Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

നഗരതീരത്തെ നരക ജീവിതങ്ങള്‍

നിസാര്‍ പുതുവന

സഫറിന് മക്കള്‍ നാല്. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. മൂത്ത മകള്‍ ടി.ടി.സിക്ക് പഠിക്കുന്നു. ഇളയ രണ്ട് പെണ്‍മക്കള്‍ മാനസിക വളര്‍ച്ചയില്ലാത്തവരാണ്. സഫറും ഭാര്യയും നാല് മക്കളും അടക്കം ആറ് പേരടങ്ങുന്ന കുടുംബം കല്‍വത്തി രാമേശ്വരം കനാല്‍ പുറമ്പോക്കിലെ ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് താമസം. കനാലില്‍നിന്ന് വളര്‍ന്നുവന്ന ആല്‍മരം ഒറ്റമുറിയുടെ ഭിത്തി തുളച്ച് വീട്ടിലേക്ക് എത്തിനോക്കുന്നു. ഈ മുറിയില്‍ തന്നെയാണ് കക്കൂസും അടുക്കളയും. അസുഖമുള്ള മക്കളെ റോഡിന്റെ സൈഡില്‍ ഇരുത്തും. പകല്‍ മുഴുവന്‍ അടുക്കളയും കക്കൂസും കുളിമുറിയും ആകുന്ന മുറി രാത്രി പത്തു മണിയോടെ കിടപ്പുമുറിയായി മാറും. ഉള്ളയിടങ്ങളില്‍ മക്കള്‍ വല്ലവിധേനയും ചുരുണ്ടുകൂടി ഉറങ്ങുംവരെ സഫര്‍ മട്ടാഞ്ചേരിയില്‍ എവിടെയെങ്കിലും ചുറ്റിത്തിരിയും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ എപ്പോഴെങ്കിലും എത്തി മക്കള്‍ക്കിടയില്‍ കിടന്ന് ഉറങ്ങും. 

കേരളത്തിലെ ചേരികളുടെ ചേരിയായ മട്ടാഞ്ചേരിയില്‍ ഇത്തരത്തില്‍ ഒരു സഫര്‍ (പേര് സാങ്കല്‍പികം)മാത്രമല്ല ഉള്ളത്. അവിടെയുള്ള ഒട്ടുമിക്ക പേരും സഫറുമാരാണ്. ഉറങ്ങാനായി ഊഴം കാത്തിരിക്കുന്നവര്‍. നീണ്ടു നിവര്‍ന്ന് ഒന്ന് കിടന്നുറങ്ങുക എന്നത് ഇവരുടെ ജീവിതത്തിലെ  വലിയ ആഗ്രഹങ്ങളിലൊന്നാണ്. പതിനായിരക്കണക്കിന് വരുന്ന ചേരിനിവാസികള്‍ക്ക് കാലങ്ങളായി അതൊരു സ്വപ്നം മാത്രമാണ്. വീട് എന്നത് സങ്കല്‍പങ്ങളില്‍ മാത്രം കൊണ്ടുനടക്കുന്ന ഒരു ജനത. അവര്‍ നേരിടുന്ന പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച്... 

 

മട്ടാഞ്ചേരിയെന്ന മഹാനഗരം

ഇന്നത്തെ കൊച്ചി നഗരത്തേക്കാള്‍ ഒരു കാലത്ത് കേള്‍വി കേട്ടതായിരുന്നു മട്ടാഞ്ചേരി. കൊച്ചി മഹാനഗരം ആകുന്നതിനു മുമ്പ് മട്ടാഞ്ചേരിക്കായിരുന്നു ആ സ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപാരികളും വ്യവസായികളുമൊക്കെ മട്ടാഞ്ചേരിയിലേക്ക് ഒഴുകിയെത്തിയിരുന്ന സുവര്‍ണ നാളുകള്‍. പ്രദേശത്തെ സ്ഥലപ്പേരുകള്‍പോലും ഈ പ്രൗഢിയുടെ പാരമ്പര്യം വിളിച്ചോതിയാണ് ഇന്നും നിലനില്‍ക്കുന്നത്. പേരില്‍ മാത്രമേ പ്രൗഢിയുള്ളൂ എന്നു മാത്രം. കൊച്ചിക്കു വേണ്ടി മട്ടാഞ്ചേരി വഴിമാറിയപ്പോള്‍ നഷ്ടപ്പെട്ടത് പഴയ മിഴിവ് മാത്രമായിരുന്നില്ല, ഒരു ജനതയുടെ നിലനില്‍പ്പും ജീവിതവും കൂടിയായിരുന്നു. 

നേരത്തേ മട്ടാഞ്ചേരിയില്‍ കിട്ടാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കപ്പലുകളിലും ഉരുകളിലും മച്ചുവകളിലും ചെറിയ തോണികളിലും കരക്കെത്തിയിരുന്ന എല്ലാവിധ ചരക്കു സാമഗ്രികളും വസ്ത്രങ്ങളും വരെ സൂക്ഷിച്ചിരുന്നത് ഈ പ്രദേശങ്ങളിലെ വലിയ പാണ്ടികശാലകളിലായിരുന്നു. വന്‍കിട-ഇടത്തരം വ്യാപാരികള്‍ ഇവിടെനിന്നാണ്  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടു പോയിരുന്നത്. ഇതെല്ലാം കയറ്റിയിറക്കാന്‍ ആയിരക്കണക്കിന് തൊഴിലാളികള്‍. അവരുടെ കുടുംബങ്ങളും ഇവിടെയായിരുന്നു താമസിച്ചിരുന്നത്. എല്ലാം ഇപ്പോള്‍ ഓര്‍മകള്‍ മാത്രം.

ജലം, വായു, റെയില്‍ ഗതാഗത മാര്‍ഗങ്ങള്‍ എല്ലാം കുറഞ്ഞ ദൂരത്തില്‍ ഉണ്ടായിരുന്ന രാജ്യത്തെ ഒരേയൊരു നഗരവും മട്ടാഞ്ചേരിയായിരുന്നു. ഇന്ന് എല്ലാം നഷ്ടപ്പെട്ടു. വാത്തുരുത്തി പഴയ കൊച്ചിന്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍ ഇന്ന് നിശ്ശബ്ദമാണ്. പൈതൃക തുറമുഖത്തു നിന്ന് ജലയാനങ്ങള്‍ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് ഗതിമാറി. അതോടെ ചരക്കു ഗോഡൗണുകളെല്ലാം പരിസര ജില്ലകളിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. ഇന്നിപ്പോള്‍ യഥാര്‍ഥ കൊച്ചി വെറും വിനോദ സഞ്ചാരവും ചീനവലകളും പൈതൃക ഓര്‍മകളും പഴമ പേറുന്ന പുരാവസ്തുക്കള്‍ വില്‍ക്കുന്ന കച്ചവട കേന്ദ്രങ്ങളും മാത്രമാണ്. കൊച്ചി മഹാനഗരമായി കുതിച്ചുകയറ്റവും നടത്തി. 

സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ എവിടെ പ്രശ്‌നങ്ങളുണ്ടായാലും മട്ടാഞ്ചേരിയിലെ സംഭരണ ശാലകളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമായിരുന്നു. കലാപങ്ങളുടെ മറവില്‍ പാണ്ടികശാലകള്‍ കൊള്ളയടിച്ചിരുന്നവര്‍ക്ക് ഇവിടെയുള്ള കച്ചവടങ്ങളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യവുമുായിരുന്നു. കൊള്ള പേടിച്ച് വ്യാപാരികള്‍ കൂട്ടത്തോടെ നാടുവിട്ടു. ഇത് മനസ്സിലാക്കി നാട്ടുകാര്‍ കൊള്ളയടിക്കുന്നവരെ അടിച്ചോടിച്ചു. എങ്കിലും വ്യാപാരികള്‍ പുതിയ സ്ഥലങ്ങളില്‍നിന്ന് മട്ടാഞ്ചേരിയിലേക്ക് തിരിച്ചുവന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചി തുറമുഖം, ഫിഷറീസ് ഹാര്‍ബര്‍, മത്സ്യസംസ്‌കരണ ശാലകള്‍ എന്നിവ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല. പീലിംഗ് ഷെഡുകളില്‍  നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. അതും നഷ്ടമായി. ഇവിടേക്ക് വന്നിരുന്ന ചെറിയ കപ്പലുകളും ബോട്ടുകളും വൈപ്പിനിലെയും ചന്തിരൂരിലെയും സ്വകാര്യ കടവുകളിലേക്ക് പോയതും തൊഴില്‍ ഇല്ലാതാക്കി. തേയില-കാപ്പിപ്പൊടികളുടെ മിശ്രണവും പാക്കിംഗും ഇല്ലാതായതും തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിച്ചു. ട്രോളിംഗ് ബോട്ടുകള്‍ വന്നതോടെ മത്സ്യബന്ധന മേഖല താറുമാറായി. മത്സ്യകച്ചവട കേന്ദ്രങ്ങളിലെ കുടിയൊഴിപ്പിക്കല്‍ മത്സ്യത്തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും പെരുവഴിയിലാക്കി.

അന്നും ഇന്നും കൊച്ചി വാണിജ്യ വ്യാപാരങ്ങളുടെ തലസ്ഥാന നഗരിയാണ്. സംസ്ഥാനത്തിന്റെ തന്നെ വ്യവസായ ഹബ്ബ്. മെട്രോയിലേക്ക് അനുദിനം കുതിച്ചുയരുന്ന മഹാ നഗരം. വടക്ക് ആലുവ മുതല്‍ തെക്ക് നെട്ടൂര്‍ വരെയും കിഴക്ക് തൃപ്പൂണിത്തുറ മുതല്‍ പടിഞ്ഞാറ് മട്ടാഞ്ചേരി വരെയും ഈ മഹാനഗരത്തിന്റെ പരിധികളാണ്. കൊച്ചിക്കൊപ്പം അതിന്റെ പ്രാന്തപ്രദേശങ്ങളും തഴച്ചുവളര്‍ന്നു. നഗരത്തിനൊപ്പം ഈ പ്രദേശങ്ങളെല്ലാം മോടിപിടിച്ചു. അപ്പോഴും മട്ടാഞ്ചേരി മാത്രം പഴയ പ്രതാപങ്ങളെല്ലാം നഗരത്തിന് കൊടുത്ത് മെലിഞ്ഞു മെലിഞ്ഞ് കൂടുതല്‍ ചെറുതായും പഴകിയും കൊണ്ടിരുന്നു. കൊച്ചി നഗരഹൃദയത്തിലെ കമ്മട്ടിപ്പാടം കഴിഞ്ഞാല്‍ ഒരുപക്ഷേ ഈ നഗരം ഏറ്റവും ക്രൂരത ചെയ്തത് മട്ടാഞ്ചേരിയോടാകും.

ജപ്പാന്‍, ഈജിപ്ത്, ഇസ്രയേല്‍, ചൈന, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, നേപ്പാള്‍ തുടങ്ങിയ ലോകരാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഇവിടെയെത്തി സ്ഥിരതാമസമാക്കിയ എത്രയോ ജനങ്ങളുടെ ആവാസകേന്ദ്രമാണ് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും. ജൈനരും സിഖുകാരും പാര്‍സികളും പഠാണികളും ബോറോകളും കച്ചികളും ആലായിമാരും സേട്ടുമാരും ജൈനരും കുഡുംബികളും ഈഴവരും മുസ്‌ലിംകളും ജൂതരും ക്രിസ്ത്യാനികളും അടക്കം വിവിധ മതവിശ്വാസികള്‍ ഒത്തൊരുമയോടെ കഴിയുന്ന നാട്. 

പുറത്തുള്ളവര്‍ മട്ടാഞ്ചേരിയടക്കമുള്ള പശ്ചിമ കൊച്ചിയെ അവജ്ഞയോടെയാണ് കാണുന്നത്. അപരിഷ്‌കൃതരെന്ന് മുദ്രകുത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍  നടക്കുന്നതിനാലാണ് പുറത്തുള്ളവര്‍ക്ക് അത്തരമൊരു തോന്നല്‍ ഉണ്ടായതെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.

 

മട്ടാഞ്ചേരിയിലെ ദുരിതക്കാഴ്ചകള്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതെന്ന് പറയപ്പെടുന്ന സംഭവമാണ്. ഇടക്കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍നിന്ന് മട്ടാഞ്ചേരിക്കാരായ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്യുന്നു. തെളിവു സഹിതം തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണ് എന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിച്ചില്ല. ഇത്രയും അടുത്ത് വീടുള്ള നിങ്ങള്‍ ഇവിടെ എന്തിന് മുറിയെടുത്തു എന്നായി പോലീസ്. പോലീസിനറിയില്ലല്ലോ അവരുടെ വീട് എന്താണെന്ന്. ഇടിഞ്ഞുപൊളിഞ്ഞ ഒറ്റമുറിവീട്ടില്‍ മക്കളും മക്കളുടെ മക്കളും ഒക്കെയായി അഞ്ചും ആറും കുടുംബങ്ങള്‍ കാണും. ആണുങ്ങള്‍ പലപ്പോഴും വീട്ടിലേക്ക് വരാറേയില്ല. വീട്ടില്‍ ഇടമില്ല എന്നതുതന്നെയാണ് കാരണം. 

മഹാജനവാടിപ്പറമ്പിലെ ഗിരിജ ഇതിന് എളുപ്പത്തില്‍ മറുപടി തരും. ഗിരിജയുടെ മകള്‍ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ വീട്ടില്‍ വന്നു നിന്നിട്ടില്ല. ഉള്ള ഒറ്റമുറിയില്‍ മാതാപിതാക്കളും രണ്ട് സഹോദരങ്ങളും കിടന്നാല്‍ പിന്നെ മകള്‍ എവിടെ കിടക്കും? അവള്‍ രാവിലെ വന്ന് വൈകീട്ട് ഭര്‍തൃവീട്ടിലേക്ക് മടങ്ങും. ചേരികളിലെ എല്ലാ വീടുകളിലും ഇതുതന്നെയാണ് അവസ്ഥ. കാലങ്ങളായി ഇത് തുടരുന്നു. 

യു.ഡി.എഫ് സര്‍ക്കാറിന്റെ സിറോ ലാന്റ്‌ലെസ് പദ്ധതിയിലെ കണക്കു പ്രകാരം ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ വില്ലേജുകളില്‍ 5000 കുടുംബങ്ങള്‍ വീടും സ്ഥലവും ഇല്ലാത്തവരാണ്്. അനൗദ്യോഗിക കണക്ക് ഇതിലുമധികമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ 75 ശതമാനത്തിലധികം മുസ്‌ലിംകളാണ്. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി വില്ലേജുകളില്‍ ചേരികളുള്ളത് പ്രധാനമായും കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ആറ് ഡിവിഷനുകളിലാണ്. കല്‍വത്തി, ഇരവേലി, കരിപ്പാലം, മട്ടാഞ്ചേരി, ചക്കാമാടം എന്നീ ഡിവിഷനുകളിലാണ് ചേരികള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇവിടങ്ങളില്‍ 5600 കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.  മത്തേസുപറമ്പ്, കൊച്ചുപറമ്പ്, വലിയപറമ്പ്, ബംഗ്ലാവുപറമ്പ്, പനച്ചിക്കപ്പറമ്പ്, സീലാട്ട് പറമ്പ്, അസ്‌റാജ് ബില്‍ഡിംഗ്, മഹാജനവാടിപറമ്പ്, വലിയ മാളോത്തുപറമ്പ്, എം.കെ.എസ് ഹൗസ് എന്നിവിടങ്ങളിലായി പരന്നുകിടക്കുന്നു ചേരിപ്രദേശങ്ങള്‍. ഇതില്‍ ഏറെയും വഖ്ഫ് സ്ഥലങ്ങളാണ്. ഇന്നും കൃത്യമായ കണക്കുകളോ രേഖകളോ പോലും ആരുടെയും കൈകളിലല്ല. ചില ചേരികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കേസും നിലനില്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വഖ്ഫ് സ്വത്ത് കൊണ്ട് സമുദായത്തിനോ വഖ്ഫ് ബോര്‍ഡിനോ പോലും ഗുണമില്ലാത്ത അവസ്ഥ. മഹാജനവാടിപ്പറമ്പ് കോളനിയില്‍ മാത്രം 54 വീടുകളുണ്ട്. ഓരോ വീട്ടിലും നാലും അഞ്ചും കുടുംബങ്ങള്‍ താമസിക്കുന്നു. 

മൂന്നര കോടി ജനങ്ങള്‍ മാത്രമുള്ള കേരളത്തില്‍ പ്ലാനിംഗ് ബോര്‍ഡ് സര്‍വേ പ്രകാരം 12 ലക്ഷം കുടുംബങ്ങള്‍ക്ക് വീടില്ല. 2001-ലെ സെന്‍സസ് പ്രകാരം 7.3 ലക്ഷം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാനമാണിതെന്ന് ഓര്‍ക്കണം. സീറോ ലാന്റ്‌ലെസ് പദ്ധതി ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മട്ടാഞ്ചേരിയില്‍നിന്നും ഫോര്‍ട്ട് കൊച്ചിയില്‍നിന്നുമാണ്. കേരളത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ ശരാശരി 20 ഭവനരഹിതര്‍ ഉള്ളപ്പോള്‍ മട്ടാഞ്ചേരിയില്‍ അത് 859 ആണ്. ഈ കണക്ക് മാത്രം മതിയാകും മട്ടാഞ്ചേരിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഭീതിതമായ അവസ്ഥ മനസ്സിലാക്കാന്‍. 

വീടുകള്‍ സ്റ്റാറ്റസ് സിംബലായ കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. തറവാടിത്തവും പ്രൗഢിയും സുരക്ഷയും ഒക്കെ ഒത്തിണങ്ങിയ വീടുകള്‍ക്കായി ജീവിതകാലത്തെ സമ്പാദ്യത്തിന്റെ വലിയൊരു വിഹിതം മാറ്റിവെക്കുന്നവരുടെ നാടാണ് കേരളം. അവിടെയാണ് പതിനായിരങ്ങള്‍ വീടെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടുനടന്ന് നരകിച്ച് ജീവിക്കുന്നത്. 

വീട് എന്നത് കേവലം ഉറങ്ങാന്‍ മാത്രമുള്ള ഇടമല്ല, മനുഷ്യനെ സാമൂഹികവും മാനസികവുമായി പാകപ്പെടുത്താനുള്ള ഇടംകൂടിയാണ് എന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. പെരുമാറ്റരീതികളിലെ പ്രശ്‌നങ്ങളും മാനസിക പിരിമുറുക്കവും ചേരികളിലെ കുട്ടികളില്‍ വ്യാപകമായി കുവരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെയുള്ള പഠനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന നാട്ടിലാണ് കിടപ്പാടമില്ലാതെ പതിനായിരങ്ങള്‍ അലയുന്നത്. 

 

പണയത്തിന്റെ നാട്

ഇവിടെ എല്ലാം പണയത്തിലാണ്. അല്ലെങ്കില്‍ വാടകക്ക്. വീടും ജീവിതവുമെല്ലാം പണയഭൂമിയില്‍ മാത്രമായി അനുഭവിക്കേണ്ടവര്‍. 11 മാസമാണ് പണയ കാലവധി.  ഇതിനു ശേഷം  ദേശാടനക്കിളികളെപോലെ  കെട്ടും കിടക്കയുമെടുത്ത് മറ്റൊരു കൂട് തേടിയലയാനാണ് ഇവരുടെ വിധി. മുമ്പ് കുറഞ്ഞത് ഒരു ലക്ഷം പകിടി കൊടുത്താലെങ്കിലും വീട് കിട്ടുമായിരുന്നു. ഇപ്പോഴതുമില്ല. ഇവിടെ കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ താമസിക്കുന്ന ഭൂമിക്ക് കൈവശാവകാശം ഇല്ലാത്തവരാണ്. പട്ടയം നല്‍കാമെന്ന അധികൃതരുടെ പാഴ്‌വാക്കുകളില്‍ ഇവര്‍ വര്‍ഷങ്ങളായി പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെങ്കിലും കാര്യമില്ലെന്ന് അവരുടെ അനുഭവങ്ങള്‍ പറഞ്ഞുതരുന്നു. ട്രസ്റ്റുകളുടെ ഭൂമിയില്‍ വാടകക്ക് കഴിയുന്നവരാണ് കൂടുതലും. വാടക നല്‍കിയാല്‍ സ്വന്തം ഭൂമി പോലെ കഴിയാം. കുറേ നാള്‍ കഴിഞ്ഞാല്‍ കൂടുതല്‍ തുകക്ക് മറ്റൊരാള്‍ക്ക് ആ പണയം വില്‍ക്കാം. ട്രസ്റ്റിനു പഴയ വാടക നല്‍കിയാല്‍ മതി. ഇങ്ങനെ വീടുകളെന്ന് സ്വയം വിശ്വസിപ്പിച്ച് പലക അടിച്ച മറയിടങ്ങളില്‍ അവര്‍ തലമുറകളായി ഇടുങ്ങി ജീവിക്കുന്നു.

സ്വകാര്യതകള്‍ നിഷേധിക്കപ്പെട്ട, രഹസ്യങ്ങളില്ലാതായ ഒരു ജനത. കുടുംബം, സദാചാരം, ധാര്‍മികത എല്ലാറ്റിനും പരിക്കേല്‍പ്പിക്കുന്ന സാമൂഹിക ഘടന. പത്തു വീട്ടുകാര്‍ക്ക് ഒരു ടോയ്‌ലറ്റ്. ശുദ്ധജലം കിട്ടാക്കനി. ചീഞ്ഞുനാറുന്ന ഓടകള്‍. ചെളിയും ചേറും കക്കൂസ് മാലിന്യങ്ങളും നിറഞ്ഞ കാനകളും കനാലുകളും. ഭൂമിയില്ലായ്മയും ഭവനരാഹിത്യവും ഒരുപോലെ അഭിമുഖീകരിക്കുന്നവരാണ് പശ്ചിമ കൊച്ചിയിലെ ചേരിനിവാസികള്‍. ഭൂമി രാഷ്ട്രീയത്തെ കുറിച്ച് കേരളത്തില്‍ നടക്കുന്ന സംവാദങ്ങളിലും സമരങ്ങളിലും പശ്ചിമ കൊച്ചിക്കും കൂടി ഇടം ലഭിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, സാമ്പത്തിക ലാഭങ്ങള്‍ ഇല്ലാത്തതിനാലോ പക്ഷപാതപരമായ മറ്റു കാരണങ്ങളാലോ ഇവിടെയുള്ളവര്‍ക്കായി കൊടി പിടിക്കാന്‍ ഒരാളും തയാറല്ല .  

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മുനിസിപ്പാലിറ്റികളെ എറണാകുളത്തോട് ചേര്‍ത്ത് 1967 നവംബര്‍ ഒന്നിന് കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരിച്ചതിനു ശേഷമാണ്  പശ്ചിമ കൊച്ചിയുടെ മുഴുവന്‍ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. പശ്ചിമ കൊച്ചിയുടെ പേര് പറഞ്ഞ് ഭരണാധികാരികള്‍ എറണാകുളത്തേക്ക് ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചു. എല്ലാ ഫണ്ടുകളും ഇത്തരത്തില്‍ വകമാറിയപ്പോള്‍ പശ്ചിമ കൊച്ചിക്കു വേണ്ടിയുള്ള പദ്ധതികള്‍ അട്ടിമറിക്കുന്ന ലോബി തന്നെ കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായി. ഭവനനിര്‍മാണത്തിനും ചേരിനിര്‍മാര്‍ജനത്തിനുമുള്ള കോടികളുടെ പദ്ധതികള്‍ സമയം വൈകിക്കുന്നെന്ന ആക്ഷേപവുമുണ്ട്. ചേരിനിര്‍മാര്‍ജനത്തിനും ദാരിദ്ര്യലഘൂകരണത്തിനും കോടികളുടെ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിദേശ ഏജന്‍സികളും വഴി കൊണ്ടുവരുന്നുെങ്കിലും അതൊന്നും നടപ്പിലാകുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി രാജഗിരി കോളേജ് സോഷ്യല്‍ സയന്‍സ് വിഭാഗം കൊച്ചി കോര്‍പ്പറേഷനു വേണ്ടി പഠനം നടത്തിയിരുന്നു. ഇതില്‍ പശ്ചിമ കൊച്ചിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന 1800 കുടുംബങ്ങളുടെ പട്ടികയാണ് ഉള്ളത്. എന്നാല്‍ പശ്ചിമ കൊച്ചിയിലെ ഏറ്റവും വലിയ ചേരികളുള്ള ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളില്‍ വരുന്ന ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളിലെ കുടുംബങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ലതെയാണ് പട്ടിക പുറത്തിറങ്ങിയത്. കാലാകാലങ്ങളില്‍ അതത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വിവരം നല്‍കാത്തതും ചേരിനിവാസികളെ അവഗണനയുടെ ആഴങ്ങളിലെത്തിച്ചു .

 

ജീവിതം പഠിക്കുന്ന കുട്ടികള്‍

പശ്ചിമ കൊച്ചിയിലെ കുടുംബാംഗങ്ങളോട് അവരുടെ  ഏറ്റവും വലിയ സ്വത്ത് എന്തെന്നു ചോദിച്ചാല്‍ ഉടനടി മറുപടി കിട്ടും-മക്കള്‍ തന്നെ.  ഈ ദുരിതക്കടലില്‍ മുങ്ങിപ്പോകാതെ മക്കളെങ്കിലും രക്ഷപ്പെടട്ടെ എന്നാണ് ഇവിടെയുള്ള അമ്മമാരുടെ പ്രാര്‍ഥന. അതിനായി എന്ത് സഹനത്തിനും മാതാപിതാക്കള്‍ തയാറാണ്. മികച്ച സ്‌കൂളുകള്‍ ഇവിടെയുണ്ട്. എന്നാല്‍ പഠിച്ചുവളരാന്‍ പറ്റിയ സൗകര്യങ്ങള്‍ വീടുകളില്‍ ഇല്ലെന്നതാണ് വാസ്തവം. സ്‌കൂള്‍ വിട്ടു വന്നാല്‍ ചാമ്പ് പൈപ്പില്‍നിന്നും വെള്ളമെടുക്കണം. അതിനു തന്നെ മണിക്കൂറുകള്‍ വേണം. അത് കഴിഞ്ഞു വന്നാല്‍ പഠിക്കാനിരിക്കാന്‍ സ്ഥലമില്ലെന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. 100-150 ചതുരശ്ര അടി വലിപ്പം മാത്രമുള്ള വീടുകളില്‍ രണ്ടോ മൂന്നോ കുടുംബങ്ങളാണ് കഴിയുന്നത്. പലരും ഷിഫ്റ്റ് വച്ചാണ് ഉറങ്ങുന്നതും. അടുക്കളയും ഈ ഒറ്റമുറിക്കകത്തു തന്നെ. മനസ്സമാധാനത്തോടെ ഈ കുട്ടികള്‍ക്ക് പുസ്തകം തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം ആരെയാണ് കുറ്റം പറയേണ്ടത്?

മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ മട്ടാഞ്ചേരിക്ക് ഇനിയും ശ്രദ്ധ കിട്ടിയേ പറ്റൂ. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ ജീവിതങ്ങളെ അനുസ്മരിപ്പിക്കുമാറ് ഒരു വിഭാഗം ഇന്നും സാക്ഷര കേരളത്തിലുണ്ടെങ്കില്‍ അത് കേരളം ഇതുവരെ നേടിയ എല്ലാ മികവുകളുടെയും നിറം കെടുത്തുന്നതാണ്. കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ഒരു സമുദായം ഭൂരിപക്ഷമായി തിങ്ങിപ്പാര്‍ക്കുന്ന ഇടം ഇങ്ങനെ കാലങ്ങളോളം അവഗണിക്കപ്പെട്ടു കിടക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടത്തെ അധികാരി- ഉദ്യോഗസ്ഥ വര്‍ഗത്തിന് ചികിത്സ വേണം. കൊച്ചി കോര്‍പ്പറേഷനിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ മുതല്‍ സെക്രട്ടറി വരെയുള്ളവരുടെ പശ്ചിമ കൊച്ചിയോടുള്ള സമീപനം അതിനെ ശരിവെക്കുന്നതുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍