Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

ജല സംഭരണം, ഉപയോഗം

എം.പി ചന്ദ്രന്‍

പ്രവചനങ്ങള്‍ പാഴായില്ല; ഇത്തവണയും വരള്‍ച്ചയും ജലക്ഷാമവും അതിരൂക്ഷം തന്നെ. കേരളത്തില്‍ എല്ലാം സുലഭമെന്നു സ്വയമഹങ്കരിക്കുന്ന ഓരോ കേരളീയന്റെയും കണ്ണുതുറപ്പിക്കുംവിധം കാര്യങ്ങളാകെ മാറിമറിയുകയാണ്. ജലദൗര്‍ലഭ്യതയാണ് വരള്‍ച്ചയുടെ പ്രധാന ലക്ഷണമെങ്കിലും അസഹ്യമായ ചൂട്, നിലം വിണ്ടുകീറല്‍, ശാരീരിക (മാനസികവും) അസ്വസ്ഥതകള്‍, രോഗാവസ്ഥകള്‍, ഭക്ഷ്യക്ഷാമം, പട്ടിണി, ദാരിദ്ര്യം, ചൂടുകാറ്റ് (തീക്കാറ്റ്), സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍, കലഹങ്ങള്‍, ജൈവനാശം എന്നിങ്ങനെ അനേക ഘടകങ്ങള്‍ ചേര്‍ന്ന നേരനുഭവമാണ് വരള്‍ച്ച. അപവികസനം, പ്രകൃതി വിഭവങ്ങളിന്‍ മേലുള്ള അനിയന്ത്രിതവും അമിതവും അശാസ്ത്രീയവുമായ കടന്നുകയറ്റം, ജലവിഭവ മാനേജ്‌മെന്റില്‍ സംഭവിക്കുന്ന പരാജയം, കൂടിയ തോതിലുള്ള നിര്‍മാണപ്രവൃത്തികള്‍, വിവേചനരഹിതമായ വിഭവവിനിയോഗം, ഭാവിനിലനില്‍പിനെ തെല്ലും പരിഗണിക്കാത്ത മനുഷ്യ ഇടപെടലുകള്‍, കാര്‍ഷിക രംഗത്തെ അപചയം, രാസവസ്തുക്കളുടെ അമിതോപയോഗം, ക്രമം തെറ്റിയ കാലാവസ്ഥ എന്നിവ കേരളസാഹചര്യത്തില്‍ രൂക്ഷമായ വരള്‍ച്ചയുടെ പ്രധാന കാരണങ്ങളാണ്. 

സവിശേഷമായ ഭൂമിശാസ്ത്രം, ഈ ഭൂമിശാസ്ത്രത്തോട് ഇണങ്ങിച്ചേര്‍ന്നുള്ള ഉപജീവനം, ഉപജീവനത്തെ പിന്തുണക്കുന്ന കാലാവസ്ഥാ ഘടകങ്ങള്‍, കാലാവസ്ഥാനുകൂലനത്തെ ആവാഹിച്ചു നിലനിന്നുവരുന്ന ജൈവിക സ്രോതസ്സുകള്‍ എന്നിവ സമം ചേര്‍ന്ന അനുഗ്രഹീത നാടാണ് കേരളം.  ഇടവപ്പാതിയും തുലാമഴയും മഞ്ഞുകാലമഴയും വേനല്‍മഴയും ചേര്‍ന്ന് ഒരു വര്‍ഷത്തെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം നല്‍കിപ്പോന്നിരുന്ന 44 നദികളുടെ നാട് കൊടുംവരള്‍ച്ചയിലകപ്പെട്ടുപോകുന്നു.  കൃഷി, വൈദ്യുതി ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധി കടന്നുവരുന്നു. പരസ്പരബന്ധിതമായ നിരവധി പ്രയാസങ്ങള്‍ ഒരേസമയം സൃഷ്ടിക്കുന്ന ഒന്നാണ് വരള്‍ച്ച എന്നതിനാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതുമല്ല. 

വര്‍ഷപാതം, ജലസേചന സൗകര്യങ്ങളുടെ സ്ഥിതി, പച്ചപ്പിന്റെ നില, ഭൂഗര്‍ഭജലനിരപ്പിന്റെയും ഉപരിതല ജലസ്രോതസ്സുകളുടെയും നിലവിലെ സ്ഥിതി, കാലാവസ്ഥാ ഘടകങ്ങള്‍, വിളനഷ്ടക്കണക്കുകള്‍ എന്നിവ കണക്കാക്കി വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ പ്രഖ്യാപിക്കാറു്. ഇതിന്‍പ്രകാരം വരള്‍ച്ചാനിവാരണ നിര്‍ദേശങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നു. എന്നാല്‍ നിര്‍ദേശങ്ങളോ പരിപാടികളോ തീരെ കുറഞ്ഞ സ്വാധീനമേ ചെലുത്താറുള്ളൂ. സാധാരണ ജനത അവരുടെ സ്വന്തം ഇടങ്ങളില്‍ വരള്‍ച്ചയെ പ്രതിരോധിക്കാനായി ചെയ്യുന്ന സുസ്ഥിര സംവിധാനങ്ങളാണ് ഇക്കാര്യത്തില്‍ പ്രസക്തം. അതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ ലഭ്യമാക്കുകയാണെങ്കില്‍ ഗുണമേറെയുണ്ടാകും. മലയാളി ഒരു യാഥാര്‍ഥ കര്‍ഷകന്റെ ശരാശരി മാനസിക തലങ്ങളിലേക്കുയര്‍ന്ന് കര്‍മധര്‍മബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ ഇത്ര രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടാന്‍ വഴിയില്ല. 

 

ജലസാക്ഷരതയിലൂടെ ജലലഭ്യതയുടെ വഴികളിലേക്ക് 

അനുഗൃഹീത ഭൂമിശാസ്ത്രവും കാലാവസ്ഥാനുകൂലനവുമുള്ള കേരളത്തെ തിരിച്ചറിയുക എന്നതാണ് വരള്‍ച്ചാനിവാരണത്തിന്റെയും ജലസുരക്ഷയുടെയും ആദ്യപാഠം. അതീവ ജൈവസമ്പന്നമായ പശ്ചിമഘട്ട മലനിരകളോടൊപ്പം പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന 38,863 ചതുരശ്ര കി.മീ ഭൂവിസ്തൃതിയുള്ള കേരളത്തില്‍ 60 ലക്ഷത്തിലധികം കിണറുകള്‍, അര ലക്ഷത്തിലധികം കുളങ്ങള്‍, പതിനായിരക്കണക്കിന് നീര്‍ച്ചാലുകള്‍, ഉറവകള്‍, നൂറില്‍പരം തണ്ണീര്‍തടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, 44 പുഴകള്‍, കായലുകള്‍, തടാകങ്ങള്‍, എണ്ണമറ്റ തോടുകള്‍, ചതുപ്പുകള്‍, ബഹുലക്ഷം ഹെക്ടര്‍ വയലേലകള്‍, കൃഷിയിടങ്ങള്‍, വെള്ളക്കെട്ടുകള്‍, ജലടാങ്കുകളായ അസംഖ്യം കുന്നുകള്‍, വിസ്തൃതമായ കാടുകള്‍ എന്നിങ്ങനെയായി കേരളത്തെ ജലസമ്പന്നതയോടെ നിലനിര്‍ത്താനാവശ്യമായ പ്രകൃതിപരമായ പശ്ചാത്തലം നമുക്കുണ്ട്. നാമുണ്ടാക്കിയ ജലശേഖരണ-വിതരണ സംവിധാനങ്ങളും ഇതോടൊപ്പമുണ്ട്. ജലസേചന, വ്യാവസായിക, വൈദ്യതി, വിനോദ ആവശ്യങ്ങള്‍ക്കായി നാമുണ്ടാക്കിയ അണക്കെട്ടുകളും തടയണകളും പ്രത്യേകമുണ്ട്. ജലലഭ്യത കൃത്യമായി അറിയാന്‍ സഹായിക്കുന്ന സ്ഥാപനസംവിധാനങ്ങളും ജലവിഭവ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ കൃത്യമായറിയുന്ന വിദഗ്ധരും ഏറെയുണ്ട്. ഭരണകൂടം ജനങ്ങളുമായോ, ജനങ്ങള്‍ ഭരണകൂടവുമായോ ചേര്‍ന്നോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലോ സമയോചിത പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് ജലസ്വയംപര്യാപ്തത നേടാവുന്നതും വരള്‍ച്ചയെ നേരിടാവുന്നതുമാണ്. 

മഴലഭ്യതയാണ് കേരളത്തിലെ ജലലഭ്യതയുടെ അടിസ്ഥാനം. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കേരളത്തില്‍ വര്‍ഷാവര്‍ഷം മഴ ലഭിക്കും (ചാര്‍ട്ട് 1 കാണുക). പ്രകൃതിയില്‍ ഗൗരവതരത്തിലുള്ള കടന്നുകയറ്റങ്ങളും നാശനഷ്ടങ്ങളും വരുത്തിവെക്കാതെ സുസ്ഥിര ജീവിതസാഹചര്യങ്ങള്‍ നിലനിര്‍ത്തുകയാണ് സാഹചര്യങ്ങള്‍ അനുകൂലമാകാന്‍ ചെയ്യേണ്ടത്. വര്‍ഷത്തില്‍ 3000 മി.മീ മഴ ലഭിക്കുന്നുവെങ്കിലും മഴവെള്ളത്തിന്റെ കൈകാര്യത്തിലാണ് ശ്രദ്ധവെക്കേണ്ടത്. പെയ്യുന്ന മഴയിലെ വെള്ളം ശരാശരി 60 മണിക്കൂറിനകം തന്നെ പുഴകളിലൂടെ കടലിലെത്തുന്ന വിധത്തിലാണ് കേരളത്തിന്റെ ഭൂമിശാസ്ത്രം. ഈ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത ഉള്‍ക്കൊണ്ട് അനുയോജ്യമാര്‍ഗങ്ങളവലംബിച്ച് ജലസംരക്ഷണ മാര്‍ഗങ്ങളാവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്. ഏറെ അനുയോജ്യമായ മഴവെള്ള സംഭരണമാര്‍ഗങ്ങള്‍ കേരളത്തില്‍ പ്രയോഗിച്ചുവരുന്നുണ്ട് (ചാര്‍ട്ട് 2 കാണുക). ഏറ്റവും അനുയോജ്യമായത് നടപ്പിലാക്കുന്നതാണ് യുക്തി. 

സ്വന്തം വീടും പറമ്പും ഉള്‍പ്പെടെ സംശുദ്ധമായ പരിസരപരിപാലനം ഏറെ പ്രധാനമാണ്. ദുരന്തനിവാരണവകുപ്പിനു കീഴിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലോ പ്രാദേശിക കര്‍മസേനകളുണ്ടാക്കി ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം നടക്കേണ്ടതുണ്ട്. ഒരു ബഹുസമൂഹത്തിന്റെ നിലനില്‍പ്പിനാധാരമായ വികസന സങ്കല്‍പനങ്ങളില്‍നിന്നുകൊണ്ടാവണം വരള്‍ച്ചാനിവാരണ ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കേണ്ടത്. കരാര്‍ ലോബികള്‍ക്കും മാഫിയകള്‍ക്കും ഇവിടത്തെ വികസന സംരംഭങ്ങളുടെ കുത്തകാവകാശം തീറെഴുതിക്കൊടുത്തതിന്റെ ഭവിഷ്യത്താണ് ഇക്കാലത്തെ വരള്‍ച്ച എന്ന വാദം തെറ്റല്ല. നിയന്ത്രണനിര്‍ദേശങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയും സാമ്പത്തിക വീതംവെപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നു. ജലസംഭരണത്തിനായുണ്ടാക്കിയ എണ്ണമറ്റ തടയണകളും കുളങ്ങളുമൊക്കെ കോണ്‍ക്രീറ്റ് സ്മാരകമായി മാത്രം നിലകൊള്ളുന്നത് അതുകൊണ്ടാണ്. പൊതുജന ക്ഷേമത്തിനായുള്ള പദ്ധതികളില്‍ കടന്നുകൂടുന്ന കൃത്യവിലോപങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വരള്‍ച്ചാ- വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികളില്‍ എത്രയെണ്ണം ഓരോ പ്രദേശത്തും അനുഗുണമായുണ്ട് എന്നത് തിരിച്ചറിയമ്പോഴാണ് ഇനി വരാനിരിക്കുന്നതും ഇതുപോലെത്തന്നെയാകണമോ എന്ന ചിന്ത പ്രസക്തമാകുന്നത്. സ്വാഭാവിക കാലാവസ്ഥയിലെ ഗതിവിഗതികള്‍ ശ്രദ്ധിച്ച്, ജലലഭ്യതയുടെ പ്രവണത മനസ്സിലാക്കി, കൃത്യമായ ലക്ഷ്യബോധത്തോട് നമ്മുടെ ജീവിതവും പ്രവൃത്തികളും ക്രമീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇവിടത്തെ വരള്‍ച്ച പ്രതിരോധിക്കാന്‍ പറ്റുന്നതാണ്. ഭരണകൂടവും ഗുണഭോക്താക്കളായ ജനങ്ങളും കൂട്ടായി നടത്തുന്ന ശ്രമങ്ങള്‍ക്ക് ലക്ഷ്യം കേക്കും. 

 

ജലസ്രോതസ്സുകളുടെ തിരിച്ചെടുപ്പ്

വനങ്ങള്‍ മുതല്‍ പൊട്ടക്കിണറുകള്‍ വരെ വിവിധ ജലസ്രോതസ്സുകള്‍ അശ്രദ്ധമായാണിന്ന് പരിപാലിക്കപ്പെട്ടുപോരുന്നത്. അധകൃതമായി കൈയേറിയും മാലിന്യങ്ങള്‍ തള്ളിയും ഇവയെ നശിപ്പിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. ഏറ്റവും വലിയ ജലസംഭരണികളായ കുന്നുകളും കൃഷിയിടങ്ങളും നശിക്കാതെ നോക്കണം. മണല്‍ഖനനത്തിന്റെയും മാലിന്യനിമജ്ജനത്തിന്റെയും പിടിയില്‍നിന്നും പുഴകളെ രക്ഷിക്കേണ്ടതുണ്ട്. ജലസംഭരണ-വിതരണ സംവിധാനങ്ങള്‍ ജലനഷ്ടം വരുത്തുന്നില്ല എന്നുറപ്പിക്കേണ്ടതുണ്ട്. ജലസ്രോതസ്സുകളെ ചൂഷണം ചെയ്യുന്ന വ്യവസായ വിനോദ പദ്ധതികളെ നിയന്ത്രിക്കണം. ക്ഷാമസമയങ്ങളില്‍ വിശേഷിച്ചും ജലസ്രോതസ്സുകളുടെ ഏതെങ്കിലും തരത്തിലുള്ള നാശം കര്‍ശനമായി നിയന്ത്രിക്കുകയും കുടിവെള്ളംപോലുള്ള പ്രധാന ആവശ്യപൂര്‍ത്തീകരണത്തിനു മാത്രം ജലം ഉപയോഗപ്പെടുത്തുകയും വേണം. ജലസ്രോതസ്സുകളുടെ നാശത്തിന് കാരണമാകുംവിധമുള്ള നിര്‍മാണപ്രവൃത്തികള്‍ ഒഴിവാക്കേണ്ടതും പ്രധാനമാണ്. വനവത്കരണം, ശുചീകരണം എന്നിവയിലൂടെ ജലസ്രോതസ്സുകള്‍ സ്വാഭാവികമായി പരിപാലിക്കപ്പെടുന്നതിന് കര്‍മപരിപാടികള്‍ ഉണ്ടാവണം. ക്ഷാമകാലത്ത് വാട്ടര്‍തീം പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. 

 

നിര്‍മാണങ്ങളിലെ നിയന്ത്രണം

വീടുകള്‍ മുതല്‍ സ്ഥാപനങ്ങള്‍ വരെയുള്ള നിര്‍മിതികള്‍ക്ക് നിയന്ത്രിത ചട്ടങ്ങള്‍ നടപ്പാക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. അനാവശ്യമായതും അതിവിശാലവുമായ നിര്‍മിതികള്‍, പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായുപയോഗിക്കുന്ന നിര്‍മാണങ്ങള്‍ എന്നിവ നിയന്ത്രിക്കപ്പെടണം. പരിസ്ഥിതിസൗഹൃദവും ബദല്‍ വിഭവവിനിയോഗ വിഭവനിയന്ത്രണ സ്വഭാവമുള്ളതുമായ നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. പുഴത്തീരങ്ങളിലും വനമേഖലയിലും തഴച്ചുവളരുന്ന ടൂറിസ്റ്റ് റിസോര്‍ട്ട് വിനോദസംബന്ധങ്ങളായ നിര്‍മിതികള്‍ക്ക് നിയമാനുസൃത അനുമതിയോ കടുത്ത നിയന്ത്രണങ്ങളോ വേണം. നിര്‍മാണപ്രവൃത്തികള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് തടയണം. ആഡംബര നിര്‍മിതികളും അനധികൃത നിര്‍മാണങ്ങളും നിയന്ത്രിക്കപ്പെടണം. 

ആവശ്യങ്ങളുടെ നിയന്ത്രണം, അത്യാവശ്യങ്ങള്‍ക്കുള്ള നിരന്തര പ്രവര്‍ത്തനം എന്നത് വരള്‍ച്ചാ നിവാരണത്തിന്റെ കാതലായ പ്രായോഗികതത്ത്വമാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ തിരിച്ചെടുപ്പ് ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. പൂന്തോട്ടവും അടുക്കളത്തോട്ടവും ഉള്‍പ്പെടെ അല്‍പം കൃഷിയെങ്കിലും വീടുകള്‍ തോറും ഉണ്ടായിരിക്കണം. നിലനില്‍പിന്റെ അടിസ്ഥാനമായി കൃഷി വ്യാപകമാക്കണം. അന്നം തരുന്ന ഭൂമിയെ മുച്ചൂടും മുടിക്കാന്‍ മുതിരുന്ന തലമുറകള്‍ ഉണ്ടായിക്കൂടാ. ഇളംതലമുറകള്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പകരുന്ന വിദ്യാഭ്യാസവും ജീവിതരീതിയും പകര്‍ന്നുകിട്ടണം. അന്ധമായ നഗരവത്കരണത്തിന്റെ ഇരകളായി ഓരോ പ്രദേശവും മാറുന്നത് ഭൗതികമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുകൊണ്ടാകരുത്. ജീവിതശീലങ്ങള്‍ ക്രമീകരിക്കുക വഴി സൃഷ്ടിപരമായ ജീവിതം കെട്ടിപ്പടുക്കാം. മാറ്റത്തിന്റെ പ്രവണതകള്‍ മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കുകയാണ് നാം പ്രധാനമായും ചെയ്യേണ്ടത്. പ്രകൃതിയോട് സമരസപ്പെട്ടുപോകാന്‍ എത്ര കണ്ട് നമുക്കാവുമോ അത്രയും അളവില്‍ വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ സ്വസ്ഥചിത്തതയോടെ നേരിടാന്‍ നമുക്ക് കഴിഞ്ഞേക്കും. ഒന്നിച്ചുപ്രവര്‍ത്തിച്ച് ഫലം കണ്ടെത്താം. തൊഴിലുറപ്പുപദ്ധതി പ്രവര്‍ത്തനങ്ങളും ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളും ഭാവിയിലെ വരള്‍ച്ച തടയാന്‍ കൂടി ഉപകാരപ്പെടണമെന്ന ചിന്തയോടെ നടപ്പിലാക്കിയാല്‍ നാടിന്റെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് ചിരപരിഹാരം കണ്ടെത്തുന്ന ജനതയായി ചരിത്രം നമ്മെ രേഖപ്പെടുത്തും. 

(ഫ്രന്റ്‌സ് ഓഫ് നാച്ചര്‍ വൈസ് ചെയര്‍മാനാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍