സി.പി.എമ്മിന്റെ യഥാര്‍ഥ ഗുണകാംക്ഷി!
''കനത്ത സാമ്പത്തിക പിന്‍ബലത്തോടെയും മികച്ച അധോ സംഘടനാ സൗകര്യങ്ങളോടെയും പ്രവര്‍ത്തിച്ചുപോരുന്ന ജമാഅത്തെ ഇസ്‌ലാമിയോട് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിനു വ്യക്തതയൊട്ടുമില്ല. പഴയ ആ ശൈലി കടമെടുത്തു പറഞ്ഞാല്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം മൗദൂദിസ്റ്റ് സംഘടനയെന്നത് മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന പരുവത്തിലുള്ള ഒരു പ്രതിഭാസമാണ്. ചില പോക്കറ്റുകളില്‍ അല്‍പസ്വല്‍പം വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. അത് കിട്ടിയാല്‍ ഏതാനും തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ രണ്ടു മൂന്ന് അസംബ്ലി മണ്ഡലങ്ങളിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാം എന്ന് മാര്‍ക്‌സിസ്റ്റുകാര്‍ക്കറിയാം. ആ മധുരം വേണ്ടെന്നു വെക്കാന്‍ അവര്‍ക്കാവില്ല. മറുഭാഗത്ത് മുസ്‌ലിം ലീഗിനെ തകര്‍ത്തുകൊണ്ട് മാത്രമേ തങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ അസ്തിത്വം ഉറപ്പിക്കാനാവൂ എന്നറിയാവുന്നതിനാല്‍ ജമാഅത്തെ ഇസ്‌ലാമി തല്‍ക്കാലം സി.പി.എമ്മിനെ അനുകൂലിക്കുന്ന നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുകയും ചെയ്യും....
''അതിനര്‍ഥം സി.പി.എമ്മോ കമ്യൂണിസമോ വളര്‍ന്നുകാണാന്‍ ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു എന്നല്ല. ആ സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് കമ്യൂണിസമാണ്. ആര്‍.എസ്.എസ്സിന്റെ ഗോള്‍വാള്‍ക്കര്‍ മൂന്നു ശത്രുക്കളെ എണ്ണിപ്പറഞ്ഞതില്‍ ഇസ്‌ലാമിനും ക്രിസ്തുമതത്തിനും ശേഷം വരുന്നതാണ് കമ്യൂണിസം. ജമാഅത്തെ ഇസ്‌ലാമിയുടെ ഗോള്‍വാള്‍ക്കര്‍ (മൗദൂദി) നമ്പര്‍ വണ്‍ ശത്രുവായി അവതരിപ്പിച്ചതും കമ്യൂണിസത്തെയാണ്. ഏഴര പതിറ്റാണ്ടു മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയ മൗദൂദി അര്‍ഥശങ്കക്ക് പഴുതൊട്ടും നല്‍കാതെ പറഞ്ഞുവെച്ചത് 'ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാര ബുദ്ധിയില്‍നിന്ന് പൊട്ടിമുളച്ചതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്നത്രേ!...
''ആ 'വിഷച്ചെടി'യുടെ വളര്‍ച്ച തടയാന്‍ മറ്റിടങ്ങളിലെന്ന പോലെ കേരളത്തിലും ജമാഅത്തെ ഇസ്‌ലാമി സര്‍വ തന്ത്രങ്ങളും പ്രയോഗിച്ചുപോന്നിട്ടുണ്ട്. മുസ്‌ലിം ചെറുപ്പക്കാര്‍ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് പ്രതിരോധിക്കാന്‍ മതവികാരവും സാമ്പത്തിക, തൊഴില്‍ പ്രലോഭനങ്ങളും ഉപയോഗപ്പെടുത്തിപ്പോന്ന പ്രസ്ഥാനമാണത്. തങ്ങള്‍ക്ക് സാമാന്യം സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇച്ചൊന്ന ഉപകാരങ്ങള്‍ വഴി കുറേയേറെ മുസ്‌ലിം സമുദായാംഗങ്ങളെ തങ്ങളുടെ മതമൗലിക അജണ്ടക്ക് കീഴ്‌പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നത് അനിഷേധ്യമാണ്. അന്യതാ ഇടതു ചേരിയിലേക്ക് സഞ്ചരിക്കുമായിരുന്ന മുസ്‌ലിം യുവതിയുവാക്കളെ ആ പാന്ഥാവില്‍നിന്ന് അടര്‍ത്തിയെടുത്ത് സ്വന്തം ചേരിയുടെ യോദ്ധാക്കളായി അവര്‍ മാറ്റിയിട്ടുണ്ട്....
''എ.കെ.ജിയുടെയും ഇ.എം.എസിന്റെയും പേരില്‍ പഞ്ചായത്തുകള്‍ തോറും മാര്‍ക്‌സിസ്റ്റ് പഠന കേന്ദ്രങ്ങളും തിരുവനന്തപുരം ഉള്‍പ്പെടെ ചിലയിടങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പഠന ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. അത്തരം കേന്ദ്രങ്ങളില്‍ ഗവേഷണ പാടവമുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം യുവജനങ്ങളെ മാര്‍ക്‌സിസത്തില്‍നിന്ന് പിന്തിരിപ്പിച്ച് ഇസ്‌ലാമിസത്തിലേക്ക് മൂക്കുകയറിട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ മുന്നോട്ടുവരണം. അപ്പോള്‍ മനസ്സിലാകും കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ മതവികാര ചൂഷണത്തിലൂടെയും ധനത്തിലൂടെയും തൊഴില്‍ വാഗ്ദാനങ്ങളിലൂടെയും മൗദൂദിസ്റ്റ് സംഘടന മുസ്‌ലിം സമുദായാംഗങ്ങളെ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ആലകളില്‍ തെളിച്ചുകൊണ്ടുപോയി കെട്ടിയതിന്റെ കണക്കും വ്യാപ്തിയും രീതിശാസ്ത്രവും'' (ഹമീദ് ചേന്ദമംഗല്ലൂര്‍- സമകാലിക മലയാളം വാരിക 2017 മാര്‍ച്ച് 13- 'കൊടിയേരിയുടെ മടപ്പള്ളി പ്രസംഗം' എന്ന ലേഖനം). മുജീബിന്റെ പ്രതികരണം?
ഉമര്‍ എ. വെങ്ങന്നൂര്‍
മതനിരാസപരമായ സെക്യുലറിസത്തിന്റെ വീറുറ്റ വക്താവും അതിലുപരി ചാവേറുമായി വേഷം കെട്ടുന്ന ലേഖകന്‍ തന്റെ മുഴുവന്‍ രോഷവും ശത്രുതയും തിരിച്ചുവിട്ടിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയാണെന്നതുകൊണ്ട് സമകാലിക മലയാളം വാരികയുടെ തന്റെ സ്ഥിരം കോളത്തില്‍ നിറക്കുന്ന ജല്‍പനങ്ങളൊന്നും സഗൗരവമായ പരിഗണനയോ പ്രതികരണമോ അര്‍ഹിക്കുന്നതല്ല. ലോകത്തും രാജ്യത്തും ദ്രുതഗതിയില്‍ സംഭവിച്ച മൗലിക മാറ്റങ്ങളൊന്നും തന്റെ നിലപാടില്‍ മാറ്റം ആവശ്യപ്പെടുന്നതാണെന്ന് ലേഖകന് തോന്നിയിട്ടുമില്ല. കിഴക്കും പടിഞ്ഞാറും ഒരുപോലെ ആഞ്ഞുവീശുന്ന തീവ്ര വലതുപക്ഷ വംശീയതയോ രണോത്സുക ദേശീയതയോ ഒന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നേരെയുള്ള തന്റെ ആജീവനാന്ത ശത്രുതയെ ലഘൂകരിക്കണമെന്ന തോന്നല്‍ പോലും ലേഖകനില്‍ സൃഷ്ടിച്ചിട്ടില്ല. 1920-കളില്‍ ഇന്ത്യയില്‍ ബീജാവാപം ചെയ്യപ്പെട്ട തീവ്ര ഹിന്ദുത്വ വംശീയത നൂറ്റാണ്ട്പൂര്‍ത്തിയാവും മുമ്പേ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ അസ്തിത്വത്തിനു തന്നെ കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ ഭരണം പിടിച്ചുപറ്റുകയും മതേതര കക്ഷികളെ നിലംപരിശാക്കിക്കൊണ്ട് ഹിംസാത്മക മുന്നേറ്റം ത്വരിതപ്പെടുത്തുകയും ചെയ്യുകയാണ്. അപ്പോഴും മൂപ്പര്‍ക്ക് പ്രശ്‌നം ഇന്ത്യാ മഹാ രാജ്യത്ത് ഒരു പഞ്ചായത്ത് പോലും ഭരിക്കുകയോ പാര്‍ലമെന്റിലേക്കോ സംസ്ഥാന നിയമസഭകളിലേക്കോ ഒരംഗത്തെ പോലും തെരഞ്ഞെടുത്തയക്കുകയോ ചെയ്യാത്ത, തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമടക്കമുള്ള മത നിരപേക്ഷ കക്ഷികളെ മാത്രം പിന്തുണച്ചുപോന്ന, ഇന്നേവരെ ഒരു മനുഷ്യന്റെ ജീവന്നോ ധനത്തിനോ അഭിമാനത്തിനോ പോറലേല്‍പിച്ച ചരിത്രമില്ലാത്ത ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തുന്ന 'ഭീഷണി'യാണ്! തലക്ക് വെളിവുള്ള ഒരാളെയും ഈ വൈരനിര്യാതനബുദ്ധിയെ പിന്താങ്ങാന്‍ കിട്ടുകയില്ലെന്ന് ബോധ്യപ്പെട്ടിട്ടും നിഴല്‍യുദ്ധം നിര്‍ലജ്ജം തുടരുന്നു.
ഡൊണാള്‍ഡ് ട്രംപും ബിന്‍യാമിന്‍ നെതന്യാഹുവും നരേന്ദ്ര മോദിയും സമാനമനസ്‌കരും മനുഷ്യസമൂഹത്തിന്റെ സമാധാനപരമായ നിലനില്‍പിനും സഹവര്‍ത്തിത്വത്തിനും വന്‍ ഭീഷണിയായ വര്‍ത്തമാനകാലത്ത് ആരാണ് മുഖ്യ ശത്രു എന്ന തിരിച്ചറിവ് ഇടതുപക്ഷത്തിന്, വിശിഷ്യാ സി.പി.എമ്മിന് ഉണ്ടായിപ്പോയതാണ് ലേഖകനെ അലോസരപ്പെടുത്തുന്ന മഹാ വിപത്ത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിലൊന്നായ ജമാഅത്തെ ഇസ്‌ലാമിയോടുമുള്ള മൗലികമായ ഭിന്നതകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുകാലത്തും മറച്ചുവെക്കുകയോ ലഘൂകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആ പാര്‍ട്ടികളെ പരിചയമുള്ള എല്ലാവര്‍ക്കുമറിയാം. ദൈവം, പ്രവാചകന്മാര്‍, പരലോകം, സ്വര്‍ഗം, നരകം എന്നീ അടിസ്ഥാനങ്ങളില്‍ കെട്ടിപ്പടുത്ത ഇസ്‌ലാമിനെ അംഗീകരിക്കാനോ ശരിവെക്കാനോ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലും നാസ്തികത്വത്തിലും മതതിരസ്‌കാരത്തിലും അടിയുറപ്പിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല. അതിനാല്‍തന്നെ ഉപര്യുക്ത വിശ്വാസാദര്‍ശങ്ങളില്‍ രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമിയെയോ ഇതര ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയോ കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്ന പ്രശ്‌നവുമില്ല. മുസ്‌ലിം യുവാക്കളെ നാസ്തികത്വത്തിലേക്കും മതനിരാസത്തിലേക്കും ഭൗതികവാദത്തിലേക്കും നയിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമായി കരുതുന്ന കമ്യൂണിസ്റ്റുകാരും, അവരെ അതില്‍നിന്ന് പിന്തിരിപ്പിച്ച് ഇസ്‌ലാമില്‍ അടിയുറപ്പിച്ചുനിര്‍ത്തേണ്ടത് ആദര്‍ശപരമായ ബാധ്യതയായി വിശ്വസിക്കുന്ന ഇസ്‌ലാമിക സംഘടനകളും തീര്‍ച്ചയായും പ്രത്യയശാസ്ത്രപരമായ പോരാട്ടമാര്‍ഗത്തില്‍ തന്നെയാണ്. മാര്‍ക്‌സിസത്തെ കുറിച്ച മൗദൂദിയുടെ കാഴ്ചപ്പാട് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ തീര്‍ത്തും ന്യായീകരിക്കപ്പെടുന്നതുമാണ്. അതേയവസരത്തില്‍, സാമ്രാജ്യത്വവും ഫാഷിസവും കോര്‍പ്പറേറ്റ് തേര്‍വാഴ്ചയും മാനവികതക്ക് മുഖ്യ ഭീഷണി ഉയര്‍ത്തുന്ന സമകാലിക സാഹചര്യത്തില്‍ പല കാരണങ്ങളാല്‍ അവയെ എതിര്‍ക്കുന്ന ശക്തികളുടെ ഏകീകരണവും യോജിച്ച പോരാട്ടവും മറ്റെന്തിനേക്കാളും അനുപേക്ഷ്യവും അനിവാര്യവുമാണെന്ന് വിശ്വസിക്കുന്നവരാണ് എല്ലാ പ്രസ്ഥാനങ്ങളിലും പെട്ട വിവേകശാലികള്‍. ഈ പശ്ചാത്തലത്തില്‍ വേണം, സങ്കുചിതവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുപരി മാനവികതയുടെ നിലനില്‍പിനു വേണ്ടി വിട്ടുവീഴ്ചയോടെ പരസ്പരം സഹകരിക്കുന്ന ഇസ്‌ലാമിക, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കാണേണ്ടത്.
മലയാളം വാരികയിലെ സെക്യുലരിസ്റ്റ് കോളമിസ്റ്റിന്റെ ഉറക്കം കെടുത്തുന്നത് അദ്ദേഹം ജീവിക്കുന്ന നഗരസഭാ വാര്‍ഡുകളില്‍ ഇടതുപക്ഷവും വെല്‍ഫെയര്‍ പാര്‍ട്ടിയും ഏര്‍പ്പെട്ട ധാരണയുടെ അടിസ്ഥാനത്തില്‍ ഏതാനും അംഗങ്ങള്‍ ജയിച്ചുകയറിയതാണ്. രാജ്യത്തെയും ലോകത്തെയുമൊക്കെ ഈ മനോവ്യഥയുടെ കണ്ണാടിയിലൂടെ നോക്കിക്കാണുകയാണ് അദ്ദേഹം. എന്തൊരധഃപതനം! തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കുപോക്കുകള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് ഘടകങ്ങളുമായി പലേടത്തും ഉണ്ടായിട്ടുണ്ട്. അതൊന്നും സാമാന്യബുദ്ധിയുള്ളവരാരും സൈദ്ധാന്തിക അടിയറവോ ആദര്‍ശവ്യതിയാനമോ ആയി വിലയിരുത്താറില്ല. നാസ്തികത്വത്തിനും മതനിഷേധത്തിനും പദാര്‍ഥ വാദത്തിനുമെതിരെ ഏകദൈവവിശ്വാസത്തിലും ധാര്‍മികതയിലും ആത്മീയതയിലും ഊന്നി, തലമുറകളെ നേര്‍വഴിക്ക് തിരിച്ചുവിടാന്‍ പരമാവധി പണിയെടുക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന് നിശ്ചയമായും ആദര്‍ശധീരരും ത്യാഗശീലരുമായ ഒട്ടേറെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊന്നും പണവും പണിയും മറ്റു ഭൗതിക പ്രലോഭനങ്ങളും കൊണ്ടല്ല. ജമാഅത്തെ ഇസ്‌ലാാമിയേക്കാള്‍ പതിന്മടങ്ങ് സാമ്പത്തിക സ്രോതസ്സുകളും അധികാര ശക്തിയുമുള്ള പാര്‍ട്ടികളുടെ അണികളെ നക്കാപ്പിച്ച നല്‍കി പിടിച്ചെടുക്കാമെന്ന മൂഢവിചാരം ദയവായി അതില്‍ ആരോപിക്കരുത്. വിശ്വാസവും ആത്മീയതയും നന്മയോടുള്ള അഭിനിവേശവുമാണ് പ്രസ്ഥാനത്തിന്റെ കൈമുതല്‍. അക്കാര്യത്തില്‍ ഏതെങ്കിലും അളവില്‍ അതിനോട് യോജിക്കുന്ന മുസ്‌ലിം ലീഗിനെ പോലുള്ള സംഘടനകളോട് സഹകരണമാണ് അതിന്റെ നയം. ലീഗിന്റെയും മറ്റു മുസ്‌ലിം സംഘടനകളുടെയും നാശത്തിലല്ല, കൂട്ടായ്മയിലും യോജിച്ച പോരാട്ടത്തിലുമാണ് സമുദായത്തിന്റെ ഭാവി എന്ന് ജമാഅത്ത് വിശ്വസിക്കുന്നു. മതനിഷേധികള്‍ക്ക് എത്ര അനിഷ്ടകരമായിരുന്നാലും ശരി.
യുക്തിശൂന്യനായ യുക്തിവാദി
''ചതുരാകൃതിയിലുള്ള ത്രികോണത്തിന് അഞ്ച് വശങ്ങളുണ്ട് എന്ന് വിശ്വസിക്കാന്‍ എനിക്കാവില്ല. സര്‍വജ്ഞനും സര്‍വശക്തനും സര്‍വോപരി നീതിമാനുമായ ഒരു സ്രഷ്ടാവ്, നരകം നിറക്കാനായി മനുഷ്യരെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കാനും എനിക്കാവില്ല. ആറാം ശതകത്തിലെ അറേബ്യന്‍ നാടോടികളുടെ ഗോത്രാചാരങ്ങളും മൂഢകഥകളും സമാഹരിച്ചുകൊണ്ട് ഒരു ശാശ്വത വ്യവസ്ഥ മനുഷ്യരാശിക്ക് നല്‍കാന്‍ മാത്രം വിവേകശൂന്യനാണ് ദൈവമെന്ന് ഞാന്‍ കരുതുന്നില്ല.'' ഈയിടെ പ്രസിദ്ധീകരിച്ച ഒരു യുക്തിവാദിയുടെ പുസ്തകത്തിലെ ഉദ്ധരണിയാണിത്. എറിഞ്ഞുകൊല്ലല്‍, കൈവെട്ടല്‍, കണ്ണ് ചൂഴ്‌ന്നെടുക്കല്‍ തുടങ്ങിയ 'കിരാതവും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ' ശിക്ഷാവിധികളെ തുടര്‍ന്ന് വിശദീകരിക്കുന്നു. മുജീബ് എങ്ങനെ പ്രതികരിക്കുന്നു?
എ. അബ്ബാസ്, റോഡുവിള
മനുഷ്യബുദ്ധിക്ക് സങ്കല്‍പിക്കാന്‍ കഴിയാത്തതിനപ്പുറം യുക്തിഭദ്രമായും കടുകിട തെറ്റാതെയും സമ്പൂര്‍ണവും സമഗ്രവും സുവ്യവസ്ഥിതവുമായി ഈ അനന്ത പ്രപഞ്ചത്തെ രൂപകല്‍പന ചെയ്ത് സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാ ശക്തി ഇല്ലെന്നും എല്ലാം യാദൃഛികമായി ഉണ്ടായതാണെന്നും യാദൃഛികമായി ചലിക്കുകയാണെന്നുമുള്ള വിശ്വാസത്തേക്കാള്‍ മൂഢമായ ഒന്നിനെ സങ്കല്‍പിക്കാനാവുമോ? ആ മഹാശക്തി സര്‍വജ്ഞനും സര്‍വശക്തനും നീതിമാനുമല്ലെങ്കില്‍ കുഞ്ഞുറുമ്പ് തൊട്ട് ഗജരാജന്‍ വരെയുള്ള ജീവികള്‍ക്ക് വായുവും വെള്ളവും വെളിച്ചവും ആഹാരവും ലഭ്യമായി ജീവിക്കാന്‍ കഴിയുന്നുവെന്ന് ആര്‍ക്കെങ്കിലും വാദിക്കാനാവുമോ? കരയിലും കടലിലും ആകാശങ്ങളിലുമായി കഴിയുന്ന കോടാനുകോടി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ഒരുവന്‍ ഇല്ലെങ്കില്‍ നിമിഷാര്‍ധം കൊണ്ടത് തകര്‍ന്നുതരിപ്പണമാവുമായിരുന്നു എന്നോര്‍ക്കാന്‍ സാമാന്യബുദ്ധി പോരേ? ഇത്രയും പച്ചയായ പ്രാഥമിക സത്യങ്ങള്‍ പോലും ധിക്കാരം കൊണ്ടുമാത്രം നിഷേധിക്കുന്ന അല്‍പന്മാരെ കൊണ്ട് നരകം നിറക്കുകയല്ലാതെ പിന്നെ സ്വര്‍ഗത്തില്‍ കടത്തണമെന്നതാണോ നീതിയുടെ താല്‍പര്യം? പാപപങ്കിലമായ ജീവിതം മാത്രം നയിച്ച കൊടുംകുറ്റവാളിയായി കഴിഞ്ഞ മനുഷ്യനു പോലും തരിമ്പ് വിശ്വാസവും നന്മയുമുണ്ടെങ്കില്‍ ഒടുവില്‍ രക്ഷയുണ്ടെന്നറിയിച്ച പരമകാരുണികനേക്കാള്‍ ദയാനിധിയായി ഒരു ശക്തിയെ സങ്കല്‍പിക്കാനാവുമോ? പ്രാകൃത അറബി ഗോത്രങ്ങളായാലും പരിഷ്‌കാരത്തിന്റെ പരാമ്യത പ്രാപിച്ച അത്യാധുനിക മനുഷ്യസമൂഹങ്ങളായാലും പ്രകൃതിയും മൗലിക വികാര വിചാരങ്ങളും ഒന്നായിരിക്കെ അവര്‍ക്കെല്ലാം വേണ്ടത് കുറ്റമറ്റ നീതിയിലധിഷ്ഠിതമായ നിയമങ്ങളും വ്യവസ്ഥകളുമാണെന്ന് മനസ്സിലാക്കാന്‍ വക്രബുദ്ധിയല്ലാത്ത ആര്‍ക്കാണ് കഴിയാതിരിക്കുക? അന്യായമായി അപരന്റെ ജീവനെടുക്കുകയും ധനമപഹരിക്കുകയും മാനം കവരുകയും പിഞ്ചോമനകളെ പോലും മൃഗീയ പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന നരാധമന്മാര്‍ക്ക് ഉചിതമായ ശിക്ഷ വിധിക്കാനും നടപ്പാക്കാനും കഴിയാത്തതാണ് ഇന്ന് ലോകമാകെ കൊടുംക്രൂരതകളുടെ പിടിയിലമരാന്‍ കാരണമെന്ന് യുക്തിശൂന്യര്‍ക്കേ മനസ്സിലാതിരിക്കൂ. മനുഷ്യവര്‍ഗത്തിന് നരകം തീര്‍ക്കുന്നവരെ യഥാസമയം ഉചിതമാംവിധം പിടികൂടാന്‍ സര്‍വജ്ഞനും സര്‍വശക്തനും നീതിമാനുമായ ഒരുവന്‍ ഉണ്ടായേ തീരൂ. അങ്ങനെയൊരാള്‍ ഉണ്ടെന്നതാണ് എക്കാലത്തെയും പരമസത്യം.
അന്ധമായ പരിസ്ഥിതിവാദം!
ജമാഅത്തെ ഇസ്‌ലാമി കാലത്തിനൊത്ത് ചലിക്കുന്ന ജീവനുള്ള ഇസ്‌ലാമിക പ്രസ്ഥാനമാണല്ലോ. എന്നാല്‍ വികസന നയങ്ങളിലും പരിസ്ഥിതി വിഷയത്തിലും അത് ഒരുതരം മുരടന്‍ നിലപാടിലും സ്വഭാവത്തിലും തന്നെ തുടരുകയാണെന്ന് തോന്നുന്നു. വയല്‍ നികത്തുന്നതിനെയും പാറ പൊട്ടിക്കുന്നതിനെയും പരിസ്ഥിതിയുടെ പേരില്‍ അത് എന്നും എതിര്‍ക്കുന്നു. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച്, ജനവാസം വ്യാപിക്കുന്നതനുസരിച്ച് ഇവിടെ ഭൂമി വര്‍ധിക്കുന്നില്ലല്ലോ? ജനങ്ങള്‍ വര്‍ധിക്കുമ്പോള്‍ പാറ പൊട്ടിക്കുകയും കുന്നിടിക്കുകയും വയല്‍ നികത്തുകയും ഒക്കെ ചെയ്യേണ്ടിവരില്ലേ? അന്ധമായ പരിസ്ഥിതിവാദം ഉയര്‍ത്തുമ്പോള്‍ പ്രാഥമിക നിര്‍മാണ മേഖലകള്‍ പോലും നിശ്ചലമാവുകയല്ലേ? തീവ്ര പരിസ്ഥിതിവാദവും ഒരുതരം അസന്തുലിത്വമല്ലേ?
ഇ.സി റംല, പള്ളിക്കല്‍
ഭൂമിയിലുള്ളത് മുഴുവന്‍ അല്ലാഹു മനുഷ്യര്‍ക്കായി സൃഷ്ടിച്ചതാണ് എന്നത്രെ വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം. എന്നുവെച്ചാല്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കുന്നും മലകളും നദികളും സമുദ്രങ്ങളും പാറയും മണ്ണും മണലും മരങ്ങളും സസ്യങ്ങളും ജീവികളുമെല്ലാം സൃഷ്ടികളില്‍ ഉത്കൃഷ്ടനായ മനുഷ്യന് അല്ലാഹു വിധേയമാക്കിക്കൊടുത്തിട്ടുണ്ട്. അത് ആവശ്യത്തിന് യുക്തിസഹമായും നീതിപൂര്‍വമായും ഉപയോഗിക്കാനാണ് അവന്‍ വിശേഷബുദ്ധി നല്‍കിയതും ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിശ്ചയിച്ചതും. ഭൂമിയില്‍ ജീവിതമാരംഭിക്കുമ്പോള്‍ തന്നെ ദൈവദൂതന്മാരിലൂടെ നേരായ വഴിയും അല്ലാഹു കാണിച്ചുകൊടുത്തിട്ടുണ്ട്. ആ സന്മാര്‍ഗം അനുധാവനം ചെയ്ത് ഉത്തരവാദിത്തബോധത്തോടെയും വിവേകപൂര്‍വവും ജീവിച്ചാല്‍ ഭൂമിയില്‍ ദുഃഖമോ ഭയപ്പാടോ ഉണ്ടാവില്ല. പെരുകുന്ന ജനത്തിന് വിഭവങ്ങളൊന്നും തികയാതെയും വരില്ല. പക്ഷേ, മനുഷ്യന്‍ എല്ലാ കാലത്തും എല്ലായ്‌പ്പോഴും പരിധിവിടുകയും അക്രമിയായി ജീവിക്കുകയും വിഭവങ്ങള്‍ ദുരുപയോഗപ്പെടുത്തുകയും മരണാനന്തര ജീവിതമെന്ന പരമസത്യത്തെ നിരാകരിക്കുകയും ഐഹിക ജീവിതം സ്വര്‍ഗതുല്യമാക്കാമെന്ന മിഥ്യയില്‍ അഭിരമിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ലോകാവസാനം വരെ എല്ലാവര്‍ക്കുമായി സംശുദ്ധമായിരിക്കേണ്ട വായുവിനെയും വെള്ളത്തെയും അവന്‍ മലിനീകരിക്കുന്നു. പാറ പൊട്ടിച്ചും നീര്‍ത്തടങ്ങള്‍ തൂര്‍ത്തും വെള്ളം വറ്റിച്ചും കുന്നുകള്‍ ഇടിച്ചും മരങ്ങള്‍ വെട്ടിനശിപ്പിച്ചും മണല്‍ ഊറ്റിത്തീര്‍ത്തും ആരും പാര്‍ക്കാനില്ലാത്ത അംബരചുംബികള്‍ പണിയുകയും ആരും സഞ്ചരിക്കാനില്ലാതെ വാഹനങ്ങള്‍ നിര്‍മിച്ചുകൂട്ടുകയും കുടിവെള്ളം കൊണ്ട് നീന്തല്‍ കുളങ്ങള്‍ തീര്‍ക്കുകയും മാലിന്യശേഖരങ്ങള്‍ കൊഴുപ്പിക്കാന്‍ മാത്രം ഭക്ഷ്യവിഭവങ്ങളുണ്ടാക്കുകയും കാലാവസ്ഥ പോലും തകിടം മറിക്കുന്ന വിധം പ്രകൃതിവിഭവങ്ങളെ സംഹരിക്കുകയും ചെയ്യുന്നു. അതിനെയാണ്, അതിനെ മാത്രമാണ് പ്രകൃതി മതമായ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എന്നും എതിര്‍ത്തുവന്നത്, ഇന്നും എതിര്‍ക്കുന്നത്, നാളെയും എതിര്‍ക്കാന്‍ പോവുന്നതും. ധൂര്‍ത്തും ദുര്‍വ്യയവും ചൂഷണവും നിയന്ത്രിച്ചും മിതജീവിതത്തിനാവശ്യമായതു മാത്രം മതിയെന്നു വെച്ചാല്‍ പരിധിക്കപ്പുറം കുന്നിടിക്കേണ്ടതോ ജലമൂറ്റേണ്ടതോ പാറ പൊട്ടിക്കേണ്ടതോ നിര്‍മാണ പ്രവൃത്തികള്‍ നടത്തേണ്ടതോ ഇല്ല. ശതകോടീശ്വരന്മാരുടെ പട്ടികക്ക് നീളം കൂട്ടേണ്ടതില്ലെന്നു വെച്ചാല്‍ വ്യവസായസാമ്രാജ്യങ്ങളും വ്യാപാര ഗോപുരങ്ങളും പണിയേണ്ടതുമില്ല.
Comments