ജലവിതരണത്തിലെ ആത്മീയതയും രാഷ്ട്രീയവും
ഭൂമിയിലെ വെള്ളം നീരാവിയായി, ആകാശത്തേക്ക് ഉയരുകയും മേഘമായി, മഴയായി ഭൂമിയിലേക്കു തന്നെ വര്‍ഷിക്കുകയും ചെയ്യുന്നു എന്നത് മഴയുടെ ശാസ്ത്രം. മഴയുടെ ശാസ്ത്രം പഠിപ്പിക്കപ്പെടുന്ന പാഠപുസ്തകങ്ങളില്‍ പക്ഷേ, മഴ വര്‍ഷിപ്പിക്കുന്ന 'കര്‍ത്താവിന്' പ്രസക്തിയില്ല. ശാസ്ത്രം സംസാരിക്കുന്നത് മനുഷ്യന്റെ തലച്ചോറിനോട് മാത്രമാണ്. ഖുര്‍ആന്‍ ആകട്ടെ, മനുഷ്യന്റെ തലച്ചോറിനോടും ഹൃദയത്തോടും ഒരുപോലെ സംവദിക്കുന്നു. മഴയുടെ പിറകിലെ ശാസ്ത്രം അറിയുക എന്നത് തലച്ചോറിന്റെ മാത്രം പണിയാണ്. എന്നാല്‍, ഹൃദയം കൂടി തലച്ചോറിനൊപ്പം ചേരുമ്പോഴാണ് മഴക്കു പിന്നിലെ ദൈവിക കഴിവിന്റെയും യുക്തിയുടെയും മഹാസാഗരത്തിലേക്ക് മനുഷ്യചിന്ത ചെന്നുചേരുകയുള്ളൂ. 'മഴ' എന്ന അത്ഭുത പ്രതിഭാസത്തിന് പിറകിലെ അല്ലാഹുവിന്റെ അപാരവൈഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതിലാണ് വിശുദ്ധ ഖുര്‍ആനിലെ മഴസൂക്തങ്ങളുടെ ഊന്നല്‍.
മഴപ്പെയ്ത്തിനെക്കുറിച്ച ശാസ്ത്രീയമായ, എന്നാല്‍ ചേതോഹരമായ ഒരു ഖുര്‍ആനിക സൂക്തം ഇങ്ങനെയാണ്: ''അല്ലാഹു മേഘത്തെ മന്ദംമന്ദം ചലിപ്പിക്കുന്നതും പിന്നെ അതിന്റെ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ അതിനിടയില്‍നിന്ന് മഴത്തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നത് കാണാം. ആകാശത്തുനിന്നും പര്‍വതസമാനമായ മേഘങ്ങള്‍ക്കിടയിലൂടെ ആലിപ്പഴവും വര്‍ഷിക്കുന്നു. അവന്‍ ഇഛിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനിഛിക്കുന്നവരില്‍നിന്ന് അത് തടയുകയും ചെയ്യുന്നു. മിന്നല്‍പിണറാകട്ടെ, കണ്ണുകള്‍ റാഞ്ചി എടുക്കുമാറാകുന്നു'' (അന്നൂര്‍ 43). മഴ, ആലിപ്പഴം, ഇടി, മിന്നല്‍ എന്നിവയുടെ അതിസൂക്ഷ്മ ശാസ്ത്ര നിയമങ്ങളെ ഈ സൂക്തത്തില്‍നിന്ന് വായിച്ചെടുക്കാം. എന്നാല്‍, അതിനുമപ്പുറം ഈ സൂക്തത്തെ മനോഹരമാക്കുന്നത് മേഘത്തെ ചലിപ്പിക്കുന്ന, അതിന്റെ ചീന്തുകളെ കൂട്ടിയോജിപ്പിക്കുന്ന, പിന്നീട് അതിനെ കനപ്പിക്കുന്ന, അതില്‍നിന്ന് കുത്തിയൊലിക്കുന്ന വെള്ളം ഒഴുക്കുന്ന, ആലിപ്പഴവര്‍ഷം നടത്തുന്ന, കണ്ണ് തട്ടിപ്പറിക്കുമാര്‍ മിന്നല്‍ അടിപ്പിക്കുന്ന 'അല്ലാഹുവിനെ' കുറിച്ച പരാമര്‍ശമാണ്. 'അവന്‍ ഇന്നിന്നത് ചെയ്യുന്നത് നീ കാണുന്നില്ലേ?' എന്നാണ് ചോദ്യം!
'വെള്ളം' ജീവന്റെ തുടിപ്പാണ്. വെള്ളമില്ലെങ്കില്‍ ഒരു ജീവജാലത്തിനും നിലനില്‍പ്പില്ല. ''ജീവനുള്ള എല്ലാറ്റിനെയും വെള്ളത്തില്‍നിന്നാകുന്നു നാം സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ വിശ്വസിക്കുന്നില്ലേ'' (അല്‍അമ്പിയാഅ് 30). എല്ലാ ജീവജാലങ്ങളെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്. മറ്റൊരു സൂക്തത്തില്‍ 'മനുഷ്യനെ' പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ടും അല്ലാഹു ഈ വസ്തുതയിലേക്ക് ക്ഷണിക്കുന്നുണ്ട്. ''അവന്‍ (അല്ലാഹു) അത്രെ വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന്‍. എന്നിട്ട് അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനുമാക്കി. നിന്റെ രക്ഷിതാവ് എല്ലാത്തിനും കഴിവുറ്റവനാകുന്നു'' (അല്‍ ഫുര്‍ഖാന്‍ 54). ജീവന്‍ തുടങ്ങിയതും ജീവന്‍ നിലനില്‍ക്കുന്നതും വെള്ളം കൊണ്ടാണ്... വെള്ളമില്ലാതെ മനുഷ്യജീവന്‍ എന്നല്ല, ഒരു ജീവിവര്‍ഗത്തിനും നിലനില്‍പ്പില്ല. അതുകൊണ്ടാണ് ജീവന്റെ കണിക കണ്ടെത്തുന്നതിന് ഇതര ഗ്രഹങ്ങളില്‍ ജലാംശം ഉണ്ടോ എന്ന് ശാസ്ത്രം അനേഷിക്കുന്നത്.
വെള്ളത്തെ ഏറ്റവും വലിയ അനുഗ്രഹമായി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഒരുപാടിടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. 30-ഓളം സൂക്തങ്ങളില്‍ മഴ നേര്‍ക്കുനേരെ പരാമര്‍ശിക്കപ്പെടുന്നു. സൂറ അല്‍ബഖറയില്‍, മനുഷ്യനെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന പ്രഭാഷണത്തിന്റെ തുടക്കം തന്നെ മഴയെ സൂചിപ്പിച്ചുകൊണ്ടാണ്. ''അല്ലയോ ജനങ്ങളേ, നിങ്ങളെയും നിങ്ങള്‍ക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആയേക്കാം. അവനാണ് ഭൂമിയെ ഒരു വിരിപ്പായും, ആകാശത്തെ ഒരു എടുപ്പായും സൃഷ്ടിച്ചവന്‍. ആകാശത്തുനിന്നും വെള്ളം ഇറക്കുകയും, അതുവഴി നിങ്ങള്‍ക്ക് വിഭവമായി ഫലവര്‍ഗങ്ങളെ മുളപ്പിക്കുകയും ചെയ്തു. അതിനാല്‍ അറിഞ്ഞുകൊണ്ട് അവന് പങ്കുകാരെ സങ്കല്‍പ്പിക്കരുത് നിങ്ങള്‍'' (അല്‍ബഖറ 21,22). ഭൂമിയില്‍ വെള്ളം നനയുമ്പോഴാണ് സസ്യങ്ങള്‍ തളിര്‍ക്കുന്നത്, സസ്യങ്ങള്‍ തളിര്‍ക്കുമ്പോഴാണ് ഭൂമി സജീവമാകുന്നത്. ''അല്ലാഹു ആകാശത്തു നിന്നു ജലമിറക്കി. നിര്‍ജീവമായിക്കിടന്ന ഭൂമിയെ അതുവഴി പെട്ടെന്ന് സജീവമാക്കി. കേള്‍വിയുള്ള ജനതക്ക് ഇവയില്‍ സൃഷ്ടാന്തമുണ്ട്'' (അന്നഹ്ല്‍ 65). ''ഭൂമി വരണ്ടു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു; കൗതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുകയും ചെയ്യുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു, അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു. പുനരുത്ഥാനവേള വരുക തന്നെ ചെയ്യും. അതില്‍ സംശയമേതുമില്ല. ഖബ്‌റിടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യുന്നതാണ്'' (അല്‍ ഹജ്ജ് 5-7).
വേനലും വരള്‍ച്ചയുമാണ് മനുഷ്യനെ മഴയെയും വെള്ളത്തെയും ഓര്‍മിപ്പിക്കുന്നത്. അമ്പത് ശതമാനം മാത്രം മഴ ലഭിച്ച കഴിഞ്ഞ മണ്‍സൂണ്‍ കാലം, ഈ വേനലിലെ കടുത്ത വരള്‍ച്ചയെ കുറിച്ച് നേരത്തേ തന്നെ ശക്തമായ മുന്നറിയിപ്പായി മാറിയിട്ടുണ്ട്. കേരളത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളിലാണ് സാധാരണഗതിയില്‍ ചൂട് കഠിനമാവുകയും വരള്‍ച്ച ശക്തമാവുകയും ചെയ്യുന്നത്. ഇപ്പോഴത് ഫെബ്രുവരി മുതലേ തുടങ്ങിയിരിക്കുന്നു. കുടിവെള്ള ക്ഷാമത്തെയും വരള്‍ച്ചയെയും അതികഠിനമായ ചൂടിനെയുമെല്ലാം എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ മനുഷ്യന്‍ ശരിക്കും നിസ്സഹായനാണ്. സാങ്കേതികമായി ചെയ്യാവുന്ന മുന്‍കരുതലുകള്‍ക്ക് പരിമിതികളുണ്ട്. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ ഗംഭീരമായ ഒരു ചോദ്യത്തിലൂടെ അല്ലാഹു പുറത്തുകൊണ്ടുവരുന്നുണ്ട്: ''പ്രവാചകരേ, അവരോടു ചോദിക്കുക. നിങ്ങളുടെ വെള്ളം വറ്റിത്തീര്‍ന്നാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീര്‍ കൊണ്ടുവരുന്നത്?'' (അല്‍മുല്‍ക് 30). ''ഭൂമിയിലെ വെള്ളം വറ്റിപ്പോയാല്‍, പിന്നീട് ഒരാളോടും സഹായം തേടുക സാധ്യമല്ല'' (അല്‍ കഹ്ഫ് 41). ജീവന്റെ തുടിപ്പായ വെള്ളത്തിനു പിന്നിലെ അല്ലാഹുവിന്റെ അധികാരവും നിയന്ത്രണവും തത്ത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കാതെ, നാം നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമില്ല എന്നാണ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. ജലത്തിനു മേലുള്ള അല്ലാഹുവിന്റെ ഈ മേലധികാരം, ജലവിതരണത്തില്‍ അല്ലാഹുവിന് നല്‍കേണ്ട പരമാധികാരത്തെയാണ് അടയാളപ്പെടുത്തുന്നത്. 'ജലത്തിന് മേലുള്ള നിയമനിര്‍മാണത്തിന്റെ പരമാധികാരം' (ഹാകിമിയ്യത്തുന്‍ അലല്‍ മാഅ്) എന്ന് ഇതിനെ വിളിക്കാം. ജലം എങ്ങനെ സംരക്ഷിക്കപ്പെടണം, എങ്ങനെ ഉപയോഗിക്കണം, എങ്ങനെ വിതരണം ചെയ്യണം, ജലസ്രോതസ്സുകളോടുള്ള മനുഷ്യന്റെ സമീപനം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ഭൂമിയില്‍ അല്ലാഹുവിന്റെ ഇംഗിതം നടപ്പിലാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവനാണ് മനുഷ്യന്‍. 'ജലത്തിനുമേലുള്ള മനുഷ്യന്റെ പ്രാതിനിധ്യം' (ഖിലാഫത്തുന്‍ അലല്‍ മാഅ്) ആണ് ജലവിതരണത്തിലെ അല്ലാഹുവിന്റെ പരമാധികാരത്തെ ഭൂമിയില്‍ അടയാളപ്പെടുത്തുന്നത്.
അല്ലാഹു വെള്ളം ഇറക്കിയിട്ടുള്ളത് 'നിര്‍ണിത കണക്ക് അനുസരിച്ച്' ആണ് എന്നതാണ് ഖുര്‍ആനിക പാഠം. ''ആകാശത്തുനിന്നും നാം നിര്‍ണിത കണക്കനുസരിച്ച് വെള്ളം ഇറക്കി. എന്നിട്ടതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു. തീര്‍ച്ചയായും, അത് ഇല്ലാതാക്കിക്കളയാനും കഴിവുറ്റവനാണ് നാം'' (അല്‍ മുഅമിനൂന്‍ 18). ജലസ്രോതസ്സിന്റെ ശാസ്ത്രീയമായ നടപടിക്രമം ഈ സൂക്തത്തില്‍ വ്യക്തമാണ്. ഭൂമിയില്‍നിന്ന് നീരാവിയായി ആകാശത്തേക്കുയരുന്നതിന്റെ ഏകദേശം അതേ അളവില്‍ തന്നെയാണ് മഴയായി ഭൂമിയിലേക്കുതന്നെ ലഭിക്കുന്നത് എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നത്. പക്ഷേ, ഭൂമിയില്‍ വീഴുന്ന മഴവെള്ളം കുത്തിയൊലിച്ചുപോകുന്നതിനു പകരം, അവ ഭൂമിയില്‍ ആഴ്ന്നിറങ്ങി, ഒരു പ്രത്യേക നിരപ്പില്‍ നിലനിര്‍ത്തി സംരക്ഷിക്കപ്പെടുന്നു! 'പാര്‍പ്പിക്കുന്നു' എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു ശാസ്ത്രീയമായി ഭൂജല സംരക്ഷണം നിര്‍വഹിക്കുന്നു. മനുഷ്യനാകട്ടെ, ഈ സംവിധാനത്തെ വെല്ലുവിളിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. നീര്‍ത്തടങ്ങള്‍ നികത്തിയും കുന്നുകള്‍ നിരത്തിയും പുഴകള്‍ വറ്റിച്ചും മരങ്ങള്‍ വെട്ടി നശിപ്പിച്ചും മനുഷ്യന്‍ നശീകരണ പ്രവര്‍ത്തനം നടത്തുന്നു. 'നന്നായി സംവിധാനിക്കപ്പെട്ടതിനു ശേഷം ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്' എന്നത് അല്ലാഹുവിന്റെ നിര്‍ദേശമാണ്. ഭൂമിയെ ഇഞ്ചിഞ്ചായി കൊന്ന് മനുഷ്യന്‍ ഇതിനോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കരയിലും കടലിലുമായി നടക്കുന്ന മനുഷ്യന്റെ കൈകടത്തലുകളാണ് ഇന്ന് നാം അനുഭവിക്കുന്ന കുടിവെള്ളക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങളുടെ കാരണം.
ജലവിതരണം നീതിപൂര്‍വമാവുക എന്നത് അല്ലാഹുവിന്റെ താല്‍പര്യമാണ്. അല്ലാഹുവിന്റെ താല്‍പര്യം നടപ്പിലാക്കുന്നതിനു വേണ്ടി ഇടപെട്ട ചരിത്രമാണ് പ്രവാചകന്മാരുടേത്. വലിയ സാമൂഹിക ഇടപെടലുകള്‍ നടത്തിയ പ്രവാചകനായിരുന്നുവല്ലോ മൂസാ (അ). വെള്ളത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍കൊണ്ട് കൂടി ശ്രദ്ധേയമാണ് മൂസ നബി(അ)യുടെ ചരിത്രം. മദ്‌യനിലെ ഒരു പൊതു കിണറ്റിലെ വെള്ളം കോരുന്നവരില്‍നിന്ന് അല്‍പ്പം മാറിനില്‍ക്കുകയായിരുന്നു രണ്ട് പെണ്ണുങ്ങള്‍. ആണുങ്ങള്‍ക്കു ശേഷം, ഇരുട്ടും വരെ കാത്തിരുന്നെങ്കിലേ അവര്‍ക്ക് വെള്ളമെടുക്കാന്‍ ആകുമായിരുന്നുള്ളൂ. കിണറിനു സമീപം ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു മൂസാ (അ). ഫറോവയുടെ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് ഒരു ആലംബത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന സമയമാണ് മൂസാ നബിക്കപ്പോള്‍. പക്ഷേ, കുടിവെള്ളത്തിന്റെ പേരില്‍ നീതിനിഷേധം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി മറുത്തൊന്നു ചിന്തിക്കാതെ ഇടപെടുകയാണ് അദ്ദേഹം. തന്റെ ജീവിതവഴിയില്‍തന്നെ നിര്‍ണായകമായി ഈ സംഭവം. പ്രവാചകത്വത്തിനു മുമ്പേ, അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലക്ക് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു മൂസാ നബി എന്ന് മനസ്സിലാക്കാം. പ്രവാചകത്വത്തിന് ശേഷമാകട്ടെ, ഫറോവയുടെ കൊട്ടാരത്തില്‍ നടന്ന സംവാദത്തിലും ഫറോവയോട് വെള്ളത്തിന്റെ മേലുള്ള ആധിപത്യ വിഷയം കടന്നുവരുന്നുണ്ട്. ഈജിപ്തിന്റെ ജീവനാഡിയായ നൈല്‍ നദിയെ സൂചിപ്പിച്ച് ഫറോവ ചോദിക്കുന്നത്; 'എന്റെ സമുദായമേ, ഈജിപ്തിന്റെ അധികാരം എനിക്കുള്ളതല്ലേ? ഇവിടത്തെ നദികള്‍ എന്റെ കാല്‍ക്കീഴിലല്ലേ ഒഴുകുന്നത്?' (സുഖ്‌റുഫ് 51) എന്നാണ്. തന്റെ രാജാധികാരത്തോട് വെള്ളത്തിന്റെ മേലുള്ള ആധിപത്യം കൂടി ചേര്‍ക്കുകയായിരുന്നു ഫറോവ. തന്റെ കാല്‍ക്കീഴിലെന്നു അഹങ്കരിച്ച ഇതേ നൈല്‍ നദി തന്നെയാണ് മുമ്പ് കുഞ്ഞായിരുന്ന മൂസായെ ഫറോവയുടെ കിടപ്പുമുറി വരെ കൊണ്ടുവന്ന് വളര്‍ത്തിയത് എന്ന് ഫറോവക്ക് അറിയാത്തതല്ല. ഫറോവയോടുള്ള ഈ ധിക്കാരത്തോട് അല്ലാഹുവിന്റെ പ്രതികരണം, ഫറോവയുടെ അവകാശവാദങ്ങള്‍ ഉദ്ധരിക്കുന്ന 'സുഖ്‌റുഫ്' അധ്യായത്തിലെ പ്രസ്തുത ഭാഗം അവസാനിപ്പിക്കുന്നിടത്ത് കാണാം: ''അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു'' (സുഖ്‌റുഫ് 55). വെള്ളത്തിന്റെ മേലുള്ള പരമാധികാരം അവകാശപ്പെട്ട ഫറോവയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കുക. എന്തൊരു കാവ്യനീതി!
ഫറോവയില്‍നിന്ന് മോചിപ്പിച്ച ബനൂ ഇസ്രാഈല്യരെയും കൊണ്ട് മൂസാ (അ) പുതിയ ഒരു സാമൂഹിക ജീവിതം ആരംഭിക്കുമ്പോള്‍ കുടി വെള്ളത്തിന്റെ പ്രശ്‌നം കടന്നുവരുന്നുണ്ട്. ദാഹിച്ചു വലഞ്ഞ തന്റെ ജനതയുടെ പ്രയാസം അല്ലാഹുവിന്റെ മുന്നില്‍ വെക്കുന്ന മൂസാ നബിയോട്, തന്റെ വടി കൊണ്ട് പാറയില്‍ അടിക്കാന്‍ ആവശ്യപ്പെടുന്നു അല്ലാഹു. അങ്ങനെ പന്ത്രണ്ട് ഗോത്രങ്ങള്‍ക്കായി പന്ത്രണ്ട് നീരുറവകള്‍ പാറമടക്കുകളില്‍നിന്ന് പൊട്ടിയൊഴുകി! ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: ''മൂസാ തന്റെ ജനതക്കായി കുടിവെള്ളം ആവശ്യപ്പെട്ട സന്ദര്‍ഭം! നാം പറഞ്ഞു: നിന്റെ വടി കൊണ്ട് പാറയില്‍ അടിക്കുക. അങ്ങനെ, അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. ജനങ്ങള്‍ ഓരോ വിഭാഗവും അവരുടെ കുടിവെള്ളസ്ഥാനം മനസ്സിലാക്കി. അല്ലാഹുവിന്റെ വിഭവത്തില്‍നിന്നും നിങ്ങള്‍ ആഹരിക്കുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കി നാശകാരികളാകരുത് നിങ്ങള്‍'' (അല്‍ ബഖറ 60), അല്ലാഹു ആകാശത്തുനിന്നും ഇറക്കിക്കൊടുത്ത മന്നയെയും സല്‍വയെയും കുറിച്ച പരാമര്‍ശങ്ങള്‍ക്കുമുമ്പാണ് കുടിവെള്ള പ്രശ്‌നത്തെ കുറിച്ച ഈ വിവരണം എന്നത് ശ്രദ്ധേയമാണ്. എന്നു മാത്രമല്ല, ഭക്ഷണത്തിന്റെ പ്രശ്‌നം പരിഹരിച്ചത് മന്ന, സല്‍വ തുടങ്ങിയ താല്‍ക്കാലിക അനുഗ്രഹങ്ങളുടെ രൂപത്തിലായിരുന്നുവെങ്കില്‍, കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നത് പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് പന്ത്രണ്ട് ജലസ്രോതസ്സുകള്‍ തന്നെ നല്‍കിക്കൊണ്ടായിരുന്നു. ഭക്ഷണം അധ്വാനിച്ച് നേടിയെടുക്കേണ്ടതാണ്. കുടിവെള്ളമാകട്ടെ, പ്രകൃതിയുടെ വരദാനമായി ലഭിക്കുന്നതും. ഇവിടെ, കുടിവെള്ളത്തിന് താല്‍ക്കാലികാശ്വാസമായി മഴ പെയ്യിക്കാമായിരുന്നിട്ടും, ഗോത്ര വര്‍ഗങ്ങളായി ഭിന്നിച്ചുനില്‍ക്കുന്ന ബനൂ ഇസ്രാഈല്യരുടെ ഭാവി കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അല്ലാഹുവിന്റെ പരിഹാരം എന്ന് കാണാവുന്നതാണ്.
വെള്ളം, അഗ്നി, വായു തുടങ്ങിയവയുടെ മേല്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. 'ഭൂജലം' പൊതുസ്വത്താണ്. അതുകൊണ്ടാണ് മദീനയില്‍ ഒരു ജൂതന്‍ തന്റെ കിണര്‍ ഉപയോഗിക്കുന്നതില്‍നിന്ന് പൊതുജനത്തെ തടഞ്ഞപ്പോള്‍ അത് വിലയ്ക്കുവാങ്ങി പൊതുജനത്തിനു വിട്ടുകൊടുക്കാന്‍ മുഹമ്മദ് നബി (സ) തന്റെ അനുയായികളെ പ്രേരിപ്പിച്ചത്. ഉസ്മാന്‍ (റ) പൊന്നും വില കൊടുത്ത് അത് വാങ്ങി പൊതു കിണര്‍ ആക്കി മാറ്റി. ഉസ്മാന് റസൂല്‍(സ) സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. ബനൂ ഇസ്രാഈല്യരിലെ വേശ്യയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ സ്വര്‍ഗാവകാശിയാകുന്നത് ദാഹിച്ചുവലഞ്ഞ് ചാകാറായ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിലാണ്. വ്യഭിചാരം ഒരു സാമൂഹിക-സദാചാര കുറ്റമാണ്. പക്ഷേ, ഇസ്‌ലാമിക നാഗരികതയില്‍ അതിനേക്കാള്‍ ഗുരുതരമാകുന്നു ഒരു നായ കുടിവെള്ളം ലഭിക്കാത്തതിന്റെ പേരില്‍ മരണത്തിനു കീഴടങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി വിശന്നു ചത്താല്‍ അതിന് അല്ലാഹുവിനോട് മറുപടി പറയേണ്ടിവരുമല്ലോ എന്ന് ഇസ്‌ലാമിക രാഷ്ട്രത്തിലെ ശക്തനായ ഒരു ഭരണാധികാരി ആശങ്കപ്പെടുന്നത്. കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിന്റെ പേരില്‍ മാത്രം ചത്തൊടുങ്ങുന്ന ജീവജാലങ്ങള്‍ എന്ന സങ്കല്‍പം തന്നെ ഇല്ലാത്ത ഇസ്‌ലാമിക നാഗരികതയില്‍ കുടിവെള്ളം കിട്ടാത്ത മനുഷ്യന്‍ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് കാതലായ ചോദ്യം! അതുകൊണ്ടാണ് ഇസ്‌ലാമിക നാഗരിക ചരിത്രത്തില്‍ പൊതു ശൗച്യാലയങ്ങള്‍, കുളിമുറികള്‍, സത്രങ്ങള്‍, തണല്‍വൃക്ഷങ്ങള്‍ എന്നിവപോലെതന്നെ 'പൊതു കിണറുകള്‍' കൂടി ഉണ്ടാകുന്നത്.
'വെള്ളം' ഇസ്‌ലാമിലെ ആരാധനകളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒന്നാണ്. നമസ്‌കാരത്തിനു മുമ്പ് അംഗശുദ്ധി വരുത്തല്‍ നിര്‍ബന്ധമാകുന്നത് അതുകൊണ്ടാണ്. അംഗശുദ്ധി വരുത്തുമ്പോള്‍ ഉപയോഗിക്കുന്ന ഓരോ തുള്ളി വെള്ളത്തോടൊപ്പവും ഓരോ പാപങ്ങള്‍ ഒഴുകിപ്പോകുന്നു എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. അതേസമയം, കൂടുതല്‍ പാപം ഒഴുകിപ്പോകുന്നതിനായി കൂടുതല്‍ വെള്ളം ഉപയോഗിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അമിതവ്യയത്തെ (ഇസ്‌റാഫ്) നിഷിദ്ധമായി കാണുന്നു ഇസ്‌ലാം. അബ്ദുല്ലാഹിബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''പ്രവാചകന്‍ (സ) ഒരിക്കല്‍ സഅ്ദുബ്‌നു അബീവഖാസ് (റ) വുദൂ എടുത്തുകൊണ്ടിരിക്കെ അദ്ദേഹത്തെ കടന്നുപോയി. പ്രവാചകന്‍ ചോദിച്ചു: 'എന്തിനാണ് ഇങ്ങനെ വെള്ളം ദുര്‍വ്യയം ചെയ്യുന്നത്?' സഅ്ദ് പ്രതികരിച്ചു: 'വുദൂ എടുക്കുന്നതില്‍ പോലുമുണ്ടോ വെള്ളത്തിന്റെ ദുര്‍വ്യയം?' പ്രവാചകന്‍ പറഞ്ഞു: ഉണ്ട്, സമൃദ്ധമായ നീരൊഴുക്കുള്ള ഒരു അരുവിയിലെ ജലം ഉപയോഗിക്കുമ്പോള്‍ പോലും'' (ഇബ്നുമാജ 425). ഒഴുകുന്ന പുഴയില്‍നിന്ന് വുദൂ എടുത്ത് ഒരാള്‍ക്ക് എത്ര വെള്ളം പാഴാക്കിക്കളയാനാവും? ഒഴുകുന്ന പുഴയില്‍നിന്ന് ആയിരക്കണക്കിന് മനുഷ്യര്‍ വുദൂ എടുത്താലും അത് പുഴയിലേക്ക് തന്നെയാണല്ലോ ഒഴുക്കുന്നത്. അപ്പോള്‍, സാങ്കേതികമല്ല ഇവിടത്തെ വിഷയം. മാറേണ്ടത് മനോഭാവമാണ്. വരള്‍ച്ചയുടെ കാലത്ത് മാത്രം വെള്ളത്തിന്റെ ഉപയോഗം കുറക്കുകയും, വെള്ളം സുലഭമായി ലഭിക്കുമ്പോള്‍ അമിതമായി ഉപയോഗിക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാഴ്ചപ്പാടിനെയാണ് ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. വുദൂവില്‍ മൂന്ന് പ്രാവശ്യം ഓരോ അവയവവും കഴുകുന്നത് 'സുന്നത്ത്' (നബിചര്യ) ആകുമ്പോള്‍ തന്നെ മൂന്നില്‍ കൂടുതലാകുന്നത് 'കറാഹത്ത്' (അനഭിലഷണീയം) ആണ്. വെള്ളം ധാരാളമായി പാഴാക്കിക്കളയുന്ന ആധുനിക ടാപ്പുകളല്ല, 'ഹൗദുകള്‍' ആണ് ഇസ്‌ലാമിക നാഗരികതയുടെ സംഭാവന! അതുകൊണ്ട്, അംഗശുദ്ധിക്ക് വേണ്ടിയുള്ള പള്ളികളിലെ സംവിധാനങ്ങള്‍ മുതല്‍, വെള്ളം ധൂര്‍ത്തടിച്ച് കളയുന്ന വാട്ടര്‍ തീം പാര്‍ക്കുകള്‍ വരെ ജല ഉപയോഗവുമായി ബന്ധപ്പെട്ട് ഗൗരവപ്പെട്ട വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.
സയന്‍സിന്റെ സാങ്കേതികത്വങ്ങളേക്കാള്‍ മനുഷ്യന്റെ ആത്മാവിനോട് വെള്ളത്തിന്റെ ലഭ്യത നേരിട്ട് ബന്ധപ്പെടുന്നുണ്ട്. വരള്‍ച്ച കഠിനമാകുമ്പോള്‍ മനുഷ്യന്റെ ആത്മാവാണ് മഴക്ക് തേടേണ്ടത്. ആത്മാവിന്റെ ദൈവത്തിലേക്കുള്ള മടക്കവുമായി ബന്ധപ്പെടുന്നു മഴ! നൂഹ് നബി(അ)യുടെയും ഹൂദ് നബി(അ)യുടെയും ജനത കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരായിരുന്നു. കാര്‍ഷിക സമൂഹത്തില്‍, വെള്ളം ലഭിക്കാതെ വരള്‍ച്ച ബാധിക്കുമ്പോള്‍ ആ സമൂഹം ഭൗതികമായി ക്ഷയിക്കുന്നു. അതിന് പരിഹാരം മഴ ലഭിക്കുക എന്നത് മാത്രമാണ്. 'അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം (ഇസ്തിഗ്ഫാര്‍) തേടൂ, എങ്കില്‍ നിങ്ങള്‍ക്ക് മഴ ലഭിക്കും, കൃഷി വളരും' എന്നാണ് ഇരു പ്രവാചകന്മാരും തങ്ങളുടെ ജനതയോട് പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ നൂഹ് നബി(അ)യെ ഉദ്ധരിക്കുന്നു: ''അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപ മോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് അവന്‍ നിങ്ങളെ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും'' (നൂഹ് 10,11). ഹൂദ് നബി(അ)യെ അല്ലാഹു ഉദ്ധരിക്കുന്നത് ഇങ്ങനെ: ''എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചു മടങ്ങുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയോട് കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യും. നിങ്ങള്‍ കുറ്റവാളികളായി പിന്തിരിഞ്ഞുപോകരുത്'' (ഹൂദ്: 52) 'മഴ' എന്ന അനുഗ്രഹത്തെയും, മറ്റു ഭൗതികമായ പുരോഗതിയെയും ആത്മാവിന്റെ തിരിച്ചറിവുമായി ബന്ധപ്പെടുത്തുകയായിരുന്നു പ്രവാചകന്മാര്‍. ഒരു ജനതയുടെ വൈജ്ഞാനികവും സാങ്കേതികവുമായ വികാസത്തിന് ആ ജനത തങ്ങളുടെ പിഴവുകള്‍ തിരിച്ചറിഞ്ഞ്, ദൈവത്തിലേക്ക് തിരിഞ്ഞ് സ്വയം നവീകരിക്കുന്നതുമായി അഗാധമായ ബന്ധമുണ്ട് എന്നര്‍ഥം.
മഴ കുറയുന്നതിന്റെ പിറകില്‍ ഭൗതികവും ശാസ്ത്രീയവുമായ കാരണങ്ങള്‍ ഉണ്ട്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് വ്യക്തമാക്കുന്നു: ''മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും കുഴപ്പം പൊട്ടി പുറപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവരെ ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (അര്‍റൂം 41). മനുഷ്യന്റെ അത്യാര്‍ത്തിയും പ്രകൃതിയോടുള്ള അവന്റെ പ്രതിലോമപരമായ സമീപനവും തന്നെയാണ് മഴ കുറയുന്നതടക്കമുള്ള, വിവിധ പ്രകൃതി രോഷങ്ങളുടെ കാരണം. അതേസമയം, സാമൂഹിക തിന്മകള്‍ കൂടുന്നത് മഴ പോലെയുള്ള അനുഗ്രഹങ്ങള്‍ തടയപ്പെടുന്നതിന് കാരണമാകുന്നുമുണ്ട്. സാമൂഹിക അസമത്വം നിലനിന്നിരുന്ന ജനതയായിരുന്നു നൂഹ് നബിയുടേത്. പില്‍ക്കാലത്ത് ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യ വംശീയതയുടെ വേരുകള്‍ നൂഹിന്റെ ജനതയില്‍ എത്തുന്നുണ്ട്. കാര്‍ഷിക സമൂഹമായിരുന്നതുകൊണ്ടുതന്നെ, ജന്മി-കുടിയാന്‍ വ്യവസ്ഥയുടെ ഒരു പ്രാഗ്‌രൂപമായിരിക്കാം ഈ ഉച്ചനീചത്വം എന്ന് അനുമാനിക്കാം. നൂഹ് നബി(അ)യോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞത് കാണുക: ''അദ്ദേഹത്തിന്റെ ജനതയിലെ നിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിന്നെ ഞങ്ങള്‍ കാണുന്നില്ല. ഞങ്ങളുടെ കൂട്ടത്തിലെ ബുദ്ധി കുറഞ്ഞ, ഏറ്റവും നിസ്സാരന്മാരായ ആളുകള്‍ മാത്രമാണ് നിന്നെ പിന്തുടരുന്നതായി ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നില്ല. എന്നല്ല, നിങ്ങള്‍ കള്ളം പറയുന്നവരായിട്ടാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്'' (ഹൂദ്: 27). ഹൂദ് നബിയുടെ സമൂഹത്തില്‍ കടുത്ത സ്വേഛാപ്രമത്തത നിലനിന്നിരുന്നുവെന്നും ഖുര്‍ആനില്‍നിന്ന് മനസ്സിലാവുന്നുണ്ട്. ഹൂദ് നബി (അ) തന്റെ സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ എണ്ണിപ്പറയുമ്പോള്‍ ഉദ്ധരിക്കുന്ന ഒന്ന് അവരിലെ സ്വേഛാ പ്രമത്തതയായിരുന്നു. ''നിങ്ങള്‍ ജനങ്ങളെ പിടി കൂടുമ്പോള്‍ സ്വേഛാധിപതികളായി പിടികൂടുന്നു'' (അശ്ശുഅറാഅ്: 130) ഇരു ജനതയും അഭിമുഖീകരിച്ചിരുന്ന ഒരു പ്രധാന പ്രശ്‌നമായിരുന്നു മഴയുടെ ദൗര്‍ലഭ്യം. ഇരു സമൂഹങ്ങളോടും, തങ്ങളുടെ തിന്മകളില്‍നിന്ന് പിന്മാറി അല്ലാഹുവിനോട് പാപമോചനം തേടാനാണ് പ്രവാചകന്മാര്‍ ആവശ്യപ്പെടുന്നത്.
സാമൂഹിക തിന്മകള്‍ നേരിട്ട് സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി വിവരിക്കുന്ന ഒരു നബിവചനമുണ്ട്. നബി (സ) പറയുന്നു: ''പരസ്യ വ്യഭിചാരം വ്യാപകമായ സമൂഹത്തില്‍ മുന്‍ഗാമികളെ ബാധിച്ചിട്ടില്ലാത്ത പലതരം രോഗങ്ങള്‍ പരക്കും, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്ന സമൂഹത്തില്‍ ദാരിദ്ര്യവും ഭരണാധികാരികളുടെ അക്രമവും വര്‍ധിക്കും, സകാത്ത് നല്‍കാത്ത സമൂഹത്തില്‍ മഴ ലഭ്യമല്ലാതാവും- മൃഗങ്ങളില്ലായിരുന്നെങ്കില്‍ മഴയുണ്ടാവുമായിരുന്നില്ല, അല്ലാഹുവും അവന്റെ ദൂതനുമായി ചെയ്ത കരാറുകള്‍ ലംഘിച്ചാല്‍ ശത്രുക്കള്‍ ആധിപത്യമേല്‍ക്കും, നേതാക്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കുന്നില്ലെങ്കില്‍ ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെടും'' (ഇബ്നുമാജ, ബസ്സാര്‍, ദാറഖുത്വ്നി). 'സകാത്ത് നല്‍കാതിരിക്കുക' എന്നത് സമൂഹത്തിലെ സാമ്പത്തിക അസമത്വത്തെ കുറിക്കുന്നു. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ അല്ലാഹുവിന്റെ മഴയാകുന്ന അനുഗ്രഹം തടയപ്പെടും എന്നു തന്നെയാണ് ഇതിന്റെ വിവക്ഷ. ഈ വസ്തുത വ്യക്തമാക്കുന്ന മറ്റൊരു ഹദീസ്. ''കൈകള്‍ മേല്‍പോട്ട് ഉയര്‍ത്തി അല്ലാഹുവിനോട് എന്റെ നാഥാ, എന്റെ നാഥാ... എന്ന് വിളിച്ചു പ്രാര്‍ഥിക്കുന്ന ഒരു വ്യക്തിയുണ്ട്. അയാള്‍ കഴിക്കുന്നതും ധരിക്കുന്നതും അയാള്‍ ഊട്ടപ്പെട്ടതുമെല്ലാം നിഷിദ്ധ സമ്പത്ത്. പിന്നെ എങ്ങനെയാണ് അയാള്‍ക്ക് ഉത്തരം നല്‍കപ്പെടുക'' (മുസ്‌ലിം). കൈകള്‍ മേല്‍പോട്ട് ഉയര്‍ത്തി പ്രാര്‍ഥിക്കാന്‍ റസൂല്‍ പഠിപ്പിച്ചിട്ടുള്ളത് മഴക്കു വേണ്ടിയാണ്. അതുകൊണ്ടുതന്നെ, ഈ വ്യക്തിയുടെ പ്രാര്‍ഥന മഴക്ക് വേണ്ടിയായിരുന്നു എന്ന് അനുമാനിക്കാം.
വെള്ളത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ മറ്റൊരു സാങ്കേതിക വിശേഷണം അത് 'പരിശുദ്ധമാണ്' എന്നതാണ്. ''നാം ആകാശത്തുനിന്ന് ശുദ്ധജലം (മാഉന്‍ ത്വഹൂര്‍) ഇറക്കിയിരിക്കുന്നു'' (അല്‍ ഫുര്‍ഖാന്‍: 48) 'അനുഗൃഹീതമായ വെള്ളം' (മാഉന്‍ മുബാറക്) എന്ന് മറ്റൊരിടത്തും പറയുന്നുണ്ട്: ''ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം ഇറക്കിയിരിക്കുന്നു'' (ഖാഫ് 9). ഭൂമിയില്‍നിന്ന് ആകാശത്തേക്ക് നീരാവിയായി പോകുന്നതില്‍ വലിയ തോതും ഉപ്പുരസമുള്ള കടല്‍ജലത്തില്‍നിന്നാണ്. ഭൂമിയിലേക്ക് മഴയായി വരുന്നതാകട്ടെ, പരിശുദ്ധമായ വെള്ളവും! ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? മേഘത്തില്‍നിന്നും അതിനെ മഴയായി പെയ്യിക്കുന്നത് നിങ്ങളാണോ അതോ നാമോ? നാം വിചാരിക്കുന്നു എങ്കില്‍ അതിനെ നാം ഉപ്പുരസമുള്ളതാക്കുമായിരുന്നു. എന്നിട്ടും, നിങ്ങളെന്തുകൊണ്ട് നന്ദിയുള്ളവരാകുന്നില്ല?'' (അല്‍ വാഖിഅ 68-70). പ്രകൃത്യാ തന്നെ പരിശുദ്ധമായ വെള്ളത്തെ അതിന്റെ പൂര്‍ണ പരിശുദ്ധിയോടെ നിലനിര്‍ത്തേണ്ടത്, ജലത്തിനുമേലുള്ള 'ഖിലാഫത്തിന്റെ' (മനുഷ്യന്റെ ദൈവിക പ്രാതിനിധ്യത്തിന്റെ) സുപ്രധാന താല്‍പര്യമാണ്. വെള്ളം കെട്ടിനില്‍ക്കുന്നതാകട്ടെ, ഒഴുകുന്നതാകട്ടെ അതില്‍ മൂത്രമൊഴിക്കരുത് എന്ന് പ്രവാചകന്‍ (സ) ഉണര്‍ത്തിയിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). കെട്ടിനില്‍ക്കുന്ന വെള്ളം മലിനമാക്കുന്നത്, അതെത്ര ചെറിയ ജലാശയമാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒഴുകുന്ന വെള്ളം മലിനമാക്കുന്നത് ശുദ്ധജല വിതരണത്തെ തടയിടുന്നു. മലിനമാക്കുന്നത് ശപിക്കപ്പെടുന്ന മൂന്ന് സ്ഥലങ്ങളില്‍ ഒന്ന് വെള്ളത്തിന്റെ ഉറവിടമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (അല്‍ മുസ്തദ്‌റക്).
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴയെ തന്നെ ശിക്ഷയാക്കി മാറ്റാന്‍ കഴിവുള്ളവനാണ് അല്ലാഹു. മഴയില്ലാതെ കഷ്ടപ്പെട്ട നൂഹ് നബിയുടെ ജനതയെ, മഴ കൊണ്ട് തന്നെ പ്രളയക്കെടുതിയാല്‍ നശിപ്പിക്കുകയാണ് അല്ലാഹു ചെയ്തത്. ആകാശത്തുനിന്ന് മാത്രമല്ല, അടുപ്പില്‍നിന്ന് വരെ വെള്ളം പൊട്ടിയൊഴുകി എന്നാണ് ഈ പ്രളയത്തെ സംബന്ധിച്ച വിവരണങ്ങളില്‍ കാണുന്നത്. സമൃദ്ധമായ വെള്ളത്താല്‍ അനുഗൃഹീതമായിരുന്ന ഒരു പ്രദേശമായിരുന്നു ചരിത്രത്തില്‍ സബഅ്. ആ നാടിനെ, വെള്ളം കൊണ്ട് തന്നെ നശിപ്പിച്ചതിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. തങ്ങള്‍ തന്നെ പണിത 'മആരിബ്' അണക്കെട്ട് പൊട്ടി ആ ജനത അഭിമുഖീകരിച്ച ഭൗതികനാശത്തിന്റെ ചിത്രം അല്ലാഹു വിവരിക്കുന്നത് കാണുക: ''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസകേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തങ്ങളുണ്ടായിരുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. അവരോട് അല്ലാഹു പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. എന്നാല്‍, അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്കു പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ടു തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു'' (സബഅ് 15-16).
വെള്ളം കുറയുന്നതിന്റെ പ്രയാസങ്ങളും, വെള്ളം കൊണ്ടുള്ള കെടുതികളും ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനത എന്ന നിലക്ക്, വെള്ളത്തിന്റെ പരമാധികാരിയായ നാഥന് കൂടുതല്‍ വഴിപ്പെടുകയാണ് ആധുനിക സമൂഹം ചെയ്യേണ്ടത്. അനുഭവിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളേക്കാള്‍ വലിയ പ്രയാസങ്ങള്‍ക്കും ശിക്ഷകള്‍ക്കും വിധേയരാകുന്നതിനു മുമ്പ്, സ്വയംതിരുത്തല്‍ നടത്തി, മനോഭാവങ്ങളില്‍ മാറ്റം വരുത്തി, പാപമോചനം തേടി, ദൈവത്തിലേക്ക് മടങ്ങുക എന്നത് മാത്രമാണ് പോംവഴി.
Comments