീവിതത്തെയും പരിഗണിച്ചിട്ടുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നത് അങ്ങനെയാണ്. കടല്‍ കടന്നുള്ള യാത്ര വിലക്കിയ പാരമ്പര്യമാണ് ഹിന്ദുമതത്തിനുള്ളത്. കണിശമായ ജാതിബന്ധങ്ങളുടെ കാലത്ത് സ്വന്തം ശരീരം 'ശുദ്ധ'മായിരിക്കാന്‍ അത്രയും സൂക്ഷ്മത ആവശ്യവുമായിരുന്നു. മാത്രമല്ല, നാട്ടുവഴിയിലൂടെയുള്ള മനുഷ്യസഞ്ചാരവും മനുഷ്യര്‍ തമ്മിലുള്ള സാമൂഹികസമീപനവും ജാതിയെ അടിസ്ഥാനമാക്കി അകലം നിര്‍ണയിച്ച ഇന്ത്യന്‍ സംസ്‌കാരത്തിന് യാത്രതന്നെ ഒരു കീറാമുട്ടിയായി മാറുന്നു. ഗൗതമബുദ്ധന്‍ ഈ പരിമിതികളെ മറികടക്കാനാണ് യാത്ര ചെയ്തതെങ്കില്‍ ആദിശങ്കരന്‍ ഈ പരിമിതികളെ അരക്കിട്ടുറപ്പിക്കാനാണ് ഇന്ത്യയില്‍ അങ്ങുനിന്നിങ്ങോളം സഞ്ചരിച്ചത്.  യാത്ര എപ്പോഴും അന്യനിലേക്കുള്ള സഞ്ചാരംകൂടിയാണ്. അന്യരെ തൊടുന്നത് അശുദ്ധമല്ലാത്ത മതമാണെന്നതിനാല്‍ സഞ്ചാരത്തിലൂടെ മാത്രം സഫലമാകുന്ന ആശയമാണ് ഇസ്‌ലാം. 'ഈ ആദര്‍ശം കിട്ടാത്തവര്‍ക്ക്, കിട്ടിയവര്‍ എത്തിച്ചുകൊടുക്കുക' എന്ന, നബിയുടെ ആഹ്വാനം കേട്ടമാത്രയില്‍, രാജ്യാന്തരങ്ങളിലേക്ക് കുതിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. അതിനാല്‍ സഞ്ചാരത്തിന്റെ ഇസ്‌ലാമിക സൗന്ദര്യതലങ്ങളെ ആവര്‍ത്തിച്ചുവായിക്കാനുള്ള ശ്രമം അനിവാര്യമാണ്. 

ജീവിതത്തിലൊരിക്കലെങ്കിലും യാത്ര ചെയ്യാത്തവരാരുണ്ട്? വീടുവിട്ടു പോകുന്ന ഓരോ കാലടിയും യാത്രയുടെ ഘടകങ്ങളാണ്. സ്വന്തം വീട്ടില്‍നിന്ന് തൊട്ടടുത്തേക്ക് പോകുന്നവനും ഒട്ടു ദൂരേക്ക് പോകുന്നവനും യാത്രക്കാരനാണ്. സഞ്ചാരി അത്യാവശ്യസാധനങ്ങളേ കൈയില്‍ കരുതൂ. ബാക്കിയെല്ലാം, സ്വത്തും കുടുംബവും സ്‌നേഹവും എന്തിന് സ്വന്തം ഹൃദയംപോലും വീട്ടിലേല്‍പ്പിച്ചാണവന്‍ പുറപ്പെടുന്നത്. അതിനാല്‍ ഓരോ യാത്ര തുടങ്ങുമ്പോഴും ഇങ്ങനെ പ്രാര്‍ഥിക്കാന്‍ അല്ലാഹുവിന്റെ തിരുദൂതര്‍ പഠിപ്പിച്ചു: ''എന്റെ രക്ഷിതാവേ, എന്നെ നന്മയില്‍നിന്ന് പുറപ്പെടുവിപ്പിക്കണേ, നന്മയിലേക്കെത്തിക്കണേ...'' പുറപ്പെടുന്ന സ്ഥലത്തിന്റെയും ലക്ഷ്യസ്ഥാനത്തിന്റെയും നന്മയാണ് യാത്രയുടെ അര്‍ഥം. അതിനാല്‍ ഓരോ യാത്രയും അര്‍ഥവത്തായ ജീവിതാന്വേഷണമാണ്. പിന്നില്‍ വിട്ടേച്ചുപോരുന്ന വേണ്ടപ്പെട്ടവരുടെ കൈവീശലും കണ്ണീരും മാത്രമാണ് ഓരോ സഞ്ചാരിയുടെയും വീടിനോടുള്ള ഭൗതികമായ കണ്ണി. സുരക്ഷിതത്വത്തെക്കുറിച്ചുള്ള യുക്തിപരവും ശാസ്ത്രീയവുമായ സമാധാനങ്ങളെല്ലാം അവിടെ വെറുതെയാണ്. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചേ ഒരാള്‍ക്ക് പുറപ്പെടാനാകൂ. എല്ലാ യാത്രകള്‍ക്കു ശേഷവും മടങ്ങിച്ചെല്ലാന്‍ ഒരു നാടും തിരിച്ചെത്താന്‍ ഒരു വീടും ഇല്ലാത്തവരെ സംബന്ധിച്ചേടത്തോളം യാത്രയേയില്ല. അവന് വഴിയാണ് തറവാട്. അതിനാല്‍ വഴി ആധാരമായവരെ 'പാതയുടെ സന്തതി' (ഇബ്‌നുസ്സബീല്‍)  എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ഈ അനിശ്ചിതത്വങ്ങളാലായിരിക്കാം യാത്ര പുറപ്പെടുമ്പോഴും യാത്രക്കിടയിലെ ഓരോ സന്ദിഗ്ധതകളിലും യാത്ര അവസാനിപ്പിക്കുമ്പോഴും പലതരം പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും പഠിപ്പിക്കപ്പെട്ടത്. അവയിലേറ്റവും പ്രസക്തമായത് യാത്രാവാഹനത്തെ മനുഷ്യന് കീഴ്‌പ്പെടുത്തിത്തന്ന പടച്ചതമ്പുരാനുള്ള സ്തുതിതന്നെയാണ്. ആലോചിക്കുംതോറും ആഴമേറുന്ന സ്തുതിവചനമത്രെ അത്.

 

ജീവിതം എന്ന യാത്ര

ചെറുപ്പക്കാരനായ ഇബ്‌നു ഉമറി(റ)ന്റെ തോളില്‍ കൈയിട്ട് ഒരിക്കല്‍ നബി (സ) ഇങ്ങനെ ഉപദേശിച്ചു: 'നീ ഭൂമിയില്‍ ഒരു പരദേശിയെപ്പോലെ ആവുക, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ.'' ജീവിതത്തെയും ഇസ്‌ലാമിക ജീവിതത്തെയും കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനമാണത്. ജീവിതം മുഴുവന്‍ യാത്രയാണെന്ന് പിന്നീട് പലരും പറഞ്ഞുവെച്ചിട്ടുണ്ട്.  'യാത്രാവസാനം വരെ ടിക്കറ്റ് സൂക്ഷിക്കുക' എന്ന നിര്‍ദേശമനുസരിച്ച്, വാങ്ങിയ ബസ് ടിക്കറ്റുകള്‍ മുഴുവന്‍ അട്ടിയട്ടിയായി സൂക്ഷിച്ചുവെച്ച ഒരാളുടെ കഥ പ്രശസ്ത എഴുത്തുകാരന്‍ ഇ.പി രാജഗോപാലന്‍ പറയാറുണ്ട്. യാത്ര എന്നതിന് അയാള്‍ക്ക് ജീവിതം എന്നുതന്നെയായിരുന്നു അര്‍ഥം. ജീവിതത്തെ യാത്രയായും യാത്രയെ ജീവിതമായും മാറ്റിവെക്കാനാവുംവിധം സാധാരണമായ കാവ്യബിംബമാണത്. കക്കാടിന്റെ 'സഫലമീ യാത്ര' തന്നെ മികച്ച ഉദാഹരണം. മനുഷ്യജീവിതത്തെ പലരീതിയില്‍ യാത്രയുമായി കക്കാട് ബന്ധിപ്പിക്കുന്നതു കാണാം. 'മാര്‍ഗക്രമം', 'വഴിവെട്ടുന്നവരോട്' തുടങ്ങിയ കവിതകളൊക്കെ യാത്രയെയും ജീവിതത്തെയും പലരീതില്‍ സമീകരിക്കുന്നു. സന്യാസിനിയായി മാറുന്നതിനുമുമ്പ് ഐഹികലോക വ്യവഹാരങ്ങളോട് വിടപറഞ്ഞുകൊണ്ട് സിസ്റ്റര്‍ മേരി ബനീഞ്ജ രചിച്ച 'ലോകമേ യാത്ര' ഏറെ പ്രശസ്തമായ കവിതയാണ്.  ജീവിച്ചു എന്നതിനാല്‍ മാത്രം ഒരിക്കല്‍പോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെയും അങ്ങനെ ഒരാള്‍ക്ക് സഞ്ചാരിയാകാനാകും. 

ദീനുല്‍ ഇസ്‌ലാമിലെ ജീവിതം മുഴുവനും ഈ യാത്രയുടെ ശരിയും ചൊവ്വായതുമായ വഴിയാണ്. അതുകൊണ്ടാണ് 'സബീലുല്ലാഹി' (അല്ലാഹുവിന്റെ മാര്‍ഗം), 'സബീലു റബ്ബിക' (നിന്റെ രക്ഷിതാവിന്റെ വഴി), 'സ്വിറാത്വുന്‍ മുസ്തഖീം' (ചൊവ്വായ വഴി) തുടങ്ങിയ പദങ്ങള്‍ നേരായ ഇസ്‌ലാമിനെ കുറിക്കാനായി ഖുര്‍ആനില്‍ ആവര്‍ത്തിച്ചു കാണുന്നത്. സ്വവര്‍ഗ ലൈംഗികതക്കെതിരെ ശരിയായ ലൈംഗിക ജീവിതത്തെ കുറിക്കാന്‍ 'അസ്സബീല്‍' (വഴി) എന്നാണ് ഖുര്‍ആന്‍ വ്യവഹരിക്കുന്നത് (അല്‍ അന്‍കബൂത്ത്: 29). ഇസ്‌ലാമിനെക്കൂടാതെയുള്ള ചില മതങ്ങളും വഴിയെ തങ്ങളുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ബിംബങ്ങളായി സ്വീകരിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു പേരുതന്നെയാണ് മാര്‍ഗം എന്നത്. മാര്‍ഗത്തിലാവുക എന്ന മലയാളവാക്കിന് മതംമാറുക എന്നും അര്‍ഥമുണ്ടായത് ബൗദ്ധ സ്വാധീനത്താലാണ്. ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും ബൗദ്ധമതമായാണ് സവര്‍ണ വ്യവഹാരങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നതിനാല്‍ ആ മതങ്ങളിലേക്കുള്ള പ്രവേശനവും 'മാര്‍ഗംചേരലാ'യി. മാപ്പിളമലയാളത്തില്‍ അത് 'മാര്‍ക്കംകൂടുക' എന്നായി മാറി. പുരുഷന്മാരുടെ ലിംഗഛേദം ചെയ്യുന്ന ഇസ്‌ലാമികക്രിയക്ക് 'മാര്‍ക്കക്കല്യാണം' എന്ന പേരുണ്ടായതും അങ്ങനെത്തന്നെ. മതത്തിന്റെ സൗന്ദര്യങ്ങള്‍ ആദര്‍ശത്തില്‍നിന്ന് ഭാഷയോളം എത്തുന്നതിന്റെ വഴികള്‍ എത്ര വിചിത്രം!

സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുക സുരക്ഷിതമായ രാജ്യത്താണ്. പുറപ്പെട്ടുപോകുന്ന വഴിയും വാഹനവും സഹയാത്രികരും നാട്ടുകാരും ഉപദ്രവകാരികളായ  ഒരു യാത്ര എത്ര ആശങ്കാകുലമായിരിക്കും. ഇസ്‌ലാമിന്റെ അധികാരം പുലര്‍ന്ന അറേബ്യയെക്കുറിച്ച് മുഹമ്മദുര്‍റസൂലില്ലാഹി പ്രവചിച്ചത് 'സ്വന്‍ആ മുതല്‍ ഹദര്‍മൗതുവരെ ഒരു സഞ്ചാരിക്ക് ഒറ്റക്ക് യാത്രചെയ്യാന്‍ കഴിയുന്ന കാലം' എന്നാണ്. മക്കയില്‍ ഖുറൈശികളാല്‍ അതികഠിനമായ പീഡനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, മര്‍ദനംകൊണ്ട് പൊറുതിമുട്ടിയ അനുചരനോടാണ് റസൂലിന്റെ ഈ പ്രവചനം എന്നോര്‍ക്കണം. എന്നിട്ടുമെന്തുകൊണ്ട് മക്കയെയോ മദീനയെയോ ഒഴിവാക്കി യമനിലെ ഏറക്കുറെ അടുത്തടുത്തു കിടക്കുന്ന സ്വന്‍ആ മുതല്‍ ഹദര്‍മൗത്ത് വരെയുള്ള യാത്രാവഴിയെ നബി ഉദാഹരണത്തിനായി തെരഞ്ഞെടുത്തു എന്നതും ആലോചിക്കാവുന്നതാണ്. അക്കാലത്ത് ഏറ്റവുമധികം സുരക്ഷാഭീഷണിയുള്ള യാത്രാ മേഖലയായിരുന്നുവത്രെ അത്. സ്ത്രീ ഒറ്റക്ക് അതിദൂരം യാത്രചെയ്യുന്നതിനെ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പലരും വിലക്കുന്നതിലും സാമൂഹികവും കാലികവുമായ സുരക്ഷിതത്വത്തിന്റെ സഞ്ചാരപാഠങ്ങളുണ്ട്. 

 

അറിവിലേക്കുള്ള യാത്രകള്‍

ദീനിനുവേണ്ടി മഹത്തായ യാത്രകള്‍ ചെയ്തതിന്റെ ചരിത്രം ഇസ്‌ലാമികലോകത്ത് ആദം നബി മുതലേ ആരംഭിക്കുന്നു. സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട ആദമും ഹവ്വയും എത്ര കാതം യാത്രചെയ്തായിരിക്കണം പരസ്പരം കണ്ടുമുട്ടിയത്! ഭൂമിയില്‍ മനുഷ്യസമുദായം രൂപീകരിക്കാനുള്ള നമ്മുടെ ആദിപിതാക്കളുടെ ആദ്യയാത്ര. ആദ്യ ജീവിതയാത്രയും അവിടെ ആരംഭിക്കുന്നു. മനുഷ്യന്‍ സാംസ്‌കാരികമായി സ്വാംശീകരിക്കുന്നതത്രയും യാത്രയിലൂടെയാണ്. ആദമും ഹവ്വയും പിന്നീട് നടത്തിയ ജീവിതയാത്ര ഭൂമിയെ എത്ര പരത്തിയിട്ടുണ്ടാവും! യാത്രചെയ്ത് ആരോഗ്യം നേടൂ എന്ന് മുഹമ്മദ് നബി ഉപദേശിച്ചത് അതുകൊണ്ടാണ്. ക്ഷമയും അറിവും അനുഭവവും പകര്‍ന്ന് മനുഷ്യനെ അത് മനുഷ്യനാക്കി മാറ്റുന്നു. അറിവും ധനവും അനുഭവവും കരസ്ഥമാക്കാന്‍ സകല മനുഷ്യരുടെയും മാതാപിതാക്കള്‍ സഞ്ചരിച്ച അതേ വഴിതന്നെ മനുഷ്യകുലം മുഴുവന്‍ തെരഞ്ഞെടുത്തു. ഓരോ കരയിലെത്തുമ്പോഴും മറുകരയിലാണ് കൂടുതല്‍ പച്ചപ്പ് എന്ന് ഓരോ മനുഷ്യന്നും അല്ലാഹു തോന്നിച്ചു. വിമോചനമില്ലാത്ത യാത്രയിലൂടെ മനുഷ്യന്‍ മോചനം കണ്ടെത്തി. അതുകൊണ്ടുതന്നെ മനുഷ്യനെ വിമോചിപ്പിക്കാന്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്മാരൊക്കെയും ഏതെങ്കിലുമൊരര്‍ഥത്തില്‍ കാതങ്ങള്‍ സഞ്ചരിച്ചവരാണ്.

പ്രവാചകത്വത്തിന്റെ പരിശീലന പരിപാടിയത്രെ യാത്ര. ആദിപിതാക്കളുടെ മഹാപ്രയാണത്തിനുശേഷം നൂഹ് നബി സ്വയം നിര്‍മിച്ച കപ്പലില്‍ സ്വന്തം സമുദായത്തിലെ എല്ലാ സത്യവിശ്വാസികളെയും ജന്തുജാലങ്ങളെയും കൊണ്ട് മഹാപ്രളയത്തിനുമീതെയാണ് യാത്ര ചെയ്തത്. സഹോദരന്മാരുടെ ഇരയായി പൊട്ടക്കിണറ്റില്‍നിന്ന് അടിമയും രാജകുമാരനും ജയില്‍പുള്ളിയുമായി യൂസുഫ് നബി യാത്രചെയ്‌തെത്തിയത് ഈജിപ്തിന്റെ സിംഹാസനത്തിലേക്കാണ്. മൂസാ നബിയുടെ ജീവിതം മുഴുവന്‍ യാത്രയായിരുന്നു. ആദ്യം കൈക്കുഞ്ഞായി മരപ്പെട്ടിയില്‍ നൈല്‍ നദിയുടെ കുഞ്ഞോളങ്ങള്‍ക്കുമേലെ ഫറോവയുടെ കൊട്ടാരം വരെ. പിന്നെ അവിചാരിതമായി കൊലക്കുറ്റം ചാര്‍ത്തപ്പെട്ട് മദ്‌യനിലേക്ക് ഒളിച്ചോട്ടം. പിന്നെ ഭാര്യയും കുഞ്ഞുമായി പടച്ചവനെ നേരില്‍ കാണാന്‍ സീനാ പര്‍വതച്ചെരുവിലേക്ക്. ഖിദ്ര്‍ എന്ന ദാര്‍ശനികപുരുഷനുമൊത്ത് അദ്ദേഹം നടത്തിയ രഹസ്യജ്ഞാനങ്ങളുടെ യാത്ര മഹത്തരമായ മനുഷ്യയാത്രകളുടെ ഏടുകളിലൊന്നാണ്. സമുദ്രം പിളര്‍ന്ന് മൂസാ നബി വടിയുയര്‍ത്തി നടന്നുപോയത് ഒരു സമുദായത്തിന്റെ വിമോചനയാത്രയായിരുന്നു. ഇബ്‌റാഹീം നബി ഹാജറാ ബീവിയെയും കൊണ്ട് മരുഭൂമികള്‍ താണ്ടിയത് കഅ്ബാലയത്തിലേക്കും സംസമിന്റെ കുളിര്‍മയിലേക്കുമായിരുന്നു. ഖലീലുല്ലാഹി ഇബ്‌റാഹീം നടന്നുതീര്‍ത്ത രാജ്യങ്ങളുടെ അതിരുകള്‍ ചരിത്രത്തിലെ വിസ്മയരേഖയാണ്. ഈസാ നബിയുടെ യാത്രയും രാജ്യങ്ങള്‍ താണ്ടിയുള്ളതായിരുന്നു. യൂനുസ് നബിയെ കടലുകടത്തിയ വാഹനം തിമിംഗലത്തിന്റെ ഉദരമായിരുന്നു. പ്രവാചകന്മാരുടെ ഈ പരീക്ഷണത്തിന്റെയും നുബുവ്വത്തിന്റെയും സഞ്ചാരഗാഥകളുടെ തുടര്‍ച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യിലും കാണാം. ആദ്യം ഹിറയുടെ ധ്യാനൗന്നത്യത്തിലേക്ക്, പിന്നെ സൗര്‍ താണ്ടി മദീനാ രാഷ്ട്രത്തിലേക്ക്. ഒറ്റരാത്രികൊണ്ട് ഫലസ്ത്വീനോളവും അവിടെനിന്ന് ആകാശലോകങ്ങളോളവും നടത്തിയ ഇസ്‌റാഅ്-മിഅ്‌റാജ് സഞ്ചാരങ്ങള്‍ മുഹമ്മദ് നബി(സ)ക്കുമാത്രം അവകാശപ്പെട്ട അതിഭൗതിക യാത്രാനുഭവങ്ങളാണ്. ബുറാഖ് എന്ന വാഹനത്തില്‍ പ്രപഞ്ചത്തിന്റെ അറ്റങ്ങള്‍ തൊട്ട് അവിടുന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോഴും പോകുന്നേരം കുറ്റിയിട്ട വാതില്‍ചങ്ങലകളുടെ ആട്ടം നിലച്ചിട്ടില്ലായിരുന്നു എന്ന് ചരിത്രഗ്രന്ഥങ്ങളിലുണ്ട്. അത്രയും ക്ഷണികനേരം കൊണ്ട് ഒരായിരം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്...!

നാല്‍പ്പത് കൊല്ലക്കാലം ഇസ്രായേല്‍ സമുദായം മരുഭൂമിയിലൂടെ താവളം കിട്ടാതെ അലഞ്ഞുനടന്നതായിരിക്കണം ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാട്. ഇന്നും ജൂതസമുദായം ജീവിതത്തിന്റെയും അക്രമത്തിന്റെയും മരുഭൂമികളില്‍ അലഞ്ഞുനടക്കുകയാണല്ലോ. അല്ലാഹു നിരന്തരയാത്രക്ക് ശപിച്ച ജനതയാണത്. അങ്ങനെ അവിടെ യാത്ര ശാപവുംകൂടിയാകുന്നു. ചരിത്രത്തിലെങ്ങും യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും യാത്രാമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട്. അലക്‌സാണ്ടര്‍ മുതല്‍ ചെങ്കിസ് ഖാന്‍ വരെ മനുഷ്യച്ചോരയില്‍ വഴികള്‍ നനച്ചെടുത്ത് നടത്തിയ അധികാരയാത്രകള്‍ അധിനിവേശത്തിന്റെ പട്ടാളയാത്രകളുടെ ബൃഹദ്ചരിത്രമാണ്. മലയാളത്തിലെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ അനശ്വരയാത്രകളുടെ മാത്രം ചില അടയാളങ്ങള്‍ പറയാം: കേരളമെന്ന കൊച്ചുഭൂമിയെ ഇത്രയും മനോഹരമായി ആവിഷ്‌കരിച്ചതുതന്നെ അറബികള്‍ കടല്‍കടന്നെത്തിയ യാത്രകളാണ്. ആദം നബിയുടെ കാലടിമുദ്രകള്‍ തേടി സിലോണിലേക്ക് കപ്പല്‍സഞ്ചാരം നടത്തിയ ചില സ്വഹാബികളുടെ സഞ്ചാരപഥത്തിലെ ഇടത്താവളമായിരുന്നു മലബാര്‍ തീരം. ചേരമാന്‍ പെരുമാളിന്റെ ജീവിതയാത്രയില്‍ വഴിത്തിരിവുണ്ടാവുന്നതും കേരളചരിത്രം മറ്റൊരു ദിശയിലേക്ക് മാറിസഞ്ചരിക്കുന്നതും ആ യാത്രയോടെയാണ്. നബിയെ കാണാനുള്ള ഉല്‍ക്കടമായ കൊതിക്കടലിനുമേലെ അദ്ദേഹം നടത്തിയ ഇസ്‌ലാം യാത്ര പക്ഷേ, സ്വലാലയില്‍ അവസാനിച്ചു. മാലികുബ്‌നു ദീനാറും ശിഷ്യരും കേരളത്തിലേക്ക് വന്നത് മറ്റൊരു ചരിത്രയാത്ര. മുഹമ്മദ് അസദിന്റെയും ഹാജി സാഹിബിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും തുടങ്ങി അനേകമനേകം യാത്രകളുടെ കഥകളാണ് മലയാളത്തിലെ ഇസ്‌ലാമിക അറിവിന്റെ ചരിത്രം. 

ചരിത്രത്തിന്റെ പാഠങ്ങള്‍ നമുക്ക് ലഭിക്കുന്നത് യാത്രകളിലൂടെയാണ്. ഭൂമിയിലെ ഓരോ ഇടവും അല്ലാഹുവിന്റെ ഏകത്വത്തെയും അത് കൈക്കൊണ്ടവരുടെ വിജയത്തെയും അത് നിഷേധിച്ചവരുടെ ദുരന്തപരിണതിയെയും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. അതുകൊണ്ടാണ് നിരന്തരം യാത്രചെയ്യാന്‍ മനുഷ്യനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി കഴിഞ്ഞകാല ചരിത്രത്തിലേക്ക് ഒന്നു കണ്ണോട്ടം നടത്തി അല്ലാഹു ഒരു പ്രകരണം പൂര്‍ത്തിയാക്കുന്ന വാക്യം ഇതാണ്: ''അവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ലേ? അപ്പോഴവര്‍ക്ക് ഹൃദയങ്ങളുണ്ടായേനേ, അതുകൊണ്ട് ചിന്തിക്കാം. അഥവാ കാതുകള്‍, അതുകൊണ്ട് കേള്‍ക്കാം. തീര്‍ച്ചയായും അന്ധതയേല്‍ക്കുന്നത് കാഴ്ചയെയല്ല. എന്നാല്‍, അന്ധതയേല്‍ക്കുന്നത് ഹൃദയങ്ങളെയത്രെ. അത് നെഞ്ചിനകത്താണുള്ളത്'' (അല്‍ ഹജ്ജ്: 46). കാഴ്ചയെ മൂടിവെച്ച്, കാലുകള്‍ പിണച്ചുവെച്ച് മുറിയുടെ മൂലകളില്‍ ഒതുങ്ങിക്കൂടിയ മുസ്‌ലിം കാര്യമായി ഒന്നും ഉല്‍പാദിപ്പിക്കുന്നില്ല. കാരണം, അല്ലാഹുവിനെ അറിയുന്നത് കണ്ണിലൂടെയാണ്. കണ്ണുകള്‍കൊണ്ട് അവനെ നേരിട്ട് കാണാനാവില്ലെങ്കിലും ഭൂമിയില്‍ നേരിട്ടു കാണുന്ന ഓരോ കാഴ്ചയിലും അല്ലാഹുവിനെ കാണാനാകും. നേരത്തെ പറഞ്ഞതുപോലെ, ചരിത്രത്തിലേക്ക് ഒരു കണ്ണോട്ടം നടത്തി സൃഷ്ടിപ്പിന്റെ സൂചനകളിലേക്ക് കടന്ന് സഞ്ചാരത്തിന് നിര്‍ദേശിക്കുന്ന മറ്റൊരു സൂക്തം ഇതാ: ''പറയൂ, ഭൂമിയില്‍ സഞ്ചരിക്ക. കാണ്‍ക, എങ്ങനെയാണ് പടപ്പ് തുടങ്ങിയത് എന്ന്. പിന്നെ, അല്ലാഹു മറ്റൊരു സൃഷ്ടിപ്പുകൂടി ആവിഷ്‌കരിക്കും. നിശ്ചയം, അല്ലാഹു എല്ലാ കാര്യത്തിനപ്പുറവും കഴിയുന്നവന്‍തന്നെ'' (അല്‍ അന്‍കബൂത്ത്: 20). 

മനുഷ്യന്‍ അല്ലാഹുവിന്റെ ഭൂമിയെ എന്തുചെയ്തു എന്നറിയാനും യാത്രതന്നെ പരിഹാരം. ''മനുഷ്യന്റെ കൈകള്‍ സമ്പാദിച്ചുവെച്ചവ കാരണം കരയിലും കടലിലും നാശം വെളിവായിരിക്കുന്നു. അവര്‍ ചെയ്തതില്‍ ചിലതൊക്കെ അവരെ രുചിപ്പിക്കേണ്ടതുകൊണ്ട്. അവര്‍ മടങ്ങിപ്പോയെങ്കിലോ! പറയൂ, നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്ക. കാണ്‍ക, കഴിഞ്ഞുപോയവരുടെ അവസാനവിധി എങ്ങനെയായിരുന്നു എന്ന്. അവരില്‍ അധികപറ്റവും മുശ്‌രിക്കുകളായിരുന്നു'' (അര്‍റൂം: 41,42). യാന്‍ ആര്‍തസ് ബര്‍ണാന്റ് സംവിധാനം ചെയ്ത 'ഹോം' (2009) എന്ന ഡോക്യൂമെന്ററി, കരയിലും കടലിലും വെളിപ്പെട്ട നാശങ്ങള്‍ കാണാനും പകര്‍ത്താനുമുള്ള ശ്രമമാണ്. കേവലം ഇരുപത് കൊല്ലം കൊണ്ട് രണ്ടായിരം കൊല്ലത്തെ ഭൗമസുസ്ഥിതി സമ്പാദ്യത്തിന്റെയും വികസനത്തിന്റെയും പേരില്‍ മനുഷ്യന്‍ നശിപ്പിച്ചത് എങ്ങനെയാണ് എന്ന് പൂര്‍ണമായും ഹെലികോപ്റ്ററില്‍ വെച്ച് ചിത്രീകരിച്ച ഈ സിനിമ വിളിച്ചുപറയുന്നു. ഇതിനായി 118 രാഷ്ട്രങ്ങള്‍ അവര്‍ ആകാശമാര്‍ഗം സഞ്ചരിച്ചു. ഇങ്ങനെ, അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ മഹത്വവും രഹസ്യവും മനുഷ്യചരിത്രവും കണ്ടെത്താന്‍ ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ പുരസ്‌കരിക്കുന്ന ഈ സഞ്ചാരങ്ങള്‍ക്ക് ഖുര്‍ആന്‍തന്നെ നല്‍കുന്ന ഉദാഹരണമാണ് മൂസാ നബി ഖിദ്‌റുമായി നടത്തുന്ന യാത്രയും ദുല്‍ഖര്‍നൈനിയുടെ യാത്രയും (അല്‍കഹ്ഫ്). മര്‍ദിതരുടെ നാട്ടില്‍നിന്ന് നൂറ്റാണ്ടുകള്‍ താണ്ടി അല്ലാഹുവിന്റെ അപാരമായ ദൃഷ്ടാന്തത്തിലേക്ക് യാത്രചെയ്ത ഗുഹാവാസികളുടെ കഥയും അതേ സൂറത്തിലുണ്ട്. മൂസാ നബിയും ഖിദ്‌റും ചേര്‍ന്നുള്ള ജ്ഞാനപ്രയാണം പഠിപ്പിക്കുന്നത് ഒരു യാത്രയിലൂടെ കിട്ടേണ്ട മൂന്ന് കാര്യങ്ങളാണ്. അറിവും ക്ഷമാശീലവും ധീരതയുമാണവ. അറിവുതേടിയുള്ള യാത്ര സ്വര്‍ഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന പ്രവാചക ഓഫര്‍ സ്വീകരിച്ചാണ് ഇമാമുകളും മുഹദ്ദിസുകളും പണ്ഡിതരും പാഥേയവും നിശ്ചയദാര്‍ഢ്യവും മുറുക്കിക്കെട്ടി പുറപ്പെട്ടത്. 'ഏറ്റവും ഉത്തമമായ പാഥേയം ഹൃദയവിശുദ്ധി'യാണെന്ന മഹദ്വചനവും ഖുര്‍ആനിലുണ്ടല്ലോ.

 

യാത്രയുടെ വിശ്വാസവും കര്‍മവും

യാത്ര 'ഹിദായത്തി'ലേക്കുള്ള വഴികൂടിയാണ്. സന്മാര്‍ഗം എന്ന അതിന്റെ മലയാള പദം എത്ര അര്‍ഥവത്താണ്! നബിതിരുമേനി വരച്ച ഒരു ചിത്രം ഈ സന്മാര്‍ഗത്തിന്റേതാണെന്നാണ് ഹദീസുകളില്‍ കാണുക: ഒരു നേര്‍രേഖ. അതിനു കുറുകെ കുറേ രേഖകള്‍. നേര്‍രേഖ സന്മാര്‍ഗമാണ്. സ്വര്‍ഗത്തിലേക്കുള്ള വഴി. കുറുകെയുള്ള രേഖകള്‍ പിശാചിന്റെ വഴികള്‍. അവ നരകത്തിലേക്കും. ശരിയായ ജീവിതത്തെയും നന്മയെയും കുറിക്കാന്‍ 'വഴി' എന്ന ദൃശ്യബിംബം മാത്രമേ സാധ്യമാകൂ. കഴിഞ്ഞുപോയ സമുദായങ്ങള്‍ മുഴുവന്‍ ആ സത്യമാര്‍ഗം കണ്ടെത്തിയത് മഹാപ്രസ്ഥാനങ്ങളില്‍കൂടിയായിരുന്നു. 'പ്രസ്ഥാനം' എന്ന സംസ്‌കൃത തത്ഭവത്തിന്റെ അര്‍ഥംതന്നെ 'കൃത്യമായ ലക്ഷ്യത്തിലേക്കുള്ള സുനിശ്ചിതമായ യാത്ര' എന്നത്രെ. അതിനാല്‍, സന്മാര്‍ഗം മാത്രമല്ല സന്മാര്‍ഗം സ്ഥാപിക്കാനുള്ള ഓരോ സംഘവും സ്വയമേവ ഒരു സഞ്ചാരമാണ്. 'മൂന്നു പേരോ അതിലധികമോ നടത്തുന്ന ഒരു സഞ്ചാരത്തില്‍ ഒരാള്‍ നിര്‍ബന്ധമായും നേതാവായിരിക്കണം'. 'മൂന്നു പേര്‍ മാത്രമുള്ള ഒരു സഞ്ചാരത്തില്‍ രണ്ടു പേര്‍ സ്വകാര്യം പറയരുത്' എന്നുതുടങ്ങി യാത്രയുടെ പ്രാസ്ഥാനിക പാഠങ്ങള്‍ എത്രയാണെന്നോ! ഒരാളോടൊപ്പം യാത്രചെയ്യുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യൂ, അയാളുടെ തനിസ്വഭാവം മനസ്സിലാക്കാം എന്ന പ്രവാചക മുന്നറിയിപ്പും പ്രസക്തമാണ്. ഒപ്പമുള്ള യാത്രകള്‍ ഒരുമിച്ച് ജീവിക്കുന്ന സമൂഹങ്ങളുടെ പരിഛേദമാണ്. മഹാപ്രസ്ഥാനങ്ങളാണ് ഭൂമിയില്‍ സമൂഹങ്ങളെ രൂപീകരിച്ചത് എന്നതുപോലെ സമൂഹങ്ങളില്‍നിന്ന് സമൂഹങ്ങളിലേക്ക് നടത്തുന്ന സാമൂഹിക സഞ്ചാരമാണ് യാത്ര, അത് തനിയെ ആണെങ്കില്‍ പോലും. സഞ്ചാരിയുടെ സംസ്‌കാരവും ജീവിതവീക്ഷണവും പെരുമാറ്റവും സ്വഭാവവുമെല്ലാം യാത്രയെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍, മുസ്‌ലിമിന്റെ ഓരോ സഞ്ചാരവും ചലിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വ്യവസ്ഥയാണ്. ബൈഅത്തും അനുസരണവും പ്രവര്‍ത്തന പദ്ധതികളും നയനിലപാടുകളുമുള്ള ഒരു 'പ്രസ്ഥാനം' തന്നെയാണ് യാത്ര. 

യാത്ര മനുഷ്യാവസ്ഥയുടെ ഏറ്റവും അസ്വസ്ഥവും അതോടൊപ്പം അനിവാര്യവുമായ അവസ്ഥയാണ്. അക്കാര്യത്തില്‍ അത് മരണത്തിന് തുല്യംതന്നെ. മരണത്തെ മറ്റൊരു ജീവിതയാത്രയായിട്ടാണല്ലോ മതങ്ങളും ഭാഷയും കണ്ടത്. 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു...' എന്നു തുടങ്ങുന്ന ഗാനമാണ് ക്രിസ്തീയ വിലാപഗാനങ്ങളില്‍ ഏറ്റവും പ്രസിദ്ധം. അതുകൊണ്ടുതന്നെ ജീവിതത്തിലെ യാത്രകളെ ഏറെ ഇളവുകളുള്ള മാനുഷികസന്ദര്‍ഭമായി ഇസ്‌ലാം പരിഗണിച്ചിരിക്കുന്നു. മരണം തൊണ്ടക്കുഴിയിലെത്തിയാലും മറക്കാതെ ചെയ്യേണ്ട നിര്‍ബന്ധ നമസ്‌കാരം പോലും ചുരുക്കിയും ചേര്‍ത്തും നിര്‍വഹിക്കാന്‍ അനുവാദം നല്‍കിയത് യാത്രയിലാണ്. പൂര്‍ണമായും തനിക്കുള്ളത് എന്ന് അല്ലാഹു വിശേഷിപ്പിച്ച വ്രതം യാത്രക്കാര്‍ക്ക് ഒഴിവാക്കി നല്‍കിയിരിക്കുന്നു. മറ്റേതെങ്കിലും ആശയസംഹിതകള്‍ സഞ്ചാരികള്‍ക്ക് ഇത്രയും പരിഗണന നല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്. കര്‍മശാസ്ത്രത്തിലെ ഇളവുകള്‍ മാത്രമല്ല, ധനികര്‍ ചെയ്യേണ്ട നിര്‍ബന്ധ ദാനത്തില്‍നിന്ന് യാത്രക്കാര്‍ക്ക് ഇസ്‌ലാം പ്രത്യേക വിഹിതം നിശ്ചയിക്കുകയും ചെയ്തു. ഒരാളുടെ ധനം പങ്കുവെക്കേണ്ട അനിവാര്യ അവകാശികള്‍ക്കു പുറമെ പരിഗണിക്കേണ്ട അനന്തരാവകാശികളിലൊന്നായാണ് അല്ലാഹു വഴിയാത്രക്കാരെ കണ്ടത്: ''അതിനാല്‍, ഉറ്റവര്‍ക്ക് അതിന്റെ ഹഖ് നല്‍കുക. പാവങ്ങള്‍ക്കും സഞ്ചാരിക്കും കൂടി. അതാണ് നല്ലത്, അല്ലാഹുവിന്റെ മുഖപ്രസാദം കൊതിക്കുന്നവര്‍ക്ക്. അവര്‍ തന്നെയാണ് വിജയിക്കുന്നവരും'' (അര്‍റൂം: 38). യാത്രക്കാരെ സഹായിക്കല്‍ പൊതുസമൂഹത്തിന്റെ ഇസ്‌ലാമിക ബാധ്യതയാണെന്നും (ഫര്‍ദ് കിഫായ) കൂടി ഇസ്‌ലാമിക കര്‍മശാസ്ത്രം പഠിപ്പിച്ചു. 

അല്ലാഹുവിന്റെ റസൂല്‍ ഒരിക്കല്‍ ഇതുപോലെ പറഞ്ഞതായി അബൂ ഉമാമ(റ) ഉദ്ധരിക്കുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഴിയരികില്‍ പന്തല്‍കെട്ടി തണലുണ്ടാക്കുകയാണ് ദാനധര്‍മങ്ങളില്‍ ഏറ്റം മികച്ചത്'' (തിര്‍മിദി). സഞ്ചാരിയെ മാത്രമല്ല യാത്രചെയ്യുന്ന വഴിയെ പരിപാലിക്കുന്നതുപോലും ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തില്‍ പെടുന്നു. എഴുപതിലധികം വരുന്ന ഈമാനിന്റെ ശാഖകളില്‍ ഏറ്റവും അവസാനത്തേതായി മുഹമ്മദ് നബി എണ്ണിപ്പഠിപ്പിക്കുന്നത് വഴിയില്‍നിന്ന് ഉപദ്രവം നീക്കുക എന്നാണല്ലോ. മിഅ്‌റാജിന്റെ രാവില്‍ സ്വര്‍ഗനരകങ്ങള്‍ക്ക് സാക്ഷിയായ മുഹമ്മദ്  നബി (സ) അവിടെ കണ്ട കാര്യങ്ങള്‍ അനുചരന്മാര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയുണ്ടായി. അത്തരമൊരു വിശദീകരണത്തില്‍ അവിടുന്ന് പറഞ്ഞു: ''വഴിയില്‍ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്ന മരക്കൊമ്പ് മുറിച്ചുനീക്കിയതിന്റെ പേരില്‍ ഒരാള്‍ സ്വര്‍ഗത്തില്‍ സന്തോഷത്തോടെ ഉലാത്തുന്നത് ഞാന്‍ കണ്ടു.'' വഴിയരികില്‍ ഇരിക്കുന്നവര്‍ വഴിക്ക് അതിന്റെ അവകാശം നല്‍കണമെന്നുകൂടി അവിടുന്ന് പഠിപ്പിച്ചു. മാന്യമായ സംസാരവും നോട്ടവുമാണ് വഴിയുടെ അവകാശങ്ങള്‍. സഞ്ചാരികളുടെ സ്വകാര്യതക്കുപോലും എത്ര വിലയാണ് ഇസ്‌ലാം നല്‍കിയത്! യാത്രയില്‍ പാലിക്കേണ്ട മര്യാദകളും യാത്രികരോട് കാണിക്കേണ്ട മര്യാദകളും മാത്രം ഇനിയുമുണ്ട് ധാരാളം. സഹയാത്രികനോടും വാഹനമൃഗത്തോടും നാട്ടുകാരോടും പെരുമാറുന്നതിലെ വിശദാംശങ്ങള്‍ വരെ നബിതിരുമേനി നിര്‍ദേശിച്ചിട്ടുണ്ട്. 

അതിനാല്‍, യാത്ര ജീവിതത്തിന്റെ എല്ലാ അര്‍ഥവും കൂടിച്ചേരുന്ന ഒരു കഷ്ണമാണ്.  അത് ഒരു കൊച്ചു ഇസ്‌ലാമിക സമൂഹമാണ്. ഓരോ യാത്ര ചെയ്യുമ്പോഴും ഓര്‍ക്കുക, ഒരു ഇബാദത്തിലാണ് ഞാന്‍. അതിന് നാഥന്‍ പ്രതിഫലം തരികതന്നെ ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍