കാറ്റു കെടുത്താത്ത വിളക്കുകള്‍
ശാഹിന തറയില്‍
സ്വീകരണമുറിയുടെ
ചില്ലലമാരക്കുള്ളില്‍
സന്ദേഹിച്ചിരിപ്പുണ്ട്
പ്രൗഢിയുടെ
പ്രതിരൂപമായ്
കാറ്റുകെടുത്താത്ത
വിളക്കുകള്‍
കിടപ്പുമുറിയുടെ
മേശവലിപ്പിനകത്ത്
കിതക്കുന്നുണ്ട്
ഇടക്കുമാത്രം തെളിച്ച്
തിരിതാഴ്ത്തുന്നവ
മാളികമുകളിലെ
പഴയ പെട്ടിക്കകത്ത്
പ്രാണികളോട്
കലഹിക്കുന്നുണ്ട്
മൊല്ലാക്കയുടെ
ചൂരല്‍ക്കഷായത്തിന്
സാക്ഷിയായത്
മയില്‍പ്പീലിയെ
മാനം കാട്ടാതെ
കാത്തുവെച്ചത്
മച്ചിന്‍ മുകളില്‍
ജടപിടിച്ച്
ഞരങ്ങുന്നുണ്ട്
ഉപ്പാപ്പ മക്കം കണ്ട് വന്നപ്പോള്‍
കൂടെ കൂട്ടിയത്
ഉമ്മാമ്മയുടെ
വുദൂവിന്റെ ആര്‍ദ്രത
ഏറ്റുവാങ്ങിയത്
വിളിച്ചുപറയുന്നുണ്ട്
ഖബ്‌റിടമാക്കരുതേ
വീടകത്തെ
വെളിച്ചത്തെ
മറച്ചുപിടിച്ച്
ഇരുട്ടാക്കരുതേ
കൊളുത്തിവെക്കൂ
സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക്
വഴിതെളിക്കുമീ
കാറ്റു കെടുത്താത്ത
വിളക്കുകളെ.
Comments