Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം ചരിത്രം സൃഷ്ടിച്ച വനിതാ സമ്മേളനം

സുമയ്യ മുനീര്‍

ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തില്‍ ഇതിനകം ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം. പ്രവാസി മുസ്‌ലിം സ്ത്രീകളുടെ ഇസ്‌ലാമിക സംസ്‌കരണത്തിന് വനിതാ വിഭാഗം ഊന്നല്‍ നല്‍കുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍, തംഹീദുല്‍ മര്‍അ സെന്ററുകള്‍ തുടങ്ങിയവ വിജ്ഞാന വ്യാപന രംഗത്തെ വനിതാ വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തന മേഖലകളാണ്. സേവന പ്രവര്‍ത്തനങ്ങളും മികവുറ്റ മദ്‌റസാ അധ്യാപിക വൃന്ദവും എടുത്തുപറയേതുതന്നെ. മൂല്യബോധമുള്ള ഉത്തമ തലമുറയെ വാര്‍ത്തെടുക്കാനായി രൂപീകരിക്കപ്പെട്ട ഗേള്‍സ് ഇസ്‌ലാമിക് അസോസിയേഷനും (ജി.ഐ.എ) ഖത്തറില്‍ സജീവമാണ്.

അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ പ്രയാണത്തിലെ ശ്രദ്ധേയ അധ്യായമാണ് 2017 മാര്‍ച്ച് മൂന്നിന് ഖത്തറില്‍ നടന്ന വനിതാ സമ്മേളനം. മുസ്‌ലിം സ്ത്രീ സ്വത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന ഉന്നത പദവികളെക്കുറിച്ചും, ഖുര്‍ആനിലും ഹദീസിലും അവയെങ്ങനെ രേഖപ്പെട്ടുകിടക്കുന്നു എന്നതിനെക്കുറിച്ചും മുസ്‌ലിം സ്ത്രീകള്‍ പോലും അജ്ഞരാണെന്ന തിരിച്ചറിവില്‍നിന്നാണ് 'നവലോകം-സ്ത്രീ-ഇസ്‌ലാം' എന്ന പ്രമേയത്തില്‍ ഖത്തറിലെ മലയാളി മുസ്‌ലിം സ്ത്രീകളുടെ സമ്മേളനം എന്ന ആശയം അസോസിയേഷന്‍ വനിതാ വിഭാഗം ഏറ്റെടുക്കുന്നത്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ പരിഗണനയും സ്വാതന്ത്ര്യവും തിരിച്ചറിയാതെപോയ മുസ്‌ലിം സ്ത്രീകള്‍ക്കും, കുടുംബം എന്നത് പുരുഷാധിപത്യ മേഖലയാണെന്ന് തെറ്റിദ്ധരിച്ച് മതേതര നാട്യക്കാരുടെ കുപ്രചാരണങ്ങളില്‍ വീണുപോയവര്‍ക്കുമിടയില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ സ്ത്രീസങ്കല്‍പം പരിചയപ്പെടുത്തുക എന്നതായിരുന്നു സമ്മേളന ലക്ഷ്യം. 

സമ്മേളനപ്രമേയം തീര്‍ത്തും കാലിക പ്രസക്തമായതിനാല്‍തന്നെ പ്രചാരണാര്‍ഥം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ടോക് ഷോ, 'നാട്ടുവര്‍ത്തമാനം', ഡിബേറ്റ്, ടേബ്ള്‍ ടോക് തുടങ്ങിയ പരിപാടികള്‍ വന്‍വിജയമായി. ഗൃഹസന്ദര്‍ശനങ്ങള്‍, ഖുര്‍ആന്‍-ഹദീസ് വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ളെയറുകളുടെ വിതരണം, ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യ-ശ്രാവ്യ-പത്രമാധ്യമങ്ങളിലൂടെയുമുള്ള ഇടപെടലുകള്‍ എന്നിവ പ്രചാരണത്തിന് ആക്കം കൂട്ടി. സമ്മേളന ഭാഗമായി വനിതകള്‍ക്കായി പ്രബന്ധം, കഥ, കവിത, ഗാനം, രചനാ മത്സരങ്ങളും വിദ്യാര്‍ഥികള്‍ക്കായി 'നവലോകത്തെ സ്ത്രീസ്വത്വം' എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ മത്സരവും സംഘടിപ്പിച്ചു. 

'വക്‌റ' സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന സമ്മേളനത്തില്‍ രണ്ടായിരത്തിയഞ്ഞൂറിലധികം വനിതകള്‍ പങ്കെടുത്തു. ഖത്തര്‍ യൂനിവേഴ്‌സിറ്റി ശരീഅ കോളേജിലെ അമീന മുഹമ്മദ് അല്‍ ജാബിര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജ്ഞാനം പ്രതികരിക്കാനുള്ള ഊര്‍ജമാവണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ഇറ്റാലിയന്‍ എഴുത്തുകാരിയും 'തവാസുല്‍ യൂറോപ്പ്' ഡയറക്ടറുമായ ഡോ. സബ്രീന ലേയ് മുഖ്യാതിഥിയും, ജി.ഐ.ഒ കേരള മുന്‍ സംസ്ഥാന പ്രസിഡന്റ് പി. റുക്സാന, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി  ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരുമായിരുന്നു. സമ്മേളന കണ്‍വീനര്‍ നഫീസത്ത് ബീവി അധ്യക്ഷത വഹിച്ചു. 'നവലോകത്തെ ഇസ്‌ലാം' എന്ന വിഷയത്തില്‍ സബ്രീന ലേയ് നടത്തിയ പ്രഭാഷണത്തില്‍, സ്ത്രീയെ അടിച്ചമര്‍ത്തുന്നത് ഇസ്‌ലാമിക ശരീഅത്താണെന്ന പടിഞ്ഞാറന്‍ ധാരണ തെറ്റാണെന്നും ഇതിനെ പൊളിച്ചെഴുതാന്‍ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. 'ഇരുലോകത്തും സ്വര്‍ഗം പണിയുന്നവര്‍' എന്ന വിഷയമാണ് ശിഹാബ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചത്.  കെ.സി മെഹര്‍ബാന്‍, നസീമ ടീച്ചര്‍ പ്രഭാഷണങ്ങള്‍  പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ആക്ടിംഗ്് പ്രസിഡന്റ് എം.എസ്.എ റസാഖ്  ആശംസകളര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സറീന ബശീര്‍ സ്വാഗതവും സുലൈഖ ബശീര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിലെ കലാപരിപാടികളും മലര്‍വാടിയൊരുക്കിയ കിഡ്‌സ് കോര്‍ണറും ശ്രദ്ധേയമായി. സമ്മേളനഭാഗമായി മാധ്യമം സ്‌പെഷ്യല്‍ സപ്ലിമെന്റ് പുറത്തിറക്കി. പരിപാടികള്‍ ഫേസ്ബൂക്കിലൂടെ തത്സമയം മുപ്പതിനായിരത്തിലധികം പേര്‍ വീക്ഷിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍