പ്രവാചകന്റെ ജനനം
മുഹമ്മദുന്‍ റസൂലുല്ലാഹ് -7
ഹിജ്‌റക്കു മുമ്പ് 53-ാം വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് (ക്രി. 569 ജൂണ്‍ 17) അബ്ദുല്ലാഹിബ്‌നു അബ്ദില്‍ മുത്ത്വലിബിന്റെയും ആമിന ബിന്‍ത് വഹബിന്റെയും മകനായി വരാനിരിക്കുന്ന പ്രവാചകന്‍ മുഹമ്മദ്1 മക്കയില്‍ ഭൂജാതനാവുന്നത്. ജനനത്തിന് ഏതാനും ആഴ്ചകള്‍ മുമ്പ് പിതാവ് മരണപ്പെട്ടതിനാല്‍ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിന്റെയും മാതാവിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തു. കുഞ്ഞുങ്ങളെ പോറ്റുമ്മമാരെ ഏല്‍പ്പിക്കുന്ന പൗരാണിക സമ്പ്രദായമുണ്ടായിരുന്നു മക്കയില്‍; ഇപ്പോഴുമത് കുറ്റിയറ്റുപോയിട്ടില്ല. മരുപ്രദേശങ്ങളില്‍നിന്നെത്തുന്ന ഈ പോറ്റുമ്മമാര്‍ കുഞ്ഞുങ്ങളെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. ഗ്രാമീണവാസികളായ പോറ്റുമ്മമാര്‍ എത്തിച്ചേരുന്നതും കാത്ത് കഴിയുന്ന ദിവസങ്ങളില്‍ അടിമസ്ത്രീകളില്‍ ആരെങ്കിലുമൊക്കെ നവജാത ശിശുക്കളെ മുലയൂട്ടിയേക്കാം. പിതൃസഹോദരന്‍ അബൂലഹബിന്റെ അടിമസ്ത്രീയായിരുന്ന സുവൈബ കുറച്ച് ദിവസം കുഞ്ഞിനെ പരിലാളിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്.2 മുഹമ്മദിന്റെ ഇളയ പിതൃസഹോദരനായ ഹംസ അദ്ദേഹത്തിന്റെ പോറ്റുസഹോദരനും (Foster-brother) ആയിരുന്നു.3 പോറ്റുമ്മമാര്‍ സാധാരണ ധനികരുടെ കുട്ടികളെയാണ് അന്വേഷിക്കുക; മുഹമ്മദിനെപ്പോലുള്ള അനാഥശിശുക്കള്‍ വല്ലാതെയൊന്നും അവരെ ആകര്‍ഷിച്ചിരുന്നില്ല.
ഹവാസിന്‍ ഗോത്രത്തിന്റെ ഉപശാഖയായ സഅ്ദുബ്‌നു ബക്‌റിലെ കുറച്ചാളുകള്‍ മക്കയിലേക്ക് വരുന്ന സന്ദര്‍ഭമായിരുന്നു അത്. അവരില്‍ വളരെ ദരിദ്രയായ ഒരു സ്ത്രീയുണ്ടായിരുന്നു-ഹലീമ. ഇവരാണ് പിന്നീട് പ്രവാചകന്റെ പോറ്റുമ്മയായിത്തീരുന്നത്. സഞ്ചരിച്ചിരുന്ന മൃഗവാഹനം എല്ലുന്തിയതും ക്ഷീണിച്ചതുമായതിനാല്‍, എല്ലാവര്‍ക്കും പിന്നില്‍ വളരെ വൈകിയാണ് ഹലീമ മക്കയിലെത്തുന്നത്. അപ്പോഴേക്കും ധനികരുടെ മക്കളെയെല്ലാം മറ്റുള്ളവര്‍ സ്വന്തമാക്കിയിരുന്നു. വെറും കൈയോടെ തിരിച്ചുപോകേണ്ടല്ലോ എന്നു കരുതി അവര്‍ അനാഥനായ മുഹമ്മദിനെ ഏറ്റെടുത്തു. ആ തീരുമാനത്തില്‍ അവര്‍ക്കൊരിക്കലും ഖേദിക്കേണ്ടിവന്നതുമില്ല.4
ഒരു പ്രവാചകന്‍ തന്റെ ജന്മം മുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസവവേദനയില്ലാതെയാണ് മാതാവ് കുഞ്ഞിനെ പ്രസവിച്ചത്, ചേലാകര്‍മം കഴിഞ്ഞ നിലയിലാണ് ജനിച്ചത്, ചുമലുകള്‍ക്കിടയില്‍ മാലാഖമാര്‍ പതിച്ച പ്രവാചക മുദ്രയുണ്ടായിരുന്നു പോലുള്ളവ. പോറ്റുമ്മ സഞ്ചരിച്ചിരുന്ന കഴുത തിരിച്ചുപോകുമ്പോള്‍ യാത്രാ സംഘത്തിലെ ഏറ്റവും വേഗതയുള്ള വാഹനമായി എന്നും പറയപ്പെടുന്നുണ്ട്. തന്റെ മുഴുവന്‍ കുടുംബത്തിനും കഴിക്കാനുള്ള പാല്‍ പോറ്റുമ്മയുടെ പെണ്ണൊട്ടകം ചുരത്തിയിരുന്നെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.5 വളര്‍ത്തുമ്മയുടെ ഒരു മുല മാത്രമേ മുഹമ്മദ് കുടിച്ചിരുന്നുള്ളൂ; മറ്റേത് വളര്‍ത്തുസഹോദരനു വേണ്ടി മാറ്റിവെച്ചു.6 ഹലീമയുടെ ആട്ടിന്‍പറ്റങ്ങള്‍ നിറവയറോടെ മേച്ചില്‍പുറങ്ങളില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍, മറ്റു മൃഗങ്ങള്‍ക്ക് ആ മേച്ചില്‍പുറങ്ങളില്‍ കാര്യമായൊന്നും മേയാനുണ്ടായിരുന്നില്ല.7
ഉദ്ധരിക്കപ്പെടുന്ന മറ്റൊരു സംഭവം ഇങ്ങനെയാണ്: ഒരു ദിവസം വളര്‍ത്തുസഹോദരന്‍ ഓടിക്കിതച്ച് പേടിച്ചരണ്ട് വീട്ടിലെത്തി. മുഹമ്മദിനെ കുറച്ചാളുകള്‍ പിടിച്ചുവെച്ച് നെഞ്ച് കീറി എന്നാണ് അവന്‍ പറഞ്ഞുകൊണ്ടിരുന്നത്. പോറ്റുമ്മയും അവരുടെ ഭര്‍ത്താവും സംഭവസ്ഥലത്തേക്ക് കുതിച്ചു. അപ്പോഴുണ്ട് മുഹമ്മദ് ആകാശത്ത് ഒരു നിശ്ചിത ബിന്ദുവില്‍ നോട്ടമുറപ്പിച്ച് ഒരു കുന്നിന്‍പുറത്ത് ഇരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ബാലനായ മുഹമ്മദ് പറഞ്ഞു: 'ദൈവത്തിന്റെ രണ്ട് മാലാഖമാര്‍ വന്നിരുന്നു. അവര്‍ എന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയം പുറത്തെടുത്തു. പിശാചിന്റെ ഭാഗം അതില്‍നിന്ന് എടുത്തുമാറ്റി. ദിവ്യജലം കൊണ്ട് അത് കഴുകിയ ശേഷം ഹൃദയം തിരികെ വെച്ചു. ദിവ്യജലത്തിന്റെ ആ ഹൃദ്യത എനിക്കിപ്പോഴും അനുഭവിക്കാനാവുന്നുണ്ട്. മാലാഖമാര്‍ പോയ വഴിയെയാണ് ഞാനിപ്പോള്‍ ആകാശത്ത് നോക്കിക്കൊണ്ടിരിക്കുന്നത്.'' വളര്‍ത്തുമ്മക്കും അവരുടെ ഭര്‍ത്താവിനും പേടിയായി. കുട്ടിയെ ഉടന്‍തന്നെ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ കുട്ടിക്ക് ഇനിയെന്ത് ദുര്‍വിധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം!8 ജനനസമയത്ത് ഈ കുഞ്ഞിനെ മാലാഖമാര്‍ കരയിലും കടലിലും ആകാശത്തുമുള്ള മുഴുവന്‍ സൃഷ്ടികള്‍ക്കുമുമ്പിലും പരിചയപ്പെടുത്താനായി സമര്‍പ്പിച്ചു എന്ന പരാമര്‍ശവും കാണാം.9
നമുക്ക് സാദാ ജീവിതകഥയിലേക്ക് തിരിച്ചുവരാം. വളര്‍ത്തുമ്മയോടൊപ്പമുള്ള നാടോടിജീവിതം വളരെ ലളിതം എന്നുതന്നെ പറയണം. നാടോടി ഗോത്രങ്ങള്‍ ഓരോ ഋതുക്കളിലും വ്യത്യസ്ത പ്രദേശങ്ങളിലായിരിക്കും. പുല്‍മേടുകളില്‍ ആടുകളെ മേയ്ച്ചും കളികളിലേര്‍പ്പെട്ടും കുട്ടികള്‍ സമയം ചെലവഴിക്കും. വിറക് ശേഖരിച്ചും വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചും വസ്ത്രങ്ങള്‍ തുന്നിയും സ്ത്രീകള്‍ക്ക് എപ്പോഴും തിരക്കായിരിക്കും. ചിലപ്പോള്‍ ഈ നാടോടി കുടുംബങ്ങള്‍ക്ക് പാലും കാരക്കയും മതിയാവും ഭക്ഷണമായി; മറ്റു ചിലപ്പോള്‍ ഭക്ഷ്യവിഭവമായി പച്ചക്കറികളും മാംസവുമൊക്കെ കാണും. മക്കപോലുള്ള വലിയ നഗരങ്ങളിലേക്കോ ചന്തകളിലേക്കോ പോകുമ്പോള്‍ മധുരപലഹാരങ്ങള്‍ പാകം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. പടനീക്കങ്ങളും യുദ്ധങ്ങളുമൊക്കെ നടക്കാറുണ്ട് ഗോത്രങ്ങള്‍ തമ്മില്‍. പക്ഷേ, പ്രവാചകന്റെ പോറ്റുമ്മയായ ഹലീമയുടെ ഗോത്രം അത്തരം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടതായി എവിടെയും വിവരണമില്ല.
മറ്റു കുട്ടികളെപ്പോലെ തന്നെയായിരുന്നു മുഹമ്മദിന്റെ പെരുമാറ്റവും. മുലകുടി ബന്ധത്തിലുളള ഒരു വളര്‍ത്തുസഹോദരിയുടെ ചുമലില്‍ ശക്തിയായി കടിച്ചുവെന്നും അതിന്റെ അടയാളം വലുതായിട്ടും ആ സ്ത്രീയുടെ ചുമലില്‍ ഉണ്ടായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഷൈമ എന്നായിരുന്നു അവരുടെ പേര്. പില്‍ക്കാലത്ത് പ്രവാചകന്‍ നടത്തിയ ഒരു പടയോട്ടത്തില്‍ ഷൈമയും തടവുകാരിയായി പിടിക്കപ്പെട്ടു. അപ്പോള്‍ ഷൈമ ഈ സംഭവം ഓര്‍മിപ്പിക്കുകയും ചുമലിലെ പാട് കാണിച്ചുകൊടുക്കുകയും ചെയ്തപ്പോള്‍ പ്രവാചകന്‍ ഉടനടി തന്റെ വളര്‍ത്തു സഹോദരിയെ തിരിച്ചറിയുകയും ഒരു സഹോദരിയുടെ എല്ലാ പരിഗണനയും അവര്‍ക്ക് നല്‍കുകയും ചെയ്തു.10 ഇടക്കിടെ കുട്ടിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാറുണ്ടായിരുന്നു. പോറ്റുമ്മ കുട്ടിയെയും കൊണ്ട് മാതാവിനെയും പിതാമഹനെയും കാണാന്‍ ചെല്ലുമ്പോള്‍ കാലാവസ്ഥാ മാറ്റം പ്രശ്‌നങ്ങളുണ്ടാക്കും. പോറ്റുമ്മയുടെ കൂടെ മുഹമ്മദ് പതിവിലധികം കാലം ചെലവിടാന്‍ ഇതാണ് കാരണമെന്ന് പറയപ്പെടുന്നു.11
വര്‍ഷംതോറും നടത്താറുള്ളതാണ് ഉക്കാള് ചന്ത. തന്റെ വളര്‍ത്തുപുത്രനുമായി ഹലീമ അവിടെ പോകാറുണ്ടായിരുന്നു. ഹുദൈല്‍ ഗോത്രത്തിലെ കൈനോട്ടക്കാരനോട് ഈ കുട്ടിയുടെ ഭാവി പറഞ്ഞുതരാന്‍ ഹലീമ ആവശ്യപ്പെട്ടിരുന്നു എന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.12 നെഞ്ച് പിളരല്‍ സംഭവവുമായി ഇതിന് ബന്ധമുണ്ടാകാം. തന്റെ സംരക്ഷണയിലുള്ള കുട്ടിയുടെ ഭാവിയെക്കുറിച്ച് അവര്‍ക്ക് വേവലാതിയുണ്ടാകുമല്ലോ എന്ന് ഇബ്‌നു ജൗസി ചോദിക്കുന്നുണ്ട് (അല്‍ വഫാഅ് പേജ് 113). ഈ ഗ്രന്ഥകര്‍ത്താവ് വ്യത്യസ്തമായ പലതരം വിവരണങ്ങള്‍ നല്‍കുന്നുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: നെഞ്ച് പിളരല്‍ സംഭവമുണ്ടായപ്പോള്‍ അത് തന്റെ പോറ്റുമ്മയുടെ അടുത്ത് ചെന്ന് പറയുന്നത് മുഹമ്മദ് തന്നെയാണ്. ഇതിനു ശേഷം കുട്ടിയെ മാതാവിനെ ഏല്‍പ്പിക്കുകയാണ്. മക്കക്കടുത്തു വെച്ച് ഒരിക്കല്‍ അവനെ കാണാതെപോവുന്നുണ്ട്. പോറ്റുമ്മ വിവരം പറയാനായി പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ അടുത്ത് ഓടിയെത്തി. കുറച്ച് നേരത്തെ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ സുരക്ഷിതനായി (വീണുകിടക്കുന്ന ഇലകളെടുത്ത് കളിക്കുകയായിരുന്നു) കണ്ടെത്തി.13 ഈ സംഭവത്തിനു ശേഷം മുഹമ്മദും മാതാവ് ആമിനയും ഉമ്മു അയ്മന്‍ എന്ന കറുത്ത അടിമപ്പെണ്‍കുട്ടിയുമൊത്ത് (അവള്‍ പരിചാരികയായിരിക്കാം) മദീനയിലേക്ക് പോയി. അബ്ദുല്‍ മുത്ത്വലിബിന്റെ ബന്ധുക്കളുമൊത്താണ് അവിടെ താമസിച്ചത്. കൃത്യമായി പറഞ്ഞാല്‍ ബനൂ നജ്ജാര്‍ ഗോത്രത്തിലെ നാബിഗ എന്നയാളുടെ വീട്ടില്‍. അവിടെത്തന്നെയാണ് തന്റെ പിതാവ് അബ്ദുല്ലയുടെ ഖബ്‌റുമുള്ളത് (മദീനാ പള്ളിയില്‍ അടുത്തകാലത്തുണ്ടായ വിപുലീകരണത്തിനു മുമ്പ് ആ സ്ഥലം തിരിച്ചറിയാന്‍ കഴിയുമായിരുന്നു). ഇവിടത്തെ താമസക്കാലത്ത് ഈ ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലിറങ്ങി താന്‍ നീന്തല്‍ അഭ്യസിച്ചത് പ്രവാചകന്‍ അനുസ്മരിച്ചിട്ടുണ്ട്.14 അവിടെയുള്ള കുട്ടികളുമൊത്ത് (അവരിലൊരാളായിരുന്നു ഉനൈസ എന്ന പെണ്‍കുട്ടി) കോട്ടയാല്‍ സംരക്ഷിക്കപ്പെട്ട ഒരു സ്ഥലത്ത് കളിച്ചതും കോട്ടക്ക് മുകളില്‍ ഇരിക്കാനൊരുങ്ങിയ പക്ഷിയെ ഇരിക്കാനനുവദിക്കാതെ ഒച്ചവെച്ചതുമൊക്കെ അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്.15
അവര്‍ തിരിച്ചുവരുമ്പോള്‍ അബവ എന്ന സ്ഥലത്തു വെച്ചാണ് മാതാവ് ആമിന പെട്ടെന്ന് മരണമടയുന്നത്. അപ്പോള്‍ മുഹമ്മദിന് പ്രായം ആറ് വയസ്സ് മാത്രം. താന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന മാതാവിന്റെ മരണം ആ കുരുന്നുഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചിരിക്കണം. പിന്നീട് അനുയായികളുമായി ആ വഴി കടന്നുപോകുമ്പോള്‍ പ്രവാചകന്‍ അബവയിലുള്ള തന്റെ മാതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുകയും കണ്ണീരൊഴുക്കാറുമുണ്ടായിരുന്നു.16 പില്‍ക്കാലത്തുണ്ടായ ഒരു സംഭവവും നാമിവിടെ ഓര്‍ക്കുന്നത് നന്ന്. ഒരു ദിവസം ഒരു നാടോടിയെ പ്രവാചകനെ പരിചയപ്പെടുത്താനായി കൊണ്ടുവന്നു. പ്രവാചകനെ കണ്ടതോടെ നാടോടി വിറക്കാന്‍ തുടങ്ങി. പ്രവാചകന്‍ ചോദിച്ചു: 'പലപ്പോഴും ഉണക്കയിറച്ചി കഴിച്ചിരുന്ന ഒരു സ്ത്രീയുടെ മകനെ താങ്കളെന്തിനാണ് ഭയക്കുന്നത്?' 17 ആമിന18യുടെയും അബ്ദുല്‍ മുത്ത്വലിബ് കുടുംബത്തിലെ പെണ്‍ബന്ധുക്കളുടെയും നിരവധി കവിതകള്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടുംബത്തിലെ സ്ത്രീകളുടെ പോലും ധൈഷണിക നിലവാരം വളരെ ഉയര്‍ന്നതായിരുന്നു എന്നാണിത് കാണിക്കുന്നത്.
ആമിനയുടെ ഖബ്‌റടക്ക ചടങ്ങുകള്‍ കഴിഞ്ഞ ശേഷം പരിചാരിക ഉമ്മു അയ്മന്‍ കുട്ടിയുമായി മക്കയില്‍ തിരിച്ചെത്തി. പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന് അപ്പോള്‍ 108 വയസ്സ് പ്രായമുണ്ട്. തന്റെ പൗത്രന്റെ സംരക്ഷണം അദ്ദേഹം ഏറ്റെടുക്കുകയാണ്. ഉമ്മയും ഉപ്പയും നഷ്ടപ്പെട്ട കുട്ടിയായതിനാല്‍ അവനോട് സ്വാഭാവികമായും വല്യുപ്പക്ക് വല്ലാത്ത സ്‌നേഹവും കൃപയുമായിരുന്നു.
ഗൗരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അബ്ദുല്‍മുത്ത്വലിബ് മക്കയിലെ നഗരസഭ വിളിച്ചു ചേര്‍ക്കുമ്പോള്‍, ബാലനായ മുഹമ്മദ് കളിപ്പാട്ടങ്ങളൊക്കെ ഒഴിവാക്കി വല്യുപ്പയുടെ അടുത്ത് പോയിതന്നെ ഇരിക്കും. പിതൃസഹോദരന്മാര്‍ കുട്ടിയെ തടയാന്‍ മുതിര്‍ന്നാല്‍ അവരെ വിലക്കിക്കൊണ്ട് അബ്ദുല്‍ മുത്ത്വലിബ് പറയും: 'അവന്‍ അവിടെ ഇരിക്കട്ടെ. താന്‍ വലിയ ആളായി എന്നവന്‍ വിചാരിക്കുന്നുണ്ട്. അവന്‍ വലിയ ആളായിത്തീരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്രയേറെ നല്ല കുട്ടിയാണവന്‍.' 20 വളരെ നല്ല പെരുമാറ്റമായിരുന്നതിനാല്‍ നഗരസഭാ അംഗങ്ങള്‍ക്ക് അവനില്‍നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. വല്യുപ്പക്ക് പേരക്കുട്ടിയോടുള്ള സ്‌നേഹം എത്രയധികമുണ്ടെന്ന് വെച്ചാല്‍, വരള്‍ച്ച ബാധിച്ച ഒരു സന്ദര്‍ഭത്തില്‍, 'എന്റെ പേരക്കുട്ടിയുടെ പേരില്‍ ഞാന്‍ മഴക്ക് അര്‍ഥിക്കുന്നു' എന്ന് അബ്ദുല്‍ മുത്ത്വലിബ് ദൈവത്തോട് പ്രാര്‍ഥിക്കുകയും അങ്ങനെ മഴ കിട്ടുകയും ചെയ്തിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍21 രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴാം വയസ്സില്‍ മുഹമ്മദിന് കണ്ണുരോഗം പിടിപെടുന്നു. മക്കയിലെ 'വൈദ്യന്മാര്‍'ക്ക് അസുഖം ഭേദമാക്കാനായില്ല. അങ്ങനെ അബ്ദുല്‍ മുത്ത്വലിബ് ഉക്കാളിലുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ മഠത്തില്‍ പോയെന്നും അവിടെ നിന്ന് ലഭിച്ച കുറിപ്പടി അനുസരിച്ച് ചികിത്സിച്ചപ്പോള്‍ രോഗം ഭേദമായെന്നുമാണ് റിപ്പോര്‍ട്ട്.22 അറബ് ചരിത്രകാരനും വൈദ്യശാസ്ത്ര വിദഗ്ധനുമായിരുന്ന ജമാലുദ്ദീന്‍ ഖിഫ്ത്വി (ഹി. 568-646)23 പറയുന്നത്, പില്‍ക്കാലത്ത് തന്റെ അനുചരന്‍ സഅ്ദുബ്‌നു അബീവഖാസിന് രോഗം പിടിപെട്ടപ്പോള്‍ അദ്ദേഹത്തോട് മക്കയിലെ വൈദ്യനായ ഹാരിസുബ്‌നു കല്‍ദയെ കാണാന്‍ റസൂല്‍ ആവശ്യപ്പെടുന്നുണ്ട് എന്നാണ്. രണ്ടും ഒരാളാകാനുള്ള സാധ്യതയുണ്ട്.
വളരെ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനറിയുന്നതുകൊണ്ട്, പിതാമഹന്നോ മറ്റു ബന്ധുക്കള്‍ക്കോ വല്ലതും കളഞ്ഞുപോയാല്‍ അത് കണ്ടുപിടിക്കാന്‍ ചുമതലയേല്‍പ്പിക്കുക കൗമാരക്കാരനായ മുഹമ്മദിനെയായിരിക്കും. കളഞ്ഞുപോയത് എപ്പോഴും കണ്ടെത്തുകയും ചെയ്യും.24 ഒരിക്കല്‍ അബ്ദുല്‍ മുത്ത്വലിബിന്റെ ഒരു ഇടയന്‍ വന്ന് ആവലാതി പറഞ്ഞു; ഏതാനും ഒട്ടകങ്ങളെ കാണാതായിരിക്കുന്നു, മേച്ചില്‍സ്ഥലങ്ങളില്‍ തനിക്കവയെ കണ്ടെത്താനും കഴിയുന്നില്ല. പതിവുപോലെ ഒട്ടകങ്ങളെ കണ്ടെത്താനുള്ള ചുമതല മുഹമ്മദിനെ ഏല്‍പ്പിച്ചു. വളരെ വൈകിയിട്ടും മുഹമ്മദ് തിരിച്ചുവരാതായപ്പോള്‍ അബ്ദുല്‍ മുത്ത്വലിബിന് ആധികയറി. രാത്രി ഒട്ടകങ്ങളെ തെരഞ്ഞ് കുന്നിന്‍മുകളിലേക്ക് പോയ തന്റെ പൗത്രന് വല്ലതും സംഭവിക്കുമോ? കഅ്ബക്കു ചുറ്റും വ്യഗ്രതയോടെ ഓടി അബ്ദുല്‍ മുത്ത്വലിബ് ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: 'ദൈവമേ, എന്റെ കുഞ്ഞുമുഹമ്മദിനെ തിരികെത്തരൂ. നിന്റെ അനുഗ്രഹത്താല്‍ എന്നെ പൊതിയൂ.' ഒടുവില്‍ മുഹമ്മദ് തിരിച്ചെത്തിയപ്പോള്‍, ഇനി അങ്ങനെയുള്ള ഒരു തെരച്ചിലിനും കുട്ടിയെ അയക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു.25
മുഹമ്മദിന് എട്ട് വയസ്സുള്ളപ്പോഴാണ് പിതാമഹന്റെ മരണം. അതിനുമുമ്പ് കുട്ടിയുടെ സംരക്ഷണച്ചുമതല അദ്ദേഹം മകനായ അബൂത്വാലിബിനെ ഏല്‍പ്പിച്ചിരുന്നു. വളരെ ശ്രദ്ധയോടെ കുട്ടിയെ പരിപാലിക്കണമെന്നും ഉണര്‍ത്തി.26
(തുടരും)
കുറിപ്പുകള്‍:
1. മക്കയില്‍ ഉപയോഗത്തിലുണ്ടായിരുന്നത് ചാന്ദ്രമാസ പ്രകാരമുള്ള കലണ്ടറായിരുന്നു. സൗരവര്‍ഷവുമായി ഒത്തുവരാന്‍ ചില ക്രമീകരണങ്ങള്‍ അതില്‍ വരുത്തിയിരുന്നു. പ്രവാചകന്‍ മരണപ്പെടുന്നതിന്റെ മൂന്ന് മാസം മുമ്പ് മാത്രമാണ് അതില്‍ മാറ്റങ്ങള്‍ വരുത്തിയത്. പ്രവാചകജീവിതകാലത്ത് മുഴുവന്‍ ചാന്ദ്രമാസ കലണ്ടര്‍ പ്രകാരമായിരുന്നു കണക്കുകൂട്ടല്‍ എന്ന് അനുമാനിക്കാം. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരുമാസം അധികരിപ്പിച്ചാണ് സൗരകലണ്ടറുമായി കണക്ക് ശരിയാക്കുന്നത്. ഇബ്‌നു ഹിശാം പറയുന്നത് (പേജ് 102), തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ 12-നാണ് നബിയുടെ ജനനം എന്നാണ്. കലണ്ടര്‍ വ്യത്യാസത്തെക്കുറിച്ച് കൂടുതലറിയാന്‍ എന്റെ 'നസീഅ്' എന്ന ലേഖനം കാണുക (ജേര്‍ണല്‍ ഓഫ് പാകിസ്താന്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി, XVI/184, ജനുവരി, ഒക്‌ടോബര്‍ 1968).
2. ബലാദുരി: അന്‍സാബ് 1/163. ഈ അടിമപ്പെണ്‍കുട്ടി യജമാനന്റെ വെപ്പാട്ടിയായിരുന്നില്ല. അബൂലഹബിന്റെ തന്നെ മറ്റൊരു അടിമ അവളെ വിവാഹം കഴിച്ചിരിക്കാം.
3. അതേ പുസ്തകം. ഈ സ്ത്രീ മുഹമ്മദിനെ മുലയൂട്ടുന്നതിനു മുമ്പ് ഹംസയെ മുലയൂട്ടിയിട്ടുണ്ട്. മുഹമ്മദിനു ശഷം അബൂസലമ ബ്‌നു അബ്ദില്‍ അസദ് അല്‍മഖ്ദൂമി എന്ന കുട്ടിയെയും. ആദ്യം ഇസ്‌ലാം സ്വീകരിച്ചവരില്‍ ഒരാളായിരുന്നു അബൂസലമ. ബലാദുരി-അന്‍സാബ് 169, സുഹൈലി 1/108
4. ഇബ്‌നു ഹിശാം, പേജ് 103. പ്രവാചകന്റെ പിതൃ സഹോദരി ഉമൈമയുടെ മകന്‍ അബ്ദുല്ലാഹിബ്‌നു ജഹ്ശിനെയും ഹലീമ മുലയൂട്ടിയിട്ടുണ്ടെന്ന് സുഹൈലി (1/108) എഴുതുന്നു; അതുപോലെ മറ്റൊരു പിതൃസഹോദരപുത്രനായ അബൂസുഫ്‌യാനുബ്‌നുല്‍ ഹാരിസിനെയും (II/268). അബ്ദുല്ലാഹിബ്‌നു ജഹ്ശ് നേരത്തേ ഇസ്‌ലാം സ്വീകരിച്ചെങ്കിലും, അബൂസുഫ്‌യാന്‍ മക്കാ വിജയസന്ദര്‍ഭത്തിലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്.
5. ഇബ്‌നു ഹിശാം പേജ് 104-105; ബലാദുരി 1:162
6. സുഹൈലി 1/108
7. ഇബ്‌നു ഹിശാം പേജ് 105
8. അതേ പുസ്തകം
9. സര്‍ഖാനി: ശറഹുല്‍ മവാഹിബുല്ലദുനിയ്യ, അബൂനുഐം: ദലാഇല്‍ പേജ് 221-222
10. ഇബ്‌നു ഹിശാം പേജ് 856-857, ബലാദുരി 1/101
11. ബലാദുരി (1/163)യുടെ അഭിപ്രായത്തില്‍ അഞ്ച് വയസ്സ് വരെ.
12. ഇബ്‌നു സഅ്ദ് 1/1 പേജ് 98
13. ഇബ്‌നു ഹിശാം പേജ് 106
14. ഇബ്‌നു സഅദ് 1/1 പേജ് 73, അബൂനുഐം പേജ് 164
15. ഇബ്‌നു സഅ്ദ് 1/1 പേജ് 73
16. ഇബ്‌നു ഹിശാം പേജ് 107, സുഹൈലി ക, 113
17. ഹാകിം: മുസ്തദ്‌റക് III, 48; സര്‍കശി: മബ്‌സൂത്വ് XVI-79
18. ഇബ്‌നു സഅ്ദ് 1/1 പേജ് 62, ബലാദുരി 1:159, ഇബ്‌നു ഹബീബ്: മുനമ്മഖ് പേജ് 422
19. ഇബ്‌നു ഹിശാം 108-111
20. ഇബ്‌നുഹിശാം, പേജ് 108, ബലാദുരി 1/143, ഇബ്‌നു ജൗസി: വഫാ പേജ് 102,120,130
21. സുഹൈലി 1/179, ബലാദുരി 1/146
22. ഹലബി, ഇന്‍സാന്‍ 1/146
23. അഖ്ബാറുല്‍ ഹുകമാഅ് (ഉയൂനുല്‍ അന്‍ബാഅ്, എഡി. 1299) പേജ് 110, ഇബ്‌നു ഹജര്‍: ഇസ്വാബ നമ്പര്‍ 1471
24. ബലാദുരി 1/144
25. ബലാദുരി 1/144
26. ഇബ്‌നു സഅ്ദ് 1/1 പേജ് 75, ത്വബരി 1/1123
Comments