കളിക്കൂട്ടങ്ങള്‍ ഇല്ലാതായാല്‍
പത്തു മാസക്കാലത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം രണ്ടു മാസം കുട്ടികള്‍ക്ക് മനസ്സറിഞ്ഞ് ഉല്ലസിക്കാനുള്ള അവസരമാണ്. പല കുട്ടികള്‍ക്കും അവധിക്കാലവും പഠനകാലവും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നുന്നുണ്ടാവില്ല. മാറിയ കാലത്തെ വിദ്യാഭ്യാസ-തൊഴില്‍ സമീപനങ്ങളും ജീവിത കാഴ്ചപ്പാടുകളും എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്ന് പറഞ്ഞതുപോലെ വെക്കേഷന്‍ കാലത്തും അവരെ പഠിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. നിരന്തരമായ പഠന പ്രവര്‍ത്തനങ്ങള്‍ മനസ്സിനെ മടുപ്പിക്കുകയും ക്രിയാത്മകത ഇല്ലാതാക്കുകയും ചെയ്യും.
ഒഴിവുകാലത്തെക്കുറിച്ച് പഴയ തലമുറക്ക് പറയാനുണ്ടാവുക കളിക്കളങ്ങളും കൂട്ടുകൂടലുകളും ഒഴിയാത്ത കൗമാരത്തെക്കുറിച്ചായിരിക്കും. രണ്ട് മാസത്തെ 'ചക്കമാങ്ങക്കാലം' കൂട്ടുകൂടി കളിച്ച് കടന്നുപോകുന്നത് അറിയുകയേ ഇല്ല. ഒഴിവുകാലങ്ങളുടെ പൂമരക്കാഴ്ചകളും കളികളുടെ തീരാത്ത വിശേഷങ്ങളും പറയുന്ന നാം നമ്മുടെ കുട്ടികള്‍ക്ക് അവ നിഷേധിക്കുകയും ചെയ്യുന്നു. 'സ്‌കൂളടച്ചാല്‍ കുട്ടികളെക്കൊണ്ട് വലിയ തലവേദനയാണ്' എന്ന് പരിഭവിക്കുന്നവരും, 'മാഷേ.. ഈ അവധിക്കാലം എങ്ങനെയെങ്കിലും ഒന്നു ചുരുക്കാന്‍ പറ്റുമോ?' എന്ന് അന്വേഷിക്കുന്നവരുമുണ്ട്. എന്നാല്‍ തിരികെ ലഭിക്കണമെന്ന് ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഏറ്റവും ധന്യ മുഹൂര്‍ത്തമേതെന്ന് ചോദിച്ചാല്‍ എല്ലാവരും പറയുക വിദ്യാര്‍ഥി ജീവിതത്തിലെ ഒഴിവുകാലമെന്നായിരിക്കും. പഠനഭാരമോ കാര്‍ക്കശ്യമോ നിയന്ത്രണങ്ങളോ ഇല്ലാതെ കൂട് തുറന്ന് വിട്ട പക്ഷിയെ പോലെ ഓരോരുത്തരും പറന്നുല്ലസിച്ചാഘോഷിച്ച ആ കളിക്കാലം...
ഓരോ ഗ്രാമവും കുട്ടികളുടെ ആരവങ്ങളാല്‍ നിറവു തേടിയ ഏപ്രില്‍, മെയ് മാസങ്ങളിലെത്തുന്ന വേനലവധിക്ക് മാറ്റം വന്നിട്ടില്ലെങ്കിലും അതിന്റെ സ്വഭാവത്തിലും വിനോദത്തിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഡിജിറ്റല്‍ കാലത്ത് വിനോദം, മുറിക്കുള്ളില്‍ ചടഞ്ഞിരുന്ന് ടെലിവിഷനിലെ കാര്‍ട്ടൂണ്‍ പരമ്പരകള്‍ കാണലോ കമ്പ്യൂട്ടര്‍ ഗെയിം കളിക്കലോ സ്മാര്‍ട്ട് ഫോണില്‍ തലകുനിച്ചിരിക്കലോ ഒക്കെയാണ്.
കുട്ടിക്കാലത്തെ അനുഭവങ്ങളും പാഠങ്ങളുമാണ് ഒരു മനുഷ്യനെ നിര്‍മിക്കുന്നതും വ്യക്തിത്വ വികാസത്തെ നിര്‍ണയിക്കുന്നതും. കളിക്കുകയും നിരീക്ഷിക്കുകയും അനുകരിക്കുകയുമാണ് കുട്ടികളുടെ പ്രത്യേകതകള്‍. ക്ലാസ് മുറിയിലെ പഠനമാണ് അക്കാദമിക് അധ്യയനമെങ്കില്‍ അവര്‍ ജീവിതം പഠിക്കേണ്ടത് പുറം ലോകത്തുനിന്നാണ്. വളരെ സജീവവും ക്രിയാത്മകവുമായ പാഠ്യേതര അനുഭവങ്ങള്‍ നേടിയ കുട്ടികളും പരിമിതമായി മാത്രം ഇത്തരം അനുഭവങ്ങളുള്ളവരും തമ്മില്‍ വ്യക്തിത്വ വികാസത്തിന്റെ കാര്യത്തില്‍ അന്തരമുണ്ടായിരിക്കും.
അക്കാദമിക പഠനത്തിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്ക് ജീവിത വിജയം നേടാനോ വ്യക്തിത്വ വികാസം ആര്‍ജിക്കാനോ കഴിയില്ല. അവധിക്കാലത്തെങ്കിലും സാമൂഹിക പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയണം. വെക്കേഷന്‍ പഠനങ്ങളോ ധാര്‍മിക ശിക്ഷണങ്ങളോ ഇക്കാലയളവില്‍ തീരെ വേണ്ടെന്നോ പരിശീലിപ്പിക്കരുതെന്നോ അല്ല പറയുന്നത്. കുട്ടികളുടെ ക്രിയാത്മകവും സര്‍ഗാത്മകവുമായ ചോദനകളെ അവഗണിച്ചും കളിക്കാനുള്ള നൈസര്‍ഗിക വാസനയെ അടിച്ചമര്‍ത്തിയും കൊണ്ടാവരുത് അതെന്നു മാത്രം.
പൊതു ഇടങ്ങള്‍ ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങള്‍ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഒതുങ്ങുന്നു. മനുഷ്യ മനസ്സിലേക്കുള്ള സഞ്ചാരങ്ങളും അടുപ്പവും കുറഞ്ഞുവരുന്നു. കുട്ടികളുടെ ബഹളങ്ങളാലും ആര്‍പ്പുവിളികളാലും മുഖരിതമായിരുന്ന പൊതു ഇടങ്ങളും ഇങ്ങനെ തന്നെ. നാട്ടുവഴികളില്‍ പോലും കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്നത് ഇല്ലാതായത് നമ്മുടെ സാമൂഹിക ജീവിതത്തില്‍ വന്ന മാറ്റത്തിന്റെ ലക്ഷണമല്ലേ?
കളിക്കൂട്ടങ്ങള്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും നൂറ് നൂറ് ജീവിത പാഠങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. ഓരോ കളിയിടവും പങ്കിടലിന്റെയും സൗഹാര്‍ദത്തിന്റെയും ജീവിതക്കളരിയായിരുന്നു. പഴയ തലമുറക്ക് കൂട്ടം ചേര്‍ന്ന കളിയുടെ വിലയറിയാമായിരുന്നു. അവര്‍ കളിച്ച കളികളെല്ലാം ഭാവി ജീവിതത്തിലേക്കുള്ള വലിയ പാഠങ്ങളായിരുന്നു.
ശാരീരിക മാനസിക വളര്‍ച്ച, സാഹസികത, ബുദ്ധികൂര്‍മത, ഏകാഗ്രത, സാഹോദര്യം, സ്‌നേഹം, കാരുണ്യം, നീതിബോധം തുടങ്ങി ഭാവി ജീവിതത്തെ ചിട്ടപ്പെടുത്താനും മൂല്യവത്കരിക്കാനുമുതകുന്ന പാഠങ്ങളായിരുന്നു പഴയ പല കളികളുടെയും ഉള്ളടക്കങ്ങള്‍. ജീവിതയാത്രയിലെ ഏത് പ്രതിസന്ധി ഘട്ടത്തെയും സധൈര്യം നേരിടാനും മുന്നേറാനുമുള്ള ആത്മധൈര്യം ഈ കളിപാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ചും അവര്‍ സ്വാതന്ത്ര്യത്തിന്റെ ജീവവായു ആവോളം ശ്വസിച്ചു. കളികള്‍ക്കിടയില്‍ പരസ്പരം കലഹിച്ച് പിരിയുന്നതും പരപ്രേണയില്ലാതെതന്നെ ഇണങ്ങുന്നതും അതിജീവനത്തിന്റെ വലിയ പാഠങ്ങളല്ലേ! ജാതി, മത വിഭാഗീയതകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമപ്പുറമുള്ള കളിക്കൂട്ടങ്ങളില്‍നിന്നാണ് ഒരുമയുടെയും മാനവികതയുടെയും സഹിഷ്ണുതയുടെയും ബാലപാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു കിട്ടിയത്.
കുട്ടികളെ കൂട്ടുകൂടി കളിക്കാനനുവദിക്കുന്നത് അവരുടെ മനസ്സിനെ വിശാലമാക്കും. നേതൃത്വ ഗുണങ്ങള്‍, ആശയവിനിയമ പാടവം, സമൂഹത്തെ അഭിമുഖീകരിക്കാനുള്ള സിദ്ധി, ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങള്‍ അവരില്‍ അവരറിയാതെ വളര്‍ന്നുവരും. കളികളിലൂടെ ആത്മനിയന്ത്രണം സ്വായത്തമാക്കുന്ന കുട്ടികള്‍ കൂടുതല്‍ ഏകാഗ്രത കൈവരിക്കും.
ഈ അവധിക്കാലത്ത് പുറത്തേക്കിറങ്ങി മണ്ണില്‍ തൊട്ട്, പ്രകൃതിയുടെ ശുദ്ധവായു ശ്വസിച്ച്, കളിക്കളങ്ങളും ചങ്ങാതിക്കൂട്ടങ്ങളുമായി കുട്ടികള്‍ ഒരുമ കൂട്ടട്ടെ. പഠിക്കേണ്ട സമയത്ത് പഠിച്ചതുപോലെ കളിക്കേണ്ട സമയത്ത് കുട്ടികള്‍ കളിക്കട്ടെ....
Comments