ഖൈബര്‍ ചുരം വഴിയുള്ള പടയോട്ടങ്ങള്‍
ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും-2
ഇന്ത്യയിലേക്കുള്ള മുസ്‌ലിം പടയോട്ടത്തിന്റെ രണ്ടാം ഘട്ടം അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഖൈബര്‍ ചുരം വഴിയായിരുന്നു. ഗസ്‌നിയിലെ സുബക്തഗീനും പിന്‍ഗാമി മഹ്മൂദ് ഗസ്‌നിയുമാണ് ഈ പടയോട്ടം നയിച്ചത്. ഈ ആക്രമണം ആരംഭിച്ചത് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കാനോ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ടുപോകാനോ ആയിരുന്നില്ല. മറിച്ച്, പഞ്ചാബിലെ ജയപാല്‍ എന്ന രാജാവ് ഗസ്‌നയില്‍ പോയി ആക്രമണം നടത്തിയതിന്റെ തിരിച്ചടിയായിരുന്നു. സുബക്തഗീന്‍ രണ്ട് തവണയും ജയപാലനെ തോല്‍പിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കിയിട്ടും ജയപാലന്‍ കരാര്‍ ലംഘിച്ച് മറ്റ് ഇന്ത്യന്‍ രാജാക്കന്മാരുടെ പിന്തുണയോടെ മൂന്നാമതും ഗസ്‌നക്ക് നേരെ ആക്രമണം നടത്തിയപ്പോഴാണ് മഹ്മൂദ് ഗസ്‌നി ജയപാലന്റെ അധീനതയിലുള്ള പെഷവാറും ലാഹോറും സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ത്ത് ജയപാലന്റെ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിച്ചത്. ഈ മൂന്നാമത്തെ ആക്രമണത്തിനു ശേഷവും ജയപാലനെ ജീവന്‍ അപായപ്പെടുത്താതെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ് മഹ്മൂദ് ചെയ്തത്. നാട്ടിലെത്തിയ അദ്ദേഹം ആത്മനിന്ദ കാരണമോ നാട്ടുകാരെ മഹ്മൂദിനെതിരെ തിരിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ടോ എന്നറിയില്ല ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഏതായാലും ജയപാലന്റെ മരണശേഷവും ഇന്ത്യയിലെ പല നാടുവാഴികളും, ഇന്ത്യ ആക്രമിച്ച് സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശ്യമേ ഇല്ലാതിരുന്ന മഹ്മൂദിന് സൈ്വര്യം കൊടുക്കാതിരുന്നപ്പോഴാണ് അദ്ദേഹം തുരുതുരാ ആക്രമണം നടത്തിയത്. ആ ആക്രമണങ്ങളില്‍ ഏറ്റവും വിവാദമായതാണ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം. ഇന്ത്യയില്‍ ഒരു മുസ്‌ലിം പടനായകന്‍ നടത്തുന്ന ആദ്യത്തെയും അവസാനത്തേതുമായ ക്ഷേത്ര ആക്രമണമായിരുന്നു ഇത്. അത്തരമൊരു സംഭവം അതിനു മുമ്പോ ശേഷമോ മധ്യകാല ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടില്ല. ആക്രമണത്തിനിടയില്‍ തകര്‍ന്നുപോയ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിച്ചുകൊടുക്കുകയാണല്ലോ മുഹമ്മദുബ്‌നു ഖാസിം സിന്ധില്‍ ചെയ്തത്. ക്ഷേത്രത്തില്‍ തമ്പടിച്ച ക്ഷേത്ര പൂജാരികളായ ബ്രാഹ്മണരുടെ മഹ്മൂദിനെതിരായ പ്രകോപനപരമായ നീക്കങ്ങളും ക്ഷേത്രത്തിനകത്ത് അവര്‍ കുന്നുകൂട്ടിയ അളവറ്റ സമ്പത്തുമാണ് ക്ഷേത്രം ലക്ഷ്യമാക്കാന്‍ മഹ്മൂദിനെ പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. സോമനാഥ് ആക്രമിച്ച മഹ്മൂദിന്റെ സൈന്യത്തില്‍ ഗണ്യമായൊരു വിഭാഗം ഹിന്ദുക്കളായിരുന്നുവെന്നാണ് വസ്തുത. അവരിന്‍നിന്നാകാം ക്ഷേത്രത്തിലെ അളവറ്റ ധനത്തെക്കുറിച്ച വിവരം മഹ്മൂദിന് ലഭിച്ചത്. ഏതായാലും 17 തവണ വിജയകരമായ പടയോട്ടങ്ങള്‍ നടത്തിയിട്ടും മഹ്മൂദ് ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ഭരണം നടത്താനോ കീഴടക്കിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഗസ്‌നയോട് കൂട്ടിച്ചേര്‍ക്കാനോ തുനിഞ്ഞില്ല. തന്റെ മുന്‍ഗാമികളായ സിന്ധിലെ അറബി പടയോട്ടക്കാരില്‍നിന്നും പില്‍ക്കാലത്ത് ഇന്ത്യയില്‍ വന്ന ഗോറികളില്‍നിന്നും വ്യത്യസ്തമായി യുദ്ധമുതലുകള്‍ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോവുകയാണ് അദ്ദേഹം ചെയ്തത്. ഇക്കാര്യത്തില്‍ അദ്ദേഹം പില്‍ക്കാലത്ത് ഇന്ത്യയെ കോളനിയാക്കി സാമ്പത്തിക ചൂഷണം നടത്തിയ ബ്രിട്ടീഷുകാരെയാണ് അനുസ്മരിപ്പിക്കുന്നത്. മഹ്മൂദ് ഗസ്‌നിയില്‍നിന്ന് ഭിന്നമായി ബ്രിട്ടീഷുകാര്‍ ഇവിടെ വ്യവസ്ഥാപിതമായ ഒരു ഭരണസംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ലക്ഷ്യം ഒരിക്കലും നാട്ടുകാരുടെ ക്ഷേമമായിരുന്നില്ല. മറിച്ച്, സാമ്പത്തിക ചൂഷണം മാത്രമായിരുന്നു. അതെന്തോ ആകട്ടെ, മഹ്മൂദ് ഗസ്‌നി ധീരനും സാഹസികനുമായ ഒരു രണവീരനായിരുന്നുവെങ്കിലും സിന്ധില്‍ പടയോട്ടം നടത്തിയ മുഹമ്മദുബ്‌നു ഖാസിമിനെ പോലെ മാത്യകായോഗ്യനായ പടനായകനോ ഭരണാധികാരിയോ ആയിരുന്നില്ല. ക്രി. 1130-ല്‍ മഹ്മൂദ് മരണപ്പെട്ടതിനുശേഷം പിന്നെയും അറുപതു വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ വ്യവസ്ഥാപിതമായ മുസ്‌ലിം ഭരണത്തിന് തുടക്കമിട്ട മുഹമ്മദ് ഗോറിയുമായും അദ്ദേഹത്തെ താരതമ്യം ചെയ്യാനാവില്ല. അതിനാല്‍ മഹ്മൂദ് ഗസ്‌നിയുടെ പടയോട്ടം സാമൂഹികമായോ സാംസ്‌കാരികമായോ ഇന്ത്യക്ക് പ്രസ്താവ്യമായ ഒന്നും സംഭാവന ചെയ്യാതെയാണ് അവസാനിച്ചത്.
സാമൂഹികമായും സാംസ്‌കാരികമായും ആഴത്തിലും പരപ്പിലും ഇന്ത്യയെ സ്വാധീനിച്ച പടയോട്ടം ഖൈബര്‍ ചുരം വഴി തന്നെയുള്ള ക്രി. 1192-ല്‍ ആരംഭിച്ച മുഹമ്മദ് ഗോറിയുടെ പടയോട്ടമാണ്. തറൈനില്‍ വെച്ച് നടന്ന ആദ്യ യുദ്ധത്തില്‍ അജ്മീറിലെ രജപുത്രരാജാവായ പൃഥ്വിരാജിനോട് തോറ്റ മുഹമ്മദ് ഗോറി അടുത്ത വര്‍ഷം തന്നെ പൃഥ്വിരാജിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തരേന്ത്യയിലേ ആദ്യത്തെ വ്യവസ്ഥാപിത മുസ്‌ലിം ഭരണത്തിന് തുടക്കമിട്ടത്. ഖനൗജ് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മറ്റൊരു രജപുത്ര രാജാവായ ജയചന്ദ്രനും പൃഥ്വിരാജും തമ്മിലുള്ള കുടിപ്പകയാണ് അജ്മീര്‍ ആക്രമിക്കാന്‍ മുഹമ്മദ് ഗോറിക്ക് തുണയായത്. പൃഥ്വിരാജിന്റെ ബദ്ധവൈരിയായിരുന്ന ജയചന്ദ്രന്റെ ക്ഷണപ്രകാരമാണ് ഗോറി അജ്മീര്‍ ആക്രമിക്കുന്നത്. ഗോറി തുടക്കംകുറിച്ച ഈ ആക്രമണം, ദല്‍ഹി അടങ്ങുന്ന യു.പിയും ബിഹാറും കീഴടക്കി ഗോറിയുടെ അടിമയും സര്‍വസൈന്യാധിപനുമായിരുന്ന ഖുത്വ്ബുദ്ദീന്‍ ഐബക്ക് പൂര്‍ത്തിയാക്കി. ഗോറിയുടെ മരണശേഷം 1206-ല്‍ ഖുത്വ്ബുദ്ദീന്‍ ഐബക്ക് ഇന്ത്യന്‍ പ്രദേശങ്ങളുടെ സ്വതന്ത്ര ഭരണാധികാരിയുമായി. ദല്‍ഹി ആസ്ഥാനമായതുകൊണ്ട് ദല്‍ഹി സല്‍ത്തനത്ത് എന്നാണ് ഇത് അറിയപെട്ടത്. ഖുത്വ്ബുദ്ദീനും പിന്‍ഗാമികളില്‍ പലരും തുടക്കത്തില്‍ അടിമകളായിരുന്നതിനാല്‍ അവരുടെ രാജവംശം 'അടിമ രാജവംശം' എന്നും അറിയപ്പെട്ടു. അടിമ വംശത്തെ കൂടാതെ മറ്റു നാല് രംജവംശങ്ങള്‍ കൂടി ആകെ മുന്നൂറ് വര്‍ഷത്തിലധികം ദല്‍ഹി സല്‍ത്തനത്ത് നിലനിന്നു. ഖില്‍ജി, തുഗ്ലക്ക്, സയ്യിദ്, ലോധി വംശങ്ങളാണ് മറ്റ് നാല് വംശങ്ങള്‍. 1526-ല്‍ പാനിപ്പത്തില്‍ വെച്ച് ലോധി വംശത്തില്‍പെട്ട ഇബ്‌റാഹീം ലോധിയെ പരാജയപ്പെടുത്തി കാബൂളില്‍നിന്ന് വന്ന ബാബര്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചതോടെയാണ് ദല്‍ഹി സല്‍ത്തനത്ത് അവസാനിച്ചത്.
1526-ലെ പാനിപ്പത്ത് യുദ്ധത്തിലാണ് ദല്‍ഹി സല്‍ത്തനത്ത് പൂര്‍ണമായി തകര്‍ന്നതെങ്കിലും അതിനു വളരെ മുമ്പുതന്നെ പല പ്രവിശ്യകളും സ്വതന്ത്ര മുസ്‌ലിം രാജവംശങ്ങളുടെ കീഴിലായി കഴിഞ്ഞിരുന്നു. കശ്മീര്‍, ഖാന്ദേശ്, മാള്‍വ, ഗുജറാത്ത്, ജോണ്‍പൂര്‍, ഡക്കാന്‍ എന്നീ പ്രവിശ്യകളിലാണ് ഇങ്ങനെ സ്വതന്ത്ര രാജവംശങ്ങള്‍ നിലനിന്നിരുന്നത്. പില്‍ക്കാലത്ത് മുഗള്‍ രാജവംശത്തിലെ അക്ബറും ഔറംഗസീബും ഇവയെ ഒന്നൊന്നായി കീഴടക്കി മുഗള്‍ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ദല്‍ഹി സുല്‍ത്താന്മാരില്‍ തുര്‍ക്കി വംശജരും അഫ്ഗാനികളുമുണ്ടായിരുന്നു. ഇല്‍തുമിശ്, മഹ്മൂദ് ഗവാന്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക്, ഫിറോസ് ഷാ തുഗ്ലക്ക്, സിക്കന്ദര്‍ ലോധി തുടങ്ങിയവരാണ് പ്രജാക്ഷേമ തല്‍പരതയിലും ഭരണ പരിഷ്‌കാരങ്ങളിലും ദല്‍ഹി സുല്‍ത്താന്മാരില്‍ മുന്നിട്ടുനിന്ന ഭരണാധികാരികള്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ സുല്‍ത്താനയെ സംഭാവന ചെയ്തതും ദല്‍ഹി സല്‍ത്തനത്താണ്. ഇല്‍തുമിശിനു ശേഷം അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ മകളായ റളിയാ സുല്‍ത്താനയായിരുന്നു അത്.
ദല്‍ഹി സുല്‍ത്താന്മാരുടെ ഭരണകാലത്ത് ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും ഇവിടെ സാമൂഹിക നവോത്ഥാനം സൃഷ്ടിക്കുന്നതിലും പങ്കുവഹിച്ച മതപണ്ഡിതന്മാര്‍, സൂഫി പ്രബോധകര്‍, കലാകാരന്മാര്‍, ശില്‍പികള്‍ തുടങ്ങിയവരില്‍ ഭൂരിപക്ഷവും, മംഗോളുകളും താര്‍ത്താരികളും മധ്യേഷ്യയില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അവിടെ നിന്ന് പ്രാണ രക്ഷാര്‍ഥം ഓടി ഇന്ത്യയില്‍ അഭയം തേടിയെത്തിയവരായിരുന്നു. സുല്‍ത്താന്മാര്‍ അവര്‍ക്ക് അഭയം നല്‍കുകയും ഓരോരുത്തരുടെയും സവിശേഷമായ കഴിവുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ സംസ്‌കാരത്തെയും നാഗരികതയെയും രൂപപ്പെടുത്താനുള്ള എല്ലാ പിന്തുണയും സഹായവും ചെയ്തുകൊടുക്കുകയും ചെയ്തു. പൊതുവില്‍ ഇസ്‌ലാമിക ലോകത്തുതന്നെ ഏറ്റവും സമാധാനം നിലനിന്നിരുന്നത് അക്കാലത്ത് സുല്‍ത്താന്‍മാരുടെ ഇന്ത്യയിലായിരുന്നു. മധ്യേഷ്യയും കഴിഞ്ഞ് ഇസ്‌ലാമിക ലോകത്തിന്റെ സിരാകേന്ദമായ ബഗ്ദാദ് നഗരം വരെ താര്‍ത്താരികളുടെ ആക്രമണത്തില്‍ ഛിന്നഭിന്നമായിപ്പോയത് ദല്‍ഹിയിലെ സുല്‍ത്താന്‍ ഭരണകാലത്താണ്.
സുല്‍ത്താന്മാര്‍ക്കു ശേഷം അധികാരത്തില്‍ വന്ന മുഗളര്‍ സാംസ്‌കാരികമായും സാമൂഹികമായും ദല്‍ഹി സല്‍ത്തനത്തിനേക്കാള്‍ ഔന്നത്യമുള്ളവരായിരുന്നു. അവരിലെ പേര്‍ഷ്യന്‍ സ്വാധീനമായിരുന്നു അതിനു കാരണം. മുഗളര്‍ അടിത്തറ പാകിയ വാസ്തുവിദ്യയിലും കലയിലും മുഗള കാലത്ത് രചിക്കപെട്ട മതമീമാംസാ ചരിത്രഗ്രന്ഥങ്ങളിലെല്ലാം ആ ഔന്നത്യം നമുക്ക് കാണാനാകും. രാജ്യാതിര്‍ത്തി വിപുലീകരിക്കുന്നതിന്റെ ഭാഗമായോ കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായോ മുഗളര്‍ക്ക് അധികവും യുദ്ധം ചെയ്യേണ്ടിവന്നത് മുസ്‌ലിം രാജവംശങ്ങളോട് തന്നെയായിരുന്നു. അക്ബര്‍ക്ക് രജപുത്രരോടും ഔറംഗസീബിന് മറാഠികളോടും യുദ്ധം ചെയ്യേണ്ടിവന്നത് മാത്രമാണ് അപവാദം. ബാബര്‍ മുതല്‍ ഔറംഗസീബ് വരെയുള്ള ആദ്യകാല മുഗള്‍ ഭരണാധികാരികളില്‍, ശേര്‍ഷാ സൂരിയോട് ഏറ്റുമുട്ടി ഇടക്കാലത്ത് ഭരണം തന്നെ നഷ്ടപ്പെടുത്തിയ ഹുമയൂണിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ മുഗള്‍ ഭരണാധികാരികളും അതിപ്രഗത്ഭരും ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയവരുമാണ്. ഇതില്‍ അക്ബറിന്റെയും ഔറംഗസീബിന്റെയും ഭരണകാലം മുഗള സാമ്രാജ്യത്തിന്റേ സുവര്‍ണ കാലമായാണ് അറിയപ്പെട്ടത്. അക്ബര്‍ കലാ സംസ്‌കാരങ്ങളുടെ പ്രോത്സാഹകനെന്ന നിലയിലും ഔറംഗസീബ് ഭരണത്തിലെ നീതിബോധവും ലളിത ജീവിത ശൈലിയും കൊണ്ടുമാണ് ശ്രദ്ധ നേടിയത്. ഷാജഹാനാകട്ടെ കെട്ടിട നിര്‍മാണത്തില്‍ ലോകത്തിന്റെതന്നെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബാബറും ജഹാംഗീറും മികച്ച എഴുത്തുകാര്‍ കൂടിയായിരുന്നു. ഇരുവരുടെയു ഓര്‍മക്കുറിപ്പുകളായ യഥാക്രമം തസൂഖേ ബാബറും തസൂഖേ ജഹാംഗീറും അതിന്റെ സാക്ഷ്യമാണ്.
1707-ല്‍ ഔറംഗസീബിന്റെ മരണത്തോടുകൂടി മുഗള്‍ ഭരണം ക്ഷയോന്മുഖമായെങ്കിലും 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിനെ റങ്കൂണിലേക്ക് നാടുകടത്തുന്നതുവരെ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഏകകം എന്ന നിലക്ക് മുഗള്‍ സാമ്രാജ്യം നിലനിന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് അണിനിരന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രധാന ഐക്കണ്‍ ബഹാദൂര്‍ ഷാ സഫറായിരുന്നല്ലോ. നാമമാത്രമായി ഈ കാലംവരെ നിലനിന്നുവെങ്കിലും അതിനു വളരെ മുമ്പ് തന്നെ ബംഗാള്‍, അവധ്, ഹൈദറാബാദ്, മൈസൂര്‍ എന്നിവിടങ്ങളില്‍ സ്വതന്ത്ര മുസ്‌ലിം നാട്ടുരാജ്യങ്ങള്‍ നിലവില്‍വന്നിരുന്നു. ഈ സ്വതന്ത്ര മുസ്‌ലിം നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി യുദ്ധത്തില്‍ തോല്‍പിച്ചുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ യാഥാര്‍ഥ്യമായത്.
സിന്ധിലെ അറബികളുടെ ഭരണകാലത്തെയും ഗസ്‌നവികളുടെ പടയോട്ടത്തെയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ വ്യവസ്ഥാപിതമായ മുസ്‌ലിം ഭരണകാലം ക്രി. 13-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അവസാനിക്കുന്നതാണ്. ഈ ആറര നൂറ്റാണ്ട് കാലത്തിനിടക്ക് ഏകദേശം 48 മുസ്‌ലിം രാജാക്കന്മാര്‍ ഇന്ത്യ ഭരിച്ചു. ചരിത്രവല്‍ക്കരിക്കപ്പെട്ട ഈ സുദീര്‍ഘ കാലഘട്ടത്തെ വിസ്മരിച്ചുകൊണ്ടോ തെറ്റിദ്ധരിപ്പിച്ചുകൊണ്ടോ, ഇതിഹാസങ്ങളിലും ചില വിദേശ സഞ്ചാരികളുടെ യാത്രാക്കുറിപ്പുകളിലും മാത്രം ജീവിക്കുന്ന പ്രാചീന ഇന്ത്യ എന്ന സങ്കല്‍പത്തില്‍നിന്നും കൊളോണിയല്‍ ഭരണത്തിന്റെ അവസാനത്തെ നൂറ് വര്‍ഷത്തില്‍ ഇന്ത്യയിലെ ഒരു പ്രത്യേക വരേണ്യ സാമൂഹിക വിഭാഗത്തിന്റെ മുന്‍കൈയില്‍ രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും മാത്രമായി ഇന്ത്യയെക്കുറിച്ച സങ്കല്‍പം രൂപപ്പെടുത്തുന്നത് യാഥാര്‍ഥ്യത്തില്‍നിന്ന് എത്രമാത്രം അകലെയും ഏകശിലാത്മകവുമായിരിക്കും!
(തുടരും)
Comments