Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 14

2997

1438 റജബ് 17

മൂന്നായി പിളര്‍ന്ന് എം.ക്യു.എം

അബൂസ്വാലിഹ

പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ജസാറത്ത് ഫ്രൈഡേ സ്‌പെഷല്‍ മാഗസിന്റെ കഴിഞ്ഞയാഴ്ചത്തെ (2017 മാര്‍ച്ച് 31) കവര്‍ സ്റ്റോറി 'പാകിസ്താനില്‍ ആദര്‍ശരാഷ്ട്രീയത്തിന് അന്ത്യം' എന്നായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ അധാര്‍മികതയും സദാചാര വിരുദ്ധതയുമാണ് അതിന് പ്രധാന കാരണമായി പറയുന്നത്. എം.ക്യു.എം (മുത്തഹിദ ഖൗമി മൂവ്‌മെന്റ്) എന്ന പാര്‍ട്ടിയുടെ കാര്യം മാത്രമെടുത്താല്‍ മതി. വിഭജനാനന്തരം ഇന്ത്യയില്‍നിന്ന് അഭയാര്‍ഥികളായെത്തിയ ഉര്‍ദു സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന, പാകിസ്താനിലെ തന്നെ ഏറ്റവും വലിയ നഗരമായ കറാച്ചിയാണ് ഈ പാര്‍ട്ടിയുടെ തട്ടകം. എതിരാളികളെ അടിച്ചോടിച്ചും പണക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തും തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര-പ്രവിശ്യാ ഭരണകൂടങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയും ഒരു മാഫിയാ മോഡല്‍ പ്രവര്‍ത്തനമാണ് ഈ പാര്‍ട്ടി തുടക്കം മുതലേ കാഴ്ചവെക്കുന്നത്. ഇതിന്റെ ആജീവനാന്ത നേതാവ് മറ്റാരുമല്ല, രണ്ടര പതിറ്റാണ്ടിലേറെയായി ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന അല്‍ത്വാഫ് ഹുസൈന്‍. നേതാവിന്റെ ഗുണവിശേഷങ്ങളാണ് അണികള്‍ പകര്‍ത്തുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, അനധികൃത പണമിടപാടുകള്‍ തുടങ്ങി ഒട്ടേറെ കേസുകളില്‍ അല്‍ത്വാഫ് പ്രതിയാണ്, ബ്രിട്ടനിലും പാകിസ്താനിലും. തെരഞ്ഞെടുപ്പു കാലത്ത് ബൂത്ത് പിടിത്തവും കള്ളവോട്ട് ചെയ്യലുമൊക്കെയാണ് എം.ക്യു.എം അണികളുടെ മറ്റൊരു ഹോബി.

ഇവരുടെ ശല്യം സഹിക്കവയ്യാതെയാണ് പ്രധാനമന്ത്രി നവാസ് ശരീഫ് 2012-ല്‍ അര്‍ധസൈനിക വിഭാഗത്തെ അങ്ങോട്ടയച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒട്ടനവധി എം.ക്യു.എം പ്രവര്‍ത്തകരെ പിടികൂടി അജ്ഞാത കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അസീസാബാദിലുള്ള 'നയന്‍സീറോ' എന്ന പാര്‍ട്ടി ആസ്ഥാനവും പൂട്ടി സീല്‍ ചെയ്തു. യോഗം പോലും രഹസ്യമായി ചേരേണ്ട പരുവത്തിലായിരിക്കുകയാണ് കറാച്ചിയിലെ ഏറ്റവും വലിയ ഈ രാഷ്ട്രീയ പാര്‍ട്ടി.

അതിനിടയിലാണ് പാര്‍ട്ടി മൂന്നായി പിളരുന്നത്. ഔദ്യോഗിക വിഭാഗം അല്‍ത്വാഫ് ഹുസൈനോടൊപ്പം തന്നെയാണ്. പാര്‍ട്ടിയെ വിമര്‍ശിച്ച ഒരു ചാനല്‍ അടിച്ചു തകര്‍ക്കാന്‍ അല്‍ത്വാഫ് ഹുസൈന്‍ സ്വന്തം അണികളെ ഇളക്കിവിട്ടതിനെത്തുടര്‍ന്ന് എം.ക്യു.എമ്മിന്റെ പാര്‍ലമെന്ററി നേതാവ് ഫാറൂഖ് സത്താര്‍ പാര്‍ട്ടി വിട്ട് എം.ക്യു.എം പാകിസ്താന്‍ എന്ന പുതിയൊരു പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. ആ പാര്‍ട്ടിയിലും തമ്മിലടിക്ക് യാതൊരു കുറവുമില്ല. എം.ക്യു.എമ്മിന്റെ മുന്‍ കറാച്ചി മേയര്‍ മുസ്ത്വഫ കമാലിന്റെ നേതൃത്വത്തിലായിരുന്നു മൂന്നാമത്തെ പിളര്‍പ്പ്. രൂപവത്കരിച്ച കക്ഷിയുടെ പേര് പാക് സര്‍സമീന്‍ പാര്‍ട്ടി. പാകിസ്താന്‍ പതാക തന്നെയാണ് ഈ മൂന്നാം ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പു ചിഹ്നം. സൈന്യത്തിന്റെ രഹസ്യ പിന്തുണ ഈ വിഭാഗത്തിന് ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. 

മൂന്നായി ചിതറിയെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ മേധാവിത്വം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഔദ്യോഗിക വിഭാഗം. ഒരു കാലത്ത് പാക് ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തികേന്ദ്രമായിരുന്നു കറാച്ചി. അല്‍ത്വാഫിന്റെ വംശീയ, വിഭാഗീയ രാഷ്ട്രീയമാണ് ജമാഅത്ത് സ്വാധീനത്തെ ദുര്‍ബലപ്പെടുത്തിയത്. 

 

ഐ.എസ് ഇനി എത്രകാലം?

കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ദാഇശ് (ഐ.എസ്) എന്ന ഭീകര സംഘത്തിന് സിറിയയിലും ഇറാഖിലും അതിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പകുതി ഭൂപ്രദേശങ്ങളും നഷ്ടമായതായി കഒട ങമൃസശ േനടത്തിയ സര്‍വെ. ഐ.എസിന്റെ പ്രധാന കേന്ദ്രങ്ങളായ മൂസ്വിലും റഖയും കൈവിടുന്നതോടെ നില കൂടുതല്‍ പരിതാപകരമാകും. കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ഐ.എസിന് കടന്നാക്രമണങ്ങള്‍ നടത്താനോ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ല. ബശ്ശാര്‍ സേന കൈയടക്കിയ തദ്മുര്‍ തിരിച്ചു പിടിച്ചത് മാത്രമാണ് ഏക  ആശ്വാസം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അബൂഗരീബ് (ബഗ്ദാദ്), തിക്‌രീത്ത് (സ്വലാഹുദ്ദീന്‍ പ്രവിശ്യ), റമാദി, ഫല്ലൂജ, കബീസ, ഹൈത്ത്, റത്വ്ബ (അന്‍ബാര്‍ പ്രവിശ്യ) തുടങ്ങിയ ഇറാഖിലെ നിരവധി നഗരങ്ങള്‍ ഐ.എസിന് നഷ്ടമായി. നിനവെ പ്രവിശ്യയിലെ നഗരങ്ങളില്‍നിന്നും അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. സിറിയയിലാകട്ടെ, തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ മുഴുവന്‍ നഗരങ്ങളും, അലപ്പോയും റഖയും ഉള്‍പ്പെടെ, ഐ.എസ് മുക്തമായി. അല്‍ബാബ്, മന്‍ബജ്, മാരിഅ്, താദിഫ്, ദേര്‍ ഹാഫിര്‍, ദര്‍ആ, സുവൈദാഅ്, ഖലമൂന്‍ തുടങ്ങി മറ്റു സുപ്രധാന മേഖലകളില്‍നിന്നും ഐ.എസ് തുരത്തപ്പെട്ടു. ഇറാഖ്-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലാണ് അവര്‍ കാര്യമായും പിടിച്ചുനില്‍ക്കുന്നത്.

ഐ.എസിന് തുടക്കത്തില്‍ നിരവധി വരുമാന മാര്‍ഗങ്ങളുണ്ടായിരുന്നു. ബാങ്കുകളും എണ്ണ ശുദ്ധീകരണശാലകളും കൃഷിഭൂമികളും കൈവശപ്പെടുത്തി വലിയ തുക സ്വരൂപീക്കാന്‍ കഴിഞ്ഞിരുന്നു. ഐ.എസ് ഓഫര്‍ ചെയ്ത ആകര്‍ഷകമായ ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും വശംവദരായി തൊഴിലില്ലാത്ത ഒരു പറ്റം അറബ് ചെറുപ്പക്കാര്‍ അവരുടെ കെണിയില്‍ വീണിട്ടുണ്ട്. അത്തരം വരുമാന മാര്‍ഗങ്ങളൊക്കെ ഇപ്പോള്‍ ഏറക്കുറെ അടഞ്ഞുകഴിഞ്ഞതിനാല്‍, ആ ചെറുപ്പക്കാരില്‍ പലരും സ്വന്തം നാട്ടില്‍ തിരിച്ചെത്താനുള്ള വഴി നോക്കുകയാണ്. മാത്രമല്ല, ഐ.എസിന്റെ സൈനിക വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദുല്‍ ജൂലാനി, ഉമര്‍ അശ്ശീശാനി, അബൂ മുസ്‌ലിം തുര്‍ക്കുമാനിസ്താനി, അബൂ അലി അല്‍ അന്‍ബാരി തുടങ്ങി പ്രമുഖരൊക്കെയും ഇതിനകം വധിക്കപ്പെട്ടുകഴിഞ്ഞു. അവരുടെ 'ഖലീഫ' അബൂബക്കര്‍ ബഗ്ദാദി വരെ ഒളിച്ചോടിയെന്നാണ് കേള്‍ക്കുന്നത്. നേതൃത്വമില്ലാതെ എങ്ങനെ പിടിച്ചുനില്‍ക്കും? ഐ.എസ് അണികള്‍ സമാനസ്വഭാവമുള്ള മറ്റു സംഘങ്ങളിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ഐ.എസ് പെട്ടെന്നങ്ങ് ഇല്ലാതായിപ്പൊയ്‌ക്കൊള്ളും എന്ന് ആശ്വാസം കൊള്ളേണ്ടെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചില സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ഐ.എസ് ആവിര്‍ഭവിച്ചത്. അറബ്-മുസ്‌ലിം രാജ്യങ്ങളിലെ കടുത്ത ഏകാധിപത്യ വാഴ്ച, അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മ, പ്രതിപക്ഷത്തെ അടിച്ചൊതുക്കല്‍, വര്‍ധിച്ച തോതിലുള്ള തൊഴിലില്ലായ്മ ഇതൊക്കെയാണ് ആ രാഷ്ട്രീയ സാഹചര്യങ്ങള്‍. അവ പൂര്‍വാധികം ശക്തിയോടെ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ കേവല സൈനിക നടപടികള്‍ കൊണ്ട് മാത്രം ഐ.എസിനെ ഇല്ലാതാക്കാനാവില്ല. ഐ.എസ് രാഷ്ട്രീയമായി ഇല്ലാതായാല്‍ മറ്റു പേരുകളില്‍ അത്തരം സംഘങ്ങള്‍ വീണ്ടും മുളച്ചുപൊന്തും. അല്ലെങ്കില്‍, മറ്റു നാടുകളിലേക്ക് കളം മാറ്റും. അതാണ് ഐ.എസിന്റെ പുതിയ അടവ്. ലിബിയ, സീനാഅ്, നൈജീരിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഐ.എസ് ചുവടുമാറ്റം നടത്തുകയാണ്. ബംഗ്ലാദേശില്‍ ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള സ്വേഛാധിപത്യഭരണം ഐ.എസ് പോലുള്ള ഭീകര സംഘങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നതായി അവിടെനിന്ന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. സര്‍വാധിപത്യം തുടച്ചുനീക്കുകയും ജനാധിപത്യവും പൗരാവകാശങ്ങളും പുനഃസ്ഥാപിക്കുകയുമാണ് ഭീകര സംഘങ്ങളെ ഇല്ലാതാക്കാനുള്ള വഴി. 

 

സ്വാതന്ത്ര്യ സ്വപ്‌നങ്ങളുമായി കുര്‍ദിസ്താന്‍

ഇറാഖീ നഗരമായ കിര്‍കൂക് ചരിത്രപരമായി കുര്‍ദ് മേഖലയുടെ ഭാഗമല്ല. പക്ഷേ, അവിടെ ഭരണം നടത്തുന്നത് കുര്‍ദുകളാണ്. കാരണം ഐ.എസിന്റെ പിടിയിലായിപ്പോയ ഈ നഗരത്തെ തിരിച്ചുപിടിച്ചത് കുര്‍ദ് മിലീഷ്യയായ 'പെഷ്മര്‍ഗ' ആയിരുന്നു. നജ്മുദ്ദീന്‍ ഉമര്‍ കരീം എന്നൊരാള്‍ അവിടെ മേയറാവുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം കിര്‍കൂക് നഗരത്തിലെ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇറാഖീ പതാകക്ക് പകരം, കുര്‍ദിസ്താന്‍ പതാക പറപ്പിച്ചത് വലിയ വിവാദമായിരിക്കുകയാണ്. കുര്‍ദുകള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകുന്നത് അംഗീകരിക്കാത്ത ഇറാഖും തുര്‍ക്കിയും ഇതിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. ബഗ്ദാദിലെ കേന്ദ്ര ഗവണ്‍മെന്‍ിനെ ദുര്‍ബലപ്പെടുത്തുന്ന ഈ നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, കുര്‍ദിസ്താന്‍ ഒരു രാഷ്ട്രമായിത്തീരുകയാണെങ്കില്‍ എണ്ണസമ്പന്നമായ കിര്‍കുകിനെ അതിന്റെ ഭാഗമാക്കാന്‍ തന്നെയാണ് മേയറുടെയും സംഘത്തിന്റെയും തീരുമാനം.

അതേസമയം കുര്‍ദിസ്താന്‍ മേഖലയില്‍ സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. മസ്ഊദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും മറ്റൊരു പ്രമുഖ രാഷ്ട്രീയ സംഘടനയായ കുര്‍ദിസ്താന്‍ ദേശീയ യൂനിയനും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഒരു പൊതുവേദി രൂപവത്കരിച്ച് ഹിതപരിശോധനക്കുള്ള ഒരുക്കത്തിലാണ് അവര്‍. ഹിതപരിശോധന അനുകൂലമായാല്‍ വടക്കന്‍ ഇറാഖില്‍ കുര്‍ദിസ്താന്‍ എന്ന സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൂടുതല്‍ ലഭിക്കും. എന്നാല്‍, പൊതു സ്ഥാപനങ്ങള്‍ക്ക് മീതെ കുര്‍ദിസ്താന്‍ പതാക പറപ്പിക്കുന്നതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അത്തരം പ്രകോപനങ്ങളില്‍നിന്ന് പിന്മാറണമെന്നാണ് ലോക രാഷ്ട്രങ്ങളും പൊതുവേദികളും ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തല്‍ക്കാലത്തേക്ക് പിന്‍വാങ്ങിയാലും, സ്വതന്ത്ര രാഷ്ട്രം എന്ന സ്വപ്‌നത്തിലേക്കു തന്നെയാണ് കുര്‍ദിസ്താന്‍ നടന്നടുക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (46 - 53)
എ.വൈ.ആര്‍

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ടത്
കെ.സി ജലീല്‍ പുളിക്കല്‍