Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

'അവന്‍ എന്റെ മകനല്ല'

ഡോ. ജാസിമുല്‍ മുത്വവ്വ

അയാള്‍: അവന്‍ എന്റെ മകനല്ല. 

ഞാന്‍: എന്നുവെച്ചാല്‍?

അയാള്‍: അവന്റെ സംസാരം എന്റെ സംസാരത്തില്‍നിന്ന് വ്യത്യസ്തം. അവന്റെ ചിന്തകള്‍ എന്റെ ചിന്തകളില്‍നിന്ന് ഭിന്നം. അവന്റെ വസ്ത്രവും അവന്റെ ആഹാരവും അവന്റെ അഭിരുചിയും എല്ലാം എന്റേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. 

ഞാന്‍: ഞാന്‍ താങ്കളോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. നിങ്ങള്‍ മകനെ സ്‌പെഷ്യല്‍ സ്‌കൂളിലാണോ ചേര്‍ത്തിട്ടുള്ളത്? 

അയാള്‍: അതേ. 

ഞാന്‍: വ്യത്യസ്ത വിഭാഗത്തില്‍പെട്ട സ്‌നേഹിതന്മാരുണ്ടോ അവന്? 

അയാള്‍: ഉണ്ട്. 

ഞാന്‍: വീട്ടിലെ പരിചാരികയാണോ അവന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അവനെ ഊട്ടുന്നതും ഉറക്കുന്നതും എല്ലാം? 

അയാള്‍: അങ്ങനെയാണ്. 

ഞാന്‍: നിങ്ങളും അവന്റെ ഉമ്മയും അവന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണോ? 

അയാള്‍: വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കാറില്ല. 

ഞാന്‍: വീട്ടിലെ പ്രായം ചെന്നവരോടും വല്യുപ്പയോടും വല്യുമ്മയോടും മൂത്താപ്പയോടും മൂത്തമ്മയോടും ഒപ്പം ഇരിക്കാനും അവരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും നിങ്ങള്‍ മകനോട് വല്ലപ്പോഴും പറഞ്ഞിട്ടുണ്ടോ? 

അയാള്‍: ഇല്ല.

ഞാന്‍: അവന്റെ സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും അവനോട് നിങ്ങള്‍ പറയുകയുണ്ടായോ? 

അയാള്‍: ചിലപ്പോള്‍. സന്ദര്‍ഭവും സാഹചര്യവും ഒത്തുവരുന്നതനുസരിച്ച്. 

ഞാന്‍: നബി(സ)യുടെ ചരിത്രവും കഴിഞ്ഞുപോയ സച്ചരിതരുടെ ജീവിതകഥകളും നിങ്ങള്‍ അവന് പറഞ്ഞുകൊടുത്തിട്ടുണ്ടോ? 

അയാള്‍: ചിലപ്പോഴൊക്കെ. എനിക്കും അവ അധികമൊന്നും അറിഞ്ഞുകൂടാ. 

ഞാന്‍: അവന്‍ ഇഷ്ടപ്പെടുന്നതും 'ഫോളോ' ചെയ്യുന്നതുമായ വിഷയങ്ങള്‍ ഏതെന്നറിയാന്‍ നിങ്ങള്‍ അവനോടൊപ്പം നെറ്റില്‍ ഇരിക്കാറുണ്ടോ? 

അയാള്‍: ഇല്ല. 

ഞാന്‍: നിങ്ങളുടെ മറുപടികളെല്ലാം ഈ വിധത്തില്‍ ആയ നിലക്ക് നിങ്ങള്‍ മകനെക്കുറിച്ച് പറഞ്ഞതെല്ലാം തീര്‍ത്തും സ്വാഭാവികം. മകനെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പുലരണമെങ്കില്‍ അതിനാവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതല്ലേ? നിങ്ങളുടെ മകന്‍ ഒരു നല്ല മകനായിത്തീരുന്നത് ആകാശത്തുനിന്ന് വന്നുവീഴുന്ന ഏതെങ്കിലും അത്ഭുത ദൃഷ്ടാന്തത്തിന്റെ ഫലമായിട്ടാണോ? ഇങ്ങനെയൊക്കെയാണോ നിങ്ങള്‍ കരുതിവെച്ചത്? 

അയാള്‍: ഞാന്‍ കരുതിയത്, ഞങ്ങള്‍ ദീനും വിശ്വാസവും ആരാധനയും ആചാരനിഷ്ഠയുമുള്ള ഒരു നല്ല മുസ്‌ലിം കുടുംബമായതുകൊണ്ട് മകനും അങ്ങനെ ഞങ്ങളെപ്പോലെ ആയിത്തീരുമെന്നാണ്. ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഞാന്‍ നിനച്ചിരുന്നില്ല. എന്റെ മകന്‍ നമസ്‌കരിക്കുന്നതും രാവിലെയും വൈകുന്നേരവുമുള്ള പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിടുന്നതും എന്നോടൊപ്പം ജുമുഅയില്‍ പങ്കെടുക്കുന്നതുമെല്ലാം എന്നെ സുഖിപ്പിക്കാനും സന്തോഷിപ്പിക്കാനും എന്റെ മുമ്പില്‍ 'നല്ല പിള്ള' ചമയാനുമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുകയാണ്. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ അവന്‍ ഇതൊന്നും ചെയ്യില്ലെന്നാണ് ഞാന്‍ കരുതുന്നത്. 

ഞാന്‍: നിങ്ങളെക്കുറിച്ചും നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും നിങ്ങളുടെ മതവിശ്വാസത്തെക്കുറിച്ചും നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വരച്ചിട്ട ഒരു ചിത്രമുണ്ട്. അതാണ് നിങ്ങളുടെ പ്രശ്‌നം. ഈ ഒരു ചിത്രം നിങ്ങളുടെ മകന്റെ മനസ്സിലും ഉണ്ടെന്നാണ് നിങ്ങളുടെ വിചാരം.  അങ്ങനെ ഒരു ചിത്രം മകന്റെ മനസ്സില്‍ വരച്ചിടാന്‍ നിങ്ങള്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല. മകനെ നിങ്ങള്‍ അങ്ങനെ വലുതാവാന്‍ വിട്ടു. അവന്‍ അവനു വേണ്ടി അവന്റെ മനസ്സില്‍ വരക്കാന്‍ തെരഞ്ഞെടുത്ത ചിത്രം കണ്ട് ഇപ്പോള്‍ നിങ്ങള്‍ അമ്പരക്കുകയും ഞെട്ടുകയുമാണ്. 

അയാള്‍: ശരി. മതം, കുടുംബം, സമൂഹം എന്നിവയെക്കുറിച്ചെല്ലാമുള്ള എന്റെ മകന്റെ ധാരണകളും വിശ്വാസവും തിരുത്തി ശരിയാക്കാന്‍ ഞാന്‍ ഇനി എന്തു ചെയ്യണമെന്നാണ്? ഈ വര്‍ഷം സ്‌കൂളില്‍ ചേര്‍ത്ത അവന്റെ പെങ്ങളെയും എനിക്ക് വീണ്ടെടുക്കേണ്ടതുണ്ട്. 

ഞാന്‍: മുപ്പതു വര്‍ഷം മുമ്പ് നിങ്ങള്‍ കണ്ട സമൂഹത്തില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് നിങ്ങളുടെ മകന്‍ ഇപ്പോള്‍ കാണുന്ന സമൂഹം. മുമ്പ് നിങ്ങള്‍ ധരിച്ച വസ്ത്രമല്ല നിങ്ങളുടെ മകന്‍ ഇപ്പോള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കാണുന്നത്. തീര്‍ത്തും വ്യത്യസ്തമാണ് വേഷവിധാനം. തെരുവുകളില്‍ കടന്നുപോകുന്ന ചെറുപ്പക്കാരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഇടുങ്ങിയ, ചെറിയ, ഇറക്കം കുറഞ്ഞ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, നേര്‍ത്ത പാദരക്ഷകള്‍, പ്രത്യേക ആകൃതിയില്‍ രൂപപ്പെടുത്തിയ തലമുടി. 

നിങ്ങള്‍, മകന്റെ പ്രായത്തില്‍ ജീവിച്ച കാലഘട്ടം ഒന്നോര്‍ത്തുനോക്കൂ. ഇടുങ്ങിയ വഴിയാണെങ്കില്‍ മുതിര്‍ന്നവര്‍ക്ക് കടന്നുപോകാന്‍ മാറിനിന്നുകൊടുക്കും, ആണുങ്ങള്‍ പെണ്ണുങ്ങളെ ആദരിക്കും. എന്നാല്‍ ഇന്നോ? ഇന്ന് ആണിനും പെണ്ണിനുമിടയിലെ ഇടപഴകലിന് അതിരുകളില്ല. യുവതികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചെറുപ്പക്കാരുമായി കൈകോര്‍ത്ത് തെരുവുകൡ അലഞ്ഞുനടക്കുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട് സഹികെട്ട് നിങ്ങള്‍ അവരോട് എന്തെങ്കിലും ഒരു വാക്ക് പറഞ്ഞുനോക്കൂ; അപ്പോള്‍ കാണാം പുകില്‍. ഒച്ചയിട്ട് അവര്‍ പറയും; ഇത് ഞങ്ങളുടെ സ്വാതന്ത്ര്യമാണ്, ഞങ്ങളുടെ അവകാശമാണ്. ഇതില്‍ കൈയിടാന്‍ കാരണവര്‍ വരേണ്ട!

നിങ്ങള്‍ പണ്ട് എങ്ങനെയായിരുന്നു? ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് വിത്ര്‍ നമസ്‌കരിക്കും, കിടക്കാന്‍ നേരത്ത് ദിക്‌റുകള്‍ ചൊല്ലും, പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടും. ആയത്തുല്‍ കുര്‍സി ഓതും. എന്നാല്‍ ഇന്ന് കഥയെന്താണ്? നിങ്ങളുടെ മകന്‍ ഇട്ട വസ്ത്രത്താല്‍ കിടക്കും. മൊബൈല്‍ ഫോണ്‍ ഉണ്ടാവും അവന്റെ നെഞ്ചില്‍. നിങ്ങളുടെ ദിവസം അതിരാവിലെ തുടങ്ങുമായിരുന്നുവല്ലോ. പുലര്‍ച്ചെ മുതല്‍ നിങ്ങള്‍ കര്‍മനിരതനാവും. എഴുന്നേറ്റാല്‍ ഉടനെ ശുചിമുറിയില്‍ പോയി ദിനകൃത്യങ്ങളെല്ലാം വേഗത്തില്‍ കഴിച്ച് പുറത്തിറങ്ങും. നിങ്ങള്‍ നിങ്ങളുടെ മറ്റാവശ്യങ്ങള്‍ക്ക് പുറത്തേക്ക് പോവുകയായി. എന്നാല്‍ നിങ്ങളുടെ മകനോ? അവന്‍ ശുചിമുറിയില്‍ മണിക്കൂറുകള്‍ കഴിച്ചുകൂട്ടും. അവന്‍ അവനെത്തന്നെ മറന്നാണ് ടോയ്‌ലറ്റില്‍ ഇരിപ്പ്. അവന്റെ മനസ്സില്‍ ഇപ്പോള്‍ ഒടുവില്‍ മൊബൈലില്‍ കണ്ട ഫിലിമിനെക്കുറിച്ച ചിന്തകളാണ്, നടീനടന്മാരെക്കുറിച്ച ആലോചനകളാണ്. അടുക്കളയില്‍നിന്ന് വരുന്ന പാചകത്തിന്റെ ആസ്വാദ്യ മണവും അതുണ്ടാക്കാന്‍ പണിയെടുക്കുന്ന കൈകളും നിങ്ങളെ ആഹ്ലാദിപ്പിച്ചിരുന്നില്ലേ? എന്നാല്‍ മകന്റെ കഥയെന്താണ്? കൃത്യസമയത്ത് ആഹാരം അവന്റെ മേശപ്പുറത്ത് എത്തിയിരിക്കണം. ഭക്ഷണം പാകം ചെയ്യാന്‍ പണിപ്പെട്ട കൈകളെക്കുറിച്ച് അവന് ചിന്തയില്ല. അങ്ങനെ ചിന്തിക്കണമെന്ന് അവന് തോന്നുന്നുമില്ല. കരുണ, സ്‌നേഹം, ചുറ്റിലുമുള്ളവരോട്  കരുതലും സഹാനുഭൂതിയും-ഇതൊക്കെയാണ് നിങ്ങളുടെ മനസ്സു നിറയെ. എന്നാല്‍ മകന്റെ മനസ്സിലോ? അവന് ഇവിടെയുള്ള ജീവിതസൗകര്യങ്ങളെ കുറിച്ച് പറയാനും കേള്‍ക്കാനുമാണ് ഇഷ്ടം. അവന് മുഖ്യം അവന്റെ സുഖവും അവന്റെ ക്ഷേമവും മാത്രമാകുന്നു. 

അപ്പോള്‍ രണ്ടും വ്യത്യസ്ത ചിത്രങ്ങളാണ്. രണ്ട് ധ്രുവങ്ങളിലാണ് ചിന്തയും കാഴ്ചപ്പാടും. ഇത് കൈകാര്യം ചെയ്യാന്‍ പ്രത്യേകം ശിക്ഷണം വേണം, പരിശീലനം വേണം. 

അയാള്‍: അതാണ് ഞാന്‍ താങ്കളോട് ചോദിച്ചത്.

ഞാന്‍: ഈ സാഹചര്യം കൈകാര്യം ചെയ്യാനും പ്രതിവിധി കണ്ടെത്താനും അഞ്ച് അടിസ്ഥാന നിയമങ്ങളുണ്ട്. ഒന്ന്, മകനു വേണ്ടി പ്രത്യേക സമയം നീക്കിവെക്കുക. ദിവസവും അവനോടൊപ്പം ഇരിക്കുക. 

രണ്ട്, സംഭാഷണത്തിന്റെയും ആശയവിനിമയത്തിന്റെയും ശൈലിയാണ് സ്വീകരിക്കേണ്ടത്; അടിച്ചേല്‍പ്പിക്കുന്ന സ്വേഛാധിപത്യരീതിയല്ല. 

മൂന്ന്, മതവും വിശ്വാസവും നബിചരിത്രവുമെല്ലാം അവന് പ്രിയങ്കരമാക്കി അവതരിപ്പിച്ചുകൊടുക്കാനുള്ള നൈപുണി നേടുക. 

നാല്, നിങ്ങള്‍ അവന് മാതൃകയാവുക. അവന്‍ നിങ്ങളെയും നിങ്ങള്‍ അവനെയും സ്‌നേഹിക്കുന്ന വിധം ഈ ബന്ധം വളരണം, വികസിക്കണം. 

അഞ്ച്, ദീനിനെ അവഗണിക്കുകയും മതമൂല്യങ്ങള്‍ക്ക് ഒരിടവും കൊടുക്കുകയും ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ വേണം മകന് പഠിക്കാന്‍ എന്ന നിര്‍ബന്ധം ഒഴിവാക്കുക. ഇവ ദീക്ഷിച്ചാല്‍ നിങ്ങളുടെയും മകന്റെയും മനസ്സിലെ ചിത്രങ്ങളം സങ്കല്‍പങ്ങളും ഒന്നായിത്തീരും. 

(വിവ: പി.കെ ജമാല്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍