Prabodhanm Weekly

Pages

Search

2017 മെയ് 12

3001

1438 ശഅ്ബാന്‍ 15

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ

എം. ഖാലിദ് നിലമ്പൂര്‍

ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം; മരണമെന്നത് അതിന്റെ രാസപ്രക്രിയക്കുള്ള ഒരു തയാറെടുപ്പും. വെറും സാധാരണക്കാരായ എന്നെയും നിങ്ങളെയും പോലെ മഹാപ്രതിഭകളായിരുന്ന കാള്‍മാര്‍ക്‌സും കമല സുറയ്യയുമൊക്കെ ഈ രാസപരിണാമത്തിന് വിധേയമായി ഒരു പിടി മണ്ണായി രൂപാന്തരപ്പെടുന്ന വ്യത്യസ്ത പേരുകളുള്ള പദാര്‍ഥങ്ങളല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരെ പോലെ പ്രിയപ്പെട്ടവര്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ ദുഃഖിക്കേണ്ട കാര്യം നിരീശ്വരവാദികള്‍ക്കുണ്ടായിക്കൂടാത്തതാണ്. കാരണം, ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്തതായി ഒന്നും ഇല്ല, ഉണ്ടാവുകയുമില്ല എന്നാണവരുടെ മതം. എന്നാല്‍ അത്തരം ഒരു വിശദീകരണവും മനുഷ്യ വികാരങ്ങളുടെ കാര്യത്തില്‍ ഇന്നേവരെ നല്‍കപ്പെട്ടിട്ടില്ല.

'ഇങ്ങനെയൊന്നുമല്ല, മനുഷ്യ സഹജമായ ഈ വികാരങ്ങള്‍ തങ്ങള്‍ക്കുമുണ്ട്' എന്ന് നിരീശ്വരവാദി കരുതുന്നുവെങ്കില്‍ പിന്നെ, യുക്ത്യാധിഷ്ഠിതമല്ലാത്തവയെല്ലാം മിഥ്യകള്‍ മാത്രമാണെന്ന വാദം അവര്‍ ഉപേക്ഷിക്കേിവരും. മസ്തിഷ്‌കവും ജീവനും മാത്രമല്ല, മനസ്സും ആത്മാവും ഉണ്ടെന്ന് എന്നെങ്കിലും നിരീശ്വരവാദി അംഗീകരിക്കേണ്ടിവരും. ദൈവം, മരണാനന്തര ജീവിതം തുടങ്ങിയവയൊക്കെ തീര്‍ത്തും മിഥ്യയെന്ന് സ്ഥാപിക്കാന്‍ നിരീശ്വരവാദം പര്യാപ്തമല്ലാതെ വരും. അതായത്, 'അദൃശ്യ കാര്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നവരെ' പോലെതന്നെ അന്ധമായി നിഷേധിക്കുന്ന ഒരു വിഭാഗം മാത്രമായിത്തീരുന്നു യുക്തിവാദികള്‍.

പരമാണു മുതല്‍ അണ്ഡകടാഹം വരെയുള്ള പ്രപഞ്ചത്തിലെ വസ്തുക്കള്‍ മുഴുക്കെ പ്രത്യേക പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. അവയെ കുറിച്ചൊക്കെ പഠിക്കാനും പലതും കണ്ടെത്താനും ആ അറിവുകള്‍ ഉപയോഗിച്ച് പലതും സംഭവിപ്പിക്കാനും മനുഷ്യന് സാധിക്കുന്നുണ്ട്. വസ്തുക്കളെല്ലാം അവയുടേതായ സ്ഥിരം പ്രകൃതിനിയമങ്ങള്‍ പ്രകാരം മാത്രം നിലകൊള്ളുന്നത് മൂലമാണ് ഇവിടെ വിവിധ ശാസ്ത്ര ശാഖകള്‍ ഉണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിരീശ്വരവാദികള്‍ നമ്മോട് ശാസ്ത്രബോധമുള്ളവരും യുക്തിചിന്തയുള്ളവരും ആകാനാവശ്യപ്പെടുന്നത്. എന്നാല്‍, ഈ നിരീശ്വരവാദികളടക്കമുള്ള മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ ഒരു പ്രകൃതി നിയമത്തിനും വഴങ്ങാത്ത ഒന്നാണ്. എവിടെ നിന്നോ വീണു കിട്ടുന്നതും എപ്പോഴോ കൈമോശം വരാനിരിക്കുന്നതും, ആ രണ്ട് നിമിഷങ്ങള്‍ക്കിടയിലെ കുറേ മുന്നറിവില്ലാത്ത അനുഭവങ്ങളുമാണ് മനുഷ്യ ജീവിതം. വ്യക്തിയുടെ ജീവിതത്തിലെ സുഖ ദുഃഖങ്ങള്‍, ജയാപചയങ്ങള്‍, ലാഭ നഷ്ടങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍... ഒക്കെ നിയതിയുടെ മാത്രം നിയന്ത്രണം മൂലമോ ഏതോ ആകസ്മികതകളിലെന്നവണ്ണമോ മാത്രം സംഭവിക്കുന്നവയാണ്. ഇന്ന ഇന്ന പ്രകാരത്തിലാവണം ഇവ തന്റെ ജീവിതത്തില്‍ എന്നുറപ്പിക്കാന്‍ ആശ്രയിക്കത്തക്ക ഒരു ഖണ്ഡിത പ്രകൃതി നിയമവും ലോകത്തില്ല. ഈ അനന്തവിശാല പ്രപഞ്ചവും അതിലെ എണ്ണമറ്റ നക്ഷത്ര ഗോളാദികളും അവയുടെയൊക്കെ കൃത്യമായ ചലനങ്ങളും മറ്റും മറ്റും എങ്ങനെ എന്ന് ഏറക്കുറെ നമുക്കറിയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ തന്നെയും പ്രപഞ്ചത്തിനൊരു ഉല്‍പത്തിയുണ്ടോ, ഉണ്ടെങ്കില്‍ അതിന് മുമ്പെന്തായിരുന്നു സ്ഥിതി, ഇതിനൊരറ്റമുണ്ടോ, ഉണ്ടെങ്കില്‍ അതിനപ്പുറമെന്ത് എന്നതൊക്കെ എന്നും സമസ്യയായി തുടരും. അതുകൊണ്ടുതന്നെ, നാമടക്കമുള്ള പ്രപഞ്ചം ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നെ എന്ത് എന്ന ചിന്തയും എന്നും പ്രസക്തമായിരിക്കും. കേവലം യുക്തി ചിന്തക്കോ ലാബോറട്ടറി പരീക്ഷണങ്ങള്‍ക്കോ കണ്ടെത്താന്‍ കഴിയുന്ന ഒന്നല്ല അത്.

 

ശരീഅത്ത് ജീവിതത്തില്‍ കാണിക്കൂ

കര്‍മങ്ങളില്ലാത്ത അവകാശവാദം വര്‍ത്തമാനകാല ഇസ്‌ലാമിക സമൂഹത്തിന്റെ ശാപമാണ്. ശരീഅത്ത് അനുസരിച്ച് ജീവിതം ക്രമപ്പെടുത്താത്തവര്‍ ശരീഅത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ അപഹാസ്യരാവുകയാണ്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിനെതിരാണ് സ്വയം അനുഷ്ഠിക്കാത്തത് ജനങ്ങളോട് പറയുക എന്നത്. ''നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ ക്രോധത്തിന് കാരണമായിരിക്കുന്നു'' (സ്വഫ്ഫ് 3). 

വളരെ വിശിഷ്ടമായ പാനീയമുണ്ട് ഒരു ഗ്ലാസ്സില്‍. പക്ഷേ അതിന്റെ പുറം ഭാഗം വൃത്തിഹീനമാണെങ്കില്‍ ആ പാനീയം ആരും കുടിക്കുകയില്ല. കര്‍ത്തവ്യം മറന്ന് പലതായി ഭിന്നിച്ച് പലരുമായി സംഘം ചേര്‍ന്ന് സ്വത്വബോധം നഷ്ടപ്പെട്ട് സമുദായം അലയുന്നു. ഫാഷിസ്റ്റ് ഭീഷണികളും രൂക്ഷ വിമര്‍ശനങ്ങളും മുസ്‌ലിംകള്‍ക്കു മേല്‍ വന്നു പതിക്കുമ്പോള്‍, സ്വന്തം മാതൃകാ ജീവിതം കൊ് അതിന് മറുപടി പറയാന്‍ മാത്രം ഉയര്‍ന്ന നിലവാരത്തിലേക്ക് ഇനിയും മുസ്‌ലിം സമൂഹം വളരേണ്ടതു്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന 'സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്' എന്ന കാമ്പയിന്‍ പ്രമേയം തന്മയത്വത്തോടെ അവതരിപ്പിച്ച എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ കുറിപ്പ് (പ്രബോധനം 2-2-2017) ഹൃദ്യമായി.

അബ്ദുര്‍റസ്സാഖ് മൂന്നിയൂര്‍

 

മസ്ജിദുകള്‍ മാറ്റിയെടുക്കണം

മസ്ജിദുകള്‍ നമസ്‌കാരത്തിനുള്ള കെട്ടിടങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു; അല്ലെങ്കില്‍ നാം ചുരുക്കിയിരിക്കുന്നു. നമസ്‌കാരത്തിനായി പള്ളി തുറക്കുക, കഴിഞ്ഞാല്‍ അടക്കുക. ഇതര സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ പോലെ! മുസ്‌ലിം സമൂഹത്തിലെ പ്രശ്‌നങ്ങളുടെ പരിഹാരകേന്ദ്രമാണ് മസ്ജിദുകള്‍. പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആയിത്തീരണമെന്ന് നാം പറയുന്നു. എന്നാല്‍ പ്രായോഗിക തലത്തില്‍ അങ്ങനെ ആകുന്നുമില്ല.

പള്ളികളില്‍ ഇരിക്കാനും ഉറങ്ങാനും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബോര്‍ഡുകള്‍ കാണാം. ഭൗതികമായ ഒരു കാര്യവും സംസാരിക്കാന്‍ പാടില്ലത്രെ! ആത്മീയകാര്യം മാത്രമേ സംസാരിക്കാവൂ. ഇതെല്ലാം മസ്ജിദുകളെ കേവലം ആരാധനയുടെ ആലയമാക്കി മാറ്റിയിരിക്കുന്നു. പിന്നെ, നികാഹും മരണാനന്തര ചടങ്ങും. മസ്ജിദുകള്‍ ആത്മീയവും ഭൗതികവുമായ പ്രശ്‌നങ്ങളുടെ പരിഹാര കേന്ദ്രവും നാടിന്റെ സാംസ്‌കാരിക സമുച്ചയവും കൂടി ആയി മാറ്റിയെടുക്കാന്‍ പ്രായോഗിക മാതൃക കാണിക്കുക എന്നതാണ് പ്രധാനം.

അബ്ദുല്‍ മലിക് മുടിക്കല്‍

 

ശരീഅത്തിന്റെ സാമൂഹിക മാനങ്ങള്‍

ശരീഅത്ത് നിയമങ്ങളും കുടുംബ ജീവിതവും വിശദീകരിക്കുന്നു ശരീഅത്ത് പതിപ്പ് (2017 ഏപ്രില്‍-21). വ്യത്യസ്ത മതവിഭാഗങ്ങള്‍ താമസിക്കുന്ന ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ സ്വന്തം വ്യക്തിത്വവും സംസ്‌കാരവും ജാഗ്രതയോടെ കാത്തുസൂക്ഷിക്കണം. മുമ്പ് ശരീഅത്ത് വിവാദകാലത്ത് പ്രബോധനസംസ്‌കാരത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം പ്രതിരോധം സൃഷ്ടിച്ചത്. ഇസ്‌ലാമിക ശരീഅത്തുമായി ജീവിതത്തില്‍ വൈരുധ്യങ്ങളുണ്ടാകുമ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു. സമുദായം സ്വയം ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക, വിവാദങ്ങള്‍ ഒഴിവാക്കുക, മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക ഇവയെല്ലാമാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍. സത്രീകള്‍ക്ക് അന്തസ്സും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയും ദുര്‍ബലന് ആത്മവിശ്വാസവും പകരുന്നതാണ് ഇസ്‌ലാമിലെ കുടുംബ ജീവിതം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വ്യക്തി, കുടുംബം, സമൂഹം എന്ന ആശയങ്ങള്‍ ശരീഅത്ത് നിയമത്തിന്റെ പൊരുളുകള്‍ ഉള്‍കൊള്ളുന്നു. ആരാധനാ കാര്യങ്ങള്‍ ഒഴികെ ശരീഅത്തിന്റെ നിയമനിര്‍ദേശങ്ങള്‍ ലോകത്ത് മുസ്‌ലിംകളല്ലാത്തവര്‍ക്കും സ്വീകരിക്കാവുന്നതാണ്. ശരീഅത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്ത്രീകളുടെ പദവി എന്നിവയില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്? ശരീഅത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ അധ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

ചരിത്രം ആവര്‍ത്തിക്കും

ഫസല്‍ കാതിക്കോടിന്റെ 'അധികാരത്തിലെ ആര്‍.എസ്.എസ് ഹിംസാത്മക രാഷ്ട്രീയത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍' (ലക്കം 2999) ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. 

ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തെ ഒരു ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. എഴുത്തോ പറച്ചിലോ അല്ല, ഹിംസാത്മക അഴിഞ്ഞാട്ടങ്ങളാണ് അതിന് അവര്‍ അവലംബിക്കുന്ന വഴി. പക്ഷേ, ഒരു അധികാരവും ആധിപത്യവും അധികകാലം നിലനില്‍ക്കുകയില്ല. അവസ്ഥകള്‍ മാറിമറിയും. രക്തം ഊറ്റിക്കുടിച്ച് അധികാരം ഉറപ്പിച്ചിരിക്കുന്ന ഒരാളും അന്ന് കൂടെയുണ്ടാവില്ല. ചരിത്രത്തില്‍ ഇതിനെക്കാള്‍ വലിയ സ്വേഛാധിപതികള്‍ അധികാരക്കസേരകളിലിരുന്ന് ചെയ്തുകൂട്ടിയത് എന്തൊക്കെയായിരുന്നു? ഒടുക്കം അവരുടെയെല്ലാം പരിണിതി എന്തായിരുന്നു? ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും, തീര്‍ച്ച. 

നേമം താജുദ്ദീന്‍


ഹൃദ്യമായ എഴുത്ത്

മര്‍യം മാടനവയെക്കുറിച്ച് വി.എസ് ഹഫ്‌സത്ത് എഴുതിയ കുറിപ്പ് ലളിതവും ഹൃദ്യവുമായിരുന്നു. സാധാരണ പദപ്രയോഗങ്ങളിലുടെയുള്ള കൊച്ചു കൊച്ചു കുടുംബ വര്‍ത്തമാനങ്ങള്‍ ജീവിതഗന്ധിയായി അനുഭവപ്പെട്ടു. ഉമ്മ, ഉപ്പ, കൊച്ചാപ്പമാര്‍, അമ്മായിമാര്‍, പായ, കലം, വറ്റും വെള്ളവും, കോടതി, പേന, കണ്ണട തുടങ്ങിയ പദങ്ങള്‍ സാധാരണ സംസാര ഭാഷയിലെന്നോണം വിന്യസിച്ചത് ഹൃദ്യമായി. ഈ ശൈലി സ്വീകരിച്ച് ഭാഷ ലളിതമാക്കാന്‍ ലേഖകര്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

അബൂ ഹബീബ് വരോട്, ഒറ്റപ്പാലം

 

തിരുവരുള്‍ ഖുര്‍ആന്‍ വിവര്‍ത്തനമായിരുന്നു

വായനാനുഭവങ്ങള്‍ പങ്കുവെച്ച കെ.ടി ഹുസൈന്റെ  ലേഖനത്തില്‍ (ലക്കം 3000) ഒരു തിരുത്ത് ആവശ്യമാണ്. 'എം.എന്‍ കാരശ്ശേരിയുടെ തിരുവരുള്‍ എന്ന ഹദീസ് പരിഭാഷ'  എന്നെഴുതിയത് തെറ്റാണ്. കാരശ്ശേരിയുടേത് ഖുര്‍ആന്‍ പരിഭാഷയായിരുന്നു. ഖുര്‍ആനിന്റെ മൗലികതയിലൂന്നിയ ചില ഭാഗങ്ങള്‍ പൊതു സമൂഹത്തെ ഉദ്ദേശിച്ചു എഡിറ്റു ചെയ്യുകയായിരുന്നു കാരശ്ശേരി. അതിലെ സ്ഖലിതങ്ങള്‍ ചൂിക്കാട്ടിയാണ് ജമാല്‍ മലപ്പുറം പ്രതികരിച്ചത്.

കെ.കെ ബഷീര്‍, കടലായി, കുറുവ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (78 - 84)
എ.വൈ.ആര്‍

ഹദീസ്‌

ഖുര്‍ആനിനെ നെഞ്ചേറ്റുക
കെ.സി ജലീല്‍ പുളിക്കല്‍